sections
MORE

പായല്‍ മൂടിയ സ്വപ്ന കല്‍പടവുകളില്‍ നിന്ന്; ആ  മഴയിന്നും‍ തെന്നിത്തെറിച്ച് പെയ്തു കൊണ്ടേയിരിക്കുന്നുമുണ്ട്...

തോരാതെ പെയ്ത മഴയോര്‍മ്മകള്‍ (കഥ)
പ്രതീകാത്മക ചിത്രം
SHARE

തോരാതെ പെയ്ത മഴയോര്‍മ്മകള്‍ (കഥ)

നഷ്ട സ്വപ്നങ്ങളെ വാരി പുണര്‍ന്നുറങ്ങിയ  രാത്രികളിലൊക്കെ   വേനല്‍ക്കാടുകളെ നനയിച്ച്  ഓര്‍മ്മകളുടെ മൂവാണ്ടന്‍ മാവില്‍ നിന്നടര്‍ന്ന് വീണ  തേന്‍കനികള്‍ പോലെ തോരാതെ പെയ്യാറുണ്ട് ഇന്നുമാ  നനുത്ത മഴ.....

ഓരോ മഴയും ഒരോ ഓര്‍മ്മയാണെന്ന് ഏതോ മഹാത്മാവ് പറഞ്ഞതെത്ര ശരിയാണ്. ഇനിയൊരിക്കൽ  പോലും ഓര്‍മ്മകളുടെ ചെമ്മണ്‍ പാതകളിലാവര്‍ത്തിക്കാന്‍ കഴിയാത്തവണ്ണം പായല്‍ മൂടിയ സ്വപ്ന കല്‍പടവുകളില്‍ നിന്ന്  ആ  മഴയിന്നും‍ തെന്നി തെറിച്ച് പെയ്ത് കൊണ്ടേയിരിക്കുന്നുമുണ്ട്....

സ്കൂള്‍ വഴിയിലെ ആ വലിയ വീട്ടിലെ മൂവാണ്ടൻ മാവില്‍ നിന്ന് എറിഞ്ഞ് വീഴ്ത്തിയ മാങ്ങയിൽ നിന്നൊലിച്ചിറങ്ങിയ  മാഞ്ചുണ   മഴ നനച്ച പൂപ്പൽ പടർന്ന തെങ്ങില്‍ ഉരച്ച് പിന്നെ പങ്കിട്ട് കടിച്ച് പറിച്ചത്,  മഴ വെളളം കുത്തിയൊലിക്കുന്ന ഇടവഴിയിലെ ചളി വെളളത്തില്‍ കാല് വെച്ച് വെള്ളം തെറിപ്പിച്ച് അവരേക്കാൾ കൂടുതൽ നനഞ്ഞത് , ഇടവപ്പാതിയിൽ  കയ്യിൽ കരുതിവെച്ച  കുട മടക്കി പിടിച്ചത്. അങ്ങനെയൊക്കെ നനഞ്ഞ് എന്നോടൊപ്പം ഒലിച്ച് വരുന്ന  എന്റെ  ബാല്യത്തെ ഞാനിന്നും തിരയാറുണ്ട് അവർക്കിടയിലൊക്കെ. 

തോരാതെ പെയ്ത മഴയോര്‍മ്മകള്‍ (കഥ)
പ്രതീകാത്മക ചിത്രം

ക്ലാസ് മുറിയിലിരുന്ന് അടച്ചുറപ്പില്ലാത്ത ജനലിലൂടെ  മഴ തുളളികള്‍ പരസ്പരം പ്രണയിക്കുന്നത് നോക്കിയിരുന്നതും, കഞ്ഞിപുരയിലെ എന്നും പുകയാൻ മാത്രം വിധിക്കപ്പെട്ട ആ   അടുപ്പ് മഴയുടെ കുളിരേറ്റ്  കത്താതെ വീണ്ടും വീണ്ടും പുകഞ്ഞുകൊണ്ടിരുന്നത്  പിന്നെ പഞ്ഞികെട്ടുപോലെ പടർന്ന്  മഴയേയും തൊട്ട്-തലോടി ആകാശം പുല്‍കുന്നത്... പുതു മഴയിലെ മണ്ണിൻറെ മണം അമ്മയുണ്ടാക്കുന്ന ഏതോ നാലുമണി പലഹാരത്തിന്റെ സുഗന്ധമാണെന്ന്  കൂട്ടുകാരിയൊരിക്കൽ പറഞ്ഞത്. 

അടുത്ത  വീട്ടിലെ കോഴികള്‍ നനഞ്ഞ് കുതിര്‍ന്ന് സ്കൂൾ വരാന്തയിലിരുന്ന് തൂവലുകള്‍ ഇളക്കിയാട്ടി താളാത്മകമായി കുടഞ്ഞ് ശരിയാക്കുന്നത്, സ്കൂള്‍ വിട്ട് വരുമ്പോള്‍ മഴ തോരാതിരിക്കണേ എന്ന് പ്രാര്‍ഥിച്ച് നിന്നതും, ഒടുവില്‍ മഴ നനഞ്ഞു  വീട്ടിലേക്ക് ഓടിയതും, അമ്മ വഴക്ക് പറഞ്ഞിട്ട്  തല തോര്‍ത്തി തരുന്നതും അടുപ്പിന്‍റെയടുത്ത്  ചൂടോടെ  ചേർന്നിരുന്നതും. പിന്നെ അമ്മ  കാണാതെ അടുക്കള ഭാഗത്തെ മൂലോടില്‍ കൂടി ഒന്നിച്ച് വരുന്ന മഴ വെളളം തട്ടി തെറിപ്പിച്ച് പാട്ട് പാടിയതുമെല്ലാം  ഓര്‍മ്മപുസ്തകത്താളുകളിലെ  നിറമുള്ള മഴ ചിത്രങ്ങളായിരുന്നു…

കൗമാരകാലത്ത്  ഞാനാദ്യം കണ്ട മഴയേയല്ലായിരുന്നു, അത് വല്ലാതെ  മാറിയിരിക്കുന്നു,  ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു,   എന്നേക്കാൾ സുന്ദരി.  ഞാനെന്റെ സ്വപ്‌നങ്ങൾ ഒരു ചലച്ചിത്രം  പോലെ ആ മഴതുള്ളികളിൽ  നോക്കിരുന്ന് കണ്ണു നിറച്ചുകൊണ്ടിരുന്നു . മുറ്റത്തെ പേര മരത്തിന്‍റെ താഴെ ഒറ്റക്കിരുമ്പോൾ  പേരയിലയിലൂടെ താഴേക്ക് ഊർന്ന് വീഴുന്ന തണുപ്പ് ഞാനെന്ന കൗമാരക്കാരിയുടെ മുടിയിഴയിലേക്ക് ചിതറി വീണ് മേലാകെ പടർന്നിരിക്കുന്നു..

തോരാതെ പെയ്ത മഴയോര്‍മ്മകള്‍ (കഥ)
പ്രതീകാത്മക ചിത്രം

യൗവനയുക്തയായ എനിക്ക് ഒരു വെളളത്തുളളിയുടെ സ്പര്‍ശനമോ ചിത്രങ്ങളോ പോലും വേണമെന്നില്ല ആയിരം ചിന്തകളില്‍ നിന്ന് മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിക്കാന്‍  വെറുതെ കണ്ണടച്ച് എന്നിലൂടെ കടന്നുപോയ ആ മഴയെന്ന സ്നേഹത്തെ, തണുപ്പിനെ, ഓർമ്മകളെ വെറുതെ ഓർത്തെടുത്താൽമാത്രം  മതിയാകും. 

English Summary : Thorathe Peytha Mazhayormakal Story By Priya Ravikumar

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;