sections
MORE

വയ്യാത്ത കുഞ്ഞുമായി ഗ്രാമാതിർത്തിയിലെത്തിയപ്പോൾ ഞെട്ടിപ്പോയി; ഗ്രാമവും പട്ടണവും തമ്മിൽ ബന്ധിക്കുന്ന പാതയിൽ...

കൊറോണക്കാലത്ത് ഒരു രാജ്യാന്തര അതിജീവനം (കഥ)
ചിത്രം വരച്ചത് ശ്രേയസ്സ് സുരേഷ്
SHARE

കൊറോണക്കാലത്ത് ഒരു രാജ്യാന്തര അതിജീവനം (കഥ)

വൈവിധ്യം നിറഞ്ഞ പ്രപഞ്ചമെന്ന വലിയ നിലക്കണ്ണാടിയുടെ നേരായ പ്രതിബിംബങ്ങളാണ് പ്രണയ ജോഡികളും അതിലുപരി മാതൃകാ ദമ്പതികളുമായ ആഡം ബ്രൂക്‌സും ബൗഷായി ലിങ്ങും.  അവരുടെ രണ്ടു പെൺകുട്ടികൾ മൂന്ന് വയസുള്ള അലിക്‌സാ ആഡവും ഒരു വയസിനോടടുത്ത ബീയും ആഡവും അടങ്ങുന്ന കുടുംബം. കേംബ്രിജ് സർവകലാശാലയിലെ  ജീവശാസ്ത്രവും രസതന്ത്രവും ലയിക്കുന്ന പരീക്ഷണശാലയിൽ തുടങ്ങിയ സൗഹൃദം അധികം താമസിയാതെ പ്രണയമായി പരിണമിച്ച് പിന്നീട് അന്യോന്യം പ്രതിബദ്ധതയേറിയ  വിവാഹത്തിൽ കലാശിച്ചത് ഭാഷയുടെയും സംസ്‍കാരങ്ങളുടെയും വന്മതിലുകൾ ഭേദിച്ചു തന്നെയാണ്. 

ആഡത്തിന്റെ പിതാവും  ഹൈസ്കൂളിൽ  കായികാധ്യാപക നുമായ  മാത്യു ബ്രൂക്‌സിന് എതിരഭിപ്രായ മില്ലായിരുന്നെങ്കിലും ക്രിസ്തീയ ആചാരാനുഷ്‌ഠാനങ്ങളും ജീവിത രീതികളും പരമ്പരാഗതമായി പാലിച്ചിരുന്ന ആഡത്തിന്റെ മാതാവിന് താല്പര്യക്കുറവുണ്ടായിരുന്നു. എങ്കിൽപോലും പ്രിയപുത്രന്റെ താൽപര്യത്തെ ക്രിസ്തുമതാചാരമുള്ള വിവാഹം നടത്തണമെന്ന നിബന്ധനകളോടെ അംഗീകരിക്കുവാൻ തയാറായി. ബൗഷായി എന്നാൽ അമൂല്യവും വിലയേറിയതുമായ കേശഭാരമുള്ളവൾ എന്ന വാക്കിനെ അന്വർഥമാക്കുന്നത് തന്നെയാണ്  ബൗഷായിയുടെ കേശഭാരം. 

ഇടതിങ്ങിയ കറുത്ത മുടിക്ക് അനുയോജ്യമായ നേർമയുള്ള കറുത്ത പുരികങ്ങൾ വെളുത്ത മുഖത്തിന്റെ കാന്തി പതിന്മടങ്ങ് വർധിപ്പിക്കുന്നു. ചൈനാസ്ത്രീകളുടെ രൂപഭാവങ്ങൾ ബൗഷാ യിയുടെ മുഖത്തു ഭാഗികമായി നിഴലിക്കുന്നുണ്ട്.  ബൗഷാ യിയുടെ മാതാപിതാക്കൾക്ക് ചൈനയിൽ വേരുകളുണ്ടെങ്കിലും ഹോങ്കോങ്ങിലെ സ്ഥിരതാമസം രാജ്യാന്തര മനുഷ്യ ബന്ധങ്ങളെ അംഗീകരിക്കുവാൻ അവരെ പ്രാപ്തരാക്കിയത് പുതിയൊരു അന്തർഭൂഖണ്ഡ കുടുംബമുണ്ടാകുന്നതിലേയ്ക്ക് നയിച്ചു.

സർവകലാശാലയിലെ പഠനജീവിതത്തിന്റെ അവസാന  നാളുകളിൽ തന്നെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചെങ്കിലും വിവാഹം ചെയ്യുവാൻ സാധിച്ചത്  അലിക്‌സാ ആഡത്തിന്റെ ജനനത്തിന് തൊട്ടു മുൻപ്  മാത്രമാണ്. പ്രണയം കൊടുമ്പി രിക്കൊണ്ടിരുന്ന നാളുകളിലും പഠനത്തെ കൈവിടാതിരുന്നത് കൊണ്ട്  ആഡം ബ്രൂക്‌സിന് അലിക്‌സായുടെ ജനനത്തിന് മുൻപ് തന്നെ സ്വന്തം പേരിനൊപ്പം ഡോക്ടറേറ്റ്‌ ചേർക്കുവാനും ബൗഷായി ലിങ്ങിന്  ബിരുദാനന്തര ബിരുദം നേടുവാനും സാധ്യമായി.

രണ്ടു കുടുംബങ്ങളുടെയും ഭാഗിക സമ്മതത്തോടെ വിവാഹം നടന്നത് ബൗഷായിയുടെ ജന്മസ്ഥലമായ ഹോങ്കോങ്ങിലും. കത്തോലിക്കാ സഭാ വിശ്വാസിയായ ആഡത്തിന്റെ മാതാവിന്റെ പ്രത്യേക താൽപര്യങ്ങൾ മാനിച്ചുകൊണ്ട് ക്രിസ്തുവിന്റെ വിശുദ്ധ ഗർഭധാരണത്തിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ പള്ളിയിൽ വിവാഹം നടത്തുന്നതിന് മുന്നോടിയായി ക്രിസ്തു വിശ്വാസവും ബൗഷായി സ്വീകരിച്ചു. ബുദ്ധമത വിശ്വാസികളായ ബൗഷായിയുടെ മാതാപിതാക്കൾ തുറന്ന ചിന്താഗതികളുള്ള വ്യക്തികളായിരുന്നു.

നാനാജാതി മനുഷ്യരെയും സ്നേഹിക്കുവാനും അതിലുപരി സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും അതിലൂടെ ഉന്നത വിദ്യാഭ്യാസം നേടുവാനും മറ്റെല്ലാവരെയും പ്രോത്സാ ഹിപ്പിച്ചിരുന്ന വ്യക്തികൾ. രാഷ്ട്രപുരോഗതിക്ക്  രാഷ്ട്രീയ ചിന്താഗതികൾക്കുപരി സാമൂഹിക ബോധ്യം പൊതുജനങ്ങ ളിലെത്തിക്കുവാനുള്ള നേരായ മാർഗം തുറന്നതും അതിലുപരി നേരായ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ അവലംബിച്ചിരുന്നവർ. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് സംരക്ഷണവും വളർച്ചയും നൽകുന്ന പ്രസ്ഥാനങ്ങളായ യുവജന ക്ഷേമകേന്ദ്രങ്ങളും ആരോഗ്യപരിപാലന കേന്ദ്രങ്ങളും വൃദ്ധ സദനങ്ങളും ജനസംഖ്യയുടെ ആനുപാതികമായി വിജയകരമായി പ്രവർത്തിപ്പിച്ചവർ. രാജ്യാന്തര നിലവാരങ്ങളുള്ളതും  തുറന്ന ചിന്താഗതികളും പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സമ്പ്രദായം പുലർത്തിയിരുന്ന ഹോങ്കോങ് നിവാസികളുടെ പിന്തുടർച്ചക്കാർ.

പരമ്പരാഗതമായി ചൈനയിൽ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചെലവുകളും വരന്റെ മാത്രം ഉത്തരവാദിത്വമാണെങ്കിലും അതിനു വിപരീതമായി ആഡത്തിന്റെയും ബൗഷായിയുടെയും പ്രത്യേക സാഹചര്യം മാനിച്ചുകൊണ്ട് ബൗഷായിയുടെ മാതാപിതാക്കൾ മുൻകയ്യെടുത്ത് എല്ലാ തയ്യാറെടുപ്പുകളും നടത്തുകയായിരുന്നു. വളരെ ആർഭാടമായിത്തന്നെ വിവാഹവും അതിനോടൊത്തൊള്ള വിരുന്നു സൽക്കാരവും ഒരുക്കി.  ആഡത്തിന്റെ മാതാപിതാക്കൾക്കും ബന്ധുമിത്രാതികൾക്കും വേണ്ടി പ്രത്യേകം വില്ലകൾ തന്നെ തയ്യാറായിരുന്നു. 

ചൈനീസ് ആചാരമായി വധുവിനെ വിവാഹവേദിയിലേക്ക് ആനയിക്കുവാൻ വരനും സംഘവും ഒരു ചെറിയ വഞ്ചിയിലെത്തിയത് വലിയ കൗതുകം ഉണർത്തുക തന്നെ ചെയ്തു.  സാമ്പ്രദായികമായി ചൈനീസ് വധുക്കൾ ധരിക്കുന്ന  ചുവന്ന നിറമുള്ള പട്ടുവസ്‌ത്രങ്ങളിൽ തങ്കലിപികളോടുള്ള ചിത്രപ്പണികൾ സൂചിപ്പിക്കുന്നത് അവരുടെ ജീവിത വിജയവും സ്നേഹവും വിശ്വസ്തതയും പരസ്പരബഹുമാനവും അതിലുപരി ഭാവിയിലെ എല്ലാ അർഥത്തിലുമുള്ള  ഫലഭൂയിഷ്ഠതയും. എന്നാൽ ആഡത്തിന്റെ മമ്മയോടുള്ള ബഹുമാനസൂചകമായും ദേവാലയത്തോടുള്ള ആദരസൂചകമായും ബൗഷായി ക്രിസ്തീയ വധുവിന്റെ വേഷമായ വെള്ളനിറത്തിലുള്ള ഗൗണാണ്  ധരിച്ചിരുന്നത്. തൂവെള്ള നിറമുള്ളതും വളരെ ഇറുക്കത്തിലുമുള്ള ഗൗണായിരുന്നെങ്കിൽ കൂടിയും  നല്ല ഉയരവും അതിലുപരി പതിന്മടങ് ആകർഷണവതിയുമായിരുന്നതിനാൽ ബൗഷായിയുടെ  നിറവയർ ഒരു പരിധിവരെ അദൃശ്യമായിരുന്നു.

ക്രിസ്തീയാചാരമനുസരിച്ചുള്ള വിവാഹചടങ്ങുകൾക്ക് ശേഷം സ്വീകരണവേദിയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ  ബൗഷായി വേഷവിധാനങ്ങൾ മാറ്റിക്കൊണ്ട് ഒരു പരമ്പരാഗത ചൈനീസ് വധുവായി മാറിയതും വീണ്ടും വളരെ ആകർഷണീയമായി മാറി. പള്ളിയോടു ചേർന്നു തന്നെയുള്ള ഹാളിലാണ് സ്വീകരണം ഒരുക്കിയിരുന്നത് അതുവരെയും നീളത്തിൽ വിരിച്ച ചുവന്ന പരവതാനിയുടെ ഇരുവശവും അതിഥികളെല്ലാവരും തന്നെ നിൽക്കുകയും  വാദ്യമേളങ്ങളോടെ വധൂവരന്മാരെ ആനയിക്കുകയും ചെയ്തു.  

ഏറ്റവും മുന്നിൽ വിളക്കേന്തിയ ഒരു കൊച്ചുകുട്ടിയുടെ ഗമയോടുള്ള നടത്തം  ഘോഷയാത്രയെ നയിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ചു. വധൂവരന്മാരുടെ പിന്നിൽ അവരുടെ ബന്ധുക്കളും ഏറ്റവും പിന്നിൽ നന്മയുടെ പ്രതീകമായി അണിയിച്ചൊരുക്കിയ സിംഹത്തിന്റെ ശിരസ്സും. എല്ലാ അതിഥികളും ഉപവിഷ്ട രായതിനുശേഷം ആഡം കേക്ക് മുറിച്ചു പകർന്നപ്പോൾ വീണ്ടും ചുംബിക്കണമെന്ന ആവശ്യം അതിഥികളിൽ നിന്നുമുയർന്നു.  ചുംബിച്ചതിനു ശേഷം ആഡം വീണ്ടും ആചാരമനുസരിച്ചു വധുവിനെ കൈകളിൽ ഉയർത്തിയപ്പോൾ കരഘോഷത്തോടൊപ്പം അതിഥികൾ നൃത്തച്ചുവടുകളും തുടങ്ങി. വിഭവസമൃദ്ധമായ വിവാഹ വിരുന്ന് ആസ്വാദ്യകരമായിരുന്നു. ചൈനീസ് വിഭവങ്ങളോടൊപ്പം രുചിയേറിയ പാശ്ചാത്യ വിഭവങ്ങളും.

ആഘോഷത്തോടെയുള്ള  വിവാഹസൽക്കാരത്തിനുശേഷം വരൻ വധുവിനെ അവളുടെ  മാതാപിതാക്കളിൽ നിന്നും ഏറ്റുവാങ്ങുവാൻ വധുവിന്റെ ഗൃഹത്തിൽ പോകുന്ന ചടങ്ങിനോടൊത്തു വധുവിന്റെ ബന്ധുക്കൾ വരന്റെ ക്ഷമാശക്തിയെ പരീക്ഷിക്കുന്നതും പതിവാണ്. ചൈനീസ് ഭാഷ അത്ര വശമില്ലാത്ത ആഡത്തിനെ ബൗഷായിയുടെ ബന്ധുമിത്രാദികൾ  ശരിക്കും ചുറ്റിക്കുക തന്നെ ചെയ്തു. വിവാഹമെന്നത് ഒരു കർമ്മം മാത്രമല്ലെന്നും പരസ്പരം പരിചയമില്ലാത്ത കുടുംബങ്ങൾ തമ്മിലുള്ള സംയോജിക്കലാണ് എല്ലാ ചടങ്ങുകളുടെയും ഉദ്ദേശ്യമെന്ന്  അറിവുണ്ടായിരുന്ന ആഡത്തിന് കൂടുതൽ പരീക്ഷണങ്ങളിലും തോൽവി മാത്രമായിരുന്നു. 

എന്നാൽ മത്സരങ്ങളെയെല്ലാം തന്നെ അതിന്റെതായ ലാഘവത്തോടെ കാണുവാനുള്ള നർമബോധവും  ആഡത്തിനുണ്ടായിരുന്നതിനാൽ ഓരോ പ്രാവശ്യവും തോൽക്കുമ്പോൾ കയ്യിൽ ചുവന്ന കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ബ്രിട്ടിഷ് രാജ്ഞിയുടെ പടമുള്ള നോട്ടുകൾ കൊടുക്കുവാൻ മടിയില്ലായിരുന്നു. എല്ലാ ബന്ധുമിത്രാദികളുടെയും സാക്ഷ്യത്തിൽ ബൗഷായിയുടെ മാതാപിതാക്കളുടെ പൂർണ്ണ അനുഗ്രഹത്തോടെ വരന്റെ വീട്ടിലേയ്ക്ക് യാത്രയായി.

മധുവിധുനാളുകൾക്കായുള്ള മധുരക്കിനാവുകൾ  നേരത്തെ കൊഴിഞ്ഞിരുന്നതിനാലും കടിഞ്ഞൂൽ പ്രസവം ആഡത്തിന്റെ മമ്മ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെ വേണമെന്നാഗ്രഹിച്ചിരുന്നതിനാലും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മടക്കയാത്ര ഒരുക്കിയിരുന്നു. രണ്ടാം ദിവസം തന്നെ ആഡത്തിന്റെ ബന്ധുമിത്രാദികൾ  തിരികെപ്പോയി.  ബൗഷായിയുടെ മാതാപിതാക്കളോട് യാത്രപറയുവാനുള്ള യാത്രയിൽ സഞ്ചരിച്ച വാഹനം  അപ്രതീക്ഷിതമായി മറ്റൊരു വാഹനവുമായി ഉരസിയപ്പോളുണ്ടായ ആഘാതത്തിൽ ഗർഭസ്ഥ ശിശുവിനെ ആവരണം ചെയ്തിരുന്ന അമ്നിയോട്ടിക് ദ്രാവകം പൊട്ടിയൊഴുകുവാൻ തുടങ്ങി.

ആശുപതിയിലെത്തി അധികം വൈകാതെ സുഖപ്രസവത്തിലൂടെ അലിക്‌സാ ജനിച്ചു. മൻഡാരിനിൽ മഹത്ത്വത്തിന്റെ സമ്മാനമെന്ന് അർഥമുണ്ടെങ്കിലും നാമകരണം ആഡത്തിന്റെ പിതാവിന്റെ സമ്മാനമായിരുന്നു. സുഖപ്രസവമായിരുന്നതിനാലും അമ്മയും കുഞ്ഞും ആരോഗ്യവതികളായിരുന്നതിനാലും ആഡം രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെപ്പോന്നു. യാത്രയ്ക്ക് തയ്യാറാകുവാൻ ബൗഷായിയ്ക്ക് വീണ്ടും  മൂന്ന് മാസമെടുത്തു അതോടൊപ്പം തന്നെ യാത്രാരേഖകൾ തയ്യാറാക്കുവാനായി അലിക്‌സായ്ക്ക് ചൈനയുടെ പൗരത്വവും ലഭിച്ചു.

അലിക്‌സായുടെ പരിചരണത്തിന് വേണ്ടി മാത്രം ബൗഷായി ഒരു വർഷത്തിൽ കൂടുതൽ സാധാരണ കുടുംബിനിയുടെ കടമകൾ മാത്രം നിർവഹിച്ചു ജീവിച്ചിരുന്നതിനുശേഷമാണ് വീണ്ടും പ്രവർത്തന മേഖലകളിൽ സജീവമായത്. മാസത്തിലൊരിക്കലെങ്കിലും ആഡത്തിന്റെ മാതാപിതാക്കൾക്ക് അലിക്‌സായെ കാണണമെന്ന നിർബന്ധമൊഴിച്ചാൽ സുഗമമായ കുടുംബജീവിതത്തിന് ഇരട്ടിമധുരമായി പോമറേനിയൻ നായയായ ചാർളിയും കൂടി. അലിക്‌സയ്ക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ ജോലിയിൽ പ്രവേശിച്ചു താമസിയാതെ തന്നെ ബീയും ഉദരത്തിലെത്തി. പിന്നീടുള്ള എല്ലാ വാരാന്ത്യങ്ങളിലും ആഡത്തിന്റെ മാതാപിതാക്കൾ സഹായത്തിനെത്തിയത് ഉപകാരപ്രദമായി. 

ബീയുമിന്റെ ജനനം ഇംഗ്ലണ്ടിലായിരുന്നു. പൂർണ ആരോഗ്യമുള്ള കുട്ടിയായി ജനിച്ചെങ്കിലും മുലയൂട്ടലിനോട് അധികം താല്പര്യം പ്രകടിപ്പിക്കാതെ വന്നപ്പോൾ കുപ്പിയിലൂടെയുള്ള ശ്രമമാരംഭിച്ചു പക്ഷെ അതിനോടും വിരക്തിയായപ്പോൾ ആകാംക്ഷയേറി. പൊതുവെ വെളുത്തിരുന്ന ചർമഭാഗങ്ങളിൽ നീലനിറം വ്യാപിച്ചപ്പോൾ ആശങ്കയേറി. പലയാവർത്തിയായപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ബീയുമിന്  ഹൈപ്പോഗ്ലൈസീമിയ സ്ഥിരീകരിച്ചു. ആയിരത്തിൽ രണ്ടോ മൂന്നോ ശിശുക്കൾക്കുണ്ടാകുവാൻ സാധ്യതയുള്ള രോഗം. രക്തത്തിൽ പഞ്ചസാരയുടെ കുറവുണ്ടാകുന്ന അവസ്ഥ, പൂർണ്ണ ആരോഗ്യമുള്ള മാതാപിതാക്കന്മാർ ആയിരുന്നിട്ടും ബീയുമിക്ക് ഇതെങ്ങനെ സംഭവിച്ചു എന്നു മാത്രം ആർക്കും മനസിലാവുന്നില്ല. പിന്നീടുള്ള ദിനങ്ങൾ കൂടുതൽ കരുതലിന്റേതായി മാറി. ആറുമാസത്തിനുള്ളിൽ തന്നെ ബീയുമിന്റെ സ്ഥിതിയിൽ മാറ്റമുണ്ടായി.

ബൗഷായിയുടെ അച്ഛന്റെ ഹൃദ്രോഗമാണ് അടിയന്തരമായി ഹോങ്കോങ്ങിലേക്കു കുടുംബസമേതം തിരിക്കുവാൻ നിർബന്ധിതമായത്. അപ്പോൾ മാത്രമാണ്  ബീയുമിന് മതിയായ യാത്രാ രേഖകളില്ലായെന്ന്  തിരിച്ചറിയുന്നതും. തീവ്രപരിചരണത്തിൽ മരണത്തോട് മല്ലിടുന്ന പിതാവിന്റെ അന്ത്യാഭിലാഷമാണ് ബീയുമിനേ കാണണമെന്നതു ചൈനീസ് എംബസി ഉദ്യോഗസ്ഥർക്ക്  ബോധ്യപെട്ടപ്പോൾ താൽക്കാലികമായ  യാത്രാ രേഖകൾ നൽകുവാൻ തയ്യാറായി. 

ചൈനീസ് പുതുവത്സരത്തിന്റെ തിരക്കായതിനാൽ ടിക്കറ്റ് കിട്ടുവാനും താമസിച്ചു. ബൗഷായിയെയും കുടുംബത്തിനെയും കണ്ടപ്പോൾ അച്ഛന്റെ മുഖം പ്രസന്നമായെങ്കിലും സംസാരിക്കുവാൻ സാധിക്കുന്നില്ല. അഞ്ചാം ദിവസം അച്ഛന്റെ ആത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു.  മരണാനന്തര ചടങ്ങുകൾ നടത്തുവാനും അച്ഛന്റെ ആഗ്രഹപ്രകാരം ശരീരം ദഹിപ്പിക്കുവാനും വീണ്ടും അഞ്ചു ദിവസം വേണ്ടിവന്നു. ചിതാഭസ്മം ലഭിച്ചപ്പോളാണ് അറിയുന്നത് ചൈനയിലെ വുഹാൻ പട്ടണത്തിലേ കുടുംബവീട്ടിൽ തന്നെ പ്രതിഷ്ഠിക്കണമെന്ന അന്ത്യാഭിലാഷം.

അച്ഛന്റെ പ്രഥമപുത്രി എന്നനിലയിൽ ബൗഷായി തന്നെ പ്രതിഷ്ഠിക്കണമെന്ന ആചാരം ഏറ്റെടുക്കുവാൻ ആഡമാണ് നിർബന്ധിച്ചത്. ഹോങ്കോങ്ങിൽ നിന്നു വിമാനയാത്രയ്ക്ക് പകരം തീവണ്ടിയാത്രയാക്കിയതിനു പിന്നിൽ ചൈനയുടെ വശ്യസുന്ദരമായ നാട്ടിൻപുറങ്ങൾ  കാണുവാനുള്ള മോഹവും. അച്ഛന്റെ കുടുംബവീട് തിരക്കേറിയ വുഹാൻ പട്ടണത്തിൽ നിന്നുമകന്ന്  പ്രകൃതിരമണീയമായ ഗ്രാമത്തിലാണ്. പ്രകൃതിസ്നേഹിയും കൃഷിക്കാരനുമായ സഹോദരനാണ് സംരക്ഷിക്കുന്നത്. ചടങ്ങുകളെല്ലാം പൂർത്തിയായപ്പോൾ മടക്കയാത്രക്ക് തിടുക്കം കൂട്ടിയതിനെ തടുത്തത് ആസന്നമായ ചൈനീസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകുവാനുള്ള ക്ഷണം, അതിലുപരി   അപങ്കിലമായ പ്രകൃതിയുടെ ശാലീന സൗന്ദര്യം ആസ്വദിക്കാനുള്ള മോഹവും. 

രണ്ടാം ദിവസം വൈകുന്നേരമായപ്പോൾ ബീയുമിന്  ചെറിയ പനിയും ശ്വാസം മുട്ടലുമാരംഭിച്ചു. പാരസെറ്റമോൾ കഴിച്ചപ്പോൾ ആശ്വാസം തോന്നിയെങ്കിലും പിറ്റേന്ന് രാവിലെ പനികൂടുവാൻ തുടങ്ങിയപ്പോൾ വുഹാനിലെ ജിനിന്റാൻ ആശുപത്രിയിലേക്ക് തിരിച്ചു.  ശിശുവിഭാഗത്തിൽ വലിയ തിരക്കനുഭവപ്പെട്ടില്ലെങ്കിലും ആശുപത്രിയിലാകെ പരിഭ്രാന്തി നിഴലിച്ചിരുന്നു.  കുട്ടിയെ പരിശോധിച്ച ഉടനെ തന്നെ അഡ്മിറ്റ് ചെയ്യുവാൻ നിർദേശിച്ചതിനൊപ്പം ആൻറിബയോട്ടിക്കും തുടങ്ങി. തിരക്കേറിയതിനാൽ ഒരാളൊഴികെ മറ്റെല്ലാവരും തിരികെപ്പോകുവാൻ ആവശ്യപ്പെട്ടു.  

ആഡം അടുത്തൊരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേദിവസം രാവിലെ തന്നെ വുഹാനിൽ ഉത്ഭവിച്ച ഏതോ അജ്ഞാത സാംക്രമിക രോഗത്തെക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ വ്യാപിക്കുവാൻ  തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. ഡോക്ടർമാരും മറ്റു അധികാരികളും സമാധാനിപ്പിച്ചപ്പോഴും ആഡം ബ്രിട്ടനിലേക്കു തിരികെപ്പോകുവാൻ ശഠിച്ചു. പക്ഷേ  ബീയുമിന് ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം വേണ്ടി വരുമെന്നതിനാൽ അതനുസരിച്ചുതന്നെ യാത്ര തരപ്പെടുത്തി. രണ്ടാം ദിവസം സ്ഥിതിഗതികൾ കൂടുതൽ വഷളായി.

കൊറോണാ വൈറസാണ് അജ്ഞാതരോഗത്തിന്റെ മൂലകാരണമെന്നു സ്ഥിരീകരിച്ചു അലിക്‌സായെ സംരക്ഷിച്ചുകൊണ്ട് ആഡം ഹോട്ടലിൽ തന്നെ താമസിച്ചു. മൂന്നാം ദിവസം ബീയുമിന്  ആശ്വാസമായതും യാത്രയ്‌ക്കൊരുങ്ങി. എന്നാൽ ഡോക്ടർമാർ വിസമ്മതിച്ചു സ്രവമെടുത്ത പരിശോധനാഫലങ്ങൾ ലഭിച്ചിട്ടില്ല. യാത്ര രണ്ടു ദിവസത്തേയ്ക്ക് മാറ്റി വച്ചു. ആഡത്തിന് ഹോട്ടലിൽ നിന്നും മാറുവാനുള്ള മുന്നറിയിപ്പും ലഭിച്ചു. നാലാം ദിവസം വുഹാൻ പട്ടണം നിശ്ചലമായി. ചൈനയിൽ എല്ലായിടത്തും കൊറോണാ വ്യാപിച്ചതിനാൽ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യവും റദ്ദാക്കി. 

അഞ്ചാം ദിവസം ബീയുമിന് കൊറോണ ബാധയില്ലെന്നു സ്ഥിരീകരിച്ചു, എല്ലാവരും വിമാനത്താവള ത്തിലെയപ്പോൾ ചൈനീസ് പൗരന്മാരുടെ സഞ്ചാരനിയന്ത്രണത്തോടൊപ്പം രാജ്യാന്തര യാത്രകളും അനിശ്ചിതമായി റദ്ദാക്കി. ചൈനീസ് പൗരത്വം മാത്രമുള്ള  ബൗഷായിയും കുട്ടികളുടെയും അഭ്യർത്ഥനകൾ മാനിക്കുവാൻ അധികൃതർ തയ്യാറായില്ല. ബ്രിട്ടീഷ് പൗരനായ ആഡം തിരികെപോവുക തന്നെ വേണമെന്ന് ശഠിച്ചു. ഗത്യന്തരമില്ലാതെ ബൗഷായി പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആഡത്തിന്  യാത്രാനുമതി നൽകിയപ്പോൾ അമിതമായ ആത്മവിശ്വാസത്തെ പഴിച്ചുകൊണ്ട് ആഡം  യാത്രയായി.

ബൗഷായിയും കുട്ടികളും വീണ്ടും ആശുപത്രിയിലെത്തി സ്രവപരിശോധനയ്ക്ക് വിധേയരായി ഗ്രാമത്തിലേക്ക് തിരിച്ചു. രണ്ടുദിവസം മുമ്പുവരെയും ജനനിബിഡമായിരുന്ന നഗരം തീർത്തും വിജനമായി വഴിയാത്രക്കാരും  വാഹനങ്ങളുമില്ലാത്ത  നിരത്തുകൾ  മൂന്ന് മൈലിനുള്ളിൽ തന്നെ അഞ്ചു പോലീസ് ബാരിക്കേഡുകൾ.  ബൗഷായിയുടെ പിതാവിന്റെ ബന്ധുക്കൾ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. കുടുംബവീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നെങ്കിൽ കൂടിയും ബൗഷായിവളരെ അസ്വസ്ഥയായിരുന്നു, വർഷങ്ങൾക്ക് ശേഷം ആഡത്തിനെ പിരിഞ്ഞപ്പോൾ ജീവിതത്തിൽ സംരക്ഷണം നഷ്ടപ്പെട്ട പ്രതീതി. 

ബ്രിട്ടണിലെത്തിയ ആഡം കുടുംബത്തിന്റെ വിസയ്ക്കുവേണ്ടിയുള്ള ഓട്ടത്തോടൊപ്പം അനുനിമിഷം സമ്പർക്കത്തിലുമിരുന്നു. മൂന്നാം ദിവസം അലിക്‌സാ കുത്തി ചുമക്കുന്ന ശബ്ദം കേട്ടാണ്  ബൗഷായി ഉണർന്നത്, വാരിയെടുത്തു ചൂട് നോക്കി, ലേശമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സംഭ്രമം ജനിപ്പിക്കുന്നവ, ഉടൻതന്നെ ആഹാരം കൊടുത്തിട്ടു പരസിറ്റമോൾ കഴിപ്പിച്ചു. ബന്ധുക്കളെല്ലാവരും ആശങ്കാകുലരായി ആഡത്തിന്റെ ഉപദേശത്തിൽ മറ്റൊന്നും ഗൗനിക്കാതെ കുട്ടികളെയും കൂട്ടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. 

ഗ്രാമാതിർത്തിയിലെത്തിയപ്പോൾ ഞെട്ടിപ്പോയി ഗ്രാമവും പട്ടണവും തമ്മിൽ ബന്ധിക്കുന്ന പാതയിൽ വലിയ ഗർത്തം കുഴിച്ചിട്ടിരിക്കുന്നു. മനുഷ്യരിലൂടെ മാത്രം പ്രചരിക്കുന്ന കൊറോണയെ ചെറുക്കുവാൻ മനുഷ്യർ തമ്മിലുള്ള സമ്പർക്കമകറ്റുവാനുള്ള  ഗ്രാമവാസികളുടെ ബുദ്ധിയ്ക്ക് തന്റെ പൊന്നുമോളുടെ ജീവൻ അപകടത്തിലാക്കുകയാണ്. വാഹനത്തിൽ നിന്നുമിറങ്ങി കുട്ടികളെയും കൂട്ടി നടക്കുവാൻ തീരുമാനിച്ചു.‌

ദുഖമുള്ളിൽ കടിച്ചമർത്തി വിങ്ങുന്ന മനസോടെ വിജനമായ പാതയിലൂടെ ആശുപത്രി ലക്ഷ്യമാക്കി നടക്കുവാൻ തുടങ്ങി. ഭാരവും പേറിയുള്ള നടത്തം ഏറെ ക്ലേശകരമായിരുന്നു എന്നാലും കുട്ടികളുടെ ജീവിതം സംരക്ഷിക്കുകയാണ് പരമപ്രധാനം. അരമൈലിനുള്ളിൽ വീണ്ടും മുന്നിലുള്ള വഴി കട്ടകൾകെട്ടി അടച്ചിരിക്കുന്നു. ഭാഗ്യത്തിന് മറുവശത്തുനിന്നു മറുപടി ലഭിച്ചു. കാര്യങ്ങൾ വിവരിച്ചപ്പോൾ അപ്പുറം കടക്കുവാൻ ഒരു ഏണി വച്ചുതന്നു അതോടൊപ്പം ലഘുഭക്ഷണവും നൽകുവാൻ നല്ലവരായ ഗ്രാമീണർ മറന്നില്ല. വീണ്ടും നടക്കുവാൻ തീരുമാനിച്ചു എന്നാൽ ഭാഗ്യമോ ദൈവാനുഗ്രഹമോ എവിടെനിന്നോ ഒരു പൊലീസ് വാഹനമെത്തി ആശുപത്രിയിലെത്തിക്കുവാൻ തയ്യാറായി. 

തളർന്നിരുന്ന കുട്ടികൾ വാഹനത്തിൽ കയറിയ ഉടനെ മടിയിലേക്കു ചാഞ്ഞുവീണു. വിങ്ങിപൊട്ടുന്ന ഹൃദയത്തിൽ നിന്നുള്ള ഏങ്ങലുകൾ വളരെ സാഹസപ്പെട്ടുതന്നെ ഉള്ളിലൊതുക്കി നിറുത്തി. എല്ലാവരുമുണ്ടായിട്ടും ആപത്തുനേരത്തു ആരൊരുമില്ലാതെ പൊട്ടിക്കരയുവാനുംകൂടി സാധിക്കാത്ത അവസ്ഥ. തങ്ങളെ നേരത്തെ പരിശോധിച്ച  വുഹാനിലെ ജിനിന്റാൻ ആശുപത്രിയിലേക്ക് തന്നെ പോകുവാൻ അപേക്ഷിച്ചു. എന്നാൽ ആശുപത്രി കവാടത്തിൽ തന്നെ  ഉപരോധമേർപ്പെടുത്തിയിരിക്കുന്നു രോഗികളെകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ അത്യാസന്നരായ രോഗികളെപ്പോലും എടുക്കുന്നില്ല. ആരെയും കടത്തിവിടരുന്ന കർശനനിർദ്ദേശം. കൂടെയുള്ള പൊലീസുദ്യോഗസ്ഥൻ നേരെ കുട്ടികളുടെ ആശുപത്രിയിലേയ്ക് തിരിച്ചു, അതോടൊപ്പം  അലിക്‌സായുടെ ചുമ കഠിനമായപ്പോൾ എല്ലാവർക്കും മുഖാവരണം ധരിക്കുവാൻ നിർദ്ദേശിച്ചു.

കുട്ടികളുടെ ആശുപത്രിയിലും ഇടമില്ലായെന്ന ബോർഡുണ്ടായിരുന്നെങ്കിലും പൊലീസുദ്യോഗസ്ഥൻ ഉള്ളിലേക്കു നയിച്ചു. ഏറെനേരത്തെ കാത്തിരിപ്പിനുശേഷം ഡോക്ടറെത്തി പരിശോധിച്ചു, സ്രവപരിശോധ നാ ഫലം ലഭിക്കാത്തതിനാൽ തത്‌കാലത്തേക്കു മരുന്നു കൊടുത്തിട്ട് പിറ്റേദിവസമെത്തുവാൻ നിർദ്ദേശിച്ചു. വീണ്ടും പോലീസുദ്യോഗസ്ഥന്റെ സഹായത്താൽ അടുത്തൊരു ഹോട്ടലിൽ ഒരു ദിവസത്തേയ്ക്ക് മുറി അനുവദിച്ചുകിട്ടി. അലിക്‌സായുടെ അസുഖവിവരമറിഞ്ഞ ആഡം ആകെത്തകർന്നിരുന്നു യാത്ര ഇൻഷ്വർ ചെയ്തിരുന്ന കാര്യം ഓർമ്മവരുകയും കമ്പനിയെ സമീപിക്കുവാനും ശ്രമിച്ചുകൊണ്ടിരുന്നു. 

രാത്രിയിൽ ആഹാരം കഴിച്ചെങ്കിലും അലിക്‌സായ്ക്ക് പനിയും ചുമയും കൂടിവന്നു. ഇടതടവില്ലാതെ നെറ്റിയിൽ നനച്ച തുണിവെച്ചു പനി നിയന്ത്രിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. നേരം പുലർന്നതും തിടുക്കത്തിൽ കുട്ടികളുടെ ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ച ഡോക്ടർ കിടത്തുവാൻ നിർദ്ദേശിച്ചെങ്കിലും ബെഡ്‌ഡില്ലായിരുന്നു. ഒരു ടാക്സിയിൽ മറ്റ് രണ്ടാശുപത്രികളിലെത്തിയെങ്കിലും ഇടം ലഭിച്ചില്ല. വളരെ ദൂരെയുള്ള മറ്റൊരാശുപത്രിയിലേക്കുള്ള യാത്രയിൽ അലിക്‌സായ്ക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ പൊട്ടിക്കരയുവാൻ മാത്രമാണ് സാധിച്ചത്. 

വഴിയരുകിൽ റെഡ് ക്രോസിന്റെ ഒരു ആംബുലൻസ് കണ്ടതും മോളെയും വാരിയെടുത്തു ചെന്നപ്പോൾ തന്നെ ഉള്ളിൽ കിടത്തി പ്രാണവായു നൽകുവാൻ തുടങ്ങി. പിന്നീട് ആംബുലൻസിലുള്ള പ്രയാണമായിരുന്നു, പല ആശുപത്രിയിൽ ചുറ്റിയ ശേഷം ഒരിടത്തിടം ലഭിച്ചു. ഉടനെ തന്നെ കുട്ടിയെ തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തപ്പോൾ മാത്രമാണ് ആശ്വാസമായത്. താമസിയാതെ തന്നെ ആഡത്തിന്റെ സന്ദേശവുമെത്തി രണ്ടു ദിവസത്തിനുള്ളിൽ ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയ്ക്കുള്ള  ഒരുക്കങ്ങൾ ഇൻഷുറൻസ് കമ്പനി പൂർത്തിയാക്കുന്നു.

English Summary : Coronakkalathe Raajyanthara Athijeevanam Story By Roy Stephen

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;