ADVERTISEMENT

അടിത്തൂണ് (കഥ)

ചങ്ങനാശ്ശേരിയിൽ  നിന്നും വണ്ടി പുറപ്പെടുന്നു എന്നറിയിച്ചുകൊണ്ട് ബ്ലോക്ക് ഇൻസ്ട്രെമെന്റിലെ ബെൽ മുഴങ്ങി തുടങ്ങി. വായിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് നോവലിൽ, കാലാവധി കഴിഞ്ഞ ഒരു റയിൽവേ പാസ്സ് തിരുകിയ ശേഷം അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു.

 

 

നന്നേ പാടുപെട്ടാണ് നടുവ് കസേരയിൽ നിന്നും വിടുവിച്ചത്. കുറേനേരം കാൽ തൂക്കി ഇട്ടതിന്റെ ആവും, ഇടതു കാൽപ്പത്തിയിൽ നീര് തൂങ്ങാൻ തുടങ്ങി. അയാൾ റിസിവർ ചെവിയോട് അടുപ്പിച്ചു. 

 

‘‘ഹലോ 

 

ചിങ്ങവനം.

 

അടിത്തൂണ് (കഥ)
പ്രതീകാത്മക ചിത്രം

..16791 ..പാലരുവി ..?

 

റൈറ്റ്’’

 

റിസീവറിനു അടുത്തുള്ള രജിസ്റ്ററിൽ വണ്ടിയുടെ ഡീറ്റെയിൽസ് എഴുതിയ ശേഷം, അയാൾ മാഗ്നെറ്റോ ഫോൺ എടുത്ത് എല്ലാ ഗേറ്റുകളിലേക്കും വിളിച്ചു. ഗേറ്റ് എല്ലാം അടച്ചെന്ന് ഉറപ്പു വരുത്തി. കൺഫോം മെസ്സേജ് പാസ്സ് ചെയ്യാൻ അയാൾ ട്രെയിനി സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. സിഗ്നൽ നോബ് താഴ്ത്തി, വണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരാനുള്ള റൂട്ട് നോബ് അമർത്തിയ ശേഷം, ക്യാബിനു പുറത്തേക്ക് ഇറങ്ങി.

 

നടക്കുമ്പോൾ കാൽമുട്ടിനു വേദനയുള്ള പോലെ ഇടത്തെ കാൽ നീട്ടിവലിച്ചാണ് അയാൾ നടന്നത്. ചെറുപ്പത്തിൽ കളരിയിൽ ചവിട്ടി പതം വരുത്തിയ ദേഹം അങ്ങനെ പെട്ടെന്ന് വാർദ്ധക്യത്തിനു പിടി കൊടുക്കരുതാത്തതാണ്.?

 

അടിത്തൂണ് (കഥ)
പ്രതീകാത്മക ചിത്രം

ആഹ് !.. 

 

ആരോഗ്യം അത് മനസ്സിനും വേണല്ലോ...

 

മനസ്സിന് വന്ന  ആ സുഖക്കേട് ആവാം ഇനിയും ഒന്നര വർഷം ബാക്കിയുണ്ടായിട്ടും ഒരു നിർബന്ധിത റിട്ടയർമെന്റിനു അയാളെ പ്രേരിപ്പിക്കുന്നത്. റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ ആ വെള്ളക്കുപ്പായത്തെ അയാൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മുപ്പത്തിയഞ്ചു വർഷത്തെ സർവീസിൽ അയാൾ ആകെ ലീവ് എടുത്തത് അപ്പന്റെ മരണത്തിന്റെ അന്ന് മാത്രമാണ്.

 

അടിത്തൂണ് (കഥ)
പ്രതീകാത്മക ചിത്രം

 

റിട്ടയർമെന്റ് എന്നതിന്റെ മലയാളപദം ‘‘അടിത്തൂണ് പറ്റുക’’ എന്നാണെന്ന് അയാൾ അറിഞ്ഞത് വളരെ അടുത്താണ്. മലയാറ്റൂരിന്റെ ഏതോ ഒരു പുസ്തകത്തിൽനിന്ന്. പുസ്തകത്തിന്റെ പേര് മറന്നു. ഹർത്താൽ ആയതു കൊണ്ടാണെന്നു തോന്നുന്നു പ്ലാറ്റ്ഫോം പൊതുവെ വിജനമായിരുന്നു. 

 

ഇന്ന് ഹർത്താൽ ആണെന്ന് അറിഞ്ഞത് ഇന്നലെ വൈകിട്ട് അളിയൻ മാത്യുസ് വിളിച്ചപ്പോഴാണ്. അയാളുടെ സ്വരത്തിൽ പരിഹാസം കലർന്നിരുന്നു.

 

‘‘ നാളത്തെ നിന്റെ റിട്ടയർമെന്റ് പരിപാടിക്ക് പോകാത്തതിന് നാട്ടുകാരോട് എന്ത് സമാധാനം പറയും എന്നാലോചിച്ചു ഇരിക്കുവാരുന്നു. അപ്പഴാ ഈ ഹർത്താൽ.

 

അല്ലേലും ദൈവം കരുണയുള്ളവനാടാ. ഓ സാറിന് എന്ത് ദൈവം അല്ലെ? പള്ളീയോ പട്ടക്കാരോ ഒന്നും അവിടെ പിടിക്കില്ലല്ലോ.

 

പെങ്ങമ്മാരും, കുടുംബക്കാരും ഇല്ലാതെ നീ അവിടുന്നു ഒറ്റയ്ക്ക് ഇറങ്ങി വരുന്നത് ഞങ്ങക്ക് കാണണം. 

 

സ്റ്റേഷൻ മാസ്റ്റർ ക്യാബിനു അടുത്തുള്ള സിമന്റ് ബെഞ്ചിൽ അയാളിരുന്നു.

 

പാത ഇരട്ടിപ്പിക്കൽ ജോലിക്കായി വന്ന തമിഴൻമാർ ഇനിയും എണീറ്റിട്ടില്ല. അവരുടെ വെപ്പും തീനുമെല്ലാം അരകിലോമീറ്റർ നീളം വരുന്ന ഈ പ്ലാറ്റ്‌ഫോമിൽ തന്നാണ്. 

 

തനിക്കു അവസാനം കിട്ടിയ മെമ്മോ ഇവരെ രാത്രി പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങാൻ അനുവദിക്കുന്നു

എന്നതിന്റെ പേരിലായിരുന്നു എന്ന് ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു. സത്യത്തിൽ ആ മെമ്മോ അത് ഒരു സമ്മാനം ആയിരുന്നു. 

 

പണിക്കു വന്ന തമിഴത്തിയെ പ്രേമിക്കാൻ പോയ ആർ. പി.എഫ് ഇൻസ്പെക്ടർ രാജന്റെ കവിളിൽ അയാൾ കുത്തിയ ചാപ്പയ്ക്കുള്ള പ്രതിഫലം. തടിച്ച നീല ഞരമ്പ് പിടച്ച ഇടതു കാൽ അയാൾ അല്പം ഉയർത്തി വച്ചു.

 

ഇരുപത്തിമൂന്നാം വയസ്സിൽ വിജയവാഡയിലെ ക്രിസ്മസ് തണുപ്പിൽ ആരംഭിച്ച ഔദ്യോഗിക ജീവിതത്തിന്, ഇന്ന് ഈ ജൂലൈ 31നു അവസാനമാകുന്നു. പെങ്ങമ്മാരുടെ വിദ്യാഭ്യാസം, വിവാഹം. അവരുടെ മക്കളുടെ ജനനം,അവരുടെ വിദ്യാഭ്യാസം,അവരുടെ കല്യാണം... ഇതിന് ഒക്കെ ഇടയിൽ സ്വന്തം കുടുംബം കെട്ടിപ്പെടുക്കാൻ അയാൾ മറന്നു പോയിരുന്നു.

 

 

അതോ മനഃപൂർവം വേണ്ടെന്നു വച്ചതോ? ജോലി ചെയ്ത സ്റ്റേഷനുകളിൽ എല്ലാം അയാൾ എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ. ഒട്ടേറെ കുട്ടികളെ പഠിപ്പിച്ചു. ജോലി വാങ്ങി നൽകി. എല്ലാവർക്കും എല്ലാം കൊടുക്കാൻ മാത്രമേ ശീലിച്ചിട്ടുള്ളൂ. ഒന്നും ആരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുമില്ല. എന്നാൽ, ഒരു വർഷം മുൻപ്, പെട്ടന്ന് അയാൾ, കുടുംബക്കാർക്ക് വെറുക്കപ്പെട്ടവനായി.

 

പാലരുവിക്ക്  പോകാനുള്ള ആളുകൾ പ്ലാറ്റ്ഫോമിൽ നിറഞ്ഞു തുടങ്ങി. എല്ലാവരും അയാളുടെ അടുത്തേക്ക് വരുന്നു. അത് അയാളുടെ ഔദ്യോഗികജീവിതത്തിലെ അവസാന ദിവസം ആണെന്ന് അറിഞ്ഞിട്ടോ എന്തോ അവർ പതിവിലും കൂടുതൽ അയാളോട് സംസാരിച്ചു.

 

‘‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’’ വണ്ടിയുടെ വരവ് അറിയിച്ചുള്ള അനൗൺസ്മെന്റ് സ്റ്റേഷനിൽ മുഴങ്ങി. 

അയാൾ ക്യാബിനിലെയ്ക്ക് തിരിച്ചു നടന്നു. മോർണിംഗ് ഡ്യൂട്ടിക്കായി സഫീർ എത്തിയിരുന്നു. ഹർത്താൽ ആയതുകൊണ്ട് തന്നെ യാത്രയാക്കാൻ ആരും വരാൻ തരമില്ല. അല്ലെങ്കിൽത്തന്നെ ആരു വരാൻ?

 

 

റിട്ടയർമെന്റ് പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ആഹാരം,അടുത്തുള്ള ഓർഫനേജിൽ കൊടുക്കണം എന്ന സഫീറിനെ ഓർമ്മിപ്പിച്ചു ശേഷം അയാൾ കുളിക്കാനായി വെയ്റ്റിംഗ് റൂമിലേയ്ക്ക് പോയി. സ്റ്റേഷനു പുറകിലെ  ചെമ്പക മരത്തിനു താഴെ  ആരൊക്കെയോ ചേർന്ന് ഇന്നലെ രാത്രി ഒരു സ്റ്റേജ് കെട്ടിപ്പൊക്കിയിരുന്നു. നാല് ഇരുമ്പുപൈപ്പുകളിൽ തത്കാലികമായി കെട്ടിയുയർത്തിയ ആ സ്റ്റേജിനു ചുറ്റും ആളുകൾ നിറയാൻ തുടങ്ങി.

 

 

പതുക്കെ...പതുക്കെ...ആദ്യം ഒന്നുരണ്ടു പേർ ..പിന്നെ പിന്നെ അവരുടെ എണ്ണം കൂടി. സ്റ്റേഷനിൽ പാലരുവി എത്തിയതോടെ ആളുകൾ പിന്നെയും കൂടി. ആദ്യ സ്റ്റേഷനായ വിജയവാഡയിൽ തുടങ്ങി, ജോലി ചെയ്ത എല്ലാ സ്ഥലങ്ങളിൽ നിന്നും ആളുകൾ...

 

ഏറെയും സാധാരണക്കാർ. തിരക്ക് വർദ്ധിച്ചുകൊണ്ടേയിരുന്നു. ആളുകൾ ചെമ്പകമരത്തണൽ  കവിഞ്ഞു നീണ്ടു. തിരക്ക് പ്ലാറ്റ്ഫോമിലും തികയാതെ ആയി. അത് അടുത്തുള്ള റോഡിലേക്കും പരന്നു. സ്റ്റേജിൽ വിയർത്തിരുന്ന അയാൾക്ക് നേരെ ആരോ ഒരു മൈക്ക് വച്ചുനീട്ടി. വിറ പടർന്ന തൊണ്ടയിൽ നിന്നും അധികം ഒന്നും പുറത്തു വന്നില്ല. ആകെ ഒരേ ഒരു വാക്ക്.

 

നന്ദി!

 

സ്റ്റേഷൻ രജിസ്റ്റർ, താക്കോൽ കൂട്ടം അടക്കം എല്ലാം സഫീറിനെ ഏൽപ്പിച്ച ശേഷം അയാൾ ചെമ്പകപ്പൂക്കൾ പെയ്ത വഴിയിലൂടെ ക്വാർട്ടേർസിലെക്ക് നടന്നു.

 

English Summary : Adithoon Story By Carol Thresiamma Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com