ADVERTISEMENT

ക്ലാര (കഥ)

വന്നാൽ പോകാതിരിക്കുകയും ആഗ്രഹിക്കുമ്പോൾ വരാതിരിക്കുകയും ചെയ്യുന്ന ചിലതെല്ലാമുണ്ട്, ആ ഗണത്തിലാണ് ഉറക്കത്തിന്റെയും സ്ഥാനം. രാവിലെ ഉണരാൻ വൈകുകയും തുരത്തിയോടിക്കാൻ അടങ്ങിയൊതുങ്ങിയിരിക്കേണ്ട കൊറോണക്കാലമായതിനാൽ ബിസിനസ് യാത്രകളും തിരക്കുകളും ഇല്ലാത്തതിനാലും ഉച്ചയൂണിനു ശേഷവും കുറച്ചു നേരം  അൽപം മയങ്ങിയിരുന്നു സാജൻ. അതുകൊണ്ടു തന്നെ അത്താഴ ശേഷം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പലപല പേരുകളിലുള്ള അനവധി നിരവധി സോഷ്യൽ മീഡിയകളിൽ വിരലുകളോടിച്ച് നടന്നിട്ടും സമയം നീങ്ങാതിരിക്കുകയും ഉറക്കം ഒന്നെത്തി നോക്കാതിരിക്കുകയും ചെയ്തു. 

 

 

ലോകമാകെ വ്യാപിച്ച മാരക വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് എന്നും തുറന്നിരിക്കേണ്ട അടിയന്തിര സേവനങ്ങളുടെ ഗണത്തിൽ ഉൾപെടാത്ത വ്യവസായവും വ്യാപാരവുമൊക്കെ അടച്ചുപൂട്ടിയപ്പോഴാണ് സാജന്റെ ജ്വല്ലറിയും കുറച്ചു കാലത്തേക്ക് അടച്ചു പൂട്ടേണ്ടി വന്നത്. ഇതോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റും മറ്റു നിർമ്മാണ പ്രവർത്തനങ്ങളുമൊക്കെയായി നിരവധി ബിസിനസ് മേഖലയിൽ സാന്നിദ്ധ്യമറിയിച്ച വ്യക്തിയാണ് സാജൻ.

 

 

ക്ലാര (കഥ)
പ്രതീകാത്മക ചിത്രം

എല്ലാ ദിവസവും ഉറങ്ങും മുമ്പ് മകനൊരു മുത്തം കൊടുക്കുന്ന പതിവുണ്ട് സാജന്. ആദ്യ ഭാര്യ ലിറ്റിയുടെ മരണ ശേഷം പറക്കമുറ്റാത്ത മകനു  ജോലിക്കാരിയല്ലാത്ത അമ്മയുടെ സ്ഥാനത്ത് നിർത്താവുന്ന ഒരാളുടെ, പൂർണ്ണമല്ലെങ്കിലും അമ്മയുടെ സ്നേഹവും കരുതലും പകരാൻ കഴിയുന്ന ഒരുവളുടെ സാന്നിദ്ധ്യം വേണമെന്ന ചിന്തയിലാണ് ക്ലാരയെ വിവാഹം ചെയ്യുന്നത്. മകനെ നടുവിൽ കിടത്തിയാണ്  ലിറ്റിക്കൊപ്പം കിടന്നുറങ്ങിയിരുന്നെങ്കിലും ക്ലാരയെ വിവാഹം കഴിച്ചതോടെ അത് ഇരുമുറികളിലേക്ക് മാറി. താൻ തന്നെയാണല്ലോ അങ്ങനെ ഒരു നിർദ്ദേശം വെച്ചതെന്ന് അയാളോർത്തു. അന്ന് ക്ലാരയെ വിവാഹം കഴിക്കുമ്പോൾ തന്റെ പ്രിയ സഖി  ലിറ്റിയുടെ വിയോഗം വിശ്വസിക്കാൻ പോലും തനിക്ക് കഴിഞ്ഞിരുന്നില്ലല്ലോ.. 

 

‘‘എനിക്ക് വേണ്ടത് സ്ത്രീധനമോ, നിന്റെ ശരീരമോ അല്ല, എന്റെ മകന് ഒരു അമ്മയെയാണ്.. പെറ്റവയറിന് പകരമാവില്ലെങ്കിലും വിടപറഞ്ഞു പോയവൾക്ക് പകരമായി കരുതലോടെ നിൽക്കാൻ നിനക്ക് കഴിയുമെങ്കിൽ പറയുക.. മറ്റു ആഡംബരങ്ങളോ ആഘോഷമോ ഇല്ലാതെ നമുക്ക് വിവാഹം ചെയ്യാം.. ഒപ്പം രോഗിയായ നിന്റെ അപ്പച്ചന്റെ ചകിത്സയുടെ എല്ലാ ചിലവും ഞാനേൽക്കുകയും ചെയ്യാം.’’

 

ക്ലാര (കഥ)
പ്രതീകാത്മക ചിത്രം

പെണ്ണുകാണൽ ചടങ്ങിനിടെ ക്ലാരയോട് പറഞ്ഞ വാചകങ്ങൾ സാജൻ ഓർത്തു.

 

‘‘ഇതാണ് നിന്റെ മുറി’’

 

എന്ന് ക്ലാരയ്ക്ക് ആദ്യ രാത്രിയിൽ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ്. അവൾ വന്ന മുതൽ അമലിനു വേറെയാരെയും വേണ്ടതാനും. പുറത്തേക്കൊന്നു പോകാൻ വിളിച്ചാൽ അമ്മച്ചിയില്ലാതെ വരില്ലെന്ന് അവൻ ഉറപ്പിച്ചു പറയും. അവനെ പ്രസവിച്ച് ആറാമത്തെ മാസം പോയതാണ് ലിറ്റി. പെറ്റമ്മയുടെ  മുഖം പോലും അവന്റെ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ടാവില്ല. പകരാൻ മുലകളിൽ  ജീവ രക്തമില്ലെങ്കിലും കരുതലിന്റെ പവിത്രത ചുരത്തിക്കൊണ്ടാണ് ക്ലാര അവനെ വളർത്തിയത്.ലിറ്റിയോടൊപ്പമുള്ള ആറുമാസങ്ങളിൽ അവന്റെ ഭാഷ കരച്ചിലും പുഞ്ചിരിയും മാത്രമായിരുന്നെങ്കിൽ ‘‘മ്മേ’’എന്ന ആദ്യവിളിക്ക് ഉത്തരം കൊടുത്തത് ക്ലാരയാണ്. 

 

പാചകവും മറ്റു ജോലികളും കുട്ടിയുടെ കാര്യങ്ങളുമടക്കം സകല ജോലിയും ക്ലാര ചെയ്യുമെങ്കിലും ഇതുവരെ അവളോടൊന്നു ഉള്ളുതുറന്ന്‌ സംസാരിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് അയാളോർത്തു. ക്ലാര ലിറ്റിയെ പോലെ സുന്ദരിയല്ല, നിറമില്ല, ആകർഷിക്കുന്ന രൂപമില്ല. അത് കൊണ്ടാണോ ‘‘മ്മച്ചി ണ്ടേലെ മലും വരൂ’’  എന്ന മകന്റെ വാശിക്ക് മുമ്പിൽ താൻ വഴി മാറി നടന്നത്..? അവൾക്കൊപ്പം താനിതുവരെ ഒരു ആഘോഷത്തിനും പോയിട്ടില്ല, ഒരു ചടങ്ങിലും പങ്കെടുത്തിട്ടില്ല.. പള്ളിയിലെ കെട്ടുകഴിഞ്ഞു പിന്നെ ഒരിക്കൽ ഒരുമിച്ച് യാത്ര ചെയ്തത് പഞ്ചായത്തിൽ വിവാഹ രജിസ്ട്രേഷന് വേണ്ടിയാണ്. 

ക്ലാര (കഥ)
തൂവാനത്തുമ്പികളിലെ ഒരു രംഗം

 

മീൻ വിൽപനക്കാരൻ ദിവസവും ഉമ്മറത്തെത്തും, എല്ലാ ഞായറും ഇറച്ചിയും വാങ്ങും. വീട്ടു സാധനങ്ങൾ ഷോപ്പിലെയോ സൈറ്റിലെയോ ജോലിക്കാരെത്തിക്കും.  ലിറ്റിയുടെ മരണ ശേഷം കൂട്ടുകാരൊന്നും ആഘോഷിക്കാൻ വരാറുമില്ല. ഞായറും മറ്റ് കടപ്പെട്ട ദിവസങ്ങളിലും കുർബാനക്ക് ക്ലാരയും അമലും തനിച്ചാണ് പോകാറ്. അതിലും അവൾക്ക് വലിയ താൽപര്യമില്ലാത്തത് പോലെയാണ് തോന്നിയിട്ടുള്ളത്. താലികെട്ട് നാളിൽ പാരിഷ് ഹാളിൽ വെച്ച് ലിറ്റിയുടെ അമ്മച്ചി അമലിനെ കയ്യിലേൽപ്പിച്ച്  ക്ലാരയോട് പറഞ്ഞതാണ് ‘‘ഇവനെയും കുർബാനക്ക് കൊണ്ടുപോയി ശീലിപ്പിക്കണമെന്ന്’’

 

സാജൻ ക്ലാരയുടെ മുറിയിലേക്ക് നടന്നു. റൂമിലെ നേർത്ത വെളിച്ചത്തിൽ അയാൾ അമലിനെ കണ്ടു. അവനു അഭിമുഖമായി കിടക്കുന്ന ക്ലാരയേയും അയാളൊന്നു നോക്കി. ഇളം നിറത്തിലുള്ള മാക്സിയിൽ അവളുടെ ശരീര വടിവുകൾ വ്യക്തം. അവൾക്കും അമലിനും മദ്ധ്യേ കിടക്കയിൽ കയ്യൂന്നി അയാൾ അമലിന്റെ നെറ്റിയിൽ ചുംബിച്ചു. അതിവേഗത്തിൽ ഒരു സാക്ഷിയേയും ബാക്കിവെക്കാതെ  ക്ലാരയുടെ കണ്ണുകൾ തുറന്നടഞ്ഞു. തന്റെ കവിളിനടുത്ത് ഊന്നി നിൽക്കുന്ന രോമാവൃതമായ കൈകൾ അവളുടെ ഹൃദയതാളം വർദ്ധിപ്പിച്ചു. അയാൾ വാതിൽ ശബ്ദമുണ്ടാക്കാതെ പതിയെ അടച്ചു പുറത്തേക്ക്  നടന്നപ്പോൾ ക്ലാര കണ്ണുതുറന്നു.

 

നിമിഷങ്ങൾ മാത്രമാണ് സാജൻ മുറിയിൽ നിന്നെങ്കിലും അയാളുടെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി. 

 

‘‘ക്ലാര’’ ആ പേര് തന്നെ എത്രമാത്രം വേട്ടയാടിയിട്ടുണ്ടെന്നു അവളോർത്തു.

ക്ലാര (കഥ)
പ്രതീകാത്മക ചിത്രം

 

തന്നെ പോലെ അങ്ങിനെ എത്രയെത്ര പേർ ജന്മം തന്നവർ ദാനം ചെയ്ത പേരുകളാൽ ദുരിതം പേറുന്നുണ്ടാവും. സ്വന്തം പേര് പറയാൻ മടിക്കുന്ന സഹപാഠി ഷക്കീല മോളും  അയൽവാസി സരിത ചേച്ചിയും ശശി സാറും മനസ്സിൽ തെളിഞ്ഞു.

 

‘‘മോൾടെ അപ്പച്ചന്റെ കയ്യില് കാശ് ഇല്ലാത്തോണ്ടല്ലേ’’

 

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മേൽ ചുണ്ടിനെ പൊന്തിച്ചു നിർത്തുന്ന സൂര്യ വെളിച്ചം കാണാൻ ആഗ്രഹിക്കുന്ന  ഉന്തിയ പല്ലുകളിൽ  കമ്പിയിട്ട് അകത്തേക്ക് വലിക്കാൻ  വാശിപിടിച്ചപ്പോൾ അമ്മ പറഞ്ഞത്.

 

‘‘ ഇത് അവളെ പ്രസവിക്കും മുമ്പ് ഇട്ട പേരാടാ’’ കോളേജ് ക്‌ളാസ്സ്‌ മുറിയിൽ മുഴങ്ങിയ പരിഹാസങ്ങൾ.

 

ക്ലാര എന്ന പേരിനെ കേരളീയർ സൗന്ദര്യത്തിന്റെ പ്രതീകമായി കണ്ടുതുടങ്ങിയ 1987 കാലഘട്ടത്തിലായി രുന്നു അവളുടെ ജനനം. കടുത്ത സിനിമാ പ്രേമിയായിരുന്ന അപ്പച്ചന് തന്റെ കടിഞ്ഞൂൽ കുഞ്ഞിന് ക്ലാര എന്ന പേരല്ലാതെ മറ്റെന്ത് പേരാണ് നാമകരണം ചെയ്യാൻ തോന്നുക?

 

സുന്ദരൻ എന്ന് പേരിടുന്നത് സുന്ദരന്മാർക്ക് മാത്രമാണോ? സുന്ദരി എന്ന് പേരിടുന്നത് സുന്ദരികൾക്ക് മാത്രമാണോ? അല്ലെങ്കിൽ തന്നെ സൗന്ദര്യം മുഖത്തും ദേഹത്തുമാണോ? പേരും ഉടലുമായെന്ത് ബന്ധം?

 

പക്ഷേ, അത്തരം ചിന്തകളൊക്കെ  മനസ്സിൽ മാത്രം സൂക്ഷിക്കാനുള്ളതാണെന്നും പലതിന്റേയും അളവുകോൽ നിറവും രൂപഭംഗിയുമാണെന്നും തിരിച്ചറിയുന്നത് പ്രണയലേഖനങ്ങളും സന്ദേശങ്ങളും കൈമാറാനുള്ള ഹംസത്തിന്റെ ജോലിമാത്രമായി സ്‌കൂൾ കോളേജ് കാലഘട്ടവും സൗഹൃദങ്ങളും മാറി തുടങ്ങിയപ്പോഴാണ്. 

 

തിരക്കുള്ള ബസ്സിൽ വെച്ച് കൂട്ടുകാരിയുടെ ദേഹത്ത് പുരുഷന്റെ കൈകൾ ഇഴയുമ്പോൾ ക്ലാര പ്രതികരിക്കാൻ പോയില്ല. തെറ്റാണെങ്കിലും അതിക്രമമാണെങ്കിലും വൈകൃതമാണെങ്കിലും  എതിർ ലിംഗത്തോട് പ്രകടിപ്പിക്കുന്ന വികാരമായാലും  അതിലൊരു  ചെറിയ പങ്ക് പോലും  തനിക്ക് കിട്ടുന്നില്ലെന്ന് അവൾ ഉള്ളുരുകി വേദനിച്ചു. മുൾവേലിയിൽ വിരിഞ്ഞ പൂജയ്ക്കെടുക്കാത്ത പൂവിനെ പോലെ ആരും സ്പർശിക്കാതെ മൊട്ടിട്ടു വിരിഞ്ഞു കൊഴിഞ്ഞു താനൊടുങ്ങുമെന്ന ഭയം കൂടെ കൂടിയിട്ടുണ്ടാവും.

 

കറുപ്പ്, രൂപ വൈരൂപ്യം.. ആണിലായാലും പെണ്ണിലായാലും കുറവുകളെന്ന് സമൂഹം കൽപിച്ച ചിലതൊക്കെ മറച്ചു പിടിക്കേണ്ടതും കരുത്തു പകരേണ്ടതും പണത്തിന്റെ കടമയാണ്. മറച്ചു പിടിക്കാൻ പണമില്ലെങ്കിലോ?അവിടെയാണ് വിധിയുടെ കടന്നു വരവ്. 

 

ഒന്നാം കെട്ടിന് പകരം രണ്ടാം കെട്ടുകാരൻ കാണാൻ വരും. പൂർണ്ണതയ്ക്ക് മുമ്പിൽ വൈകല്യങ്ങൾ വിലപേശും സ്വപ്നങ്ങൾ നീണ്ടു നീണ്ടങ്ങനെ പോകും. അങ്ങനെ നീണ്ടു പോയൊരു നാളിൽ, രണ്ടുകൊല്ലം മുമ്പാണ്  ദല്ലാൾ ജോസച്ചായൻ സാജന്റെ കഥയും പറഞ്ഞു അപ്പച്ചനെ കാണാൻ വരുന്നത്.

 

പഴയ പാവാടയും, പഴയ പാഠപുസ്തകങ്ങളും, പഴയ സാരിയും... ക്ലാര പഴയതിനെയും ഉപയോഗിച്ചതിനെയും സ്വീകരിക്കാൻ എന്നേ തയാറായിരുന്നു. പക്ഷെ, കിട്ടിയത് പഴയതായാലും അത് ഉപയോഗിക്കാൻ  തനിക്ക് ഭാഗ്യമില്ലെന്ന് തിരിച്ചറിഞ്ഞത് പെണ്ണുകാണൽ ദിവസമായിരുന്നു. 

 

‘‘അവൾക്ക് എതിർപ്പില്ലെങ്കിൽ നമ്മുടെ കഷ്ടകാലം തീരും’’ എന്ന അവിചാരിതമായി കാതിൽ പതിച്ച  അമ്മച്ചിയുടെ വാക്കുകളാണ്  ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും നേടണമെന്ന ചിന്തയെ ജനിപ്പിച്ചത്.

 

ചിന്തകൾക്ക് വിരാമമിട്ട് ഉറങ്ങാൻ ശ്രമിച്ചെങ്കിലും കണ്ണുകളടക്കൻ മനസ്സ് സമ്മതിച്ചില്ല. അവൾ പതിയെ ഹാളിലേക്ക് നടന്നു. 

 

‘‘ക്ലാര ഉറങ്ങിയിരുന്നില്ലേ’’ ഇരുട്ടിൽ നിന്നൊരു ശബ്ദമുയർന്നു. 

 

പെട്ടെന്നുള്ള ഞെട്ടലിൽ അത് സാജനാണെന്ന് തിരിച്ചറിയാൻ ക്ലാര ഒരു നിമിഷമെടുത്തു.

 

‘‘ഇല്ല’’ അവൾ തല താഴ്ത്തി നിന്നു.

 

‘‘ നീ ഇവിടെയിരിക്ക്’’ അയാൾ അവളെ ക്ഷണിച്ചു,

 

‘‘ ഞാനിവിടെ നിൽക്കാം. അച്ഛായൻ പറഞ്ഞോളൂ’’ അവൾ ഇരിക്കാൻ വിസമ്മതിച്ചു.

 

അയാൾ അവൾക്ക് അരികിലേക്ക് പതിയെ നടന്നു.

 

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസ് പോലെ ഭീകരമല്ലെങ്കിലും ഇതുവരെ  പരസ്പരം കാണാത്ത രണ്ടു ഹൃദയങ്ങളിൽ മിടിപ്പിന്റെ വേഗത കൂടിക്കൂടി വന്നു.

 

‘‘ക്ലാര’’ അവളുടെ ചുമലിൽ കൈകൾ വെച്ച് അയാൾ പുലമ്പി.

 

ഹൃദയം ഹൃദയത്തോട് പറഞ്ഞത് കേൾക്കൻ കേട്ടുനിൽക്കാൻ കരുത്തില്ലാത്തത് കൊണ്ടാവണം കർട്ടനില്ലാത്ത ജനലിലൂടെ ഒലിച്ചിറങ്ങിയ നിലാവിന് പെട്ടെന്ന്  തെളിച്ചം പതിയെ കുറഞ്ഞു.

 

പിന്നീട് മഴയുടെ വരവറിയിച്ച് കാമറയുടെ ഫ്ലാഷ് പോലെ നിമിഷങ്ങൾ ഇടവിട്ട് തീവ്രമായ വെളിച്ചവുമായി ഹാളിലെ മാർബിൾ തറയിൽ മുഖം നോക്കാനെത്തിയ ഇടിമിന്നൽ കണ്ടത് വിയർപ്പുകണങ്ങൾ മുത്തുമാല ചാർത്തിയ രണ്ടുടലുകളെയാണ്.

 

‘‘മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ.അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും’’ അയാളുടെ മനസ്സിൽ പഴയൊരു സിനിമാ  ഡയലോഗ് ഇടിമുഴക്കത്തിനൊപ്പം വന്നു ചേർന്നതും ക്ലാര സാജനോട് കൂടുതൽ ചേർന്നു കിടന്നു. 

 

‘‘എനിക്ക് മറക്കേണ്ട’’ എന്ന് അവൾ പറയുമെന്ന് അയാൾ കരുതി. പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു..

 

‘‘മരിക്കണമെന്നു കുറെ പ്രാർത്ഥിച്ചു.. എനിക്കിനി മരിക്കേണ്ട’’

 

English Summary : Clara Short Story By Rafees Maranchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com