ADVERTISEMENT

കരിന്തേള്‍ (കഥ)

നേരം വെെകിത്തുടങ്ങി. ഇരുട്ടിന് കനംകൂടിവന്നു. ഒരുപാട്  കാത്തിരുന്ന നിമിഷം. പക്ഷേ ഇൗ കാത്തിരിപ്പിന് തന്‍റെ ഉയിരെടുക്കാനുള്ള ശക്തിയുണ്ടെന്ന്  മനസ്സിലായിതുടങ്ങിയിരിക്കുന്നു.വരാമെന്നുപറഞ്ഞ സമയവും അതിക്രമിച്ചു. പറഞ്ഞതാണ് പലതവണ. രാത്രിയില്‍ ഇങ്ങനൊരു കണ്ടുമുട്ടല്‍ വേണ്ടെന്ന്. നിര്‍ബന്ധമായി രുന്നു. കണ്ടേ തീരൂ എന്ന വാശി. ആരുടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍പ്പിന്നെ പറയണ്ട. കൊന്നുകളയും.

വരാമെന്നുറപ്പുപറഞ്ഞതു കൊണ്ടാണ് വീട്ടിലാരുമറിയാതെ അടുക്കളവാതില്‍ കൊളുത്തിടാതെ  ചാരിയത്. അമ്മ ചോദിച്ചപ്പോള്‍ വാതില്‍ ഭദ്രമായി അടച്ചെന്ന പുതിയൊരു നുണയും. ചില നേരത്തെ നുണകള്‍ ഇത്തിരി ക്രൂരമാകുന്നുണ്ടോ എന്ന പതിവു സന്ദേഹവുംകൂടിയായപ്പോള്‍ സഹിക്കാനായില്ല.

         

പരിഭ്രമിച്ച് വിളറിയ മുഖവുമായി വീട്ടിലേക്കു കയറിവന്ന തന്നോട് എന്തുപറ്റി എന്നുചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് അമ്മയോട് മറുപടിപറഞ്ഞതില്‍ നിന്നായിരുന്നു തുടക്കം.പിന്നീടങ്ങോട്ട് കുളിക്കടവില്‍ ആളുകൂടുതലായിരുന്നെന്നും, കിണറ്റിന്‍കരയില്‍വച്ച് കുടം താഴെവീണെന്നും, പാടവരമ്പിലൂടെ നടന്നു

വരുമ്പോള്‍ കാല്‍ ചേറില്‍പൂന്തിയെന്നുംതുടങ്ങി നുണകളുടെ അന്തമില്ലാത്ത നീണ്ട നിര.

കുളികടവില്‍വച്ചുതന്നെയാണ് തന്നോട് ഇഷ്ടമറിയിക്കുന്നതും. കുളത്തില്‍ തലയോളം മുങ്ങിനിവര്‍ന്ന തന്‍റെ മുന്നിലേക്ക് പ്രതീക്ഷിക്കാതെ വന്നുപെട്ടപ്പോള്‍ പേടികാരണം അനങ്ങാന്‍ കഴിഞ്ഞില്ല. പിന്നെയും കണ്ടു കിണറ്റിന്‍കരയില്‍,പാടവരമ്പില്‍, അസ്ഥിത്തറയ്ക്കരികിലുള്ള അരളിമരത്തിനുമുന്നില്‍, വീടിനുപുറകിലെ പൊന്തപിടിച്ചുകിടക്കുന്ന തൊടിയില്‍. ആരുംപെട്ടെന്നു കടന്നുവരാനിടയില്ലാത്ത ആ തൊടിയായിരുന്നു ഞങ്ങളുടെ ഇഷ്ടകേന്ദ്രം. 

കരിന്തേള്‍ (കഥ)
പ്രതീകാത്മക ചിത്രം

ഒരിയ്ക്കല്‍  അവിടെവച്ച് തന്നെ ആദ്യമായി തൊട്ടതും ഒാര്‍മ്മവന്നു.നീണ്ടുവളര്‍ന്നു നില്‍ക്കുന്ന ചെടികളെ വകഞ്ഞുമാറ്റി നടന്നുപോകുമ്പോള്‍ കാല്‍വിരലുകളില്‍ അനുഭവപ്പെട്ട തണുപ്പ്. മറ്റെന്തിനുമപ്പുറം പ്രണയ ത്തിന്‍റെ,ഉള്ളം ചുവപ്പിക്കുന്ന സുഖമുള്ള തണുപ്പ്. അനാവശ്യമായി മനസ്സില്‍ തോന്നിയ പേടികാരണം  കാലുകളെ പുറകോട്ടു വലിച്ച് അവിടെനിന്ന് ഒാടിപോകേണ്ടിവന്നു. നികത്താനാകാത്ത പശ്ചാത്താപം തോന്നിയ നിമിഷം.

ഇന്നത്തെ കണ്ടുമുട്ടലിന്‍റെയും ലക്ഷ്യം അതുതന്നെയായിരിക്കണം. അന്നു നഷ്ടമായ അവസരത്തിനു പകരം തന്‍റെ കാല്‍വിരലുകളെ നോവിക്കാതെ അമര്‍ത്തിയൊരു ചുംബനം. കൂടെപോരാന്‍ ആവശ്യപ്പെട്ടാല്‍ മറ്റൊന്നും ചിന്തിക്കാതെ കൂടെപോവുകതന്നെ. ക്ഷമകെട്ടപ്പോള്‍ മുറിക്കുപുറത്തിറങ്ങി. ആരെയും ഉണര്‍ത്താതെ അടുക്കളവാതില്‍ തുറന്നപ്പോള്‍ ആദ്യംകണ്ടത് മുറ്റത്ത്പതിഞ്ഞ കറുത്ത നിഴലിനെയാണ്. ചുറ്റുംനോക്കി. ആരേലുംകണ്ടാല്‍ കൊന്നുകളയും.

ഹൃദയത്തിലനുഭവപ്പെട്ട സന്തോഷം അടക്കാനായില്ല. കണ്ണുകള്‍ നിറഞ്ഞു. ഉറക്കെചിരിക്കണമെന്നും, തുള്ളിച്ചാടണമെന്നുംതോന്നി. പക്ഷേ പേടി കാരണം ഹൃദയമിടിപ്പ് കൂടുകയാണുണ്ടായത്. അടുത്തേക്കുവ രുന്തോറും പുറകിലേക്ക് കാലുകളെ ചലിപ്പിച്ചു.ഒരിക്കല്‍ ആ തൊടിയില്‍വച്ച് കാല്‍വിരലുകളില്‍ അനുഭവപ്പെട്ട അതേ തണുപ്പ് ഇന്ന്, ഞരമ്പുകളിലൂടെ പ്രവഹിക്കുകയാണ്.അതില്‍നിന്നും തെറിച്ചുവീഴുന്ന മഞ്ഞുപാളികള്‍ ഹൃദയത്തില്‍തറച്ചു കയറി മുറിവേല്‍പ്പിക്കുന്നു. തന്‍റെ കാലുകളെ നിയന്ത്രിക്കേണ്ടിവന്നു.

അരികിലെത്തി ശരീരം നോവി-ക്കാതെയുള്ള ഒരു ചുംബനത്തിനായി കാത്തുനിന്നു.

തേള്‍... കരിന്തേള്‍... അമ്മയാണ്. ആ ചൂലെടുക്ക്. ഇവിടെയിരുന്ന മണ്ണെണ്ണ എവിടെ? ഒാടിവന്ന് തന്നെ ശക്തിയായി പിടിച്ചുമാറ്റി അമ്മ നിലവിളിച്ചു. ‘‘കരിന്തേള്‍... കൊല്ലതിനെ...’’ അച്ഛനും അമ്മയും ഒരേ 

കരിന്തേള്‍ (കഥ)
പ്രതീകാത്മക ചിത്രം

സ്വരത്തില്‍ അലറി. ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ മറുത്തൊരക്ഷരം പോലും പറയാനാ കാതെ നിറകണ്ണുകളോടെ ജഡം കണക്കെ നോക്കിനില്‍ക്കേണ്ടിവന്നു. കറുത്തവനെന്നും, വിഷം തീണ്ടാനെത്തിയവനെന്നും പറഞ്ഞ് കൊല്ലാന്‍ ആക്രോശിക്കുകയാണവര്‍.

‘‘അടിച്ചുകൊല്ലതിനെ’’ അച്ഛന്‍ കലിതുള്ളി. ചൂലുകൊണ്ടുള്ള അമ്മയുടെ ആദ്യത്തെ അടിയ്ക്ക് പുറത്തേക്ക് തെറിച്ചു വീണു. മലര്‍ന്നുകിടക്കുന്ന തക്കം നോക്കി അച്ഛന്‍ മണ്ണെണ്ണ പകര്‍ന്നു. നിരന്തരം തനിക്കു

പുറകെ അരിച്ചുനടന്ന കാലുകള്‍ തളരുന്നതും പ്രണയം പറഞ്ഞ കണ്ണുകള്‍ മെല്ലെ അടയുന്നതും കടുത്ത ദുഃഖത്തോടെ കണ്ടുനിന്നു. ജീവന്‍ പോകുന്ന അവസാനനിമിഷങ്ങളിലും തന്നെ മാറിലേക്ക് ഏറ്റുവാങ്ങും

വിധമുള്ളമലര്‍ക്കെയുള്ള കിടത്തം മനസ്സിനെ തളര്‍ത്തി. ശരീരം നീലിച്ചതായികണ്ടു. പ്രണയമെന്ന 

വിഷമേറ്റ് തന്‍റെയും....

ശരീരത്തിനേറ്റ തണുപ്പ് ആറുന്നതേയില്ല.കണ്ണുനീര്‍ തുടരെ നിലത്തുപതിച്ചും മഞ്ഞുപാളികള്‍ ഹൃദയത്തെ മുറിവേല്‍പ്പിച്ചും തന്നോട് പ്രതികാരം ചെയ്തുകൊണ്ടേയിരുന്നു. അപ്പോഴും മനസ്സ് ആവര്‍ത്തിച്ചു.

കരിന്തേള്‍ (കഥ)
പ്രതീകാത്മക ചിത്രം

‘‘പറഞ്ഞല്ലോ..! ആരേലും കണ്ടാല്‍ കൊന്നുകളയും’’

കെവിനും, നീനുവിനും....

പിന്നെ,

 ഭ്രാന്തമായി പ്രണയിക്കുന്നവര്‍ക്കും....

English Summary : Karinthel Story By Anju K.P 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com