ADVERTISEMENT

സൂക്ഷ്മസാംക്രമികം (കവിത)

ചക്രവാളത്തിന്‍റെയപ്പുറം നിന്നോ

ഗോളാന്തരശ്യാമശൂന്യതയില്‍ നിന്നോ

സാംക്രമികരോഗാണു വന്നു.

മൃത്യുസന്ദേശം വഹിച്ചും

മനുഷ്യരാലന്തരീക്ഷത്തില്‍ കുതിച്ചും

പാരിതിലാകെപ്പടര്‍ന്നു.

 

ആകാശവീഥികള്‍ നിശ്ചലം

ആഗോളമാഗമപാതകള്‍ നിശ്ചലം

ക്രയവിക്രയങ്ങളില്‍ ഗതിവേഗമാര്‍ജ്ജിക്കും

ധനധാന്യസമ്പല്‍സമൃദ്ധിയില്‍ വിലയിക്കും

ആ മഹാവിപണികള്‍ നിശ്ചലമനിശ്ചിതം!

 

ഗ്രാമാന്തരങ്ങളും നഗരതീരങ്ങളും

ദേവാലയങ്ങളും വിദ്യാനികേതവും

സൂക്ഷ്മാണുവെച്ചൊല്ലി നിശ്ചലമനിശ്ചിതം!

 

ആദിത്യനൊപ്പം ഉണര്‍ന്നെണീറ്റെന്നുമാ-

പാടത്തണയുന്ന കര്‍ഷകദേവരും

നിത്യവൃത്തിക്കായനുദിനമെത്രയും

ക്ലേശം സഹിക്കുന്ന കൂലിവേലസ്ഥരും

വിധനതാദൈന്യകൂരകള്‍ക്കുള്ളിലായ്

ആര്‍ത്തരായ് പ്രാര്‍ത്ഥനാനിരതരായുരുകുന്നു.

 

അസ്പൃശ്യരായ്

കൃത്യമകലങ്ങളില്‍നിന്നുമുരിയാടി നീങ്ങിയും

മധുമയമൃദുസ്‌മേരമഭിവാദനങ്ങളില്‍

കേവലമൊരുവേള സംതൃപ്തരാകിയും

ജഗമാകെയതിദ്രുതം സംക്രമിച്ചീടും

മഹാമാരി നേരിടാന്‍ ജാഗ്രത പുലര്‍ത്തിയും

ഗാര്‍ഹിക തടങ്കല്‍ സ്വീകരിക്കുന്നിതാ

അവനിയിലിന്നു മര്‍ത്യരെല്ലാവരും…

 

ശകടയാത്രായിരമ്പങ്ങളില്ല

ചടുലതാളച്ചിലമ്പൊലിയില്ല

പാതയോരങ്ങളില്‍ ആര്‍പ്പും വിളിയുമായ്

ക്രീഡാനുരക്തരാം ബാല്യങ്ങളുമില്ല

ശൂന്യമൈതാനഹരിതപരപ്പുകള്‍

ആരവമകന്ന പൂരപ്പറമ്പുകള്‍

ആഘോഷരഹിതങ്ങള്‍

നാടും നഗരവും സാഗരതീരവും…

 

മരണഭീതിയൊന്നത്രേ മനുഷ്യന്‍റെ 

ചലനമെല്ലാം നിയന്ത്രിച്ചിരിക്കുന്നു

ഭരണമികവിന്‍ പരീക്ഷണവേദിയായ്

ഉലകമാകെയിന്നാകുലം ഭീതിദം.

 

അപമൃത്യുവെപ്പുല്‍കി സഹസ്രജന്മങ്ങള്‍

ആതുരഗൃഹങ്ങളില്‍ ശതസഹസ്രങ്ങള്‍

അവരെ രക്ഷിക്കുവാന്‍ പ്രത്യാശ നല്‍കുവാന്‍

സ്വജ്ജീവനര്‍പ്പിക്കുമാതുരസേവകര്‍

സൂര്യചന്ദ്രന്‍മാരുള്ളകാലംവരെ

വാഴ്ത്തിടേണ്ടതാണാദരിക്കേണ്ടതാണ്

ആ ദിവ്യസ്‌നേഹത്തിന്‍ വിസ്മയാനന്ദ-

നിഷ്‌കാമകര്‍മ്മമാത്മസമര്‍പ്പണം…

 

നാട്ടിലങ്ങോളമിങ്ങോളമെത്രയും

ജാഗരൂകരായ് സേവനോദ്യുക്തരായ്

ശ്രമസാധ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുവാന്‍

കാവല്‍ഭടന്‍മാര്‍ കര്‍മ്മധീരരായീടുന്നു.

 

അസ്തമിക്കില്ല, പ്രതീക്ഷാങ്കുരങ്ങള്‍!

ഹര്‍ഷദീപ്തപ്രകാശരേണുക്കള്‍!

കാരുണ്യവര്‍ഷം പൊഴിക്കും മനസ്സുമായ്

മാനവര്‍ ധാത്രിയില്‍ ശേഷിക്കുവോളം

നിന്‍റെ പാട്ടുകളൊക്കെയുമെന്നുടെ

ഹൃദയാര്‍ദ്രഗീതങ്ങളാവുന്നിടത്തോളം

നിന്‍റെയോരോ വാക്കും മൊഴികളും

ഒരുവനപരന്‍റെ കാതില്‍ പൊഴിക്കുന്ന

മധുരസംഗീതമാവുന്നിടത്തോളം

തലകുനിക്കില്ല നാം, പരാജിതരാകില്ല

പാരിതില്‍ മാനവസ്‌നേഹമുള്ളിടത്തോളം.

 

English Summary : Sookshma Samkramikam Poem By Jayaprakash P T        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com