ഇവിടുത്തെ ആൾക്ക് ഒരു ആക്സിഡന്റ് പറ്റി; കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ അവൾ അവരെ തുറിച്ചു നോക്കി...

നടുക്ലാസ്സ്  (കഥ)
പ്രതീകാത്മക ചിത്രം
SHARE

നടുക്ലാസ്സ്  (കഥ)

‘വല്യ തോട്ടി വേണോ ഭാനൂ...’

‘വേണ്ട പ്രീതേച്ചീ...’ 

മതിലിനപ്പുറത്ത്  നിന്ന് വന്ന അയൽവാസിയുടെ ചോദ്യത്തിന്  മറുപടി കൊടുത്തതിനൊപ്പം തന്നെ തന്റെ കാൽ വിരലുകൾ നിലത്തമർത്തി, മടമ്പ് പൊന്തിച്ചു കൊണ്ട് ഭാനു മുകളിലേക്കുയർന്നു.

തോട്ടിയുടെ കുത്ത് മൂട്ടിലേറ്റപ്പോൾ ഓമക്കായ (കപ്ലങ്ങ / പപ്പായ) യുടെ ഞെട്ട് നിലവിളിച്ചു. വാ തുറന്നതും അതുവരെ ജീവരക്തം പകർന്ന അമ്മയുടെ പൊക്കിളിൽ നിന്നുള്ള ബന്ധം മുറിഞ്ഞു.. തോലടർന്ന മൂട്ടിലും കറയൊഴുക്കിക്കരഞ്ഞ ഞെട്ടിലും ഭൂമി മണ്ണുപുരട്ടി വേദനമാറ്റാൻ ശ്രമിച്ചു.

ഭാനു ഒരു വിജയിയെപോലെ  അടുക്കളയിലേക്ക് നടന്നു. അമ്മിത്തറയിൽ ഓമക്കായയെ കണ്ണീർ വാർക്കാൻ കിടത്തിക്കൊണ്ട് ചോറു വെക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

അരി കഴുകുമ്പോഴാണ് റേഷൻകടയിൽനിന്നു വരുമ്പോൾ പ്രീതേച്ചി പറഞ്ഞ വാക്കുകൾ ഓർമ വന്നത്.

‘നിങ്ങളൊക്കെ വിലക്കുറവിന്റെ  ഈ അരി വാങ്ങുന്നത് കോഴിക്ക് കൊടുക്കാനാണല്ലോ അല്ലേ..’

അന്നതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കുകയായിരുന്നു. അല്ലെങ്കിലും ചില നുണകൾ നമ്മൾ നിരസിക്കില്ല.. കാരണം, ഇല്ലാത്തതോ  ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതോ നിങ്ങൾക്കുണ്ട് എന്ന് ആരെങ്കിലുമൊക്കെ പറയുന്നത് കേൾക്കാനും ഒരു സുഖമാണ്.. ഇല്ലായ്മ മറഞ്ഞിരിക്കുന്നല്ലോ എന്ന സുഖം!

ഭാനു അടുപ്പിലേക്ക് ഓലക്കീറെടുത്ത് വച്ചു. പ്രാതലൊരുക്കാൻ വേണ്ടി  പാതിജീവൻ കൊടുത്ത് ചാരം പുതഞ്ഞ് കിടന്ന കനലുകളിൽ അവളുടെ ശ്വാസം വീണു. ഓലക്കീറുകൾ അവളുടെ കണ്ണുകളെ ഈറനണിയിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ തുടർച്ചയായ ശ്വാസ പ്രവാഹത്തിൽ അവയ്ക്ക് ആളിക്കത്തേണ്ടി വന്നു.

ഓമക്കായ കറിക്കുള്ള ചേരുവകൾ തിരയുമ്പോഴാണ് അത്യാവശ്യം വേണ്ട ചേരുവകളിൽ പലതും ഇല്ലായെന്ന സത്യം  ഭാനു ഓർത്തത്. അവൾ മൊബൈലെടുത്ത് ഭർത്താവിന്റെ നമ്പർ ഡയൽ ചെയ്തെങ്കിലും ഉത്തരം കിട്ടിയില്ല.

‘നമ്മുടെ ഇല്ലായ്മയെന്തിനാ മറ്റുള്ളവരെ അറിയിക്കണെ ഭാനൂ.. നമുക്കുള്ളതും ഇല്ലാത്തതും നമ്മൾ മാത്രമറിയട്ടെ..’

കുറച്ചു വെളിച്ചെണ്ണ അടുത്ത വീട്ടിൽനിന്നു കടം വാങ്ങാമെന്ന ചിന്ത അവൾ അയാളുടെ മുൻകാല ഉപദേശം കടംകൊണ്ട്  വേണ്ടെന്നു വെച്ചു.

ഡ്രൈവിങ്ങിലാവും എന്ന ചിന്തയിൽ അവൾ അയാളെ വീണ്ടും വിളിക്കാനുള്ള ശ്രമവുപേക്ഷിച്ചു നിൽക്കുമ്പോഴാണ് ഒരു കാൽപെരുമാറ്റം കേട്ടത്. ഭാനു അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് നടന്നു.

‘ആ പ്രീതേച്ചിയാ.. എന്നെ പേടിപ്പിക്കാനാണോ ഈ പമ്മിയുള്ള വരവ്..’

ഭാനുവിന്റെ ചോദ്യം കേട്ടപ്പോൾ അവർ ഉമ്മറത്തേക്ക് തന്നെ പതിയെ തിരിച്ചു നടന്നു..

ഇല്ലായ്മകൾ ചിരിയിലൊളിപ്പിച്ച്, അടിപ്പാവാടയുടെ കെട്ടിൽ തിരുകി കയറ്റി വെച്ച മാക്സി താഴ്ത്തിയിട്ട് ഭാനു അവരുടെ അടുത്തേക്ക് നടന്നു.

‘ഇവിടുത്തെ ആൾക്ക് ഒരു ആക്സിഡന്റ് പറ്റി..’

കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ ഭാനു അവരെ തുറിച്ചു നോക്കി. ആ നോട്ടം സഹിക്കാൻ കഴിയാതെ അവർ ഭാനുവിന്റെ കൈകൾ പിടിച്ചു തല താഴ്ത്തി നിന്നു.

വീട്ടിനകത്ത് കുടുംബക്കാരും മുറ്റത്ത് ആളുകളും കൂടിക്കൂടി വരുന്നതറിഞ്ഞപ്പോൾ ഭാനു അപകടത്തിന്റെ ആഴം മനസ്സിലാക്കി. ആ ആഴത്തിൽ അവളുടെ ശക്തി ചോർന്നു ചോർന്നു പോയി. ഒടുവിലത് കിടപ്പുറിയിലെ അബോധാവസ്ഥയിലുള്ള കിടത്തത്തിൽ എത്തിച്ചേർന്നു.

വെള്ളം വറ്റിപ്പോയ വറ്റുകളെ തീവിഴുങ്ങാനൊരുങ്ങിയ ചോറുകലം കനലുകളണച്ച് ആരോ ഇറക്കി വെച്ചു. അടുക്കളയിലെ കാലിയായ പാത്രങ്ങളിലും അലമാരയിലെ നിറം മാത്രം അവശേഷിപ്പിച്ച പലവ്യഞ്ജന ഭരണികളിലും കണ്ണുകൾ പലത് പതിഞ്ഞു. ഒന്നുമറിയിച്ചില്ലല്ലോ എന്ന ചോദ്യങ്ങൾ ആ കണ്ണുകളെറി ഞ്ഞപ്പോൾ ഒന്നുമറിയാൻ ശ്രമിച്ചില്ലല്ലോ, ചോദിച്ചില്ലല്ലോ എന്ന മറുചോദ്യങ്ങൾ പാത്രങ്ങളും ഭരണിയും മറുചോദ്യമെറിഞ്ഞു. ശുഷ്കിച്ച അരിച്ചാക്ക് അവരെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ നോട്ടമെറിഞ്ഞവർ പിന്മാറി അവരവരിലേക്കൊതുങ്ങി.

ഉള്ളവന്റെ ആർഭാടത്തിനും ഇല്ലാത്തവന്റെ പരിഗണനയ്ക്കും നടുവിൽ  കൈ നീട്ടാതെയും മുണ്ടുമുറുക്കിയും പോരാടുന്നൊരു വിഭാഗത്തിന്റെ പ്രതിനിധിയായ ഭാനുവിനൊപ്പം കണ്ണീർ വാർക്കാൻ മൂടിയൂരി കമഴ്ത്തിയാൽ പൊഴിക്കാൻ നാലുതുള്ളിയെങ്കിലും ബാക്കിയുണ്ടായിരുന്ന എണ്ണക്കുപ്പിയുണ്ടായിരുന്നു. 

ഉമ്മറത്ത് കിടത്തിയ ഭാനുവിന്റെ നല്ലപാതിയെ അവസാനമായി ഒരു നോക്ക് കണ്ട് അടുക്കളവാതിലിലൂടെ തിരിച്ചിറങ്ങി പോകുന്നവരെ നോക്കി അമ്മിത്തറയിൽ കിടന്ന, ഞെട്ടറ്റു വീണിട്ടും കറ ചോർന്നു പോകാത്ത ഓമക്കായ കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു..!

English Summary : Nadu Class Story By Rafees Maranchery

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;