ADVERTISEMENT

ഈദും അത്തറും (കഥ)

സാധാരണ ഷാജപ്പാൻ ദുബായിന്നുവരുമ്പോൾ കൊണ്ടുവരാറുള്ളത് മുന്തിയ തരം മദ്യങ്ങളായ വാസ്റീഗൽ,  ജാക്ക് ഡാനിയേൽ, ജോണിവാക്കർ, റെമി മാർട്ടിൻ എന്നിവയൊക്കെയാണ്. എന്നാൽ ഇക്കുറി  ഇതിനൊക്കെ പുറമെ മറ്റൊന്നുകൂടി ഉണ്ടായിരുന്നു.

 

ചെറിയ ഒരു ഡപ്പിയിൽ രണ്ടു ചെറിയ ഉണ്ടകൾ പോലെ എന്തോ ഒന്ന്. സാവകാശം ഒരു സസ്പെൻസ് അഴിക്കുന്നതുപോലെ ഇത് കണ്ടിട്ടുണ്ടോ എന്ന് പറഞ്ഞു അവൻ ഡപ്പി തുറന്നു. ഷാജപ്പാന്റെ സ്ഥിരം കൂട്ടുകാരനായ രാജു വാതുറന്നിരുന്നു. സത്യമായും അവൻ കരുതിയത് അത് വല്ല ചരസോ ബ്രൗൺഷുഗറോ അല്ലെങ്കിൽ ദുബായിൽ മാത്രം കിട്ടുന്ന വല്ല മയക്കുമരുന്നോ ആണെന്നാണ്. 

 

അവനാകട്ടെ കഠിനമായ മണ്ഡലവ്രതം കഴിഞ്ഞ് അതുവരെ തടഞ്ഞുവച്ച എല്ലാത്തിനോടും വല്ലാത്ത ഒരുആർത്തി പൂണ്ടിരിക്കുകയാണ്. രണ്ടെണ്ണം വിട്ടു കുറച്ചു പോത്തു വരട്ടിയതും തിന്നു ഭാര്യക്കരികിൽ എത്തി ആ വ്രതം  കൂടി മുറിക്കാമെന്നു കരുതിയാണ് അവൻ അക്ഷമനായി ഇരിക്കുന്നത്. ആ സമയത്താണ്  ഷാജപ്പാൻ പുതിയതൊന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്നെന്തായാലും സംഗതി പൊരിക്കണം എന്ന് തന്നെ അവൻ ഉറപ്പിച്ചു. ഷാജപ്പാൻ കൊണ്ടുവന്നിരിക്കുന്നത് അതൊന്നുമല്ല എന്നറിഞ്ഞപ്പോൾ അവൻ നിരാശനായി. പക്ഷേ കുറച്ചുനേരത്തേക്ക് മാത്രം. ഷാജപ്പാൻ അതെന്താണെന്നു വിവരിച്ചു. 

 

ഇതൊന്നു മണത്തു നോക്കിയേ...

രാജു മണം പിടിച്ചു. ഉഗ്രൻ ഗന്ധം. അതുവരെ അങ്ങനെ ഒരു മണം അറിഞ്ഞിട്ടില്ല. സമ്മതിച്ചു.

ഇതാണ് ഊദ്... ഇത് കുറച്ചു കയ്യിൽ ഇങ്ങനെ തേക്കുക. അല്ലെങ്കിൽ ദേഹത്ത്. പിന്നെ ആ മണം പോകില്ല കുറെ ദിവസത്തേക്ക്. വിയർക്കും തോറും മണം  സ്മൂത്തായി അങ്ങനെകേറി കേറി വന്നു മത്തുപിടിപ്പിക്കും.

ഈ ഊദ്, അത്തർ എന്നുപറയുന്നതാണോ...  മലപ്പുറംഭാഗത്തു ഞാൻ പലേടത്തും ബോർഡ്കണ്ടിട്ടുണ്ട്.

അതുതന്നെ.

 

 

ഷാജപ്പാനു സമാധാനമായി. അവൻ അത് കേട്ടിട്ടുണ്ട്. അതിന്റെ വിലയറിയാം.രാജു മറ്റൊരു ലോകത്തായിരുന്നു അപ്പോൾ. അതും തേച്ചു ഭാര്യക്കടുത്തുചെന്നാൽ.. ചന്ദനലേപ സുഗന്ധം എന്ന പാട്ടിലെ ചന്തുവിനെയാണ് അവനപ്പോൾ ഓർത്തുപോയത്. നാൽപത്തിയൊന്ന് ദിവസത്തെ വ്രതം കഴിഞ്ഞുള്ള സംഗമം ഊദിന്റെ ഗന്ധം കൂടി ആയാൽ മറക്കാനാവാത്ത ഒന്നാകും. പിന്നെ സംശയിച്ചില്ല അവൻ കുറച്ചു ഷാജപ്പന്റെ കയ്യിൽനിന്നും വാങ്ങി. ഒപ്പം ഒന്നും ഒളിച്ചുവെക്കാതെ കാര്യവും പറഞ്ഞു. ഷാജപ്പനും സന്തോഷമായി. തന്റെ ഊദു കൊണ്ട് അങ്ങനെ ഒരു പ്രയോജനം കൂടി ഉണ്ടാകട്ടെ. 

 

 

ജാക്‌ഡാനിയേൽ മൂന്നെണം വിട്ടു പോത്തിറച്ചിയും തിന്ന്‌ രാജു ഊദ് പുരട്ടിയുള്ള കാര്യം ആലോചിച്ചു പുളകിതനായി വേഗത്തിൽ വീട്ടിലേക്കു വിട്ടു. ഭാര്യയാണെങ്കിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്നുണ്ട്. ഒരു കള്ളചിരിയോടെ കണ്ണിറുക്കിക്കാണിച്ചുകൊണ്ട് രാജുകുളിമുറിയിൽ കയറി. പോകുന്ന പോക്കിൽ താൻ കഴിച്ചിട്ടാവന്നേ എന്നും പറഞ്ഞു. തന്റെ കുളി കഴിയുമ്പോഴേക്കും അവൾ അത്താഴം തീർത്തു സമയം  കളയാതെ കിടപ്പറയിൽ എത്തട്ടെ എന്നവൻ ധൃതിപിടിച്ചു. കുളി കഴിഞ്ഞപാടെ അവൻ ദേഹാസകാലം ഊദ് വെച്ച് കാച്ചി. മണം ഒട്ടും കുറയേണ്ടെന്നു കരുതി.

ഈദും അത്തറും (കഥ)
പ്രതീകാത്മക ചിത്രം

 

കുളി കഴിഞ്ഞു കിടപ്പറയിൽ എത്തുമ്പോൾ മുടി അഴിച്ചിട്ട് അവൾ തിരിഞ്ഞിരിക്കുന്നുണ്ട്. പ്രണയപ്രവേശനായി അവൻ അവൾക്കരികിലേക്കു നടന്നടുക്കുന്നേരം അവൾ പൊടുന്നനെ തിരിഞ്ഞിരുന്ന്‌ നെറ്റിയും മൂക്കുംചുളിച്ചു മണം പിടിക്കാൻ തുടങ്ങി. ഒരുതരം പോലീസ് നായയെപ്പോലെ. ഞെട്ടിത്തരിച്ചു ഇടിവെട്ടേറ്റവളെപോലെ അലറി: എന്തു നാറ്റാ ഇത്. നിങ്ങളിത് എന്താവാരിത്തേച്ചു വന്നിരിക്കുന്നെ..

 

നാറ്റോ. നല്ല മണമല്ലേ ഇത്. ഊദ്‌ ആണിത് പെണ്ണെ. നിന്റെ ലോക്കൽപെർഫ്യൂം അല്ല.

എന്തായാലും എനിക്കീ നാറ്റം പറ്റില്ല. തലവേദന തുടങ്ങി. ഇപ്പൊ തുമ്മിതുടങ്ങും. എന്നാലും നിങ്ങക്ക് ഒന്നോർക്കാർന്നില്ലേ എനിക്ക് അലർജി ഉള്ള കാര്യം. 

ഇത്രേം നല്ല മണമുള്ള ഊദും നിനക്ക്പറ്റില്ലേ..

ഇല്ല. നിങ്ങളീ മുറീന്ന് പോ. ഇനി ഈ മണം മാറിയിട്ട് ഇങ്ങോട്ടു കേറിയാ മതി. 

 

പറഞ്ഞതും രാജു തള്ളി പുറത്താക്കപ്പെട്ടു. ഉടനെ വാതിലും അടക്കപ്പെട്ടു. തകർന്നു തരിപ്പണമായി നിലത്തു വീഴാതിരിക്കാൻ ചുമര് ചാരി ഏറെ നേരം ആലോചിച്ചു നിന്നു. ആറുമാസം മുൻപത്തെ ഒരുകാര്യം അപ്പോഴാണ് ഓർമ്മ വന്നത്. ജനാലക്കരികിൽ ഇരുന്നിരുന്ന രാജു മാത്രം ഉപയോഗിച്ചിരുന്ന സെന്റിന്റെ കുപ്പി കാറ്റടിച്ചു നിലത്തുവീണ്പൊട്ടിച്ചിതറി. പെറുവിരലിനോളം പോന്ന കുപ്പിയിൽ ആകെ ഇത്തിരി പെർഫ്യൂം ഉണ്ടായിരുന്നത് നിലത്തു പരന്നൊഴുകി വറ്റിപോയി. മണ്ണെണ്ണയൊഴിച്ചും ഫിനോയിലിട്ടും തുടച്ചിട്ടും തുടച്ചിട്ടും ആ മണം കുറഞ്ഞില്ല. തുടർന്ന് നാലുദിവസം അവൾ ആ മുറിയിൽ കടന്നില്ല. അവന്റെ കാര്യങ്ങൾ ഒന്നും നടന്നുമില്ല. 

 

നിരാശനായി അടുത്ത മുറിയിലേക്ക്പോകുമ്പോൾ ഇതിനി എത്ര ദിവസംമണം ഉണ്ടാകും തന്റെ ശരീരത്തിൽ എന്ന ചിന്തയിലായിരുന്നു അവൻ. ഇരുപ്പുറക്കാതെ ഷാജപ്പാനെ വിളിച്ചു. ഫോൺ കാത്തിരുന്നപോലെ അപ്പുറത്ത് എടുക്കപ്പെട്ടു. 

 

എങ്ങനെയുണ്ട് ഊദ്‌...തകർത്തില്ലേ..

ഈ മണം എത്ര ദിവസം ഉണ്ടാകും..

അത് നീതേച്ചപോലെയിരിക്കും. നന്നായി പൂശിയിട്ടുണ്ടെങ്കിൽ ഒരഞ്ചാറു ദിവസം എടുക്കും... എന്തേ കഴിഞ്ഞോ. ഇനിം വേണോ..

എന്റെ ദൈവമേ എന്നൊരു ദീർഘശ്വാസം മാത്രമേ അപ്പുറത്തുനി ന്ന്ഷാജപ്പൻ കേട്ടുള്ളൂ. ഒന്നും മനസിലാകാതെ അവൻ ഫോണിലേക്കു നോക്കി.

 

ഏഴു ദിവസങ്ങളെടുത്തു ആ മണമൊന്നു മാറി രാജുവിനു ഭാര്യക്കടുത്തു ചെന്നുനിൽക്കാൻ. എട്ടാമത്തെ ദിനം കാലത്തു കുളി കഴിഞ്ഞു വന്ന രാജുവിനെ ഭാര്യ ആകെയൊന്നു മണത്തുനോക്കി സർട്ടിഫിക്കറ്റ്കൊടുത്തു. ആർത്തി കാണിക്കാതെ വൈകുന്നേരം വരെ പിടിച്ചുനിൽക്കാൻ അവൾ നിർദേശിച്ചു. ഒരുതരത്തിൽ അവൻ സന്ധ്യവരെ കാത്തു. കഥകൾ എല്ലാം അറിയുന്ന ഷാജപ്പാൻ നേരം ഇരുട്ടിയപ്പോൾ അവനു പ്രത്യേകമായി തയാറാക്കിയ കോക്ക് ടൈൽ രണ്ടെണ്ണം കൊടുത്ത്  ഉഷാറാക്കി. ആ സമയത്താണ് വീട്ടിൽനിന്നും ഫോൺ വരുന്നത് ഭാര്യയുടെ. ക്ഷമകെട്ടു വിളിക്കുകയാണെന്നു കരുതി വേഗം ചെവിയിൽ വെച്ചു.

 

ചേട്ടാ മെഡിക്കൽഷോപ്പ്പൂട്ടിയിട്ടുണ്ടാവുമോ?

ഇല്ല. എന്തേ.

വരുമ്പോ രണ്ടു പാക്കറ്റ് പാ‍ഡ് വാങ്ങിവരണേ...

 

രാജു ഞെട്ടിത്തരിച്ച് ഇരുന്നു. പഴയപടി ഷാജപ്പന്‌ ഒന്നും മനസിലായില്ല.

ഇതെപ്പഴാ ഉണ്ടായേ...

‌ദേ ഇപ്പൊ. ഒരു പത്തുമിനിറ്റ്. നല്ല പെയ്നും ഉണ്ട്. അഞ്ചു മെഫെനീമിക് ആസിഡ് ഗുളികേം വാങ്ങണേ...

രാജു നിർവികാരനിസ്സഹായാനിശ്ചേഷ്ടനായി ഫോൺ നിലത്തുവെച്ചു. ഷാജപ്പൻ പന്തികേട് മണത്തു. ശൂന്യമായ മിഴികൾ അകലേക്കെറിഞ്ഞു പയ്യെ രാജുചോദിച്ചു.

കോക്ക് ടൈൽ തീർന്നോ 

തീർന്നു. എന്തേ വേണോ. ഉണ്ടാക്കാം.

വേണ്ടിവരും. കുറച്ചധികം...

 

കോക്ക് ടൈൽ കൂട്ടാനായിഅരികിൽനിന്നും ഷാജപ്പൻഎഴുന്നേറ്റപ്പോൾ അവന്റെ അരക്കെട്ടിൽനിന്നു പ്രസരിച്ച ഊദിന്റെ നാറ്റം തന്നെ വന്ന് പൊതിയുന്നതായി രാജു അറിഞ്ഞു.

 

English Summary : Eedhum Atharum Story By P. Raghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com