ADVERTISEMENT

നേരത്തോടു നേരം (കഥ)

കയ്യിലിരുന്ന ഫോൺ ശബ്ദമുണ്ടാക്കിയത് എന്തിനാണെന്ന് അയാൾക്കറിയാമായിരുന്നു. മിനിറ്റുകൾക്ക് മുന്നേ ഗ്രൂപ്പിൽ അക്ഷരങ്ങളായി കണ്ട വിശേഷങ്ങളാണ് ഇപ്പോ കാതിലേക്കെത്താൻ പോകുന്നത്. വാട്സാപ്പുള്ള തുകൊണ്ട് കുറെ നാളായി വിശ്ശേഷങ്ങളൊക്കെ താമസമൊന്നുമില്ലാതെ  അറിയാൻ പറ്റുന്നുണ്ട്. ജനിച്ചു വളർന്ന നാടിന്റെ പേരിനുമുമ്പിൽ ‘എന്റെ’, ‘നമ്മുടെ’ എന്നൊക്കെ വച്ചലങ്കരിച്ച് എല്ലാ നാട്ടുകാർക്കുമുണ്ടല്ലോ ഇപ്പൊ ഇമ്മാതിരി ഗ്രൂപ്പുകൾ. മമ്മിയുടെ ആൾക്കാർ, പപ്പയുടെ വീട്ടുകാർ, അവളുടെ കുടുംബം… പലരും മിക്കവാറും ഗ്രൂപ്പുകളിലൊക്കെയും പങ്കു ചേർന്നും ചിതറിയുമൊക്കെയായിയുണ്ട്. ആകെയൊരു കളർവീൽ ലൈറ്റുപോലെ. 

 

 

 

ഫോണിന്റെ അടിപൊളി റിങ്ടോൺ ഇങ്ങനെയുള്ള സമയങ്ങളിൽ എത്ര അഭംഗിയാണ് ഉണ്ടാക്കുന്നതെന്ന് തോന്നി. നമ്പർ അനിയന്റേതാണ്. പക്ഷേ മറുപുറത്ത് പപ്പയോ മമ്മിയോ ആയിരിക്കുമെന്നുറപ്പാണ്. തെറ്റിയില്ല, പപ്പാ തന്നെ.

 

 

പപ്പാ പറയുമ്പോൾ ആദ്യമായി കേൾക്കുന്നപോലെ അഭിനയിക്കുമെന്ന് അയാൾ തീരുമാനിച്ചു. എല്ലാം ഏറെക്കുറെ വിശദമായി തന്നെ അറിഞ്ഞതാണ്. ഗ്രൂപ്പിൽ ചിത്രവും വാർത്തയും പിന്നാലെ വന്ന പലനാടുകളിലുമുള്ള പലരുടെയും ചോദ്യോത്തരങ്ങളും ആവശ്യത്തിലധികം വിവരങ്ങൾ പകർന്നുതന്നിരുന്നു. അല്ലെങ്കിലും ഒരാൾ ഒരു വാർത്ത വിളിച്ചറിയിക്കുമ്പോൾ ഈയൊരവസത്തി ലാണെങ്കിലും നേരത്തേ അറിഞ്ഞിരുന്നു എന്ന് പറയാതിരിക്കുന്നതും നേരിയൊരു നിരാശ കൊടുക്കാതിരിക്കുന്നതുമാണ് മര്യാദ.

 

ഒത്തിരിയായിരിക്കുന്നു പപ്പയോട് ഫോണിൽ സംസാരിച്ചിട്ട്. പക്ഷേ ആമുഖമോ ഉപചാരമോ ഇപ്പോൾ ഈ വിളിയിൽ ആവശ്യമില്ലല്ലോ. പറഞ്ഞതത്രയും തീരെ ശബ്ദം താഴ്ത്തിയായിരുന്നു. അവൾ എന്റെയടുത്ത് ഉണ്ടായിരിക്കും എന്നുവച്ചിട്ടായിരിക്കണം. വാട്സാപ്പിൽ വായിച്ചതൊക്കെയും പപ്പയും പറഞ്ഞു. അവൾ അരികെയില്ല എന്നറിഞ്ഞപ്പോഴാണ് ശബ്ദം കൂട്ടിയതെന്ന് മനസ്സിലായി. പിന്നെയങ്ങോട്ട് കൊറോണയും മറ്റുമായി സംഭാഷണത്തിനു നീളം വച്ചു.  

 

അല്ലെങ്കിലും കാണാനാവാത്ത കൊറോണ വൈറസിന്റെ മുള്ളുടുപ്പിൽ കൊള്ളാത്ത, കൊണ്ടുനോവാത്ത വാക്കുകൾ ഏതു സംസാരത്തിലാണ് ഇപ്പോൾ ഇല്ലാത്തത്? ഫോൺ എങ്ങനെയോ കട്ടായി. എവിടെയാണ് സംഭാഷണം മുറിഞ്ഞത്? ഏതായാലും പപ്പ വീണ്ടും വിളിക്കില്ല. തിരിച്ചങ്ങോട്ടു വിളിക്കുന്നുമില്ല. കേൾവിയിൽ നിന്നും ഓർമകളിലേക്കു മനസ്സു മാറിയിരുന്നു. പപ്പയെന്താണ് ഒടുവിൽ പറഞ്ഞതെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നുമില്ല.  

 

 

എന്തൊരു കളിയാണിത്? ഇരുപത്തിനാലു മണിക്കൂറു പോലുമായില്ല. അയാൾ മുൻപിലെ കണ്ണാടിയിലേക്ക് നാക്ക് നീട്ടി. പിന്നെ അരുതെന്ന് തല കുടഞ്ഞു. കൊറോണക്കാലത്തെ വീട്ടിലിരുന്നുള്ള ജോലിയാണ്. വൈകുന്നേരമാകുമ്പോഴേക്കും ചില കള്ളയുറക്കങ്ങൾ സീറ്റിലിരുന്നു തന്നെ നടന്നിട്ടുണ്ടാകും. അതിന്റെ ആനുകൂല്യം രാത്രിയിൽ കിടക്കയിൽ കിട്ടാറുണ്ടായിരുന്നു. 

 

 

പള്ളിയിലും ക്ലബിലും ടെന്നിസ് കളിക്കു ശേഷമുളള പുകവലി മീറ്റിങ്ങിലും നടക്കാറുള്ള ചർച്ചകളുടെ വേദി അവരുടെ ബെഡ്‌റൂമിലേക്ക് മാറിക്കഴിഞ്ഞു. ഉറക്കം ഒളിച്ചിരിക്കുന്ന നാലുചുവരുകളുടെ വലിയ മുറിയിൽ. ഒത്ത നടുവിലെ തണുത്ത കിടക്കയിൽ. വമ്പൻ ചർച്ചകളും വാഗ്വാദങ്ങളും പക്ഷേ ഉറക്കം വന്നുതൊടുന്നതിനു മുൻപേ ഒത്തുതീർന്നിരുന്നു.

 

കഴിഞ്ഞ രാത്രിയിലും.

 

‘മാഡം?’ 

 

‘മിസ്റ്റർ...’

 

‘നിന്റെ തലയൊന്നെടുത്തു പില്ലോയിലേക്ക് മാറ്റിയിരുന്നെങ്കിൽ ഉപകാരമായിരുന്നു’. അയാൾ തെല്ലുവേദനിക്കാൻ തുടങ്ങിയ കൈയൊന്നിളക്കി. 

 

‘കുറച്ചു ബുദ്ധിമുട്ടുണ്ട്.’ അവൾ ഒരു മടിച്ചിപ്പൂച്ചയെപ്പോലെ കുറച്ചു കൂടി ചേർന്നുകിടന്നതേയുള്ളൂ. അവൻ ഒച്ചയില്ലാതെ ചിരിച്ചത് അവന്റെ ചുമലിളക്കത്തിൽ നിന്നും അവളറിഞ്ഞു. 

 

‘എന്താണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം?’ 

 

‘സീരിയസാണ്...’ 

 

‘പറയൂ മാം.’ 

 

‘ഇപ്പോ ഏതെങ്കിലും രാജ്യങ്ങളിലെ യുദ്ധവാർത്ത നമ്മൾ കാണാറുണ്ടോ?’ 

 

‘ഈശ്വരാ... ചൂടായോ?’ അയാൾ ഉറക്കെച്ചിരിച്ച് അവളുടെ ശരീരത്തിൽ കൈയ്യമർത്തി.’ 

 

‘ചിരിക്കാനല്ല. ലോകത്തിലെവിടെനിന്നെങ്കിലും ഏതെങ്കിലും തീവ്രവാദികളുടെ കഥയിപ്പോൾ കേൾക്കാറുണ്ടോ?’ 

 

‘ഇല്ല.’ 

 

‘രാജ്യാതിർത്തികൾ മുറിച്ച് യാത്രികർ വിരുന്നുകാരായിപ്പോലും വന്നുചേരാറുണ്ടോ?’ 

 

‘ശരിയാണ്. മിക്ക രാജ്യങ്ങളിലും ഡൊമസ്റ്റിക് സർവീസുകൾ പോലും ഉണ്ടാകില്ല.’ 

 

തങ്ങളുടെ കാറുകൾ ഒരാഴ്ചയിലേറെയായി സ്റ്റാർട്ട് ചെയ്യുക പോലും ചെയ്യാതെ ഡ്രൈവ്‌ വേയിൽ കിടക്കുന്നത് അയാളോർത്തു. സ്റ്റോറേജ്റൂമിന്റെ മൂലയിൽ ഉപേക്ഷിച്ചിട്ട സൈക്കിൾ പൊടിതട്ടിവച്ചതും. 

‘മനുഷ്യരെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിപ്പിച്ച തിരക്കുകൾക്കിതെന്തു പറ്റി?’ 

 

‘പള്ളികളെല്ലാമടച്ചു. കടങ്ങൾക്കും കടംവീട്ടലുകൾക്കുമൊക്കെ അവധി നീട്ടിക്കിട്ടി’.   അയാൾ അവളെയൊന്ന് പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പതുക്കെ പറഞ്ഞു. 

 

‘ഇവിടുത്തെയും കൃത്യനിഷ്ഠയും പട്ടാളച്ചിട്ടയുമൊക്കെ വരിയും നിരയുമൊക്കെ തെറ്റി ഒരു വിധമായില്ലേ?’ അവൾ അയാളെ വേദനിപ്പിക്കാതെ നുള്ളിക്കൊണ്ട് തിരിച്ചടിച്ചു. 

 

കൃത്യമാണ്. ജോലിയിലും മറ്റിടങ്ങളിലും ശരിയായ സമയം പാലിക്കണമെന്ന് അയാൾക്ക് നിർബന്ധമാ യിരുന്നു. മറ്റുള്ളവർ ശ്രദ്ധിക്കത്തക്കവണ്ണം തന്നെ വസ്ത്രധാരണം നടത്തിയിരുന്നു. മുടിയൊരുക്കാൻ പതിനഞ്ചുദിവസത്തിലൊരിക്കൽ ബാർബർ സലൂണുകളിൽ പോയിരുന്നു. ജനുവരിയിൽ മാത്രം ജിമ്മിലെ മെംബർഷിപ്പ് പുതുക്കുന്ന കൂട്ടുകാരെപ്പോലെയുമായിരുന്നില്ല, അയാൾ. ഇപ്പോൾ ജോലിയിലെ വിഡിയോ കോളുകൾക്കു മാത്രമായി നല്ല ഷർട്ടു ധരിക്കുന്നു. പടർന്നു പന്തലിക്കുന്ന മൂടി മൂടാൻ ഒരു ബീനി തലവഴിയിട്ടു വെബ് ക്യാമറയോട് കൂടുതൽ ചേർന്നിരിക്കുന്നു. വീട്ടിനുള്ളിലെ അങ്ങോട്ടുമിങ്ങോട്ടുമുള്ള നടത്തം മാത്രമായി വ്യായാമമൊക്കെ ഒതുങ്ങിയിരിക്കുന്നു.

 

സ്വതവേ ശാന്തമായ ആ റസിഡൻഷ്യൽ ഏരിയയിലെ വല്ലപ്പോഴുമെങ്കിലുമുള്ള രാത്രിവണ്ടികളൊക്കെ ഈ ദിവസങ്ങളിലെക്കെ എവിടെയോ അപ്രത്യക്ഷമായിരുന്നു. രാത്രിയും നീലിച്ചു തുടങ്ങിയിരുന്നു. 

 

‘നമ്മുടെ നെയ്ബർ കുട്ടികളെയും തൂക്കിയെടുത്തു സ്കൂളിലേക്ക് ലേറ്റായി ഓടുന്നത് ഇപ്പോൾ കാണാറുണ്ടോ’ അവൾ ലിസ്റ്റിലേക്ക് കൂടുതൽ ഇനങ്ങൾ ചേർക്കുകയാണ്. 

 

‘നേരാണ്. വൈകുന്നേരങ്ങളിൽ കുട്ടികളുടെ ഹോം വർക്കിനെ ചൊല്ലി ആ സ്ത്രീയുടെ അലർച്ചയും ഇപ്പോൾ കേൾക്കാറില്ല.’ അയാൾ പിന്താങ്ങി.

 

‘അറ്റൻഡൻസും റ്റാർഡിയും എവിടെപ്പോയി? മാർക്സും ഗ്രേഡ്സുമൊന്നും വേണ്ടാതായോ?’ 

 

‘മിച്ചമുള്ള സമയം തീർത്തിട്ടു വേണ്ടേ അറ്റന്റസിന്റെയും ലേറ്റാവുന്നതിന്റെയുമൊക്കെ കണക്കെടുക്കാൻ…’

‘ചാനൽ ചർച്ചകളൊക്കെ ഈ ഒറ്റവിഷയത്തിൽ ചുറ്റിനിൽക്കുന്നു... ആരും ജയിക്കുന്നുമില്ല, 

തോൽക്കുന്നുമില്ല… അല്ലെങ്കിൽ എല്ലാവരും തോൽക്കുന്നു...’ 

 

‘മരണമെണ്ണുന്ന നേരത്ത്…’ അയാൾ രഞ്ജിത് സിനിമയിലെ പാട്ടിനൊരു തിരുത്തൽ വരുത്തി, മൂളി.

 ‘കല്യാണങ്ങളൊക്കെയും മാറ്റി വയ്ക്കുകയാണെന്ന് കേൾക്കുന്നില്ലേ?’ 

 

‘പിന്നെ ഫ്ലവർ ഗേൾസൊക്കെ മാസ്ക് വച്ചു നിന്നാൽ ഫോട്ടോഗ്രഫേഴ്സടക്കം ചിരിക്കില്ലേ?’ അയാൾ അതിൽ തമാശയുണ്ടാക്കാൻ നോക്കി. അവൾ ചിരിച്ചില്ല. 

 

‘ആരെങ്കിലും മരിച്ചാൽ… വിദേശത്താണെങ്കിൽ ഉറ്റവർക്കൊന്നും കാണാൻ പറ്റാതെ അവിടെത്തന്നെ…’

നിറുത്താമെന്ന് അയാൾക്കു തോന്നി. എവിടെയും രേഖപ്പെടാത്ത ഈ സംഭാഷണങ്ങൾ നല്ലതൊന്നും തങ്ങൾക്ക് തരുന്നില്ലല്ലോ. എല്ലാ അഴലുകളും മാറി പഴയ ലോകമിനി തിരിച്ചുവരില്ലേ? അല്ലെങ്കിൽ പാഠങ്ങളൊക്കെ പഠിച്ച് പുതിയൊരു ജീവിതക്രമമായിരിക്കുമോ? 

 

എസിയുടെ ചെറിയ കാറ്റ് ജനാലവിരികളെ മാറ്റിനിർത്തി നിലാവിന് മുറിയിലേക്ക് വഴി കൊടുത്തിരുന്നു. അവളുടെ ശരീരത്തിലൊക്കെ വെളിച്ചം അതിന്റെ വരമ്പുകൾ വരച്ചിരിക്കുന്നത് അയാൾ കണ്ടു. 

 

തങ്ങളുടെ ഏറ്റവും സ്വകാര്യമായ കുസൃതികൾ പറയുന്നതിനു പകരം അയാൾ അപ്പോളൊരു കുരുത്തക്കേട് അവളുടെ ചെവിയിൽ പറഞ്ഞു: 

 

‘ചുരുക്കിപ്പറഞ്ഞാൽ നാട്ടിലെ എന്റെ അമ്മായിയപ്പൻ തട്ടിപ്പോയാലും നമുക്കൊന്ന് പോകാനോ കാണാനോ പറ്റില്ല…’

 

അതിനവൾ പറഞ്ഞ മറുപടി അവളുടെ ചുണ്ടുകളിൽ അയാൾ തന്റെ ചുണ്ടുകൾ കൊരുത്ത് തടഞ്ഞും നിർത്തി.

 

അവൾ പടികയറിവരുന്ന ശബ്ദം അയാളറിഞ്ഞു.  അറംപറ്റിയ വാക്കുകൾക്ക് പകരം പറയാൻ വേറെയൊന്നുമില്ലെന്ന് ആശങ്കപ്പെട്ടു. വെവ്വേറെ നാടുകളിലുളള മക്കളൊന്നും യാത്രപറയാനില്ലാതെ, നിയമം നിശ്ചയിച്ച പത്തോ പതിനഞ്ചോ പേരുടെ മാത്രം കൺമുന്നിൽ അനാഥനെപ്പോലെ കിടക്കുമെന്ന് അവൾ തന്റെ നെഞ്ചിൽ തലതല്ലുമെന്നും അയാൾ മനസ്സിൽ കണ്ടു.

 

English Summary : Nerathodu Neram Story By Binson Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com