ADVERTISEMENT

ഈ കൊറോണ കാലം നൽകുന്ന തിരിച്ചറിവ് ( അനുഭവക്കുറിപ്പ്)

യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് നഴ്സറികൾ അടയ്ക്കുന്നു എന്ന വാർത്ത UAE എഡ്യൂക്കേഷൻ മിനിസ്ട്രി പുറത്തു വിട്ടത്. അതും രണ്ടു ആഴ്ചക്കാലത്തേക്ക്. ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. ഞങ്ങളുടെ  മൂന്നു വയസ്സുകാരിയെ ഇനി എന്ത് ചെയ്യും. മാറി മാറി ലീവ് എടുക്കാം എന്ന് തീരുമാനിച്ചാലും രണ്ടു വീക്ക് മാനേജ് ചെയ്യുക എളുപ്പമല്ല.

ഒന്നാം ദിവസം എന്റെ ഊഴമായിരുന്നു. മോളെ ഉണർത്തിയില്ല ഉറങ്ങട്ടെ മതിയാവോളം. എന്നും കിടക്കപ്പായയിൽ നിന്നെടുത്തു പല്ലും തേപ്പിച്ചു കാർസീറ്റിലെ ബെൽറ്റ് കെട്ടി നാല് ടിഫിൻ ബോക്സും ഒരു ബോട്ടിൽ വെള്ളവുമായി ഫിലിപ്പിനോ ചേച്ചിമാരുടെ അടുത്ത് ആക്കിയിട്ടു  പോകുന്നതാണ്. വൈകുന്നേരം ആറ് മണി വരെ. വീട്ടിലെത്തിയാൽ ആദ്യം എടുത്തു നോക്കുന്നത് അവളുടെ ടിഫിൻ ബോക്സുകളാണ്. മിക്കവാറും ദിവസങ്ങളിൽ, പാക്ക് ചെയ്തത് പോലെ തന്നെ തിരിച്ചു വരാറുള്ള ബോക്സുകൾ. ‘‘We have a no force feeding policy ’’ എന്നുള്ള  മോളുടെ ക്ലാസ് ടീച്ചറിന്റെ മറുപടിക്കു മുന്നിൽ ഞാൻ എന്നും നിശബ്ദയായി.

ആദ്യത്തെ ഒരാഴ്ച ആശങ്കകളും അനിശ്ചിതത്വങ്ങളുമായി കടന്നു പോയി. രണ്ടു ആഴ്ച എന്നുള്ളത് ഒരു മാസം ആയി. ഓരോ ദിവസവും ഞാൻ എന്റെ കുഞ്ഞിനെ അദ്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഒരു ദിവസം നാല് മണിക്കൂർ എന്ന കണക്കിൽ നിന്ന് 24  മണിക്കൂറും  കുഞ്ഞിന്റെ കൂടെ. മുൻപ് കിട്ടിയിരുന്ന നാല് മണിക്കൂറുകളിൽ മുക്കാൽ മണിക്കൂറോളം  യാത്രക്കും ഒരു  മണിക്കൂറോളം വീട്ടു ജോലികൾക്കും ആയി പോകും. പിന്നെ ആകെ കഷ്ടിച്ച് കിട്ടുന്ന 2 മണിക്കൂറിൽ കൊടുക്കാൻ പറ്റുന്നത്ര ഭക്ഷണം കഴിപ്പിക്കുന്നതിൽ മാത്രം ആയിരുന്നു ശ്രദ്ധ. 

ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സമയങ്ങളിലും ഉറങ്ങുന്നതിനു മുൻപ് ഉള്ള അൽപ നേരവുമാണ്  മോളോട് സംസാരിക്കാൻ കിട്ടിയിരുന്നത്. നാട്ടിൽ ആയിരുന്നപ്പോൾ  അമ്മൂമ്മ പഠിപ്പിച്ച പാട്ടുകൾ ഒക്കെ അവൾ മറന്നു പോയിരുന്നു.

‘‘ കുഞ്ഞേ കുഞ്ഞേ ഉണരുണരൂ” പാട്ടിനു പകരക്കാരനായി ‘‘ If you happy and you know it clap your hands’’ വന്നു... ‘‘അച്ഛൻ തന്നൊരു പാവാട’’ക്കു  പകരം “ Old Mc Donald had a farm..’’ ആയി … മലയാളമേ പറയാതെ ആയി.. 

ഈ കൊറോണ കാലം നൽകുന്ന തിരിച്ചറിവ് ( അനുഭവക്കുറിപ്പ്)
പ്രതീകാത്മക ചിത്രം

വെള്ളിയാഴ്ചകൾ സമയം കിട്ടുമ്പോൾ മലയാളം അക്ഷരം പഠിപ്പിച്ചു തുടങ്ങണം  എന്ന അമ്മയുടെ വാക്കുകൾ ഓർത്തു. ആദ്യമായിട്ട്‌  കണ്ട ‘‘ഹരിഃ ’’ യെ നോക്കി ‘‘This letter is very horrible, ‘A’ is too easy’’ ന്നു അവള് പറഞ്ഞപ്പോൾ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. “Is this yellow Elephant a GOD?’’ എന്ന് മഞ്ഞ നിറമുള്ള ഗണപതി ഭഗവാന്റെ വിഗ്രഹം നോക്കി എന്റെ കുഞ്ഞു ചോദിച്ചപ്പോൾ അറിവ് വെച്ച കാലം മുതൽ ഗണപതി ഭക്ത ആയ എന്നെ ഭഗവാൻ ഒന്ന് തുറിച്ചു നോക്കുന്നത് പോലെ തോന്നി. 

ഞാൻ എന്ത് പറഞ്ഞു കൊടുത്താലും ‘‘Yes, Ms. Shyma taught that too” എന്ന് പറയുമ്പോൾ അവളുടെ ടീച്ചറിനെ അനുകരിച്ചു കാണിക്കുമ്പോൾ അമ്മയെക്കാളും അവളുടെ ടീച്ചർ കുഞ്ഞിൽ ഉണ്ടാക്കുന്ന സ്വാധീനം തിരിച്ചറിയുന്നു. ഓരോ ദിവസവും ഇവൾ എന്നെ ഇന്ന് അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അവളുടെ സംസാരങ്ങളിലൂടെ,സംശയങ്ങളിലൂടെ,പാട്ടുകളിലൂടെ ഉപദേശങ്ങളിലൂടെ,കളികളിലൂടെ,സ്നേഹത്തിലൂടെ.

എന്റെ മൊബൈൽ ഫോണിലുള്ള നാല് പാരന്റിങ് ആപ്പുകൾക്കും പറഞ്ഞു തരാൻ പറ്റാത്തത് എന്റെ മോൾ തന്നെ പഠിപ്പിച്ചു തരികയാണ് ഈ ദിവസങ്ങളിൽ. അതിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു ദിവസം നാല് മാൻഡേറ്ററി  ഹഗ്സ്  അല്ല എന്റെ കുഞ്ഞിന് വേണ്ടത്. സെൻസറി ആക്ടിവിറ്റീസും മോട്ടോർ സ്കിൽ ആക്ടിവിറ്റീസുകളുമല്ല. അവള് പറയുന്നതു ശ്രദ്ധിച്ചു  കേൾക്കുന്ന, ചിരിക്കുമ്പോൾ അതിലും ഉറക്കെ കൂടെ ചിരിക്കുന്ന. തുള്ളിച്ചാടുമ്പോൾ കൂടെച്ചാടുന്ന “Howz this amme?’’ ന്നു ചോദിക്കുമ്പോൾ ഇല്ലാത്ത അദ്ഭുതം മുഖത്ത് വരുത്തി Woww എന്ന് പറയുന്ന  ഒരു  അമ്മയെയാണ്... കൂട്ടുകാരിയെയാണ്. 

ക്വാറന്റീൻ ഡേയ്സിന്റെ പതിനഞ്ചാം ദിവസം. ‘‘You are now my best friend’’ എന്ന് മോൾ പറഞ്ഞപ്പോൾ ഈ അവധി ദിനങ്ങൾ ഒരു അനുഗ്രഹം ആണെന്ന് തോന്നിപ്പോയി. ഐ മിസ്സ് മൈ ഫ്രണ്ട് എന്ന് ഇടയ്ക്കു പറയുന്നുണ്ടെങ്കിലും എന്റെ പാവാടത്തുമ്പിൽ പിടിച്ച് അടുക്കളയിൽ കൂടെ നടക്കുമ്പോൾ, ഭക്ഷണം ഉണ്ടാക്കുന്ന സമയത്തു കിച്ചൻ കൗണ്ടർ ടോപ്പിൽ ഇരുന്നു പാല് കുടിക്കുമ്പോൾ. ഉറക്കം മതിയായില്ലെങ്കിൽ  “I need a hug Amme” ന്നു  പറഞ്ഞു പിന്നേം കുറെ നേരം കൂടെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ.. അവളുടെ കഥകളിലെ കഥാപാത്രങ്ങളിൽ ഒരാളായി കൂടെ കളിക്കുമ്പോൾ..

‘‘Do I look like a Princess” എന്ന ചോദ്യത്തിന് “yes, You are always amma’s little Princess” ന്നു പറഞ്ഞു കെട്ടിപ്പിടിക്കുമ്പോൾ  അവളുടെ മുഖത്ത് വിരിയുന്ന ഈ പ്രത്യേക ചിരി, കണ്ണിലെ തിളക്കം, സന്തോഷം അത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. 

കൊച്ചു കുഞ്ഞുങ്ങൾ ഉള്ള എല്ലാ പ്രവാസികളും അനുഭവിക്കുന്ന ഒരു പ്രതിസന്ധി ആണ് ജോലി വേണ്ടാന്ന് വെക്കണോ കുഞ്ഞുങ്ങളെ നോക്കണോ എന്നുള്ളത്. കുഞ്ഞുങ്ങൾക്ക് വേണ്ടി ആണല്ലോ എന്ന ന്യായത്തിന്റെ പുറത്തു ജോലി എന്ന ഓപ്ഷൻ സ്വീകരിക്കുമ്പോൾ നഴ്സറി, ബേബി സിറ്റർ, നാട് എന്നുള്ള പല ഓപ്ഷനുണകളിൽ നിന്ന് ഒരു ബേബി സിറ്ററിന്റെ അടുത്താക്കുക എന്ന ഓപ്ഷനിലേക്കു ഞങ്ങളും എത്തി.

ഈ കൊറോണ കാലം നൽകുന്ന തിരിച്ചറിവ് ( അനുഭവക്കുറിപ്പ്)
പ്രതീകാത്മക ചിത്രം

ഇടയ്ക്കു രണ്ടു തവണ ആയി അഞ്ചു  മാസക്കാലത്തോളം നാട്ടിലും. രണ്ടാമത്തെ തവണ അവളെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി നാട്ടിൽ എത്തിയ സമയത്തു ‘‘അമ്മയുടെ പേര് എന്താ’’ എന്ന് എന്റെ രണ്ടു വയസ്സുകാരി ചോദിച്ചപ്പോ കിട്ടിയ പ്രഹരം ഇന്നും അതെ ശക്തിയോടെ ഉള്ളിൽ ഉണ്ട്.

ഇന്ന് ഈ കിട്ടുന്ന ദിവസങ്ങളിൽ ആ കുറവുകളെല്ലാം ഞാൻ പരിഹരിക്കാൻ  ശ്രമിക്കുക ആണ്. ഇതൊന്നും പോയ വർഷങ്ങൾക്ക് പകരം ആവില്ല എന്ന് അറിയാമെങ്കിലും. ഈ കൊറോണക്കാലം തരുന്നത് വലിയ ഒരു തിരിച്ചറിവ് കൂടിയാണ്. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറന്നു പോകരുത് എന്ന തിരിച്ചറിവ്.

ഈ മഹാവ്യാധി എത്രയും വേഗം ലോകം ഒഴിഞ്ഞു പോകട്ടെ. എല്ലാ മനുഷ്യർക്കും ഈ ലോക്ക് ഡൗൺ കാലം പല രീതിയിലുള്ള തിരിച്ചറിവുകൾ നൽകട്ടെ എന്ന പ്രാർഥനയോടെ... സ്വാതി

English Summary : E Coronakkalam Nalkunna Thiricharivu By Swathy Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com