ADVERTISEMENT

ലോകാവസാനം (കഥ)

മൂന്നാം ക്ലാസ്സിലെ വേനലവധി തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള കണക്കു പരീക്ഷയുടെ അന്നാണ് ഞാൻ ആദ്യമായി ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ  കണ്ടു തുടങ്ങിയത്. പരീക്ഷ ഉച്ചകഴിഞ്ഞായിരുന്നതു കൊണ്ട്, പന്ത്രണ്ടു മണിയോടെ, വീടിനു താഴെയുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു ഞാൻ.  

കണ്ണീരുപോലുള്ള വെള്ളമൊഴുകുന്ന തോട്ടിലേയ്ക്ക് ചാഞ്ഞുകിടന്ന ഈറ്റക്കൂട്ടങ്ങളുടെ  ചോട്ടിലുള്ള അലക്കുകല്ലിൽ, വേലിക്കെട്ടിൽ നിന്നും പറിച്ചെടുത്ത   ചെമ്പരത്തിയിലകൾ ഉരച്ച് താളിയുണ്ടാക്കിക്കൊണ്ടു നിന്നപ്പോഴാണ് ആകാശത്തിന്റെ ഒരു കഷണം  പറന്നുവന്ന് എന്റെ  കൈയിൽ  ഇരുന്നത്. 

മുകളിലെ കടവിൽനിന്നും വെള്ളം കുടിച്ചു പറന്നുപോയ മഞ്ഞക്കുരുവിയെപ്പോലെ എങ്ങനെ പറക്കാം  എന്ന ചിന്തയിലായിരുന്നതുകൊണ്ട് ആ മേഘശകലത്തിന് ആദ്യം അർഹിക്കുന്ന പ്രാധാന്യം കൊടുത്തില്ല. പക്ഷേ...

കൊഴുകൊഴുത്ത  പച്ചനിറമുള്ള താളി തലയിൽ തേച്ചുപിടിപ്പിച്ച്, കുളിസോപ്പ് തീർന്നു പോയിരുന്നതിനാൽ അലക്കുസോപ്പ് കുനുകുനെ കീറിയ വാഴയിലയിൽ പതപ്പിച്ച്,  തേച്ചുകുളിച്ചുതുടങ്ങിയപ്പോൾ  മേഘക്കഷണങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു.  അവ കാറ്റിനൊപ്പം എന്റെ ചുറ്റും പറന്നു നടന്നുതുടങ്ങി. 

അവയിൽ ചിലത് നനഞ്ഞ ദേഹത്തുവീണ് അലിഞ്ഞു പോയി. മറ്റുചിലത് പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം പറമ്പിലൂടെ കളിച്ചുനടന്നു. കുളിക്കാൻ മറന്ന്  ഞാൻ അത്ഭുതപ്പെട്ടു നിന്നു. അപ്പോഴാണ്  ആകാശത്തുനിന്നും കാഹളശബ്ദം കേട്ടുതുടങ്ങിയത്.

ലോകാവസാനം (കഥ)
പ്രതീകാത്മക ചിത്രം

ഞാൻ മുകളിലേയ്ക്കു നോക്കി. തെളിഞ്ഞ നീലാകാശത്ത്  വെള്ളമേഘത്തിന്റെ ഒരു നീണ്ട വര. അതിനു താഴെയായി വേഗത്തിൽ പറക്കുന്ന മേഘക്കൂട്ടങ്ങൾ. എന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു. ഹൃദയം പെരുമ്പറ കൊട്ടി. വല്യമ്മച്ചി തലേന്ന് രാത്രി വായിച്ച ബൈബിൾ ഭാഗങ്ങൾ എന്റെ ചെവികളിൽ മുഴങ്ങി.

‘അവസാനനാളുകളിൽ സൂര്യൻ ഇരുണ്ടു പോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും.’

ലോകാവസാനമാണ്...ആകാശം ഇടിഞ്ഞുതുടങ്ങി. ഇനി പലതും സംഭവിക്കും... ഞാൻ പേടിച്ചു വിറച്ചു. സോപ്പുപോലും കഴുകിക്കളയാൻ നിൽക്കാതെ വീട്ടിലേക്കോടി. സൂര്യൻ ഇരുളുന്നതിനു മുൻപ് വീട്ടിലെത്തണമല്ലോ!

നക്ഷത്രങ്ങൾ താഴോട്ട് വീഴുമ്പോൾ എവിടെ ഒളിക്കുമെന്നതായിരുന്നു ആ ഓട്ടത്തിനിടയിൽ എന്റെ ചിന്ത മുഴുവൻ. ഉടുത്തിരുന്ന കുഞ്ഞുതോർത്ത്‌ എവിടെയോ ഉടക്കി പറിഞ്ഞുപോയതൊന്നും അറിഞ്ഞതേയില്ല.

ഓടിട്ട വീടായതിനാൽ നക്ഷത്രങ്ങൾ വീണ് ഓടുപൊട്ടാൻ സാധ്യതയുണ്ട്. കട്ടിലിനടിയിൽ ഒളിക്കാമെന്നു വച്ചാൽ ഒത്തിരി നക്ഷത്രങ്ങൾ ഒന്നിച്ചു വീണാൽ കയറുകൊണ്ടുള്ള കട്ടിൽ പൊട്ടിപ്പോകാം.

ലോകാവസാനം (കഥ)
പ്രതീകാത്മക ചിത്രം

എന്തായാലും വീട്ടിലെത്തിയപ്പോഴേയ്ക്കും വല്യമ്മച്ചിയുടെ മുറിയിലുള്ള കോൺക്രീറ്റ് ഷെൽഫിന്റെ അടിയിൽ ഒളിച്ചിരിക്കാം  എന്ന് ഞാൻ തീരുമാനിച്ചുറച്ചിരുന്നു. എനിക്കും വല്യമ്മച്ചിക്കും അനിയനും അനിയത്തിക്കും ഒളിക്കാനുള്ള ഇട ആ ഷെൽഫിനടിയിലുണ്ട് . പക്ഷേ വീട്ടിലില്ലാത്ത ചാച്ചനും അമ്മയും എവിടെ ഒളിക്കും? അതോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു.

പിന്നീട് പലപ്പോഴും വല്യമ്മച്ചി അടുത്ത വീട്ടിലെ വല്യമ്മയുടെ കൂടെയിരുന്ന്, ലോകത്തിൽ നടക്കുന്ന തിന്മകളെയോർത്ത് വിഷമിച്ച്,  കന്മഴ പെയ്യിച്ചപ്പോഴും തീമഴ പെയ്യിച്ചപ്പോഴും എന്റെ കുഞ്ഞു മനസ്സ് അഭയം തേടിയത് ആ ഷെൽഫിനടിയിലായിരുന്നു.

ലോകാവസാനം (കഥ)
പ്രതീകാത്മക ചിത്രം

പരീക്ഷയ്ക്ക് പോകാൻ സമയമായപ്പോൾ  ദേഹത്തു മുഴുവൻ സോപ്പുമായി ഹവ്വയെപ്പോലെ കയറിച്ചെന്ന എന്നെക്കണ്ട്‌ വല്യമ്മച്ചിക്കു ഹാലിളകി. ലോകാവസാനമാണെന്നൊന്നും പരിഗണിക്കാതെ രണ്ടു തല്ലും തന്ന് നിർദാക്ഷിണ്യം  വീണ്ടും തോട്ടിലേയ്ക്ക് പറഞ്ഞുവിട്ടു.എന്റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാവാം, എന്തായാലും അന്നു ലോകം അവസാനിച്ചില്ല.

പിന്നീട് എല്ലാ വല്ല്യപരീക്ഷയുടെ സമയത്തും ആകാശം ഇടിഞ്ഞു വീണുകൊണ്ടിരുന്നു.  ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ പറമ്പിലെ ആ വലിയ പഞ്ഞിമരം ചാച്ചൻ വെട്ടിക്കളയുന്നതുവരെ...

English Summary: Lokavasanam Story By Lincy Varkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com