ADVERTISEMENT

ബേബിച്ചായൻ(കഥ)

അയാൾ റിയാദിൽ ഏത്തിയിട്ട് അധികം ദിവസം ആയിട്ടില്ല. ഒരു ദിവസം ഡ്യൂട്ടി ടൈം കഴിഞ്ഞ് ഓഫീസിൽ  നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ആ പരുക്കൻ സ്വരം കേട്ടത്.

‘‘എടാ നാളത്തെ കൊച്ചി ഫ്ലൈറ്റിൽ ചാർജ് എത്രയാ’’ എന്ന്.

ആ ചോദ്യത്തിന്റെ രീതി അയാൾക്കിഷ്ടപെട്ടില്ല.

അയാൾ ഒരു അഞ്ഞൂറ് റിയാൽ കൂട്ടി  പറഞ്ഞു ‘‘1300 റിയാൽ ആകും’’

‘‘എന്താ നിന്റെ അടുത്ത് മാത്രം ഇത്ര കൂടുതൽ അപ്പുറത്ത് 800 അല്ലേയുള്ളൂ’’

‘‘ഇത് എന്റെ ചാർജ് ആണ്. നിങ്ങൾ കുറവുള്ള സ്ഥലത്തുനിന്ന് എടുത്തോ’’

‘‘ ഇങ്ങനെ ആണെങ്കിൽ നിന്റെ കടയിൽ ആരും കയറില്ലല്ലോ’’

‘ അതിനു വഴിയിൽ കൂടെ പോയ നിങ്ങളെ ഞാൻ വിളിച്ചു കയറ്റിയത് അല്ലല്ലോ. നിങ്ങൾ വന്നു കയറിയതല്ലേ’

അയാൾക്ക്‌ ഒടക്കാനുള്ള മൂഡ് ആയിരുന്നു.

‘‘ഇവനൊക്കെ ഏതു കോത്താഴത്തുനിന്നു കുറ്റിയും പറിച്ചു വരുന്നു ആവോ’’ എന്ന് വന്നു കയറിയ ആളും.

കോത്താഴത്തുനിന്ന് അല്ല മലപ്പുറത്ത് നിന്ന് എന്ന് അയാളുടെ മറുപടി.

ഒരു ഒടക്കു നോട്ടവും നോക്കി പുള്ളി ഇറങ്ങിപ്പോയി.

അയാൾ ജോലി ചെയ്യുന്ന ഏരിയയിൽ കൂടുതലും ട്രാവൽ ഏജൻസികൾ ഉണ്ടായിരുന്നതുകൊണ്ട്

ടിക്കറ്റ് കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിക്കാണില്ല. അയാൾ 100 കിലോമീറ്റർ അപ്പുറത്തുള്ള ഏതോ സ്ഥലത്തുനിന്ന്  റിയാദിൽ കാറും കൊണ്ട്  വന്നു പോകുന്ന ഒരു ഡ്രൈവർ  ആയിരുന്നു. ബേബി എന്നാണ് പേര്, എല്ലാവരും ബേബിച്ചായൻ എന്നാണ് വിളിക്കാറുള്ളത് എന്നൊക്കെ പിന്നീടാണ് മനസ്സിലായത്.

ഓരോ യാത്രയിലും  ആരെങ്കിലും ഒക്കെ സാധനങ്ങൾ വാങ്ങാനും പേപ്പർ വർക്കുകൾ ചെയ്യാനും ടിക്കറ്റ് എടുക്കാനും ഒക്കെ ഏൽപ്പിക്കും ചില അത്യാവശ്യക്കാരെ ബേബിച്ചായൻ കൂടെ കൂട്ടി വന്നു ടിക്കറ്റ് എടുത്ത് എയർപോർട്ടിൽ കൊണ്ട് പോയി വിടുകയും ചെയ്യും. ഏതായാലും പിന്നെ ബേബിച്ചായൻ  അയാളുടെ ഷോപ്പിൽ കയാറാറില്ല.

അയാൾ ഇതിനിടയിൽ പ്രവാസ ജീവിതവും ആയി പൊരുത്തപ്പെടുകയും ജോലി ആസ്വദിക്കുകയും ഒക്കെ ചെയ്യാൻ  തുടങ്ങിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓഫിസിന് പുറത്തു വെച്ചും തമ്മിൽ കാണാറുണ്ടായിരുന്നു എങ്കിലും അവരുടെ ഈഗോ പരസ്പരം സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനിടയിൽ അയാൾ  ഇരിക്കുന്ന ഓഫീസിൽ പതുക്കെ തിരക്കു കൂടാൻ തുടങ്ങി. അവരുടെ കമ്പനിയിൽ ഉച്ചയ്ക്ക് അടക്കാത്ത ഏക ഓഫീസായി ആ ബ്രാഞ്ച് മാറി. എന്നുവെച്ചാൽ അയാൾക്ക്‌ വേണമെങ്കിൽ ഓഫീസ് അടച്ചു റൂമിൽ പോകാം. അല്ല ഉച്ചക്ക് തുറന്നിരിക്കണമെങ്കിൽ തുറന്നിരിക്കാം എന്നിങ്ങനെ. മിക്കവാറും  ഉച്ചക്ക് റൂമിൽ പോകാൻ കഴിയാറില്ല.

ഒരു ദിവസം ഉച്ചക്ക് ഒരു മധ്യവയസ്‌കൻ പെട്ടന്ന് ഓഫീസിൽ കയറിവന്നു ഇന്നേക്ക് തിരുവനന്തപുരത്തേക്കു  ടിക്കറ്റ് കിട്ടുമോ എന്ന് ചോദിച്ചു. മുഴുമിപ്പുക്കുന്നതിനു മുൻപ് തന്നെ പിറകിൽ വന്ന ബേബിച്ചായൻ ഇവിടെ നോക്കണ്ട എന്ന് പറഞ്ഞ് അയാളെ വലിച്ചു കൊണ്ട് പോയി.സാധാരണ ഇതിനൊക്കെ പ്രതികരിക്കുന്ന അയാളുടെ  ഈഗോ എന്തോ ഇത്തവണ ഉണ്ടായില്ല. അതുകൊണ്ടു തന്നെ അപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രമേ അയാൾ ചെയ്തതുള്ളൂ.

ഏതായാലും ബേബിച്ചയനും  മറ്റേ ആളും പിന്നീട് ഒരുപാടു പ്രാവശ്യം അടുത്തുള്ള ഓരോ ട്രാവൽസിലും കയറി ഇറങ്ങുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. ഏതായാലും ആ മധ്യവയസ്‌കൻ അൽപസമയത്തിനു ശേഷം വീണ്ടും ഓഫീസിൽ കയറിവന്നു ദയനീയമായി അയാളെ നോക്കിക്കൊണ്ടു ചോദിച്ചു.

‘‘ മോനെ എനിക്ക് അത്യാവശ്യമായി ഇന്ന് തിരുവനന്തപുരത്തു എത്താൻ വല്ല വഴിയും ഉണ്ടോ’’

‘‘നിങ്ങൾക്ക് ആ ഡ്രൈവർ ടിക്കറ്റ് എടുത്തു തന്നില്ലേ’’

‘‘ഞാനും ബേബിയും കൂടെ എല്ലായിടത്തും കയറി. പക്ഷേ ഫ്ലൈറ്റ് ഇല്ല എന്നാണ് എല്ലാവരും പറയുന്നത്’’

‘‘എന്നാ ഉണ്ടാവില്ല’’

‘‘അപ്പുറത്തുള്ള ആ ട്രാവൽസിൽ എമിറേറ്റസിന്റെ ഫസ്റ്റ് ക്ലാസ് ഇന്ന് രാത്രി 9 മണിക്കുണ്ട് എന്ന് പറഞ്ഞു എന്നാൽ അതിനു ദുബായിൽ നിന്ന് ഓൺവേഡ് നാളെ ഉച്ചയ്ക്കേ ഉള്ളൂ’’

‘‘എന്നാൽ അതിൽ പോയിക്കൊള്ളു’’

‘‘4500 റിയൽ ആണ് അവർ പറയുന്നത്. പൈസ അല്ല പ്രശ്നം എനിക്ക് നാളെ രാവിലെ  10 മണിക്ക് മുൻപ് നാട്ടിൽ എത്തണം എന്റെ അളിയൻ മരിച്ചു പോയി’’

കേട്ടപ്പോൾ അയാൾക്ക്‌ നല്ല വിഷമം തോന്നി.

‘‘സോറി ഈ കാര്യം നിങ്ങൾക്ക് ആദ്യം പറയാമായിരുന്നില്ലേ’’

‘‘അത് പറയാൻ ബേബി സമ്മതിച്ചില്ലല്ലോ’’

‘‘എന്നിട്ടിപ്പൊ എന്ത് പറ്റി’’

‘‘ ഞങ്ങൾ അവസാനം ആ പള്ളിയുടെ അപ്പുറത്തുള്ള ട്രാവൽസിലും പോയി. അപ്പോൾ അവിടെ ഉള്ള പാകിസ്താനി ആണ് ഇവിടെ വന്നു ചോദിയ്ക്കാൻ പറഞ്ഞത്’’

ഓ ലത്തീഫ് ആയിരിക്കും അയാൾ  ഓർത്തു. അവർ  കുറച്ചു ദിവസം ഒന്നിച്ചു ജോലി ചെയ്തിരുന്നു.

‘‘ ചേട്ടാ ആ ട്രാവൽസിൽ നിന്ന് പറഞ്ഞത് ശരിയാണ്. ഇന്ന് നിങ്ങൾക്ക് തിരുവനന്തപുറത്തു പോകാൻ എമിറേറ്റ്സ്  മാത്രമേ ഉള്ളൂ. പിന്നെ നിങ്ങളുടെ  വീട് എയർപോർട്ടിന് അടുത്താണോ’’

‘‘ഒരുമണിക്കൂർ യാത്ര ഉണ്ട്’’

‘‘അപ്പോൾ ഒരു 9 മണിക്ക് വീട്ടിൽ എത്തിയാൽ മതിയോ’’

‘‘മതി പക്ഷേ എങ്ങനെ’’

ബേബിച്ചായൻ(കഥ)
പ്രതീകാത്മക ചിത്രം

‘‘ ഒരു മാർഗം ഉണ്ട്. രാത്രി 9 മണിക്ക് മദ്രാസ്സിനു ഒരു സൗദി എയർ വിമാനം ഉണ്ട്’’

‘‘പക്ഷേ അവിടെനിന്നു ഞാൻ എന്ത് ചെയ്യും’’

‘‘ മുഴുവൻ പറയട്ടെ. അത്  രാവിലെ 4 മണിക്ക് മദ്രാസിൽ എത്തും. അതിന് ഓൺവേഡ് ആയിട്ടു രാവിലേ 6 മണിക്ക്  ഒരു ഇൻഡിഗോ ഫ്ലൈറ്റ് ഉണ്ട്. അത് രാവിലേ 7.25 നു തിരുവനന്തപുരത്ത് എത്തും. ചേട്ടന്റെ കയ്യിൽ ലഗ്ഗേജ് എത്ര ഉണ്ട്’’

‘‘പെട്ടന്ന് പോകുന്നതായതു കൊണ്ട് ആകെ ഒരു 10,12 കിലോ മാത്രമേ ഉള്ളു’’

‘‘അങ്ങനെ ആണെങ്കിൽ നന്നായി. ചേട്ടന് 8 മണിക്ക് മുൻപ് പുറത്തിറങ്ങാം’’ 

‘‘എത്ര റിയാൽ ആകും’’

‘‘രണ്ടും കൂടെ 1500’’

‘‘എത്ര’’

‘‘1500 റിയാൽ ആകും’’

പെട്ടന്ന് അദ്ദേഹം റോഡിനു അപ്പുറത് നിൽക്കുന്ന ബേബിച്ചായനെ കൈ കാട്ടി വിളിച്ചു. 

‘‘ടിക്കറ്റ് തന്നേക്കു മോനെ’’

അയാൾ പെട്ടന്ന് തന്നെ ടിക്കറ്റ് ഇഷ്യൂ ചെയ്തു  കൊടുത്തു. പണം വാങ്ങി ബില്ല് കൊടുത്തപ്പോൾ ഒരു നൂറു റിയാൽ അയാൾക്ക്‌ നേരെ നീട്ടികൊണ്ടു പറഞ്ഞു. ‘‘വലിയ ഉപകാരം മോനെ. ഞാൻ ആകെ വിഷമിച്ചു നിൽക്കുകയായിരുന്നു ആകെ ഉള്ള പെങ്ങളാണ് അവൾക്കു ഒരാപത്തു വരുമ്പോൾ ഞാൻ കൂടെ  ഇല്ലെങ്കിൽ എങ്ങിനെയാ’’

അയാൾ പൈസ വാങ്ങിയില്ല. ഒരുപാട് നിർബന്ധിച്ചെങ്കിലും അയാൾ പറഞ്ഞത് ‘‘എനിക്ക് കമ്പനി ശമ്പളം തരുന്നുന്നുണ്ട്. കമ്പനിക്കുള്ള ലാഭം ഞാൻ ടിക്കറ്റ് ചാർജിൽ എടുത്തിട്ടും ഉണ്ട്’’ 

‘‘ എന്നാലും എന്തെങ്കിലും  വാങ്ങണം എന്ന് നിർബന്ധം പിടിച്ചപ്പോൾ അയാൾ പറഞ്ഞു.

‘‘ എനിക്ക് ഒരു സൻഡ്‌വിച്ച് വാങ്ങിത്തന്നേക്ക് ഞാൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയിട്ടില്ല’’ എന്ന്.

ബേബിച്ചയൻ പെട്ടന്ന് തന്നെ പോയി ഒരു സാൻഡ്‌വിച്ചും ചായയും ആയി വന്നു. അയാൾ അത് കഴിച്ചപ്പോ ഴേക്കും അവർ വീണ്ടും നന്ദി പറഞ്ഞു കൊണ്ട് പോവുകയും ചെയ്തു. പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം മറ്റൊരു ഉച്ചക്ക് ആണ് അയാൾ ബേബിച്ചായനെ കാണുന്നത്.

മൂപ്പർ ഒരു ഷവർമയും പെപ്സി ബോട്ടിലും ആയി ഓഫീസിലേക്ക് കയറി വന്നു.

‘‘ താൻ റൂമിൽ പോയിട്ടില്ല എന്ന് മനസ്സിലായി. അതുകൊണ്ടു വാങ്ങി വന്നതാ’’ എന്ന് പറഞ്ഞു. സത്യത്തിൽ അയാൾക്ക്‌ നല്ല വിശപ്പ് ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ ബേബിച്ചായാൻ നീട്ടിയ ഷവർമ അയാൾ വാങ്ങി പെപ്സി  വേണ്ട എന്നും പറഞ്ഞു.

‘‘അതെന്താ പെപ്സി വേണ്ട എന്ന് പറഞ്ഞത്’’

‘‘ഓ നമ്മൾ പെപ്സിക്കും കൊക്ക കോളക്കും ഒക്കെ എതിര് ആണ്’’

‘‘ ഇങ്ങള് സഖാവാ’’

അയാൾ സമ്മത ഭാവത്തിൽ ഒന്ന് പുഞ്ചിരിച്ചു.

‘‘ഞാൻ നല്ല ഒന്നാംതരം കോൺഗ്രസുകാരൻ ആണ്’’ എന്ന് ബേബിച്ചായൻ പറഞ്ഞത് കേട്ട് അയാൾ ഒന്ന് ചിരിച്ചു.

‘‘ കോൺഗ്രസ്സിൽ നല്ല കോൺഗ്രസ്സുകാർ ഉണ്ടോ? എന്നല്ലേ ഈ ചിരിയുടെ അർഥം’’ എന്ന് ചോദിച്ചു. അയാളുടെ മുൻപിൽ ഉള്ള കസേരയിൽ ഇരുന്നു കൊണ്ട് ബാബിച്ചായൻ പറഞ്ഞു.

‘‘അന്ന് ഞാൻ അങ്ങനെ പറഞ്ഞതിൽ താൻ ഒന്നും കരുതരുത് കേട്ടോ’’.

‘‘ബേബിച്ചായാ  നിങ്ങളുടെ ചോദ്യം കേട്ടപ്പോൾ എന്റെ ഈഗോ പുറത്തേക്കു വന്നതാണ് പ്രശ്നം’’. 

ആരോ പറഞ്ഞു കേട്ടിട്ടില്ലേ എത്രയൊക്കെ കോട്ടും പാന്റും ഇട്ടു നടന്നാലും ഇടയ്ക്കൊക്കെ യഥാർഥ ആള് പുറത്തോട്ടു തല ഇട്ടു നോക്കും എന്ന്. സോറി അന്ന് ഞാൻ മനഃപൂർവം പൈസ കൂട്ടി പറയുക ആണ് ചെയ്തത്’’

‘‘സോറി ഞാനും അന്ന് എന്തൊക്കയോ പറഞ്ഞു പോയി’’ ഏതായാലും ഇപ്പൊ നമ്മുടെ തെറ്റിധാരണകൾ മറിയല്ലോ.

അന്ന് മുതൽ ബേബിച്ചയൻ അയാളുടെ കൂട്ടായി. പിന്നീട് ബേബിച്ചായൻ  സ്ഥിരമായി വരുന്നതും ടിക്കറ്റ് എടുക്കുന്നതും അയാളുടെ അടുത്ത് നിന്ന് മാത്രമായി. കൊച്ചി തേവരയിൽ ആണ് ബേബിച്ചായൻറെ വീട്

അയാൾ ട്രാവൽ ആൻഡ് ടൂറിസം പഠിക്കാൻ കൊച്ചിയിൽ പോയപ്പോൾ താമസിച്ചിരുന്നതും തേവരയിൽ ആയിരുന്നു. പ്രായമായ അപ്പനും ഭാര്യയും നാല്  പെൺമക്കളും ആണ് ബേബിച്ചായനു ഉള്ളത്. സൗദിയിൽ വന്നിട്ട് 32 കൊല്ലം ആയി. ആദ്യം ഹൗസ് ഡ്രൈവർ ആയിട്ടാണ് വന്നത്. അറബി മരിച്ചപ്പോൾ മക്കൾ കാറ് ബേബിച്ചായനു കൊടുത്തിട്ട് സ്വന്തം ജോലി ചെയ്തുകൊള്ളാൻ പറയുകയാണുണ്ടായത്.എന്തായാലും ഇവിടെ വന്നതിനു ശേഷം ആദ്യം രണ്ടു പെങ്ങന്മാരുടെയും കല്യാണം കഴിച്ചയച്ചു അതിനു ശേഷം കല്യാണം  കഴിഞ്ഞു മക്കൾ ഉണ്ടായി അവരെ കല്യാണം കഴിപ്പിച്ചയച്ചു.

ഇപ്പൊ സ്വസ്ഥം.‌

‘‘ എന്നാൽ ഇനി നിറുത്തി പൊയ്ക്കൂടെ’’ എന്ന് ചോദിച്ചപ്പോൾ. അധികം വൈകാതെ പോണം. ചെറിയ മകളുടെ വീടിന്റെ പണി കുറച്ചുകൂടെ ബാക്കി ഉണ്ട്. മരുമകന്  ഒരു പ്രസ്സിൽ ആണ് ജോലി. ഒരു പാവം പയ്യൻ ആണ്. അവന്റെ വീട് പണിക്ക് കുറച്ചു സഹായം ചെയ്തു കൊടുക്കണം. അത് കഴിഞ്ഞാൽ ഞാൻ നിർത്തി പോകും.’’എന്നു പറഞ്ഞു.

പിന്നെ അയാളും കൂട്ടുകാരും പുറത്തെവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ ബേബിച്ചായൻറെ വണ്ടി മാത്രമേ വിളിക്കാറുള്ളൂ. സൗദിയിലെ ഓരോ സ്ഥലവും ബേബിച്ചായാനു ഉള്ളം കയ്യിലെ രേഖകൾ പോലെ ആണ്.

എവിടെ പോയാലും പരിചയക്കാരും,അതോടെ അവരുടെ ഒഴിവു ദിനങ്ങൾ ബേബിച്ചായനോടൊപ്പമുള്ള യാത്രകൾ ആയി മാറി. ബേബിച്ചായനു എല്ലാ കാര്യത്തിലും ശരിയായാലും തെറ്റായാലും സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ഓഫീസിൽ വന്നു ചോദിച്ചു.

‘‘ഇവിടെ ജീവിക്കണമെങ്കിൽ രണ്ടു സാധനം അത്യാവശ്യം ആണ്. ഒന്നില്ലെങ്കിൽ അകത്ത് കിടക്കും ഒന്നില്ലെങ്കിൽ പുറത്തും.  എന്താണെന്നു മനസ്സിലായോ’’

‘‘ഇഖാമയും,ചാവിയും അല്ലേ?

 ഇന്നലെ കിടന്നത് അകത്തോ പുറത്തോ എന്ന ചോദ്യത്തിന്. ‘‘കാറിൽ’’ എന്നായിരുന്നു മറുപടി. ഇന്നലെ ഉച്ചക്ക് പോയപ്പോൾ ഇവിടെ ഒരു കൂട്ടുകാരന്റെ റൂമിൽ എന്റെ റൂമിന്റെ ചാവി മറന്നു വെച്ച് പോയി. രാത്രി ഖുബൂസും വാങ്ങി റൂം തുറക്കാൻ നോക്കുമ്പോൾ ആണ് ചാവി മറന്ന കാര്യം അറിഞ്ഞത്.പിന്നീട് ഉണക്ക ഖുബൂസും തിന്ന് കാറിൽ കിടന്നു.

‘‘അടിപൊളി’’

‘‘കളിയാക്കണ്ട ഇതൊന്നും മറക്കാതെ സൂക്ഷിച്ചോ’’

‘‘ശരി മൊയലാളി’’ അയാൾ പറഞ്ഞു.

ബേബിച്ചായൻ(കഥ)
പ്രതീകാത്മക ചിത്രം

 ഒരുദിവസം കുറെ ഈന്ത പഴവും ആയിട്ടാണ് ബേബിച്ചായൻ വന്നത്. എന്നിട്ടു പറഞ്ഞു.

‘‘ രാവിലെ വെറും വയറ്റിൽ വരുന്നതല്ലേ. ഇനി മുതൽ  ഇതെങ്കിലും തിന്നിട്ടു വാ. രാവിലെ ബ്രേക്ക് ഫാസ്റ്റ് മുടക്കുന്നത് ശരീരത്തിന് നല്ലതല്ല’’

 ‘‘ഞാൻ രാവിലെ ഒന്നും കഴിക്കാറില്ല എന്നാര് പറഞ്ഞു’’

‘‘അതൊക്കെ എനിക്കറിയാം. ആദ്യം ഞാൻ കരുതിയത് പണം ഉണ്ടാക്കാനുള്ള ആക്രാന്തം ആണെന്നാണ്. പിന്നീടല്ലേ മനസ്സിലായത് ഇത് സേവനം ആണെന്ന്’’

‘‘ സേവനം ഒന്നും അല്ല ബേബിച്ചായ. എനിക്ക് ഉണ്ടാക്കുന്ന ലാഭത്തിന് കമ്മീഷൻ കിട്ടുമല്ലോ. ഈ പത്തിരുപതു റിയാൽ കൂട്ടി വാങ്ങിയിട്ട് താൻ കുറെ കമ്മീഷൻ വാങ്ങും’’ അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഒരു വ്യാഴാഴ്ച്ച രാത്രി 2.30 നു അയാളുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉണർന്നു നോക്കുമ്പോൾ  ബേബിച്ചയൻ ആണ് വിളിക്കുന്നത്.

 "എന്താ ബേബിച്ചായ ഈ അസമയത്ത്’’.

 അതേയ് ഞാൻ രണ്ടു ദിവസം മുൻപ് ഒരു ടിക്കറ്റ് എടുത്തില്ലേ ഒരു പാക്കിസ്ഥാനിക്ക്. അവൻ ഇപ്പോൾ എയർപോർട്ടിലേക്ക് പോകാൻ തയാറാവുക ആണ്. അപ്പോൾ മുപ്പതു കിലോ ഒരു പെട്ടി കെട്ടണോ അതോ രണ്ടു പെട്ടി കേട്ട്ണോ എന്നു അവനു ഒരു സംശയം.

‘‘അത് നിങ്ങൾക്ക് അറിയില്ലേ’’

‘‘എനിക്കറിയാം പക്ഷേ പാക്കിസ്ഥാനിക്ക് അറിയില്ലല്ലോ’’എന്ന് പറഞ്ഞു ഒറ്റ ചിരിയാണ്.

‘‘ബേബിച്ചായ ഞാൻ രാത്രി 11 മണി വരെ ഓഫീസിൽ ഉണ്ടായിരുന്നു. അത് കഴിഞ്ഞു റൂമിൽ വന്നു ഞങ്ങൾ ഫുഡ് ഉണ്ടാക്കി കുളിച്ചു ഭക്ഷണവും കഴിഞ്ഞു കിടന്നിട്ട് ഒരു അര മണിക്കൂർ അയതേയുള്ളൂ’’

‘‘അതിനെന്താ നീ അല്ലേ ഇന്നലെ ഒരാളോട് 24 മണിക്കൂറും നീ ഫോൺ എടുക്കും എന്ന് പറഞ്ഞത്’’

‘‘അപ്പോൾ വയസ്സൻ അത് ടെസ്റ്റ് ചെയ്തത് ആണല്ലേ’’

‘‘ഈ വയസ്സൻ എന്ന് പറഞ്ഞതു ഒരു മുട്ടൻ തെറിക്കു പകരമാണെന്നു എനിക്ക് മനസ്സിലായി’’ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.

പിന്നീട് ഒരു ദിവസം വന്നപ്പോൾ ഒരു പാക്കറ്റ് ലഡുവും ആയാണ് വന്നത്. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ മൂത്ത മകളുടെ കല്യാണം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികൾ ആയിട്ടില്ലായിരുന്നു. അതിൽ ഞങ്ങൾ എല്ലാം വിഷമിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പൊ വിശേഷം ആയി എന്ന് പറഞ്ഞു.

‘‘എന്നാൽ ഒരു ലഡു നിങ്ങളും തിന്ന് എന്ന് പറഞ്ഞപ്പോൾ. അയ്യോ എനിക്ക് തിന്നൂട സ്വന്തം ഫാക്ടറി ഉണ്ട്. 

പക്ഷേ എനിക്ക് അതിന്റെ അഹങ്കാരം ഒന്നും ഇല്ലാട്ടോ. എന്ന് പറഞ്ഞു ചിരിച്ചു. ഇതിനിടയിൽ ആണ് നിതാഖ്‌ത് തുടങ്ങിയത് അനധികൃത തൊഴിലാളികളെ പിടിക്കാൻ ചെക്കിങ് എല്ലായിടത്തും തുടങ്ങിയിരുന്നു.

ഒരു ദിവസം അയാൾ ഓഫീസിലേക്ക് വരുമ്പോൾ ഓഫീസിനു മുന്നിൽ ചെക്കിങ് നടക്കുകയാണ്. പോലീസു കാരുടെ അടുത്ത് ചെക്കിങ്ങും നോക്കി ബേബിച്ചായൻ നിൽക്കുന്നുണ്ടായിരുന്നു പോലുസുകാർ പലരെയും ഓടിച്ചിട്ടു പിടിക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മൂപ്പർ ഓഫീസിലേക്ക് കയറി വന്നു പിന്നാലെ ഒരു പോലീസുകാരൻ കടയിൽ കയറി വന്നു എന്റെ ഇഖാമാ ചെക്ക് ചെയ്തു ബേബിച്ചായനെ നോക്കിയത് പോലും ഇല്ല. പോലീസുകാരൻ പോയതിനു ശേഷം എന്നോട് പറഞ്ഞു.

‘‘ഞാൻ ഇന്ന് ഇഖാമാ എടുക്കാൻ മറന്നിരുന്നു’’എന്ന്

‘‘എന്നിട്ടാണോ നിങ്ങൾ അവരുടെ ഇടയിൽ പോയിനിന്നത്’’

‘‘അതിന്റെ ഗുണം നീ കണ്ടില്ലേ സ്ഥിരം ഈ ഓഫീസിൽ കാണുന്ന നിന്റെ അടുത്ത് വരെ ഇഖാമ ചോദിച്ച പോലിസുകാർ എന്നോട് ചോദിച്ചില്ലല്ലോ. അവർക്കറിയാം ഇഖാമ ഇല്ലാത്ത ഒരാൾ ഇത്ര ധൈര്യമായി അവരുടെ ഇടയിൽ പോയി നിൽക്കില്ല എന്ന്. എങ്ങനെ ഉണ്ട് എന്റെ ഐഡിയ എന്ന്.

‘‘അഥവാ അവർ ചോദിച്ചിരുന്നെങ്കിലോ’’

‘‘എന്നാ പിന്നെ അവർക്ക് ഓടിച്ചു പിടിക്കേണ്ടല്ലോ’’

ഇതിനിടയിൽ ചൂടുകാലം മാറി തണുപ്പ് തുടങ്ങി. ബേബിച്ചായൻറെ ഇളയ മകളുടെ വീട് പണി തീർന്നു. മൂത്തമകൾ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. എല്ലാംകൊണ്ടും ബേബിച്ചയൻ ഹാപ്പി ഇടക്കിടക്ക് എനിക്ക് പാർട്ടിയും കിട്ടുമായിരുന്നു. ഒരു ദിവസം ഓഫീസിൽ വന്നു പറഞ്ഞു ‘‘സഖാവെ  (സ്നേഹം കൂടുമ്പോൾ മാത്രമേ അയാളെ സഖാവെ എന്ന് വിളിക്കാറുള്ളൂ) അടുത്ത മാസം നാട്ടിൽ പോണം. ഇനി പോയാൽ തിരിച്ചു വരില്ല. ഇനി എന്നെ കാണാൻ സഖാവ് തേവരയിലേക്ക് വരേണ്ടി വരും.ഏതായാലും  ടിക്കറ്റ് നോക്കി വെക്കു ’’എന്ന്.

ബേബിച്ചായൻ(കഥ)
പ്രതീകാത്മക ചിത്രം

‘‘എനിക്ക് കൊച്ചുമോനെ കാണാൻ ധൃതി ആയി’’

പിന്നെ ഒരാഴ്ച്ച ബേബിച്ചായനെ കണ്ടില്ല. ഒരു ദിവസം അയാളെ വിളിച്ചു പറഞ്ഞു ‘‘സഖാവെ എനിക്ക് ഇന്നേക്ക് ഒരു ടിക്കറ്റ് വേണം. അത്യാവശ്യം ആണ് ഞാൻ സുധീറിനെ അയക്കാം’’ ബേബിച്ചായന്റെ സുഹൃത്ത് ആണ് സുധീർ. വല്ലപ്പോഴും ഒക്കെ അച്ചായന്റെ കാറോടിച്ചിരുന്നതും സുധീർ ആണ്. കുറച്ചു കഴിഞ്ഞപ്പോൾ സുധീർ എത്തി.

‘‘എന്തുപറ്റി ഇത്ര പെട്ടന്ന്’’ 

‘‘ രണ്ടു മൂന്നു ദിവസം മുൻപ് ചേട്ടന്റെ രണ്ടു കാലിലും ഒരു നീര്. ഇന്നലെ നാട്ടിൽ വിളിച്ചപ്പോൾ  ഭാര്യ പറഞ്ഞു തണുപ്പല്ലേ കാല് ഒന്ന് ചൂട് വെള്ളത്തിൽ ഇറക്കി വച്ച് നോക്ക് എന്ന്. പറഞ്ഞപോലെ  ചേട്ടൻ ഇന്നലെ രാത്രി റൂമിൽ വെള്ളം ചൂടാക്കി കാലുകൾ വെള്ളത്തിൽ മുക്കിയത് ആയിരുന്നു ഷുഗർ ഉള്ളത് കൊണ്ട് ചേട്ടന് ചൂട് മനസ്സിലായില്ല രണ്ടു കാലും പൊള്ളി പോയി’’ 

ഉടനെ അയാൾ ബേബിച്ചായനെ വിളിച്ചു.

‘‘ സഖാവെ ഒരു മണ്ടത്തരം പറ്റി സ്വന്തം ഫാക്ടറി ചതിച്ചു. എനിക്ക് പെട്ടന്ന് നാട്ടിൽ എത്തണം 

ഇന്ന് രാത്രി ശ്രീലങ്കൻ എയറിനു പോകണം’’

‘‘ബേബിച്ചായാ അതിനു കൊളമ്പോയിൽ 7 മണിക്കൂർ വെയിറ്റിങ് ഇല്ലേ. നാളെ രാത്രി ആണെങ്കിൽ എയർ ഇന്ത്യക്ക് ഡയറക്റ്റ് പോയിക്കൂടെ’’.

‘‘സഖാവേ എനിക്ക് എത്രയും പെട്ടന്ന് നാട്ടിലെത്തി കൊച്ചുമോനെ ഒന്ന് കണ്ടാൽ മതി’’ 

‘‘അതിന് ഒരു ദിവസം വൈകിയാലും 7 മണിക്കൂർ വല്ല എയർ പോർട്ടിലും കിടന്നു നരകിക്കണോ ഒരു രാത്രി കൂടെ  ഇവിടെ  റൂമിൽ ഇരുന്നിട്ട് പോകുന്നത് അല്ലേ നല്ലത്’’

‘എന്നാൽ സഖാവിന്റെ അഭിപ്രായം പോലെ ചെയ്യാം’ ആയാൾ പിറ്റേ ദിവസം രാത്രി പോകുന്ന എയർ ഇന്ത്യയുടെ ടിക്കറ്റ് കൊടുത്തയച്ചു. പിറ്റേ ദിവസം അയാൾക്ക് ഓഫീസിൽ നല്ല തിരക്കായിരുന്നു. അതുകൊണ്ടു തന്നെ ബേബിച്ചായനെ ഓർത്തു വിളിക്കാൻ അയാൾ മറന്നു പോയി.

രാത്രി റൂമിൽ എത്തിയതിനു ശേഷം ആണ് അയാൾ പിന്നെ ബേബിച്ചായനെ  ഓർത്തത്. രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു അയാൾ ലാപ്‌ടോപ്പിൽ ടിക്കറ്റ് സ്റ്റാറ്റസ് നോക്കിയപ്പോൾ ബോർഡിങ് പാസ് എടുത്തതായി കണ്ടു. പിന്നീട്  കുറച്ചു കഴിഞ്ഞു വിളിക്കാം.  ഇമ്മിഗ്രേഷൻ കഴിയട്ടെ എന്ന് കരുതി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്ക്‌ ഒരു ഫോൺ വന്നു.

‘‘ഇത് എയർ ഇന്ത്യ എയർ പോർട്ട് കൗണ്ടറിൽ നിന്നാണ്. മിസ്റ്റർ ബേബി മാത്യുവിന്റെ ടിക്കറ്റ് നിങ്ങൾ അല്ലെ ഇഷ്യൂ ചെയ്തത്’’

‘‘അതെ സർ’’

‘‘ അയാൾ എയർപോർട്ടിൽ വെച്ച് മരിച്ചു. ബോഡി പോലീസ് വന്നു ഹോസ്പിറ്റലിലേക്ക് ഇപ്പോൾ മാറ്റും . അയാളുടെ റിലേറ്റിവ്സ്, ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഇൻഫോം ചെയ്തേക്കൂ’’

അയാളുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീഴുന്നത് കണ്ട കൂട്ടുകാരൻ തളർന്നു വീഴാൻ പോയ അയാളെ താങ്ങി ഇരുത്തി. കുറെ സമയം വേണ്ടി വന്നു അയാൾക്ക് സമനില വീണ്ടെടുത്ത് എല്ലാവരെയും വിവരം അറിയിക്കാൻ. പിന്നീട് രണ്ടു ദിവസത്തെ പരിശ്രമത്തിനു ശേഷം ഇപ്പോൾ ആണ് അവർക്കെല്ലാവർക്കും കൂടെ  ബേബിച്ചായന്റെ ബോഡി നാട്ടിലേക്കു അയ്ക്കാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിഞ്ഞത്. 

ബേബിച്ചായന്റെ ബോഡി പായ്ക്ക് ചെയ്ത മരപ്പെട്ടി എയർ ഇന്ത്യ കൗണ്ടറിൽ ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ അയാളുടെ നിയന്ത്രണം വിട്ടു പോകാതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇപ്പോഴും മനസ്സിൽ അച്ചായന്റെ ശബ്ദം മുഴങ്ങുന്നു.

‘‘സഖാവെ, എങ്ങനെയെങ്കിലും പെട്ടന്ന് ഒന്ന് വീട്ടിൽ എത്തിയിട്ട് കൊച്ചുമോനെ ഒന്ന് കണ്ടാൽ മാത്രം മതി’’ എന്ന്

English Summary : Babychayan Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com