ബസിന്റെ ജാലകച്ചില്ലിനെ മറച്ച പുകമഞ്ഞിനു പോലും പേരറിയാത്തൊരു നിഗൂഢതയുടെ സ്പർശമുണ്ടായിരുന്നു...

നാലാം ചരമവാർഷികം ( ഓർമ്മക്കുറിപ്പ്)
പ്രതീകാത്മക ചിത്രം
SHARE

നാലാം ചരമവാർഷികം ( ഓർമ്മക്കുറിപ്പ്)

യാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതിനി ഹെഡ്‍ഫോണിൽ പാട്ടും കേട്ട് പുറംകാഴ്ചകൾ കണ്ട് വീട്ടിലേക്കും ജോലിസ്ഥലത്തേക്കുമുള്ള സ്ഥിരം യാത്രകളാണെങ്കിലും പ്രിയപ്പെട്ടവരോടൊപ്പമുള്ള അലഞ്ഞുതിരിയലുകൾ ആണെങ്കിലും ഓരോ നിമിഷവും ആസ്വദിക്കാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

ഓർമ്മവെച്ച കാലം മുതൽ ഇന്നോളം ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ചിലത് ഒരിക്കലും മറക്കാൻ പറ്റില്ല. 2014 ഡിസംബർ 28 ന് അങ്ങനെ ഒരു യാത്ര പോയി. കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് വടക്കോട്ട് (ട്രിവാൻഡ്രത്തു നിന്ന് കണ്ണൂരേക്ക്). പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ ചേച്ചിയുടെ കല്യാണത്തിനായിരുന്നു ആ പോക്ക്.

ഒരുപാട് അലമ്പുകൾക്ക് പ്ലാനിട്ട ആ യാത്ര തുടങ്ങിയത് തന്നെ തലേദിവസം റിസപ്ഷന് കഴിച്ച മട്ടൺ കറിയെ പ്രാകികൊണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്ന് കണ്ണൂരേക്കുള്ള പെട്രോൾ പമ്പുകൾ കയറിയിറങ്ങിയ ആ യാത്രയിൽ പൊളിക്കാൻ പോയിട്ട് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ പോലും ആർക്കും വയ്യായിരുന്നു. കയ്യിൽ കിട്ടിയ ഗുളികകൾ വാരിവിഴുങ്ങി മേലേക്കു പിടിച്ച ശ്വാസം പോലും വിടാൻ പേടിച്ചു രാവേറെ ചെന്നപ്പോൾ എങ്ങനെയൊക്കെയോ അവിടെത്തി. പിറ്റേന്ന് കല്യാണമൊക്കെ അടിച്ചുപൊളിച്ചു രാത്രി തന്നെ മടങ്ങി.

കായംകുളം കഴിഞ്ഞുവെന്ന് ആരോ പറഞ്ഞെങ്കിലും ഞാൻ ഉണരാൻ മടിച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ പുറത്ത് തണുപ്പേറുകയായിരുന്നു. സൂര്യൻ പോലും പുറത്തേക്ക് വരാൻ മടിച്ചൊരു പ്രഭാതം. ബസിന്റെ ജാലകച്ചില്ലിനെ മറച്ച പുകമഞ്ഞിനു പോലും പേരറിയാത്തൊരു നിഗൂഢതയുടെ സ്പര്ശമുണ്ടായിരുന്നു.

ഉറക്കത്തിലെപ്പോഴോ വെള്ളത്തിൽ വീണപോലെ തോന്നി ഞെട്ടിയുണർന്നപ്പോൾ ചുറ്റിലും ആരുടെയൊക്കെയോ നിലവിളികൾ,  ജാലകച്ചില്ലിനപ്പുറം ഉയരുന്ന തീപ്പൊരികൾ, റോഡിൽ പരന്നൊഴുകുന്ന ചോരയും പാലും.  ചിതറിത്തെറിച്ച ഫോണുകൾക്കും ചുറ്റിലുമുയരുന്ന നിലവിളികൾക്കുമിടയിൽ സ്ഥലകാലബോധമില്ലാതെകുറെ നേരം.

ദിശ തെറ്റിവന്നൊരു പാൽക്കാരന്റെ ഒരു നിമിഷത്തെ അശ്രദ്ധ മരണമായി തലക്കുമുകളിൽ ചിറകും വിരിച്ചു നിൽക്കുന്നു. മുന്നിലായി പൊടിഞ്ഞു നുറുങ്ങിയ ചില്ലുകൾക്കപ്പുറം ഒടിഞ്ഞു തൂങ്ങിയ വൈദ്യുത പോസ്റ്റ്‌, അതിനുമപ്പുറത്തായി എല്ലാം സംഹരിക്കാനായി വായും പിളർന്നൊരു ട്രാൻസ്ഫോമർ.

ഒരുപിടി ചാരമായി എരിഞ്ഞുതീരും എന്ന് തോന്നിയ നിമിഷത്തിൽ ദൈവത്തിന്റെ കരം പോലെ ഒരു കോൺക്രീറ്റ് ഷെയ്ഡിൽ തട്ടി ബസ് നിന്നു. ലോക്കായ വാതിലിനും പൂക്കുരവപോലെ ചിതറിത്തെറിക്കുന്ന തീപ്പൊരികൾക്കുമിടയിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ. ഒടുവിലാരോ അകറ്റിത്തന്ന വാതിൽ വിടവിലൂടെ പേരറിയാത്തൊരു ദൈവദൂതന്റെ കരവും പിടിച്ചു ഒരു പോറൽ പോലുമേൽക്കാതെ പുതിയൊരു ജന്മത്തിലേക്ക്.

ചുവരിലൊരു ഛായാചിത്രമായി ചിരിച്ചു കൊണ്ടിരിക്കാനുള്ള അവസരം നഷ്ടമായിട്ട് നാല് വർഷങ്ങൾ കടന്നുപോയിരിക്കുന്നു.

NB : അത്ര പെട്ടെന്നൊന്നും ഇഡലി കിട്ടൂല മക്കളെ 

English Summary : Naalam Charama Varshikam Memories By Saranya S Mohan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;