ADVERTISEMENT

മക്കന കുത്തിയ പെൺകുട്ടികൾ (കഥ)

ആകാശം വിങ്ങി നിൽക്കുകയാണ്, പെയ്തു തോരാൻ ആഗ്രഹിച്ചിട്ടും പെയ്യാൻ സാധിക്കാതെ പ്രവാസിയുടെ മനസ്സ് പോലെ. പതിവിലും വിപരീതമായി മനോഹരമായ ഖുർആൻ പാരായണം കേട്ടാണ് ഉണർന്നത് . റേഡിയോയിൽ നിന്നായിരിക്കും.

തൊട്ടടുത്ത റൂമിൽ നിന്നാണ് കേൾക്കുന്നത്. വർഷങ്ങൾക്ക് മുൻപേയുള്ള മദ്രസാ ക്ലാസുകൾ ഓർമ്മ വന്നു. മുറി മുണ്ടെടുത്ത് പള്ളികുളത്തിലേക്ക് ഇറങ്ങുന്നതും മുഹമ്മദ് ഉസ്താദും റഹീമും ഖൈറുന്നിസയും  പള്ളി പറമ്പിലെ മീസാൻ കല്ലുകളും. 

സൂഫി ഫ്ലാറ്റിന്റെ ചില്ലു ജാലകം തുറന്ന് പുറത്തേക്ക് നോക്കി. തണുത്ത കാറ്റ്, ഇപ്പോൾ പെയ്യും എന്ന് കൊതിപ്പിച്ചു നിൽക്കുന്ന ആകാശങ്ങളിലെ മഴമേഘങ്ങൾ. നീലിച്ച ആകാശം, നീലിച്ച ഭൂമി. വാതിൽ തുറന്ന് ഹാളിലേക്ക് പ്രവേശിച്ചപ്പോൾ മൊബൈലിൽ ഖുർആൻ പാരായണം തുടരുന്നുണ്ട്. തൊട്ടടുത്ത റൂമിലെ സുഹൃത്ത് സുബിഹി നമസ്‌കാരത്തിന് ശേഷം മൊബൈലിൽ ഖുർആൻ വെച്ച ശേഷം മുസല്ലയിൽ ഇരുന്ന് ഉറങ്ങി പോയതാണ്.

മഫ്‌തയൊന്നും നാട്ടിൽ ഇറങ്ങാത്ത കാലമാണ്. ഉമ്മമാരുടെ തലയിലിടുന്ന തട്ടം മുറിച്ചെടുത്ത് സൂചിപ്പിന്ന് കൊണ്ട് മക്കന കുത്തി ഓടിവരുന്ന ചെറിയ പെൺകുട്ടികൾ. പുളിങ്ങായും ഉപ്പിലിട്ട മാങ്ങയും ഇരുമ്പാമ്പുളി യും ഒക്കെ കാണും അവരുടെ കയ്യിൽ. പിന്നീടെപ്പോഴോ മദ്രസയുടെ മുന്നിലൂടെ നടന്ന് പോകുന്ന വെറും യാത്രക്കാരൻ മാത്രമായി ഞാൻ. അപ്പോഴും സൂചിപ്പിന്ന് കൊണ്ട് മക്കന കുത്തി പെൺകുട്ടികൾ അവിടെ ശബ്ദമുണ്ടാക്കി കളിച്ചു കൊണ്ടിരുന്നു.

മക്കന കുത്തിയ പെൺകുട്ടികൾ (കഥ)
പ്രതീകാത്മക ചിത്രം

അനിയത്തിയുണ്ടായിരുന്നു അയൽ വീട്ടിലെ കുട്ടികൾ ഉണ്ടായിരുന്നു. എത്രപെട്ടെന്നാണ് അവരെല്ലാം വളർന്നത്. പട്ടാമ്പിയിലെ പഠന കാലമാവുമ്പോഴേക്കും അവരിൽ ഓരോരുത്തരുടെ കല്ല്യാണ ബിരിയാണികൾ കഴിക്കാൻ തുടങ്ങി, അടുത്ത കാലം വരെ മക്കനയിൽ നിഷ്കളങ്കരായ പൊട്ടിച്ചിരിച്ച് ഓടിനടന്ന പെൺകുട്ടിക ൾ പട്ടുസാരിയുടെയും സ്വർണ്ണത്തിന്റെയും ഭാരത്തിൽ. അനിയത്തിമാരും അയൽ വാസികളും പ്രണയിച്ചവരും ഓരോ ഞായറാഴ്ചകളിലായി ബിരിയാണി തന്നുകൊണ്ടിരുന്നു.

പിന്നീട് പ്രവാസത്തിന്റെ ഇടവേളകളിൽ ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോൾ  ബഹളമുണ്ടാക്കുന്ന കുഞ്ഞുങ്ങളുടെ കൈ പിടിച്ച് സാരിയുടുത്തും പിന്നീട് പർദ്ദയിട്ടും അവർ നിശബ്ദരായി നടന്നു പൊയ്ക്കൊ ണ്ടിരുന്നു. മറ്റൊരു അവധിക്കാലത്ത് നഴ്‌സറിയിൽ പോയിത്തുടങ്ങിയിട്ടില്ലാത്ത മകന്റെ കൂടെ വീടിന്ന് മുന്നിൽ പന്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ അവരിലൊരാൾ വീട്ടിൽ വന്നു.

‘‘ഇക്കാ അറിയോ’’

ആളെ തിരിച്ചറിയാനാവാതെ നിൽക്കുമ്പോൾ പഴയതട്ടം സൂചിപ്പിന്ന് കൊണ്ട് കുത്തി മക്കനയാക്കിയ ആ പെൺകുട്ടിയുടെ അതേ നിഷ്കളങ്കമായ ചിരി.

‘‘മൂത്ത മോളുടെ കല്ല്യാണമാണ് ... ഇക്ക വരണം’’

എന്റെ മൂത്ത മകൾ സുകുമാരന്റെ സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുകയാണ് അപ്പോൾ. എത്രപെട്ടെന്നാണ് കാലമൊഴുകി പോകുന്നത് . ഓരോ ഡിസംബറിലെയും ഉത്സവങ്ങൾക്ക് വന്ന് പോകുമ്പോൾ ഓരോ വസന്തവും പെയ്തു തീരുകയാണ്.

സൂഫി ഫ്ലാറ്റിലെ പ്രഭാത ചടങ്ങുകൾക്കു ശേഷം പതിവു പോലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം വാട്‍സ് ആപ്പ് മെസേജുകൾ വെറുതെ നോക്കി. പ്രവാസലോകത്ത് മരണപ്പെട്ട അയൽനാട്ടുകാരെപറ്റിയുള്ള വാർത്ത നാട്ടിലെ ഗ്രൂപ്പിൽ നിന്നും വായിക്കാൻ പറ്റി.

ഓത്തു പള്ളിക്കൂടത്തിന് മുന്നിലൂടെ റേഷൻ കടയിലേക്കും അരകുളത്തിൽ മീൻ പിടിക്കുന്നത് കാണാനും പോയിരുന്ന കാലത്ത് ഖുർആൻ പഠനത്തിന്റെ ഇടവേളകളിൽ ഓടിത്തൊട്ടു കളിച്ചിരുന്ന പെൺകുട്ടികളുടെ നിഷ്കളങ്ക മുഖം വീണ്ടും ഓർമ്മ വരികയാണ്. അതിലെ ഒരു പെൺകുട്ടിയുടെ ഭർത്താവാണ് രണ്ടുദിവസമായി പ്രവാസലോകത്തെ ആശുപത്രിയിലെ മോർച്ചറിയിൽ മരിച്ചു കിടക്കുന്നത്.

നീലയും ചുവപ്പും പൂക്കളുള്ള തട്ടത്തിൽ സൂചിപ്പിന്ന് കൊണ്ട് മക്കന കുത്തിയ അവളുടെ നിഷ്കളങ്ക മുഖം ഇപ്പോഴും ഓർമയിൽ ഉണ്ട്. അങ്ങ് ദൂരെ ഉപ്പയുടെ മരണമറിയാതെ കുഞ്ഞുങ്ങൾ അവൾക്കു ചുറ്റിലുമുണ്ട് .

മക്കന കുത്തിയ പെൺകുട്ടികൾ (കഥ)
പ്രതീകാത്മക ചിത്രം

സൂഫി ഫ്‌ളാറ്റിൽ നിന്നും ഇറങ്ങി നടക്കുമ്പോഴും അടുത്ത റൂമിലെ സുഹൃത്ത് നിസ്കരിക്കുന്ന മുസല്ലയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.

മൊബൈലിൽ നിന്ന് മനോഹര ശബ്ദത്തിൽ ഖുർആനിലെ സൂറത്ത് യാസീൻ ഒഴുകി കൊണ്ടിരുന്നു ...

പെയ്യാതെ നിൽക്കുന്ന ആകാശത്തിന് നീല നിറമാണ്. വിങ്ങി നിൽക്കുന്ന മഴ മേഘങ്ങൾ. ഞാൻ ഇറങ്ങി നടന്നു. പടച്ചവനേ... നിന്റെ കാരുണ്യം ഞങ്ങളിൽ ഉണ്ടാകണേ .....

English Summary: Makkana Kuthiya Penkuttikal Story By Anwar Sha Yuvadhara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com