ADVERTISEMENT

മുൻവിധികൾ (കവിത)

 

മുൻവിധികൾ; നിഗമനങ്ങൾക്കുള്ള വഴികാട്ടികളാണവ...

അംഗീകാരത്തിന്റെ, അവഗണനയുടെ, 

ആക്ഷേപങ്ങളുടെ വിശാലതകളിലേക്ക് തുറക്കുന്ന വാതായനങ്ങൾ.

ഭാവനാനുസൃതം നിറങ്ങൾ തൂകി മെനഞ്ഞെടുക്കുന്ന ചിത്രങ്ങൾ.

അസൂയയ്ക്കും  വെറുപ്പിനും  കടുത്ത നിറങ്ങളാണ്.

നനുത്ത നിറങ്ങൾ സ്നേഹത്തിന്റെയാണ്.. 

കപടതയുടെ നിറം നരച്ചതാണ്. അവമാനത്തിനൊരു വിളറിയ മഞ്ഞ നിറമാണ്. 

 

മുൻവിധികൾ; 

സുരക്ഷാകവചം തീർക്കുന്ന സായുധ ഭടൻമാരാണ്.  മാളത്തിലൊളിച്ചിരിക്കുന്ന വിഷസർപ്പങ്ങളെയത്  കാട്ടിത്തരും.

ഒഴിഞ്ഞ മാളങ്ങൾക്കരികിലും 

പാദങ്ങൾ മൂടുന്ന പാദുകങ്ങൾ ധരിക്കാൻ പ്രേരിപ്പിക്കും. 

 

മുൻ വിധികൾ; 

ഇരുളിനെ വെളിച്ചം കൊണ്ടും വെളിച്ചത്തെ ഇരുൾ കൊണ്ടും പൊതിയും.. 

ചെന്നായയെ ആട്ടിൻകുട്ടിയാക്കും.. 

ആട്ടിൻകുട്ടിയെ ചെന്നായയും.. 

മതിലുകൾ തീർത്ത് മരുഭൂമിയിൽ നിന്ന് രക്ഷപെടുത്തും. 

ഒരു പക്ഷേ  മരുപ്പച്ചകൾ നഷ്ടപ്പെട്ടേക്കാം.

ദുർഘടപാതകളിലെ അഗാധഗർത്തങ്ങളത്  കാട്ടിത്തരും. 

പക്ഷേ  സുഗമവീഥികളിലും  മുള്ളുകൾ 

പാകിയേക്കാം.

 

മുൻവിധികൾ;  

ആഴത്തിൽ വേരുകളാഴ്ത്തിയ വൻവൃക്ഷങ്ങളാണത്. 

തെളിവുകൾ നിരത്തി കാരാഗൃഹങ്ങൾ തീർക്കുമ്പോൾ  ആകാശത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട പറവകൾ 

വിലപിക്കും.

 

മുൻവിധികൾ;  അനുഭവങ്ങളുടെ തീച്ചൂള യിൽ നിന്നും പെറുക്കിയെടുത്ത മൊഴിമുത്തുകളാണവ.

ആത്മ വിചിന്തനം  ചേർത്തു വായിക്കേണ്ട മൊഴിമുത്തുകൾ.

എന്തെന്നാൽ  മുൻവിധികൾ  വഴികാട്ടികൾ മാത്രമാണ്.

നിഗമനങ്ങൾക്കുള്ള വെറും  വഴികാട്ടികൾ.

 

English Summary: Munvidhikal Poem By Dr.S. Rama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com