ADVERTISEMENT

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം (കഥ)

മഞ്ഞുപെയ്യുന്ന  നിലാവിൽ  മീനൂട്ടിയുടെ  കണ്ണുകൾ, അങ്ങകലെ  തനിക്കായി  മാത്രം ഉദിക്കാറുള്ള നക്ഷത്രത്തെ  തിരയുകയായിരുന്നു. കുഞ്ഞു കണ്ണുകൾക്കുള്ളിൽ നിരാശ പടർന്നിരുന്നു.

‘‘ മീനൂട്ടീ......മോളേ .....അകത്തേക്ക് കേറിവാ ...നല്ല മഞ്ഞുണ്ട്’’ നീരജയുടെ സ്വരം അകത്തുനിന്നും ഒഴുകിവന്നു.

മേഘാവൃതമായിക്കൊണ്ടിരിക്കുന്ന  വാനം ചന്ദ്രനെ  മറയ്ക്കുവാനുള്ള  ശ്രമത്തിലാണ്. കുളിർമഞ്ഞ് അവളെ വരിഞ്ഞു മുറുക്കുമ്പോഴും,  എല്ലാമെല്ലാമായ ആ നക്ഷത്രം  തന്നെ  കാണാൻ എത്തുമെന്ന് മീനൂട്ടിക്കുറപ്പു ണ്ടായിരുന്നു.

ആ കുഞ്ഞു മനസ്സിൽ നൊമ്പര ചിന്തുകൾ വിതറിയെന്നോണം ഇരുട്ട് തന്റെ കരിമ്പടം വാനത്ത് പുതച്ചു മീനൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അകത്തേക്കോടി...

‘‘അമ്മേ....ഇന്നും അച്ഛൻ വന്നില്ല’’

നീരജയുടെ സാരിയിൽ  മുഖം മറച്ചവൾ വിതുമ്പി. മീനൂട്ടിയെ വാരിയെടുത്ത് നെറുകെയിൽ മുത്തം കൊടുക്കുമ്പോൾ അറിയാതെ നീരജയുടെ കണ്ണുകൾ  നിറഞ്ഞിരുന്നു. ഒരുപാട് നിർബന്ധിച്ചിട്ടാണ്  അത്താഴം  കഴിച്ചത്.തോളത്ത്  കിടന്നവൾ  ചിണുങ്ങി.

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം (കഥ)
പ്രതീകാത്മക ചിത്രം

‘‘അച്ഛന് മീനൂട്ടിയോട്  എന്തോ പിണക്കം  ഉണ്ട്. അതാ ഇന്നും വരാഞ്ഞേ. ഇനി മീനൂട്ടിയെ കരയിച്ചാൽ  അച്ഛനോട് ഞാനും പിണങ്ങും’’ നീരജ  അവളെ ചേർത്തുപിടിച്ചു  മെല്ലെ നടന്നു.

എപ്പോഴോ മയങ്ങിപ്പോയ അവളെ ബെഡിലേക്ക്  കിടത്തി നീരജ ടെറസ്സിലേക്ക് നടന്നു. മീനൂട്ടി തിരഞ്ഞ ആ   നക്ഷത്രത്തെ കാത്തെന്നോണം  അവളുടെ കണ്ണുകൾ അകലങ്ങളിലേക്ക് നീണ്ടു .

നക്ഷത്ര മത്സ്യത്തെ  ശ്രീരാഗ്  നീരജയുടെ കൈവെള്ളയിലേക്ക്  വെച്ച് കൊടുത്തു. അത്ഭുതത്തോടെ  അവളത് നോക്കുന്നത് കണ്ട അയാൾ  ഉറക്കെ ചിരിച്ചു. അവളുടെ നിറവയറിൽ  തൊട്ട അയാളുടെ  കൈ തട്ടിമാറ്റി  നാണത്തോടെ  അവൾ  ചുറ്റും നോക്കി .

‘‘മീനൂട്ടി വന്നാൽ നമ്മുക്ക് എന്നും ഈ ബീച്ചിൽ വരണം. അസ്തമയ സൂര്യന്റെ  ഭംഗി എത്രകണ്ടും മതിവരുന്നില്ല’’

‘‘മീനൂട്ടി ആണെന്ന് ശ്രീ ഉറപ്പിച്ചോ’’?

അവൾ ചിരിച്ചുകൊണ്ട്  അയാളുടെ കയ്യിൽ പിടിച്ചു. മൂന്നു വർഷത്തെ പ്രണയ സാഫല്യത്തിന് ഇന്ന് രണ്ടു വയസ്സ്. ഇടയിലേക്ക്  ഒരാൾ കടന്നുവരാനിനി ദിവസങ്ങൾ മാത്രം. ബീച്ചിലൂടെ  രണ്ടുമനസ്സുകൾ  ഒന്നായി ഒഴുകിനടന്നു.

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം (കഥ)
പ്രതീകാത്മക ചിത്രം

മീനൂട്ടിയുടെ വരവോടെ  ശ്രീ ഒന്നൂകൂടി ഉഷാറായി. ഓഫിസ് കഴിഞ്ഞെത്തിയാൽ പിന്നെ  മീനൂട്ടിയുമായുള്ള കളിയാണ്. അവൾക്കാണെങ്കിൽ അച്ഛന് എന്ന് വെച്ചാൽ  വേറെയൊന്നും വേണ്ട. പാടത്തും പുഴയുടെ  തീരത്തുമെല്ലാം  അവളെ കൂട്ടി ശ്രീ എത്തും.

അവളുടെ കണ്ണൊന്നു  നിറഞ്ഞാൽ അയാളുടെ മനം പിടയുമായിരുന്നു. അച്ഛന്റെയും മകളുടെയും  ഒരാത്മബന്ധം .അത് കാണുന്നത്  തന്നെ ഒരു സുഖമായിരുന്നു  .

മീനൂട്ടിയുടെ നാലാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ നാൾ മുതലാണ്  ശ്രീയെ  ആകെ അസ്വസ്ഥനായി കാണാൻ തുടങ്ങിയത്.ഒന്നിനും കൃത്യമായ മറുപടിയില്ല. എപ്പോഴും ഒഴിഞ്ഞുമാറി കൊണ്ടിരിക്കുന്നു .

ഒരുദിവസം  മറന്നു വെച്ച ഫയലിനുള്ളിൽ  നിന്നും ശ്രീ യുടെ പേരുള്ള രണ്ടുമൂന്നു മെഡിക്കൽ റിപ്പോർട്ട് കിട്ടി . കൂട്ടുകാരി ഡോക്ടർ ഷഫ്നയ്ക്ക്  ആ റിപ്പോർട്ട് അയച്ചു കൊടുക്കുമ്പോൾ ശ്രീയുടെ  പേര് മനപ്പൂർവ്വം  മറച്ചുവെച്ചു .ഒരു കൂട്ടുകാരിയുടെ കസിന്റെ റിപ്പോർട്ട് ആണെന്ന് നുണയും  പറഞ്ഞു. അവളുടെ മറുപടിക്കു  കാത്തു നിൽക്കുമ്പോൾ  ഹൃദയം പിടയുകയായിരുന്നു  .

‘‘ഡീ ...ആ റിപ്പോർട്ട് നിന്റെ ഫ്രണ്ടിന്റെ കസ്സിന്റേതാണോ? കുറച്ച് കോംപ്ലിക്കേറ്റഡ് ആണത്. റിക്കവറി  സ്റ്റേജെല്ലാം കഴിഞ്ഞു. പാവം ചെറു പ്രായത്തിൽ. നീ അവളോട് ഇതൊന്നും പറയണ്ടാട്ടോ’’

നീരജയുടെ കയ്യിൽ നിന്നും ഫോൺ നിലത്ത് വീണു. തലയ്ക്ക് അടിയേറ്റതുപോലെ  അവൾ വേച്ചു വേച്ച് ചുവരിൽ പിടിച്ചു ബെഡ്‌ഡിലേക്കിരുന്നു. തല കറങ്ങുന്നത്  പോലെ. കണ്ണുകൾ നിറഞ്ഞു തുളുമ്പി. താഴെ വീണ മൊബൈലിൽ ഷഫ്‌നയുടെ  സ്വരം കേൾക്കുന്നുണ്ടായിരുന്നു.

‘‘നീരജാ.....ഡീ ....എന്ത് പറ്റി...ഒന്നും മിണ്ടാത്തെ?’’

ശ്രീ അന്ന് വരാൻ കുറെ വൈകിയിരുന്നു. ഒന്നും ചോദിക്കാൻ തോന്നിയില്ല. പതിവ് ചോദ്യങ്ങളൊന്നുമില്ലാത്തതിനാലാവാം  ശ്രീ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു . കിടന്നപ്പോഴേ ഉറങ്ങിപ്പോയി .എപ്പോഴോ ഞെട്ടിയുണർന്നു  നോക്കുമ്പോൾ ശ്രീ അടുത്തിരിക്കുന്നു. ലൈറ്റിട്ടതും  അയാൾ വേഗത്തിൽ മുഖം പൊത്തി. പൊട്ടിക്കരഞ്ഞുകൊണ്ട്‌  അയാൾ നീരജയെ കെട്ടിപിടിച്ചു. എന്തു പറയണമെന്നറിയാതെ  അവളും വാവിട്ടു കരഞ്ഞു.

ട്രീറ്റ്മെന്റുകൾക്കിടയിലൂടെ  കുറെ ദിവസങ്ങൾ. രംഗ ബോധമില്ലാത്ത  കോമാളിയെ കാത്ത് ശ്രീ ...

അയാളുടെ മുന്നിൽ കരഞ്ഞു പോവാതിരിക്കാൻ അവൾ നന്നേ  പാട് പെട്ടു. രോഗത്തെ  കീഴ്പ്പെടുത്താൻ  ആവും എന്ന് ശ്രീയെ  ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നന്നേ ക്ഷീണിതനായിരിക്കുന്നു. മീനൂട്ടി ഓടി വന്നു അച്ഛന്റെ കയ്യിൽ പിടിച്ചു.

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം (കഥ)
പ്രതീകാത്മക ചിത്രം

‘‘ അച്ഛനെന്താ  ഇപ്പോൾ മീനൂട്ടിന്റോപ്പം  കളിക്കാൻ വരാത്തേ? പാടത്തൊക്കെ പോയി കളിച്ചിട്ട് എത്രയായി ’’

‘‘അച്ഛന് വയ്യാത്തൊണ്ടല്ലേ. മാറിക്കഴിഞ്ഞാൽ  അച്ഛനും മീനൂട്ടിക്കും  എന്തോരം  കളികളാ കളിക്കാനുള്ളെ’’

‘‘അച്ഛൻ മീനൂട്ടീനേം അമ്മേനേം  ഇട്ടേച്ച്  എങ്ങോട്ടാ പോവുന്നേ?പോയാൽ  ഇനി വരൂലേ?’’

മീനൂട്ടി വിതുമ്പി. ശ്രീരാഗ് അത്ഭുതത്തോടെ   നീരജയെ നോക്കി. അയാൾ മീനൂട്ടിയെ എടുത്ത് മടിയിലിരുരുത്തി  .

‘‘മോളോട്  ആരാ ഇതൊക്കെ പറഞ്ഞത്’’

‘‘ അച്ഛൻ ഇന്നലെ രാത്രി  അമ്മേനോട്   പറഞ്ഞല്ലോ. ഞാൻ പോയാൽ  നീ എന്റെ മീനൂട്ടീനെ നല്ലോണം നോക്കണംന്ന്. പറ അച്ഛനെങ്ങോട്ടാ  മോളെ വിട്ട് പോവുന്നെ?’’

അവർ ഞെട്ടലോടെ പരസ്പരം നോക്കി. അയാൾ മെല്ലെ അവളെ തോളിലേക്ക് കിടത്തി ടെറസ്സിലേക്ക് നടന്നു.

‘‘അച്ഛന് ദൂരെ ഒരു സ്ഥലത്ത് ജോലി കിട്ടീട്ടുണ്ട്. കുറച്ചു ദിവസം കഴിഞ്ഞാൽ അച്ഛൻ അങ്ങോട്ട്  പോകും. വരുമ്പോൾ മോൾക്ക് എന്തൊക്കെയാ കൊണ്ടൊരേണ്ടത്’’

‘‘അച്ഛൻ പോവണ്ട. അച്ഛൻ പോയാ പിന്നെ  മീനൂട്ടീനെ ആരാ കളിപ്പിക്കാൻ കൊണ്ടോവാ’’

‘‘അച്ഛന് പോവാണ്ടിരിക്കാൻ പറ്റില്ല മോളേ’’ കരച്ചിലടക്കിപ്പിടിച്ചയാൾ അവളുടെ കവിളിൽ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

‘‘ അച്ഛൻ കരയണ്ടാട്ടോ. പോയിട്ട് വേഗം വന്നാൽ മതി. എപ്പഴാ അച്ഛൻ വരുക?’’

മീനൂട്ടി അയാളുടെ കണ്ണുകൾ തുടച്ചു. എന്തോ പറയാനാഞ്ഞ അയാളുടെ സ്വരം ഒരു ഏങ്ങലിലലിഞ്ഞു ചേർന്നു.

‘‘അച്ഛന് പെട്ടെന്നൊന്നും അവിടുന്ന് വരാൻ പറ്റില്ല മോളേ. മോൾക്ക് അച്ഛനെ കാണാൻ തോന്നുമ്പോൾ ...ദാ.....ആ കാണുന്ന പോലെ ഒരു നക്ഷത്രമായിട്ട് അച്ഛൻ മോളെ  കാണാൻ വരും’’

യാമങ്ങളിലെപ്പോഴോ മയങ്ങിപ്പോയ നീരജ എന്തോ ഒരു ശബ്ദം കേട്ട് വേഗം ബെഡ്റൂമിലേക്ക് ചെന്നു.

നിലാവിനോരത്തൊരു സാന്ധ്യനക്ഷത്രം (കഥ)
പ്രതീകാത്മക ചിത്രം

സ്വപ്നത്തിലെന്നോണം മീനൂട്ടി കയ്യുയർത്തി ചിരിച്ചു കൊണ്ട് എന്തോ പറയുകയാണ് ...

‘‘ അച്ഛൻ വരാത്തതിന് മീനൂട്ടി പിണങ്ങീട്ടൊന്നുമില്ലാട്ടോ. എനിക്ക് അച്ഛനെ ഇങ്ങനെ കാണണ്ട .അച്ഛൻ നേരിട്ട് ഇങ്ങോട്ട് വാ. നമ്മുടെ ആ പൊഴേല് ഇപ്പൊ ഒരുപാട് മീനുണ്ട് അച്ഛാ ...കിങ്ങിണി അവളെ അച്ഛനേം  കൂട്ടി എന്നും പോവും’’

ഇരുട്ടിൻ കരിമ്പടത്തെ വകഞ്ഞു മാറ്റി വന്ന നിലാവിനോരത്ത് നിറകണ്ണുകളോടെ ഒരു സാന്ധ്യനക്ഷത്രം ഉദിച്ചു നിൽപ്പുണ്ടായിരുന്നു.

English Summary : Sandhya Nakshathram Story By Shibu BK Nandhanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com