sections
MORE

തനിയാവർത്തനങ്ങൾ

തനിയാവർത്തനങ്ങൾ (കവിത)
പ്രതീകാത്മക ചിത്രം
SHARE

തനിയാവർത്തനങ്ങൾ (കവിത)

ഹോ..!എന്തോരം പണിയാ ഒരു  ദിവസം 

ചെയ്തു തീര്‍ക്കാനുളളത്...

രാവിലെ നാലരയ്ക്കുണരണം,

കുളിച്ച് അടുക്കളയില്‍

കയറുമ്പോള്‍ അഞ്ചുമണിയാവും.

പിന്നെ കുട്ടികള്‍ക്കും 

അദ്ദേഹത്തിനുമുളള 

ഭക്ഷണം  റെഡിയാക്കണം,

നാലാം  ക്ലാസ്സിൽ  പഠിക്കുന്ന

മോള്‍ക്ക് ചപ്പാത്തി തന്നെ വേണം.

പത്താം ക്ലാസ്സിൽ  പഠിക്കുന്നവൾക്ക് 

ഡിമാന്‍റുകളൊന്നുമില്ല.

എന്തുകൊടുത്താലും കഴിച്ചോളും.

ഇടയ്ക്ക് ഒന്നും രണ്ടും പറഞ്ഞ്

അനിയത്തിയുമായി കടിപിടി

കൂടും. അതാണ് സഹിക്കാന്‍ 

പറ്റാത്തത്.

പ്രാതല്‍ റെഡിയാക്കിയാല്‍

കുട്ടികള്‍ക്കും അദ്ദേഹത്തിനുമുളള

ലഞ്ചിന്‍റെ പണി തുടങ്ങണം.

രണ്ടു കൈകള്‍ തികയില്ല. കാലുകള്‍ക്കും

കയ്യിന്‍റെ 

ഉപകാരമുണ്ടായിരുന്നെങ്കില്‍

എന്നു ചിന്തിച്ചു പോകും.

അതിനിടയ്ക്ക് വിളിവരും,

‘‘രേണു  ...

എന്‍റെ ഷൂ എവിടെ,

ഷര്‍ട്ടെവിടെ’’

എന്നൊക്കെ ചോദിച്ചു കൊണ്ട്.

അവിടെയുമെത്തണം.

തിരഞ്ഞു കണ്ടുപിടിച്ച്

കിച്ചനിലെത്തുമ്പോഴേയ്ക്കും

കറി തിളച്ച് തൂവിപ്പോയിട്ടുണ്ടാകും.

എല്ലാമൊരുക്കി ടേബിളില്‍

വെയ്ക്കുമ്പോള്‍ സമയം എട്ട്.

കുളിച്ച് ഈറനുണങ്ങാത്ത മുടി 

കൈകൊണ്ട് കോതി ഷര്‍ട്ടിന്‍റെ

ബട്ടനിട്ടുകൊണ്ട് അദ്ദേഹം

ഓടിക്കിതച്ച് വരും.

‘‘രേണു  ..

വേഗം... എന്‍റെ ബസ് എട്ടേകാലിന്

പോവുട്ട്വോ..’’

ഒന്നു നേരത്തെ എണീറ്റൂടേ

കണ്ണേട്ടാ  എന്ന് നാവിന്‍ തുമ്പത്ത്

വരും. വേണ്ട. അടക്കി നിര്‍ത്തും.

അദ്ദേഹം പോയി കഴിഞ്ഞാല്‍

കുട്ടികള്‍ അടി തുടങ്ങും.

അമ്മേ..

എന്‍റെ ടെക്സ്റ്റ്  ബുക്ക്,

പെന്‍സില്‍,പേന,യൂണിഫോം....

ഈശ്വരാ..

ഇവര്‍ക്കിതൊക്കെ നേരാംവണ്ണം

എടുത്തു വെച്ചുകൂടെ..

ടിഫിന്‍കാരിയറില്‍ ലഞ്ച്

ഭദ്രമായി വെച്ച്  യൂണിഫോമിടുവിച്ച്

ബാഗ് തോളിലിട്ട് കൊടുത്ത്

ഷൂവിന്‍റെ ലെയ്സ് 

കെട്ടിക്കൊടുക്കുമ്പോഴേയ്ക്കും

പുറത്ത് സ്കൂള്‍ ബസിന്‍റെ

ഹോണടി മുഴങ്ങും..

പിന്നെയാണ് മുറ്റമടിക്കുക.

പ്രാതല്‍ കഴിച്ചെന്നു വരുത്തി

അലക്കാന്‍ പോവും.

അതിനിടെ അമ്മയ്ക്ക് കുളിക്കാന്‍

ചൂടുവെളളം, അച്ഛന്‍റെ കുഴമ്പ്,

പ്രാതല്‍..

വിശാലമായ ഊണിനുളള

ഒരുക്കങ്ങള്‍ 

തുടങ്ങാനാവുന്നതേയുളളു.

അടുക്കളയില്‍ ഒരൂട്ടം പാത്രങ്ങള്‍

കഴുകിയെടുക്കാനുണ്ട്.

പിന്നെ നിലം തുടക്കണം,

അമ്മയ്ക്കുളള കഞ്ഞി വെയ്ക്കണം.

ഊണു കഴിയുമ്പോള്‍

മൂന്നു മണിയെങ്കിലുമാകും.

ഒന്നു നടുനിവര്‍ത്തണമെന്ന്

കൊതിക്കുമ്പോഴേയ്ക്കും 

കുട്ടികള്‍ വരാറായി..

പിന്നെ അവര്‍ക്ക് ചായ,

പലഹാരം...

ഒരു പുസ്തകം വായിച്ചിട്ടെത്ര

കാലമായി..

പോട്ടെ, ഒരു പത്രം വായിച്ചിട്ട്..

എന്തു നന്നായി എഴുതുമായിരുന്നു.

കവിതാ രചനയ്ക്ക്

ജില്ലയില്‍ ഫസറ്റ് കിട്ടിയപ്പോള്‍

സ്കൂള്‍ ഡേയ്ക്ക് മെഡല്‍ തന്ന്

ഹെഡ്മിസ്ട്രസ് തോളത്തു തട്ടിയിട്ടു പറഞ്ഞത്

മറക്കാന്‍ പറ്റ്വോ..

‘‘രേണുകയുടെ    കവിതകള്‍

ഗംഭീരം. നീ ഈ സ്കൂളിന്‍റെ

അഭിമാനമാണ്‌, നാടിന്‍റെയും.

ഭാവിയുടെ പ്രതീക്ഷയാണ്...’’

എവിടെ..?

അയ്യോ..

സ്വപ്നം കാണാനൊന്നും

നേരല്ല്യ. അങ്ങേരും പിള്ളേരും 

ഇപ്പോഴിങ്ങെത്തും.

ചായ കിട്ടിയില്ലെങ്കില്‍

ചാടിവീണ് ചോദിക്കും,

‘‘നിനക്കെന്താടീ ഇവിടെയിത്ര

മലമറിക്കുന്ന പണി’’ എന്ന്.

രാത്രിയില്‍ ഇപ്പോള്‍ 

വീണുപോവും എന്ന പരുവത്തില്‍

ബെഡ്റൂമിലെത്തുമ്പോഴേക്കും

കണ്ണേട്ടനും  കുട്ടികളും

ഉറങ്ങിക്കഴിഞ്ഞിരുന്നു.

ഒരു തനിയാവർത്തനം പോലെ എന്നും സഞ്ചരിക്കുന്ന ശമ്പളം കൊടുക്കാത്ത ജോലിക്കാരി... മക്കൾക്കും ഇഷ്ടവിഭവങ്ങൾ ഉണ്ടാകുന്ന  ഒരു അടുക്കളക്കാരി.   അച്ഛനും അമ്മയ്ക്കും . ഫീസ് കൊടുക്കാതെ കൃത്യമായി മരുന്ന് കൊടുക്കുന്ന ഒരു ഡോക്ടർ.. അല്ലെങ്കിൽ  നഴ്‌സ്.. വല്ലപ്പോഴെങ്കിലും ഓർക്കാറുണ്ടോ വീട്ടിൽ ഇരിക്കുന്ന ഭാര്യയുടെ  ആഗ്രഹം എന്താകും എന്ന് . ഇല്ല... പക്ഷേ അവൾ അങ്ങനെ ആകില്ല. ഒന്ന് വരാൻ വൈകിയാൽ വെപ്രാളപ്പെട്ട്  ഫോൺ വിളിക്കാൻ  തുടങ്ങും.  അതു ചിലപ്പോൾ അവർക്കു ശല്യമാകും.. മക്കൾക്കും അസുഖം വന്നാൽ  ഉറക്കമൊഴിച്ചു ശുശ്രൂഷിക്കും  അതൊരു അമ്മയുടെ കടമയാണ് ഭാര്യയുടെയും.. എന്നാൽ അതിനപ്പുറത്ത് . അവൾക്കും ഉണ്ട് ഒരു മനസ്സ്.  കഥ പറയുകയും പൊട്ടിച്ചിരിക്കാൻ  ആഗ്രഹിക്കുന്ന മനസ്സ് ..സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  ആഗ്രഹിക്കുന്നുണ്ടാകും .... എല്ലാം എല്ലാം  തനിയാവർത്തനങ്ങൾ മാത്രം....

മൊബൈലെടുത്ത് അലറാം ക്ലോക്കിൽ 

നാലരമണി സെറ്റ് ചെയ്യുമ്പോള്‍

മനസ്സ് മന്ത്രിച്ചു ,

നാളെയും തുടരണം 

ഈ തനിയാവര്‍ത്തനം.......

English Summary: Thaniyavarthanangal Poem By Priya Ravikumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;