ADVERTISEMENT

പ്രളയകാലത്തെ കൊള്ളിയും കട്ടനും (കഥ)

കൊള്ളി എന്ന് കേട്ടാലോ കണ്ടാലോ പൗലോയ്ക്ക് ഓർമ വരിക 2018 ലെ പ്രളയമാണ്. വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി അത്. ഇനി ഈ ജന്മത്തൊന്നും ആ കറ പൗലോയെ  വിട്ടുപോകുമെന്നും തോന്നുന്നില്ല. പൗലോ സമ്മതിച്ചില്ലെങ്കിലും. നേരേ സംഭവത്തിലേക്ക് വരാം. 

 

 

ട്രൂ സ്റ്റോറി ആണ്. എല്ലാവരും ഇപ്പോഴും പുലിക്കുട്ടികളെ പോലെ ജീവിച്ചിരിപ്പുണ്ട്. വീട് വീടാന്തരം വെള്ളം കയറിത്തുടങ്ങി. കനാലിന്റപ്പുറത്തും പുന്നംപറമ്പ് സെന്ററിലും വീടുള്ള സുരേഷ്, തോമ, ജോബി, ചാർളി, ജോസ്, ജോജോ തുടങ്ങി സ്ഥിരം ചങ്കുകൾ തങ്ങളുടെയൊന്നും വീട്ടിൽ വെള്ളം കയറില്ല എന്ന സമാധാ നത്തിലും സന്തോഷത്തിലും വെള്ളം കയറും എന്ന് ഉറപ്പുള്ള ബിജുവിന്റെ വീട്ടിൽ ഒത്തു കൂടിയിരിക്കു കയാണ്. 

 

 

നാലാൾ ഒന്നിച്ചു വന്നാൽ സംഗതി കളർ ആക്കണം എന്നതാണ് സുരേഷിന്റെ ജീവിതവ്രതം തന്നെ. ബിജുവി ന്റെ വീട്ടിൽ അമ്മയും ഉണ്ട്. എന്തിനാ അധികം, അമ്മ തന്നെ പോരേ എന്ന് പൗലോ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കും. പൗലോയുടെയും കൂട്ടുകാരുടെയും ഒരു തരികിടയും ബിജുവിന്റെ അമ്മയ്‌ക്കടുത്തു നടക്കില്ല. പണപ്പെട്ടിയുടെ താക്കോൽ തലയ്ക്കൽ വച്ച് നിധി കാക്കുന്ന ഭൂതം പോലെയാണ് എന്നാണ് പൗലോയുടെ വിശേഷണം. 

 

 

എന്തായാലും ഇടയ്ക്കിടെ മാറി മാറി ഓരോരുത്തർ അടുക്കള ഭാഗത്തും മുൻവശത്തും പോയി നോക്കി. മുൻഭാഗത്തെ റോഡ് കവിഞ്ഞു. പക്ഷേ അടുക്കളയിൽ കൂടി വെള്ളം കയറാനാണ്  സാധ്യത. അങ്ങനെ ഉറപ്പിച്ചതോടെ സുരേഷ്, പൗലോ ആദിയായവർ അടുക്കളയ്ക്ക് പിറകിലെ തിണ്ടിൽ ഇരുന്നു. വർത്താനം മുറുകുന്നതനുസരിച്ചു വെള്ളവും കയറി. അപ്പോഴാണ് സുരേഷ് ഒരു കുറവ് കണ്ടുപിടിച്ചത്. 

 

 

‘അല്ല, നമ്മടെ രഘു എവിടെ.. അവനെ വിളിക്കണ്ടേ.. ഇത്രേം വല്യ സംഭവം ഇവിടെ നടക്കുമ്പോൾ..’

പൗലോ ഒന്ന് ചിരിച്ചു. ‘പാടത്തുള്ള അവന്റെ വീട് മുങ്ങി ണ്ടാവും..’

 

സുരേഷിന്റെ ഫോൺ വന്നപ്പോൾ എനിക്ക് കലി വന്നു. 

 

‘എന്റെ വീട്ടിൽ എപ്പളാ വെള്ളം കേറുകാന്ന് പേടിച്ചിട്ടാ ഞാൻ ഇരിക്കാണെ.. അപ്പളാണ്.. നിങ്ങൾ രണ്ടാൾ ഇവിടേക്ക് വാ..’

 

സുരേഷ് പൗലോയെ ഒന്ന് നോക്കി. 

 

‘ഞാൻ ഇല്ല.അവിടെ പോയി പെട്ടാ പിന്നെ കുടുങ്ങും’. പൗലോ പറഞ്ഞത് ഞാൻ പിന്നീട് സുരേഷിലൂടെ അറിഞ്ഞു. 

പ്രളയകാലത്തെ കൊള്ളിയും കട്ടനും (കഥ)

 

അടുക്കള ഭാഗത്തു കടലാസ് വഞ്ചി വിട്ട് വെള്ളത്തിൽ കാലിട്ടുകളിച്ചിരുന്നു മടുത്ത സുരേഷ് കളറാക്കാൻ തുടങ്ങി. 

 

‘ബിജോ നീ 5 കിലോ കൊള്ളി വാങ്ങ്. ഇത്തിരി കട്ടൻ കാപ്പി വയ്ക്ക്. ഈ തണുപ്പത്ത് കൊള്ളിക്കട്ടൻ ബെസ്റ്റാ..’ ബിജു അമ്മയെ നോക്കി. അമ്മ ആലോചിച്ചു.  കൊള്ളി വെച്ചില്ലേൽ സംഗതി സഭ പിരിയും എന്ന് ഉറപ്പായി. പൗലോ തുറിച്ചുനോക്കി ഇരിപ്പുണ്ട്. വിസമ്മതിച്ചാൽ അവൻ അപ്പോ ഇറങ്ങി പോകും. വെള്ളം കയറിയാൽ വല്ല അത്യാവശ്യത്തിനും അവരേ ഉണ്ടാകൂ. 

 

 

പണപ്പെട്ടി തുറന്ന് കാശ് എടുത്തപ്പോൾ പുറത്ത് കോരിച്ചൊരിയുന്ന മഴ വക വെക്കാതെ  പൗലോയുടെ  മുഖത്ത് മഴവില്ല് തെളിഞ്ഞു. കൊള്ളി വരലും കട്ടൻ ഇടലും തിന്നലും കുടിക്കലും മലവെള്ളപാച്ചിൽ പോലെ കഴിഞ്ഞു. നേരം ഇരുട്ടി. ഓരോരുത്തരും അവരുടെ വഴിക്കിറങ്ങി. കൊള്ളി കൂടുതൽ തിന്ന പൗലോ ഇര വിഴുങ്ങിയ പാമ്പിനെ പോലെ കുറച്ചു നേരം കൂടി കിടന്നു. അവസാനം അവനും എഴുന്നേറ്റു. മറ്റുള്ളവർ കൊടുത്ത ഉറപ്പ് ആവർത്തിച്ചു.

 

 

‘രാത്രി എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം. ഞാൻ ഇവിടെ കിടക്കുന്നുണ്ട്ന്ന് വിചാരിച്ച മതി. ഒറ്റ കാൾ.. പറന്നെത്തും.’ സുരേഷ് പക്ഷേ പൗലോക്കൊപ്പം ഇറങ്ങിയില്ല. സംഗതി തോമയ്ക്ക് കത്തി. എല്ലാരും പോയിട്ട് ആത്മാർഥത പ്രകടനം വഴി കടം ചോദിക്കാനാണ്. കിട്ടിയതു തന്നെ. കടം ചോദിക്കാൻ താപ്പ് നോക്കിയിരുന്ന സുരേഷിനെ തഴുകി, വാഴാനി ഡാമിൽ ഇനിയും ഷട്ടർ പൊക്കുമെന്നും പരിസരവാസികൾ ജാഗ്രത പുലർത്തണം എന്നുമുള്ള  അനൗൺസ്മെന്റ് ആ സമയം കടന്നു പോയി. അതോടെ സംഗതി ഉറപ്പായി, ബിജുവീടിന്റെ ഫസ്റ്റ് ഫ്ലോർ മുങ്ങും എന്ന്. 

 

 

സുരേഷ്  ജാഗരൂകനായി. ആ സമയം സ്വന്തം വീട് വിട്ട് ഞാൻ അവിടെ എത്തിചേർന്നപ്പോൾ അവർക്ക്  അദ്ഭുതം. കൊള്ളിയും കട്ടനും എടുക്കാൻ സുരേഷ്. വേണ്ടെന്ന് ഞാനും.  വേല മനസ്സിൽ ഇരിക്കട്ടെ. നിൽക്കാനും ഇരിക്കാനും സമയമില്ലാതെ ഞാൻ പറഞ്ഞു. 

 

 

‘രാത്രി ഇനിയും ഷട്ടർ പോക്കും ന്ന് ഉറപ്പാ. ഇതിന്റെ ഡബിൾ ആവും വെള്ളം. താഴത്തെ ഫ്ലോറിന്ന് മാറ്റാൻ ഉള്ളതൊക്കെ മുകളിലെക്ക് കേറ്റിക്കൊ...അച്ഛനേം പിള്ളേരേം ചേച്ചിടെ വീട്ടിൽ ആക്കി. സാധനങ്ങൾ ഒക്കെ റാക്കിൽ കേറ്റി. വെള്ളം വന്നാ ഇനി പൂവാൻ ഞാനും ഭാര്യയുമേ ഉള്ളൂ. നീയും അമ്മയും ഇവിടെ നിന്നോ. നമുക്ക് ഒന്നിച്ചു പോകാം അറബിക്കടലിലേക്ക്..’ 

 

ബോംബ് പൊട്ടിച്ചു വന്നതെക്കാൾ വേഗം ഞാൻ തിരിച്ചു വിട്ടു. അതോടെ രംഗം ചൂട് പിടിച്ചു. കനം കുറഞ്ഞ വിലപ്പെട്ടത് മുകളിൽ കേറ്റാനുള്ള ശ്രമമായി. സുര ഫോൺ എടുത്ത് ഒരിടത്തിരുന്നു വിളി തുടങ്ങി. ആദ്യം പൗലോയെ. ഫുൾ റിങ് ചെയ്തു. നോ റെസ്പോൺസ്. ശേഷം കൊള്ളി സഭ കഴിഞ്ഞു പോയ ഓരോരുത്ത രെയായി വിളിച്ചു. ഇതിനിടെ അമ്മയും മോനും വിലപ്പെട്ടതൊക്കെ മുകളിൽ കയറ്റി. 

 

 

പൗലോയൊഴികെ കട്ടനും കൊള്ളിയും കഴിച്ചവർ വേഗത്തിൽ അല്ലെങ്കിലും എത്തി. പുതിയ കിടക്കയും മറ്റും മുകളിൽ എത്തിക്കാൻ എല്ലാവരും കൂടി. സുര അപ്പോഴും പൗലോയെ  ഇരുന്ന് വിളിക്കുകയായിരുന്നു. ചുരുങ്ങിയത് ഒരു പതിനഞ്ചു മിസ്സ്ഡ് കാൾ. സുര എരി കൂട്ടി. 

 

 

ഒരേ ഒരെണ്ണത്തിൽ എത്താം എന്ന് പറഞ്ഞ പൗലോക്ക് ഇരുപത്തിയഞ്ചു കോൾ വിളിച്ചു.. ഫോൺ തൊടുന്നില്ല.  അങ്ങനെ രാത്രി രാവിലെയായി. വാഴാനിയിൽ ഷട്ടർ പൊക്കിയോ എന്നറിയില്ല. വെള്ളം അതിന്റെ പാട്ടിനു ഒഴുകി പോയി. പഴയ പടി അടുക്കളക്കരികിൽ ഓളം തല്ലി. സാധനങ്ങൾ മുകളിൽ കയറ്റിയതിൽ എല്ലാവർക്കും ഇച്ഛാഭംഗം.

 

 

‘ആ പേടിത്തൂറൻ രഘുന്റെ വാക്ക് കേട്ട് ഇതൊക്കെ വെറുതെ മോളിൽ കേറ്റി..’ ബിജു പറഞ്ഞു. 

‘വെള്ളം കേറിയില്ലല്ലോ എന്ന് ആശ്വസിക്ക്..’ സുര എന്നെ എന്നും പിന്തുണക്കുകയേയുള്ളു.  സുര ഒഴികെ ബാക്കി ഉപകാരസ്മരണക്കാർ കൂടൊഴിഞ്ഞു. എന്താ പോകുന്നില്ലേ എന്ന് ചോദ്യം ബിജു ചവിട്ടി ഒതുക്കി നിർത്തി. കാത്തിരുന്ന നിമിഷം എത്തി. ഒന്നും സംഭവിക്കാത്ത മട്ടിൽ പൗലോ വരുന്നു.  അമ്മ അകത്താണ്. ബിജുവും സുരയും ഉമ്മറത്തുണ്ട്. 

 

 

‘ഒന്നും പറയേണ്ട. ഇന്നലെ ആകെ ബിസിയായി..’

 

ഒന്നും പറയാതെ തന്നെ സുര ബിജുവിനെ നോക്കി. ബിജു മെല്ലെ പറഞ്ഞു. ‘നീ ഇപ്പൊ വിട്ടോ. അമ്മ കാണണ്ട.’

 

സുര പക്ഷെ വിട്ടില്ല. ‘അമ്മ കാണട്ടെ. എപ്പോ ആയാലും ഫേസ് ചെയ്തല്ലേ പറ്റൂ..’കാര്യം അറിയാതെ പൗലോ പകച്ചു. ആ സമയം അമ്മയുടെ വരവ് ഉണ്ടായി. പൗലോയെ കണ്ടതെ കലി പൂണ്ടു.

 

 

‘ഒരു ചെമ്പു കോള്ളീം കട്ടനും തിന്ന് പോയതാ...വെള്ളം കേറിയാ വിളിച്ചോ വരാം എന്ന് പറഞ്ഞ്.. വീട് മുങ്ങിയോ ന്ന് നോക്കാൻ വന്നതാവും..’ അധികം പറയും മുൻപ് ബിജു അമ്മയെ തടഞ്ഞു. ‘അമ്മ അകത്തു പോ. ആൾക്കാർ കേൾക്കും..’

 

‘കേൾക്കട്ടെഡാ.. ഇവന്റെ തനി നിറം അറിയട്ടെ.. ഇനി ഇവൻ കൊള്ളി കാണുമ്പോൾ ഓർക്കണം..’

ബിജു ഒരു തരത്തിൽ അമ്മയെ കൊണ്ടുപോയി. സുരക്ക് ജീവിതസായൂജ്യം ഉണ്ടായ പോലെ തോന്നി. അവൻ പൗലോക്കൊപ്പം ഇറങ്ങി. സുരയുടെ ഉള്ളിൽ സന്തോഷം പെരുമ്പറ കൂട്ടുകയായിരുന്നു. പൗലോക്ക് പക്ഷെ കുലുക്കമില്ല. 

 

‘ഇവരിത് എന്തറിഞ്ഞിട്ടാ. രാത്രി മുഴുവൻ ഇവരെ രക്ഷിക്കാനുള്ള വഞ്ചി കിട്ടുമോന്ന് നോക്കുകയായിരുന്നു ഞാൻ..’

 

‘എന്നിട്ട് കിട്ടിയോ..’ സുര.

 

‘എങ്ങനെ കിട്ടാൻ. എല്ലാം പന്തളത്തേക്കും പത്തനംതിട്ടക്കും പോയില്ലേ.. ഞാൻ വെറുതെ ആത്മാർഥമായി ഓരോന്ന് ചെയ്യാൻ നോക്കി. കിടക്കേം കട്ടിലും പൊക്കാൻ നിങ്ങൾ മതി. ഇങ്ങനെള്ള കാര്യങ്ങൾ നോക്കാൻ പിടിപാടുള്ള ഞാൻ വേണ്ടേ. വീരഗാഥയിലെ ഡയലോഗാ ഓർമ്മ വരണെ. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി...’

 

സുരയും വിട്ടില്ല. ‘എനിക്ക് അതല്ല തോന്നണത്, ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളെ എന്നാണ്..’

 

പൗലോ ഒന്നു നിന്നു. സുരയും. പരസ്പരം നോക്കി. അടുത്ത നിമിഷം ഒന്നിച്ച് ഒരൊറ്റ ചിരിയാണ്.

 

വാൽകഷ്ണം: കട്ടിൽ കിടക്ക തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കൾ കയറ്റൽ  കൊള്ളികട്ടനിൽ ഒതുങ്ങിയെങ്കിൽ അതൊക്ക താഴെക്കിറക്കാൻ 2000 രൂപയുടെ ചിക്കൻ ബിരിയാണി വേണ്ടി വന്നു എന്ന് മാത്രം. ബിരിയാണി ആകുന്നതിനു മുൻപ് നേരം പോക്കിന് ഇത്തിരി കൊള്ളിയായാലോ എന്ന് കളറാക്കാൻ സുരേഷ് ചോദിച്ചപ്പോൾ പൗലോയും ബിജുവിന്റെ അമ്മയും ഒന്നിച്ചു ഒരേ നിമിഷം ഒരേ സ്വരത്തിൽ പറഞ്ഞു. വേണ്ടാ...

 

English Summary : Pralayakalathe Kolliyum Kappayum Story By P. Raghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com