ADVERTISEMENT

ഗുരുവിനെ തേടി (കഥ)

രാവിലെ മകനെ സ്ക്കൂളിൽ കൊണ്ടുവിട്ട് ഓഫീസിലേക്ക് കാറോടിച്ചു പോകുകയായിരുന്നു.

‘‘ഞാൻ  എന്റെ പ്രിയപ്പെട്ട ഗുരുവിനെ അന്വേഷിക്കുകയാണ്’’ രാജ്യത്തെ പ്രധാന മലയാളം റേഡിയോയിൽ പ്രഭാത പരിപാടിയിൽ ഒരു ശ്രോതാവ് പറഞ്ഞ കാര്യം കേട്ടുകൊണ്ട് ഡ്രൈവിങ് തുടർന്നു.

‘‘താങ്കളുടെ പേരെന്താണ്’’  അവതാരക ശ്രോതാവിനോട് ചോദിച്ചു.

‘‘സാദിഖ്’’  ഞാൻ നഗരത്തിൽ നിന്നും മാറി ഇരുന്നൂറ്റമ്പത് കിലോമീറ്ററോളം അകലെ മരുഭൂമിയിൽ ഒരു വീട്ടിൽ നിന്നുമാണ് വിളിക്കുന്നത്. ഈ റേഡിയോ തുടങ്ങിയ അന്നു മുതൽ ഞാൻ നിങ്ങളുടെ ചാനലിലേക്ക് വിളിക്കുകയാണ്. പക്ഷേ ഒരിക്കലും എനിക്ക് നിങ്ങളുമായി സംസാരിക്കാൻ അവസരം ലഭിച്ചില്ല.  ഒന്നുകിൽ ആരും ഫോണെടുക്കില്ല. അല്ലെങ്കിൽ എപ്പോളും ഫോൺ തിരക്കിലായിരിക്കും.’’

തികച്ചും സാധാരണക്കാരന്റെ ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന അയാളുടെ ശബ്ദം ഇടക്ക് പതറിയത് പോലെ...

‘‘ഓ, ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്തായാലും ഇപ്പോളെങ്കിലും താങ്കൾക്ക് ഞങ്ങളെ കിട്ടിയല്ലോ. അതിൽ സന്തോഷിക്കുക. താങ്കൾ താങ്കളുടെ ഗുരുവിനെ അന്വേഷിക്കുകയാണെന്ന് തുടക്കത്തിൽ പ്രറഞ്ഞിരുന്നു. എന്താണ് താങ്കളുടെ ആ ഗുരുവിന്റെ പേര് ? അദ്ദേഹം ഇപ്പോൾ ഈ രാജ്യത്ത് ഉണ്ടാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? ഞങ്ങൾ എന്ത് സഹായമാണ് താങ്കൾക്ക് ചെയ്യേണ്ടത് ?’’

 ഇത്തവണ അവതാരകയുടെ കൂടെയുള്ള അവതാരകനാണ് സാദിഖിനോട് ഈ ചോദ്യം ചോദിച്ചത്.

‘‘അത്, ആ മാഷിന്റെ പേര് സുബ്രഹ്മണ്യൻ മാഷ്. മാഷ് ഇപ്പൊ എവിടെയുണ്ടെന്നൊന്നും എനിക്കറിയില്ല. എന്നാൽ എനിക്ക് മാഷിനെ ഒന്ന് കാണണമെന്ന അതിയായ ആഗ്രഹമുണ്ട്.   ഈ റേഡിയോ കേൾക്കുന്ന ആർക്കെങ്കിലും ഒരു പക്ഷേ മാഷിനെ കണ്ടെത്താൻ എന്നെ സഹായിക്കാൻ സാധിച്ചാലോ ?

എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ കഴിഞ്ഞ നാൽപ്പത് വർഷങ്ങളോളമായി അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.   എനിക്കിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

‘‘ താങ്കളുടെ നാടെവിടെയാണ് ? മാഷിന്റെ നാട് എവിടെയാണെന്ന് താങ്കൾക്കറിയുമോ?’’ അവതാരക ചോദിച്ചു.

‘‘ എന്റെ നാട് കോഴിക്കോട്.  മാഷിന്റെ നാട് പാലക്കാടാണെന്നാണ് എന്റെ ഓർമ്മ’’  സാദിഖ് പറഞ്ഞു.

‘‘എന്തു കൊണ്ടാണ് താങ്കൾ അദ്ദേഹത്തെ ഇത്ര കാലമായി അന്വേഷിച്ചു നടക്കുന്നത്’’ അവതാരകൻ ചോദിച്ചു. 

അയാൾ തന്റെ സ്കൂൾ പഠനകാലത്തെ അനുഭവം പങ്കുവെച്ചു.

‘‘ സുബ്രഹ്മണ്യൻ മാഷ് എന്നെ ഏഴാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നു.  അന്നൊന്നും ഞാൻ സ്കൂളിൽ പഠിക്കാനുള്ള നെലയൊന്നുമുണ്ടായിരുന്നില്ല.  പെരീല് പൈസയൊന്നുമില്ലാത്ത കാലം എല്ലാ വിഷയങ്ങൾക്കും കൂടി എനിക്കാകെ ഉണ്ടായിരുന്നത് ഒരൊറ്റ നോട്ടു ബുക്കായിരുന്നു. 

ഗുരുവിനെ തേടി (കഥ)
പ്രതീകാത്മക ചിത്രം

കണക്കും സയൻസും മലയാളവും ഇംഗ്ളീഷും എല്ലാം ഞാൻ ആ നോട്ടുബുക്കിൽ തന്നെ എഴുതുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഗൗരവക്കാരനായ നമ്മുടെ കണക്ക് മാഷ് എന്റെ നോട്ട്ബുക്കുകൾ പിടിച്ചു വാങ്ങി കീറിപ്പറിച്ചു എറിഞ്ഞു കളഞ്ഞു. തൊട്ടടുത്ത പീരിയഡ് മലയാളം പഠിപ്പിക്കുന്ന സുബ്രഹ്മണ്യൻ മാഷിന്റേത്. എല്ലാരും നോട്ടുപുസ്തകത്തിൽ എഴുതുമ്പോൾ ഒന്നും എഴുതാതെയിരിക്കുന്ന എന്നെ ശ്രദ്ധിച്ച മാഷ് എന്റെയടുത്ത് വന്നു കാര്യമന്വേഷിച്ചു. സങ്കടം കൊണ്ട് ഒന്നും പറയാൻ പറ്റാതെ ഞാൻ നിന്നു വിതുമ്പിയപ്പോൾ അടുത്തിരുന്ന കൂട്ടുകാരൻ മാഷോട് സംഭവിച്ച കാര്യം പറഞ്ഞു. മാഷ് വല്ലാതായി. അന്നത്തെ ക്ലാസ്സിൽ കൂട്ടുകാരന്റെ നോട്ടുബുക്കുകളൊന്നിൽ നിന്നും കടലാസ് പറിച്ചെടുത്ത് എഴുതാൻ മാഷ് പറഞ്ഞു’’

ഇത്രയും പറയുമ്പോളേക്കും, ആയിരക്കണക്കിനാളുകൾ കേൾക്കുന്ന റേഡിയോയിലാണ് താൻ സംസാരിക്കുന്നതെന്ന് പോലും മറന്ന് അയാളുടെ സംസാരം സങ്കടം കാരണം മുറിഞ്ഞു കൊണ്ടിരുന്നു. അവതാരകർ സമാധാനിപ്പിക്കുകയും ബാക്കി കൂടി പറയാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അയാൾ തന്റെ സംസാരം തുടർന്നു.

‘‘ പിറ്റേന്ന് സുബ്രഹ്മണ്യൻ മാഷ് ക്ലാസ്സിൽ വന്നു. ഓരോ വിഷയത്തിനും ആവശ്യമായ ഓരോ നോട്ടുപുസ്തകങ്ങൾ എനിക്ക് സമ്മാനിച്ചു.  അത്രയും നോട്ടുബുക്കുകൾ ഒരുമിച്ചു എന്റേതായി. ഞാൻ ആദ്യമായി എന്റെ മാറോടു ചേർത്തു. കരിമ്പനടിച്ച കുപ്പായമിട്ട എന്റെ ചുമലിൽ പിടിച്ചു കൊണ്ട്. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ സുബ്രഹ്മണ്യൻ മാഷ് എന്നോട് പറഞ്ഞു.

‘‘ സാദിഖ് , നീ നന്നായി പഠിക്കെടാ. നോട്ടുബുക്കില്ലാഞ്ഞിട്ട് നിന്റെ പഠിപ്പ് മുടങ്ങരുത്. അറിവ് ഒരു സമ്പാദ്യത്തിനും പകരമാവില്ലെടാ’’ എന്ന്..

‘‘ നിങ്ങൾ കേൾക്കൂ. ഞാൻ ഒരു പാടൊന്നും പഠിച്ചില്ല. വലിയ പണക്കാരനുമല്ല എന്നാലും, അന്ന് എന്നെ സഹായിച്ച മാഷിന് ഒരു ചെറിയ സമ്മാനമെങ്കിലും എന്റെ കൈകൊണ്ട് നൽകാൻ ഇന്നെനിക്ക് കെൽപ്പുണ്ട്.  മാഷിനെക്കുറിച്ച് ഞാനോർക്കാത്ത ഒരു ദിവസം പോലുമില്ല. മാഷിനെ കണ്ടെത്താൻ നിങ്ങൾ ഈ റേഡിയോയിലൂടെ എന്നെ സഹായിക്കണം’’ ഇത്രയും പറയുമ്പോളേക്കും കരച്ചിൽ കൊണ്ട് വാക്കുകൾ കിട്ടാതെ അയാൾ സംസാരം നിർത്തി.

ഗുരുവിനെ തേടി (കഥ)
പ്രതീകാത്മക ചിത്രം

‘‘ഞങ്ങൾ ഈ കാര്യം അന്വേഷിക്കുന്നതായിരിക്കുമെന്ന്’’ പറഞ്ഞു, അപ്പോൾ തന്നെ വിഷയത്തിൽ ഒരു അനൗൺസ്‌മെന്റ് നടത്തി അവതാരക.  തുടർന്ന് സാദിഖിനോടായി പറഞ്ഞു, മാഷിനെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി, ഞങ്ങൾ ഈ പരിപാടിയിലൂടെ തന്നെ പ്രക്ഷേപണം ചെയ്യാൻ ഉറപ്പായും ശ്രമിക്കും. നിങ്ങൾ എല്ലാ ദിവസവും പരിപാടി തുടർന്നു കേൾക്കൂ കേട്ടോ ’’

പരിപാടിയിൽ മറ്റ് ശ്രോതാക്കളുടെ സന്ദേശങ്ങൾ വന്നത് അവതാരകർ  വായിച്ചു കൊണ്ടിരിക്കെ എന്റെ ചിന്ത സാദിഖിലേക്ക് സഞ്ചരിച്ചു. നാല് പതിറ്റാണ്ടുകൾക്കിപ്പുറവും തന്റെ പ്രിയ ഗുരുനാഥനെ ഓർത്തു കൊണ്ടിരിക്കുന്ന, തന്റെ സ്നേഹസമ്മാനം നൽകുവാനും ആവശ്യമെങ്കിൽ എന്തെങ്കിലും പ്രതുപകാരം ചെയ്യാൻ സന്നദ്ധമായ ആ മനസ്സും ഞാൻ കണ്ടിട്ടില്ലാത്ത, കാണാനിടയില്ലാത്ത സാദിഖിൽ തൽപ്പരനാക്കി.. ഗുരുശിഷ്യബന്ധം അത്രമേൽ ദൃഢമായതും മൂല്യവത്തായതുമാണെന്ന് എനിക്കറിയാമായിരുന്നു.  അതെന്നും കാത്തു സൂക്ഷിക്കുന്നവരാണ് യഥാർത്ഥ ഗുരുക്കന്മാരും ശിഷ്യരും.

 English Summary : Guruvine Thedi Story By Mohammed Ali Mankadavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com