ADVERTISEMENT

വായിക്കപ്പെടാത്ത  പാഠ പുസ്തകങ്ങൾ (അനുഭവക്കുറിപ്പ്)

ഉച്ചയൂണ് കഴിഞ്ഞുള്ള ക്ലാസ്സിൽ ചരിത്രം കേട്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്റെ ചിന്തകളിൽ മിക്കവാറും ചോറ്റുപാത്രം കഴുകിക്കൊണ്ട് കിണറിന്റെ അരികിൽ നിന്നപ്പോൾ കേട്ട ചലച്ചിത്ര ഗാനമായിരിക്കും. കണ്ടിട്ടു ള്ള സിനിമയിലേതാണെങ്കിൽ സിനിമാക്കഥയും .

 

ഊണ് കഴിക്കാൻ ബെല്ലടിച്ചാൽ ഞങ്ങൾ കുറച്ചു പേര് സ്കൂളിന് പുറത്തുള്ള ഒരു വീടിന്റെ വരാന്തയിൽ പോയിരുന്നാണ് കഴിക്കാറ്. കൂട്ടുകാരിയുടെ ബന്ധു വീട്. സ്കൂൾ കിണറിനു ചുറ്റുമുള്ള തിരക്കൊഴിവാക്കി പാത്രവും കയ്യും കഴുകാമെന്നു മാത്രമല്ല, റേഡിയോയിലെ ചലച്ചിത്ര ഗാനം കേട്ട് കൊണ്ട് ഉണ്ണാം. മിക്കവാറും ആ വീട്ടിലെ ചാറു കറിയുടെ ഉപ്പു നോട്ടവും ഞങ്ങളാണ് നിർവഹിക്കുന്നത്.

 

വായിക്കപ്പെടാത്ത  പാഠപുസ്തകങ്ങൾ (അനുഭവക്കുറിപ്പ്)
പ്രതീകാത്മക ചിത്രം

അകലെ നിന്നും ഞങ്ങളുടെ കലപില കേൾക്കുമ്പോഴേ പുൽച്ചൂലു കൊണ്ട് വരാന്ത തൂത്തു വാരി വെടിപ്പാക്കി ഞങ്ങളോട് വർത്തമാനം പറയാൻ പാകത്തിൽ നടുക്ക് തുള വീണ പ്ലാസ്റ്റിക് കസേരയിൽ തോർത്ത് വിരിച്ചു അവിടത്തെ വല്യമ്മ മുറുക്കാൻ പെട്ടിയുമായിരിക്കും .

 

വരാന്തയ്ക്കു മുകളിലെ അര ഭിത്തിയിൽ വലിയൊരു മൊന്തയിൽ വെള്ളവും മൂന്നാലു സ്റ്റീൽ ഗ്ലാസും ഞങ്ങൾക്കുള്ളതാണ്. വീട്ടിൽ നിന്നും ഒരു പാത്രമെടുത്തു നടുക്ക് വച്ച് ഓരോ പാത്രത്തിലെയും കറികൾ അത്ത പൂക്കളമിട്ടത് പോലെ പെറുക്കി വച്ച്. തൊട്ടു നക്കിയും തട്ടി പറിച്ചുമുള്ള ഉച്ചയൂണ്. വീട്ടുകാരൻ ഉണ്ണാൻ എത്തുന്നതിനു മുൻപുള്ള കടുക് താളിയ്ക്കൽ, ഉപ്പു നോക്കാൻ പിഞ്ഞാണിയിൽ ഞങ്ങൾക്കും വല്യമ്മയ്ക്കു കയിലിന്റെ തുമ്പത്തും കറിയുമായെത്തുന്ന വീട്ടുകാരി ചേച്ചി.

 

സ്കൂളിലെ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പങ്കു വയ്ക്കാൻ അര മണിക്കൂർ. ഇഷ്ടപ്പെട്ട പാട്ടാണെങ്കിൽ അഞ്ചു മിനുട്ടു കൂടി തട്ടി തടഞ്ഞു നിന്നിട്ടു ബെല്ലടിയ്ക്കും മുൻപെത്താനുള്ള ഓട്ടം. ഇതെല്ലാം കഴിഞ്ഞിട്ടാണ് പാനിപ്പട്ട് യുദ്ധത്തിന്റെ ചരിത്ര കണക്കുകൾ തുടങ്ങുന്നത്. ആര് കേൾക്കാൻ?  ഇത്തവണ തുടക്കം ചോദ്യം ചോദിച്ചു കൊണ്ടാണ്. പാനിപ്പട്ട് യുദ്ധം തുടങ്ങിയ വർഷവും തീയതിയുമാണ് ചോദ്യം.  ആൺപിള്ളാരുടെ വശത്തു അവസാനത്തെ ബെഞ്ചിൽ ഒരറ്റത്ത് നിന്നും തുടങ്ങി. ഇന്ന് തല്ലു കിട്ടും ...

 

വായിക്കപ്പെടാത്ത  പാഠപുസ്തകങ്ങൾ (അനുഭവക്കുറിപ്പ്)
പ്രതീകാത്മക ചിത്രം

തല്ലാനുള്ള മൂഡില്ലെങ്കിൽ ടീച്ചർ ആദ്യത്തെ ബെഞ്ചിലെ ആരോടെങ്കിലും ചോദിച്ചു ഉത്തരം കേട്ട് സംതൃപ്ത യാവാറാണ് പതിവ്. തൊട്ടാവാടിയുടെ ഇല മടങ്ങി നിവരുന്നത് പോലെ ഓരോരുത്തരായി പതിയെ എഴുന്നേറ്റു നിൽക്കുകയാണ്. ചോദ്യം കേട്ട വഴിയേ ഞാൻ പറയാം എന്ന മട്ടിൽ കൈ പൊക്കി കാണിച്ചവനൊക്കെ എഴുന്നേറ്റു നിൽപ്പാണ്.

 

കൊച്ചു കള്ളൻ. പറയാമെന്നു പറഞ്ഞു കൈ പൊക്കിയാൽ ചോദ്യത്തിൽ നിന്നും രക്ഷപെടാം എന്ന് വിചാരിച്ചു. ആൺപിള്ളേരുടെ ആദ്യത്തെ ബെഞ്ച് കൂടി എഴുന്നേറ്റു നിന്നാൽ പിന്നെ ഞങ്ങളാണ്. അങ്ങോട്ടും ഇങ്ങോട്ടും തോണ്ടി ചോദിച്ചു. ആദ്യം ഇരിക്കുന്നവൾ അറിയില്ല എന്ന മട്ടിൽ ചുമലു കുലുക്കുന്നുണ്ട്. പക്ഷേ അവളെ വിശ്വസിക്കാൻ പറ്റില്ല. എഴുന്നേൽക്കുമ്പോൾ ഉത്തരം പറഞ്ഞു കളയും. പിന്നിലേക്ക് സഹായം അഭ്യർത്ഥിച്ചു.

 

കൂട്ടുകാരി ഡെസ്കിനു താഴെ മടിയിൽ പുസ്‌തകം നിവർത്തി വച്ച് വായിച്ചു നോക്കുന്നുണ്ട്. എവിടെയാണ് യുദ്ധം തുടങ്ങിയ വർഷവും തീയതിയും എന്ന് കണ്ടെത്തണ്ടേ. രണ്ടാൾ വ്യത്യാസത്തിലാണ് അവൾക്കു ഉത്തരം കിട്ടിയത്. അവൾ എന്നെ തോണ്ടി പറഞ്ഞു. സ്വകാര്യമായിട്ടു പറയേണ്ട കാര്യമായിരുന്നു. പക്ഷേ തിടുക്കത്തിൽ പറഞ്ഞത് കൊണ്ട് ഞാൻ കേൾക്കുന്നതിന് മുൻപ് ടീച്ചർ കേട്ടു.

 

രണ്ടാളെയും പൊക്കി. നല്ല അടിയായിരുന്നു. ചൂണ്ടു വിരലിൽ തുടങ്ങി കൈവെള്ളയിൽ ചുവന്നു തടിച്ച നെടുങ്കൻ രണ്ടു പാട്. ഭയങ്കര പുകച്ചിൽ. ഉത്തരം അറിയില്ല എന്നതല്ല. പറ്റിയ്ക്കാൻ നോക്കിയതാണ് പ്രശനം . ഞങ്ങൾ എന്താണ് കരുതിയത്. ടീച്ചർക്ക് ബുദ്ധിയില്ലെന്നാണോ ?

 

വായിക്കപ്പെടാത്ത  പാഠപുസ്തകങ്ങൾ (അനുഭവക്കുറിപ്പ്)
പ്രതീകാത്മക ചിത്രം

തല്ലു കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു.

 

‘‘എന്തിനാണ് നീയൊക്കെ രാവിലെ ഒരുങ്ങിക്കെട്ടി പുസ്‌തകവുമായി സ്കൂളിലേയ്ക്ക് പോരുന്നത് ? നാളെ മുതൽ അടുക്കള പുറത്തിരുന്നു ഉറക്കെ പാടൂ’’

 

‘‘പുത്തൻകുരിശ് പുണ്യാള , എന്നെ വേഗം കെട്ടിയ്ക്കണേ’’

 

പുണ്യാളൻ കേട്ടില്ലെങ്കിലും ദിവസവും ഇത് കേൾക്കുമ്പോ അപ്പൻ കെട്ടിച്ചു വിട്ടോളും.

 

പുത്തൻ കുരിശിൽ ഏതു പുണ്യാളനാണ് എന്ന് എനിക്ക് അത്ര ഉറപ്പില്ലായിരുന്നത് കൊണ്ട്  ഞാൻ പാടുമ്പോൾ ഗീവർഗീസ് പുണ്യാള എന്ന് മാറ്റണം എന്ന് ഓർത്തു. കുതിരപ്പുറത്തിരിക്കുന്ന പുള്ളി കല്യാണ കാര്യത്തിൽ താൽപര്യമെടുക്കുമോ ? ആർക്കറിയാം. ഇനി ഇപ്പൊ പുള്ളി കനിഞ്ഞാലും ചേച്ചി നിൽക്കുമ്പോൾ എന്നെ കെട്ടിച്ചു വിടുമോ ? അപ്പോൾ അവൾ എന്ത് പറയും?

 

 

അതോർത്താണ് ഞാൻ ചിരിച്ചത്. പക്ഷേ ടീച്ചർക്ക് ഫീൽ ചെയ്തു. പുള്ളിക്കാരിയെ കളിപ്പിച്ചതാണ് എന്ന്. ഞങ്ങളെ രണ്ടു പേരെയും പുറത്താക്കി. പാനിപ്പട്ട് യുദ്ധ കഥ തുടർന്നു. ചില സമയത്തു ടീച്ചർ ഇങ്ങനെയാണ്. ദേഷ്യം ഞങ്ങളെ തല്ലി തീർന്നപ്പോൾ എഴുന്നേറ്റു നിന്ന മഹാന്മാരെ ഒക്കെ വെറുതെ വിട്ടു. അവർ ആ നന്ദി കാണിച്ചില്ലെന്നു മാത്രമല്ല പിന്നെ ഞങ്ങളെ കാണുമ്പോൾ ഈ പാട്ടു പാടാനും തുടങ്ങി .

 

അങ്ങനെ തല്ലു കിട്ടിയ കൈ ഊതി തണുപ്പിച്ചു കൊണ്ട് ക്ലാസിനു പുറത്തെ ഭിത്തിയിൽ ചാരി നിന്നപ്പോഴാണ് അവളെന്നോട് ചോദിച്ചത്. അവളും കൂടി എന്റെ വീട്ടിലേയ്ക്കു പോന്നോട്ടെ എന്ന്. എന്തിന് എന്ന ചോദ്യത്തിന് അവളുടെ കൈകൾ നീട്ടി കാണിച്ചു. കൈത്തണ്ടയിൽ ഉണങ്ങിപ്പിടിച്ച പൊട്ടുകൾ പോലെയുള്ള റബർ കറ. പയ്യെ തോണ്ടിയാൽ അവ പറിഞ്ഞു പോരും. കത്തിത്തഴമ്പ് വീണ കൈ വിരലുകളിലെ പോറലുകൾക്കിടയിൽ തങ്ങി നിന്ന കരി നിറം, ചാരം കൊണ്ട് കരിക്കലം തേച്ചു കഴുകുന്നതിന്റെ ശേഷിപ്പ് , കരിമ്പൻ തട്ടിയ വെളുത്ത യൂണിഫോം ഷർട്ടിന്റെ താഴെയായി വയറിൽ പൊള്ളൽ പാടുകൾ. എടുത്താൽ പൊങ്ങാത്ത അരിക്കലം വാർക്കുമ്പോൾ ചൂട് വെള്ളം വീഴുന്നതാണെന്ന്.

 

രാവിലെ രണ്ടു തോട്ടത്തിലെ റബർവെട്ടി, അയൽവീട്ടിലെ അടുക്കളപ്പണിയും കഴിഞ്ഞിട്ടാണ് സ്കൂളിൽ വരുന്നത്. സത്യത്തിൽ അവളെ പഠിപ്പിക്കേണ്ടത് പാനിപ്പട്ട് യുദ്ധം എന്ന് തുടങ്ങി എന്നായിരുന്നില്ല. തയ്‌ക്കാൻ പഠിപ്പിക്കണമായിരുന്നു. എങ്കിൽ നരച്ച പാവാടയിലെ തുള പുറത്തു കാണാതിരിക്കാൻ പിന്നു കുത്തി നടക്കേണ്ടി വരുമായിരുന്നില്ല.

 

 

തയ്യൽ പഠിച്ചിരുന്നെകിൽ അവൾക്കു കുറച്ചു കൂടി നന്നായി ജീവിക്കാൻ കഴിഞ്ഞേനെ. വർഷം എത്ര കഴിഞ്ഞിട്ടും അന്ന് ടീച്ചർ പാടി തന്ന പാട്ടു ഞാൻ മറന്നിട്ടില്ല. പുണ്യാളനോട് പ്രാർത്ഥിച്ചു കല്യാണം കഴിഞ്ഞാൽ ഞങ്ങൾ എന്ത് നേടും എന്നാണ് അവർ പഠിപ്പിക്കാൻ ശ്രമിച്ചത് എന്നിതു വരെ മനസ്സിലായില്ല .

അവൾ അങ്ങനെ പാടിയോ? കല്യാണം വേഗത്തിൽ കഴിഞ്ഞോ. ഇന്ന് എങ്ങനെ ജീവിക്കുന്നോ എന്നെനിക്കറിയില്ല.

 

 

സ്കൂൾ കഴിഞ്ഞതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല.  ഇപ്പോഴും ഒരുമിച്ചു പഠിച്ചവരോട് ഇടയ്ക്കു ചോദിച്ചു കൊണ്ടിരിക്കുന്നു. ഒരിയ്ക്കൽ കണ്ടു കണ്ടില്ല എന്ന് വന്നതാണ്. പക്ഷേ അവൾ ഒളിച്ചു കളഞ്ഞു.

 

ഒരു പാത്രത്തിൽ നിന്നും കയ്യിട്ടു വാരി, ഒരുമിച്ചു ആർത്തു ചിരിച്ചു നടന്നവരാണ്. പക്ഷേ ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെയാണ്. ഞങ്ങൾ തല്ലു വാങ്ങി പുറത്തു നിൽക്കുമ്പോൾ കണക്കു തെറ്റിയതിനു ഡസ്റ്ററിനു ഏറു കൊണ്ട് അപ്പുറത്തെ ക്ലാസ്സിൽ നിന്നും പുറത്തായി ഭിത്തിയിൽ പടം വരച്ചു നിന്ന ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പുള്ളി നാഷണൽ അവാർഡൊക്കെ വാങ്ങി ഇപ്പോൾ സ്കൂളിലെ പല പരിപാടികൾകളും ഉദ്ഘാടനം ചെയ്തു വിലസുന്നു...

 

ഇത് വായിക്കുന്നവരിൽ അദ്ധ്യാപകരുണ്ടെങ്കിൽ. നിങ്ങൾ പഠിപ്പിക്കുന്നതിനിടയ്ക്കു മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെയും പഠിക്കാൻ ശ്രമിക്കണം. അവർ പറയാതെ പറയുന്ന ഒത്തിരി കഥകൾ ഉണ്ടാകാം .നിങ്ങളുടെ പാഠം പുസ്തകത്തിലല്ല, മുന്നിലിരിക്കുന്ന കുഞ്ഞു ഹൃദയങ്ങളിലാണ്.

 

എല്ലാവർക്കും കൈപിടിച്ചുയർത്താൻ ആരെങ്കിലുമൊക്കെ വേണം ഈ ജീവിതത്തിൽ. അദ്ധ്യാപകർക്ക് അത് പറ്റും എന്നുള്ളതു കൊണ്ടാണോ മാതാ പിതാ ഗുരു ദൈവം എന്ന് പറയുന്നത് ?

 

English Summary : Vayikkapedatha Pusthakangal Experience By Seema Stalin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com