ഐസൊലേഷനിൽ റൂത്ത് എന്നെ തുറിച്ചു നോക്കി; അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല...

റൂത്ത് (കഥ)
പ്രതീകാത്മക ചിത്രം
SHARE

റൂത്ത് (കഥ)

മൂന്നാം ദിവസവും തുടർച്ചയായി ജോലിക്ക് പോകണം എന്ന സങ്കടത്തോടെയാണ് ഉറക്കം എണീറ്റത്. ശരീരം മുഴുവൻ വേദനിക്കുന്നു. നല്ല തിരക്കായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും. ഇന്ന്  കൂടി കഴിഞ്ഞാൽ രണ്ടു ദിവസം അവധി ആണല്ലോ എന്ന് ചെറിയൊരു ആശ്വാസം. ഈശോയെ എന്നുള്ള എന്റെ കരച്ചിൽ കേട്ടപ്പോൾ ‘‘എന്നാ പിന്നെ ഇന്ന് പോകണ്ടെടീ’’ എന്ന് പുതപ്പിനടിയിൽ നിന്ന് ഒരു അശരീരി. മറുപടിയൊന്നും പറയാതെ എണീറ്റ് തയാറായി. 

താരതമ്യേന വലിയ കുഴപ്പമില്ലാതെ പോകുന്ന ഒരു യൂണിറ്റ് ആണ് ഞങ്ങളുടേത്. ഇപ്പോഴത്തെ തിരക്കി ല്ലെങ്കിൽ ശാന്തം. ഇപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. റിപ്പോർട്ട് തരുന്ന നഴ്സ് സഹതാപത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു,‘‘ I am so sorry to give you this  patient’’  ഇടക്കിടക്ക് വിളിച്ചുകൊണ്ടിരിക്കും. എൻറെ മനസ്സിടിഞ്ഞു. റിപ്പോർട്ട് കിട്ടി പതുക്കെ രാവിലത്തെ പതിവ് കാര്യങ്ങളിലേക്ക് കടന്നു.

ഐസൊലേഷൻ ആവശ്യമില്ലാത്ത  രോഗികളെ കണ്ടതിനുശേഷമാണ് റൂത്തിന്റെ  (പേര് യഥാർത്ഥമല്ല) മുറിയിലേക്ക് ഞാൻ ചെന്നത്. ചാർട്ട് തുറന്നു രാവിലത്തെ മരുന്നുകൾ നോക്കിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഈ പേര് നല്ല പരിചയമുണ്ട്. സാധാരണ ഒരു രോഗിയെ പോലും അവർ വീട്ടിൽ പോയി കഴിഞ്ഞാൽ ഓർക്കുന്നതല്ല. പക്ഷേ ഈ പേര് നല്ല പരിചയം. ഒന്നുകൂടി ശ്രദ്ധിച്ചു അപ്പോഴാണ് മനസ്സിലായത് 6 ദിവസം മുൻപ് പ്രസവത്തിനായി അവർ ഇവിടെ വന്നിരുന്നു.

എപ്പോഴും ചിരിക്കുന്ന സുന്ദരിയായ ഒരു യുവതി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു  കുഞ്ഞുണ്ടാകുന്നത്. അവളുടെ ഭർത്താവിനെയും എനിക്കോർമ്മ  വന്നു. ശാന്തനായ ഒരു മനുഷ്യൻ. കുഞ്ഞ് കരയുമ്പോൾ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് അയാൾ പതുക്കെ താളം പിടിക്കും. അമ്മയുടെയും അച്ഛന്റെയും  ചൂടുപറ്റി ശാന്തമായി ഉറങ്ങുന്ന ഒരു കുഞ്ഞു മാലാഖ. റൂത്ത് പനി ആയിട്ട് അഡ്മിറ്റ് ആയതാണ് ഒപ്പം ചുമയും. 

ഐസൊലേഷനിൽ ആയതു കൊണ്ട് സന്ദർശകർക്ക് പ്രവേശനമില്ല. ഉള്ളിൽ ഒരു നൊമ്പരം. കതകിൽ മുട്ടി ഞാൻ അകത്തേക്ക് ചെന്നു .എന്നെ പരിചയപ്പെടുത്തിയപ്പോൾ അവൾ തലകുലുക്കി. മുഖത്ത് ചിരി ഒന്നുമില്ല. ഗൗൺ മാസ്ക്, ഫെയ്സ് ഷീൽഡ് ഇതെല്ലാം ഉള്ളതുകൊണ്ട് എന്റെ മുഖം പകുതിയോളം മറഞ്ഞിരിക്കു കയാണ്. അവൾക്ക്  എന്നെ മനസ്സിലായിക്കാണില്ല. ഞാൻ  ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടന്നു. റൂത്തിനെ ചെക്ക് ചെയ്തു രാവിലത്തെ മരുന്നും കൊടുത്ത ശേഷം ഞാൻ അവളോട് ചോദിച്ചു.

‘‘ ഇനി എന്തെങ്കിലും ആവശ്യമുണ്ടോ’’?

‘‘No’’ എന്ന് മറുപടി. ഗൗണും ഗ്ലൗസും ഊരി മാറ്റുന്നതിന് മുൻപ് എല്ലാം ശരിയല്ലേയെന്ന് ഒന്നുകൂടി നോക്കി. അടുത്ത  റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ കണ്ടു റൂത്തിന്റെ റൂമിലെ കോൾ ലൈറ്റ് കത്തി കിടക്കുന്നു. എൻറെ മനസ്സിൽ ദേഷ്യമാണ് വന്നത്. അകത്തു  കയറണമെങ്കിൽ ഇനി എല്ലാം എടുത്ത് അണിയണം. വീണ്ടും എല്ലാം എടുത്തിട്ട് അവളുടെ റൂമിലേക്ക് ചെന്നു എന്തുപറ്റി എന്തെങ്കിലും വേണോ ഞാൻ ചോദിച്ചു.

‘‘ nothing. that  was  an  accident’’ റൂത്തിന്റെ മറുപടി. ഫ്ലോറൻസ് നൈറ്റിംഗലിനെ‌  മനസ്സിൽ ധ്യാനിച്ചു വീണ്ടും പുറത്തിറങ്ങി. അരമണിക്കൂർ കഴിഞ്ഞില്ല കൂടെ ജോലി ചെയ്യുന്ന നഴ്സ് വിളിച്ചു. നിന്റെ  പേഷ്യന്റ് വിളിക്കുന്നുണ്ട്. ഞാൻ വീണ്ടും റൂത്തിന്റെ മുറിയിലെത്തി.ഒരു മണിക്കൂറിനുള്ളിൽ മൂന്നാമത്തെ തവണയാണ് ഈ അണിയലും അഴിക്കലും. ഞാൻ അവളോട് ചോദിച്ചു.

‘‘ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എന്തിനാണ് വിളിച്ചത് ?’’ അവൾ ഒന്നും മിണ്ടിയില്ല. ഞാൻ പിന്നെയും ചോദിച്ചു.

‘‘ എന്തെങ്കിലും വേദനയുണ്ടോ, ബാത്റൂമിൽ പോകണോ’’? 

റൂത്ത് എന്നെ തുറിച്ചു നോക്കി. അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. എന്റെ കണ്ണിലേക്ക് നോക്കി ഒരു നിമിഷം അവൾ ഇരുന്നു. അടുത്ത  നിമിഷം  നെഞ്ഞുലഞ്ഞു കുലുങ്ങി വിറച്ചു ഒറ്റക്കരച്ചിൽ . ശരീരം മുഴുവൻ വിറക്കുന്നുണ്ട്. തേങ്ങലുകൾക്കിടയിലൂടെ ഓരോ വാക്കുകളായി പുറത്തുവന്നു.

‘‘ I want to hold my baby and feed her. എനിക്ക് പേടിയുണ്ട് എൻറെ കുഞ്ഞിനെ ഒന്ന് കാണാതെ ഞാൻ മരിക്കുമോയെന്ന്. കണ്ണടയ്ക്കുമ്പോൾ അദൃശ്യനായ ഒരാൾ എന്റെ അടുത്ത് നിൽക്കുന്നത് പോലെ. ചിലപ്പോൾ തോന്നും ഒരു വലിയ കുഴിയിലേക്ക് വീഴുകയാണെന്ന്. പേടി വരുമ്പോഴാണ് ഞാൻ നിങ്ങളെ വിളിക്കുന്നത്’’

പ്രസവം കഴിഞ്ഞിട്ട് വെറും ആറ് ദിവസം മാത്രമായ ഒരു അമ്മയാണ് എന്റെ മുമ്പിൽ ഇരുന്ന് തേങ്ങി  വിറക്കുന്നത് . അവരെ ഒന്നു കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ പോലും എനിക്ക് ആകുന്നില്ല. എന്തു പറയും ഈ അമ്മയോട്? ഈ കീടാണു, നെഞ്ചു പൊട്ടിക്കരയുന്ന ഒരമ്മയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നതിൽ നിന്ന് പോലും എന്നെ തടയുകയാണ്. എന്തു പറഞ്ഞാണ് ഞാനിവളെ സാന്ത്വനപ്പെടുത്തേണ്ടത്? ആ കുഞ്ഞു മാലാഖയുടെ മുഖം എൻറെ മനസ്സിലേക്ക് വന്നു. 

റൂത്ത് (കഥ)

അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് ഏറ്റവും സുഖകരമായ ഉറങ്ങുന്ന അവളുടെ കുഞ്ഞു മുഖം ഒരു നോവായി എന്നിലേക്ക് പടർന്നു. പതുക്കെ ഞാൻ റൂത്തിന്റെ കയ്യിൽ പിടിച്ചു. ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ പിടിച്ച് അങ്ങനെ നിന്നു. ഒരു വാക്കും എനിക്ക് കിട്ടിയില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കുഞ്ഞുമോൾ പാല് കുടിച്ചു കൊണ്ടിരുന്ന സമയത്ത് ജോലിയിലിരുന്നു ഞാൻ കരഞ്ഞത് ഓർത്തു. കുഞ്ഞികൈക്ക് പറ്റുന്നത്ര ശക്തിയിൽ പാൽക്കുപ്പി തട്ടിക്കളഞ്ഞിട്ട് അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കുരുന്നായിരുന്നു ആയിരുന്നു അവൾ . 

റൂത്തും ഞാനും ഒരു സമാനതകളുമില്ലാത്ത രണ്ടുപേർ. രാജ്യം,ഭാഷ, വിശ്വാസ രീതികൾ..വ്യത്യസ്തതകൾ മാത്രം.ഒരു കീടാണുവിനാൽ വേർതിരിക്കപ്പെട്ട, പക്ഷേ അമ്മ എന്ന വികാരത്താൽ പരസ്പരം  ബന്ധിക്കപ്പെട്ട രണ്ടു പേർ. അമ്മ എന്ന ഒരൊറ്റ വികാരത്താൽ അവളുടെ നോവ് എന്റെയും നോവായി.തൊണ്ടയിൽ എന്തോ തടയുന്നത് പോലെ. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. മാസ്കിന്റെ ഷീൽഡ് പുക മൂടിയത് പോലെ. കൈ ഉയർത്തി കണ്ണൊന്നു തുടക്കാൻ പോലുമാവില്ല .റൂത്തിന്റെ മുഖം വ്യക്തമാകുന്നില്ല ഞാൻ അങ്ങനെ നിന്നു. 

ഒരു കീടാണുവിന്റെ ആക്രമണത്തിൽ അകലം സൂക്ഷിച്ചും ഒരേ നോവിനാൽ പരസ്പരം ബന്ധിതരായും രണ്ട് അമ്മമാർ. ഒരു വാക്കുകളും ഇല്ലാതെ ഞങ്ങൾ പരസ്പരം സംസാരിച്ചു. പതുക്കെ  പതുക്കെ അവളുടെ തേങ്ങൽ അടങ്ങി. അങ്ങനെകുറച്ചു കഴിഞ്ഞപ്പോൾ റൂത്ത് പറഞ്ഞു.

‘‘ നന്ദി ഇപ്പോൾ എനിക്ക് ആശ്വാസം തോന്നുന്നു.  മനസ്സിൽനിന്ന് കുറച്ച് ഭാരം എങ്കിലും മാറിയതു പോലെ’’

അവളെ തനിയെ വിട്ട് ഞാൻ റൂമിനു വെളിയിൽ എത്തി ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണാം വീണ്ടും വീണ്ടും ആളുകളെ കൊണ്ടു വരികയാണ്. മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ തീരുമാനം എടുക്കുന്നു. എനിക്ക് ചിരി വന്നു. ഞാൻ മരിച്ചാൽ ഒരുപക്ഷേ റഷ്യക്കാരനോ അറബിയോ ആയിരിക്കാം എൻറെ കൂടെ ഒരു കുഴിയിൽ. അവരുടെ ഭാഷ പോലും എനിക്കറിയില്ല. അല്ലെങ്കിൽ മറ്റേതെങ്കിലും മതവിശ്വാസിയുടെ കൂടെയായിരിക്കും. 

ശവശരീരങ്ങൾ കുഴിയിൽ കിടന്ന് വഴക്കുണ്ടാകുമോ എന്തോ! Hurricane Harvey വന്നപ്പോൾ ഇതേ ജനലിലൂടെയാണ് പുറത്തേക്ക് നോക്കി നിന്നത് . പുറത്തു  വെള്ളം മാത്രം. ആഹാരസാധനങ്ങൾ കൊണ്ട് വരുന്ന ട്രക്ക് വരില്ല. അതുകൊണ്ട് സാധനങ്ങൾ എല്ലാം സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് എല്ലാവരെയും ഓർമ്മപ്പ‌െടുത്തിയിരുന്നു. കിട്ടുന്ന ഭക്ഷണം കഴിച്ചും  ആഹാരത്തിന്റെ വിലയറിഞ്ഞും നമ്മൾ ജീവിച്ചു. 

വെള്ളപ്പൊക്കം മാറിയപ്പോൾ ജീവിതവും പഴയ പടിയായി . പണ്ടൊക്കെ ആയിരം യുഗങ്ങളിൽ ഒരിക്കൽ ആയിരുന്നു അവതാരങ്ങൾ വരുന്നത്. ഇപ്പോൾ അവതാരങ്ങളും കൂടെക്കൂടെ വരാൻ തുടങ്ങി ഇനിയെങ്കിലും നമ്മൾ വെറും മനുഷ്യരായിരുന്നെങ്കിൽ. റൂത്തിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നും അവളുടെ കുഞ്ഞിന്റെയടുത്തേക്ക് എത്രയും പെട്ടെന്ന് പോകാൻ പറ്റട്ടെ  എന്നും ഉള്ള നിശബ്ദമായ പ്രാർത്ഥനയോടെ ഞാൻ അടുത്ത റൂമിലേക്ക് നടന്നു.

English Summary : Rooth Story By Teresa Joseph 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;