ADVERTISEMENT

ലോക്ക് ഡൗൺ(കഥ)

വൈകിട്ട് പലചരക്കു കടയിൽ നല്ല തിരക്കായിരുന്നു. ഈ കൊറോണ കാലത്ത്, അതും ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സമയത്തു എന്തിനാ കട തുറക്കുന്നത് എന്നു രാവിലെ കൂടി ഭാര്യ ചോദിച്ചു. ആ സ്വാർത്ഥ മനോഭാവം മനസിലായെങ്കിലും ഒന്നും പറയാതെ ഒരു ചിരി മാത്രം മറുപടി നൽകി വീട്ടിൽ നിന്നിറങ്ങിയതാണ്. 

 

സാധനം വാങ്ങാൻ നിൽക്കുന്ന ആളുകളോട് അകലം പാലിച്ചു നിൽക്കാൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യത്തെക്കുറിച്ച് രാവിലെ കൂടി ടിവിയിൽ മുഖ്യമന്ത്രി പറഞ്ഞതെയുള്ളൂ.സമയം 5 മണി കഴിഞ്ഞു. കട അടക്കണം എന്നാണ് സർക്കാർ ഉത്തരവ്. ഇനിയും കടയിലെ തിരക്ക് ഒഴിഞ്ഞിട്ടില്ല.

പെട്ടെന്ന് ഒരു പോലീസ് ജീപ്പ് കടയ്ക്ക് മുന്നിൽ. 

 

 

ലോക്ക് ഡൗൺ(കഥ)
പ്രതീകാത്മക ചിത്രം

ഒരു ചെറുപ്പക്കാരൻ പൊലീസികാരൻ. അയാൾ മാസ്‌ക് വെച്ചത് കൊണ്ട് മുഖം വ്യക്തമല്ല.എന്നാൽ വിയർത്തു ക്ഷീണിതനാണ്. അയാൾ ആക്രോശിച്ചു.

 

‘‘എന്താടാ കട അടയ്ക്കാൻ ഇത്ര താമസം.എല്ലാവരും ഇപ്പോൾ പിരിഞ്ഞു പോകണം.അല്ലെങ്കിൽ എല്ലാത്തിനെയും എടുത്തു ഞാൻ ലോക്കപ്പിലിടും’’.കൂടി നിന്നവർ പതുക്കെ ഒഴിഞ്ഞു പോകാൻ തുടങ്ങി. അയാൾ മാസ്‌ക് താഴ്ത്തി.എന്നാൽ അകലം പാലിച്ചു. ‘‘നിനക്ക് നിയമം അറിഞ്ഞു കൂടെ. നിന്റെ കട ഞാൻ പൂട്ടിക്കും’’. അതും പറഞ്ഞ് അയാൾ തല്ലാനായി കയോങ്ങി. ഡ്യൂട്ടി ആണ്. കാർക്കശ്യം ഉണ്ടെങ്കിലും കാര്യമാണ് പറഞ്ഞത്.ഒന്നു പകച്ചു പുറകോട്ടു മാറി. എന്നിട്ടു പറഞ്ഞു.

 

‘‘സർ ,അത്യാവശ്യക്കാരാണ്.അല്ലെ‌ങ്കിൽ രോഗം പകരുന്ന ഈ സമയത്തും അവർ പുറത്തിറങ്ങുമോ. അത് കൊണ്ടാ ഞാൻ’’

 

മറുപടി രസിക്കാതെ അയാൾ 

 

ലോക്ക് ഡൗൺ(കഥ)
പ്രതീകാത്മക ചിത്രം

‘‘എനിക്കൊന്നും കേൾക്കണ്ട. വേഗം ഇറങ്ങ്’’ ഞാൻ കട പൂട്ടിയിറങ്ങി. അയാൾ പോയി.

 

കുറച്ചു ദൂരം നടന്നു.പിന്നിൽ നിന്നൊരു വിളി. പ്രായമായ ഒരു സ്ത്രീ.

 

‘‘കുറച്ചു അരിയും പയറും സാധനങ്ങളും വേണമായിരുന്നു’’

 

അയ്യോ! കട അടച്ചല്ലോ. തുറക്കരുത് എന്നു പറഞ്ഞ് ഒരു പോലീസുകാരൻ കട അടപ്പിച്ചു. അയാൾ അടിച്ചില്ല എന്നേ ഉള്ളൂ’’

 

‘‘ അങ്ങനെ പറയല്ലേ മോനെ. ഞങ്ങൾ ഇവിടെ പുതിയ താമസക്കാർ ആണ്. വീട്ടിൽ ഞാനും മോനും മാത്രം.അവൻ ജോലിക്ക് പോയി വരാറായി. വീട്ടിൽ സാധനങ്ങൾ ഒന്നുമില്ല. കൊറോണ ആയത് കൊണ്ട് അടുത്ത കടകൾ എല്ലാം അടച്ചു.അതാ.’’

 

തിരിച്ചു നടന്നു. കട തുറന്നു. സാധനങ്ങൾ എല്ലാം ഒരു ചാക്കിലാക്കി. അപ്പോഴേക്കും നേരം ഇരുട്ടി.ആ സ്‌ത്രീയെ ഒറ്റക്കു വിടാൻ മനസ്സു അനുവദിച്ചില്ല. ഒരു ഓട്ടോ വിളിച്ചു. കുറച്ചു ദൂരം സഞ്ചരിച്ച് ഓട്ടോ ഒരു ഓടിട്ട വീടിനു മുൻപിൽ നിർത്തി.അവർ ഇറങ്ങി.ഒരു ചെറുപ്പക്കാരൻ ഓടി വന്നു.അയാൾ പറഞ്ഞു.

 

‘‘എന്താ അമ്മേ ഇത്. എവിടെയാ പോയത്. ഞാൻ ആകെ പേടിച്ചു’’

 

‘‘എടാ ഞാൻ പലചരക്കു സാധനം മേടിക്കാൻ പോയതാ.എല്ലാ കടയും നേരത്തെ അടച്ചു.അവസാനം ചെന്ന കടക്കാരൻ മനുഷ്യത്വം ഉള്ളത് കൊണ്ട് കട തുറന്നു. എല്ലാം എടുത്തു തന്നു.മാത്രമല്ല എന്നെ ഇവിടെ കൊണ്ടു വിടാൻ കൂടെ വന്നു. ഇദ്ദേഹത്തെ വരെ നിന്റെ കൂടെ ജോലി ചെയ്യുന്നവർ പേടിപ്പിച്ചത്രേ’’

 

അവരുടെ മറുപടി കേട്ടപ്പോൾ ഞാൻ ഓട്ടോയിൽ നിന്ന്  പുറത്തേക്കു തലയിട്ടു നോക്കി.അയാൾ എന്നെ കണ്ടൊന്നു പതറി. കടയിൽ വന്ന അതേ പോലീസുകാരൻ. ഓട്ടോ പതിയെ മുന്നോട്ടു നീങ്ങി.

 

English Summary : Lockdown Story By Rohan Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com