ADVERTISEMENT

പൂവൻ കോഴിയും പൊട്ടക്കിണറും (കഥ)

പ്രകാശന് മീശ കിളുർത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. തീപ്പെട്ടി കമ്പു നനച്ചും ഉരച്ചും മാസത്തിലൊ രിക്കൽ ചായക്കടയിൽ വന്നിരുന്നു ലോകവിവരം പറയുന്ന മുസല്യാരുടെ കയ്യിൽനിന്നും കരടി നെയ്യ് വാങ്ങി തേച്ചും, ഇതൊന്നും ശരിയാകാതെ വന്നപ്പോൾ ചേച്ചിയുടെ കണ്മഷി തോണ്ടിയെടുത്തു മൂക്കിന് താഴെ വരച്ചും പുരുഷനാകാൻ ശ്രമിച്ചു കൊണ്ടിരുന്ന സമയം.

 

 

പാടത്തിന്റെ ഇക്കരെയായിരുന്നു പ്രകാശന്റെ വീട്. അക്കരെ വരെ മാത്രമേവഴി ഉണ്ടായിരുന്നുള്ളു. അവിടെ നിന്നും പാടവരമ്പത്തു കൂടി സർക്കസ്സുകാരന്റെ മെയ്‌വഴക്കത്തോടെ മാത്രമേ പ്രകാശന്റെ വീട്ടിലേക്കെത്തു വാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവന്റെ സൈക്കിൾ എപ്പോഴും അക്കരെയുള്ള ചെറിയമ്മയുടെ വീടിന്റെ ചായ്‌പിൽ ആണ് ചാരി വക്കുക.

 

 

അന്നും വീടിന്റെ ഇറയത്തു തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടു സന്തോഷിച്ചാണ് അവൻ സൈക്കിളുമായി കറങ്ങാൻ  പോയത്. പാടം കടന്നു അക്കരെ എത്തി. ടാറിടാത്ത ചെമ്മൺ പാതയിലൂടെ,  പാല് ചുരത്താൻ വെമ്പി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ ,മുണ്ടിന്റെ കോന്തലയിൽ പിടിച്ചു മാടി വിളിക്കുന്ന പൈനാപ്പിൾ തോട്ടത്തിലൂടെ ,വാര്യത്തെ വീടിന്റെ മുറ്റത്തു കൂടി, പച്ചപുതപ്പിന്റെ ഇടയിൽ ചെങ്കല്ല് കെട്ടി ഉറപ്പിച്ചിരിക്കുന്ന അമ്പല മുറ്റത്തു കൂടി, കുട്ടികൾ നീന്തിത്തുടിച്ചു പതപ്പിക്കുന്ന അമ്പലകുളത്തിനരികിലൂടെ, പൂട്ടിക്കിടക്കുന്ന ഫാക്ടറിക്കു മുൻപിലൂടെ ഇടയ്ക്കിടെ മണി മുഴക്കിക്കൊണ്ട് അവന്റെ സൈക്കിൾ പാഞ്ഞു. 

പൂവൻ കോഴിയും പൊട്ടക്കിണറും (കഥ)
പ്രതീകാത്മക ചിത്രം

 

 

തോട്ടിൽ തെങ്ങിൻതടിയും, തഴ പത്തലും ചേർത്ത് വച്ച് ചിറകെട്ടി വെള്ളം നിർത്തിയിരിക്കുന്ന ചിറക്കലെ കടവ് വരെ പോവുക. വെള്ളത്തിൽ നഞ്ചു കലക്കി മീൻ പിടിക്കുന്ന കൊച്ചു കുട്ടനെയും കൂട്ടരെയും കാണുക, വർത്തമാനം പറയുക, തിരികെ സൈക്കിളുമായി പായുക. അതായിരുന്നു പ്രകാശന്റെ സ്ഥിരം സഞ്ചാര മാർഗം.

 

അന്നും പതിവ് പോലെ തിരികെ വന്നു സൈക്കിൾ ചായ്‌പിന്റെ ഭിത്തിയിൽ ചാരി വച്ച് തിരിഞ്ഞപ്പോൾ കണ്ടത് തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുന്ന ജയന്തി ചേച്ചിയെ ആണ്.

 

‘‘ഡാ പ്രകാശാ എന്താടാ നിന്റെ മുഖത്ത്’’

 

പൂവൻ കോഴിയും പൊട്ടക്കിണറും (കഥ)
പ്രതീകാത്മക ചിത്രം

‘‘എന്തേ’’ അവനൊന്നും കണ്ടില്ല.

 

ചേച്ചി അടുത്തേക്ക് വന്നു അവന്റെ മുഖം പിടിച്ചു നേരെ ആക്കി അവന്റെ മൂക്കിനും ചുണ്ടിനും ഇടയിലേക്ക് സൂക്ഷിച്ചു നോക്കി. ചേച്ചിയുടെ ശ്വാസം അവന്റെ കവിൾത്തടത്തിൽ അടിച്ചു.

 

‘‘ എടാ നീ എന്റെ കണ്മഷി എടുത്തു മീശ വരച്ചോ?’’

 

ചേച്ചി മുഖം പൊത്തി ചിരിച്ചു മറിഞ്ഞു. അവൻ പെട്ടെന്ന് മുഖം സൈക്കിളിന്റെ കണ്ണാടിയിൽ നോക്കി. മൂക്കിന് താഴെ നിന്നും മീശ നനഞ്ഞു  കുതിർന്നു ഇരു വശങ്ങളിലൂടെയും കവിളുകളിലേക്കു ഒഴുകുന്നു. ഒരു വാഴയില പറിച്ചു മുഖം തൂത്തു കൊണ്ട് അവൻ പാട വരമ്പത്തു കൂടെ ഓടി വീട്ടിലേക്കു പോയി.

 

 

‘‘ഇൻസ്‌പെക്ടർ ബൽറാം’’ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മുതലാണ് പ്രകാശൻ തന്റെ ശിരസ്സിലെ രോമങ്ങൾ പരിഗണിക്കുവാൻ തുടങ്ങിയത്. ലഹള സ്ഥലത്തേക്ക് പാഞ്ഞു വരുന്ന ജീപ്പിൽ നിന്നും ചാടിയിറങ്ങുന്ന മമ്മൂട്ടി തലകുത്തി മറിഞ്ഞു റോഡിലേക്ക് വീഴുന്നു. തിരികെ എഴുന്നേറ്റു വന്നപ്പോൾ പ്രകാശൻ ശ്രദ്ധിച്ചു ആ മുടി ഒന്ന് ഉലഞ്ഞിട്ടു പോലും ഇല്ല. അന്ന് രാത്രി വീട്ടിൽ കണ്ണാടിയുടെ മുൻപിൽ ഒരു വട്ടചീപ്പും ,നീളൻ ചീപ്പും, പിരിയൻ ചീപ്പുമായി, അവൻ നിന്നു. ടേബിൾ ലാംപ് ചരിച്ചു വച്ച് മുഖത്തേക്ക് വെളിച്ചം അടിച്ചു. 

 

മനസ്സിൽ മുഴുവൻ മമ്മൂട്ടിയായിരുന്നു. ജീപ്പിൽ നിന്നും എടുത്തു ചാടുന്ന മമ്മൂട്ടി. മുടി മുകളിലേക്ക് ചീകി ഒതുക്കിയപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. എവിടെയോ എന്തോ ഒരു വ്യത്യാസം. ഒരു ചേർച്ചയില്ലായ്മ. തന്റെ നെറ്റി കുറച്ചു കൂടുതൽ മുകളിലേക്ക് കയറിയിട്ടില്ലേ? ഒരു സംശയം. അടുത്ത ദിവസം മുടി വെട്ടുവാനായി മണിയാശാന്റെ കടയിലെത്തി. കൊച്ചു പലകകൾ വച്ച് മറച്ച ചെറിയ ബാർബർ ഷോപ്. തടി കസേരയിൽ ഇരുന്നപ്പോൾ തന്റെ തലയുടെ പുറകിലത്തെ ചിത്രം പിന്നിലെ കണ്ണാടിയിലൂടെ അവൻ വ്യക്തമായി കണ്ടു. അവന്റെ ഹൃദയം തകർന്നു പോയി. കാർമേഘം നിറഞ്ഞ ആകാശത്തിൽ പൂർണ ചന്ദ്രൻ തെളിഞ്ഞത് പോലെ, നെല്ലിക്ക വലിപ്പത്തിൽ തലയോട്ടി തെളിഞ്ഞു നിൽക്കുന്നു.

 

 

‘‘ നിന്റെ ഉച്ചി തെളിഞ്ഞല്ലോ?’’ ആളിക്കത്തുന്ന തീയിൽ എണ്ണ കോരിയിടുന്ന മണിയാശാൻ. അന്നുമുതൽ പ്രകാശന്റെ ഏറ്റവും വലിയ പ്രശ്നം തന്റെ ഉച്ചിയിൽ കത്തി നിൽക്കുന്ന സുര്യനെ എങ്ങനെ മറ്റുള്ളവരുടെ കാഴ്ച്ചയിൽ നിന്നും മറക്കാം എന്നതായിരുന്നു. കോളേജിലേക്കുള്ള യാത്രകളിൽ അവൻ തന്റെ കാൽപാദങ്ങളിൽ ദൃഷ്ടിയുറപ്പിച്ചു നടന്നു തുടങ്ങി. കഞ്ഞി മുക്കാത്ത ഖദർ ഷർട്ടും, വെളുത്ത മുണ്ടും, പാരഗൺ ചെരുപ്പുമായി, കയ്യിൽ രണ്ടു ബുക്കും പിടിച്ചു നടന്നിരുന്ന അവന്റെ തല പെട്ടെന്ന് താണു. 

 

 

പുറകിൽ നിന്നും വരുന്നവർ തന്റെ ഉച്ചിയിലെ വെണ്മ കാണരുതല്ലോ. തന്റെ മുൻപിൽ നടക്കുന്നവരെയും തനിക്കു നേരെ വരുന്നവരെയും അവൻ കാണാതായി. റോഡരുകിലെ സിഗരറ്റു കുറ്റികളും നനഞ്ഞൊട്ടിയ തീപ്പെട്ടികളും ആരോ മുറുക്കിത്തുപ്പി ചുമപ്പിച്ച ചരൽ മണലുകളും ധാരാളമായി കണ്ടുതുടങ്ങി. അവനെടുത്ത പ്രധാന തീരുമാനം മണിയാശാനെന്നല്ല ഇനി ഒരു ബാർബർ ഷോപ്പിലും കയറില്ല എന്നതായിരുന്നു. 

 

 

പൂവൻ കോഴിയും പൊട്ടക്കിണറും (കഥ)
പ്രതീകാത്മക ചിത്രം

മുടി നീണ്ടു തുടങ്ങിയപ്പോൾ രണ്ടു ചെറിയ കണ്ണാടികൾ വിപരീത ദിശയിൽ വച്ച് ഒരു ചീപ്പും കത്രികയുമായി അവൻ തന്നെ കാര്യങ്ങൾക്കു ഒരു തീരുമാനമാക്കി. അങ്ങനെ ആ കാര്യത്തിൽ സ്വയം  പര്യാപ്തത നേടി.

അങ്ങനെ തട്ടിയും മുട്ടിയും ജീവിതം മുൻപോട്ടു പോകുമ്പോഴാണ് വലിയ അവധിക്കാലം.കോളേജിൽ നിന്നും ബസിറങ്ങി നടന്ന അവന്റെ തോളിൽ ബലിഷ്ഠമായ ഒരു കരം പതിച്ചു.

 

‘‘പ്രകാശൻ’’

 

പെട്ടെന്നുണ്ടായ ഞെട്ടലിൽ അവൻ തിരിഞ്ഞു നോക്കി. ആറടി പൊക്കത്തിൽ നീണ്ടു നിവർന്നു നിൽക്കുന്ന ആ രൂപത്തെ അവൻ അടി മുതൽ മുടി വരെ നോക്കി. പേരറിയാത്ത ഏതോ കമ്പനിയുടെ ബൂട്സിട്ട കാലുകൾ മുതൽ ചെഗുവേരയുടെ പടമുള്ള തൂവാല കൊണ്ട് മറച്ചു വച്ചിരിക്കുന്ന തല വരെ. നീണ്ടു ചുരുണ്ടു ഇടതൂർന്ന താടി രോമങ്ങൾക്കിടയിൽ എവിടെയോ ഒളിച്ചു വച്ചിരുന്ന ചുരുട്ടിന്റെ കറ പറ്റിയ പല്ലുകൾ കാട്ടി അയാൾ ചിരിച്ചു.

 

‘‘നിനക്കെന്നെ മനസ്സിലായില്ലേടാ?’’

 

‘‘ദൈവമേ വേണുവേട്ടൻ’’

 

പ്രകാശൻ ഓർത്തെടുത്തു.

 

വേണുവേട്ടന്റെ കൈകൾ പിടിച്ചാണ് ആദ്യമായി സ്കൂളിലേക്ക് പോയത്. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു മാമൻ. ഇടയ്ക്കു വീട്ടിൽവരുമ്പോൾ പ്രകാശന് അതുവരെ കണ്ടിട്ടില്ലാത്ത തരം മിഠായികളും സിനിമ പാട്ടു പുസ്തകങ്ങളും കൊണ്ടുവരുമായിരുന്നു. കേട്ടിട്ടില്ലാത്ത പഴയ സിനിമ ഗാനങ്ങൾക്ക് സ്വയം സംഗീതം കൊടുത്തു അവൻ പാടും. അപ്പോഴൊക്കെ വേണുവേട്ടൻ പറയും.

 

‘‘ ദേവരാജൻ മാഷ് കേട്ടാൽ നിന്നെ വെടിവച്ചു കൊല്ലും പ്രകാശാ’’

 

അങ്ങനെ ഒരിക്കൽ വേണുവേട്ടൻ വരാതായി. അമ്മയാണ് പറഞ്ഞത് വേണുവേട്ടന് ദുബായിൽ ജോലി കിട്ടിയത്രേ. ഇനി പത്തു വർഷം കഴിയുമ്പോ മാത്രമേ വരികയുള്ളു. പത്തു വർഷം കഴിഞ്ഞോ? ഇത്ര വേഗം?

അമ്മ അനത്തിക്കൊടുത്ത കട്ടൻ കാപ്പിയും ഊതിക്കുടിച്ചു വേണുവേട്ടൻ ദുബായ് വിശേഷങ്ങൾ പറയാൻ തുടങ്ങി. വേണുവേട്ടന്റെ വാക്കുകളിലൂടെ ആകാശത്തോളം ഉയർന്നു നിൽക്കുന്ന ചില്ലു ഗോപുരങ്ങളും അതി വേഗത്തിൽ പാഞ്ഞു പോകുന്ന ശീതീകരിച്ച കാറുകളും തലയിൽ തലപ്പാവ് വെച്ച ഷെയ്ക്കുമാരും എല്ലാം നിറഞ്ഞ ഒരു ലോകം അവൻ മനസ്സിൽ ഉണ്ടാക്കിയെടുത്തു. വേണുവേട്ടൻ കൊണ്ടു വന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന മിട്ടായികൾ നുണഞ്ഞു ഇറക്കിയപ്പോൾ അവൻ അറിഞ്ഞു കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ രുചി.

 

പൂവൻ കോഴിയും പൊട്ടക്കിണറും (കഥ)
പ്രതീകാത്മക ചിത്രം

കഥ പറച്ചിലിന് ശേഷം വേണുവേട്ടൻ പ്രകാശനെയും കൂട്ടി പാടത്തേക്കിറങ്ങി.വരമ്പത്തു കൂടി നടന്നു.

 

‘‘ എന്റെ വേണുവേട്ടാ നിങ്ങൾ പറയുന്ന കേട്ടിട്ട് എനിക്കിവിടുന്നു ഓടി ദുബായിലേക്ക് വരാൻ തോന്നുവാ’’പ്രകാശൻ പറഞ്ഞു.

 

‘‘ നമ്മുടെ നാടാണ് പ്രകാശാ സ്വർഗം’’ വേണുവേട്ടൻ തിരുത്തി.

 

‘‘ എടാ നീ ബാർബിക്യൂ കഴിച്ചിട്ടുണ്ടോ ?’’

 

ആദ്യമായാണ് അവൻ ആ പേര് കേൾക്കുന്നത്. അവൻ മിഴിച്ചു നിന്നു.

 

‘‘ പ്രകാശാ, കോഴിയെ പിടിച്ചു കൊന്ന് മുളകും മസാലയും പുരട്ടി തീക്കട്ടയിൽ ചുട്ടെടുക്കുക. എന്നിട്ടു കുരുമുളകും, ഇഞ്ചിയും നാരങ്ങാനീരും ഒക്കെ ചേർത്ത് ഒരു പിടി പിടിച്ചാൽ എന്താ ടേസ്റ്റ് എന്നറിയ്യോ’’

 

കേട്ടപ്പോൾ പ്രകാശനും ഒരിഷ്ടം തോന്നി.

 

‘‘ പക്ഷെ കോഴി വേണമെങ്കിൽ ടൗണിൽ പോയി വാങ്ങണം’’

 

‘‘ എടാ അതിനൊന്നും ഒരു ടേസ്റ്റുമില്ല. നല്ല നാടൻ കോഴി വേണം. ഇവിടെ അടുത്തെവിടെയെങ്കിലും കോഴിയെ വളർത്തുന്നുണ്ടോ?’’

 

‘‘അതിപ്പോ. ഇവിടെ അടുത്ത്. ആഹ് ദമയന്തി ചേച്ചീടെ വീട്ടിൽ വളർത്തുന്നുണ്ട്. അങ്ങോട്ട് പോവാൻ അമ്മ സമ്മതിക്കില്ല. ചേച്ചിക്കെന്തോ ചുറ്റികളികൾ ഉണ്ടത്രേ’’

 

‘‘ അത് കുഴപ്പമില്ല. ചേച്ചി പോലും അറിയാതെ നമ്മൾ കോഴിയെ പൊക്കും’’ വേണുവേട്ടൻ ഉഷാറായി.

ഉച്ചക്ക് അമ്മേടെ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ടപ്പോഴും അതിനു ശേഷം മനസ്സില്ലാ മനസ്സോടെ കുട്ടപ്പൻ ചേട്ടന്റെ പീടികയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും അവന്റെ മനസ്സിൽ അന്ന് രാത്രി സംഭവിക്കാൻ പോകുന്ന കോഴി മോഷണമായിരുന്നു. 

 

 

കടയിലേക്ക് പോകുന്ന വഴിക്കാണ് ദമയന്തി ചേച്ചീടെ വീട്. വരമ്പിന്റെ അരികിൽ ആറടി പൊക്കമുള്ള കയ്യാല. മുകളിലേക്ക് കയറുവാൻ അവിടവിടെ കുത്തു കല്ലുകൾ പാകിയിരിക്കുന്നു. അത് കയറി കുറച്ചു ചെന്നാൽ ചേച്ചീടെ വീട് കാണാം.

 

‘‘ നീ ആ ദമയന്തീടെ അടുത്ത് ചെന്ന് കുറച്ചു പാല് വാങ്ങി കണ്ണിലൊഴിക്കു പ്രകാശാ’’ പണ്ട് കുട്ടിക്കാലത്തു പ്രകാശൻറെ കണ്ണ് ചുവന്നു തടിച്ചപ്പോൾ അമ്മ ദമയന്തി ചേച്ചീടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ചേച്ചി പ്രസവിച്ചു അധികം ആയിരുന്നില്ല. ആദ്യമായാണ് പ്രകാശൻ ആ വീട്ടിലേക്കു പോകുന്നത്.

 

ഇതൊക്കെ കൊടുക്കുവാന് വാങ്ങുവാനും പറ്റുന്ന കാര്യങ്ങളാണോ അവനു സംശയമുണ്ടായിരുന്നു. അത് തന്നെയുമല്ല എങ്ങിനെയാണ് കാര്യം ചേച്ചീടെ അടുത്ത് അവതരിപ്പിക്കുക. മടിച്ചു മടിച്ചു കുത്തുകല്ലു കയറി അവൻ ചേച്ചീടെ വീടിന്റെ അടുത്തെത്തി. എടുത്തു മാറ്റി വെക്കാവുന്ന വേലിക്കൊന്ന വച്ചുണ്ടാക്കിയ ഒരു ഗേറ്റ് .അവൻ അത് എടുത്തപ്പോൾ വീടിന്റെ പുറകിൽ ഒരു പട്ടി കുരച്ചു. പ്രകാശൻ അവിടെ നിന്നു വട്ടം കറങ്ങി.

മുറ്റത്തു നിന്നിരുന്ന പൂവൻ കോഴി പ്രകാശന്റെ തല വെട്ടിച്ചു നോക്കി നടന്നകന്നു.

 

 

‘‘ആരാ അത്’’ ഒക്കത്തു ഒരു കുഞ്ഞിനേയും വച്ച് മുപ്പത്തഞ്ചിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽക്കൽ നിന്നും തല നീട്ടി പുറത്തേക്കു നോക്കി. അത്..ഞാൻ ..എനിക്ക് കുറച്ചു’’ പ്രകാശൻ നിന്നു വിറച്ചു.

 

‘‘വടക്കേലെ വസുമതിച്ചേച്ചീടെ മോനല്ലേ..എന്തുപറ്റി നിന്റെ കണ്ണിന് വല്ലാതെ ചുവന്നിട്ടുണ്ടല്ലോ?’’

 

 

‘‘ മോൻ വാ. ഈ തിണ്ണയിലോട്ടിരിക്ക് ഞാനിപ്പോ വരാം’’ ചേച്ചി അകത്തേക്ക് പോയി. അൽപസമയം കഴിഞ്ഞു ഒരു ഇലകുമ്പിളും കയ്യിൽ പിടിച്ചു ചേച്ചി വന്നു.

 

‘‘ മോനേ ഈ തിണ്ണേലോട്ടു കിടക്കൂ’’ 

 

ആകെ അന്തിച്ചു നിന്ന അവൻ  തല ചരിച്ചു വച്ച് കിടന്നതുപോലെ വരുത്തി. ചേച്ചി അവന്റെ  കണ്ണില് സൂക്ഷിച്ചു നോക്കി.

 

‘‘ നന്നായി ചുവന്നിട്ടുണ്ടല്ലോ’’  ഏതൊക്കെയോ എണ്ണകളുടെ മണം അവന്റെ മൂക്കിലടിച്ചുകയറി. ഇലക്കുമ്പിൾ ചരിച്ചു പിടിച്ചു ചേച്ചി  കണ്ണിലേക്കു പാൽ ഇറ്റിച്ചു.

 

ഉണങ്ങി വരണ്ട പാടത്തേക്കു മഴവെള്ളം ആർത്തിരമ്പി വരുന്നത് പോലെ ചുവന്നു കലങ്ങിയ അവന്റെ കൺ പോളകളെ വെളുത്ത മുലപ്പാൽ കുളിർപ്പിച്ചു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷമാണ് അമ്മ പറഞ്ഞത് ചേച്ചീടെ വീട്ടിലേക്കു പോകണ്ട ചേച്ചി ചീത്തയാണ് എന്ന്. പ്രായം കൂടി വരുന്തോറും അമ്മ പറഞ്ഞ വാക്കുകളുടെ അർഥം കൂടുതലായി അവനു  മനസ്സിലായിക്കൊണ്ടിരുന്നു.

 

 

രാത്രി എട്ടു മണിയോടെ അത്താഴം കഴിച്ചു എല്ലാവരും കിടന്നു. പക്ഷേ പ്രകാശനും വേണുവേട്ടനും ഉറങ്ങിയി ല്ല. അമ്മേടെ മുറിയിൽനിന്നും ഒഴുകി വന്നിരുന്ന ചലച്ചിത്ര ഗാനങ്ങളും നിലച്ചു.

 

‘‘ഡാ എണീക്ക്’’ വേണുവേട്ടൻ തട്ടി വിളിച്ചു.

 

ശബ്ദമില്ലാതെ അവർ  വാതിൽ തുറന്നു. മണൽ വിരിച്ച മുറ്റത്തു കൂടി നടന്നു പാടവരമ്പത്തെത്തി. ചേച്ചീടെ വീടിനെ ലക്ഷ്യമാക്കി നടന്നു.

 

‘‘ കോഴീനെ പിടിക്കുമ്പോ നമ്മുടെ രണ്ടു വിരലും കൂട്ടി അതിന്റെ കഴുത്തിൽ മുറുക്കണം .പിന്നെ അതുങ്ങൾ കരയില്ല’’ വേണുവേട്ടൻ പറഞ്ഞു.

 

അങ്ങനെ ഞങ്ങൾ ചേച്ചീടെ വീടിനു മുമ്പിലെത്തി. നിലാവെളിച്ചത്തിൽ വീടും പുറകിലുള്ള കൊന്നത്തെങ്ങും എല്ലാം ഒരു പ്രേത സിനിമയുടെ സെറ്റ് പോലെ തോന്നി. അകലെ ഏതോ വീട്ടിൽ ഒരു പട്ടി ഓരിയിട്ടു. ഭാഗ്യം ഇന്ന് വെള്ളിയാഴ്ച അല്ല.

 

 

വീടിന്റെ വലതു വശത്താണ് കോഴിക്കൂട്. കൂട്ടിൽ നിറയെ കോഴികൾ. ഉറങ്ങുകയായിരിക്കും. അനക്കമില്ല. പതിയെ വേണുവേട്ടൻ കൂടിനരികിലേക്കു വന്നു. ഭാഗ്യം പൂട്ടിയിട്ടില്ല. നിലത്തു കുത്തിയിരുന്ന് വേണുവേട്ടൻ കൂട്ടിനുള്ളിലേക്കു നോക്കി. പത്തു പതിനഞ്ചെണ്ണം കാണും. തൊട്ടടുത്ത് നിൽക്കുന്നത് ഒരു പൂവനാണ്.  വേണുവേട്ടൻ തിരിഞ്ഞു അവനെ നോക്കി. കൂട്ടിൽ നിന്നും ഒരു പത്തടി മാറി ചുറ്റുപാടും വീക്ഷിച്ചുകൊണ്ട് പ്രകാശൻ നിന്നു. തള്ളവിരലും, ചൂണ്ടു വിരലും ഒരു പ്രത്യേക  ആകൃതിയിൽ പിടിച്ചു തിരിഞ്ഞു നിൽക്കുന്ന പൂവന്റെ കഴുത്തു നോക്കി വേണുവേട്ടൻ നീട്ടി. ഏതാനും നിമിഷങ്ങൾ മാത്രം. എന്തോ അപകടം മണത്ത പൂവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.തന്റെ നേരെ നീണ്ടു വരുന്ന വിരലുകളിലേക്കു ആഞ്ഞു കൊത്തി.

 

 

‘‘അയ്യോ’’ വേണുവേട്ടന്റെ അലർച്ച. കൂട്ടിനകത്തുള്ള കോഴികളെല്ലാം ഒച്ച വക്കുവാൻ തുടങ്ങി.പെട്ടെന്ന് എവിടെനിന്നോ ഒരു പട്ടി കുറച്ചു കൊണ്ട് ചാടി വന്നു.

 

‘‘പ്രകാശാ ഓടെടാ’’ കണ്ണ് തുറന്നടഞ്ഞ സമയം കൊണ്ട് വേണുവേട്ടൻ ഇരുട്ടിലോട്ടു ഓടി മറഞ്ഞു. വീട്ടിനകത്തെ ലൈറ്റുകൾ തെളിഞ്ഞു. മൂന്നോ നാലോ സ്റ്റെപ് എടുത്തപ്പോഴേക്കും പ്രകാശന്റെ കാലുകൾ താഴേക്കു  പോവുന്നത് പോലെ അവനു തോന്നി. വലിയ ശബ്ദത്തോടെ അടിയിൽ ചതുപ്പു നിറഞ്ഞ പൊട്ടക്കിണറിന്റെ അടിയിൽ അവൻ പോയി വീണു. എവിടെയോ നീണ്ടു നിന്നിരുന്ന ഒരു കമ്പു അവന്റെ തുടയിൽ ഉരഞ്ഞു കീറി. അവൻ അലറിക്കരഞ്ഞു. ഒരു ടോർച്ചുവെളിച്ചം മുകളിൽ നിന്നും താഴ്ത്തേക്കു വന്നു. അതിന്റെ ഉടമയെ അവൻ ഞെട്ടലോടെ കണ്ടു. ദമയന്തി ചേച്ചി!

 

ചേച്ചി ടോർച്ചിന്റെ വെളിച്ചം അവന്റെ മുഖത്തേക്കടിച്ചു.

 

‘‘ അയ്യോ ഇത് പ്രകാശനല്ലേ. എന്റെ പ്രകാശാ നിനക്കിങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നോ.?’’ ചേച്ചി ഉദ്ദേശിച്ച ത് കോഴിയിറച്ചിയെക്കുറിച്ചല്ലെന്നു അവനു മനസ്സിലായി. തല കുമ്പിട്ടു കിണറിന്റെ അടിയിൽ അവൻ ഇരുന്നു. പുറകെ മറ്റു പല ടോർച്ച് വെട്ടങ്ങളും കിണറിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു. അവൻ കണ്ണുകൾ ഇറുക്കി അടച്ചു.

 

ഈ കഥ എന്നോട് പറയുമ്പോൾ പ്രകാശൻ തന്റെ ദുബായിലെ അൻപതാം നിലയിലെ ഫ്ലാറ്റിന്റെ ബാർ കൗണ്ടറിൽ ഇരുന്നു ഏതോ വില കൂടിയ സ്കോച്ച് നുണഞ്ഞിറക്കുക ആയിരുന്നു. പുറത്തു ആകാശം നിറയെ നക്ഷത്രങ്ങൾ തിളങ്ങി നിന്നിരുന്നു.

 

English Summary : Poovan Kozhiyum Pottakinarum Story By  Anoop Devasia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com