sections
MORE

ആ സ്ത്രീ ഒന്നും മിണ്ടാതെ അകത്തേക്ക് പോയപ്പോഴുമെന്റെ സംശയം മാറിയില്ല; ഒരുൾവിളി പോലെ...

വടക്കോറ കോലായിലെ അണയാദീപങ്ങൾ(കഥ)
പ്രതീകാത്മക ചിത്രം
SHARE

വടക്കോറ കോലായിലെ അണയാദീപങ്ങൾ(കഥ)

 “അബ്ദുറഹ്‌മാൻ ...ഇപ്രാവശ്യം എന്തായാലും നീ അവിടെ പോകണം”

പല വട്ടമായി റഹീംസാബ് ഇതു പറയുന്നു. സ്നേഹഭവനിലെ അന്തേവാസികളെ കാണാൻ പോകുന്ന കാര്യമാണ് അദ്ധേഹം പറയുന്നത്. ലീവ് കഴിഞ്ഞു വന്ന ശേഷം മൂപ്പർക്കവിടത്തെ കാര്യങ്ങൾ പറയാനെ നേരമുള്ളൂ . കൂട്ടുകാരനെയും കൂടെ  കൂട്ടി പോകാമെന്നാണ് ആദ്യം കരുതിയത്. പിന്നെ തോന്നി ഒറ്റക്കങ്ങു പോകാം. കൂടാതെ  വേറെയും ചിലരെ കാണേണ്ടതുണ്ട്. അത്രസമയമൊന്നും ചിലവഴിക്കാൻ ഇന്നാരേയും കൂടെ കിട്ടില്ല. എല്ലാവരും തിരക്കിലാണ്.

ആരും ശ്രദ്ധിക്കപ്പെടാതെ ടൗണിൽ നിന്നും കുറച്ചകലെ  ഒരൊഴിഞ്ഞ  കിടക്കുന്ന  ഭാരതപ്പുഴയോട് ചേർന്ന ഭാഗത്താണ് സ്നേഹഭവൻ. ഒരു പക്ഷേ തങ്ങളെ ആരുമറിയണ്ടായെന്ന് കരുതിയത് കൊണ്ടാവുമോ

ആ സ്നേഹാലയത്തിനു മുന്നിൽ  ഞാനെത്തുമ്പോൾ. വിശാലമായ  മുറ്റത്തു  വെയില് കായുന്നവരും ഇളം വെയില് കാഞ്ഞു  ദൂരേക്ക് നോക്കി ആരെയോ പ്രതീക്ഷിച്ചിരിക്കുന്നവരും. അകത്തെ ജനൽ കമ്പികളിൽ കൈകൾ കോർത്തു ഇരുട്ടിൽ നിന്നും വെളിച്ചം തേടുന്നവരും അലസമായി പഞ്ചസാരമണലിൽ സ്വയം പഴിച്ചും ആരെയൊക്കെയോ പഴിച്ചു കൊണ്ടും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരും സ്നേഹഭവനിലെ  വീതിയേറിയ കോലായിലിരുന്നു  മുരിങ്ങയിലയും പച്ചക്കറിയും വൃത്തിയാക്കുന്നവരും അകവും പുറവും അടിച്ചു വാരുന്നവരും ഇത്തിരി മണ്ണിൽ ഒത്തിരി പ്രതീക്ഷയോടെ നട്ട പച്ചക്കറികൾക്ക്  സ്നേഹ സമ്മാനമായി  വെള്ളമൊഴിക്കുന്നവരും അങ്ങനെ കുറേ വൃദ്ധരും വൃദ്ധകളും അടങ്ങിയ വല്ലാത്തൊരുസ്നേഹലോകം  

രോഗം കൊണ്ട് കഷ്ടപ്പെടുന്നവർക്കരികിൽ മക്കളേക്കാൾ സ്നേഹത്തിൽ  പരിചരിക്കുന്ന കുറെ  വൃദ്ധരായ മക്കൾ ...

മുറ്റത്തു ഓരം ചേർത്തു  കാർ പാർക്ക് ചെയ്തു. കയ്യിൽ കരുതിയ കുറച്ചു സമ്മാനങ്ങളുമായി ഞാൻ കടന്നു വരുന്നത്  ജനൽ പാളികളികൾക്കിടയിലൂടെ നോക്കി നിന്നിരുന്നു ഒരു അന്തേവാസി. ഞാനും കണ്ടതാ ണവരെ. പക്ഷേ  പെട്ടെന്ന് അപ്രത്യക്ഷമായി. മാനേജരെ കണ്ടു  സമ്മാനപ്പൊതികൾ അദ്ദേഹത്തെയേൽപ്പിച്ചു സ്വയം പരിചയപ്പെടുത്തി.

‘‘റഹീംസബ് പറഞ്ഞിരുന്നു  ഇങ്ങിനെ ഒരാൾ വരുമെന്നു’’

അതിനാലാവാം   വളരെ സ്നേഹത്തോടെയാണദ്ദേഹം  സ്വീകരിച്ചത് . ആ അച്ഛനമ്മമാർക്കർക്കരികിലെ ത്തിയപ്പോഴും ഞാനാ മുഖം തിരഞ്ഞു. ആമുഖം മാത്രമില്ലായിരുന്നു ആ കൂട്ടത്തിൽ. കുറച്ചു നേരത്തെ  സ്നേഹസല്ലാപങ്ങൾക്കു ശേഷം മടങ്ങാൻ തുനിയവെ.

‘‘ഇച്ചിരെ ചായന്റെ  വെള്ളം എടുക്കുന്നുണ്ട്. ഇങ്ങളെപോലുള്ള മക്കളല്ലേ  ഞങ്ങൾക്കൊരു സമാധാനം. അത് കുടിക്കാണ്ട് പോവാ.... കുട്ട്യേ..?’’

‘‘ഏയ്... ഇങ്ങള് തരീൻ... ഞാൻ കുടിച്ചിട്ടേ പോകൂ’’

എന്റെ പിറകിലൂടെ  ചൂട് പറക്കുന്ന  കട്ടൻ ചായയുമായി ഒരാൾ. കൈകളുടെ ഉടമസ്ഥനെ  തേടിയപ്പോൾ ..

അതവരായിരുന്നു.. ആ സ്ത്രീ ..അവരൊന്നു  ചിരിക്കാൻ ശ്രമിച്ചു ...പക്ഷേ  ചിരി വൃഥാവിലായെന്ന് മനസ്സിലായി.  ഞാനവരിൽ നിന്നും ചായ കപ്പു വാങ്ങി. ഒരു പുഞ്ചിരിയാ മുഖത്തിന് നേരെ സമ്മാനിച്ചു ..നന്ദി പറയവേ. ഞങ്ങളുടെ കണ്ണുകൾ പരസ്പരമുടക്കി. എവിടെയോ വെച്ച് കണ്ടു മറന്ന മുഖം. നല്ല പരിചയം അവരുടെ കട്ടി കണ്ണടയിലൂടെ ആ കണ്ണുകളെന്നെ. സംശയ രൂപേണ നോക്കുന്നു: ഞാനുമവരെ നോക്കിയപ്പോൾ ... അവരകത്തേക്കുപോയി. 

എന്റെ നോട്ടം ശ്രദ്ധിച്ച ഒരു വൃദ്ധ ചോദിച്ചു...

“മോനെന്താ ഇങ്ങിനെ നോക്കുന്നെ ?’’

‘‘ഏയ് ഒന്നൂല്യ ...എനിക്കവരെ പരിചയമുള്ളപോലെ’’

‘‘ അത് ഞങ്ങടെ ടീച്ചറാ. ഞങ്ങളിപ്പോൾ കുട്ടികളും. ഞങ്ങൾ എഴുത്തും വായനയും പഠിക്കുന്നു. അവർക്കാരൂ ല്യാ. പാവം  അതോണ്ട്  ഞങ്ങടെ കൂടെ താമസിക്ക്യാ ഇപ്പോ’’

ആ സ്ത്രീ ഒന്നും മിണ്ടാതെ അകത്തേക്ക് പോയപ്പോഴുമെന്റെ സംശയം മാറിയില്ല.

‘‘എനിക്കവരോടൊന്നു സംസാരിക്കണം’’

‘‘അയിനെന്താ... ഞാനിപ്പോ വിളിച്ചോണ്ട് വരാ’’

‘‘ ടീച്ചറെ ... ജിഷ ടീച്ചറെ’’

ജിഷ!  .അതേ അവർ തന്നെ. അതവർ തന്നെ. അതേ, എന്റെ ഹൈസ്‌കൂൾ ടീച്ചർ. കണക്കായിരുന്നു  അവരുടെ വിഷയം സ്‌കൂളിലെ ഏറ്റവും പഠിക്കുന്ന  കുട്ടികളുടെ അമ്മടീച്ചർ. സ്‌കൂളിലെ ഏറ്റവും മിടുക്കന്മാരും മിടുക്കികളും. രണ്ടാണും രണ്ടു പെണ്ണും. പഠിപ്പിൽ മാത്രമല്ല  കലാകായിക രംഗത്തും അവർ ഒന്നിനൊന്നു മുന്നിൽ തന്നെ.

തെക്കേതോ ജില്ലയിലാണവരുടെ നാട്. ജോലി കിട്ടി വന്നപ്പോൾ  മക്കളെയും കൂടി കൂടെ കൂട്ടിയാണ് വന്നത് .ആദ്യം വാടക വീടായിരുന്നു. പിന്നെ അവരിവിടെ  സ്ഥലം വാങ്ങി വീടും വെച്ചു എന്നറിഞ്ഞു.  മക്കൾ പഠിച്ചു വലിയ നിലയിലെത്തി. ഡോക്ടർമാരും എൻജിനീയർമാരുമായി. ആരോ പറഞ്ഞറിഞ്ഞിരുന്നു. അവരൊക്കെ അങ്ങ് അമേരിക്കയിലാണെന്ന്. ടീച്ചറും അവരോടൊപ്പം ആവുന്നു കരുതി.

വടക്കോറ കോലായിലെ അണയാദീപങ്ങൾ(കഥ)
പ്രതീകാത്മക ചിത്രം

‘‘കുട്ട്യേ... നിന്നെ അങ്ങോട്ട് വിളിക്കുന്നു’’ 

സ്നേഹഭവന്റെ മുറ്റത്തിട്ട കസേരയിൽ അവരിരിക്കുന്നു. ഞാൻ പാതികുടിച്ച ചായഗ്ലാസ്സുമായി അവർക്കരികിലെത്തി.

‘‘ടീച്ചറെ’’

അവരെന്നെ നോക്കി .കാഴ്ച കുറവുണ്ടെന്ന് തോന്നുന്നു. കയ്യിൽ കരുതിയ   കട്ടികണ്ണട തുടച്ചു എന്നെ വീണ്ടും നോക്കി...

‘‘നീ റഹ്‌മാനല്ലേ’’

ഉത്തരം തേടി അവരെന്നെ നോക്കി.

‘‘അതേ ..അബ്ദു റഹ്‌മാൻ’’

‘‘ എനിക്ക് സംശയം തോന്നിയിരുന്നു. നിന്റെ കട്ടിയുള്ള ഈ കറുത്തകൂട്ട് പിരികങ്ങൾ നിന്നേയേറ്റവും ആകർഷിക്കുന്നു. അന്നുമിന്നും. പിന്നെ നിന്റെ ചരിഞ്ഞുള്ള  ഈ നടത്തം. പക്ഷേ കഷണ്ടി ബാധിച്ച ഈ തലയെന്നെ അത്ഭുതപ്പെടുത്തുന്നു. എന്തൊരു മുടിയായിരുന്നു നിനക്ക്. ഒരിക്കലും ചീകാതെയാണ് നീ വന്നിരുന്നത്. ഞാനതിനു എത്രയോ വട്ടം വഴക്കുപറഞ്ഞത്  ഓർക്കുന്നുണ്ടോ നീ?’’

‘‘ഉം ..ചീകിയാൽ നിൽക്കില്ലായിരുന്നു ....അന്ന്’’

പക്ഷേ നിന്റെ സുന്ദരമായ ഈ പുഞ്ചിരി. എത്ര വഴക്കു പറഞ്ഞാലും നീ ചിരിക്കും. ഞാൻ അടുക്കളയിൽ നിന്നും നിന്നെ നോക്കി കാണുകയായിരുന്നു. നീ തടിച്ചു. നിന്റെ മെലിഞ്ഞ ശരീരം. അതായിരുന്നു ഭംഗി .ആട്ടെ നിനക്കെന്താണ് ജോലി. നീയും പ്രവാസിയായോ അതോ?’’

‘‘എനിക്കൊരു വാക്കു പറയാനോ ചോദിക്കാനോ ടീച്ചർ സമയം തരുന്നില്ലല്ലോ? അന്നത്തെ  ക്ലാസ്സിലെ പോലെ തന്നെ’’

‘‘ കാലം മനുഷ്യന്റെ രൂപത്തെ മാറ്റിയേക്കാം. പക്ഷേ സ്വഭാവത്തെ മാറ്റാനാവില്ലല്ലോ റഹ്‌മാൻ’’

‘‘മക്കൾ ...?  ജോഷി സാർ ...’’

‘‘ജോഷിസാറിന്  ധൃതികൂടി. ദൈവത്തിനെ കാണാൻ. എപ്പോഴുമെന്നെ കൂടെ കൂട്ടാൻ കഴിയില്ലത്രേ . ഞാനിങ്ങനെ ചറപറ  പറയാത്രെ ..അതോണ്ട്’’

‘‘മക്കൾ’’

‘‘അറിവുകൾ വിശാലമായാൽ  ധനാഗമനം അധികാരിച്ചാൽ  പിന്നെ സമയം ബാക്കിയിത്തിരി പോലുമുണ്ടാവില്ലാന്നറിഞ്ഞൂടെ  നിനക്കും’’

‘‘ടീച്ചറെ ..എന്തായിങ്ങനെയൊക്കെ’’

‘‘ജോഷിച്ചായൻ പോയപ്പോൾ കൂടെ കൂട്ടിയില്ല. ഞാൻ ദൈവത്തോട് ചോദിച്ചു  വാങ്ങി കാത്തിരിക്ക്യാണ്. ഇന്നോ നാളെയോ. അല്ലെങ്കിൽ അധികം വൈകാതെ ഞാനും കൂടെയെത്തുമെന്നു മൂപ്പരിന്നലെ കണ്ടപ്പോൾ പറഞ്ഞു.

‘‘നിന്റെ കണക്കുകളൊക്കെ തെറ്റിയല്ലേ ജിഷാ’’   

‘‘എന്നും ഞാൻ പഠിച്ച കണക്കുകൾ തെറ്റായി പോയി. പഠിപ്പിച്ചതും. അല്ലേ റഹ്‌മാൻ? അങ്ങോട്ട് പോകും മുന്നേ  ഈ വിശാല ലോകത്തെനിക്കൊരു ആഗ്രഹം കൂടിയുണ്ട്    റഹ്‌മാൻ’’

‘‘എന്താ ടീച്ചറെ... ഈ വാക്കുകൾ കൊണ്ടിങ്ങനെ’’

ഈ ലോകത്ത് ഏതെങ്കിലും കൂട്ടുകുടുംബത്തിൽ  അച്ഛനുമമ്മയും അപ്പൂപ്പനു മമ്മൂമ്മയും  കുട്ടികളും എല്ലാരും സന്തോഷത്തോടും സ്നേഹത്തോടും കഴിയുന്ന അവരെ പരിചരിക്കുന്ന  ഒരു സ്നേഹക്കൂട്ടിൽ കിടന്നു  ചിരിച്ചങ്ങ് യാത്രയാവാൻ....

‘‘ടീച്ചർക്ക് അതിനു മാത്രം വയസ്സൊന്നുമായിട്ടില്ലല്ലോ. എന്തിനാ ഈ വാശി. മക്കളെ കൂടെ കൂട്ടി. അവരുടെ മക്കളെ കളിപ്പിച്ചു  സന്തോഷമായി.. 

‘‘ സ്റ്റേജ് നാലും കഴിഞ്ഞെന്നു .ഡോക്ടർ. ഇനിയൊന്നും ചെയ്യാനില്ലാത്ത  ഈ ശരീരം. കഴിയും വിധം  കാണാനുള്ള സുന്ദരകാഴ്ചകളൊക്കെ കണ്ടു തീർക്കണമെന്ന് ഓർഡർ ഉണ്ട് റഹ്‌മാൻ. ഞാനിന്നു കണ്ടു. ഒരു സുന്ദരമായ കാഴ്ച. ഇനിയെനിക്ക് കേൾക്കണം റഹ്‌മാൻ. നീ അന്ന് യുവജനോൽസവത്തിന് സ്റ്റേജിൽ പാടിയ  ഗസലിലെ  രണ്ടു വരികൾ  എനിക്കായി ഒന്ന് കൂടെ’’

സ്നേഹ ഭവനിലന്ന് രാവിന് പകലിനേക്കാൾ വെളിച്ചം. കുട്ടികളെ പോലെ അവരാടിയും പാടിയും. പാട്ടും ബഹളവും കഴിഞ്ഞപ്പോൾ പലരും... സന്തോഷം കൊണ്ട് കരയുകയായിരുന്നു. ‘‘ഞങ്ങളിത്തിരി നേരം  എവിടെയൊക്കെയോ പറന്നകന്നു മോനെ. ഇത്  ആർക്കും വേണ്ടാത്ത  ചാവാറായ വയസ്സൻ കാലികളാണ് . അറവുകാരന് പോലും വേണ്ട ഞങ്ങളെ. കാരുണ്യം വറ്റാത്ത  ചില മനസ്സുകൾ ഈ ഭൂമിയിലുണ്ട് .അവരിങ്ങനെ തീറ്റി പോറ്റുന്നു. ഞങ്ങളെ അവരുടെ ദയ’’

‘‘റഹ്‌മാൻ... നിനക്ക് പോകേണ്ടേ .സമയമൊരുപാടായില്ലേ... നിന്നെ പറ്റിയൊന്നും ചോദിച്ചില്ല. ചോദിക്കുന്നു മില്ല. ഉമ്മയും ബാപ്പയും ജീവിച്ചിരുപ്പുണ്ടെങ്കിൽ  അവർ ഭാഗ്യവാന്മാരായിരിക്കും. എനിക്കുറപ്പാ കഴിയുമെങ്കിൽ സമയം പോലെ മക്കളെയും കൂട്ടി വരണം അടുത്ത വരവിനു അന്നൊരു പക്ഷേ  ആ കാണുന്ന  മൺകൂനകൾക്കടുത്ത് ഒന്നു കൂടെ കുടിയിരിക്കും  അതെന്റേതായിരിക്കും. എന്നാലും നീ വന്നാൽ ഞാനറിയും’’

‘‘ടീച്ചറെ. ഞാൻ വരും.മക്കളും കുടുംബവുമായി.നിങ്ങളിവിടുണ്ടാവും അവരെ കാണാൻ എനിക്കുറപ്പാണ്’’

‘‘റഹ്‌മാൻ... തറവാടുകളിലെ വടക്കോറ കോലായികൾ  ശൂന്യമായി കിടക്കുന്നുണ്ടാവും. വല്ലിമ്മമാരില്ലാത്ത വലിപ്പമാരില്ലാത്ത മുമ്പാറ കോലായും. നാളെ നീയും കണക്കുകൾ കൂട്ടിയും കിഴിച്ചും ഹരിച്ചും എല്ലാം വാരികൊടുക്കും മുന്നേ. ഇത്തിരി  മാറ്റി വെച്ചേക്കൂ. റഹ്‌മാൻ നീഎന്നെ പോലെയാവരുത്. മക്കൾക്ക് മുന്നിലെങ്കിലും. ഞങ്ങളെ പോലെയുള്ളവരെ  ഒരുമിച്ചു നിർത്തി നിനക്കൊത്തിരി കഥകൾ പറയാം. കഥകളെഴുതാം’’

യാത്ര പറയാതെ ഇറങ്ങുമ്പോൾ  ടീച്ചർ വണ്ടിക്കരികിൽ വന്നു. റഹ്‌മാൻ. നന്ദിയുണ്ട്. ഇന്നെനിക്കൊരു ദുഷ്ചിന്തകൾക്കും സമയം തന്നില്ല നിന്റെ സാന്നിദ്ധ്യം. അത് കൊണ്ടാവും പെയിൻ കില്ലർ ആവശ്യം വന്നില്ല ഇങ്ങനെ ഇടയ്ക്കൊക്കെ വരാമോ. സമയം കിട്ടുമെങ്കിൽ. എനിക്ക് മാത്രമല്ല ആ പാവങ്ങൾക്കും  സന്തോഷമാകും’’

‘‘വരാം. വരും. ഇനിയിതാണെന്റെ വടക്കോറകോലായം  ടീച്ചറെ’’

അവരെന്റെ കൈകൾ പിടിച്ചു.

‘‘ റഹ്‌മാൻ ... നീ എഴുതിയ ‘‘അകലങ്ങളറിയാതെ’’ എന്ന  ആ കഥ ഞാൻവായിച്ചു. മനോഹരം. വീണ്ടുമൊരിക്കൽ കൂടിയെന്റെ കണ്ണുകളെ കണ്ണീർ തടാകങ്ങളാക്കി നീ . പണ്ട് നീ സ്‌കൂളിൽ  എഴുതിയ ചെറുകഥയല്ലേ ഇത്?. അന്നതിനു   നിനക്ക് ഒന്നാം സമ്മാനം കിട്ടിയിരുന്നു അല്ലേ?...ഒരിക്കൽ കൂടി  ഞാനതുവായിച്ചു. കഴിഞ്ഞ ദിവസം ,റഹീം സാബാണ്  ആ ബുക്കിവിടെ കൊണ്ട് വന്നത്. അതിലെ വരികളിലൂടെ പോയപ്പോൾ മുതൽ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നീ എങ്ങനെ മുൻകൂട്ടി കണ്ടു എന്റെയീ.. ജീവിതം? പക്ഷേ അവസാന ഭാഗം തെറ്റി. അതങ്ങനെയല്ലാ സംഭവിക്കുകയെന്ന് എനിക്കറിയാം. അതു വായിച്ചപ്പോൾ മുതൽ  നീ ഇവിടെ വരുമെന്നെനിക്കുറപ്പായിരുന്നു.സത്യം.എന്റെ പ്രതീക്ഷകൾ  എത്ര സത്യം ?’’

‘‘എങ്കിൽ  മക്കളെക്കൂടി...  പ്രതീക്ഷിച്ചൂടെ ടീച്ചറെ’’

അവരൊന്നും പറയാതെ എന്റെ കൈകളിലേക്കൊരു  പേന വെച്ച് തന്നു. ഒരു പഴയ പേന.

‘‘റഹ്‌മാൻ നീ എഴുതുക. ഈ പേന എന്റെ അധ്യാപന  കാലത്തോളം  പഴക്കമുണ്ട്. അപ്പൻ തന്നതാ ..ഞാനതു നെഞ്ചോട് ചേർത്താ  സൂക്ഷിച്ചത്. നീ ഇത് കൊതിച്ചിരുന്നു. എനിക്കറിയാം. പേനകൾ നിനക്ക് പ്രിയങ്കരമാ യിരുന്നല്ലോ. ഇതെന്റെ സമ്മാനമാണ്. നീ ഞങ്ങളെ ഓർക്കണം. എപ്പോഴെങ്കിലും പ്രാർത്ഥിക്കണം. സമയം കിട്ടുമ്പോൾ’’

വടക്കോറ കോലായിലെ അണയാദീപങ്ങൾ(കഥ)
പ്രതീകാത്മക ചിത്രം

അവർ പറഞ്ഞു കൊണ്ടേയിരുന്നു.

‘‘എപ്പോഴാണറിയില്ല. ഞാനെപ്പോഴും  റെഡിയായി കാത്തിരിക്ക്യാണ്  ഞാൻ പോലുമറിയാതെയൊരു യാത്ര. ജോഷിച്ചായനും  കാത്തിരിക്ക്യാത്രെ. നിന്റെ  ശബ്ദ കോലാഹലങ്ങളില്ലാതെയിനി  പറ്റില്ലാന്ന് മൂപ്പർ’’

അവർ ചിരിച്ചു നാണത്തിൽ മുങ്ങിയ ചിരി.

വണ്ടിയിലേക്ക് കയറുമ്പോൾ  ഉമ്മറ കോലായിൽ അന്തേവാസികൾ കൈവീശി യാത്രയാകുന്നത് കണ്ടു. ജിഷ ടീച്ചറെ കണ്ണാടിയിലൂടെ ശ്രദ്ധിച്ചപ്പോൾ  മുറ്റത്തെ  പഞ്ചാര മണിലിലെന്തോ കളഞ്ഞു പോയത് തിരയും പോലെ  നിൽക്കെയാണ്. പാവം. ഒരു പാട് സന്തോഷവുമതിലേറെ  നൊമ്പരവുമേറ്റി വെച്ചാണ്  തിരിച്ചു യാത്ര 

   

അസ്വസ്ഥമായിരുന്നു മടക്കയാത്ര... ഈ സ്നേഹഭവനങ്ങൾ കൂടിയില്ലായിരുന്നെങ്കിൽ  എന്താകുമവരുടെ യെല്ലാമവസ്ഥ. മരണം വരെ സ്നേഹത്തോടെ  പരിചരിക്കുന്ന  സ്നേഹിക്കുന്ന  വൃദ്ധരായ  രക്ഷിതാക്കളെ ഉൾകൊള്ളാൻ കഴിയുന്ന  മക്കളുള്ള വീടുകൾ മറഞ്ഞു തുടങ്ങി. ഇനിയൊരിക്കലുമൊരു വീടിനും വടക്കോറ കോലായിൽ വല്ലിമ്മമാരെ കാണാനാവില്ല. അവരോടു കളിപറയാൻ പല്ലില്ലാത്ത അവരുടെ മോണ കാട്ടിയുള്ള ചിരി കാണാൻ പേരമക്കൾക്കും കഴിയില്ല. പുറത്തെ കോരിച്ചൊരിയുന്ന  പേമാരിയിലും  വണ്ടിക്കകത്തു  ചുട്ടുപൊള്ളുന്നപോലെ  തോന്നിയെനിക്ക്. വണ്ടിക്കുള്ളിലെ എസിയുടെ തണുപ്പിലും വിയർത്തൊലിക്കുന്നു.വഴിയോരങ്ങൾ  എന്നെ കടന്നു പോകുമ്പോൾ ഞാനൊന്നും കാണുന്നില്ലായിരുന്നു.

 ഇരുട്ടിനെ കീറി മുറിച്ചു മുന്നോട്ട് പോകവെ. ഒരുൾവിളി പോലെ

‘‘ അദ്ദുറൈമാനെ’’ എന്ന വിളിയിൽ ഞെട്ടിയുണർന്നു

കവിളിലാരോ ഉമ്മ വെക്കുന്ന പോലെ.

‘‘അനക്ക് പയ്ത്ത മാങ്ങന്റ പൂൾ വേണാ’’

പെട്ടെന്ന് ഞാൻ ബ്രേക്കിട്ടു. പിറകിൽ വന്ന മറ്റേതോ വണ്ടിക്കാരൻ ഉറക്കെ ഹോണടിക്കുകയും എന്നെ വഴക്കു പറയുന്നതും കേൾക്കാം. മെല്ലെ മുന്നോട് നീങ്ങവെ വഴിയോരത്ത് അടക്കാൻ കാത്തു നിൽക്കുന്ന ചായക്കട കണ്ടപ്പോൾ വണ്ടി നിർത്തി. ഞാൻ സ്വപ്ന ലോകത്തായിരുന്നു എന്ന് വിശ്വസിക്കാനായില്ല.

‘‘എന്താ വേണ്ടിയെ...? കടയടക്കാൻ പോകാ’’ കടക്കാരി ചോദിച്ചു

‘‘ഇക്കൊരു സുലൈമാനി കിട്ടോ ?’’

കടയിലെ വൃദ്ധ എന്നെ നോക്കി. അവരൊന്നു പുഞ്ചിരിച്ചു.

‘‘സാധനക്കെ എടുത്തു വെച്ചു. സാരല്യ മോനിരിക്കിൻ’’ 

നര ബാധിച്ച തലമുടി. ചുക്കിച്ചുളിഞ്ഞ ശരീരം. കൂനിയുള്ള അവരുടെ നടത്തം. ചായ കുടിച്ചിറങ്ങുമ്പോൾ അവർക്ക് കൊടുത്ത പൈസയുടെ ബാക്കിക്കായി മേശവലിപ്പിൽ തിരയുന്ന അവരോട് അറിയാതെ പറഞ്ഞു

‘‘വല്ലിമ്മ..... അതിങ്ങൾ എട്ത്തോളിൻ’’

വല്ലിമ്മ എന്ന വിളി അവരെ ഏറെ സന്തോഷിപ്പിച്ചെന്ന് മനസ്സിലായി.അവർ ചിരിച്ചു... മനം നിറഞ്ഞ ചിരി

‘‘മാനെ .... ഈ ചായക്ക് പൈസ മാണ്ട ’’

തിരിച്ചൊന്നും പറയാതെ ഞാൻ വണ്ടിയിൽ കയറി. യാത്ര തുടരവെ മുപ്പത് വർഷങ്ങൾക്കിപ്പുറം ഞാനെത്തിയിരുന്നു .... ചെവിട്ടിൽ 

‘‘അദ്രുറൈമാനെ’’

എന്നലയടിക്കുന്നു .ഒരു പുലർകാല സ്മരണയിലൂടെ. ഞാനെന്റെ തറവാട്ടു വീട്ടിലെ  ചാന്തിട്ടു മിനുക്കിയ വടക്കോറ കോലായിലേക്കു നടന്നടുക്കുകയായിരുന്നു. വടക്കേപുറത്തെ കോലായിരുന്നു. വല്ലിമ്മ അടക്ക മൊരികളയുകയാണ്. മൂടിയിളകിയ മുറുക്കാൻ ചെല്ലത്തിൽ  വാടിത്തുടങ്ങിയ വെറ്റിലയും  പുകയില ഞെട്ടുകളും, അവിലുപോലെ  വിദഗ്‌ദമായി ചെത്തിയെടുത്ത  അടക്ക പൊടിയുമുണ്ട് ഒരു കൊച്ചു പാത്രം നിറയെ.

ഇളം വെയിലേറ്റു കൊണ്ട്  അടക്ക മൊരി കളയുന്നതോടൊപ്പം   വാ നിറയെ   മുറുക്കാനും പല്ലില്ലാത്ത മോണയും തമ്മിൽ യുദ്ധം തുടങ്ങിയിട്ട് നേരം കുറെയായി. ചുണ്ണാമ്പു കുറ്റിയിൽ ഈർക്കിലി കൊണ്ട് കുത്തി നോക്കുന്നുണ്ട് . അതിൽ നിന്നൊന്നും  കിട്ടുന്നില്ല എന്നത് കൊണ്ടാവും  ചുണ്ണാമ്പു കുപ്പി  തലകീഴായി പിടിച്ചു  കയ്യിലേക്ക് കമഴ്ത്തി നോക്കുന്നുണ്ട് വല്ലിമ്മ. പിന്നെ ഉറക്കെയുറക്കെ കൈ കൊണ്ട്  കൊട്ടിയും തട്ടിയും  നോക്കുന്നുണ്ട്. ഫലം നിഷ്ഫലം എന്നെ കണ്ടപ്പോൾ  രണ്ടു വിരലുകൾ ചുണ്ടിലേക്കു വെച്ച്  പുറത്തേക്കു നീട്ടിയൊരു തുപ്പൽ . ത്ഫൂ ... ത്ഫൂ ...കൃത്യമായ സ്ഥാനത്തു തന്നെയവരത്   സാധിച്ചു.എന്നിട്ടു  ഒരു ഇളം ചിരി 

‘‘അദ്ദുറൈമാനെ.... അനക്ക് പൈത്ത (പഴുത്ത ) മാങ്ങ മാണാ ?"

കാലത്തു തന്നെ  മാവിൻ ചുവട്ടിൽ പോയി  താഴെ വീണ പഴുത്ത മാങ്ങകൾ  (മിക്കതും അണ്ണാൻ കൊത്തിയതോ മറ്റോ ആവും)   കൊടുന്നു കഴുകി  പൂണ്ടു  ഇത്തിരിയുപ്പും ചേർത്തു വെക്കും വല്ലിമ്മ.  എന്നിട്ടു  വെയില് മൂക്കുമ്പോൾ  മെടഞ്ഞ ഓലപ്പുറത്തു  വെയില് കൊള്ളിക്കാൻ വെക്കും ... എന്ത് രസമാണതിന്..എന്റെ വായിൽ വെള്ളം വന്നു. പക്ഷേ ..എന്തെങ്കിലും കാര്യസാധ്യം ഉണ്ടെങ്കിലേ ഈ ഇളംചിരിയും  വാഗ്ദാനങ്ങളും ഉണ്ടാവൂ എന്നറിയാം .

‘‘വേണം വേണം ...തരീൻ’’

‘‘തരാ..ഇക്കിത്തിരി ചുണ്ണാമ്പു  വാങ്ങി കൊടുന്നുതരോ ... കൊല്ലെന്റെ  കുടിൽ പോയി?’’

‘‘ഞാൻ കളിക്കാ പോകാ .. ചെക്കന്മാർ കാത്തു നിൽക്കാ അവിടെ. ന്നാലും വാങ്ങി തരാ ..കായി തരീൻ’’

‘‘ഇന്റെത്തോട്ന്നാ കായി ..?    ജി മ്മാട് മാങ്ങി വല്ലിമ്മാക്ക് മാങ്ങി താ ..നല്ല മോനല്ലേ ?’’

‘‘ഇങ്ങടെ കോന്തലക്കലുണ്ടാവും ... അല്ലെങ്കി ഇങ്ങടെ ചെറിയ കള്ളി പെട്ടീലുണ്ടാവും ...’’

‘‘അയിലൊന്നൂല്യടാ ...ഉള്ളതൊക്കെ കുഞ്ഞിതള്ളക്കു കൊട്ടൻചുക്കാദി വാങ്ങാൻ കൊടുത്ത് .പാവം ഓൾക്ക്  കൈകാല് വേദനിച്ചിട്ടു  വെജ്ജാണ്ട് കിടക്കാർന്ന്..ഇനി ബാക്കി വല്ലതും ഉണ്ടെങ്കിൽ ഞാ മരിച്ചാൽ അനക്കുള്ളതല്ലേ?  ജി മ്മാട് ചോയിച്ചു നോക്ക് ’’

‘‘ഉമ്മ തന്നില്ലെങ്കിലോ ...?’’

വടക്കോറ കോലായിലെ അണയാദീപങ്ങൾ(കഥ)
പ്രതീകാത്മക ചിത്രം

‘‘ ഇക്കറിയാ  ഇജ് വല്യ വെളവനാ....  ഉമ്മാനെ   പറ്റിക്കാനൊക്കെ അന്റെത്തു   ഇമ്മിണി  ബെളവുണ്ടെന്നു’’

എന്നെ പുകഴ്ത്തി കാര്യം സാധിക്കാനാ മൂപ്പരുടെ പ്ലാൻ ..എന്നാലും പുകഴ്ത്തൽ   ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ലല്ലോ ..അപ്പോഴാണ് എനിക്കൊരു ഐഡിയ തലയിലുദിച്ചതു.

‘‘ആ കൊല്ലത്തി ഇന്നലെ   ഇങ്ങളോട് പറഞ്ഞില്ലേ ..ഇച്ചിരെ വെള്ളം മന്ത്രിച്ചു കൊടുക്കാൻ ..ഇങ്ങളതു മന്ത്രിച്ച ?’’

‘‘അള്ളോഹ്..ഞാനതു മറന്നു ...നിക്ക് ..ഇയ്യി പോയി ഒരു തൂക്കാത്രം വെള്ളം കൊണ്ട് വാ ...ഓൾക്ക്  വയറുവേദനയാത്രെ ..പാവം ’’

കഴിഞ്ഞ ദിവസം അതുവഴി വന്ന കൊല്ലത്തി വല്ലിമ്മാട് പറയുന്നത് ഞാൻ കേട്ടിരുന്നു 

‘‘ആമിനുമ്മേ ....ന്താന്നറീല്ല  വയറ്റിനുള്ളിൽ വല്ലാത്ത വേദന ...ആശുപത്രീൽ പോകാനൊന്നും ഇന്റെത്തു   കായില്ല...ഈ ചുണ്ണാമ്പും വെച്ച്നൂറു കുടീൽ കേറിയാൽ    എന്ത്  കിട്ടാനാന്നു ...കുടീല് കഞ്ഞി വെക്കാൻ തന്നെ തെകയോ..?’’

‘‘ന്നിട്ട്  ജി വേദന വെച്ച് നടക്കാ....പഹച്ചീ ’’

‘‘ഞാൻ പുത്തൻപള്ളിക്കലെ മൂപ്പരെ പേരിൽ ഒരു യാസീൻ നേർന്നിട്ടുണ്ട് ..പിന്നെ യാസീനോതി മന്ത്രിച്ച വെള്ളം കുടിക്കാനും ’’

‘‘ന്നിട്ട് അത് ചെയ്താ ...’’‌

‘‘ഇല്ല്യ ..പുത്തൻപള്ളിക്കെ പോയാ ... അവിടെ നേർച്ചയിടാൻ  ...കായി കിട്ടട്ടെ ..ഇങ്ങളൊരു യാസീനോതി  മന്ത്രിച്ചു താരോന്നു ....ക്ക് ?’’

‘‘ താരാലോ... ഞാനോതി മന്ത്രിച്ചു വെക്കാ ... ജി മക്കളെ പറഞ്ഞയക്കു’’

ഈ വർത്താനം ഇന്നലെ നടന്ന കാര്യമാണ് ...വല്ലിമ്മയ്ക്കൊരു  തൂക്കുപാത്രം വെള്ളവുമായി ഞാൻ വന്നപ്പോൾ  മൂപ്പർ  മൂളിയിൽ  നിന്നും വുളൂ  എടുക്കുകയാണ്.

‘‘ അല്ലാന്നു ..ഇപ്പൊ നിസ്കാര സമയം ആയിട്ടില്ലല്ലോ ..പിന്നെന്തിനാ  വുളൂ ’’

‘‘അതേ് ..ഖുർആൻ കൊണ്ട്  ഷിഫാക്ക് (അസുഖം മാറാൻ )വേണ്ടി മന്ത്രിക്കുന്നതല്ലേ ...അപ്പൊ അദബു (ബഹുമാനം .മര്യാദ ) ണ്ടായിക്കോട്ടേന്നു  ബിജാരിച്ച ...ഓൾക്ക് ബേഗം ശിഫയാവട്ടെ .. പാവം ....കെട്ട്യോൻ മരിച്ച പെണ്ണാ ഓൾ..  ആ കുടുംബം മുയുമൻ നോക്കണത്.’’

വല്ലിമ്മ മുത്തു നബിന്റെ പേരിൽ ഫാതിഹയോതി..പിന്നെ യാസീൻ ചെല്ലാൻ തുടങ്ങി ....ഓരോ 'മുബീൻ' (ഖുർആനിലെ യാസീൻ സൂറത്തിലെ വരികളിൽ വരുന്ന മുബീൻ എന്നവസാനിക്കുന്ന ഭാഗങ്ങൾ ) എത്തുമ്പോഴും അവർ "ഇശ്ഫി..ഇശ്ഫി"  ന്നു പറഞ്ഞ് ഊതി കൊണ്ടിരുന്നു ... 

എന്റെ കണ്ണുകൾ  വല്ലിമ്മ പാതിയുണക്കിയ മാങ്ങയിട്ട കുട്ടയിലായിരുന്നു  ഊതി കഴിയും വരെ നിൽക്കാൻ  എനിക്ക്  കഴിഞ്ഞില്ല  ..വല്ലിമ്മ സൂക്ഷിച്ചു വെച്ച  മാങ്ങയിട്ട കുട്ടയിൽ നിന്നും  പഴുത്ത  വെയില് കൊണ്ട മാങ്ങാ ഞാനെടുത്തു തിന്നു കൊണ്ടിരുന്നു ... എന്നെ ഇടം കണ്ണിട്ടു നോക്കി  വേണ്ട എന്ന്  ആംഗ്യം   കാണിക്കുന്നുണ്ട് ,പക്ഷെ ഞാൻ കാണാത്ത പോലെ സ്വാദോടെ കഴിച്ചു കൊണ്ടിരുന്നു . 

മന്ത്രിച്ചു കൊണ്ടിരിക്കുന്നതിനാൽ വല്ലിമ്മാക്ക് എന്നെ ചീത്ത പറയാനും പറ്റില്ലാന്ന് എനിക്കറിയാമായിരുന്നു. മന്ത്രിച്ചു കഴിയലും   പാത്രം വേഗംമൂടി കൊണ്ട് എന്നെ അരികെ വിളിച്ചു ...ഞാനരികിലെത്തിയപ്പോൾ  എന്റെ ചെവിടിന് പിടിച്ചു ...

‘‘കള്ള ഹിമാറെ ... ഇന്നോട്‌ ചോയിക്കാണ്ട് എടുത്തു ..ല്ലെ ?’’

‘‘ വല്ലിമ്മാ .. ഇയ്ക്ക് വേദനയാവണ്... അള്ളോ..വീടീന്    ഞാ... ഇങ്ങടെ പൊന്നു അദ്ദുറഹ്‌മാനല്ലെന്ന് ?’’

ആ പിടിയയഞ്ഞു.. വിരലുകളിലെ സ്നേഹസ്പർശം  വിറയലായി മാറുന്നത് ഞാനറിഞ്ഞു  ..മെല്ലെ എന്റെ ചെവിടിൽ തടവി  തന്നു ... എന്റെ മുഖത്തങ്ങിനെ നോക്കി   ...ഇത്തിരി നേരം ..പിന്നെ ചിരിച്ചു കൊണ്ട് ചോദിച്ചു.

‘‘മോന്ക്ക് വേദനയായാ ...?  സാരല്യ ട്ടാ’’

‘‘ ഇല്ലാന്ന് ..ഞാൻ വെറുതെ  പറഞ്ഞതാ ’’

പക്ഷേ വല്ലിമ്മാക്ക് സങ്കടമായോ ..അറിയില്ല ..എന്നെ അടുത്തു പിടിച്ചിരുത്തി എന്റെ  കവിളിലൊരുമ്മ   തന്നു  ...

വല്ലിമ്മാടെ ചുണ്ണാമ്പ് പാത്രവും  മന്ത്രിച്ച  വെള്ളവുമായി ഞാൻ കൊല്ലത്തിടെ വീട്ടിൽ പോയി ...

‘‘ശോഭേച്ചി ...ഇതാ  മന്ത്രിച്ച വെള്ളം  വല്ലിമ്മ തന്നതാ’’

‘‘ഈശ്വരാ ഞാനിപ്പോ ആ കാര്യം പറഞ്ഞേയുള്ളൂ ..ആമിനമ്മോടു്    മന്ത്രിക്കാൻ പറഞ്ഞ കാര്യം ..മോൻ വന്നത് നന്നായി ..കാട്ടിക്കെ ഞാൻ കുടിക്കട്ടെ ...ഈശ്വരാ എന്റെ വയറു വേദന മാറ്റി തരണേ ..’’

‘‘ആ പാത്രം  ..നാളെ സ്‌കൂളിൽ കൊണ്ടോകാനുള്ളതാ ഇത്താക്ക്’’

അവർ പാത്രവുമായി വന്നപ്പോൾ  എന്റെ കീശയിൽ ഞാൻ കരുതിയിരുന്ന ചുണ്ണാമ്പു പാത്രമവർക്കു നേരെ നീട്ടി 

‘‘ശോഭേച്ചി ..ഇതിലിത്തിരി ചുണ്ണാമ്പു തരോ ..? വെല്ലിമ്മാക്കാ.. കായി ഇങ്ങളങ്ങട്ട് വരുമ്പോ...  മ്മ.. തരും’’

‘‘ഇങ്ങട്ടു കാട്ടിക്കെ ...ന്റെ ആമിനുമ്മാക്കിത്തിരി  ചുണ്ണാമ്പിനു കായൊന്നും വേണ്ടാ....ട്ടാ’’

ഇന്നലെകളിലൂടെ  സഞ്ചരിച്ചപ്പോൾ  നാടെത്തിയതറിഞ്ഞില്ല ... പള്ളിക്കാടിനു മുന്നിലൂടെ വണ്ടിയോടിച്ചു മുന്നോട്ടു പോകവേ ...

‘‘അദ്ദുറൈമാനെയ്’’  എന്നൊരുൾവിളി. വണ്ടി നിറുത്തി  പിറകോട്ടെടുത്തു. പള്ളിക്കാട്ടിലെ മീസാൻ കല്ലിനിടയിൽ  തളിർത്തു നിൽക്കുന്ന മൈലാഞ്ചി ചെടികൾക്കു കീഴേക്കു നോക്കി ചോദിച്ചു.

‘‘ഇങ്ങൾക്കു മുറുക്കാൻ വേണാ.വല്ലിമ്മാ’’

ചിരിക്കയാവും ... പല്ലില്ലാത്ത മോണ കാട്ടി ..പാവം 

“ഇയ്യെന്താടാ മുണ്ടാണ്ടിരിക്കണു. എന്തേലും പറയ്”  

“തറവാട്ടു മുറ്റത്തെ മാവിൻ കൊമ്പുകളിലിപ്പോൾ അണ്ണാൻ കുഞ്ഞുങ്ങൾ വരാറില്ല വല്ലിമ്മാ  ..നാളെ മാവുകൾ പോലും ഇല്ലാതാവും. വിരുന്നുകാരുടെ വരവറിയിക്കുന്ന  വാഴ തണ്ടുകൾ  മറഞ്ഞു തുടങ്ങി ..അതോണ്ടാവോ  കാക്കകളെയും കാണാനില്ല. കാക്കകൾ പോലും  എങ്ങോ പോയ് മറഞ്ഞു കൊണ്ടിരിക്കുന്നു വല്ലിമ്മാ’’

‘‘മഴച്ചാറൽ കൊണ്ട് നടന്നിട്ടാ  അനക്കിങ്ങനെ.. വട്ട് ...ഓളും കുട്ട്യോളും കാത്തിരിക്ക്യാവും ... നല്ല മഴ വരുന്നുണ്ട്  യ്യി  പൊയ്ക്കോ’’

    

അന്ന് കുഞ്ഞിതള്ളയോട് ങ്ങള് ചോദിച്ചത് ഓർമ്മണ്ടാ ഇങ്ങൾക്കു ? ‘‘

എന്തിനാ കുഞ്ഞി തള്ളെ കാക്കകൾക്ക് ചോറ് വെക്കുന്നതെന്ന്’’

‘‘ അത് കാക്കകളല്ല ആമിനുമ്മേ ..കാക്കകളായി മരിച്ചു പോയവർ വരുന്നതാണ് ..സ്നേഹം പങ്കുവെക്കാൻ ഞമ്മളെയൊക്കെ വീണ്ടും കാണാൻ ’’

മഴ പെട്ടെന്ന് കൂടി കൂടെ ആരവത്തോടെ കാറ്റും വന്നു. വണ്ടിയിലേക്ക് കയറുമ്പോഴും  ഓർമ്മയിലാ . വടക്കോറ കോലായിലെ അണയാദീപങ്ങളായിരുന്നു മനസ്സ് നിറയെ     

English Summary :  Vadakora kolayile Anayatha Deepangal Story By Abdul Kader Arakkal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;