ADVERTISEMENT

ക്യാസഡോറിലെ ആദ്യരാത്രി (കഥ)

കോടമഞ്ഞിന്റെ തണുപ്പ് പെരുവിരലിലൂടെ അരിച്ചിറങ്ങുമ്പോഴാണ് അജയ്ക്ക് വീണ്ടും ക്യാസഡോറിനെ ഓർമ വന്നത്. അപൂർവമായ സംസ്കാരത്തിന്റെ പാരമ്യതയും ദേവദാരുക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും തെളിനീരരുവികളുടെയും നാട്. ഊരുതെണ്ടിക്ക് പ്രകൃതി സമ്മാനിച്ച പ്രണയദിനങ്ങൾ.

പല രാജ്യങ്ങളും പോയി ചൂടും ചൂരും അറിഞ്ഞിട്ടും ലെബനോൻ ഒരു ലഹരിയായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരികളായ വെള്ളാരം കണ്ണുകളുടെ ഉടമകൾ. പോയി വന്ന പല സുഹൃത്തുക്കളുടെയും വർണ്ണനയാണ് തന്നെയും അവിടേക്ക് നയിച്ചത്. 

പ്രണയത്തിന്റെ തീവ്രത ഉടലിലേക്കാഴ്ന്നിറക്കാൻ വിസമ്മതിച്ചവൾ. ഒടുവിൽ... കണ്ടുമുട്ടലുകളുടെ ഏതോ ഒരു യാമത്തിൽ തന്റെ രോമക്കുപ്പായം ഊരിയെറിഞ്ഞെന്നിൽ ചേർന്നവൾ. ഉള്ളിന്റെ ഉള്ളിലെ നിശബ്ദതയെ മൗനമെന്ന സംഗീതത്തിലൂടെ എന്നെ ഉദ്ദീപിപ്പിച്ചവൾ. മെർജെൻ... പേരുപോലെ തന്നെ മുത്തും പവിഴവും ആയവൾ. 

നൂറ്റാണ്ടുകളോളം പുതയ്ക്കപ്പെട്ട് മാറ്റുകൂട്ടി ഉയർത്തെഴുന്നേറ്റവൾ. പ്രണയത്തിന്റെ ചുവപ്പുരാശിയിൽ ചക്രവാകം കാണാതെ ഉഴറുന്ന കണ്ണുകൾക്ക് പ്രണയിക്കാൻ പഠിപ്പിച്ചു തന്നവൾ. കൂടെയുണ്ടായിരുന്നു എല്ലായ്പോഴും... രാവിന്റെ ഇരുളിമയിൽ എന്നിൽ മധു നിറച്ച്. നിലാവിന്റെ തെളിമയിൽ നെഞ്ചോടു ചേർന്നു കിടന്നവൾ. സൂര്യന്റെ പൊൻകിരണത്തിലും ഞാൻ ചേർത്തു പിടിച്ചവൾ.

ഉടലിലൊരു പുളകം തൊടുവിച്ചാരും കാണാക്കയങ്ങളിൽ ആഴ്ത്തി. പ്രണയമാണെന്ന് പറയാതെ പറഞ്ഞ നിമിഷങ്ങളിലോരോന്നും എന്നിലേക്ക് പടർന്നുകേറി. ഒടുവിൽ വാടിത്തളർന്നു കിടക്കുമ്പോഴും ലഹരി പകർന്നെന്റെ മാറിൽ ചാഞ്ഞവൾ.

ക്യാസഡോറിലെ ആദ്യരാത്രി (കഥ)
പ്രതീകാത്മക ചിത്രം

കൂടെ വരുമോന്നു ചോദിച്ചപ്പോൾ വെള്ളാരം കണ്ണുകൾ ഉയർത്തി സമ്മതമറിയിച്ചവൾ. ചേർത്തു പിടിക്കുമ്പോ ഴൊക്കെ പരൽ മീനുകളെപ്പോലെ വഴുതിപ്പോയവൾ. ഹൃദയത്തിന്റെ താഴ്‌വരയിൽ തായ്‌വേര് ഉറപ്പിച്ച് , ഒരിക്കൽ ആ വേരുകൾ പിഴുതെറിഞ്ഞുകൊണ്ട്  എന്നിൽ പ്രണയത്തിന്റെ ചുടുരക്തം വമിപ്പിക്കാൻ നിമിത്തമായവൾ. പോവുകയാണ് അവൾക്കരികിലേക്ക്... എല്ലാ പ്രണയദിനത്തിലും കണ്ണീരിൽ കുതിർന്ന... എന്റെ രക്തത്തിൽ കുതിർന്ന...റോസാപ്പൂക്കളുമായി...വീണ്ടും അവളെ ഉണർത്തുവാൻ വേണ്ടി...വീണ്ടും പ്രണയിക്കുവാൻ വേണ്ടി...ഉടലിന്റെ ചൂര് അസ്തമിച്ചിട്ടും മനസ്സിന്റെ കൂട് കൂട്ടുവാൻ വേണ്ടി...

പ്രണയമായിരുന്നു എനിക്കവളോട് ഉടലിൽ കെട്ടുപിണഞ്ഞു കിടന്നിരുന്ന ബന്ധനമായിരുന്നില്ലവൾ ...പാലപൂത്ത ഗന്ധം നിറയ്ക്കാതെ അരികിലെത്തിയവൾ... ഉടലിലെ... നെഞ്ചിലെ വെറുമൊരു മോഹം മാത്രം ബാക്കിവെച്ചവൾ... ആവോളം നുകരുന്ന പാനപാത്രം പോൽ... ഇരുമ്പാണിയിൽ പുതഞ്ഞുപോയ പതിറ്റാണ്ടുകൾ....

ക്യാസഡോറിലെ ആദ്യരാത്രി (കഥ)
പ്രതീകാത്മക ചിത്രം

മോക്ഷമായിരുന്നു... നിയതിയായിരുന്നു... എനിക്കായി നിയോഗിക്കപ്പെട്ട... ഞാനായി കുരുതി കൊടുക്കപ്പെട്ടവൾ... ദ്രംഷ്ടകൾ ആഞ്ഞിറങ്ങുമ്പോഴും ഞാൻ പ്രണയാതുരനായി... വീണ്ടും വീണ്ടും മധു നുകർന്നു കൊണ്ടിരു ന്നു ...

അവളാകട്ടെ ..കണ്ണിൽ  നിന്നും ചുടുചോര ഇറ്റുവീഴ്ത്തി... അവസാനശ്വാസംവരെ നെഞ്ചോടു ചേർത്ത് പിടിച്ചു. ചുണ്ടിലേക്കിറ്റുവീഴുന്ന മഞ്ഞിൻ കണങ്ങളെ ഏറ്റുവാങ്ങി ഞാൻ മുന്നിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ആ ചുവന്ന റോസാപ്പൂക്കൾക്കായി. ദേഹം വിട്ട് ദേഹി വീണ്ടും അലഞ്ഞുകൊണ്ടിരുന്നു. അവൾക്ക് മാത്രമായി . മെർജെൻ... നീയെന്റെ മജ്‌ജയും മാംസവുമാകുന്നു... ഞാൻ നീയാകുന്നു നീ ഞാനും...

നീ നൽകിയ അനുഭൂതികളുടെ തിടമ്പേറ്റി ഒരിക്കൽ കൂടി വിടവാങ്ങട്ടെ ഞാൻ... വീണ്ടും ഒരു പ്രണയദിന ത്തിൽ കണ്ടുമുട്ടാനായി...

English Summary : casadorile aadhyarathri Story by Neetha Dhyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com