ADVERTISEMENT

ലോക്ക് ഡൗൺ കാലത്തെ ചില സ്ത്രീ ചിന്തകൾ

എളുപ്പമല്ല, ഒരു വീട്ടിൽ അടച്ചിരിക്കുക എന്നത്. അതും, അമ്മായി അച്ഛനും, അമ്മായി അമ്മേം, ഭർത്താവും, രണ്ടും മൂന്നും കുഞ്ഞുങ്ങളും ഒക്കെയായി. ഒന്നോ രണ്ടോ ദിവസം അല്ലല്ലോ ഇത്. കുറെയേറെ ദിവസമില്ലേ? ഒരു ആവറേജ് കുടുംബത്തിലെന്തായാലും നാലോ അതിൽ കൂടുതലോ അംഗങ്ങൾ കണ്ടേക്കാം.

 

ജോലിക്ക് പോകുന്ന ദിവസങ്ങളിൽ, കുട്ടികൾ സ്‌കൂളിൽ പോകുന്ന ദിവസങ്ങളിൽ കാലത്തെ ഒരു എട്ട് എട്ടരയാകുമ്പോഴേക്കും, മൂന്നോ, നാലോ ചോറ് പൊതി തയാറാക്കി , ഭർത്താവിനെയും കുട്ടികളെയും അയച്ചു കഴിഞ്ഞാൽപ്പിന്നെ വൈകുന്നേരം വരെ തനിയെ ആയിരിക്കുമല്ലോ. തുണിയലക്കലും, വീട് അടിച്ചു വാരലും വേണേൽ ചെയ്യാം. അല്ലെങ്കിൽ സ്വന്തം സൗകര്യത്തിനു സമയം നോക്കി ചെയ്യാം. 

 

 

ഇതിനിടയ്ക്ക്, സ്വന്തം താല്പര്യങ്ങൾക്ക് അൽപസമയം മിക്ക വീട്ടമ്മമാരും കണ്ടെത്തുന്നുണ്ട് എന്നതാണ് ഒരു സത്യം. അൽപ്പം കഥയെഴുതുന്ന സ്ത്രീകളോ, തുന്നുന്നതോ, ക്രാഫ്റ്റ് ചെയ്യുന്നവരോ ഒക്കെ ആയവർക്ക്, അവരുടെ താൽപര്യങ്ങളിൽ അൽപ്പ സമയം നീരാടാം. പിന്നെ അവർ വരുന്ന സമയത്തേക്ക് മതി അടുക്കളയിലെ യുദ്ധം. 

 

 

പ്രായമായ ആൾക്കാർ വീട്ടിലുണ്ടെങ്കിലും, അവർക്ക് ഭക്ഷണം കൊടുക്കലും ഒക്കെ വലിയ വിഷയമല്ല. വൈകിട്ട് ചായ, നാല് മണി പലഹാരം, രാത്രി ഭക്ഷണം, ഒക്കെ ഒരു അഞ്ചു മണി മുതൽ ഏഴു മണി കൊണ്ട് തീരും. ഇതിനിടയിൽ കുട്ടികളുടെ പഠിത്തം, ഹോംവർക്ക് ഒക്കെ ഒരു റുട്ടീൻ പോലെ ചെയ്തു പോകും. ഇനി ജോലിക്ക് പോകുന്ന സ്ത്രീ ആണെങ്കിൽ ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല വീട്ടു പണികൾ. ഓഫിസ് ജോലി എന്നത് ചിലർക്ക് റിലാക്സിങ് ആയിരിക്കാം. ചിലർക്ക് സ്ട്രെസ്സ്‌ഫുളും. എന്തായാലും, അടുക്കളയിൽ അങ്കത്തേക്കാൾ ആശ്വാസം ആണെന്ന് അനുഭവസ്ഥർ പറയുന്നു. ചിലർക്ക് വീട്ടുപണിക്ക് സഹായത്തിനും ആളുണ്ടായെന്നും വരാം. അപ്പോളതത്ര വിഷയമല്ലല്ലോ. 

                     

 

ഇതിപ്പോ കഥ മാറി...വീട്ടിൽ ഇപ്പോഴും യുദ്ധത്തിന്റെ അന്തരീക്ഷം. കാലത്തെ 6 മണിക്ക് അടുക്കളയിൽ കയറുന്നു. അതോ അഞ്ചു മണിക്കോ? കുട്ടികൾ ഉണർന്നാൽ, പല്ലു തേച്ചു വരുന്ന സമയത്തേ കേൾക്കാം പല്ലവി, ‘‘വിശക്കുന്നു അമ്മേ’’ ( വിശക്കുന്നു അച്ഛാ എന്നെന്താ പറയാത്തത്?) 

 

ഓ! അമ്മ ആണല്ലോ അടുക്കള ഇൻ ചാർജ്ജ്. 

 

ചായ, ലഘു പലഹാരം ... അപ്പോഴേക്കും ഭർത്താവിന്റെ വിളി വന്നിരിക്കും ...ചായ ! അമ്മായി അച്ഛൻ, അമ്മായിയമ്മ... ആദ്യ സെറ്റ് ചായ കൊടുത്തു. ഊണ് മേശയിൽ ആവും പലപ്പോഴും കഴിക്കാനിരിക്ക്യ. കുട്ടികൾ ചായേം പലഹാരോം കൊണ്ട് ദേ പോകുന്നു ഉമ്മറത്തോ, സോഫയിലോ... ടി വി ഓൺ ആകുന്നു.. കാർട്ടൂൺ, അല്ലെങ്കിൽ വല്ല സിനിമാ ചാനൽ.. ഇതിനിടയിൽ റിമോട്ടിന് കടി പിടി... ചായ, ബിസ്ക്കറ്റ് ഇത്യാദി അവിടവിടെ തൂകി പിള്ളേർ അവരുടെ ലോകത്തിലേക്ക് കടക്കും.

 

 

അമ്മ! നിവർത്തി ഇല്ലല്ലോ . ചൂലും ഡസ്റ്റ് പാനും കൊണ്ട് അത് അപ്പടി വാരി എടുത്തു പോകുന്ന സമയം, അടുപ്പിൽ കുക്കറിൽ സാമ്പാറോ,  ചെമ്പിൽ ഇഡ്ഡലിയോ ഒക്കെ വേവുന്നുണ്ടാകും. ഇതിനിടക്ക് മക്കൾസ് ബേക്കറി വെച്ച പാത്രം രണ്ടു വട്ടം സ്കാൻ ചെയ്തു കഴിഞ്ഞു കാണും. 

 

പ്രാതൽ സമയം കേൾക്കാം ‘‘അയ്യേ.. ഇഡ്‌ഡലിയോ?’’ ഈ അമ്മക്ക് ഇടിയപ്പം, മുട്ട റോസ്റ്റ്, അല്ലെങ്കിൽ വല്ല ബീഫ് ഇഷ്ടു മറ്റോ ഉണ്ടാക്കിക്കൂടെ?  ഇഡ്‌ലി വിരോധിയായ അമ്മായിയച്ഛനും ഭർത്താവിനും ദോശ, അല്ലെങ്കിൽ ചപ്പാത്തി... ! കഴിച്ചു കഴിയുന്നു.. വീണ്ടും ഊണ് മേശ അതാ യുദ്ധം കഴിഞ്ഞ പടനിലം.

 

ഈ സമയം ഉച്ചക്കത്തേക്കുള്ള അരി ഇട്ടിരിക്കും. കറി , കൂട്ടാനും ഉപ്പേരിയും.... ! ഒക്കെ മൾട്ടി ടാസ്കിങ് ആണ്. കാപ്പി കുടിച്ച പത്രം കഴുകുന്ന സിങ്കിന്റെ അരികിൽ നിന്നും ഒരു നൂറു വട്ടം അടുപ്പിലെ തീ നീക്കാനോ, കുക്കറിന്റെ വിസിൽ എണ്ണി ഗ്യാസ് അണയ്ക്കാനോ  ഒക്കെ അമ്മ ഓടിയിരിക്കും.

 

 

ഈ സമയം ലെ കുട്ടികൾ  വീണ്ടും ടി വി അല്ലെങ്കിൽ കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ...പഠിക്കാനുള്ള പുസ്തകമൊക്കെ എന്നോ എങ്ങോട്ടോക്കോ എറിഞ്ഞിട്ടുണ്ടാകും. എട്ടു വരെ പരീക്ഷ ക്യാൻസൽ ആക്കിയ സർക്കാരിന് നമോവാകം. പിള്ളാരിത്ര ഹാപ്പിയായി കണ്ടിട്ടില്ല. ഫലം വിശപ്പാണ്.. വയറ്റിൽ കോഴിക്കുഞ്ഞുങ്ങൾ പാഞ്ഞു നടക്കുന്നുണ്ടോ എന്ന മട്ടിൽ ആണത്രേ ഈ സമയം വിശപ്പ് ! വിശപ്പോ.. വിശപ്പ്... ബേക്കറി ടിന്നിൽ ഉണ്ടായിരുന്നത് സകലതും ,അവൽ , പറമ്പിലെ പേരക്കായ ,ചാമ്പങ്ങ.. ഒക്കെ മേഞ്ഞു തീർത്തിട്ടുണ്ട്. നാട്ടിൻ പുറത്തെ കുട്ടികൾ! ഫ്ലാറ്റിലോ, പട്ടണത്തിന്റെ ഇത്തിരി വട്ടത്തിലെ കുട്ടികളോ ആണെങ്കിൽ, അവരുടെ വീടിന്റെ ചുമരിന്റെ ഉള്ളിൽ ഉള്ളത് ഒക്കെ അരിച്ചു പെറുക്കി തീർത്ത് കാണും.

 

 

ഇടിവെട്ട് പോലെ ലോക്ക് ഡൗൺ വന്നപ്പോഴേക്കും, സൂപ്പർമാർക്കറ്റിൽ പോയി കിട്ടിയതെന്തൊക്കെയോ വാങ്ങി. പട്ടിണി കിടക്കാൻ പറ്റില്ലാലോ.. മെയിൻ ആയി അരിയാണ് വാങ്ങിയത്. കഞ്ഞി വെച്ചെങ്കിലും കുടിക്കാമല്ലോ. ഇതിപ്പോ, കുട്ടികൾക്ക് ഇടനേരത്തിനു തിന്നാൻ അരിയുണ്ട ഉണ്ടാക്കി തന്നെ ആ അരി തീരും. കണ്ടറിയാം, എന്താകുമെന്ന്!  പിള്ളാരല്ലേ.. തിന്നട്ടെ...!  തിന്നു മേശ, കട്ടിൽ സോഫ, ഉമ്മറം എന്നിവിടങ്ങളിലൊക്കെ തിന്നു കുടഞ്ഞു ഉറുമ്പിൻ കൂട്ടത്തെ വരുത്തുന്നതാ സഹിക്കൻമേലാത്തത്.

 

 

അത് പോട്ടെ... ഈ സമയം , ലെ ഭർത്താവ്  മൊബൈലിൽ തോണ്ടി ഇരിക്കുന്നുണ്ടാകും. ഇനി അടുത്ത വിശപ്പിനു കൈ കഴുകി ഊണ് മുറിയിൽ വന്നാ മതിയല്ലോ. വല്ല ഫ്രീ തിങ്കേഴ്സിലോ അതുമല്ലെങ്കിൽ വല്ല സിനിമാ ഗ്രൂപ്പിലോ ഒക്കെ പോയി രാഷ്ട്രീയ അടികളും സിനിമാ ഫാൻ ഫൈറ്റുകളും മൂപ്പർ നടത്തുന്നു ണ്ടാകും. ‘‘ഇങ്ങോട്ട് വന്നൊന്ന് ഈ തേങ്ങാ ചിരകിത്താ മനുഷ്യാ!! ങേ ഹേ ! ചെവി കേൾക്കില്ലാ’’ ... വിളി ഉപേക്ഷിച്ചു , സ്വന്തായി ഉണ്ടാക്കുന്നതാ ഭേദം.

 

 

മൊബൈൽ റേഞ്ച് ഇല്ലാത്തയിടത്ത് ആണേൽ വല്ല ചീട്ട് കളി കൂട്ടമോ, കാരംസ് കളി ടീമോ ഒക്കെ ഉണ്ടാകും. അതുമല്ലെങ്കിൽ അപ്പുറത്തെ കുട്ടപ്പന്റെയൊപ്പം അടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ചൂണ്ട ഇട്ട് ഇരിക്കുന്നുണ്ടാകും. ഒരു ഊപ്പ മീനിനെ പോലും അങ്ങേരു ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല... പിന്നെന്തു ചൂണ്ട ഇടൽ ആണോ ?? 

 

മീൻവൈൽ ഉണ്ണാൻ കൃത്യ സമയത്ത് ടീം ഹാജർ. ഉച്ച ഊണും കഴിഞ്ഞു, പിന്നേം പിന്നേം കുട്ടികൾക്ക് വിശക്കുന്നു.. സ്‌കൂളിൽ പോകുമ്പോ ഈ വിശപ്പൊക്കെ എങ്ങനെ അടക്കുന്നോ ആവോ...! സ്‌കൂൾ ദിവസത്തെ വിശപ്പിനെ ഓർത്ത് കുട്ടികളോട് പാവം തോന്നി...വളരുന്ന പ്രായം അല്ലെ... ന്നാലും ഇങ്ങനെ ണ്ടോ.. ഒരു ഇടനേരം വിശപ്പ്. 

 

എന്തായാലും, അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ല. ചക്ക അട, ഉണ്ണിയപ്പം, അവലോസുണ്ട, ഏത്തക്കാപ്പം. യുട്യൂബ് നോക്കി ഇപ്പ ഉണ്ടാക്കാൻ സുഖം. അല്ലെങ്കിൽ ഒക്കെ കുളം ആകും. ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും ഒരു എക്സ്പേർട്ട് ബേക്കറി മേക്കർ ആവും. സ്വയം അഭിമാനം തോന്നി. 

 

ഇതിന്റെ ഇടയിൽ അലക്കണം, അടിച്ചു വാരണം ഒരു നൂറു തവണ. കുളിക്കണം,വിളക്ക് വെക്കണം.. മുടക്കാനാവില്ലല്ലോ !!

 

അത്താഴം പിന്നേം മുൻപേ സംഭവിച്ചത് ഒക്കെ ആവർത്തിക്കുന്നു......

 

 ഈ ഗാർഹികജോലി ചക്രം ആണ് ഇപ്പോഴും കൊറോണക്കാലത്ത്  മിക്ക വീടുകളിലും... !

 

ഒക്കെ കഴിഞ്ഞു ഒന്ന് നടുവ് നിവർത്തുമ്പോഴേക്കും, ഭർത്താവിന്റെ പ്രേമം അതാ ഉണരുന്നു...! 

 

അമ്പടാ.... ഞാനീ കണ്ട പണി മുഴുവനും എടുത്തേയ്ച്ചും  എന്നെ സഹായിക്കാൻ നിങ്ങൾക്ക് സമയമില്ലല്ലോ.....! അപ്പോ ബാൾ ഈസ് നൗ ഇൻ മൈ കോർട്ട്..

 

‘‘അങ്ങോട്ട് നീങ്ങി കിട മനുഷ്യാ.... തൊട്ടു പോകരുത്.. ഹും !!’’

 

ലോക്ക് ഡൗൺകാലം ആണ് !!  ഹല്ലാ പിന്നെ! കൊറോണ കാലത്തെ സമരമുറ!! 

English Summary : Lock Down Kalathe Chila Sthree Chinthakal by Anamika Anee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com