ADVERTISEMENT

അന്നമ്മച്ചിയുടെ ഒരു ദിവസം (കഥ)

കാലത്ത് ആറു മണിയ്ക്ക് തുടങ്ങും തട്ടിൻ പുറത്തു എലി പെറ്റിട്ടതു പോലെയുള്ള ബഹളങ്ങൾ. അടുക്കള യിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും. ഊണ് മുറിയിലും കുളിമുറിയുടെ വാതിക്കലും തിരക്കോടു തിരക്ക് ... ഇവരെന്തിനാണ് ഇത്ര മാത്രം കിടന്നോടുന്നത് ? കട്ടിലിൽ കിടന്ന കിടപ്പിൽ അന്നമ്മച്ചി ഓർത്തു.

 

വീട് പുതുക്കി പണിതപ്പോൾ മുകളിൽ കിടപ്പു മുറികളും കുളിമുറിയുമൊരുക്കിയതാണ്. അതാർക്കും വേണ്ട ... മൂന്നിനും താഴത്തെ മുറികളിൽ തന്നെ കിടക്കണം. ഇവിടത്തെ കുളി മുറി തന്നെ വേണം പല്ലു തേയ്ക്കാനും മുള്ളാനും കുളിക്കാനും ഒരുങ്ങാനുമൊക്കെ. 8 മണിയ്ക്ക് കൊച്ചിന്റെ സ്കൂൾ വണ്ടി പടിയ്ക്കൽ വരും. കൊച്ചു പോയാലുടൻ ബെന്നി മോൻ പോകും. ബൈക്കിലാണ് തിരുവാങ്കുളം വരെ യാത്ര. അവിടെ നിന്നും എറണാകുളത്തിന് എപ്പോഴും ബസ്സുണ്ട്.

 

 

വയസ്സായി കെളവനായിട്ടും അമ്മച്ചി ബെന്നി മോനെന്നാണ് പപ്പയെ വിളിക്കുന്നതെന്ന് പറഞ്ഞു കൊച്ചു കളിയാക്കുന്നത് കേൾക്കാറുണ്ട്. മക്കളെത്ര വലുതായാലും പെറ്റമ്മയ്ക്കു കുഞ്ഞു തന്നെയല്ലേ ? 

 

ലിസ്സി ഒന്നും പറയാറില്ലെങ്കിലും അവൾക്കും തോന്നുന്നുണ്ടാവും അമ്മച്ചിയ്ക്ക് മോനോടാണ് സ്നേഹം കൂടുതൽ എന്ന്. അവളെയും മോളായിട്ടു തന്നെ ആണ് കരുതിയിട്ടുള്ളത്. പിന്നെ കൂടുതൽ സ്നേഹ പ്രകടനത്തിന് പോകാറില്ല. വന്ന കാലം മുതൽക്കേ അങ്ങനെ തന്നെ ആണ് ... അമ്മായിഅമ്മ എത്ര സ്നേഹിച്ചാലും അതിനു മാറ്റുണ്ടാവില്ല. 

 

 

എട്ടര കഴിയുമ്പോ ലിസ്സി പോകും. അവള് കാറോടിച്ചാണ് കോലഞ്ചേരിയ്ക്കു പോകുന്നത്. കോളേജ് ടീച്ചറാണ്. ട്രാൻസ്‌പോർട്ട് ബസ്സുകാരുടെ താളത്തിനൊത്തു അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിച്ചു നടന്നാൽ സമയത്തിനെത്താൻ പറ്റില്ല. പോകുന്നതിനു മുൻപ് ചായയും പലഹാരവുമൊക്കെ മേശപ്പുറത്തു വച്ചിട്ടാണ് അവള് പോകുന്നത്. വലിയ മിണ്ടാട്ടമൊന്നുമില്ലേലും എല്ലാം കണ്ടറിഞ്ഞു ചെയ്യും.

 

 

വന്ന കാലത്തു കോളേജിൽ പഠിക്കുകയായിരുന്നു. അന്ന് അടുക്കളയിൽ അധികം കേറ്റിയിട്ടില്ല എന്ന് തന്നെ പറയാം. എല്ലാം ചെയ്തു ഉച്ചത്തേയ്ക്കുള്ള ചോറും പാത്രത്തിൽ ഇട്ടു മേശപ്പുറത്തു വച്ച് കൊടുത്തിരുന്നു. കൊച്ചുണ്ടായിട്ടും ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. വീട് പണി എടുത്തു അവളുടെ പഠിപ്പു മുടങ്ങരുതെന്നു തോന്നി. ഇക്കാലത്തു പെൺപിള്ളേർക്ക് നല്ല പഠിപ്പും ജോലിയും വേണം. മുഷിഞ്ഞു കുത്തി വീട്ടിലിരുന്നാൽ കൊള്ളില്ല.

 

 

 

ഇടക്കാലത്തു കുളി മുറിയിലൊന്നു കാലു തെറ്റി വീണതാണ് പ്രശ്നമായത്. കാൽക്കുഴ ഒടിഞ്ഞു രണ്ടു മാസം ഇരുന്ന ഇരുപ്പിരുന്നു. അന്നേരമാണ് അടുക്കള ഒഴിഞ്ഞത്. സ്വന്തം മോൻ നോക്കുന്നതിലും നന്നായി ലിസ്സി നോക്കി. ആദ്യ ദിവസങ്ങളിൽ ആധിയായിരുന്നു ഞാനൊരു ഭാരമായോ. അവർക്കു സമയത്തിന് ഭക്ഷണമു ണ്ടാക്കി കഴിച്ചു പോകാൻ പറ്റുമോ. കൊച്ചിന്റെ പഠിത്തം പോകുമോ. വീട് വൃത്തിയാക്കാൻ സമയം കിട്ടുമോ എന്നൊക്കെ ഓർത്തു. 

 

 

ഒരു കുഴപ്പവുമുണ്ടായില്ല, ബെന്നി മോൻ എല്ലാത്തിനും സഹായിക്കാൻ കൂടുന്നുണ്ട്. നോക്കിക്കൊണ്ടിരുന്ന പ്പോൾ തോന്നി ഇപ്പോഴാണ് അവർക്കു കൂടുതൽ സന്തോഷം എന്ന്. പെട്ടന്ന് വീട് അവരുടേതായതു പോലെ അടുക്കളയ്ക്ക് ഇത്ര ശക്തിയുണ്ടോ ? കാലു ഭേദമായി അടുക്കളയിൽ ചെന്നപ്പോൾ ഒരു വീർപ്പു മുട്ടൽ. ആരു എന്ത് ചെയ്യും? നേരത്തെ എന്തുണ്ടാക്കും എന്നതിനൊരു കൂടിയാലോചന ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു ദിവസം കൂടി ഇണങ്ങി ചെയ്യാൻ നോക്കിയിട്ടു ഒക്കുന്നില്ല.

 

 

ലിസിക്ക് എടുക്കുന്ന സാധനങ്ങൾ അപ്പപ്പോൾ തിരികെ വച്ച് വൃത്തിയാക്കി വയ്ക്കണം. ഞാനൊരു ഉള്ളി പൊളിയ്ക്കുമ്പോഴേയ്ക്കും അവള് തൊണ്ടു വാരാൻ വന്നു നിൽക്കുന്നു. ഞാൻ കഴുകി വച്ച പ്ലേറ്റ് സോപ്പിട്ടു ഒന്നൂടെ കഴുകുന്നു. സത്യം പറഞ്ഞാൽ എന്തെങ്കിലും പറയാൻ പേടിയാണ്. ആകെ ഒന്നേ നാട്ടിൽ കൂടെയുള്ളൂ. ഇവര് പിണങ്ങുന്ന കാര്യം ചിന്തിക്കാൻ വയ്യ അങ്ങനെ ആണ് രാവിലത്തെ എഴുന്നേൽപ്പ്‌ ഇവര് ഇറങ്ങിയിട്ടാവാം എന്ന് വച്ചത്. കൊച്ചു ഇടയ്ക്കിടയ്ക്ക് ഓടിക്കേറി വരും. കൂടെ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടക്കും. 

 

 

അമ്മച്ചി എഴുന്നേറ്റു ചായ കുടി എന്നൊക്കെ പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തല തൊട്ട പിള്ളേർക്ക് നമ്മളോടൊരു ആത്മബന്ധമുണ്ട് .എഴുന്നേറ്റ് അടുക്കള വാതിൽ തുറന്നു. പിൻവശമുറ്റത്തൂടെ നടന്നാണ് പല്ലു തേയ്‌ക്കൽ. കാലത്തു നേരെ അടച്ചിട്ട കുളി മുറിയിൽ കേറിയാൽ എന്തോ പോലെയാണ്. വായുവിൽ കോൾഗേറ്റ് പേസ്റ്റിന്റെ മണം. അതിലും സുഖം കുറച്ചു കാറ്റു കൊണ്ട് മുറ്റത്തിരുന്നു പല്ലു തേക്കുന്നതാണ്.

 

 

പാട കെട്ടിയ ചായ പണ്ടേ ഇഷ്ടമല്ല. പാട അരിച്ചു ചായപാത്രത്തിൽ ഒഴിച്ച് ഇത്തിരി കൂടി പൊടിയും , പഞ്ചാരയും ഇട്ടിട്ടാണ് കുടിക്കുന്നത്. ദൈവം സഹായിച്ചു ഇത് വരെ ഷുഗറോന്നുമില്ല.. മരിക്കും വരെ ചായ കുടി മുട്ടിക്കല്ലേ എന്നൊരു പ്രാർത്ഥനയേയുള്ളു. ഉടുപ്പ് മാറ്റി സാരി ഉടുത്ത് മുടിയും ചീകി  ചായ കുടിക്കാനിരിക്കുമ്പോഴാണ് പെരപ്പുറത്തെ പ്രാവിൻ കൂടുകൾ ഇളകുന്നതും കുഞ്ഞേടത്തിയും  തെക്കേലെ മൂപ്പത്തിയുമൊക്കെ വർത്തമാനത്തിനു വരുന്നതും. പണ്ടേ ഉള്ളതാണ് ഒരുമിച്ചിരുന്നുള്ള ഈ ചായ കുടി. നേരത്തെ പോയെന്നു വച്ച് ചായക്കു കൂടാതിരിക്കാൻ പറ്റുമോ.

 

‘പെണ്ണെ നിന്റെ മുടിയിൽ കുറച്ചു മൈലാഞ്ചി ഇട്. നരച്ചു നരച്ചു കറുപ്പില്ലാതായല്ലോ വടക്കേലെ മൂപ്പത്തി യാണ്. മക്കളും കൊച്ചു മക്കളുമായി. ഇനി എന്നതിനാണ് മൈലാഞ്ചി ഇട്ടു കറുപ്പിക്കുന്നത്. നീ ഒതുങ്ങു ന്നതൊക്കെ കൊള്ളാം, ഒതുങ്ങി ഒതുങ്ങി അവര് നിന്നെ തേങ്ങാ മുറിയിലിടാതെ നോക്കിക്കോ’ കുഞ്ഞേടത്തിയ്ക്കു ബെന്നിമോനെയും ലിസിയെയും ഒട്ടും വിശ്വാസമില്ല.

 

 

തേങ്ങാ മുറിയെങ്കിൽ തേങ്ങാ മുറി. കാലത്തിനു അനുസരിച്ചു നമ്മടെ മുറികൾ മാറികൊണ്ടിരിക്കും. എവിടെ എങ്കിലും കിടന്നാൽ പോരെ? പത്രത്തിലെ വിശേഷങ്ങളൊക്കെ അവരെ വായിച്ചു കേൾപ്പിക്കും. ഈയിടെ വായിക്കാൻ കൊള്ളുന്നതായി ഒന്നുമില്ല. ചരമ വിവരങ്ങളിലാണ് രണ്ടാൾക്കും പ്രിയം. നാട്ടിൽ ആരൊക്കെ പിരിഞ്ഞു പോയി എത്ര വയസ്സുണ്ട് എന്താണ് പറ്റിയത്? മക്കളൊക്കെ എന്ത് ചെയ്യുന്നു തുടങ്ങിയ വിശേഷങ്ങൾ...

 

 

അതുവച്ച് ഒത്തു നോക്കുമ്പോൾ തങ്ങൾ കുറച്ചു നേരത്തെ ആണോ പോയത്. അതോ പോയത് ഭാഗ്യമാണോ എന്നൊക്കെ ആണ് ചർച്ച. പതിനൊന്നു മണിയ്ക്ക് കഞ്ഞി അടുപ്പത്തിടും. അരപ്പും വറവും ആർഭാടങ്ങ ളൊന്നുമില്ലാതെ എന്തെങ്കിലും കറിയുമുണ്ടാക്കും. ഫ്രിഡ്ജിൽ കറിയുണ്ടാവും. പക്ഷ അങ്ങനെ ചൂടാക്കി കഴിക്കുന്നത് ഇഷ്ടമല്ല. പന്ത്രണ്ടു മണി കഴിയുമ്പോ ബെന്നി മോന്റെ അപ്പൻ വരും. ചോറുണ്ണാൻ കൂട്ടിരിപ്പിനു ഉണ്ടായിരുന്ന കാലത്തു കള്ള് കുടിയും ഒച്ചപ്പാടുമൊക്കെ ആയിരുന്നെകിലും പോയതിൽ പിന്നെ വലിയ സ്നേഹത്തിലാണ്. ചെല മനുഷ്യർ ഇങ്ങനാണ്. ജീവൻ പോകുന്ന വരെ ഒള്ള സ്നേഹം പുറത്തു കാണിക്കില്ല . പിന്നെയാണ് പൊന്നെ കരളേ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ പറഞ്ഞു പിന്നാലെ കൂടുന്നത്. 

 

 

 

ഇപ്പോഴത്തെ പിള്ളാര് പിന്നെയും ഭേദമാണെന്നു തോന്നുന്നു. ബെന്നി മോൻ  ലിസിയെയും കൊച്ചിനെ യുമൊക്കെ കൂട്ടത്തിലിരുത്തി ഉണ്ണലും ടി വി കാണലും സിനിമയ്ക്ക് പോക്കുമൊക്കെ ഉണ്ട് . അല്ലേലും അവൻ പണ്ടേ അങ്ങനാരുന്നു. സാരി ഉടുക്കാൻ നിൽക്കുമ്പോൾ വിളിച്ചില്ലേലും ഓടി വന്നു നിലത്തിരുന്നു ഞൊറി പിടിച്ചു തരും. അമ്മപ്പിള്ളയായി വളർന്നതു കൊണ്ട് ഇപ്പൊ കെട്ട്യോളെയും മോളെയും സ്നേഹിച്ചു കൂടി നടക്കുന്നു. അതങ്ങനെ തന്നെ പോകട്ടെ. എത്ര പറഞ്ഞാലും അങ്ങേരു ചോദിച്ചോണ്ടിരിക്കും  ‘അന്നാമ്മേ നിനക്ക് വെഷമം ഒണ്ടോ? തന്നെ ആയി പോയോ എന്നൊക്കെ’

 

 

എനിക്കെന്താണ് വെഷമം. പോയവരെല്ലാം കൂടെ തന്നെയുണ്ട് മിണ്ടാനും പറയാനും. പിന്നെ മക്കള് ... അവര് അവരുടെ ജീവിതം ജീവിക്കട്ടെ. അല്ലേലും മക്കളെ നമ്മള് സ്നേഹിച്ചത് പോലെ അവർക്കു തിരിച്ചു സ്നേഹിക്കാൻ പറ്റുമോ ? നമ്മള് കൊടുത്തത് അവര് അവരുടെ മക്കൾക്ക് കൊടുക്കുന്നുണ്ടോ എന്ന് നോക്കിയാ പോരെ ..

 

 

പിന്നെ വയസ്സ് കാലത്തു കൊച്ചു മക്കളാണ് സ്നേഹം കാട്ടുന്നത്. വളരുന്തോറും സ്നേഹം പ്രകടിപ്പിക്കാൻ ആൾക്കാര് മറന്നു പോവുകയാണെന്ന് തോന്നുന്നു. സ്നേഹം ഒരു പുഴ പോലെയാണ് തലമുറകളിലേക്ക് ഒഴുകുന്ന പുഴ. അതെന്നും താഴോട്ടു തന്നെ പോകും. എന്തിനാണ് അതിനെ തട കെട്ടി തിരിച്ചു വിടാൻ നോക്കുന്നത്. അതങ്ങനെ ഒഴുകി പോട്ടെ..

 

ഉച്ചയുറക്കം പണ്ടേ ഇല്ല. നാലരയ്ക്ക് കൊച്ചു വരും അതിനു വൈകിട്ടത്തെ പലഹാരവും എടുത്തു കൊടുത്തു വിശേഷങ്ങൾ കേട്ട് കൊണ്ട് അത്താഴവും ഒരുക്കി അടുക്കള തുടച്ചു ആറു മണിയാവുമ്പോൾ തിരികെ മുറിയിൽ കേറാം. കുളിയും പ്രാർത്ഥനയും കഴിഞ്ഞു ഇത്തിരി കഞ്ഞിയും കുടിച്ചാൽ ഒരു ദിവസം തീർന്നു. അപ്പുറത്തു നിന്നും ടി വി യിലെ ഒച്ചപ്പാടും കലപിലയും കേൾക്കാതെ വാതിൽ ചേർത്തടച്ചു ഉറക്കം. ഇനി കുറച്ചു നേരം അവരുടെ ലോകം. ഉറക്കത്തിൽ മരിക്കുന്നതു നല്ലതെന്നും അല്ല എന്നുമുള്ള വാദങ്ങൾ ചില രാത്രികൾ ചേട്ടത്തിമാർ ഏറ്റെടുക്കും. ഇവളുമാരൊന്നു പോയിട്ട് വേണം നിന്നെ കെട്ടി പിടിച്ചുറങ്ങാനെന്നു പറഞ്ഞു അങ്ങേരു പുരപ്പുറത്തിരുന്നു കുറുകുന്നു.

 

അധികം ഒച്ച വയ്‌ക്കേണ്ട... ശല്യമായാൽ പുരപ്പുറത്തെ ഭംഗി കൂട്ടാൻ വച്ച പ്രാവിൻ കൂടുകൾ ബെന്നി മോൻ ചിലപ്പോൾ എടുത്തു കളഞ്ഞാലോ ?

 

English Summary : Annammachiyude Oru Divasam Story By Seema Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com