വന്ന കാര്യം അങ്ങനെ സാധിച്ചു; ഇനി കുറെ കാലം ഈ മണ്ടന്മാർ വിചാരിച്ചോളും അവനാണിതെന്ന്...

കൊവിദ പുരാണം (കഥ)
SHARE

കൊവിദ പുരാണം (കഥ)

സ്ഥലം: ഡിവൈൻ നഗര്‍, സ്പിരിച്വൽ ഹെഡ്ക്വാർട്ടേഴ്സ്, ഗോഡ് സിറ്റി ഡേറ്റ്: നവംബര്‍ 10, 2019

ദൈവം (ആത്മഗതം): ‘കലികാലം..ന്താ പറയ്യ.. ഭൂമിയുടെ ദുരവസ്ഥ! എവിടെ നോക്കിയാലും താന്തോന്നി ത്തരേ ഉള്ളൂ.. ആരോഗ്യത്തിന്‍റെ കാര്യം ആണെങ്കിലോ.. ശ്രദ്ധ തീരെ പോര.. അൺഹെൽത്തി ലൈഫ് സ്റ്റൈലും തീറ്റയും. എന്തൊക്കെ രോഗങ്ങള്‍ കൊടുത്താലും അത് അവഗണിക്ക്യാണല്ലോ. എത്ര പ്രമേഹം കൊടുത്താലും പായസം കണ്ടാൽ വിടില്യാ. കഴിക്ക്യന്നെ കഴിക്ക്യന്നെ. ഒരൂട്ടം മരുന്നൊക്കെ കഴിച്ചു ജീവിക്ക്യന്നെ.

ഒരു പണി ചെയ്താലോ. ഒരു പുത്യേ അണൂനെ ങ്ങ്ട്ണ്ടാക്കിയാലോ? ചെയ്യുന്നത് ഇത്തിരി കടന്ന കൈയ്യാവ്വോ? സാരമില്ല.. ഒരു പാഠം പഠിക്കട്ടെ... ഒരു നീണ്ട കഥ (നോവല്‍) ആവട്ടെ പുതിയാള്.. അവനെ ഈ ആളോള്  എന്താ വിളിക്ക്യാ -‘നോവല്‍ (പുതിയ) കൊറോണ വൈറസ്’..ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്തേക്കന്നെ വിട്ടേക്കാം...’

ഡേറ്റ്: നവംബര്‍ 12, 2019

സ്ഥലം: വുഹാന്‍, ചൈന

സമയം: രാവിലെ 8 മണി. 

മി. കൊവിദന്‍ ലാന്‍ഡ്‌ ചെയ്യുന്നു. ഇത്രേം നേരം ദൈവലോകത്തില്‍ നിന്ന് യാത്ര ചെയ്തതല്ലേ... നല്ല ക്ഷീണണ്ട്. മുന്നില്‍ പെട്ടെന്ന് കണ്ട ഒരു കോഫി ഷോപ്പില്‍ കയറി ഒരു എസ്പ്രസോയും ബേഗലും കഴിച്ചിറങ്ങി. എന്നിട്ട് കുതിരവട്ടം പപ്പൂനെപ്പോലെ ഒരു ‘ടാ.....സ്‌കി’ വിളിച്ച് യാത്ര തുടങ്ങി. ഡ്രൈവന്‍ (ശ്രീമന്‍ വികെഎന്‍ ക്ഷമിക്കുമല്ലോ) ചോദിച്ചു... എങ്ങോട്ടാ പോവണ്ടേ? 

കൊവിദന്‍: ‘ഇവിടെ നിന്നും ഒരു 5 കി.മി. കിഴക്കോട്ടു പോയാല്‍ ഒരു പൊതുജന റാലി ഉണ്ടല്ലോ.. വണ്ടി അങ്ങഡു പോ......ട്ട്..’

റാലിയില്‍ ചെന്നിറങ്ങി... അവിടെ നോക്കിയപ്പോള്‍.. ഒരു പഴയ മുന്‍ഗാമി മി. ഫ്ലു ലീ (Influenza virus)എല്ലാര്‍ക്കും ചായ കൊടുക്കുന്നു... ‘ചായേയ് …ചായ….. ചായേയ്.. ചായേയ്’ .. 

കൊവിദന്‍: എടാ ഫ്ളൂലി, നിനക്കെന്നെ മനസ്സിലായോ..?

ഫ്ളൂലി: എടാ മോനെ..നീയല്ലേ ലവന്‍? ഞങ്ങടെ ആഗോള രോഗാണു സമ്മേളനത്തില്‍ ഒരു അറിയിപ്പുണ്ടാ യിരുന്നു ഒരു പുതിയ അംഗത്തെ പറ്റി... മക്കളേ നിപ്പേ, സാഴ്സേ, തക്കാളി, കോഴീ, നിങ്ങടെ മുമ്പില് നിക്കണത് നമ്മടെ പുതിയാളാണ്... നല്ലോണം മുഴുക്കനേ കണ്‍കുളിര്‍ക്കെ കണ്ടോളൂ! (ഇവയെല്ലാം മനുഷ്യന്മാരെ പല സമയത്തായി ഉപദ്രവിച്ച ഫ്ലൂവിന്‍റെ കൂട്ടത്തില്‍ പെടുന്ന വൈറസ്‌ രോഗങ്ങളാണ്)

കൊവിദന്‍: ‘എസ്എസ്, ഐ ആം ദി വാട്ട്‌ ഈസ്‌ ദാറ്റ്‌..’

ഫ്ളൂലി: ‘അപ്പളേ എന്താടാ നിന്‍റെ പേര് ?’

കൊവിദൻ: ‘കൊവിദൻ. നിന്‍റെ ചെല്ലപ്പേര് ലീ ന്നു ആയതുപോലെ എന്‍റെ പേരിലും ഒരു ചൈന ടച്ച് വേണ്ടേ? മുഴുവൻ പേര് ‘കൊവിദൻ തൂങ്ങ്’ എന്നിരിക്കട്ടെ..’

ഫ്ളൂലി: ‘പേരൊക്കെ കൊള്ളാം. പക്ഷെ പേരിലെ തൂങ്ങ് എന്ന ഭാഗം കൊണ്ട് ലേശം അറം പറ്റുമോന്ന പേടീണ്ട്. ഇന്നത്തെ കാലത്തു എന്തിനാല്ലേ അന്ധവിശ്വാസം?’

എല്ലാ പൂര്‍വ്വികന്മാരോടും കുശലമൊക്കെ പറഞ്ഞു..അവിടെ നിന്നും നേരെ ചെന്നത് പാര്‍ട്ടി ഓഫീസിലേക്ക്.. 

അവരോട് ഒന്നും മിണ്ടാതെ... ഉരിയാടാതെ... (മണിച്ചിത്രത്താഴ് style) എന്നാൽ അവരെ തൊട്ടു തലോടി സ്വന്തം ജോലി തുടങ്ങി. 

കൊവിദൻ: (ആത്‍മഗതം) അതിവേഗം എല്ലാം ചെയ്യേണ്ടിയിരിക്കുന്നു.   ഈ മനുഷ്യരെ അത്ര വിശ്വസിക്കാൻ പറ്റില്ല. അവർ ഉടനെ എന്‍റെ  പരിപാടികൾ തടസ്സപ്പെടുത്താൻ തുടങ്ങും. അതിനു മുൻപ് തന്നെ കുറേയേറെ പേരെയെങ്കിലും തീർക്കണം.

അവിടെ നിന്നും സിനിമ തീയറ്ററുകള്‍... ഐടി സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിങ്ങനെ... അവസാനം ക്ഷീണിച്ച് ആദ്യം പോയ കോഫി ഷോപ്പില്‍ ചെന്നപ്പോള്‍... കാലത്തെ കാപ്പി സെര്‍വ് ചെയ്ത ആശാനില്ല... 

കൊവിദന്‍ ചോദിച്ചു അയാള്‍ എവിടെന്ന്... അപ്പോള്‍ മാനേജര്‍: ‘അയ്യോ സാറേ, പുള്ളിക്ക് അത്യാവശ്യമായി ഒന്ന് ഇറ്റലിയില്‍ പോവേണ്ടി വന്നു... ഇപ്പൊ പുള്ളി യൂറോപ്പില്‍ എവിടെയെങ്കിലും കാണും... ഏതോ സുഹൃത്ത്‌ ഇറാനില്‍ ഉണ്ടത്രേ. കൂടെ പുള്ളിയും ചെല്ലുന്നുണ്ട്....4-5 ദിവസം കഴിഞ്ഞേ വരൂ.’

കൊവിദ പുരാണം (കഥ)

കോവിദൻ: (ആത്‍മഗതം) അപ്പൊ ദൈവം സഹായിച്ച് എന്‍റെ ജോലി എളുപ്പായി. മുകളിലിരിക്കുന്നവന് സ്തുതി.

സ്ഥലം: വുഹാന്‍, ചൈന

ഡേറ്റ്: നവംബര്‍ 17, 2019

ഇത് വരെ നടന്ന സംഭവങ്ങളുടെയെല്ലാം ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ദൈവത്തിന് കൊടുത്തിട്ട് വീണ്ടും അതേ കോഫി ഷോപ്പില്‍ കൊവിദന്‍ എത്തിയപ്പോള്‍.. ആ കട അടച്ചിട്ടിരിക്കുന്നു..തൊട്ടടുത്ത കടകളും അടഞ്ഞ് കിടക്കുന്നു... 

അടുത്ത ജങ്ങ്ഷനില്‍ ആളില്ലത്തൊരു കടയില്‍ ചെന്നപ്പോള്‍ വ്യാകുലനായിരിക്കുന്നു ഫ്ളൂലി.. കൊവിദന്‍ ഫ്ളൂലിയൊടു തൃശൂര് ഭാഷയിൽ വച്ച് കാച്ചി: "എന്തൂട്ട്ഡാ  ശവ്യേ ഒരു വൈക്ലബ്യം ?’ ഫ്ലൂലി അദ്ഭുതപ്പെട്ടു.. ഇവന്‍ ഇതിനിടക്ക്‌ എങ്ങിനെ ‘പ്രാഞ്ചിയേട്ടന്‍’ കണ്ടു? യെവന്‍ ഒരു പുലി തന്ന്യാട്ടാ.. ഫ്ളൂലി: ‘എന്താ പറയ്യ കൊവിദാ..നീ പറ്റിച്ച പണിക്കും എനിക്കാണ് കുറ്റമിപ്പോള്‍.. ആള്‍ക്കാരെല്ലാം പറയുന്നു.. ഞാനാണ് എല്ലാരേയും ദ്രോഹിക്കുന്നേന്ന്...’

കൊവിദന്‍ (ആത്മഗതം): ‘വന്ന കാര്യം അങ്ങനെ സാധിച്ചു.. ഇനി കുറെ കാലം ഈ മണ്ടന്മാർ വിചാരിച്ചോളും അവനാണിതെന്ന്. ..എന്നെ കണ്ടുപിടിക്കാൻ താമസിക്കും. അതിനു മുൻപേ ഡ്യൂട്ടി തീര്‍ത്തിട്ടു പോണം..’

കൊവിദന്‍(ചെറു പുഞ്ചിരിയോടെ): ‘സാരമില്ല ചേട്ടാ... അവര്‍ കുറച്ചു സമയത്തിനകം മനസ്സിലാക്കും.. ഞാന്‍ ആരാ മോന്‍ എന്ന്’.

കുറച്ചു മാറി ഒരു ആശുപത്രിയില്‍ നോക്കിയപ്പോള്‍ നൂറു പേരെങ്കിലും ഉള്ള ക്യൂ. ചുമയും കുരയുമായി.... രണ്ടു പേര്‍ തമ്മില്‍ പരസ്പരം പറയുന്നത് കേട്ടു.. ആ കോഫി ഷോപ്പിലെ ആള്‍ക്ക് ഫ്ലു പോലത്തെ അസുഖവും, എല്ലാര്‍ക്കും അത് പകര്‍ന്നു കൊണ്ടിരിക്കയാണ് എന്നും.. കൊവിദന്‍ (ആത്മഗതം): ‘ അങ്ങനെ എന്‍റെ ജോലി കഴിഞ്ഞു.. ഇനി തിരിച്ചു പോയി വിശ്രമിക്കാം’

ദിവസങ്ങൾ കടന്നു പോയി. കൊറോണ ആളിക്കത്തി. ലോകം നടുങ്ങി. മാസ്ക് ഒക്കെ ഇട്ട്, കൈകളൊക്കെ നല്ലോണം തേച്ചുരച്ചു കഴുകി തുടങ്ങി. കൂടുതല്‍ ശുചിത്വം പാലിച്ചു തുടങ്ങി. എല്ലാവരും ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരായിത്തുടങ്ങി. രാജ്യങ്ങളുടെയും മതങ്ങളുടെയും ഇടയിൽ ഉണ്ടായിരുന്ന പി ണക്കങ്ങൾ  കുറഞ്ഞു.

ദൈവം ഉള്ളാലെ ഒന്നു പുഞ്ചിരിച്ചു. മനുഷ്യൻ വീണ്ടും നന്നായി തുടങ്ങി. അവരിൽ പരസ്പര സ്നേഹവും വിശ്വാസവും വന്നു തുടങ്ങി. അഹങ്കാരത്തിന് അറുതി വന്നിരിക്കുന്നു. കൊവിദൻ ആലോചിച്ചു. ദൈവത്തിനോട് എന്തൊക്കെയുണ്ടെന്ന് ചോദിച്ചു കളയാം. ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ഉടൻ മറുപടി വന്നു. 

ചൈനയിലേക്കയച്ച യമകിങ്കരന്മാർക്ക്‌ കൊറോണ ബാധിച്ചോ എന്ന് സംശയത്തിൽ കുറേ കിങ്കരൻമ്മാർ  നിരീക്ഷണത്തിൽ ആണെന്ന് റിപ്പോർട്ട് ഉണ്ടത്രേ. സാരമില്ല.. അങ്ങനെ പോട്ടെ.  എന്തായാലും നിനക്ക് കൺഗ്രജുലേഷൻസ്!

അവന്‍ അവന്‍റെ അവതാരോദ്ദേശ്യം നടത്തിയിരിക്കുന്നു. ദൈവം ഒന്ന് കൂടി ചിരിച്ചു.

സ്ഥലം: Unknown

ഡേറ്റ്: To be determined (sometime in the near future)

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു എല്ലാ രോഗാണുക്കളും ചേര്‍ന്ന് താടിക്ക് കൈയും വെച്ച് ഇരിക്കുന്നു..  

നിപ്പ: ‘അങ്ങനെ കൊവിദന്‍ തൂങ്ങിനും രക്ഷയില്ല...സകലരും അവനോടുള്ള പേടിയൊക്കെ മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍..’ ....കൊവിദനെ നോക്കി.. ‘സാരമില്ല കൊവിദാ... നീ മാവില്‍ നിന്ന് തൂങ്ങണ്ടാട്ടോ ഇതൊക്കെ നമ്മളുടെ ചരിത്രത്തിൽ പറഞ്ഞിട്ടുള്ളതാ’

(എന്തോ പറയാന്‍ ഭാവിച്ചു..കൂടെ ഇരിക്കുന്നവരെ ഒന്ന് നിരീക്ഷിച്ചു കൊണ്ട്)

‘അല്ലാ..കുറച്ചു പേരെ കാണാനില്ലല്ലോ ഇവിടെ.... അവരൊക്കെ അവരവരുടെ അസുഖങ്ങള്‍ പകര്‍ത്താന്‍ പോയി കാണും ല്ലേ’

കൊവിദന്‍ ബാക്കി അണുക്കളോട്: ‘നിങ്ങളുടെ എല്ലാം സപ്പോര്‍ട്ടിന് എന്‍റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു... മനുഷ്യര്‍ ഒന്നായി നിന്ന് എന്നെ നേരിട്ട് തോല്‍പ്പിച്ചു.. ഇനിയും നിങ്ങളിൽ ഒരാളായി ഞാനിവിടെ തുടരും’

ഫ്ളൂലി: ‘മനുഷ്യരെ നേരെയാക്കാന്‍ നമ്മക്കൊന്നും പറ്റില്ലന്നെ.. അതാണ് ഞാന്‍ പഠിച്ച പാഠം.. എന്നെ നോക്ക്.. ഞാന്‍ വല്ലപ്പോഴും ആള്‍ക്കാരെ ഒന്ന് തോണ്ടി വരും.. അതില്‍ അവര്‍ക്ക് ഒരു കുലുക്കവുമില്ലെങ്കിലും എനിക്ക് എന്‍റെ കര്‍മം ചെയ്യുന്നതിന്‍റെ ഒരു സന്തോഷം കിട്ടുന്നില്ലേ?  കർമ്മണ്യേവാധികാരസ്തേ ആണ് നമ്മുടെ തത്വ ചിന്ത’

‘പക്ഷേ മനുഷ്യന്‍ നന്നാവാന്‍ സര്‍വശക്തനായ ദൈവം തന്നെ വിചാരിക്കണം. ദൈവം ദയാലുവാണ്, പരമ കാരുണികനാണ്, അദ്ദേഹം എവിടെയും ഉണ്ട്, മനുഷ്യരിലും ഉണ്ട്.. മനുഷ്യര്‍ ഇടക്കിടക്ക് അത് മറന്നു പോവും..’

അശരീരി (ഗാംഭീര്യ ശബ്ദത്തോടെ).. ‘ഇത് ദൈവമാണ്.. പേടിക്കേണ്ട മക്കളേ.. മനുഷ്യര്‍ ഇങ്ങനെ ആണ്.. എന്തെങ്കിലും പേടി വന്നാലേ ഒരുമിച്ചു നില്‍ക്കുള്ളൂ ..എപ്പോഴെങ്കിലും അവരുടെ അഹങ്കാരം വര്‍ദ്ധിച്ചു ആരോഗ്യത്തെ ചവറ്റു കൊട്ടയില്‍ എറിഞ്ഞാല്‍ ഓര്‍ക്കുക.. അവര്‍ തന്നെ ഇറക്കിയ പല സിനിമകള്‍ പോലെ.. ഞാന്‍ നിങ്ങളുടെ ഒക്കെ രണ്ടാം ഭാഗങ്ങളെ ഇറക്കും.. ആര്‍ക്കറിയാം...ബാഹുബലി പോലെ അതൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയാലോ?..’ 

English Summary : Covid Puranam Short Story By Vinod Kondoor

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;