ADVERTISEMENT

പ്രതിമകൾ (കഥ)

തലകുനിച്ചു നടന്നിരുന്നവന്റെ തലയെടുപ്പ് കണ്ട് ചിരിക്കുകയാണ് നീലാകാശം. ഇലയനക്കങ്ങളൊന്നു മില്ലാത്ത ആ കോൺക്രീറ്റ് ഭൂമിയിൽ പരിചയമുള്ള നിരവധി മുഖങ്ങൾ അയാൾ കാണുന്നുണ്ട്. പെരുവിരലിൽ അമരുന്ന കുഞ്ഞു വിരലുകൾ കണ്ണുകളെ താഴേയ്ക്ക് താഴ്ത്തുമ്പോൾ കുറെ കുട്ടികൾ കാലിന് ചുറ്റുമായി നിൽക്കുന്നു. എല്ലാവർക്കും ഒരേ മുഖമാകുന്നു. ഒരേ വസ്ത്രവും.... തലമുടിയിൽ റിബൺ കെട്ടിയവരെല്ലാം പെൺകുട്ടികൾ ആവണം. 

കണ്ണടക്കാരിയായ മുതിർന്ന സ്ത്രീ പകർന്നു കൊടുക്കുന്ന അറിവിൽ തന്റെ പ്രായം അയാളറിയുന്നു.  മാധവൻ... അതായിരുന്നു അയാളുടെ  പേര്. ഇരുന്നൂറ്  വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു മഹാമാരിയുടെ ഓർമക്കുറിപ്പുകളാണ് ഈ പ്രതിമകൾ എന്നവർ പറയുമ്പോൾ ചെവിയിൽ മുഴങ്ങുന്ന മുറവിളികളിൽ ഉത്തരവുകളുണ്ട്... ഭയമുണ്ട്.. നാസാരന്ധ്രങ്ങളിൽ മരണത്തിന്റെ മണവും. 

പ്രതിമകൾ (കഥ)
പ്രതീകാത്മക ചിത്രം

പ്രതിമകൾക്ക് മരണമില്ല.. പക്ഷേ പ്രതിമകൾ ആവണമെങ്കിൽ മരിക്കേണ്ടിയിരിക്കുന്നു. നിസ്സഹായനായി നിലവിളിക്കുമ്പോഴൊക്കെ ചെളിവാരി എറിഞ്ഞു കൊണ്ടാണ് പ്രകൃതി പക പോക്കുന്നത്. കർക്കിടകക്കാറ്റിൽ ഇടത്തേ തോളൊടിഞ്ഞു തൂങ്ങിയപ്പോഴാണ് വേദനയും ജീവനുമായി ബന്ധമൊന്നുമില്ലെന്ന് അയാളറിഞ്ഞത്. ശിക്ഷകൾക്കു വലുപ്പച്ചെറുപ്പങ്ങളോ വർഗ്ഗവ്യത്യാസങ്ങളോ ഒന്നും തന്നെയില്ല. സാത്താനുള്ളത് സാത്വികനും ബാധകമാണെന്ന് സാരം.

കാൽപാദങ്ങൾക്കടിയിലൂടെ മണ്ണൊലിക്കാൻ തുടങ്ങിയ ഒരു മഴക്കാലം ഓർമയിൽ തെളിയുന്നുണ്ട്. നാലു ദിവസം നിലയ്ക്കാതെ പെയ്ത മഴയിൽ മുറ്റത്തൊഴുകി നടന്ന കുഞ്ഞിച്ചെരുപ്പിന്റെ വള്ളികൾ തയ്ച്ചു പിടിപ്പിച്ചതായിരുന്നു. ദാരിദ്ര്യത്തിന്റെ ഓർമമുഖങ്ങളായി അയാൾ സൂക്ഷിച്ചുവച്ചിരുന്ന ചില തിരുശേഷിപ്പുകൾ... അമ്മ ആഹാരം കഴിക്കുന്നത്‌ ഒരിക്കൽ പോലും മാധവൻ കണ്ടിട്ടില്ല. മുഷിഞ്ഞ മണമുള്ള ഒറ്റമുറി വീടിന് അച്ഛന്റെ ചുമയുടെ ശബ്ദമുണ്ടെന്ന് അമ്മ പറയാറുള്ളത് അയാൾക്കോർമ വന്നു. 

ഇടിവെട്ടിയിട്ടും ഞെട്ടിയുണരാത്തവനെ പൊട്ടനെന്ന് ആദ്യം  വിളിച്ചത് അനിയത്തിയാണ്. പുറമ്പോക്കിൽ ചീര പാകി വിറ്റായിരുന്നു അമ്മ തങ്ങളെ വളർത്തിയത്. ഉച്ചക്കഞ്ഞിക്ക് ഉണക്കമീൻ വറുത്തത് പതിവായി കൊണ്ടുപോകുന്ന തന്നെ പണക്കാരനെന്ന് സഹദരിദ്രൻമാർ വിളിച്ചിരുന്ന ബാല്യം... ചിമ്മിനി വിളക്കിന്റെ പുറകിലായി  തന്റെ കരിനിഴൽ കാണുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയും. ഭിന്നശേഷിക്കാരനോട് സർക്കാർ കനിഞ്ഞെങ്കിലും പെൺകുട്ടികളാരും പിടിതരുന്നില്ല. നല്ലൊരു പുരവച്ചിട്ടു തന്നെയാണ് പെങ്ങളെ പറഞ്ഞു വിട്ടത്. നാല് വർഷം മുൻപ് അമ്മ പോയതോടെ ഇരുട്ടെന്താണെന്ന് അയാൾ അറിഞ്ഞു തുടങ്ങി. നിശബ്ദതയുടെ താളമായി ചീവീടുകൾ ചിരിക്കുമ്പോൾ അയാൾക്ക് ഭയം തോന്നുന്നില്ല. മരണത്തെ പ്രണയിക്കുന്ന ഒരു മനുഷ്യൻ.

പ്രതിമകൾ (കഥ)
പ്രതീകാത്മക ചിത്രം

കാൽനടയാത്രയിൽ ഒറ്റയ്ക്കായിപ്പോകുന്നവന്റെ കണങ്കാലുകൾക്ക് എന്തൊരു നൊമ്പരമാണ്. ഉച്ചവെയിലിനും നിലാവിനുമൊക്കെ  ഒരേ ചൂടായിരുന്നു അയാൾക്ക്. പകുതി ദൂരം പിന്നിട്ടവൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ആരെയും കാണാതിരിക്കുന്നതിൽ വലിയൊരാശ്വാസമുണ്ട്. അല്ലെങ്കിലും ബന്ധങ്ങളേയും  ബാധ്യതകളേയും പരാധീനതകളായി കാണാൻ തന്നെയായിരുന്നു മാധവനെന്നുമിഷ്ടം. നീറുന്ന മുറിവിൽ തണുത്ത കാറ്റ് വീഴുമ്പോൾ കിട്ടുന്ന സുഖത്തിനായി മുറിവ് വരഞ്ഞു വലുതാക്കുന്ന മനുഷ്യൻ... ഫ്യൂസായ ബൾബുകളൊന്നും കുറെ ആയി മാധവൻ മാറിയിടാറില്ല.

പൂമുഖമൊക്കെ വെളിച്ചം കണ്ട കാലം മറന്നിരിക്കുന്നു. ഒറ്റയടിപ്പാതകളിൽ വഴിമാറിത്തരുന്ന ചാവാലിപ്പട്ടികളെ നോക്കി അയാൾ ചിരിക്കും. അച്ഛന്റെ മണമുള്ള ചാരുകസേരയിലിരുന്ന് ഇരുട്ടിനെ കെട്ടിപ്പിടിക്കുമ്പോൾ നടയിൽ പതുങ്ങിക്കിടക്കുന്ന അണലിക്കുഞ്ഞിനെ അയാൾ കാണുന്നുണ്ട്. കണ്ണടച്ച് കാൽ  നീട്ടിക്കൊടുത്തിട്ടും കടിക്കാതെ പോകുമ്പോൾ ഇരുട്ടിനോടായാൾക്ക് വെറുപ്പ്‌ തോന്നുന്നു. 

പ്രതിമകൾ (കഥ)
പ്രതീകാത്മക ചിത്രം

ധർമ്മാശുപത്രിക്ക് മുൻപിൽ ഏതോ ദമ്പതികൾ ഭക്ഷണപ്പൊതികൾ കൊടുക്കുന്നുണ്ടെന്നറിഞ്ഞാണ് അയാൾ അവിടെയെത്തിയത്.  പോളേട്ടന്റെ കടയിലെ ഉച്ചയൂണ് മടുത്തു തുടങ്ങിയിരിക്കുന്നു. പതിവായി പൊതിവാങ്ങിയ ശേഷം പണം നിർബന്ധിച്ചേൽപ്പിക്കുന്ന മനുഷ്യനെ അവർ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി വാടക വീടുകളിൽ കഴിയുന്നവർക്ക് ഒറ്റ പ്രാർഥനയേ ഉള്ളൂ..... പെൻഷനാകുന്നതിന് മുൻപ് തന്നെ മരിക്കണം. സ്വകാര്യ ജോലിയിൽനിന്നു വിരമിക്കാൻ ഇനി ഒരു വർഷം തികച്ചില്ല. 

പ്രതിമകൾ (കഥ)
പ്രതീകാത്മക ചിത്രം

നീക്കിയിരിപ്പുകളൊക്കെ സ്വർഗത്തിൽ  നിക്ഷേപമാക്കുന്ന ആ ദമ്പതികളോട്  അയാൾക്കസൂയ തോന്നുന്നുണ്ട്. പോകാനിടമില്ലാതാവുമ്പോഴാണല്ലോ    പോകണമെന്ന് അവർ ആഗ്രഹിക്കുന്നത്.  കുടിലും കൂലിയുമുള്ള തന്റെ ചിന്തകളിലെ കറുപ്പ് ഇപ്പോഴും അയാൾ കാണുന്നില്ല. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നവർ മരിക്കണമെന്നുതന്നെയായിരുന്നു അയാളുടെ പക്ഷം. ആശുപത്രി വരാന്തയിൽ കാണാറുള്ള പൂർണ്ണ ഗർഭിണിയായ ഭിക്ഷക്കാരിയോട് ചെവിയിലാണയാൾ അത് ചോദിച്ചത്.... നാളെ ഈ കുഞ്ഞുമായി നീ എന്ത് ചെയ്യും.? അവളുടെ  കറപുരണ്ട പല്ലുകളിലെ  പ്രകാശം മാധവന് മനസ്സിലാവില്ല.

കാരണം ഇരുട്ടിനെ അയാൾ പ്രണയിച്ചു കഴിഞ്ഞിരുന്നു.  കാൽ ചുവട്ടിലെ ശബ്ദത്തിന് ചെവി കൊടുക്കുമ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ അലർച്ചയും  അയാളുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് പിറവി കൊണ്ട ഒരു രോഗാണു പറന്നു നടന്നു മനുഷ്യരെ കൊല്ലുകയായിരുന്നുവത്രെ... അവരുടെ സ്മാരകങ്ങളാകുന്നു ഈ കൽപ്രതിമകൾ. ആരെയെങ്കിലും അവശേഷിപ്പിച്ചായിരുന്നോ,  എന്ന ചോദ്യം കേട്ടപ്പോഴായിരുന്നു തല ഉയർത്തി ചുറ്റുപാടും അയാൾ  നോക്കിയത്.  തിരയുന്ന ശിലകളിൽ പ്രതീക്ഷിച്ച  മുഖങ്ങളൊന്നുമില്ല..

അരികിലുള്ള മുഖങ്ങൾ അവജ്ഞയോടെ പറയുന്നത് അയാൾക്ക് കേൾക്കാം... നിങ്ങൾ ഇരന്നു വാങ്ങിയ മരണമാണ്. പിന്നെ, ഒരു  കാര്യം കൂടി... ആ ഭിക്ഷക്കാരി ധർമ്മാശുപത്രിയിൽ സുഖമായി പ്രസവിച്ചു. ദമ്പതികൾ പിന്നെയും ഒരുപാട് വർഷം അവിടെത്തന്നെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. മരണം ഒരിക്കലും ഒരു ശിക്ഷയല്ല. എന്നാൽ പ്രതിമകൾ ആക്കപ്പെട്ടത് ശിക്ഷ തന്നെ....കാർമേഘങ്ങൾ ഉരുണ്ട് കൂടുന്നത് കാണാനാവാതെ അയാൾ കണ്ണുകൾ  അടയ്ക്കുകയാണ്. തുള്ളി വരുന്ന പടിഞ്ഞാറൻ കാറ്റ് തള്ളിയിടാതിരിക്കാനായി പണിപ്പെടുകയായിരുന്നു അയാളുടെ  പാദങ്ങൾ.. 

English Summary : Prathimakal Story By Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com