sections
MORE

അപകടം എന്റെ വീട്ടിൽ പറയണ്ട,അടുത്ത വീട്ടിൽ പറഞ്ഞാ മതി; രക്തത്തിൽക്കുളിച്ച ഉമ്മ പറഞ്ഞു...

‘‘അമ്മയും ഉമ്മയും’’ (കഥ)
പ്രതീകാത്മക ചിത്രം
SHARE

‘‘അമ്മയും ഉമ്മയും’’ (കഥ)

 കാലങ്ങൾ കുറേയായി. ആയിടെ വിദേശത്തു നിന്നും അവധിക്കു വന്നതായിരുന്നു അയാൾ. രാവിലെ പ്രാതലും കഴിച്ച് വീട്ടിൽ നിന്നും ഒരു പ്രത്യേക ആവശ്യത്തിനായി പുറത്തേക്കിറങ്ങവേ അകത്തേയ്ക്കു നോക്കി, അമ്മേ ഞാനിറങ്ങട്ടെ.

തളിക്കുളം പുത്തൻതോട് സ്റ്റോപ്പിൽ അൽപ സമയം കാത്തു നിൽക്കേണ്ടി വന്നു.ബസ്സു വരാഞ്ഞിട്ടായി രുന്നില്ല. റോഡിനു വലതു വശത്തു കാണുന്ന വീടും കടമുറികളുമടങ്ങിയ ബംഗ്ലാവ് തളിക്കുളത്തെ പ്രധാന വ്യാപാരിയായിരുന്ന പി.വി മൊഹമ്മദിക്കയുടെതാണ്. പള്ളിക്കൂടത്തിൽ പോകുമ്പോൾ നിത്യവും കാണാറുണ്ടായിരുന്നു, സാധനങ്ങളുടെ കാശും വാങ്ങി പണപ്പെട്ടിയിൽ നിക്ഷേപിക്കുന്ന മൊമ്മദിക്കയെ.കട്ടി മീശയും കറുത്ത കണ്ണടയും വെള്ള ഷർട്ടും വേഷം. കട നിറയെ പണിക്കാരും സാധനങ്ങൾ വാങ്ങിക്കുവാൻ കാത്തു നിൽക്കുന്നവരുടെ തിക്കും തിരക്കും എപ്പോഴും കാണും. സഹപാഠിയായ ഗഫൂറിന്റെ വാപ്പായുടെ കടയാണത്. 

ചിന്തകളെ സമയങ്ങൾ തുന്നിചേർത്തപ്പോൾ ബസ്സുകൾ പലതും യാത്രക്കാരെ പുത്തൻതോട് സ്റ്റോപ്പിലിറ ക്കി ഞാനില്ലാതെ പുറപ്പെട്ടു. ഇനിയും സമയം കളയേണ്ട എന്നു ഞാനും വിചാരിച്ചു. അടുത്ത ബസ്സിൽ കയറി നാട്ടികയിലിറങ്ങി. എസ്.എൻ കോളജ് റോഡിനു വശത്തെ കെട്ടിടമാണു ലക്ഷ്യം. സ്റ്റോപ്പിൽ നിന്നിറങ്ങി മുൻപോട്ടു രണ്ടു ചുവടുകൾ വയ്ച്ചു കാണും, സ്കൂട്ടർ യാത്രികരായ രണ്ടു പേർ റോഡു മുറിച്ചു കടക്കുകയായിരുന്ന ഒരു യാത്രക്കാരിയെ ഇടിച്ചു തെറുപ്പിച്ച് റോഡിലൂടെ കുറെ ദൂരം ഉരഞ്ഞു നീങ്ങി. 

ഇടിയുടെ ആഘാതത്തിൽ മധ്യവയസ്കയായ അവർ ഭാഗികമായി ബോധരഹിതയാകുകയും റോഡിൽ നിറയെ രക്തം ചിതറുകയും ചെയ്തു. പരിസരത്തുണ്ടായിരുന്നവർ ഓടിക്കൂടിയെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകുവാൻ ആരും ശ്രമിച്ചതേയില്ല. നിമിഷ നേരം.... മനസ്സൊരു തീരുമാനത്തിലെത്തി. ഇടിയുടെ ആഘാതത്തിൽ രക്തം പുരണ്ട ആ ഉമ്മയുടെ ശിരസ്സ് കൈകളിലേക്കു താങ്ങുന്നതിനിടെ ടാക്സി വിളിച്ച് മൂവരുമായി തളിക്കുളം എലൈറ്റ് ആശുപത്രിയിലേക്കു പാഞ്ഞു.

വണ്ടി നീങ്ങുന്നതിനിടെ ഉമ്മയുടെ കണ്ണകൾ തുറക്കുകയും ആരെയോ പരതുകയും ചെയ്തു. പിന്നെ മുഖത്തു നോക്കി ദൈന്യതയോടെ പറഞ്ഞു. മോൻ എന്റെ വീട്ടിലൊന്നറിയിക്ക്വോ? അതിനെന്താ, ഉമ്മയുടെ വീട് എവിടെയാണെന്നു പറയൂ. അവർ ശാരീരികമായ തന്റെ വേദനകൾക്കിടയിലും എന്തോ ആലോചിക്കുന്നതു പോലെ തോന്നി.പിന്നെ പറഞ്ഞു തുടങ്ങി.

എന്റെ വീട്ടിൽ പറയണ്ട,അടുത്ത വീട്ടിൽ പറഞ്ഞാ മതി അവരു വരും മോന്റെ കൂട്ടരാണ്.പരമ്പരാഗതമായ ഉമ്മക്കുപ്പായവും കാച്ചിയ മുണ്ടുമായിരുന്നു അവരുടെ വേഷം. വെടിപ്പാർന്ന ആ വസ്ത്രത്തിൽ നിറയെ രക്തം പടർന്നിരുന്നു. നിമിഷ നേരം കൊണ്ട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കി അതേ വണ്ടിയിൽ തന്നെ ഉമ്മയുടെ സ്വദേശമായ കുട്ടമംഗലത്തേക്കു യാത്രയായി.റ ഷീദ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. 

‘‘അമ്മയും ഉമ്മയും’’ (കഥ)
പ്രതീകാത്മക ചിത്രം

നാട്ടിക പള്ളിയിൽ പോയി വരികയായിരുന്ന അവർ റോഡ് മുറിച്ചു കടക്കവെ ആയിരുന്നു ആ അപകടം സംഭവിച്ചത്. കുട്ടമംഗലം കവല ലക്ഷ്യമാക്കി പാഞ്ഞ കാർ ഏറെ താമസിയാതെ അവിടെ എത്തി ചേർന്നു. സോഡ നാരങ്ങാവെള്ളം വിൽക്കുന്ന, ആനുകാലികങ്ങൾ തൂക്കിയിട്ട ഒരു കടക്കു മുൻപിലായി വണ്ടി നിറുത്തി. 

കട ഉടമസ്ഥനെന്നു തോന്നിച്ച ആളുടെ ചുമലിൽ ഒരു തോർത്ത് മുണ്ട് ഉണ്ടായിരുന്നു.വിവരം കേട്ട ഉടനെ ഉമ്മയുടെ അടുത്ത വീട്ടിലേക്ക് ഒരു കുട്ടിയെ പറഞ്ഞയച്ചു ആ നല്ല മനുഷ്യൻ. കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ചെറുപ്പക്കാരൻ രണ്ടു സ്ത്രീകളുമായി അവിടെ എത്തിച്ചേർന്നു. അവരുമായി തളിക്കുളം എലൈറ്റ് ആശുപത്രിയിലേക്ക് ഞങ്ങൾ തിരിച്ചു.

ആ സ്ത്രീകളിലൊരാളുടെ പേർ സ്മിത എന്നായിരുന്നു.അവർ സംസാരിച്ചു തുടങ്ങി.നിങ്ങൾ ചെയ്തത് വലിയ ഒരു നന്മയാണ്. അപകടത്തിൽ പെട്ട ആ ഉമ്മയുടെ രണ്ടു പെൺമക്കൾ,അവർ മാനസിക അസ്വാസ്ഥ്യമുള്ളവരാണ്. 

അപകടത്തിൽ പെട്ട ആ നിമിഷത്തിലും തന്റെ മക്കളിലുള്ള ആ മാതാവിന്റെ കരുതൽ എന്നെ അതിശയിപ്പിച്ചു. സഹോദരീ, ഞാൻ ഇടയ്ക്കു കയറി പറഞ്ഞു. ഒരു മനുഷ്യന്റെ കടമ മാത്രമാണ് ഞാൻ നിർവ്വഹിച്ചത്. അവധി കഴിഞ്ഞ് വിദേശത്തേക്കു തിരിച്ചു പോകേണ്ടതിനാൽ, പോലീസ് കേസ് സംബന്ധമായ കാര്യങ്ങളിൽ ഭാഗഭാക്കാനുള്ള അസൗകര്യം അവരെ അറിയിച്ചു. അതിനിടെ കാർ ആശുപത്രിയിലെത്തി ക്കഴിഞ്ഞിരുന്നു. ടാക്സി വാടക കൊടുക്കുവാനായി തുനിഞ്ഞപ്പോൾ അവർ സ്നേഹപൂർവ്വം വിലക്കി. പോലീസ് വാഹനവും അതിനകം അവിടെ എത്തിച്ചേർന്നിരുന്നു.

‘‘അമ്മയും ഉമ്മയും’’ (കഥ)
പ്രതീകാത്മക ചിത്രം

തിരിച്ചു വീട്ടിലെത്തിയപ്പോൾ ഓടിട്ട വീടിന്റെ തിണ്ണ മേൽ ചാരി അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു.

യാത്രയ്ക്കിടയിലുണ്ടായ സംഭവങ്ങൾ അമ്മയെ ധരിപ്പിച്ചു. മാതൃ ഭാവത്തിന്റെ മിഴികളിൽ കലർന്ന നേരിയ നനവും അഭിമാനവും കലർന്ന ഭാവവും എന്നോടു സംസാരിച്ചു. അമ്മയും ഉമ്മയും രണ്ടല്ല അതാണ് അമ്മയുടെ ആ മൗനഭാവങ്ങൾ അപ്പോഴെന്നോടു പറഞ്ഞത്.

English Summary : Ammayum Ummayum Story By Divakaran K V 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;