sections
MORE

ആ കണ്ണീർത്തുള്ളികൾ എന്റെ ഹൃദയത്തിലാണ് വീണു പൊള്ളിയത്; പക്ഷേ നിനക്കുപകരം ഒരാൾ ഇനിയും വന്നിട്ടില്ല...

ഒരിക്കലും മറക്കാത്ത ആദ്യപ്രണയത്തിന്റെ ഓർമ്മകൾ
SHARE

ഒരിക്കലും മറക്കാത്ത ആദ്യപ്രണയത്തിന്റെ ഓർമ്മകൾ ഒരു പ്രണയലേഖനമായ് (ഓർമ്മക്കുറിപ്പ്)

എന്റെ കണ്ണന്,

പ്രണയമെന്തെന്നറിയാത്ത എന്റെ മനസ്സിന്റെ ഇരുളറകളിലേക്ക് എങ്ങുനിന്നോ പാറിവന്നൊരു അപ്പൂപ്പൻ താടിയായിരുന്നു നീ. നാടുകൾക്ക് അപ്പുറത്തുനിന്നു ഒരു സൗഹൃദസന്ദേശമായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

അക്ഷരങ്ങളോടും സംഗീതത്തിനോടുമുള്ള താൽപര്യവും ഒരേ ചിന്താഗതിയും നമ്മളെ വേഗം സൗഹൃദത്തിലാക്കി. നേരിട്ടുകണ്ടില്ലെങ്കിലും ശബ്ദത്തിലൂടെ, സന്ദേശങ്ങളിലൂടെ നമ്മൾ ഒരുപാട് അടുത്തു. വെറുതെ ഒരു രസത്തിന് പ്രണയിച്ചുനടക്കുന്നവരെ കുറ്റം പറഞ്ഞും ജീവിതത്തിനെക്കുറിച്ചു ഒരുപാട് ചർച്ച ചെയ്തും ഇരിക്കുന്നതിനിടയിലെപ്പോഴോ നമ്മൾ പോലുമറിയാതെ നമ്മൾ പ്രണയിച്ചു തുടങ്ങിയിരുന്നു.

പ്രിയമുള്ളവനേ, നിന്നിലുറങ്ങിയുണർന്ന ആ ദിവസങ്ങളുടെ ഓർമ്മകളാണ് ഇന്നുമെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

നിന്റെ മുടിയിഴകളെ തഴുകിത്തലോടിയോരിളം കാറ്റായ്,  ജനലഴികൾക്കിടയിലൂടെ നീ തൊട്ടറിഞ്ഞൊരാദ്യമഴത്തുള്ളിയായ്,  നീയാകുന്നോരഗ്നിയിൽ എരിഞ്ഞടങ്ങാൻ കൊതിപൂണ്ടണഞ്ഞോരീയാംപാറ്റയായിരുന്നു ഞാൻ.

കൈകോർത്തു നാമൊത്തു നടന്ന വഴികളും ഒരുമിച്ചു ചിലവിട്ട നിമിഷങ്ങളും എന്റെ വിരലുകളിൽ നിന്റെ വിരലുകൾ അവശേഷിപ്പിച്ചുപോയ നനുത്ത ചൂടും ഒരിക്കലും മരണമില്ലാത്ത ഓർമ്മകളാണ്.

മാസങ്ങൾ കാത്തിരുന്നു കിട്ടുന്ന ഒരു പകലിനൊടുവിൽ എന്നെ വീടെത്തിച്ചു ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളുമായി നീ നടന്നകന്നത് ഇന്നലെപ്പോലെ തോന്നുന്നു. ആ കണ്ണീർത്തുള്ളികൾ എന്റെ ഹൃദയത്തിലാണ് വീണു പൊള്ളിയത്. കാലങ്ങൾക്കിപ്പുറവും ഉണങ്ങാത്ത മുറിവായി ആ കണ്ണുകൾ എന്നെ പിന്തുടരുന്നു.

ജീവിതം കണ്ണനെയും വാവയെയും ഒരിക്കലുമൊന്നാകാതെ സമാന്തരമായി നീളുന്ന റയിൽപ്പാതകളാക്കി. കൃഷ്ണനും രാധയും പോലെ യുഗങ്ങളോളം പ്രണയിക്കാൻ കൊതിച്ചവർ കുടുംബത്തിന് വേണ്ടി അകന്നു.

വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ജീവിതവും ഞാനും വല്ലാതെ മാറി. പക്ഷേ നിനക്കുപകരം ഒരാൾ ഇനിയും വന്നിട്ടില്ല. ആദ്യപ്രണയം ഓരോ രോമകൂപത്തിലും നിറഞ്ഞു നിൽക്കുന്നതുകൊണ്ടാകാം ഇന്നും നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.

നിനക്കായ്‌ കുറിച്ചിട്ട പ്രണയാക്ഷരങ്ങൾ, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച പുസ്തകത്താളുകൾ, ഗതി കിട്ടാതലയുന്ന പ്രേതാത്മാക്കൾ പോലെ ഇന്നും എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.

കണ്ണാ, നീയെവിടെയാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരിക്കലും തിരിച്ചു കിട്ടാത്ത നിന്റെ കള്ളച്ചിരിയും, പാട്ടുകളും, എനിക്കായ് കുറിച്ച പ്രണയാക്ഷരങ്ങളും, വാവേന്നുള്ള വിളിയും എല്ലാം നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി ഇന്നും എന്നെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്.

വിടരും മുൻപേ കൊഴിഞ്ഞുവീണ ആയിരം പ്രണയപുഷ്പങ്ങൾ തീർത്ത ശയ്യയിൽ, ഓരോ ഇലയനക്കങ്ങളിലും നിന്റെ കാലൊച്ചയ്ക്കായ് കാതോർത്തു, ഒരിക്കലും മടങ്ങിവരാത്ത നിനക്കായ്‌ ഞാനിന്നും കാത്തിരിക്കുന്നു.

English Summary : Love Memories By Saranya S Mohan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;