ADVERTISEMENT

ഗെറ്റ്ടുഗെദർ (കഥ)

‘‘എടീ ഞാൻ നിന്നെ കെട്ടിക്കോട്ടെ’’

 

സന്ദീപിന്റെ ചോദ്യം കേട്ട് ഫാത്തിമ ഞെട്ടിപ്പോയി. ഒന്ന് രണ്ടു നിമിഷം അവൾക്കു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

 

‘‘ നീ പണ്ടത്തെ തമാശ ഒന്നും ഇപ്പോഴും വിട്ടിട്ടില്ല അല്ലേ’’

 

‘‘ഞാൻ തമാശ പറഞ്ഞതല്ല സീരിയസ് ആയി പറഞ്ഞതാണ്’’

 

‘‘ നിനക്ക് ഭ്രാന്താണ്’’

 

നമ്മൾ പണ്ടത്തെ പത്താം ക്ലാസ് വിദ്യാർഥികൾ അല്ല ഇപ്പോൾ. എന്റെ പേരക്കുട്ടിക്ക് ഒരു വയസ്സായി’’

എന്നു പറഞ്ഞു കൊണ്ട്  മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞ ഫാത്തിമ മുന്നോട്ടു നടന്നു.

അപ്പോഴേക്കും പിറകിൽ നിന്ന് കടന്നു വന്ന സ്റ്റീഫൻ ‘‘ഹായ് സന്ദീപ് എത്ര വർഷമായി നിന്നെ കണ്ടിട്ട്’’ എന്നു പറഞ്ഞ് കയ്യിൽ പിടിച്ചത് കാരണം സന്ദീപിന്  ഫാത്തിമയെ  പിന്തുടരാൻ  കഴിഞ്ഞില്ല.

 

 

തരകൻ ഹൈസ്കൂളിലെ 1999 എസ് എസ് എൽ സി ബാച്ചിന്റെ ഗെറ്റ്റ്റുഗെദർ നടക്കുന്നതിനിടയിലാണ്  സംഭവം. ഫാത്തിമയുടെ കവിതാസമാഹാരങ്ങളെ അഭിനന്ദിച്ചു  കൊണ്ട് ശിവപ്രസാദ് മാഷ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവളെ സ്റ്റേജിലേക്ക് വിളിച്ചു അവൾ എഴുതിയ ഒരു കവിത ചൊല്ലിച്ചതിനു ശേഷം അവിടെ നിന്നും ഇറങ്ങി വരുന്ന സമയത്താണ് സന്ദീപ് അവളോട് സംസാരിച്ചത്.

 

ഗെറ്റ്ടുഗെദർ (കഥ)
പ്രതീകാത്മക ചിത്രം

സന്ദീപിന്റെ മുന്നിൽനിന്ന്  പെട്ടന്ന് നടന്നു ബഞ്ചിൽ വന്നിരുന്നിട്ടും അവളുടെ പരിഭ്രമം മാറിയിരുന്നില്ല.

അടുത്തിരുന്നിരുന്ന ഇന്ദു ചോദിക്കുകയും  ചെയ്തു.

 

‘‘ എന്താടി  പെട്ടന്ന് നിനക്ക്പറ്റിയത്. സന്ദീപ് എന്താ ചോദിച്ചത്?’’

 

‘‘ ഏയ് ഒന്നും ഇല്ലെടീ. പെട്ടന്ന് ഒരു ചെറിയ തലവേദന’’ എന്നവൾ കള്ളം പറഞ്ഞു. സ്റ്റേജിൽ നടക്കുന്ന പരിപാടികൾ ഒന്നും പിന്നീട് അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മാഷൻമാരുടെ പ്രസംഗവും കൂട്ടുകാരുടെ കലാപരിപാടികളും ഒന്നും തന്നെ. അതിനിടയിൽ ആരൊക്കെയോ അവളോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ ഒന്നോ രണ്ടോ വാക്കിൽ അവൾ മറുപടി കൊടുത്തുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.

 

 

ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ അവളും ഇന്ദുവും ഇരുന്നതിനു എതിർ വശത്തു തന്നെ സന്ദീപും മുരളിയും വന്നിരുന്നു. സ്കൂൾ മാസ്റ്റർ ആയി ജോലി ചെയ്യുന്ന മുരളി ആയിരുന്നു ഈ കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ.

 

‘‘ ഫാത്തിമ നിന്നെ സ്കൂൾ വിട്ടതിനു ശേഷം പിന്നെ ഇപ്പോഴാണ് കാണുന്നത്’’ എന്ന് പറഞ്ഞ മുരളിക്ക് ഇന്ദു ആണ് മറുപടി കൊടുത്തത്.

 

‘‘ അതിന് അവൾ ക്രിസ്ത്മസ് വെക്കേഷന് കല്യാണകഴിഞ്ഞു പോയില്ലേ. പിന്നെ പരീക്ഷ എഴുതാൻ മാത്രമല്ലേ വന്നുള്ളൂ’’

 

‘‘നിനക്ക് എത്രകുട്ടികളാണ്’’  എന്ന ചോദ്യത്തിന്  രണ്ടുപേർ എന്ന് മുരളി മറുപടി പറഞ്ഞു.

 

‘‘ നിനക്കോ’’ എന്ന ചോദ്യത്തിന് ഇന്ദു മുഖം കുനിച്ചു. കല്യാണം  കഴിഞ്ഞു 13 വർഷമായിട്ടും അവൾക്ക് കുട്ടികൾ ആയിരുന്നില്ല. നിനക്കോ എന്ന അർത്ഥത്തിൽ മുരളി നോക്കിയപ്പോൾ ഒരു മകൾ മാത്രം എന്ന് ഫാത്തിമ മറുപടി പറഞ്ഞു.

 

‘ഭർത്താവ്’

 

അവൾ മറുപടി പറയാൻ മടിച്ചു. ഇന്ദുവാണ് പറഞ്ഞത്.

 

‘‘ അയാൾ ഇവളെയും കുട്ടിയേയും ഇട്ടിട്ടു പോയി’’

 

 സംസാരത്തിനു ഒരു ലാഘവത്വം വരുത്തുന്നതിനായി മുരളി സന്ദീപിനോട് ചോദിച്ചു.

 

‘‘ നീ കല്യാണം കഴിച്ചിട്ടില്ല എന്നറിയാം. പക്ഷേ എവിടെയെങ്കിലും കുട്ടികളുണ്ടോടാ’’

 

‘‘ യു നോ ഐ ആം സ്‌റ്റിൽ എ കന്യകൻ’’ എന്ന് സന്ദീപ് മറുപടി  പറഞ്ഞു.

 

‘‘ ആട്ടെ നീ എന്നാ ഗൾഫിൽ നിന്ന് വന്നത്’’ ഇന്ദു ചോദിച്ച.

 

‘‘ ഇരുപതു ദിവസം അയതേയുള്ളൂ’’ സന്ദീപ് മറുപടി കൊടുത്തു.

ഗെറ്റ്ടുഗെദർ (കഥ)
പ്രതീകാത്മക ചിത്രം

 

 അപ്പോഴേക്കും ആരോ അപ്പുറത്തുനിന്ന് മുരളിയെ വിളിച്ചത് കാരണം അവൻ എഴുന്നേറ്റു പോയി

 പെട്ടന്ന് തന്നെ സന്ദീപ് പറഞ്ഞു.

 

 

‘‘ പാത്തു നീ പറഞ്ഞില്ലേ നമ്മൾ പണ്ടത്തെ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ അല്ല എന്ന്. എന്നാൽ നിനക്ക് അറിയാമോ എത്രയോ ദിവസങ്ങൾ പേടികാരണം എനിക്ക് പറയാൻ കഴിയാതെ പോയ പ്രണയം പറയാനുള്ള ധൈര്യം സംഭരിച്ചു ആണ് അന്ന് ക്രിസ്തുമസ് വെക്കേഷൻ  കഴിഞ്ഞു ഞാൻ ക്ലാസ്സിൽ വന്നത്.എന്നാൽ രണ്ടു ദിവസം ആയിട്ടും നിന്നെ കാണാത്തതു കൊണ്ട് ഇന്ദുവിനോട് ചോദിച്ചപ്പോൾ അവളാണ് പറഞ്ഞത് നിന്റെ കല്യാണം കഴിഞ്ഞു എന്ന്. പിന്നെ നീ ഹാൾടിക്കറ്റ് വാങ്ങാൻ വന്നപ്പോഴും അത് കഴിഞ്ഞു പരീക്ഷക്ക് വന്നപ്പോഴും നിന്നെ കാണാൻ എനിക്ക് തോന്നിയതും ഇല്ല’’

 

‘‘ സന്ദീപ് അതൊക്ക ഇനി പറഞ്ഞിട്ട് എന്ത് കാര്യം’’ 

 

‘‘പത്തിരുപതു കൊല്ലങ്ങൾ കഴിഞ്ഞില്ലേ’’

 

‘‘ എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും എന്റെ മനസ്സിന് ഒരു മാറ്റവും വന്നിട്ടില്ല’’

 

‘‘ ഇന്ദു ഞാൻ പോകുന്നു’’ എന്നു പറഞ്ഞുകൊണ്ട് ഫാത്തിമ പെട്ടന്ന് തന്നെ എഴുന്നേറ്റ.

 

‘‘പാത്തു എനിക്കൊരു മറുപടി തന്നിട്ട് പോ’’

 

‘‘ നീ ഇനി അങ്ങനെ വിളിക്കരുത്. സ്കൂളിൽ പഠിക്കുന്ന സമയത്തു നീ പാത്തു എന്ന് വിളിക്കുമ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. അന്ന് നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും ആയിരുന്നു’’

 എന്നും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി

 

 വീട്ടിൽ എത്തിയിട്ടും ഫാത്തിമക്കു വിഷമം മാറിയില്ല. വീട്ടിൽ എത്തിയ അവൾ വേഗം റൂമിൽ കയറി കിടന്നു. കരച്ചിൽ അടക്കാൻ കാഴിയുന്നില്ല. സന്ദീപിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ ഗെറ്റ്റ്റുഗെദറിന് വന്നപ്പോൾ ഏറ്റവും ആഗ്രഹിച്ചിരുന്നത് സ്കൂൾ കാലത്തേ തന്റെ  ഏറ്റവും അടുത്ത കൂട്ടുകാരനെ വീണ്ടും ഒന്ന്  കാണണമെന്നായിരുന്നു.

 

 

അവർ രണ്ടു പേരും അഞ്ചാം ക്ലാസ്സിൽ ആണ് തരകനിൽ വന്നു ചേർന്നത്. അവൾ ചീരട്ടമണ്ണയിൽ നിന്നും അവൻ പുഴക്കാട്ടിരിയിൽ നിന്നും ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്നു ഫാത്തിമ. എന്നാൽ സന്ദീപ് പഠനത്തിൽ ശരാശരിക്കാരനും. എങ്കിലും നന്നായി ചിത്രം വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. തന്റെ കവിത എഴുതാനുള്ള കഴിവിനെ കണ്ടെത്തിയതും ഏറ്റവും പ്രോത്സാഹിപ്പിച്ചതും അവൻ ആയിരുന്നു.

 

 

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഒരു ദിവസം സ്കൂളിൽ വരാത്ത ദിവസത്തെ നോട്ട് എഴുതിയെടു ക്കാൻ കൊടുത്ത പുസ്തകത്തിൽ താൻ എഴുതിവെച്ചിരുന്ന ഒരു കവിത അവൻ കണ്ടത്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞു ക്ലാസ്സിൽ സാഹിത്യസമാജത്തിനു ഇത് നമ്മുടെ ക്ലാഡിലെ ഫാത്തിമ എഴുതിയ കവിത ആണെന്ന് പറഞ്ഞ് അവൻ അത് പാടിയപ്പോൾ ആണ് അങ്ങനെ ഒരു സംഭവം താൻതന്നെ അറിയുന്നത്.

 

 

പിന്നീട് അവന്റെ നിർബന്ധത്തിനു വഴങ്ങിയാണ് യൂത്ത്ഫെസ്റ്റിവലിന് പേരുകൊടുത്തതും ആവർഷം ജില്ലയിൽ വരെ എത്തി. അടുത്ത വർഷം സ്റ്റേറ്റ് യൂത്തുഫെസ്റ്റിവലിൽ തനിക്കു കവിതയ്ക്ക് ഫസ്റ്റ് കിട്ടി. ചിത്രം വരയിൽ അവനും. പത്തിൽ പഠിക്കുമ്പോൾ ആയിരുന്നു തീരെ പ്രതീക്ഷിക്കാതെ തന്റെ കല്യാണം നടന്നത്.

 

 

പലചരക്കു കച്ചവടക്കാരൻ ആയിരുന്ന ബാപ്പക്ക് ആണും പെണ്ണും ആയി അകെ ഉണ്ടായിരുന്ന മകളുടെ കല്യാണം പെട്ടന്ന് തന്നെ നടത്താനായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ ഗൾഫിൽ ജോലി ഉള്ള കബീറിന്റെ ആലോചന വന്നപ്പോൾ മകളെക്കാൾ പന്ത്രണ്ട് വയസ്സ് കൂടുതൽ ആണെന്നൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നം ആയി തോന്നിയില്ല. പത്തു ദിവസത്തിനുള്ളിൽ കല്യാണം നടന്നു. കബീറിന്റെ കുടുംബം വളരെ യഥാസ്ഥികർ ആയിരുന്നെങ്കിലും എന്തോ പത്താം ക്ലാസ് പരീക്ഷ എഴുതാൻ സമ്മതിച്ചു.

 

 

90 ശതമാനം മാർക്കോടെ പരീക്ഷ ജയിച്ച റിസൽറ്റ് വന്നപ്പോഴേക്കും താൻ ഗർഭിണി ആയിരുന്നു.

ഖദീജ ജനിച്ചു രണ്ടു വർഷം ആയപ്പോഴേക്കും കബീർ ഗൾഫിൽ ഒരു ശ്രീലങ്കൻ പെണ്ണുമായി  ബന്ധം തുടങ്ങിയിരുന്നു. അധികം വൈകാതെ, തന്നെ   മൊഴിചൊല്ലുകയും ചെയ്തു. പിന്നീട്  തന്റെ ജീവിതം മകൾക്ക് വേണ്ടി മാത്രം ആയിരുന്നു. 

 

ഇതിനിടയിൽ വാപ്പയുടെ മരണം തങ്ങളുടെ സാമ്പത്തിക നില ആകെ താറുമാറാക്കി. ആ സമയത്താണ്  ഒരിക്കൽ ഇന്ദുവും ഭർത്താവും വീട്ടിൽ വന്നത് അന്ന് താൻ എഴുതിയ കുറച്ചു കവിതകൾ അവൾ എടുത്തു കൊണ്ട് പോയി. ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇന്ദുവിന്റെ ഭർത്താവിന്റെ ശ്രമഫലമായി തന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ട് അത് ആളുകൾക്ക്  ഇഷ്ടവുമായി. പിന്നീട് ആനുകാലികങ്ങളിൽ ഒക്കെ ഇടയ്ക്കു ഒരോ കവിതകൾ പ്രസിദ്ധീ കരിക്കാൻ  തുടങ്ങിയതോടെ ജീവിതം വീണ്ടും തളിരിടാൻ തുടങ്ങി. ഇതിനിടയിൽ ഉമ്മയുടെ മരണത്തോടെ ഞാനും മോളും സഹായത്തിനു ആരും ഇല്ലാത്തവർ ആയിമാറിയിരുന്നു.

 

 

പിന്നീട് മോളെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യം.  എന്നാൽ അവൾ പഠിക്കാൻ സമർഥയായിരുന്നില്ല. തട്ടി മുട്ടി പ്ലസ്ടു വരെ എത്തി. അതിനിടയിൽ അവൾക്കു ഒരു പ്രണയവും ഉണ്ടായി. കൂടെ പഠിച്ച ഒരു കുട്ടിയുടെ സഹോദരനും ആയിട്ട്. പയ്യന്  അടുത്തുള്ള സ്കൂളിൽ മാഷായി ജോലി ശരിയായതിനു  ശേഷംഅവർ വീട്ടിൽ വന്നു പെണ്ണാലോചിച്ചപ്പോൾ പിന്നീട് ഒന്നും ആലോചിക്കാതെ കല്യാണം നടത്തിക്കൊടുത്തു.

 

 

പിന്നീട് താൻ വീട്ടിൽ ഒറ്റക്കായി. സന്ദീപിന്റെ ചോദ്യം അവളെ ഭയപ്പെടുത്തികൊണ്ട് തന്നെ ഇരുന്നു. അവൻ വീണ്ടും വിളിക്കുകയോ വരികയോ ചെയ്താൽ താൻ എന്ത് ചെയ്യും പടച്ചോനെ? ആരെങ്കിലും ഈ കാര്യം അറിഞ്ഞാൽ പിന്നെ ജീവിച്ചിരിന്നിട്ടു കാര്യം ഉണ്ടോ?. താൻ കാരണം തന്റെ മകളുടെ ജീവിതം കൂടെ നശിക്കില്ലേ? റബ്ബിൽ ആലമീൻ ആയ തമ്പുരാനെ തന്നെ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ?

അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു. എന്തോ പിന്നീട് അവൾ ഭയപ്പെട്ടപോലെ പിന്നീട് സന്ദീപ് വിളിക്കുക ഉണ്ടായില്ല.

 

പിന്നീട് ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം മകളും മരുമകനും വന്നു. വൈകിട്ട് സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ മരുമകൻ പറഞ്ഞു.

 

‘‘ഉമ്മ ഒരു പാസ്പോർട്ടെടുക്കണം’’

 

‘‘ എന്താ ഇത്ര തിരക്ക് ഹജ്ജിനോ ഉംറക്കോ പോകാനുള്ള പരിപാടി ഉണ്ടോ’’

 

‘‘ അതൊന്നും ഇല്ല. എന്നാലും ഉമ്മ പാസ്പോർട്ടിനു അപേക്ഷിക്കൂ ഉപകാരപ്പെടും’’ മരുമകൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

ചോദ്യഭാവത്തിൽ മകളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പറഞ്ഞു.

 

‘‘ ഇന്നലെ ഇന്ദു ആന്റിയും അങ്കിളും വീട്ടിൽ വന്നിരുന്നു. കൂടെ വേറെ ഒരു അങ്കിളും ഉണ്ടായിരുന്നു. സന്ദീപ് എന്നു പേര് പറഞ്ഞത്. ഉമ്മയുടെ പഴയ ലൈൻ ആയിരുന്നു അല്ലേ?

 

 താൻ മകളുടെയും മരുമകന്റെയും മുന്നിൽ പറ്റെ കൊച്ചായത് പോലെ അവൾക്കു തോന്നി  ഭൂമി പിളർന്നു താൻ താഴ്ന്നു പോയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി.

 

 പെട്ടന്ന് കണ്ണ് നിറഞ്ഞു തൊണ്ടായിടറി അവൾ പറയാൻ ശ്രമിച്ചു.

 

‘‘മോളെ, ഞാൻ. അങ്ങനെയൊന്നും’’

 

 പറഞ്ഞു മുഴുവനക്കുന്നതിനു മുൻപ് മകൾ അവളെ കെട്ടിപ്പടിച്ചു കൊണ്ട് പറഞ്ഞു.

 

 

‘‘ ഇനിയെങ്കിലും ഉമ്മ ഉമ്മാക്ക് വേണ്ടി ജീവിക്കണ്ടേ’’

 

തന്റെ കയ്യിൽ പിടിച്ചുകൊണ്ടു മരുമകനും പറഞ്ഞു.

 

‘‘ ഉമ്മ 36 വയസ്സ് എന്നൊന്നും പറഞ്ഞാൽ വലിയ പ്രായം അല്ല. പിന്നെ ഞങ്ങൾക്ക് എന്നും വന്നു ഉമ്മയുടെ കൂടെ നിൽക്കാൻ പറ്റുമോ? വയസ്സുകാലത്ത് ഉമ്മ ഒറ്റപ്പെട്ടു പോവില്ലേ? ’’

 

‘‘ അല്ലെങ്കിൽത്തന്നെ ഇത്രയും കാലം ഉമ്മാക്ക് വേണ്ടി കാത്തിരുന്ന ആ അങ്കിളിന്റെ സ്നേഹം കാണാതെ പോയാൽ പടച്ചോൻ പൊറുക്കുമോ’’ മകൾ ചോദിച്ചു.

 

 

‘‘ മോളെ നാട്ടുകാരും വീട്ടുകാരും ഒക്കെ എന്ത് പറയും’’ 

 

‘‘ ഉമ്മ, ഉമ്മയുടെ ജീവിതം നാട്ടുകാരും വീട്ടുകാരും ഒന്നും അല്ല ഉമ്മ തന്നെ ആണ് ജീവിക്കേണ്ടത്. മറ്റുള്ളവരോട് പോകാൻ പറ’’ മരുമകന്റെ  ശബ്ദം ഉറച്ചതായിരുന്നു.

 

‘‘ നാളെ ഏതായാലും സന്ദീപ് അങ്കിൾ ഇങ്ങോട്ടു വരും. ഞങ്ങൾ ഇതങ്ങോട്ടു ഉറപ്പിക്കുക ആണ്’’ 

 

മകൾ പറഞ്ഞു....

 

 

 English Summary : Get Together Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com