ADVERTISEMENT

കോവിഡ് കാലത്തെ കല്യാണ മാമാങ്കം (കഥ)

 

വാടാറായി തുടങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധം. അഴകുള്ള പെൺ മുഖങ്ങൾ. ട്രെൻഡിങ് പട്ടു സാരികൾ. കരിമണിമാല, സരസ്വതിമാല, മുത്തുച്ചിപ്പിമാല അങ്ങനെ  കെട്ടിലും മട്ടിലും പെണ്ണുങ്ങളെ അസൂയ കൊണ്ട് തലചുറ്റിയ്ക്കുന്ന  വൈവിധ്യമാർന്ന സ്വർണാഭരണ ശേഖരങ്ങൾ. എങ്കിലും വലിയമ്മയുടെ  അനുജത്തിയുടെ  മോന്റെ കല്യാണത്തിന്  പോകുവാൻ അവൾക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. 

 

 

കല്യാണപ്പെണ്ണിന്റെ ചുവന്ന പട്ടുസാരി കാണുമ്പോൾ, മാറ് മറച്ചിരിക്കുന്ന  ആഭരണ കൂമ്പാരം കാണുമ്പോൾ, ക്യാമറയുടെ വെള്ളി വെളിച്ചം മുഖത്തേക്കടിക്കുമ്പോൾ, എല്ലാ കണ്ണുകളും തന്നെ മാത്രം നോക്കിയിരുന്ന ആ നിമിഷങ്ങളൊക്കെയും അവളിലേക്ക്‌ തെളിഞ്ഞു വരും. ചില അനുഭവങ്ങൾ അല്ലേലും  അങ്ങനെയാണ്. ആരംഭത്തിൽ മധുരിക്കും ഒടുക്കം  കയ്ക്കും. പക്ഷേ അത്തരം കയ്പുകൾക്കു  തിരിച്ചറിവിന്റെ പ്രകാശമു ണ്ടായിരിക്കും. ആയിരം വർഷങ്ങൾ ഇരുളാർന്ന ഗുഹയിൽ കിടക്കുന്നവന്റെ കണ്ണുകളിലേക്ക് സൂര്യ കിരണമേൽക്കുമ്പോൾ അവൻ വേദന കൊണ്ട് പിടയാറുണ്ട്. അത്തരത്തിൽ അവളും പിടഞ്ഞിരുന്നു. തന്റെ ഉയർത്തെഴുന്നേൽപ്പിന് മുന്നോടിയായുള്ള ആ പിടച്ചിലിനെ  അത്യധികം ബഹുമാനത്തോടെയാണ് അവളിപ്പോൾ സ്മരിക്കുന്നത്.

 

‘‘ഇനി അവിടെ ചെന്ന് എത്രയെണ്ണത്തിനെ സഹിക്കണം’’ അവളിലെ അസ്വസ്ഥത ഉണർന്നു.

 

‘‘ നീ വാ...ഉച്ചയ്‌ക്കൊന്നും  ഒണ്ടാക്കണ്ടല്ലോ?’’ അപ്പറഞ്ഞതിലും  കാര്യമുണ്ട്.  പണ്ടത്തെ പോലെ ഓടി നടന്ന്  വെച്ച് വേവിക്കാനുള്ള ആരോഗ്യമൊന്നും അമ്മയ്ക്കിപ്പോൾ  ഇല്ല. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ നീളുന്ന താങ്ങാനാവാത്ത  ജോലിത്തിരക്ക്. ഞായറാഴ്ചകളിൽ മുടങ്ങിപ്പോയ ഉറക്കമെല്ലാം ഉറങ്ങി തീർക്കണം. അന്നും അടുക്കളയിൽ ചെന്ന്  മലമറിക്കാൻ അവൾക്ക് വയ്യ. പിന്നെ തൂശനിലയിൽ പതിനാറു കൂട്ടം കറികളും പായസവും കൂട്ടിയുള്ള ചോറുണ്ണുന്നതിന്റെ  സുഖമോർത്തപ്പോൾ തരക്കേടില്ലാത്ത ഒരു പട്ടുസാരി വാരിചുറ്റി അവളും  അമ്മയോടൊപ്പം കല്യാണത്തിനായി ഇറങ്ങി.

 

നഗര മധ്യത്തിലെ ഒരു മുന്തിയ വിവാഹ മണ്ഡപം. അതാവശ്യം നല്ല തിരക്കുണ്ട്. പെണ്ണിന്റെയും ആണിന്റെയും ‘ചലപില ചലപില’ വർത്തമാനങ്ങൾ. ചെണ്ട മേളവും നാദസ്വരവും അലങ്കാര ദീപങ്ങളും. എങ്കിലും  ക്യാമറക്കാരുടെ  നിർദേശപ്രകാരം ഇണക്കുരുവി പോസുകളിൽ മുഴുകിയ വധൂവരന്മാർ അവളെയും അമ്മയെയും കാര്യമായി ഗൗനിച്ചില്ല. 

 

 

പുത്തൻ പട്ടുസാരിയുടുത്ത വാടിത്തുടങ്ങിയ മുല്ലപ്പൂ ചൂടിയ കുഞ്ഞമ്മമാരും അമ്മായിമാരും അവളെയും അമ്മയെയും  സഹതാപത്തോടെ നോക്കി ഒരു ഏച്ചുകെട്ടൽ ചിരി പാസാക്കി. അന്നേരം കുഴിയിലേക്ക് കാലും  നീട്ടി കാത്തിരിക്കുന്ന ഒരു മുത്തശ്ശി അവളോട് ചോദിച്ചു.

 

 

‘‘എടീ കൊച്ചേ... നീയിപ്പോൾ  എന്തെടുക്കാ’’

 

‘‘ സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നു  മുത്തശ്ശി’’ 

 

അവൾ വിനയത്തോടെ മൊഴിഞ്ഞു.

 

 

‘‘ ഓ...എന്ത്  ഒണ്ടാക്കീട്ട് എന്ത്  കാര്യം. കല്യാണോം കഴിച്ച്  കൊച്ചുങ്ങളേയും  പ്രസവിച്ചു വളർത്തുമ്പോഴെ പെണ്ണ് പെണ്ണാവൂ...എന്റെ പിള്ളേരെ കണ്ടാ...നിന്റെയത്ര പഠിപ്പും പത്രാസൊന്നുല്ല ....ന്നാലും ല്ലാരും  കെട്ടി പിള്ളേരുമായി....താണ് അന്തസ്സ്’’

 

മുതിർന്നവർക്കുള്ള  പ്രത്യേക ഇരിപ്പിടത്തിൽ ഞെളിഞ്ഞിരിന്നുക്കൊണ്ട്  മുത്തശ്ശി തന്റെ വിശ്വാസത്തിലുള്ള ലോകക്രമം പ്രഖ്യാപിച്ചു. അവൾ  അമ്മയുടെ കരങ്ങളിൽ മുറുകെ പിടിച്ചു. നിശബ്ദമായി അമ്മ നെടുവീർപ്പിടുമെന്ന് അവൾ ഉറപ്പിച്ചിരുന്നു.

 

‘‘അമ്മേ.. വാ...നമുക്കെന്തേലും  കഴിക്കാം. കാരണവൻമാരൊക്കെ  കഴിക്കാൻ തുടങ്ങിയാൽ പിന്നെ പായസം മാത്രം കുടിച്ച് വീട്ടിൽ പോകേണ്ടി വരും’’ അമ്മയെ ആശ്വസിപ്പിച്ച് കൊണ്ട്  മുത്തശ്ശിയെ അവൾ മൃദുവായി ‘ചൊറിഞ്ഞു’

 

അവിയൽ, തോരൻ, പച്ചടി, കിച്ചടി, മാങ്ങ അച്ചാറ്, ഇഞ്ചി, ഉപ്പേരി ...ഹോ!.....പായസത്തിന്റെ തന്നെ നാല്‌ തരം വെറൈറ്റികൾ. വാഴയിലയിലൂടെ പടർന്നൊഴുകുന്ന പായസത്തെ കൈക്കൊണ്ട് തുടച്ചെടുത്ത് അവൾ നാവിലേക്ക് വെച്ചു.  

 

‘‘ ഹോ! ഇത്രയൊക്കെയായിട്ടും   ആർത്തിക്കൊരുക്കുറവുമില്ല. കണ്ടില്ലേ... വെട്ടി വിഴുങ്ങുന്നത്’’  എതിർ വശമിരുന്ന  രണ്ട്‌ കുടുംബിനികൾ  അവളെ നോക്കി പിറുപിറുത്തു. പായസവും കുടിച്ച്  ഭേദപ്പെട്ടൊരു ഏമ്പക്കവും വിട്ട്  പഴവും പപ്പടവും ഞവിടിക്കൂട്ടി  സദ്യയുടെ അനുഭൂതിയിൽ മുഴുകിയതിനാൽ തന്നെക്കുറിച്ചുള്ള വർത്തമാനങ്ങൾ പങ്കുവെയ്ക്കുന്ന ചുറ്റുമുള്ളവരുടെ  മുറുമുറുപ്പുകൾ അവൾ ശ്രദ്ധിച്ചതേയില്ല.  

 

 

എന്നാൽ മുന്നിലുള്ള ഇലയിൽ  എന്തൊക്കയോ കുത്തിവരച്ചു കൊണ്ട് കടന്തല് കുത്തിയത് പോലുള്ള മുഖവുമായിയിരിക്കുന്ന   അമ്മയെ  അവൾ ശ്രദ്ധിച്ചു.

 

‘‘മതി....പോവാം’’ അമ്മ തിരക്ക് കൂട്ടി.

 

‘‘ അതിന് അമ്മ ഒന്നും കഴിച്ചില്ലല്ലോ? ദേ...എന്നോട് അടുക്കളയിൽ കയറാനൊന്നും പറഞ്ഞേക്കല്ല്! എനിക്കിനി ഒന്നും ഒണ്ടാക്കാൻ വയ്യ.... ...കുത്തിക്കൊണ്ടിരിക്കാതെ അമ്മയൊന്ന്  കഴിച്ചെ’’ അവൾ അല്പം കടുപ്പിച്ച് പറഞ്ഞു.

 

അപ്പോഴേക്കും സദ്യയൊക്കെ  മതിയാക്കി  കൈകഴുകാനുള്ള  സ്ഥലത്തേക്ക്  അമ്മ വേഗത്തിൽ നടന്നു നീങ്ങി.മോരും രസവും കൂട്ടിക്കുഴച്ച് ഒറ്റവലിക്ക് കുടിച്ച ശേഷം  അമ്മയുടെ പിന്നാലെ അവളും ഓടി.

 

കല്യാണ വേദിയാകെ സെൽഫി മേളം. തലങ്ങും വിലങ്ങും ഫോട്ടോയെടുപ്പ്. പശ്ചാതലത്തിൽ റിയാലിറ്റി ഷോ താരത്തിന്റെ പാട്ടും ഡാൻസും. കല്യാണ മണ്ഡപത്തിനു മുൻവശം വരനെ ആനയിച്ചുകൊണ്ടുവന്ന  പള്ളിത്തേരിൽ കയറി നിന്നുകൊണ്ട്  കൗമാര കുരുവികൾ വൈവിധ്യമാർന്ന പോസുകൾ പരീക്ഷിച്ചു.

 

 

‘‘ അയ്യോ! ഇറങ്ങയാണോ.... ഫോട്ടോയെടുത്തിട്ട് പോവാന്നെ’’ നെറ്റിപ്പട്ടം ചൂടിയ ആനയെ പോലൊരു  രൂപം. വട്ട പൊട്ടും, കഴുത്തിലും കാതിലും ചട്ടി കമഴ്ത്തിവെച്ചതു പോലുള്ള ആഭരണങ്ങളും  ധരിച്ച  അവർ വരന്റെ അമ്മയായിരുന്നു.

 

‘‘പോട്ടെ...പിന്നെ കാണാം’’ അവളുടെ  അമ്മ ധൃതികൂട്ടി.

 

‘‘മോളുടെ ആളവടെ....വന്നില്ലേ!’’ വട്ടപ്പൊട്ടുകാരി സാവധാനത്തിൽ ‘ചൊറിഞ്ഞു’ തുടങ്ങി.

 

‘‘അതൊക്കെ ആന്റിക്കറിയാലോ. പിന്നെന്താ ചോദിക്കുന്നെ’’ വട്ടപ്പൊട്ടുകാരിയുടെ ‘ചൊറിയെ’ അവൾ പ്രതിരോധിച്ചു.

 

‘‘അല്ല...മോളേ...ഞാൻ കരുതി നിങ്ങളെല്ലാം ശെരിയായി കാണുമെന്ന് ...അത് പോയെങ്കിൽ പോട്ടെ....മോള് വേറെ കെട്ട്, എന്നിട്ട് അന്തസ്സോടെ  ജീവിച്ച് കാണിക്ക്’’ വട്ടപ്പൊട്ടുകാരി ‘ചൊറിയുടെ’ വീര്യം കൂട്ടി.

 

‘‘എന്റെ അന്തസ്സ് തീരുമാനിക്കുന്നത് ആന്റിയാണോ. ഈ ഭൂമി മലയാളത്തിലുള്ള എല്ലാവരുടെയും അന്തസ്സ് തീരുമാനിക്കുവാൻ ആന്റി എവിടെ നിന്നെങ്കിലും കരാർ എടുത്തിട്ടുണ്ടോ?’’ ആവനാഴിയിൽ നിന്നും മൂർച്ചയുള്ള ആയുധമെടുത്ത് അവളും പോർക്കളത്തിലേക്കിറങ്ങി.

 

‘‘ഓ...നമുക്കൊന്നും വേണ്ടായേ...നിങ്ങളൊക്കെ നല്ലത് പോലെ ജീവിച്ച് കണ്ടാ മതി’’ ശീതയുദ്ധത്തിന്റെ ചില സവിശേഷതകൾ വട്ടപ്പൊട്ടുകാരി പ്രകടിപ്പിച്ച് തുടങ്ങി.

 

‘‘ ശെരി സരസ്വതി...നമ്മൾ ഇറങ്ങട്ടെ’’ ?  അമ്മ നയപരമായി ഇടപെട്ടുകൊണ്ട്  യുദ്ധം അവസാനിപ്പിക്കുവാനുള്ള ശ്രമം നടത്തി.

 

വട്ടപ്പൊട്ടുകാരിയെ ദഹിപ്പിക്കുന്ന മട്ടിൽ തുറിച്ച് നോക്കി അമ്മയുടെ കൈപിടിച്ച്  അവൾ  കല്യാണവേദി വിട്ടു. ദഹിപ്പിക്കുന്ന മാതിരിയുള്ള അവളുടെ  നോട്ടത്തിൽ പ്രതിഷേധിച്ച് വട്ട പൊട്ടുകാരി പല്ലൊന്നമർത്തി മൂളി.

 

 

‘‘ നല്ല ചന്തം....ഏതാ ചേച്ചി ആ കൊച്ച്’’ ഒരു പച്ച പട്ടുസാരിക്കാരി ചോദ്യ ശരങ്ങളുമായി വട്ടപ്പൊട്ടുകാരിയുടെ കാതിനരികിലെത്തി.

 

‘‘ നമ്മടെ ബന്ധത്തിലുള്ള ഒരു കൊച്ചാ....തന്ത നേരത്തെ ചത്തു. കൊറേ പഠിച്ചിട്ടൊക്കെയുണ്ട്.....ഇപ്പോ എന്തോ ബിസിനസ്‌ ഒക്കെ ചെയ്യാ...മുപ്പത്തിയാറ് വയസ്സിലാ കെട്ടിയത്...പയ്യൻ അത്ര ചൊവ്വാല്ലന്നു പറഞ്ഞ് ഇപ്പോ അവനെയും കളഞ്ഞ് വീട്ടി വന്നിരിപ്പാണ്’’ അവളെക്കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചുക്കൊണ്ട്  വട്ട പൊട്ടുകാരി ആശ്വാസ വായു ആഞ്ഞു വലിച്ചു.

 

 

‘‘ ചില തല തെറിച്ച പെണ്ണുങ്ങൾ അങ്ങനാ ചേച്ചി....ഇവളുമാർക്ക്  ജോലി ചെയ്ത് കൊറേ കാശ് കിട്ടുമ്പോ  ഭർത്താക്കന്മാരെയൊക്കെ വേണ്ടാതാകും. അഹങ്കാരം! അല്ലാതെന്തു പറയാൻ’’ അങ്ങനെ വട്ട പൊട്ടുകാരിക്ക് ശക്തമായ പിന്തുണ പച്ച പട്ടുസാരിക്കാരി നൽകി. കുഴിയിൽ കാല് നീട്ടിയിരിക്കുന്ന മുത്തശ്ശി, വാടിയ മുല്ലപ്പൂ ചൂടിയ അമ്മായിമാർ, അഴകുള്ള പെണ്മണികൾ, വട്ട പൊട്ടുകാരി, പച്ച പട്ടുസാരിക്കാരി അങ്ങനെ അവൾക്കെതിരെയുള്ള ലോകക്രമത്തിൽ വിശ്വസിച്ചവരെല്ലാം ഒത്തുച്ചേർന്ന്  കല്യാണം മംഗളമാക്കി. ഒരേ വിശ്വാസങ്ങൾ, ഒരേ സങ്കൽപ്പങ്ങൾ, ഒരേ തത്വശാസ്ത്രങ്ങൾ.

 

‘‘ഇനി ആഹാരം വെക്കാൻ വയ്യെങ്കി വല്ല ഹോട്ടലിലും പോയി തിന്നാം. മനുഷ്യന്റെ തൊലി ഉരിഞ്ഞു പോണ്’’

 

വീട്ടിൽ മടങ്ങിയെത്തിയ അമ്മ  അസ്വസ്ഥതയുടെ മൂർദ്ധന്യത്തിലേക്കു  പ്രവേശിച്ചു.

 

‘‘ഞാൻ ഇതല്ലേ എപ്പോഴും പറയുന്നേ! അമ്മക്കല്ലേ നിർബന്ധം എല്ലാരേയും കാണണോന്ന്’’ എല്ലാം വരുത്തിവെച്ചത് അമ്മയാണെന്ന മട്ടിൽ അവൾ പ്രതിരോധിച്ചു.

 

‘‘ നമ്മൾ രണ്ട്‌ പെണ്ണുങ്ങൾ  മാത്രല്ലേയുള്ളൂ... എന്തേലും ആപത്ത് വന്നാൽ ആരുണ്ട്. പിന്നെ അവരൊക്കെ പറയുന്നതിലും കാര്യമില്ലേ!  നീ ഇങ്ങനെ എത്രനാൾ ഒറ്റത്തടിയായി കഴിയും. നിനക്കും വേണ്ടേ മോളേ ഒരു കുടുംബോക്കെ’’

 

‘‘അമ്മേ....ഞാൻ തന്നെയാണ് എന്റെ കുടുംബം ...അത് പോരെ’’

 

 ആത്മവിശ്വാസത്തോടെ അവൾ അമ്മയെ സമാശ്വസിപ്പിച്ചു.

 

‘‘നിനക്കൊന്ന് വയ്യാണ്ടായാൽ എന്തു ചെയ്യും. കിടപ്പിലായി പോയാൽ ആര് നോക്കും. നമുക്ക് വീണ്ടും ഒന്ന്  നോക്കിയാലോ’’ അമ്മയുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം.

 

 

‘‘ അമ്മേ....എന്നെ സ്നേഹിക്കുന്ന കുറേ നല്ല ആൾക്കാർ എനിക്കുണ്ട്.  വിവാഹത്തിലൂടെ മാത്രമല്ല ബന്ധങ്ങളും സ്നേഹവുമുണ്ടാകുന്നത്. വിവാഹം ഒരു ഉടമ്പടി മാത്രമാണ്. ഈ ലോകമുണ്ടായപ്പോൾ  തന്നെ  ആണുങ്ങൾ പല പെണ്ണുങ്ങളുമായും പെണ്ണുങ്ങൾ ഒന്നിൽ കൂടുതൽ ആണുങ്ങളുമായും ബന്ധമുണ്ടാക്കി. അങ്ങനെ ആകെപ്പാടെ അടിപിടി തുടങ്ങി. 

 

 

ഈ സമൂഹത്തിനു അടുക്കും  ചിട്ടയും ഉണ്ടാക്കാനായി കുറേ കാരണവൻമാർ കണ്ടു പിടിച്ചതാണ് ഈ കല്യാണവും കുടുംബവുമൊക്കെ. എന്നെ നിയന്ത്രിക്കുവാൻ എനിക്കറിയാം. അതിനൊരു കുടുംബത്തിന്റെ പുറംചട്ട ആവശ്യമില്ല. ജീവിക്കുന്ന കാലത്തോളം എനിക്ക് ഞാനായി ജീവിച്ചാൽ മതി..എന്റെ ചുറ്റിനുമുള്ള വരുടെ  കയ്യടി നേടാനായി എനിയ്ക്കെന്നെ  കൊല്ലാൻ കഴിയില്ല’’ അമ്മയുടെ ആശങ്കകൾക്ക്  എപ്പോഴും നൽകാറുള്ള മറുപടിയിൽ അവൾ ഉറച്ചു നിന്നു.

 

 

‘‘ നീയിങ്ങനെ തത്വവും പറഞ്ഞ് നടന്നോ! കെട്ടിയോൻ കളഞ്ഞിട്ടു പോയ പെണ്ണുങ്ങളെയൊക്കെ  ആണുങ്ങൾ  മോശമായ  കണ്ണു കൊണ്ടേ നോക്കൂ’’ അമ്മ അൽപം കൂടി കടന്നു ചിന്തിക്കുവാൻ തുടങ്ങി.

 

‘‘ അമ്മേ...ഞാൻ മാത്രമല്ല...എന്നെ പോലത്തെ പെണ്ണുങ്ങളെല്ലാം മുട്ടിനിക്കുകയാണെന്നാണല്ലോ ഈ ലോകത്തിന്റെ ധാരണ...അങ്ങനെ നിൽക്കുന്നവരും  ഉണ്ടായിരിക്കാം..അത് അവരുടെ ശരി. അതിൽ ഞാനൊരു തെറ്റും കാണുന്നില്ല. മനുഷ്യന്റെ  ശാരീരിക ആവശ്യങ്ങളെ ഒരു വലിയ തെറ്റായാണ് അമ്മയെ പോലുള്ളവർ കാണുന്നത്......മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത  മനുഷ്യന്റെ ആവശ്യങ്ങളെ എന്തിനു തടയണം?’’തന്റെ  വിശ്വാസങ്ങളെക്കുറിച്ച്  അവൾ വാചാലയായി.

 

 

‘‘ അപ്പൊ നിനക്കും ഉണ്ടാകില്ലേ ശാരീരിക ആവശ്യങ്ങൾ’’ ന്യായമായ സംശയം അമ്മ ചോദിച്ചു.

 

‘‘ ഉണ്ട്...തീർച്ചയായും ഉണ്ട്...എന്നാൽ എനിക്ക് മാനസികമായി അടുപ്പം തോന്നിയെങ്കിൽ മാത്രമേ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയുള്ളൂ. സെക്സ് ചെയ്യാനും കുട്ടികളെ പ്രസവിക്കാനുമായി  ഒരാളെ വിവാഹം ചെയ്യുന്നത്  എന്നെ സംബന്ധിച്ച് ആത്മഹത്യക്കു തുല്യമാണ്’’. അമ്മയെ നോക്കിക്കൊണ്ട് അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

 

 

‘‘നീ ഇങ്ങനെ തത്വവും പറഞ്ഞോണ്ടിരുന്നോ’’! അമ്മ പിറുപിറുത്തു കൊണ്ട്  അടുക്കളയിലേക്കു മടങ്ങി.

 

എല്ലാ വിശ്വാസങ്ങളും വിജയിക്കട്ടെ!

 

എല്ലാ ലോകക്രമങ്ങൾക്കും മംഗളം നേരുന്നു!

 

 

അങ്ങനെ വട്ടപ്പൊട്ടുക്കാരിയുടെ മകന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷവും രണ്ട്‌ മാസവും  നാല്‌  ആഴ്ചകളും രണ്ട്‌ ദിവസവും മൂന്ന്  മണിക്കൂറും അഞ്ച്  മിനുട്ടും പത്ത്  സെക്കന്റുകളും പിന്നിട്ടു. ഒരു മഹാമാരി ലോകമാകെ വ്യാപാരിച്ചു. കറുത്തവൻ, വെളുത്തവൻ, സമ്പന്നൻ, ദരിദ്രൻ, ദുഷ്ടൻ, നീചൻ, കാരുണ്യവാൻ അങ്ങനെ  ഒരുത്തനെയും  ഒഴിവാക്കിയില്ല. മുൾക്കിരീടം ധരിച്ച കൊറോണ എന്ന  കുഞ്ഞൻ വൈറസ്  മനുഷ്യ കുലത്തെയാകെ നക്കിയെടുത്തു.

 

 

‘‘മോളേ’’ ! ആശങ്കയും നേരിയ തോതിൽ സന്തോഷവും കലർത്തി അമ്മ അവളെ വിളിച്ചു.

 

‘‘എന്താ...ഇപ്പൊ വരാൻ പറ്റില്ല...ഞാൻ ജോലിയിലാ’’

 

‘‘നീ ഇങ്ങോട്ടൊന്നു വാ...ഒരു അതാവശ്യ കാര്യമാ’’

 

‘‘ അമ്മേ...ജോലിയിലെയിടയില്  എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലേ’’

 

‘‘ ഓ...എടീ കൊച്ചേ! ആ സരസ്വതിയുടെ മോൾടെ കല്യാണം മൊടങ്ങീന്നു...കോറോണോ കാരണം ഇനി കല്യാണോം ചടങ്ങൊന്നും വേണ്ടാന്ന് സർക്കാര് പറഞ്ഞ്’’ ഒറ്റ ശ്വാസത്തിൽ അമ്മ പറഞ്ഞു തീർത്തു.

 

 

‘‘അവരുടെ മോളുടെ കല്യാണം മുടങ്ങിയതിനു ഞാൻ എന്തോ ചെയ്യണം, ഈ നശിച്ച കൊറോണ കാരണം കമ്പനി ആകെ നഷ്ടത്തിലാ..അപ്പോഴാണ് കല്യാണോം കോപ്പും’’ അവളുടെ ദേഷ്യം ഇരട്ടിച്ചു.

‘‘ആണൊരുത്തൻ കൂടെയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമായിരുന്നോ...ഇപ്പൊ ഒറ്റക്ക് അനുഭവിച്ചോ’’ അമ്മയുടെ പ്രാക്കിനെ പ്രതിരോധിച്ചുകൊണ്ട്  അവൾ വാതിൽ കൊട്ടിയടച്ചു.

 

 

ണിം ണിം.....

 

 

‘‘ഇതാരാ ഈ നേരത്ത്’’ അമ്മ സംശയിച്ചു കൊണ്ട് മുൻവശത്തെ വാതിൽ തുറന്നു.

 

 

‘‘ആഹ് മോളാണോ...അകത്തേക്ക് വരൂ’’

 

വട്ടപ്പൊട്ടുക്കാരിയായ സരസ്വതിയുടെ മകൾ രേഷ്മ.  മെലിഞ്ഞുങ്ങിയ വെളുത്ത ശരീരം. മുഖത്ത് നൈരാശ്യത്തിന്റെ നിഴൽ.

 

‘‘ആന്റി....ചേച്ചി എവിടെ?’’

 

‘‘അവൾ അകത്തുണ്ട്... മോള് എങ്ങനെയാ വന്നേ? ...പോലീസുകാര് ഒന്നും പറഞ്ഞില്ലേ’’

 

സരസ്വതിയുടെ മകൾ, അതും തന്റെ വീട്ടിൽ ഈ ലോക്ക് ഡൗൺ സമയത്ത് വരുമെന്ന് അമ്മ പ്രതീക്ഷിച്ചതേയില്ല.

 

‘‘ഇവിടേയ്ക്ക്  നടക്കാനുള്ള ദൂരമല്ലേയുള്ളൂ. പോലീസിനോട് കാര്യം പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു. ആന്റി... ചേച്ചി മുകളിലാണോ?’’ അല്പം തിരക്കുള്ളതുപോലെ അവൾ സംസാരിച്ചു.

 

‘‘അവളെ ഞാൻ വിളിക്കാം...ഇത്തിരി ജോലി തിരക്കിലാ’’

 

‘‘സാരമില്ല ആന്റി... ഞാൻ മുകളിലോട്ടു പൊയ്ക്കോളാം’’

 

‘‘സരസ്വതിയുടെ  മകൾ എന്തിനായിരിക്കാം അവളെ കാണുന്നത്. അല്ലേലും അവരെ  പോലല്ല... സ്നേഹൊള്ള കൊച്ചാ!’’ അമ്മയുടെ മനസ്സിൽ സംശയവും  സ്നേഹവും  നിറഞ്ഞു.

 

‘‘ചേച്ചി...’’ ! രേഷ്മ  അവളുടെ മുറിയിലേക്ക് പ്രവേശിച്ചു.

 

ലാപ്‌ടോപ്പിന് മുന്നിൽ തിരക്ക് പിടിച്ച ജോലി. കൊറോണ കാരണം പ്രോജെക്ടസൊക്കെ കുറഞ്ഞു വരികയാണ്. ഉള്ള പ്രോജെക്ടസ് മുഴുപ്പിക്കുവാൻ തന്നെ  ആവശ്യത്തിന് ജീവനക്കാരുമില്ല. സമ്മർദത്തിന്റെ പരകോടിയിലിരിക്കുമ്പോഴാണ് താൻ അത്യധികം വെറുക്കുന്ന വട്ടപ്പൊട്ടുകാരിയുടെ മകളുടെ രംഗപ്രവേശം. എങ്കിലും തികട്ടി വന്ന ദേഷ്യം അവൾ ഉള്ളിലൊതുക്കി.

 

‘‘ങാ...നീയോ.... കോറോണോ ഒക്കെ ആയിട്ട് ഇങ്ങനെ കറങ്ങി നടപ്പാണോ’’?

 

‘‘ ചേച്ചി....ചേച്ചിക്ക് തിരക്കുണ്ടെന്നറിയാം. സോറി ചേച്ചി... എന്റെ  കല്യാണത്തിന് വിളിക്കാൻ വന്നതാ...ചേച്ചിയും ആന്റിയും വരണം’’

 

‘‘ങേ..! ഈ സമയത്ത് അതൊക്കെ നടത്താമോ?’’ അവൾ അമ്പരപ്പോടെ ചോദിച്ചു.

 

‘‘വീട്ടിൽ വെച്ചാ ചേച്ചി കല്യാണം....വല്യ ചടങ്ങായി ഒന്നുമില്ല.... അമ്മയും ഞാനും മാത്രം. പിന്നെ സതീഷിന്റെ അച്ഛനും അമ്മയും...പിന്നെ നിങ്ങളും’’ പ്രതീക്ഷയോടെ രേഷ്മ പറഞ്ഞു. എന്നാൽ പ്രധാനപ്പെട്ട രണ്ട്‌ പേരെ ഒഴിവാക്കിയതിൽ അവൾ അമ്പരന്നു.

 

‘‘അങ്കിളും നിന്റെ ചേട്ടനുമൊക്കെ എവിടെ’’

 

‘‘ അച്ഛൻ ദുബായിലല്ലേ  ചേച്ചി...കൊറോണ കാരണം നാട്ടിലേക്ക് വരാൻ പറ്റാത്ത ഒരു കണ്ടിഷൻ ആയിപ്പോയി. പിന്നെ അച്ഛന്റെ ബിസ്‌നസ് ഒക്കെ പൊളിഞ്ഞു. ചേട്ടൻ വൈഫിന്റെ ഫാമിലിയുടെ കൂടാ.. എല്ലാരും ഐസൊലേഷനിലാ’’

 

 നഷ്ടങ്ങളുടെ വേദന  രേഷ്മയുടെ  മുഖത്ത്  നിഴലിക്കുവാൻ തുടങ്ങി.

 

 

‘‘ ചേച്ചിയും ആന്റിയും കല്യാണത്തിന് വരണം...വല്യ ദൂരമൊന്നുമില്ലല്ലോ  ...അടുത്തല്ലേ....മാസ്കും സാനിറ്റൈസറും കരുതിയാൽ മതി...ആ ഭാഗത്തെ പോലീസുകാരോടൊക്കെ കല്യാണക്കാര്യം  പറഞ്ഞിട്ടുണ്ട്’’

 

 രേഷ്മയുടെ മാന്യമായ പെരുമാറ്റത്തിൽ അവൾക്ക് മതിപ്പു തോന്നി.

 

തന്റെ പിന്നിലുള്ള അലമാര തുറന്ന്  ഒരു സ്വർണ വള അവൾ വാത്സല്യത്തോടെ രേഷ്മക്ക് നൽകി.

 

‘‘ഇതാ..ഇതിരിക്കട്ടെ...എന്റെ വിവാഹ സമ്മാനമാണ്’’

 

തന്റെ അമ്മ നിരന്തരം പരിഹസിക്കുന്ന ഒരു വ്യക്തി, തനിക്കു  വിവാഹ സമ്മാനമായി ഒരു സ്വർണ്ണ വള നൽകിയിരിക്കുന്നു. രേഷ്മയുടെ മുഖമാകെ വിളറി വെളുത്തു.

 

‘‘ ഇതൊന്നും വേണ്ട ചേച്ചി...ഇതിനൊന്നുമല്ല  ഞാൻ ഇങ്ങോട്ട് വന്നത്...എനിക്ക് ചേച്ചിയെ ഒത്തിരി  ഇഷ്ടമാണ്....ചേച്ചി... കല്യാണത്തിന് വരണമെന്ന്  നിക്ക് ആഗ്രഹോണ്ട്‌..ചേച്ചിക്ക് വരാൻ പറ്റോ’’

 

 രേഷ്മയുടെ അഭ്യർഥനയിൽ അവളുടെ മനസ്സലിഞ്ഞു.

 

‘‘ ഞാൻ വരാം...ഇവിടെ അടുത്തല്ലേ... പിന്നെ.. കൊറോണയൊക്കെ  കഴിഞ്ഞിട്ട് കെട്ടിയാൽ പോരായിരുന്നോ’’

 

‘‘ ചേച്ചി..സതീഷിന്റെ സമയം ഇപ്പോഴാ നല്ലതെന്നാ  ജ്യോത്സ്യൻ പറഞ്ഞെ’’

 

‘‘നിനക്കും ഇതിലൊക്കെ വിശ്വാസമുണ്ടോ’’

 

‘‘ ചേച്ചി....ചേച്ചിയെ പോലെ അല്ലല്ലോ ഞാൻ...നിക്ക് സ്വന്തമായി ബിസിനസ്‌ ഇല്ല...ജോലിയുമില്ല...അപ്പൊ ഇതുപോലുള്ള മണ്ടത്തരങ്ങൾ സഹിച്ചല്ലേ പറ്റൂ’’

 

‘‘ബാങ്കില് നിനക്ക് നല്ല  ജോലിയൊക്കെ  ഒണ്ടായിരുന്നതല്ലേ...നിനക്ക് മെനക്കെടാൻ വയ്യ. അതല്ലേ സത്യം?’’

 

 അവളുടെ ചിന്തകൾ ശെരിവെച്ചുകൊണ്ടു രേഷ്മ  നിശബ്ദയായി.

 

‘‘ നിന്നെ വിഷമിപ്പിക്കുവാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ പറഞ്ഞത്.....കല്യാണം കഴിഞ്ഞ് എന്താ പരിപാടി?’’

 

‘‘ അറിയില്ല..എന്തെങ്കിലുമൊക്കെ ചെയ്യണം’’ അവൾ നിർവികാരതയോടെ പറഞ്ഞു.

 

‘‘ നീ മറ്റൊന്നും ചിന്തിച്ചു വിഷമിക്കണ്ട...സന്തോഷായിട്ട് പോയി കെട്ട്’’

 

ഇരുവരും കുറേ നേരം സംസാരിച്ചു. രേഷ്മയുടെ  അച്ഛന്റെ ദുബായിലെ  ഓട്ടോമൊബൈൽ കമ്പനി ഇപ്പോൾ നഷ്ടത്തിലാണ്. കടം പെരുകി. സ്ഥലവും സ്വർണ്ണവുമെല്ലാം വിറ്റ് ഒരുവിധം കടങ്ങളെല്ലാം ഒതുക്കിയിട്ടുണ്ട്. ഇപ്പോൾ അയാൾ ദുബായിൽ ഐസൊലേഷനിലാണ്. നാട്ടിലേക്ക്  എപ്പോൾ എത്താനാകും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. രേഷ്മയുടെ ആങ്ങള ഭാര്യയുടെ ഒപ്പം അമേരിക്കയിലാണ്. അവർ  പറയുന്നതിനപ്പുറം അയാൾക്ക്‌ മറുവാക്കില്ല. കല്യാണത്തിന് യാതൊന്നും നൽകരുതെന്നാണ് ഏട്ടത്തിയുടെ  ഉത്തരവ്. അങ്ങനെ മാറിമറിയുന്ന  കുടുംബ പുരാണങ്ങൾ പറഞ്ഞു കൊണ്ട്  തന്റെ മുന്നിലിരുന്നു വിതുമ്പുന്ന  രേഷ്മക്ക് അവൾ ധൈര്യവും ആത്മവിശ്വാസവും പകർന്നു.

 

 

അങ്ങനെ കല്യാണ ദിവസമെത്തി. അവളും അമ്മയും രേഷ്മയുടെ വീട്ടിലെത്തിച്ചെർന്നു. അലങ്കാര ദീപങ്ങളില്ല. വരനെ ആനയിക്കാനുള്ള പള്ളിത്തേരില്ല. കാരണവന്മാർക്കുള്ള ഇരിപ്പിടങ്ങളുമില്ല. തരുണീമണികളുടെ കിണുങ്ങി ചിരിയും ക്യാമറാമാന്റെ ഫോട്ടോപിടത്തവുമില്ല. വീട്ടിലെ പൂക്കൾക്കൊണ്ടൊരുക്കിയ ബൊക്കെയും ഹാരവും. കൊറോണ പ്രോട്ടോകോൾ പ്രകാരം കല്യാണ ചടങ്ങിൽ  പത്ത് പേർക്ക് പങ്കെടുക്കാം.  അവളെയും അമ്മയെയും  കൂടാതെ കല്യാണത്തിന് പങ്കെടുത്തത് വെറും അഞ്ച് പേർ മാത്രം. 

 

 

വധുവരന്മാരടക്കം എല്ലാവരുടെയും മൂക്കും വായും മാസ്ക് കൊണ്ട് മറച്ചിരുന്നു. വധുവിന്റെ കഴുത്തിലും കാതിലുമായി വീതിയും വലിപ്പവും കുറഞ്ഞ കമ്മലും മാലയും. അവൾ നൽകിയ സ്വർണ്ണ  വളയടക്കം കൈകളിൽ കുപ്പിവളകളുടെ കിലുക്കം മാത്രം. അങ്ങനെ ചെണ്ടമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയില്ലാതെ സതീഷ് രേഷ്മയ്ക്ക് താലി ചാർത്തി. 

 

 

പലചരക്കു കട നടത്തുന്ന സാധാരണക്കാരനായ  ഒരു ചെറുപ്പക്കാരനാണ് സതീഷ്. തന്റെ മകൾ ഒരു പലചരക്കുകാരനെ പ്രേമിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ നാണക്കേട്‌ സഹിക്കാനാകാതെ  രേഷ്മയുടെ അമ്മ  അവളെ തലങ്ങും വിലങ്ങും തല്ലിയിരുന്നു. പിന്നെ കെട്ടിയോന്റെ ബിസിനസ്‌ ഒക്കെ  പൊളിഞ്ഞപ്പോൾ  പലചരക്കുകാരനെയെങ്കിലും  മകൾക്ക് കിട്ടിയല്ലോ എന്നോർത്ത് അവർ  സമാധാനിച്ചു.

 

 

രേഷ്മ അവളെ സതീഷിനു പരിചയപ്പെടുത്തി.

 

‘‘സതീഷ്..  ഇതാണ് ഞാൻ പറഞ്ഞ ചേച്ചി’’

 

‘‘ ഓ...ഇവളെപ്പോഴും  ചെച്ചടെ കാര്യം പറയും’’ അവളോടുള്ള മതിപ്പും ബഹുമാനവും സതീഷിന്റെ മുഖത്ത് പ്രകടമായിരുന്നു. അവൾ സന്തോഷത്തോടെ വധൂവരന്മാർക്കു കൈകൊടുത്തു.

 

 

ചോറും സാമ്പാറും തോരനും മാത്രം. ഈ ലോക്ഡൗൺ സമയത്ത് പതിനാറു കൂട്ടം കറികളോട് കൂടിയ വിശാലമായ  സദ്യയൊക്കെ പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരമാണ്. എങ്കിലും രേഷ്മയുടെ അമ്മയുടെ  ‘തള്ളലിന്റെ’ ചരിത്രമറിയാവുന്നവർ കുറച്ചു കൂടിയൊക്കെ  പ്രതീക്ഷിച്ചു. തിളക്കമില്ലാത്ത നരപിടിച്ച പട്ടുസാരി. നെറ്റിയിൽ വട്ടപൊട്ടില്ല. കരഞ്ഞു കലങ്ങിയ കണ്ണുകൾ. വൈറസിന് സമാനമായി അപ്രതീക്ഷിതമായി വന്നുചേർന്ന ദാരിദ്ര്യത്തിന്റെ  നൊമ്പരം രേഷ്മയുടെ അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു. 

 

 

സരസ്വതി ആന്റിയോട്‌ എന്തേലും സംസാരിക്കണോ? അവൾ ചിന്താകുഴപ്പത്തിലായി. അധികം ആരോടും  കുശലം പറയാതെ  രേഷ്മയുടെ അമ്മ  നിശബ്ദമായി അതിഥികൾക്ക് ആഹാരം വിളമ്പിക്കൊണ്ടിരുന്നു. അവളും അമ്മയും നിശബ്ദരായി തന്നെ ആഹാരം കഴിച്ചുക്കൊണ്ടിരുന്നു. അങ്ങനെ കൊട്ടും  കുരവയു മില്ലാതെ സരസ്വതി ആന്റിയുടെ മകളായ രേഷ്മയുടെയും  പലചരക്കുകാരനായ സതീഷിന്റെയും വിവാഹം മംഗളമായി നടന്നു.

 

വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ  ഉള്ളിൽ അടക്കിവെച്ച ചില കാര്യങ്ങൾ അമ്മ അവളോട്‌ ചോദിച്ചു.

 

‘‘ന്നാലും സ്വർണ്ണോന്നും കൊടുക്കണ്ടായിരുന്നു’’

 

‘‘ ഓ...അമ്മേ...ഇനി അതിന്റെ പേരിൽ ഒരു സംസാരം വേണ്ട...അവർക്ക് ഇപ്പൊ നല്ല  ബുദ്ധിമുട്ടല്ലേ... അതാ കൊടുത്തേ’’

 

‘‘ വല്യ കാശൊള്ള കെട്ടിയോനും മോനുമൊക്കെ അവർക്കുണ്ടല്ലോ ..അവരൊക്കെ എവിടെ പോയി’’

 

നിഷ്കളങ്കമായ അമ്മയുടെ വർത്തമാനം കേട്ടപ്പോൾ അവൾക്ക് ചിരിയടക്കാനായില്ല.

 

‘‘ ന്നാലും അമ്മ തന്നെ ഇത് പറയണം. അങ്കിള് ദുബൈയിൽ ഐസൊലേഷനിലാ..പിന്നെ അങ്കിളിന്റെ ബിസിനസ്‌ ഒക്കെ പോയില്ലേ. അവർ നല്ല കഷ്ടത്തിലാ’

 

‘അപ്പൊ അവർക്കൊരു മോനുണ്ടല്ലോ...അവൻ എവിടെയാ?’

 

‘അവന് നല്ല ജോലിയൊന്നുമില്ലമ്മേ ..അവൻ ഭാര്യയുടെ ഒപ്പം അമേരിക്കയിലാ..അവള് നയാ പൈസ കൊടുക്കാൻ സമ്മതിക്കേല’

 

‘ങും...മനുഷ്യൻമാർക്ക് വന്ന മാറ്റമേ...പണ്ടത്തെ വാചകമടിയൊന്നുമില്ല, സരസ്വതിയൊരു മിണ്ടാപൂച്ചയെപ്പോലെയായി. അവർക്കൊരു കഷ്ടപ്പാട് വന്നപ്പോ എന്റെ മോളാ ഇപ്പൊ സഹായിച്ചേ’ അമ്മയുടെ മുഖത്ത് അഭിമാനത്തിന്റെ പ്രകാശം.

 

‘അമ്മേ...ഈ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കേട്ടിട്ടില്ലേ?’

 

 മകളെക്കുറിച്ചുള്ള അഭിമാന ബോധത്തിൽ  തലയെടുപ്പോടെ നടക്കുന്ന അമ്മയോട് അവൾ ചോദിച്ചു.

 

‘അങ്ങേര് ... വല്യ എഴുത്തുകാരനൊക്കെയല്ലേ’?  ഇങ്ങേരെ കുറിച്ചെന്തിനാ ഇവളിപ്പോൾ ചോദിക്കുന്നതെന്ന മട്ടിൽ അമ്മ ഉത്തരം നൽകി.

 

‘ അദ്ദേഹത്തിന്റെ   ശബ്ദങ്ങൾ എന്ന നോവലിലെ ഒരു വാചകമുണ്ട് ...ഇതൊക്കെ കാണുമ്പോ എനിക്ക് ആ വാചകമാ  ഓർമ്മയിൽ  വരുന്നേ’

 

‘ഏതു വാചകം’? അമ്മ ആകാംക്ഷയോടെ  ചോദിച്ചു.

 

‘ലോകത്ത് യുദ്ധം അവസാനിക്കണമെങ്കിൽ ജാതി മത ഭേദമന്യേ സ്ത്രീ പുരുഷ ഭേദമന്യേ ആളുകൾക്ക് പരമ രസികൻ വരട്ട് ചൊറി വരണം, ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും മറ്റൊരിടത്തും ഇല്ല’  അവൾ ചിരിയടക്കിപ്പിടിച്ചുകൊണ്ടു  ആത്മവിശ്വാസത്തോടെ പറഞ്ഞു.

 

‘‘നീ ഇങ്ങനെ തത്വവും പറഞ്ഞിരുന്നോ’’

 

 അമ്മ പിറുപിറുത്തു കൊണ്ട്  അവളെ പിന്നിലാക്കി വേഗത്തിൽ നടന്നു നീങ്ങി.

 

English Summary : Covid Kalathe Kalyana Mamangam Story By Anupriya Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com