ADVERTISEMENT

നാലും നാലും എട്ടും രണ്ടും പത്ത് (കഥ)

ക്ലോക്കിൽത്തന്നെ നോക്കി ഉണ്ണിത്താൻ കിടന്നു. മുന്നിലെ ഭിത്തിയിലെ വൃത്താകൃതിയിലുള്ള ക്ലോക്കിലെ അക്കങ്ങൾ ഇരുട്ടത്ത് ഇത്ര നന്നായി കാണാനാകുമെന്നു തിരിച്ചറിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഒരു വർഷം മുൻപുള്ള റിട്ടയർമെന്റ് ദിനത്തിൽ താൻ പഠിപ്പിച്ച സ്കൂളിലെ സഹപ്രവർത്തകരിലൊരാൾ സ്നേഹപൂർവം സമ്മാനിച്ച ക്ലോക്ക് ആയിരുന്നു അത്. ഇളയ മകൻ ശരത് തന്റെ കിടക്കയിൽ നിന്ന് കാണാവുന്ന രീതിയിൽ അത് പിടിപ്പിച്ചും തന്നു. മറന്നു പോയതും ശ്രദ്ധിക്കാത്തതുമായ സ്വന്തം വീട്ടിലെ പല കാര്യങ്ങളും ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് തിരിച്ചറിയുന്നത്.

 

 

ഇപ്പോൾ സമയം രാവിലെ അഞ്ചരയാകുന്നു. പകൽ കണക്കെ ഉബോധമനസ്സും ശരീരവും ഉണർന്നു കഴിഞ്ഞി രിക്കുന്നു. സമയം പാലിക്കാതെയുള്ള ഇടവിട്ട പകൽ ഉറക്കങ്ങളും ഭക്ഷണക്രമവും രാത്രിജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. രാജ്യം മുഴുവൻ പടരുന്ന മഹാവ്യാധിയെ നേരിടാൻ നാടൊട്ടുക്ക് ലോക്ഡൗൺ നിലവിലുണ്ട്. മറ്റൊന്നും ചെയ്യാനില്ലാത്തതിന്റെ മടുപ്പും ശരീരത്തിനും മനസ്സിനുമുണ്ട്. 

നാലും നാലും എട്ടും രണ്ടും പത്ത് (കഥ)
പ്രതീകാത്മക ചിത്രം

 

 

സ്കൂൾ ജീവിതത്തിന് ശേഷം സ്വയം ക്രമീകരിച്ച ശീലങ്ങളും കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കൂടെ കൂടിയ രക്തസമ്മർദ്ദവും മറ്റസുഖങ്ങളും നിയന്ത്രിക്കാനായി മരുന്നുകൾക്കൊപ്പം ശീലിച്ച യോഗയുമൊക്കെയായി പൊരുത്തപ്പെടാൻ തന്നെ മാസങ്ങളെടുത്തു. എല്ലാറ്റിനും നിർബന്ധബുദ്ധിയോടെ കൂടെ നിന്നത് ഭാര്യയും മകളും തന്നെ ആയിരുന്നു. ശാന്തയും മീനുവും നല്ല കൂട്ടുകാരായാണ് ഉണ്ണിത്താന് തോന്നിയിട്ടുള്ളത്. എന്നാൽ താനും മകൻ ശരത്തും അങ്ങനെയല്ലായിരുന്നു. +2 കാരന്റെ ചാപല്യങ്ങളുമായി ശരത്തും അധ്യാപകന്റെ കർക്കശ്യവുമായി താനും നിലകൊണ്ടു.

 

 

നാലും നാലും എട്ടും രണ്ടും പത്ത് (കഥ)
പ്രതീകാത്മക ചിത്രം

കട്ടിലിൽ കിടന്നു തന്നെ ഉണ്ണിത്താൻ ലോക്ഡൗൺ ദിവസങ്ങൾ എണ്ണാൻ ശ്രമിച്ചു. കോവിഡ് ഇന്ത്യയിൽ വ്യാപിച്ചു തുടങ്ങിയ മാർച്ച്‌ 23 ചൊവ്വ തൊട്ടു കഴിഞ്ഞ തിങ്കൾ വരെ ഏഴ്, ചൊവ്വ എട്ട്,  ബുധൻ, വ്യാഴം, വെള്ളി,  ശനി, ഞായർ, ഇന്ന് തിങ്കൾ ചേർത്ത് പതിനാലു ദിവസങ്ങളായി വീട്ടിൽത്തന്നെ. ആകപ്പാടെ ഇതിനിടെ കഴിഞ്ഞ ബുധനാഴ്ച  അര മണിക്കൂറാണ് മകനൊപ്പം ബൈക്കിൽ ഒന്നു പുറത്തിറങ്ങിയത്. അതും എഴുതി തയാറാക്കിയ സത്യവാങ്മൂലവും പോക്കറ്റിലിട്ട്. 

 

 

അത്യാവശ്യത്തിനുള്ള അരിയും പച്ചക്കറിയും സ്ഥിരം കഴിക്കുന്ന മരുന്നും വാങ്ങി വരവേ പൊലീസും റോഡിൽ പിടിച്ചു നിർത്തി ക്ലാസ്സെടുത്തു. ഇരുപത്തിമൂന്നു വർഷം പഠിപ്പിച്ച സ്കൂളിലെ കുട്ടികൾക്ക് നല്ല പാഠം പറഞ്ഞു കൊടുത്ത മുൻ അധ്യാപകനായ ഉണ്ണിത്താന് ചുട്ടുപൊള്ളുന്ന റോഡിൽ ബൈക്കിലിരുത്തി പൊലീസുകാരൻ പറഞ്ഞു കൊടുത്ത, വീടിനു പുറത്തിറങ്ങരുതെന്നത് അടക്കമുള്ള പുത്തൻ ശീലങ്ങൾ പെട്ടെന്ന് ഉൾകൊള്ളാൻ ആയില്ല. എന്നാലും നാടിന്റെ നന്മക്കായി അയാൾ നൽകിയ നിർദ്ദേശങ്ങളിലെ ആത്മാർഥത ഉണ്ണിത്താൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ബൈക്കിനു പിന്നിലിരുന്നു മറ്റൊന്നും ശ്രദ്ധിക്കാതെ ശരത് മൊബൈലിൽ നോക്കിയിരുന്നു പ്രതിഷേധിക്കുന്നതും റിയർ ഗ്ലാസ്സിലൂടെ ഉണ്ണിത്താൻ കാണുന്നുണ്ടായിരുന്നു.

 

നാലും നാലും എട്ടും രണ്ടും പത്ത് (കഥ)
പ്രതീകാത്മക ചിത്രം

 

അയാൾ സാവധാനം കിടക്കയിൽനിന്ന് എഴുന്നേറ്റു ബെഡിനടുത്ത സ്വിച്ചിട്ടു മുറിക്കുള്ളിലെ ലൈറ്റ് ഓണാക്കി. കിടക്കയിൽ ഇട്ടിരുന്ന മകളുടെ കല്യാണക്കുറി കയ്യിലെടുത്തു തിരിച്ചും മറിച്ചും ഒന്നുകൂടി നോക്കി. പോയ മാസം ആദ്യം തന്നെ മീനു ഒറ്റയ്ക്കു പോയി പ്രൂഫ് നോക്കി പ്രിന്റ് ചെയ്തു വാങ്ങിയ കാർഡ് ശരിക്കും ഭംഗിയുള്ളതായിരുന്നു. ചുവന്ന കളറിൽ ഗണപതി ഭഗവാന്റെ ചിത്രവും കുറിയിൽ ആലേഖനം ചെയ്തിരുന്നു. മീനുവിന്റെ ഇഷ്ടദൈവം ഗണപതിയാണ്.

 

 

മീനുവെന്ന മകളെയോർത്ത് ഉണ്ണിത്താന് എന്നും അഭിമാനമായിരുന്നു. ഉയർന്ന റാങ്കോടെ എൻട്രൻസ് പാസ്സായി തിരുവനന്തപുരത്തു എൻജിനീയറിങ് കോളജിൽ പഠിക്കാൻ പോയപ്പോൾ ഒരിക്കൽ മാത്രമാണ് ഉണ്ണിത്താനും ശാന്തയും അവളുടെ ഒപ്പം പോയത്. പിന്നീടുള്ള അവധികൾക്ക് നാട്ടിലേക്കു കോട്ടയം വരെ ട്രെയിനിലും തുടർന്ന് ബസ്സിലും ഒറ്റക്കാണ് മീനു വന്നു പൊയ്ക്കൊണ്ടിരുന്നത്. അക്കാലത്തു കൂട്ട് വരണമെന്ന് പറഞ്ഞു ഒരിക്കൽ പോലും തന്നെ അവൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. പിന്നീട് കോഴ്സ് കഴിഞ്ഞു കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി കിട്ടി പോയപ്പോഴും എല്ലാം ഒറ്റയ്ക്ക് ചെയ്യാമെന്നുള്ള ധൈര്യവും ആത്മവിശ്വാസവും മീനുവിന്റെ മുഖത്ത് കാണാമായിരുന്നു.

 

 

പിന്നീട് അയൽവക്കത്തെ ചന്ദ്രൻ ചേട്ടൻ വഴിയാണ് പ്രവീണിന്റെ ആലോചന വന്നത്. മീനുവിന്റെ ജാതകത്തിൽ പാപദോഷം ഉള്ളതിനാൽ ചേരുന്ന ജാതകം ചെറുക്കനും വേണമെന്ന ശാന്തയുടെ നിർബന്ധം പ്രവീണിന്റെ ആലോചനയിലേക്കു കൂടുതൽ അടുപ്പിച്ചു. അവന്റെ ജാതകത്തിലും പാപദോഷമുണ്ടായിരുന്നു. പോരെങ്കിൽ പ്രവീണും ഇൻഫോസിസിൽ എൻജിനീയർ ആണ്. വീട് തൊട്ടടുത്ത മണിമലയിലും. കല്യാണം കഴിഞ്ഞാലും അച്ഛനെയും അമ്മയെയും വിട്ടു ദൂരത്തിൽ പോകേണ്ടല്ലോ എന്ന ചിന്തയിലാവണം മീനുവും ഈ വിവാഹത്തിന് സമ്മതം മൂളിയത്. 

 

 

കല്യാണം രണ്ടു വർഷം കഴിഞ്ഞു മതിയെന്ന അഭിപ്രായം അവൾ പെട്ടെന്നാണ് തിരുത്തിയത്. പക്ഷേ കല്യാണതീയതി കുറിക്കാൻ ജ്യോത്സൻ സമയം എടുത്തു.  പാപജാതകമുള്ള പ്രവീണിനും മോൾക്കും ചേർന്ന  ഈ വർഷത്തെ ഏറ്റവും നല്ല മുഹൂർത്തം ഈ തീയതിയിൽ മാത്രമേ ഉള്ളു എന്ന അഭിപ്രായവും ഇരു വീട്ടുകാരും ഉൾക്കൊണ്ടിരുന്നു.

 

പിന്നീടെല്ലാം പെട്ടെന്നു നടന്നു. കല്യാണം വിളിയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞപ്പോഴാണ് കോവിഡിന്റെ വരവും ലോക്ഡൗണും പ്രശ്നമായി വന്നത്. മുഹൂർത്തം മാറ്റാനും പറ്റില്ല എന്ന അവസ്ഥയിലാണ് കല്യാണം ഇന്നു തന്നെ എന്ന് ഉറപ്പിച്ചത്. 

 

ഉണ്ണിത്താൻ ജനലിലൂടെ പുറത്തേക്കു നോക്കി. പുറത്തു വെട്ടം വീണിരിക്കുന്നു. അയാൾ കിടപ്പുമുറിയുടെ കതകു തുറന്നു ഹാളിലെത്തി. വാഷ് ബേസിനടുത്തെ ലൈറ്റ് തെളിച്ചു കണ്ണാടിയിൽ നോക്കിനിന്നു. മുടിയൊക്കെ വെളുത്തിരിക്കുന്നു. ലോക്ഡൗൺ കാരണം ഹെയർ ഡൈ കിട്ടിയിരുന്നില്ല. അതൊന്നും ഉണ്ണിത്താന് പ്രശ്നമായി തോന്നിയില്ല. മീനുവിന്റെ കല്യാണം ഇന്നത്തെ  ശുഭമുഹൂർത്തത്തിൽ നടക്കണം. അത് മതി. വിളിച്ചവരിൽ അൻപതു പേരെങ്കിലും വരുമെന്ന് ഉറപ്പാണ്. അവർക്കു വേണ്ടി  രാവിലത്തെ ഭക്ഷണവും അമ്പലത്തിന്റെ അടുത്തുള്ള ഹാളിൽ ഒരുക്കിയിട്ടുണ്ട്.

 

പല്ലുതേപ്പും ഷേവിങ്ങും കഴിഞ്ഞു പിന്തിരിഞ്ഞു നോക്കിയത് ശാന്തയുടെ മുഖത്തേക്ക്. തൊട്ടടുത്തു ശരത് പുതിയ മുണ്ടും ഷർട്ടും ധരിച്ചു റെഡി ആയി നിൽപ്പുണ്ട്. ‘അങ്ങോട്ടൊന്നു ചെന്നേ.. മോള് അന്വേഷിക്കുന്നുണ്ട്‌.’ ടവൽ എടുത്തു മുഖം തുടച്ചുകൊണ്ട് ഉണ്ണിത്താൻ മീനുവിന്റെ മുറിയിലെത്തി. കിടക്കയിൽ നിവർത്തു വച്ചിരിക്കുന്ന കല്യാണസാരിയിലേക്കു നോക്കിയിരുന്ന മകളുടെ തോളിൽ അയാൾ വാത്സല്യപൂർവം തലോടി. അച്ഛനെ തിരിഞ്ഞു നോക്കിയ മീനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷേ ഉണ്ണിത്താൻ കാണും മുൻപേ അവളത് ഇടതു കൈ കൊണ്ട് തുടച്ചു നീക്കി. ‘നമുക്ക് ഒൻപതു മണിക്ക് വീട്ടീന്ന് ഇറങ്ങണ്ടെ? അച്ഛനെന്താ നേരത്തെ എണീക്കാഞ്ഞേ?’

 

ഉള്ളിലുള്ള പതർച്ച വെളിയിൽ കാട്ടാതെ മീനു ചോദിച്ചു. ‘രാഹുകാലം കഴിഞ്ഞ് ഒൻപതരയ്ക്കു തന്നെ നമുക്ക്‌ അമ്പലത്തിലേക്ക് ഇറങ്ങാം. മോള് പതുക്കെ തയാറായിക്കോളൂ.. കുറച്ചു മുല്ലപ്പൂ കൊണ്ടുത്തരാൻ അച്ഛൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.’ അയാൾ മുറിയിൽ നിന്നു പുറത്തേക്കു നടന്നു. പുറത്ത് ഗേറ്റിനരുകിൽ ഒരു വണ്ടി നിർത്തുന്ന ശബ്ദം കേൾക്കുന്നു. അതിഥികൾ ആരെങ്കിലുമാവും. ഉണ്ണിത്താൻ മുൻവശത്തെ കതകു തുറന്നു ഗേറ്റിനരുകിലേക്കു നടന്നു. അവിടെ ഒരു പൊലീസ് ജീപ്പ് നിർത്തിയിട്ടിരുന്നു.

 

പുറത്തിറങ്ങി നിന്ന മധ്യവയസ്കനായ പൊലീസുകാരൻ ഉണ്ണിത്താനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ‘ഉണ്ണി സാറല്ലേ.. ഞാൻ ഒരു വിവരം ഓർമ്മിപ്പിക്കാൻ വന്നതാ. മോളുടെ കല്യാണം ഇന്നല്ലേ?’ ഉണ്ണിത്താൻ തലയാട്ടി. പോലീസുകാരൻ ക്ലാസ്സെടുക്കുന്ന അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ‘ഇന്നത്തെ വിവാഹ ചടങ്ങിൽ ഇരു വീട്ടുകാർക്കുമായി എട്ട് പേർക്ക് പങ്കെടുക്കാം. അമ്പലത്തിൽ ആയതുകൊണ്ട് പൂജാരിയും കഴകവും ചേർത്ത് മൊത്തം പത്തു പേരെയേ അനുവദിക്കാനാകൂ.. ’ പോലീസുകാരൻ പറഞ്ഞു നിർത്തി.

 

‘അല്ല.. അതിപ്പോൾ പത്തൻപതു പേരെങ്കിലും...’ –പറയാൻ തുടങ്ങിയ ഉണ്ണിത്താനെ വിലക്കി പോലീസുകാരൻ തുടർന്നു. ‘എസ്പിയുടെ പ്രത്യേക നിർദ്ദേശവും വന്നിട്ടുണ്ട്. സ്റ്റേഷനിൽ നിന്ന് ഒരാൾ ചെന്ന് കല്യാണ വിഡിയോ എടുത്ത് അയയ്ക്കണമെന്ന്. പത്താളിൽ കൂടാൻ പാടില്ല. കേസ് എടുക്കേണ്ടി വരും’. അയാളുടെ ശബ്ദത്തിലെ കാഠിന്യം ഉണ്ണിത്താൻ തിരിച്ചറിഞ്ഞു. 

 

ശബ്ദം കേട്ട് അയൽവക്കത്തെ മതിലിനടുത്തു ചന്ദ്രൻ ചേട്ടനും എത്തി. പൊലീസുകാരൻ വീണ്ടും തുടർന്നു– ‘അപ്പോൾ പറഞ്ഞ പോലെ നാലും നാലും എട്ടും രണ്ടും പത്തു പേര് മാത്രം. ദയവായി അനുസരിക്കണം.’ അയാൾ കൈകൂപ്പുന്നത് ഉണ്ണിത്താൻ ശ്രദ്ധിച്ചു. പക്ഷേ ഉള്ളിലുള്ള ദേഷ്യം ഇരട്ടിക്കുന്നുണ്ടായിരുന്നു. പൊലീസുകാരൻ ജീപ്പിലേക്കു കയറി ഇരുന്നു. ‘ഒരു കാര്യം കൂടി..’ ലാത്തി ചൂണ്ടി അയാൾ ചന്ദ്രൻ ചേട്ടന് നേരെ തിരിഞ്ഞു. ‘കാറെടുക്കേണ്ട എന്നങ്ങു തീരുമാനിക്ക്..  ബൈക്ക് രണ്ടെണ്ണം ഉണ്ടെങ്കിൽ കാര്യം നടക്കും. റോഡിൽ കാർ കണ്ടാ പിന്നെ സകല അവന്മാരും ശകടവും എടുത്ത് ഇറങ്ങും. പറഞ്ഞു പറഞ്ഞു മടുത്തു ഞങ്ങള്’ 

 

അയാളുടെ ശബ്ദത്തിലെ വിങ്ങൽ ഉണ്ണിത്താൻ തിരിച്ചറിഞ്ഞു.  ജീപ്പ് മുന്നോട്ടു നീങ്ങി. പോലീസുകാരന്റെ നിർദ്ദേശങ്ങളിലെ കടുപ്പം ഉണ്ണിത്താനെ വല്ലാതെ അലട്ടി. 

 

‘നിങ്ങൾക്കാ വന്ന പൊലീസുകാരനെ മനസ്സിലായോ? ചന്ദ്രൻ ചേട്ടൻ തിരക്കി. 

 

‘ഇല്ല’ – ഉണ്ണിത്താൻ അസഹിഷ്ണതയോടെ പ്രതികരിച്ചു.

 

‘മൂപ്പരുടെ മോളുടെ കല്യാണവും മൂന്നു നാൾ മുന്നേ മാറ്റി വച്ചതാ.. നിങ്ങടെ പോലെ അതും ഒറ്റ പുത്രിയാ..’ –ചന്ദ്രൻ ചേട്ടൻ ഒന്ന് നിർത്തി ഉണ്ണിത്താന്റെ മുഖത്തേക്ക് നോക്കി തുടർന്നു. ‘നമ്മുടെ ജില്ലാ ആശുപത്രീലെ കോവിഡ് വാർഡിലെ നഴ്സാ ആ കുട്ടി. ഇപ്പോഴും ഡ്യൂട്ടീലാ. ഇനി അസുഖമൊക്കെ നാട് വിട്ടിട്ടു മതീന്നാ അവളുടെ അഭിപ്രായം’. ഉണ്ണിത്താൻ കേട്ട് നിന്നു.. ഒന്നും പറയാനില്ലാതെ. 

 

 

തെല്ലകലെ എതിർവശത്തു നിന്ന് ഓടി വന്ന കാർ കൈ കാട്ടി നിർത്തി പൊലീസുകാരൻ ജീപ്പിൽനിന്ന് ഇറങ്ങി അടുത്തേക്ക് നടന്നു ചെന്നു. കാര്യങ്ങളുടെ ഗൗരവം ഡ്രൈവറെ പറഞ്ഞു മനസ്സിലാക്കാനായി.

 

English Summary : Nalum Nalum Ettum Randum Pathu Story By Sreekanth Pangappatu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com