ADVERTISEMENT

ഞായറാഴ്ച  രാവിലെ  എണീക്കാൻ മടിച്ചു കിടക്കുമ്പോൾ ആണ് പെട്ടന്ന് ഫോൺ റിംഗ്‌ ചെയ്തത്. നോക്കുമ്പോൾ ബാലൻ ആണ് വിളിക്കുന്നത്.

‘‘ സുനി നമ്മുടെ മാരാത്തെ നന്ദിനി ടീച്ചർ  മരിച്ചു. രാവിലെ ഒന്ന് തലകറങ്ങി വീണതാ. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ തന്നെ തീർന്നു. ആംബുലൻസിൽ ശവം കൊണ്ടുവന്നിട്ടുണ്ട് ഇപ്പൊ’’

പെട്ടന്ന്  തലയ്ക്ക് ആരോ ഒരു ഇരുമ്പു കൂടം കൊണ്ട് അടിച്ചത് പോലെ തോന്നി സുനിലിന്.

കൂടെ ടീച്ചറുടെ ശബ്ദം ചെവിയിൽ മുഴങ്ങി

‘‘എനിക്ക് നിന്റെ മുഖം ഇനി കാണണ്ട നീ ഒരിക്കലും എന്റെ മുന്നിൽ ഇനി വരരുത്’’

ടീച്ചറുടെ രണ്ടു വീട് അപ്പുറത്താണ് സുനിലിന്റെ വീട്.

സുനിലിന് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ചു. പിന്നെ അവന് നാല് വയസ്സ് ആകുന്നതു വരെ അച്ഛന്റെ അമ്മ ആയിരുന്നു അവന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. അവരുടെ മരണത്തിനു ശേഷം അവന്റെ ലോകത്തിൽ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അഞ്ചു വയസ്സായപ്പോൾ ഒന്നാം ക്ലാസ്സിൽ ചേർത്ത അവന് സ്കൂളിൽ പോകാൻ വലിയ മടി ആയിരുന്നു.

എന്നും അച്ഛൻ വടി ഒക്കെ എടുത്ത്  വലിട്ടു  കൊണ്ടുപോയി ആണ് ക്ലാസ്സിൽ ഇരുത്തിയിരുന്നത്.

പതിവായി ഇത് കണ്ട ടീച്ചർ ഒരു ദിവസം അച്ഛനോട് പറഞ്ഞു.

‘‘ഗോപി ഒരു കാര്യം ചെയ്യ് നാളെ രാവിലെ ഇവനെ എന്റെ വീട്ടിൽ ആക്കിയാൽ മതി അവിടെ നിന്നും ഞാൻ കൊണ്ട് പോയിക്കൊള്ളാം’’ 

പിറ്റേന്നു മുതൽ  ടീച്ചറുടെ കയ്യിൽ പിടിച്ചാണ് അവൻ സ്കൂളിൽ പോയിരുന്നത്. ഇതെന്തത്ഭുതം ആണ് ടീച്ചർ കാണിച്ചത് എന്ന് അവന്റെ അച്ഛൻ ചോദിക്കുകയും ചെയ്തു.

‘‘ഞാൻ ടീച്ചർ മാത്രം അല്ലല്ലോ ഒരു അമ്മയും കൂടെ അല്ലേ’’? എന്നായിരുന്നു ടീച്ചറുടെ മറുപടി.

teacher-001

സുനിൽ ടീച്ചറുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അധികം ആൾക്കാർ ഒന്നും ഇല്ല. അവൻ ശങ്കിച്ചാണ് വീട്ടിലേക്ക് കയറിയത്.

മാഷ് ഇനി എന്തെങ്കിലും പറയുമോ? ആട്ടി ഇറക്കുമോ എന്നറിയില്ല.

എന്നാൽ സുനിലിനെ കണ്ട മാഷ് അവന്റെ കയ്യിൽ  അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

‘‘ അവള് പോയെടാ. രാവിലെ എനിക്ക് പതിവുള്ള ചായയും കൊണ്ട് ഉമ്മറത്തേക്ക് വന്നതാ. ഗ്ലാസ് ഞാൻ വാങ്ങുന്നതിനു മുൻപ് തളർന്നു വീണു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ പോയി’’

പഞ്ചായത്തു മെമ്പർ അസിസ്  ചോദിച്ചു.

‘‘മാഷെ നമുക്ക് മൊബൈൽ മോർച്ചറി കൊണ്ട് വരണ്ടേ മക്കൾ ഒക്കെ എപ്പോഴേക്കാ എത്തുക’’

 മാഷിന് മൂന്നു മക്കൾ ആണ്. മൂത്ത ആള് ജയകുമാർ അമേരിക്കയിൽ ആണ്. രണ്ടാമത്തെ ജയകൃഷ്ണൻ ഇറ്റലിയിൽ ആണ്. മൂന്നാമത്തെ മകൾ ജയലക്ഷ്മി ഭർത്താവിന്റെ കൂടെ സൗദി അറേബ്യയിലും.

‘‘മക്കൾക്ക് ആർക്കും എത്താൻ കഴിയില്ല. വിമാനം എല്ലാം കാൻസൽ ചെയ്തിരിക്കുകയല്ലേ?,ഇനി ഇപ്പൊ കുറച്ചു ദിവസം മോർച്ചറിയിൽ വെക്കാം എന്ന് കരുതിയാൽ ഈ കൊറോനയുടെ പ്രശ്നം എന്നേക്കു തീരും എന്ന് ആർക്കറിയാം’’

 മാഷുടെ സുഹൃത്ത് ജോസേട്ടൻ ആണ് പറഞ്ഞത്.

‘‘ജയനോടും, കൃഷ്ണനോടും ഞാൻ സംസാരിച്ചിരുന്നു,അവർക്കു ഈ അവസ്ഥയിൽ എത്താൻ കഴിയില്ല എന്ന് പറഞ്ഞു രണ്ടുപേരും കരച്ചിൽ ആണ്’’

‘‘ ജയയുടെ ഭർത്താവു വിളിച്ചിരുന്നു. അവർക്കും അവിടെ നിന്നും വിമാനം ഒന്നും ഇല്ല  എന്ന് പറഞ്ഞു’’

‘‘എനിക്കൊന്നും അറിയില്ല നിങ്ങൾ എല്ലാവരും കൂടെ തീരുമാനിക്ക്’’ മാഷ് പറഞ്ഞു.

‘‘ ഇന്നാണെങ്കിൽ പ്രധാനനന്ത്രി പറഞ്ഞ സ്വയം കർഫ്യു ദിവസവും അല്ലേ? അല്ലെങ്കിൽ തന്നെ 20 ആളുകളിൽ കൂടുതൽ കൂട്ടം കൂടരുത് എന്നാണ് സർക്കാർ ഉത്തരവ്’’ പഞ്ചായത്ത് മെമ്പർ പറഞ്ഞു.

‘‘ഇനി ഇപ്പൊ ദൂരത്തു നിന്ന് വേറെ ആരെങ്കിലും വരാനുണ്ടോ’’

ജോസേട്ടൻ ചോദിച്ചു.

teacher-002

അവളുടെ ഏട്ടന്റെ  വീട്  അടുത്തുണ്ട്. അവർ ഇപ്പോൾ വരും. എന്റെ ആൾക്കാർ വയനാട്ടിൽ അല്ലേ?.  അവരൊക്കെ ഇന്ന് ഇനി എത്താൻ പാടാവും ഏട്ടന്റെ മകൻ വന്നാൽ നമുക്ക് എടുക്കാം. ചിതക്കു അവൻ തീ കൊളുത്തിക്കൊള്ളും. മാഷ് പറഞ്ഞു നിർത്തിയപ്പോഴേക്കും ഒരു കാർ  വീടിന്റെ മുന്നിൽ വന്നു നിന്നു.

അതിൽ നിന്നും ടീച്ചറുടെ ഏട്ടനും ഭാര്യയും കരഞ്ഞു കൊണ്ട് ഇറങ്ങി വന്നു.

‘‘ മധു ദുബായിൽ നിന്ന് വന്നിട്ട് 8 ദിവസം അല്ലെ ആയുള്ളൂ. 14 ദിവസം വീട്ടിൽ നിർബന്ധം ആയും ഇരിക്കണം അതുകൊണ്ടു അവനു വരാൻ പറ്റില്ല’’ ടീച്ചറുടെ ഏട്ടൻ പറഞ്ഞു.

‘‘ ഇനി ഇപ്പൊ ആര് ക്രിയ ചെയ്യും. അധികം സമയം വെക്കരുത് എന്ന് ഹെൽത്ത് ഡിപാർട്മെന്റിൽ നിന്നും പറഞ്ഞിട്ടുണ്ട്’’ മെമ്പർ അസിസ് ചോദിച്ചു.

‘‘ അടുത്ത് തന്നെ നന്ദിനിയുടെ കുടുംബക്കാർ ആരൊക്കെയോ ഉണ്ടല്ലോ.  നമ്മുടെ രവി നന്ദിനിയുടെ ചെറിയമ്മയുടെ മകളുടെ മകൻ അല്ലെ?’’ടീച്ചറുടെ ഏട്ടന്റെ ഭാര്യ ചോദിച്ചു.

‘‘അവർ ആരും വന്നിട്ടില്ലല്ലോ അറിയിച്ചില്ലേ ചന്ദ്രാ’’

‘‘ ഞാൻ മാഷ് പറഞ്ഞിട്ട് വിളിച്ചിരുന്നു. പക്ഷേ കൊറോണ സമയത്ത് ഇറങ്ങി നടക്കാതെ വീട്ടിൽ ഇരിക്കാൻ പ്രധാനമന്ത്രി പറഞ്ഞ ദിവസം അല്ലേ? ഇന്ന്, അതുകൊണ്ടു ഇന്ന് വരൻ കഴിയില്ല, മാത്രമല്ല രവി കൊറോണക്കെതിരെ എന്തോ ഹോമം നടത്തുന്ന കമ്മറ്റിയുടെ ചെയർമാൻ ആണത്രേ. അത് കഴിഞ്ഞേ അവൻ ഇനി ഫ്രീ ആവൂ എന്ന പറഞ്ഞത്’’ മാഷുടെ അയൽ വാസി ശങ്കരൻകുട്ടി പറഞ്ഞു.ശങ്കരൻ കുട്ടി രവിയുടെ ക്ലാസ് മേറ്റും ആണ്.

‘‘ഇനിയിപ്പോ എന്താ ചെയ്യാ? മാവൊക്കെ വെട്ടി കഴിഞ്ഞല്ലോ മാഷ് അകെ തളർന്നു. ഭാര്യക്ക് ഭർത്താവു ചിത കത്തിക്കാൻ പാടുണ്ടോ ആവോ’’

പെട്ടന്ന് ജോസേട്ടൻ മാഷുടെ ചെവിയിൽ എന്തോ ചോദിച്ചു.

‘‘അവൻ സമ്മതിക്കുമോ’’ മാഷ് ചോദിച്ചു.

‘‘മാഷുക്കു എതിർപ്പില്ലെങ്കിൽ ഞാൻ അവനോടു പറയാം’’

‘‘സുനി’’ ജോസേട്ടൻ വിളിച്ചു.

‘‘ നീ ഒരു മകന്റെ സ്ഥാനത്തു നിന്ന്  കർമ്മങ്ങൾ ചെയ്തൂടെ?’’

‘‘ഞാനോ ജോസേട്ടൻ എന്താ ഈ പറയുന്നത്. എല്ലാം ജോസേട്ടനു അറിയുന്നത് അല്ലെ’’

teacher-003

‘‘നിനക്ക് അവർ അമ്മയെ പോലെ ആയിരുന്നില്ലേ പിന്നെന്താ’’

‘‘മാഷ് സമ്മതിക്കുമോ’’

സുനി നീ കുളിച്ചു വാ മാഷുക്കു ഒന്നും എതിർപ്പില്ല.

തോർത്തും എടുത്തു മുങ്ങിവരാൻ കുളത്തിലേക്ക് നടക്കുമ്പോൾ സുനി ചിന്തിച്ചു. ടീച്ചർക്ക് ഒരിക്കലും ഇഷ്ടമാവില്ല താൻ കർമ്മം ചെയ്യുന്നത്. അല്ലെങ്കിലും അമ്മയുടെ സ്ഥാനത്തു ആയിരുന്നില്ലേ തനിക്കവർ?. വിളിച്ചിരുന്നത് തന്നെ ടീച്ചറമ്മ എന്നായിരുന്നു. അന്ന് ആദ്യമായി തന്റെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോയ ദിവസം മുതൽ താനും അവരുടെ വീട്ടിലെ ഒരംഗം ആയി മാറിയിരുന്നു. ജയകുമാറും,ജയകൃഷ്ണനും തനിക്ക് എട്ടന്മാർ തന്നെ ആയിരുന്നു.

തന്റെ വിദ്യാഭ്യാസ കാര്യങ്ങൾ ഒക്കെ നോക്കിയിരുന്നത് ടീച്ചർ തന്നെ ആയിരുന്നു. അച്ഛൻ പറയുമായിരുന്നു. ‘‘അവൻ എന്ത് പഠിക്കണം എവിടെ പഠിക്കണം എന്നൊക്കെ ടീച്ചർ തീരുമാനിക്കും എനിക്ക് പൈസ ഉണ്ടാക്കേണ്ട കാര്യം മാത്രം നോക്കിയാൽ മതി അതിനും അവരുടെ സഹായം ഉണ്ടേ’’ എന്ന്.

പക്ഷേ വലുതാവുന്നതിനനുസരിച്ചു ജയ എന്നെ ഒരു സഹോദരൻ ആയിട്ട് അല്ല കണ്ടിരുന്നത്. എത്ര പറഞ്ഞിട്ടും അവൾക്കു ഒരു മാറ്റവും വന്നില്ല. പിന്നെ  എപ്പോഴോ തനിക്കും മാറ്റങ്ങൾ വന്നു. പി ജി കഴിഞ്ഞു തൊഴിലെന്തെങ്കിലും അന്വേഷിച്ചു ഞാൻ നടക്കുന്ന സമയത്തു  ആണ് ജയക്കു ആദ്യത്തെ കല്യാണ ആലോചന വന്നത്. അന്ന് തന്നെ അവൾ വീട്ടിൽ പറഞ്ഞു.

‘‘ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ അത് സുനിയേട്ടനെ മാത്രമേ കഴിക്കൂ’’ എന്ന്

അതൊരു ഭൂകമ്പം ആയി വീട്ടിലും നാട്ടിലും. അതുവരെ ആരും ചോദിക്കാതിരുന്ന എന്റെ ജാതി ഒരു പ്രശ്നം ആയി. 

‘‘ അച്ഛന് പ്രശ്നം ഇല്ല അമ്മക്കാണ് സുനിയേട്ടന്റെ  ജാതി ഇപ്പൊ പ്രശ്നം’’ എന്ന് ജയ പറഞ്ഞപ്പോൾ എനിക്കതു വലിയ ഒരു ഷോക്ക് ആയിരുന്നു. പിന്നീട് ഒരു ദിവസം ടീച്ചർ എന്നെ വിളിപ്പിച്ചു ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. അവരോട് ഒന്നും എതിർത്ത് പറയാൻ കഴിയാത്ത ഞാൻ അത് സമ്മതിക്കുകയും ചെയ്തതാണ്.എന്നാൽ ജയയുടെ ആത്മഹത്യാ ഭീക്ഷണിക്കു മുൻപിൽ ഞാൻ തോറ്റു പോയി.

എവിടേക്കെങ്കിലും പോയി ജീവിക്കാം എന്ന അവളുടെ വാശി കാരണം ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. 

അടുത്ത ദിവസം മഴയുള്ള ഒരു രാത്രി അവൾ ഇറങ്ങി വന്നു. എന്നാൽ അധികം ദൂരം പോകുന്നതിനു മുൻപ് തന്നെ ജയേട്ടനും കൃഷ്ണേട്ടനും നാട്ടുകാരും ഒക്കെ കൂടി ഞങ്ങളെ പിടിച്ചു.

അന്ന് ടീച്ചർ എന്നെ ശപിച്ചു ഇറക്കിയതാണ്.

‘‘ നന്ദി കെട്ടവനെ, ഇനി എനിക്ക് നിന്റെ മുഖംപോലും കാണണ്ട’’ എന്ന് പറഞ്ഞു. അച്ഛനും കുറെ ചീത്ത പറഞ്ഞു. പിന്നീട് നാട്ടിൽ ഇറങ്ങി നടക്കാനുള്ള നാണക്കേട് കാരണം കുറെ കാലം അമ്മാവന്റെ കൂടെ ദില്ലിയിൽ ആയിരുന്നു. പിന്നീട് ജയയുടെ കല്യാണം ഒക്കെ കഴിഞ്ഞതിനു ശേഷം ആണ് നാട്ടിൽ വന്നത്,

ജോലി കിട്ടിയപ്പോൾ ടീച്ചറെ പോയി കാണണം എന്ന് ഉണ്ടായിരുന്നു പക്ഷേ ധൈര്യം വന്നില്ല.

ടീച്ചറമ്മയുടെ ആത്മാവ് ഒരിക്കലും തന്നോട് ക്ഷമിക്കില്ല ഉറപ്പാണ് ചിതക്കു തീ  കൊടുകുമ്പോഴും മനസ്സ് നീറിക്കൊണ്ടേ ഇരുന്നു.

‘‘ഇനി മുന്നിൽ ഉള്ള ഇല എടുത്തു വെള്ളത്തിൽ ഒഴുക്കി മുങ്ങി കയറി വരിക’’

ഉണ്ണികൃഷ്ണൻ ഇളയതു പറഞ്ഞു. സുനിൽ പിണ്ഡവും എടുത്തു കൊണ്ട്  പുഴയിൽ ഇറങ്ങി മുന്നോട്ട് നടന്നു കടുത്ത വേനലിൽ ഭാരതപുഴ വല്ലാതെ മെലിഞ്ഞിരിക്കുന്നു. മുന്നിൽ നടക്കുന്നവരുടെ പിന്നിൽ മെല്ലെ നടന്നു സുനിൽ വെള്ളത്തിന് പുറം തിരിഞ്ഞു നിന്ന് തന്റെ തലയ്ക്കു മുകളിലൂടെ ഇല പുഴയിലേക്ക് സമർപ്പിച്ചു.

പുഴയിൽ മുങ്ങി തിരിച്ചു നടക്കുമ്പോൾ താൻ  ക്രിയ ചെയ്തതിൽ  ടീച്ചർക്ക് തൃപ്തി ആയിട്ടുണ്ടാകുമോ. അവരുടെ ആത്മാവിനു ശാന്തി കിട്ടിയിട്ടുണ്ടാകുമോ, അതോ താൻ ചെയ്തത് അവിവേകം അയോ

അവൻ ആകെ ആസ്വസ്ഥനായി.

പുഴയുടെ പടവ് കയറി  വരുന്നതിനിടക്കു ചന്ദ്രൻ മാഷ് താഴോട്ട് ഇറങ്ങി വന്നു ഇളയതിനു കൊടുക്കാനുള്ള ദക്ഷിണക്കുള്ള പണം കയ്യിൽ തന്നു. ദക്ഷിണ കൊടുത്തു കഴിഞ്ഞപ്പോൾ അമ്പലത്തിൽ കയറി ഒരു തിലഹോമം കഴിച്ചു പോയിക്കൊള്ളു എന്ന് പറഞ്ഞു അനുഗ്രഹിച്ചു. മാഷോട് കൂടെ അമ്പലത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാഷ് തന്നെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

‘‘ സുനി ,ടീച്ചർക്ക് ഇഷ്ടപെട്ടിട്ടുണ്ടാവില്ല എന്ന് കരുതി നീ ഇപ്പോഴും വിഷമിക്കുക ആണല്ലേ?. എന്നാ മോനെ അവൾക്കു ശരിക്കും സന്തോഷം ആയിട്ടുണ്ടാവും ഇപ്പോൾ. ജയയുടെ കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ അവൾ പറയാറുണ്ടായിരുന്നു. ഞാൻ ഈ കുട്ടികളുടെ മനസ്സ് മനസ്സിലാക്കിയില്ലല്ലോ എന്ന്. അവരു ജീവിത കാലം മുഴുവൻ കരയുമല്ലോ. എന്റെ മക്കളേക്കാൾ സുനിക്കു എന്നെ ഇഷ്ടം ആയിരുന്നു. അവൻ എന്നെ വെറുത്തിരിക്കില്ലേ?’’  എന്നൊക്കെ.

ഇല്ല ടീച്ചറമ്മേ ഒരിക്കലും വെറുത്തിട്ടില്ല കുറ്റബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും... സുനി തേങ്ങി.......

English Summary : Teacheramma Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com