ADVERTISEMENT

മീനു (കഥ)  

ഒരു യാത്രയ്ക്കിടയിലാണ് ഞാൻ അവളെ ആദ്യമായ് കാണുന്നത്. കുറച്ചു ഏകാന്തത തേടിയുള്ള യാത്ര. കണ്ടക്ടറോട് ആരോ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. പുറകോട്ടു നോക്കിയപ്പോൾ 25 - 30 വയസു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ബാലൻസിനു വേണ്ടി തർക്കിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ കണ്ടക്ടർ എന്തോ പിറുപിറുത്തു കൊണ്ട് ഒന്നോ രണ്ടോ ചില്ലറ തുട്ടുകൾ ആ കൈകളിൽ വച്ച് കൊടുത്തു.

ആൾക്കാരെല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു എനിക്കാകട്ടെ ദേഷ്യവും എന്റെ ഉറക്കം തടസ്സപ്പെടുത്തിയതിന്. ഞാൻ ആ പെൺകുട്ടിയുടെ മുഖത്തോടു നോക്കി, ആ കുട്ടിയാകട്ടെ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു.

അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ അവൾ അവിടെ ഇറങ്ങി, അവിടെ വച്ചിരുന്ന ഒരു സൈക്കിൾ എടുത്തു ആ തേയില തോട്ടത്തിലൂടെ എങ്ങോ മറഞ്ഞു.രണ്ടു സ്റ്റോപ്പുകൾക്കപ്പുറം ഞാനും ഇറങ്ങി. ആദ്യമേ ബുക്ക് ചെയ്തു വച്ചിരുന്ന ആ മുറി എനിക്കാകെ കാത്തു നിൽക്കുന്നതു പോലെയുണ്ടായിരുന്നു. ഒരുപാടു തവണ വന്നിട്ടുണ്ടെങ്കിലും ഈ സ്‌ഥലം എന്നെയെന്നും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു.

മീനു (കഥ)
പ്രതീകാത്മക ചിത്രം

യാത്രയുടെ ക്ഷീണം കൊണ്ട് ഞാൻ നേരത്തെ ഉറങ്ങി പുലർച്ചെ എന്തോ ശബ്ദം കേട്ട് ഞാനുണർന്നു പുറത്തേക്കു നോക്കിയപ്പോൾ ആ പെൺകുട്ടി ഹോട്ടലിലെ ആരോടോ തർക്കിക്കുകയാണ്. കൂടെയുള്ള സൈക്കിളിൽ കുറെ പാൽപാത്രങ്ങൾ  തൂക്കിയിട്ടുണ്ടായിരുന്നു. ഇത്രയും വഴക്കാളിയായ ഒരു പെൺകുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. 

മീനു (കഥ)
പ്രതീകാത്മക ചിത്രം

അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ അയാളോട് അതേക്കുറിച്ചു ചോദിച്ചു അയാൾ അത് ചിരിച്ചു തള്ളി . പിറ്റേന്നും അത് തന്നെ ആവർത്തിച്ചപ്പോൾ എനിക്ക് വീണ്ടും അത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ ആകാംക്ഷ കൊണ്ടായിരിക്കണം അയാൾ എന്നോട് അവളെക്കുറിച്ചു പറയുവാൻ തുടങ്ങി. കുറച്ചു വർഷങ്ങൾക്കു മുൻപ് ആ കാണുന്ന കടയുടെ മുൻപിൽ ആരോ ഉപേക്ഷിച്ചു പോയതാണ് അവളെ. ആന്നൊരു 5 വയസ്സു കാണും. അവിടെയിരുന്നു കരയുന്നതു കണ്ടപ്പോൾ അവിടെ തേയില നുള്ളിക്കൊണ്ടിരുന്ന സ്ത്രീകളിലൊരാൾ അവളെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. 

പഠിക്കാൻ മിടുക്കിയായിരുന്ന അവളെ അവർ ഒരുപാടു പഠിപ്പിച്ചു. ക്യാംപസ് സെലെക്ഷൻ വഴി നല്ലൊരു ജോലി കിട്ടിയ സമയത്താണ് അവളെ വളർത്തിയ ആ സ്ത്രീ മരണപ്പെട്ടത്.അതോടു കൂടി അവൾ വീണ്ടും അനാഥയായി. ആ ഒറ്റപ്പെടലിൽ നിന്നും മുക്‌തയാകുവാൻ വേണ്ടി തെരുവോരങ്ങളിൽ കിടക്കുന്ന അനാഥക്കുട്ടികൾക്കുവേണ്ടി ജീവിക്കാൻ തുടങ്ങി. ഇന്നവിടെ പത്തോളം കുട്ടികളുണ്ട്. അവർക്കു അവൾ നല്ലൊരു അമ്മയും ചേച്ചിയും സുഹൃത്തുമൊക്കെയാണ്. ചെറിയ ചെറിയ ജോലികൾ ചെയ്തു അവൾ ഇന്ന് അവർക്കു വേണ്ടി ജീവിക്കുന്നു, ആരുടെ മുന്നിലും തലകുനിക്കാതെ, തലയുയർത്തി നിന്ന്.

English Summary : Meenu Story By Jatheesh Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com