ADVERTISEMENT

രാമേട്ടൻ (കഥ)

രാമേട്ടന് രണ്ട് മക്കളാണ്; മൂത്തത് ഒരു പെണ്ണും ഇളയത് ഒരാണും. വസന്തയെ കെട്ടിച്ചയച്ചിട്ട് അഞ്ചെട്ട് കൊല്ലമായി. ഭർത്താവ് കെ.എസ്.ഇ.ബി യിൽ അസിസ്റ്റൻറ് എൻജിനിയർ .അവർക്ക് ആറും മൂന്നും വയസ്സുള്ള ഒരാണും ഒരു പെണ്ണും .വർഷത്തിൽ നാലഞ്ചു പ്രാവശ്യമെങ്കിലും വസന്ത കുടുംബസമേതം തറവാട്ടിൽ വരാറുണ്ട്. ഇളയവൻ മുരളീധരൻ റെയിൽവെ സ്റ്റേഷൻ മാസ്റ്ററാണ്. കുടുംബസമേതം തിരുച്ചിറപ്പള്ളിയിലെ റെയിൽവെ ക്വാട്ടേർസിൽ താമസിക്കുന്നു. ലീവ് കിട്ടുമ്പോഴെക്കെ തറവാട്ടിലേക്ക് വരാൻ മുരളിയും മറക്കാറില്ല.

 

 

രാമേട്ടൻ റെയിൽവെ എഞ്ചിൻ ഡ്രൈവറായിരുന്നു. നീണ്ടു നീണ്ടു പോകുന്ന, അറ്റമില്ലാത്ത  റെയിൽ പാളത്തിലൂടെ കുതിച്ചും കിതച്ചും  ജീവിതത്തിലെ നല്ല കാലം മുഴുവൻ ഓടിക്കൊണ്ടിരുന്നു. റിട്ടയർമെന്റ് എന്നാൽ ഒരു തരം ശൂന്യതയിലേക്ക് ആരോ എടുത്തെറിയുന്നതു പോലെയാണെന്നാണ് രാമേട്ടന്റെ അഭിപ്രായം.

 

 

മുമ്പ് ലീവ് കിട്ടാനായി ദിവസങ്ങളും ആഴ്ചകളും മാറിമറിയുന്നത് കാത്തിരുന്ന രാമേട്ടനിപ്പോൾ ദിവസമോ മാസമോ ഒന്നും ഓർത്തുവെക്കാറില്ല. അന്നും ഇന്നും മക്കളോടൊപ്പം  ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഒരു നീറ്റലായി ഉള്ളിൽ പലപ്പോഴും നിറയാറുണ്ട്.

 

 

ജീവിത സഖി കല്യാണിയെ  സഹായിച്ചും വൈകുന്നേരങ്ങളിൽ ഗോപാലന്റെ കടയിൽ പോയിരുന്ന് പഴയ സുഹൃത്തുക്കളോട് കിഞ്ചന വർത്തമാനം പറഞ്ഞും കാലം കഴിക്കുമ്പോഴാണ് രാമേട്ടന്റെ  ജീവിതത്തിലേക്ക് മൂന്നാമതൊരു കുഞ്ഞ് കടന്നു വന്നത്! 

 

പൈക്കച്ചോടക്കാരൻ അപ്പുണ്ണിയാണ് അവളെ രാമേട്ടന് കൈമാറിയത്. നെറ്റിയിൽ വലിയ വെളുത്ത പൊട്ടും തിളങ്ങുന്ന ചെമ്പൻ നിറവുമായി ഒരു സുന്ദരി. കഴുത്തിൽ ഒരു മണി കെട്ടുമ്പോൾ അവളുടെ ചെവിയിൽ അമ്മിണീയെന്ന് രാമേട്ടൻ മന്ത്രിച്ചു. അമ്മിണിക്ക് കിടക്കാനായി വീടിന്റെ തെക്ക് കിഴക്കെ മൂലയിൽ ,മുറ്റത്തിനപ്പുറം നല്ലൊരു ആല തന്നെ രാമേട്ടനുണ്ടാക്കി.

 

 

 മമ്പറം പാടത്തും  തുരുത്തി പറമ്പിലും മൂരാട് പുഴയോരത്തും രാമേട്ടനോടൊപ്പം തുള്ളിച്ചാടി, കളിച്ചും ചിരിച്ചും അവൾ വളർന്നു. പാടത്ത് അമ്മിണിയോട് വർത്തമാനം പറഞ്ഞിരിക്കുന്ന രാമേട്ടൻ  നാട്ടുകാർക്ക് ആദ്യം ഒരു പിരി ലൂസായവനായിരുന്നു പിന്നെ അവർക്ക് അതൊരു കൗതുകവും ഇപ്പോൾ ചിരപരിചിതവുമാണ്.

 

 

തൊടിയിലെ കൊന്നമരങ്ങളെല്ലാം സ്വർണ്ണവർണ്ണങ്ങളാൽ പൂത്തുലഞ്ഞ ഒരു വിഷുക്കാലത്താണ് യൗവനയുക്തയായ അമ്മിണിയെ ‘‘സൂചി വെയ്ക്കേണ്ടതിന്റെ’’ ആവശ്യകത കല്യാണി രാമേട്ടനെ ബോധ്യപ്പെടുത്തിയത്. പ്രത്യുല്പാദനത്തിനായി സൂചി വെയ്ക്കുന്നതിനോട് രാമേട്ടന് തീരെ യോജിപ്പുണ്ടായിരുന്നില്ലെങ്കിലും പണ്ടത്തെ പോലെ മൂരിക്കുട്ടന്മാർ നാട്ടിലൊരിടത്തും ഇല്ലാത്തതിനാൽ ഇരിങ്ങൽ തീവണ്ടിയാപ്പീസിനടുത്തുള്ള മൃഗാശുപത്രിയിലേക്ക് അമ്മിണിയെയും കൂട്ടി രാമേട്ടൻ നടന്നു.

 

 

പക്ഷേ കാത്തിരിപ്പ് നീണ്ടതല്ലാതെ അമ്മയാകാനുള്ള യാതൊരു ലക്ഷണവും അവൾ കാണിച്ചില്ല. പഴയതു പോലെ ഓടിച്ചാടി നടന്നു. ആറാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോൾ ഡോക്ടർ നീളൻ കൈയ്യുറയൊക്കെ ധരിച്ച് അവളെ വിശദമായി പരിശോധിച്ചു.

 

‘‘ മച്ചിയാണ്. വെറുതെ കഷ്ടപ്പെട്ട് വളർത്തീട്ട് കാര്യോല്ല. വല്ല കച്ചവടക്കാർക്കും വിൽക്കുന്നതാ ലാഭം’’ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. പെരുവിരലിൽ നിന്നൊരു തരിപ്പ് ശരീരം മുഴുവൻ വ്യാപിപ്പിച്ചപ്പോൾ വീണുപോകാതിരിക്കാനായി  രാമേട്ടൻ കസേരയിൽ മുറുകെ പിടിച്ചു നിന്നു. 

 

 

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രാമേട്ടന്റെ മുഖം വല്ലാതെ വാടിയിരുന്നു.

 

‘‘ ഒരു കണക്കിന് ഇതാപ്പോ നന്നായെ... ഒരു കന്നൂട്ടീ കൂടി ഉണ്ടായാൽ അതിനെ നോക്കാനും പാലു കറക്കാനും മ്മളെ കൊണ്ട് പറ്റ്വോ?’’

 

രാമേട്ടൻ (കഥ)

ഗ്യാസ് സ്റ്റൗവിൽ തിളച്ചുക്കൊണ്ടിരുന്ന പാത്രത്തിലേക്ക് രണ്ട് സ്പൂൺ ചായപ്പൊടിയിട്ട് കല്യാണി രാമേട്ടന്റെ ചോദ്യത്തിന് ഉത്തരമായി ഒന്നു പുഞ്ചിരിച്ചു. കൊയ്ത്തു കഴിഞ്ഞ മമ്പറം പാടത്ത് പച്ചപ്പുല്ലുകൾ പച്ച വിരി വിരിച്ചു .വിരുന്നിനെത്തിയ ചുവന്ന തുമ്പികളും ആതിഥേയരായ വെള്ള കൊക്കുകളും അമ്മിണിയോടൊപ്പം കളിച്ചു .

 

 

ചിലപ്പോഴൊക്കെ കൈയ്യില്ലാത്ത ബനിയനും മടക്കിക്കുത്തിയ ലുങ്കിയുമായി രാമേട്ടനും അവരോടൊപ്പം കൂടി .ഉച്ചവെയിൽ ആറിത്തണുക്കാൻ തുടങ്ങിയതോടെ വയലിറമ്പത്തെ തെങ്ങുകളും മരങ്ങളും പാടത്ത് നിഴൽ ചിത്രങ്ങൾ വരച്ചുവെച്ചു. ആ ചിത്രങ്ങൾ ഇരുട്ടിലലിയാൻ തുടങ്ങിയപ്പോഴാണ് രാമേട്ടൻ അമ്മിണിയുമായി വീട്ടിലേക്ക് തിരിച്ചത്.

 

 

ദൂരെ പാടവരമ്പിലൂടെ ഒരു ചാവാലി പയ്യിനെയും വലിച്ചിഴച്ച് അപ്പുണ്ണിയും സഹായിയും പോകുന്നത് കണ്ടു. അറക്കാൻ കൊണ്ടു പോകുകയായിരിക്കും. പെട്ടെന്നാന്ന് രാമേട്ടന്റെ കാലൊന്ന് തെറ്റിയത്! വരമ്പിനരികിൽ കീരിയോ ഉടുമ്പോ കുഴിച്ച മാളത്തിലേക്ക് വലതുകാലമർന്ന് രാമേട്ടൻ വീണു.കാൽക്കുഴ തെറ്റിയ

രാമേട്ടന് ഒരാഴ്ച പുറത്തിറങ്ങി നടക്കാൻ പറ്റിയില്ല. ചെക്കോട്ടി വൈദ്യർ നൽകിയ കുഴമ്പും കഷായവുമായി ഓരോ ദിവസവും  തള്ളി നീക്കാൻ പ്പെട്ടപാട് രാമേട്ടനെ അറിയൂ.  രാമേട്ടനെ വിഷമിപ്പിച്ചത് അതൊന്നുമല്ലായിരുന്നു. ഈ അവസരം മുതലെടുത്ത് അമ്മിണിയെ വിൽക്കാൻ തന്റെ മക്കൾ ശ്രമിച്ചതായിരുന്നു.

രാമേട്ടൻ (കഥ)

 

 

പക്ഷെ അവരുടെ ശ്രമം മുളയിലെ നുള്ളാൻ രാമേട്ടന് കഴിഞ്ഞു.രാമേട്ടനാരാ മോൻ? ഒന്നുമില്ലെങ്കിലും അവരുടെ തന്തയല്ലേ? മമ്പറം പാടത്തെ പൂത്തുമ്പികളും കൊക്കുകളുമായി അമ്മിണിയും രാമേട്ടനും വീണ്ടും കളിച്ചു . ഒരിക്കൽ ,സന്ധ്യയ്ക്ക് പെയ്ത വേനൽ മഴയിൽ പാടവും പറമ്പും  കുളിർന്ന രാത്രിയിലാണ് കല്യാണിക്ക് പനി പിടിപ്പെട്ടത്. രാമേട്ടൻ തയ്യാറാക്കിയ കുരുമുളക് കാപ്പിയും ചെക്കോട്ടി വൈദ്യരുടെ കഷായമൊന്നും കല്യാണിയുടെ ശരീരത്തിലെ ചൂട് കുറച്ചില്ല.ഒടുവിൽ വടകര സർക്കാശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു.

 

 

വസന്ത,പുതിയ വീട് നിർമ്മാണത്തിന്റെ തിരക്കിനിടയിലും അമ്മയെ പരിചരിക്കാൻ തറവാട്ടിലെത്തി.

അമ്മിണിക്കും കല്യാണിക്കുമിടയിൽ രാമേട്ടൻ വട്ടം കറങ്ങി! കല്യാണി ഡിസ്ചാർജ്ജായ വൈകുന്നേരം ,അടുക്കള പടിവാതിലിരുന്ന് കട്ടൻ ചായ കുടിക്കുമ്പോഴാണ്,അച്ഛൻ കേൾക്കാനായി വസന്ത ഉറക്കെ പറഞ്ഞു.

 

‘‘ഇനി പണ്ടേപ്പോലെ അമ്മിണിനേം കിമ്മിണിനേം നോക്കാൻ അമ്മക്ക് പറ്റില്ല .വെറുതെ ശരീരളക്കി ഓരോ സൂക്കേട് വരുത്തിവെയ്ക്കണോ .. അച്ഛനും പ്രായായി വരുകാന്നാ വല്ല വിചാരോംണ്ടോ? അതോല്ല ഒരു മച്ചീനെ വെറുതെ തീറ്റി പോറ്റീട്ട് എന്താ കാര്യം?’’

 

ഒന്നു നിർത്തി രാമേട്ടൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ തുടർന്നു. 

 

‘‘ഇന്നലെ മുരളി വിളിച്ചിരുന്നു. അവൻ അപ്പുണ്യേ വിളിച്ച് എല്ലാം ഏർപ്പാടാക്കീട്ടുണ്ട്’’

 

രാമേട്ടന്റെ കൈയ്യിലെ ചായ ഗ്ലാസ് വിറച്ചു. അത് താഴെ വീണ് പൊട്ടിച്ചിതറുമെന്ന് തോന്നിയപ്പോൾ മെല്ലെ മേശപ്പുറത്ത് വെച്ചു. ജനലിലൂടെ ആലയിലേക്ക് നോക്കി. അരണ്ട വെളിച്ചത്തിൽ ഒന്നുമറിയാതെ അമ്മിണി തറയിൽ കിടക്കുന്നത് കണ്ടു.

 

‘‘ പന്ത്രാണ്ടായിരം ഉറുപ്പിയ്ക്ക് കച്ചോടം ഉറപ്പിച്ചൂന്നാ പറഞ്ഞെ. ന്നാലും ആ അപ്പുണ്ണി വല്ലാത്ത ജാതിയാ ... ഒരായിരറുപ്പീ കൂടി കൂട്ടി തരായിരുന്നു’’ 

 

ആരാണ് വല്ലാത്ത ജാതി? അപ്പുണ്ണിയോ തന്റെ മക്കളോ എന്ന ചോദ്യം രാമേട്ടന്റെ ഉള്ളിൽ വീർപ്പുമുട്ടി.

 

 അന്ന് പാതിരാ നേരത്ത് രാമേട്ടൻ തന്റെ പെൻടോർച്ചുമായി ആരുമറിയാതെ ആലയിൽ പോയി. കിടക്കുകയായിരുന്ന അമ്മിണിയുടെ കവിളിലും പുറത്തും ഭ്രാന്തനെപ്പോലെ തലോടി. ഉറക്കമുണർന്ന അമ്മിണി രാമേട്ടനെ കണ്ട് പിടഞ്ഞെഴുന്നേറ്റു. പിന്നെ  അയാളോട് ചേർന്ന് നിന്നു.

 

ചുവന്ന കണ്ണുകളുമായി എത്ര നേരം രാമേട്ടനവിടെ നിന്നിട്ടുണ്ടാകും?

 

 പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് ഒരു ഉഷ്ണക്കാറ്റുപ്പോലെ അപ്പുണ്ണിയും പൊടിമീശക്കാരൻ സഹായിയും മുറ്റത്തെത്തിയത്.

 

‘‘ രാമേട്ടാ ... കാലിന് ഇപ്പോ കൊയപ്പോന്നൂല്ലല്ലോ?’’

 

അവന്റെ കുശലാന്വേഷണം ഒരു ഇടിത്തീയായിട്ടാണ് രാമേട്ടന് തോന്നിയത് ! മടക്കിക്കുത്തിയ ലുങ്കി അൽപം ഉയർത്തി, ട്രൗസറിന്റെ കീശയിൽ നിന്ന് ഒരു കെട്ട് നോട്ടെടുത്ത് രാമേട്ടന് നേരെ നീട്ടി. രാമേട്ടൻ അതു വാങ്ങുന്നതിനു പകരം വസന്തേ എന്ന് വിളിക്കുകയാണ് ചെയ്തത്.

 

പിന്നെ ഒന്നും കാണാൻ വയ്യാത്തോണ്ട് പതുക്കെ കിടപ്പുമുറിയിൽ കയറി നീണ്ടു നിവർന്നു കിടന്നു.

സഹായി ചെക്കൻ അമ്മിണിയെ അഴിച്ചു വന്നു. നടുമുറ്റത്തെത്തിയപ്പോൾ വീടിനകത്തേക്ക് നോക്കി അമ്മിണി ഒറ്റ നിൽപ്. പൊടിമീശക്കാരൻ ആവുന്നത്ര ശക്തിയിൽ കഴുത്തിലെ കയർ പിടിച്ചു വലിച്ചു.അപ്പുണ്ണി പുറകിൽ നിന്ന് മുന്നോട്ട് ആഞ്ഞു തള്ളി. പക്ഷേ അമ്മിണി ഒരടിപോലും മുന്നോട്ടു നീങ്ങിയില്ല.

 

 

‘‘ ആഹാ .. അത്രയ്ക്കായോ ..?’’ എന്നു പറഞ്ഞ് അടുത്ത് കണ്ട ശീമക്കൊന്നയുടെ വടിയെടുത്ത് അമ്മിണിയുടെ നടുംപുറത്ത് ഒന്നു കൊടുത്തു. വേദനക്കൊണ്ട് പുളഞ്ഞ അവൾ അകത്തേക്ക് നോക്കി കരഞ്ഞു. ഒരടി പോലും മുന്നോട്ട് നീങ്ങുന്നില്ലെന്ന കണ്ട അപ്പുണ്ണി വീണ്ടും വീണ്ടും ആഞ്ഞടിച്ചു. ശീമക്കൊന്ന പൂത്തിരി പോലെ പൊട്ടിച്ചിതറി .അമ്മിണിയുടെ ശരീരത്തു നിന്നും ഉറവകൾ കണക്കെ ചോര കിനിഞ്ഞിറങ്ങാൻ തുടങ്ങി.

 

 

കരച്ചിൽ കേൾക്കാനാകാതെ രാമേട്ടൻ ഇരുചെവിയും പൊത്തിപ്പിടിച്ചു. എന്നിട്ടും ആ നിലവിളി കൈപ്പത്തി തകർത്ത് കർണ്ണപ്പുടങ്ങളെ പിടിച്ചുലച്ചപ്പോൾ രാമേട്ടൻ പുറത്തേക്കിറങ്ങി. വേദനകൊണ്ട് കൂനിപ്പോയ അമ്മിണി രാമേട്ടനെ കണ്ടപ്പോൾ നിവർന്നു.പിന്നെയാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .കണ്ണുകൾ പതുക്കെ ഇമപ്പൂട്ടി തുറന്ന് യാത്രാമൊഴി നൽകി.ഒരു തുള്ളി കണ്ണുനീർ പതുക്കെ  കവിളിലേക്ക് ചാഞ്ഞിറങ്ങി.

 

പിന്നീട് എല്ലാവരെയും അദ്ഭുതപ്പെടുത്തി മുന്നോട്ട് നടന്നു. ഇടവഴിയും കടന്ന് മമ്പുറം പാടത്തേക്ക്. അപ്പുണ്ണിയും സഹായിയും പിന്നാലെ പാഞ്ഞു. തുരുത്തി പറമ്പും കഴിഞ്ഞ് അങ്ങ് ദൂരെ മൂരാട് പുഴ വരമ്പത്ത് അവർ അപ്രത്യക്ഷമാകുന്നുതു വരെ രാമേട്ടൻ നോക്കി നിന്നു. മൂർച്ചയേറിയ ഒരു അറവു കത്തി ചങ്കിൽ കുത്തിയിറക്കിയ വേദനയോടെ രാമേട്ടൻ കട്ടിലിൽ തളർന്നു വീണു.

 

 

അറവുശാലയുടെ പിൻഭാഗത്തെ മാവിൽ അമ്മിണിയെ കെട്ടിയിട്ട് അപ്പുണ്ണിയും സഹായിയും പോയി. രാത്രിയായപ്പോൾ നിറയെ മാങ്ങകളുള്ള മാവിൽ പഴം തീനി പറവകൾ കൂട്ടമായെത്തി കലപില കൂട്ടാൻ തുടങ്ങി. ആകാശത്തിന്റെ ഒരു കോണിൽ ഒരു നക്ഷത്രം മാത്രം ആരെയോ കാത്തിരിക്കുന്നു. ദൂരെ കുറുനരികളുടെ ഓരിയിടൽ കാറ്റിനൊപ്പം ഓടിക്കിതച്ചു വന്നു.

 

 

രാമേട്ടൻ  തുരുത്തി പറമ്പിൽ പുല്ലുവെട്ടാനായി പോകുമ്പോൾ,അലക്കു കല്ലിൽ ഉരസി അരിവാളിന് മൂർച്ച കൂട്ടുന്ന ശബ്ദം കേട്ടാണ്  അമ്മിണി ഉണർന്നത്. മൂർച്ചയേറിയ ആ ശബ്ദം അടുത്തുള്ള  കെട്ടിടത്തിനുള്ളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്മിണി പിടഞ്ഞെഴുന്നേറ്റു. കിഴക്ക് വെള്ള കീറി തുടങ്ങുന്നതേയുള്ളൂ.

രണ്ട് പേർ വന്ന് അവളെ കെട്ടഴിച്ച് കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു.കഴുകി വൃത്തിയാക്കിയ നിലമാണെങ്കിലും ചുമരുകൾ ചോരക്കറപിടിച്ച് വികൃതമായിരുന്നു. വല്ലാത്തൊരു ഗന്ധം അവളെ ശ്വാസം മുട്ടിച്ചു.

 

 

പെട്ടെന്നാണ് ആരോ അവളെ തറയിലേക്ക് തള്ളിയിട്ടത്.വാരിയെല്ല് തറയിലിടിച്ച് ഒടിഞ്ഞപ്പോൾ കൊളുത്തി വലിച്ച വേദനയിൽ അവൾ പുളഞ്ഞുപ്പോയി. എന്നിട്ടും അവൾ കരഞ്ഞില്ല. രാമേട്ടനോട് വിടപറഞ്ഞതോടെ ജീവിതത്തോടും വിടപറഞ്ഞതാണ്. ഇനി ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഒരു ചടങ്ങ് മാത്രം. കൈകളും കാലുകളും കൂട്ടി കെട്ടിയപ്പോൾ ആകെ അനങ്ങാൻ കഴിയാത്ത അവസ്ഥ. പ്രാണൻ വിടപറയുമ്പോൾ ഒന്നു പിടയാൻ പോലും സമ്മതമില്ലേ? ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ രാകി വെളുപ്പിച്ച അറവു കത്തിയുടെ വായ്ത്തല തിളങ്ങുന്നത് കണ്ടപ്പോൾ അമ്മിണി കണ്ണുകൾ ഇറുകെയടച്ചു. 

 

 രാവിലെ പതിവു സമയമായിട്ടും രാമേട്ടൻ എഴുന്നേൽക്കാത്തതു ക്കൊണ്ടാണ് കല്യാണി ചെന്നു നോക്കിയത്. കൈകാലുകൾ തുണിക്കൊണ്ട് കൂട്ടിക്കെട്ടി ഒരു നാൽക്കാലിയെപ്പോലെ കട്ടിലിൽ നിശ്ചലനായി ചുരുണ്ടു കിടക്കുന്നു.

 

English Summary : Ramettan Story By Bajith c v

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com