ADVERTISEMENT

അവൾ (കഥ)

‘എടോ. ഞാൻ  പോവേണ്. എനിക്ക്  തന്റെ ഈ അധഃപതനം കാണാൻ വയ്യ. ഒരു പതിനേഴുകാരിക്ക് ഉള്ളിൽ തോന്നിയ ഇഷ്ടത്തിന് ഇത്രയും  വില നൽകാനേ കഴിയുള്ളു. ഒന്നര കൊല്ലം താൻ കാണിച്ച  അടുപ്പത്തിന് പടച്ചവനോടും തന്നോടും എന്നും കടപ്പെട്ടിരിക്കും.തന്നോട് ഉള്ള ഇഷ്ടം എന്നും അങ്ങനെ തന്നെ നിൽക്കട്ടെ.

തന്നെ ബ്ലോക്ക് ചെയ്യെണ്. അല്ലെങ്കിൽ  തന്റെ ഒരു മെസ്സേജ് വന്നാൽ നോക്കാതിരിക്കാനോ റിപ്ലൈ ചെയാതിരിക്കാനോ പറ്റില്ല. തനിക്കു വേണ്ടി എന്നും പ്രാർഥിക്കാറുണ്ട്. സന്തോഷവും സമാധാനവുമായിട്ടുള്ള ജീവിതം ഉണ്ടാവട്ടെ. ആസ്സലാമുഅലൈകും’

എത്രാമത്തെ  പ്രാവശ്യമാണ്  ഇതു വായിക്കുന്നത് .ഇങ്ങനെ  ഒരു പിണങ്ങിപ്പോക്ക്  പതിവുള്ളതല്ല . അവളുടെ  പിണക്കത്തിന്  എന്നും  ഒരു  ദിവസത്തെ ആയുസ്സേ ഉണ്ടാവാറുള്ളു. ഞാനാണ്  പിണങ്ങി ആഴ്ചകളോളം  മിണ്ടാതിരിക്കുന്നത്. അപ്പോഴൊക്കെ ‘താൻ എവിടെയാണ്’ എന്ന് ചോദിച്ചു കൊണ്ട് എന്നും സാന്നിദ്ധ്യം അറിയിക്കാറുണ്ട്.

പോട്ടെ  അവളും പോട്ടെ ആരും  വേണ്ട.

സന  വീണ്ടും  വിളിക്കുന്നുണ്ട്. ഇന്നിതെത്രാമത്തെ പ്രാവശ്യം ആണ്.. കൂട്ടുകാരിക്ക് വേണ്ടിയാകും എടുക്കണ്ട.

എന്നാണ്  അവൾ എന്റെ  ജീവിതത്തിലേക്കു വീണ്ടും വന്നത്.

മൂന്ന് കൊല്ലം  മുൻപ് തൃശൂർ ബസ്‌സ്റ്റാൻഡിൽ നിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ഒപ്പം  പഠിച്ചിരുന്ന സനയെ കാണുന്നത്.

എല്ലാം തകർന്ന് ദുബായിയിൽ നിന്ന്  തിരിച്ചെത്തിയ സമയമായിരുന്നു. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവൾ ചോദിച്ചു ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്കു നിന്നോട് ഭയങ്കര പ്രേമമായിരുന്നു ആരാണെന്നറിയോ എന്ന്.

അവൾ (കഥ)
പ്രതീകാത്മക ചിത്രം

കുറെ  മുഖങ്ങൾ മനസ്സിലൂടെ പോയെങ്കിലും പുറത്തു വന്നത്  ആ ജാഡക്കാരിയുടെ പേരായിരുന്നു. അപ്പോൾ നിനക്കറിയായിരുന്നല്ലേ എന്നു പറഞ്ഞ് അവൾ പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞില്ല ഇതുവരെ നഷ്ടപ്പെട്ടതിനേക്കാൾ വലുതാണ് ഞാൻ അറിയാതെ നഷ്ടപ്പെടുത്തിയതെന്ന്.

പണ്ടത്തെ  ഇഷ്ടത്തിന്റെ എന്തെങ്കിലും ബാക്കിയുണ്ടോ എന്നറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഓർമയുണ്ടോ എന്നൊരു മെസ്സേജ് അയച്ചത്. ഇരുപത്തഞ്ചു കൊല്ലങ്ങൾക്ക്  അവളുടെ ജാടയിൽ  ഒരു മാറ്റവും വരുത്താൻ കഴിഞ്ഞില്ലെന്നു അറിയിക്കുന്നതരത്തിൽ മറുപടിയും വന്നു. പിന്നീട് ഒരാഴ്ചയ്ക്കു  ശേഷം  ഇൻബോക്സ് നോക്കുമ്പോൾ എന്നാണ് തിരിച്ചു പോകുന്നത് എന്ന് ചോദിച്ചുള്ള മെസ്സേജ് ഉണ്ടായിരുന്നു.

എല്ലാ വിവരങ്ങളും കൃത്യമായി കൂട്ടുകാരി എത്തിച്ചിട്ടുണ്ട്.

‘തീരുമാനിച്ചിട്ടില്ല’ എന്ന മെസ്സജ്  അയച്ചപ്പോൾത്തന്നെ  അവളുടെ മറുപടി വന്നു. 

‘തന്നെ  ഞാൻ  എന്നും കാത്തു നിൽക്കണമല്ലോ’

അതിൽ തുടങ്ങി പരിഭവങ്ങളായി കരച്ചിലായി. അവൾ ഇടിച്ചു കേറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു.

പിന്നീടുള്ള ഒന്നരക്കൊല്ലം അവളായിരുന്നു എനിക്കെല്ലാം. ബന്ധുവിന്റെ മരണാനന്തരചടങ്ങിനു പോകാൻ  പത്തുരൂപ പോലും കയ്യിലില്ലാതെ നിൽക്കുമ്പോഴാണ് അമ്പതിനായിരം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നുള്ള അവളുടെ മെസ്സേജ് വരുന്നത്.

പതിയെ, കടിഞ്ഞാൺ ഇല്ലാത്ത എന്റെ ജീവിതത്തിന് അവൾ അദൃശ്യമായി കടിഞ്ഞാൺ ഇടുകയായിരുന്നു.

പിന്നീടങ്ങോട്ട് എന്റെ പ്രശ്നങ്ങൾ അവളുടെ കൂടിയായി. എന്റെ ജോലി അവളുടെ കൂടെ ഉത്തരവാദിത്തമായി.

അവസാനത്തെ അവധിക്കു കണ്ടപ്പോൾ അഞ്ഞൂറ് രൂപ കയ്യിൽ വച്ചുതന്നിട്ട് അവൾ പറഞ്ഞു, ഭാഗ്യമുള്ള കൈകളാണ് അവളുടെത് ഇനി ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല എന്ന്.അവളുടെ വിശ്വാസം പോലെ തന്നെ അടുത്തമാസം മുംബയിൽ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലിക്കു കേറി. മൂന്നുമാസത്തിനുള്ളിൽ മാനേജർ ആയി പ്രൊമോഷനും കിട്ടി.

പക്ഷേ പൈസയുടെ ഒപ്പം പഴയ ശീലങ്ങളും തിരിച്ചു വരികയായിരുന്നു.. എന്നാണ് എന്റെ മനസ്സിൽനിന്ന് അവൾ മായാൻ   തുടങ്ങിയത്. ഒന്നരക്കൊല്ലം നെഞ്ചോടു ചേർത്ത് നിർത്തിയിട്ടും ഞാൻ ആഗ്രഹിച്ച വാക്കുകൾ അവളിൽനിന്ന് വരാഞ്ഞിട്ടോ അതോ പുതിയതായി എത്തിയ ലേഡി സ്റ്റാഫിനോട് തോന്നിയ അടുപ്പമോ.

പതിനേഴാം വയസ്സിൽ അവളുടെ മനസ്സിൽ കേറിപ്പറ്റിയ എന്റെ സ്ഥാനത്തിന് ഒരു മാറ്റവും വന്നില്ല. എന്റെ പിണക്കങ്ങളും അവഗണനയുമൊന്നും അവളെ ബാധിച്ചതേയില്ല. എന്നും എന്നെക്കുറിച്ചുള്ള ആവലാതികളുമായി അരികെ നിന്നു. ഇനി കുടിക്കരുതെന്നു പറയുമ്പോഴൊക്കെ എന്നാൽ നീ പാലുമായി വാ  എന്ന കുത്തു വാക്കിൽ ഒതുക്കി നിർത്തി.

സന വീണ്ടും വിളിക്കുന്നുണ്ട്.

‘ഹലോ’

‘നീ  എവിടെയാണ്  വിളിച്ചാൽ ഫോൺ എടുക്കുന്ന  ശീലം  പണ്ടേ ഇല്ലല്ലോ’

‘എന്താ കാര്യം’

അവൾ (കഥ)
പ്രതീകാത്മക ചിത്രം

‘നീ  അറിഞ്ഞോ, അവൾ അത്മഹത്യ ചെയ്തു’

അവളതു പറഞ്ഞപ്പോൾ ചുറ്റും ഇരുട്ട് പരക്കുന്നത് ഞാൻ അറിഞ്ഞു..

‘എന്തിനാണവൾ ഇത് ചെയ്തത്’

‘ഒന്നും എഴുതി വെച്ചിട്ടില്ല. കെട്ടിയവനായിട്ടുള്ള എന്തോ പ്രശ്നമാണെന്നാണറിഞ്ഞത്’

ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുമ്പോൾ അവളുടെ വാക്കുകൾ എന്റെ ഉള്ളിൽ മുഴുങ്ങുകയായിരുന്നു.

‘താൻ ഒരിക്കൽ കേൾക്കും ഞാൻ ഒന്നും എഴുതിവയ്ക്കാതെ ആത്മഹത്യ ചെയ്തു എന്ന്. അത് തന്റെ വഴിതെറ്റിയ ജീവിതത്തിൽ മനംനൊന്തിട്ടായിരിക്കും’.

English Summary : Aval Story by Ranjitha Shafeeque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com