പാവം വാഴക്കൗരവരും ശരശയ്യയിലായ വരിക്കച്ചക്കയും: ഒരു മഹാഭാരത കാലത്ത്...

ഓർമ്മയിലെ മഹാഭാരതകാലം (കഥ)
SHARE

ഓർമ്മയിലെ മഹാഭാരതകാലം (കഥ)

‘അഥ് ശ്രീ മഹാഭാരത് കഥാ.. 

മഹാഭാരത് കഥാ.. മഹാഭാരത് കഥാ..

കഥാ ഹെ പുരുഷാർഥ് കീ യേ സ്വാർഥ് കീ പരമാർഥ് കീ.. 

സാരഥീ ജിസ് കേ ബനേ ശ്രീകൃഷ്ണ് ഭാരത് പാർഥ് കീ’

ടിവിയിൽ മഹാഭാരതം തുടങ്ങീന്നുള്ളതിന് തെളിവായി ഈ പാട്ടിന്റെ വരികൾ അകലെ കിഴക്കേ വീട്ടിൽ നിന്നോ മറ്റോ മ്മടെ ചെവിയിൽ വന്ന് വീഴും.. കേൾക്കേണ്ട താമസം, ഊർന്നുപോകാൻ നിൽക്കുന്ന ട്രൗസറിനെ ഒരു കയ്യിലേൽപ്പിച്ച് ഒറ്റ ഓട്ടമാണ്.അവിടെ ചെല്ലുമ്പോഴേക്കും മിക്കവാറും കുട്ട്യോളും മാമന്മാരും അമ്മായിമാരും മുത്തശ്ശിമാരുമൊക്കെ സ്ഥാനം പിടിച്ചിട്ടുണ്ടാവും.

അവർക്കിടയിലൂടെ അവരുടെ ആത്മഗതങ്ങളും കേട്ട് കൗതുകത്തോടെ അതിലേറെ അദ്ഭുതത്തോടെ മഹാഭാരതം കാണുമ്പോൾ ഞാനറിയാതെ എന്റെ മനസ്സ് അർജ്ജുനനായി സ്വയം സങ്കൽപിക്കും. സീരിയൽ കഴിയുന്നതോടെ എഴുന്നേറ്റു പോകുന്നത് നേരേ പറമ്പിലേക്കാണ്. മനസ്സിൽ കയറിയ അർജ്ജുനനെ ഞാൻ ഇറങ്ങിപ്പോകാൻ സമ്മതിക്കാതെ പിടിച്ചു നിർത്തും. കൊന്നവടി വെട്ടി ധനുസ്സും പട്ടച്ചീന്തു കൊണ്ട് അസ്ത്രങ്ങളും ഉണ്ടാക്കി വിശാലമായി കിടക്കുന്ന എന്റെ പറമ്പിനെ കുരുക്ഷേത്രഭൂമിയായി ഞാൻ സങ്കൽപിക്കും..

അമ്മ നട്ടു നനച്ചു വളർത്തിയ വാഴകൾ കൗരവസേനയായി നിമിഷനേരം കൊണ്ടു മാറും. എന്റെ അസ്ത്രങ്ങളേറ്റ വാഴകൾ ഒന്നു രണ്ടു ദിവസം ബലം പിടിച്ചു നിൽക്കുമെങ്കിലും പിന്നെ വൈകാതെ ഒടിഞ്ഞു വീഴും. ‘ദൈവമേ.. കുരുത്തം കെട്ട ചെക്കൻ എന്റെ വാഴകളൊക്കെ നശിപ്പിച്ചല്ലോ’ എന്ന് അലറിക്കൊണ്ട് ഒടിഞ്ഞു വീണ തന്റെ അരുമവാഴകളിൽ നിന്ന് ഊരിയെടുത്ത അസ്ത്രങ്ങളുമായി എന്റെ നേരെ ഓടി വരുന്ന അമ്മയിൽനിന്ന് രക്ഷപ്പെടാൻ നോക്കിയാലും പിന്നീട് അമ്മയുടെ കയ്യിൽ നിന്നു കിട്ടാവുന്ന ശിക്ഷയുടെ കാഠിന്യമോർത്തു ഞാൻ അമ്മയുടെ കയ്യിലിരിക്കുന്ന ആ അസ്ത്രങ്ങളെ എന്റെ കാൽവണ്ണയിലേക്ക് ആവാഹിച്ചു..

അടക്കിപ്പിടിക്കാൻ ശ്രമിച്ചാലും വീണ്ടും മഹാഭാരതം കാണുമ്പോൾ അർജ്ജുനനായി ഞാൻ രൂപം മാറുകയും വാഴകൾ ഒടിഞ്ഞു വീഴുകയും അമ്മയുടെ കയ്യിൽ നിന്നുള്ള അസ്ത്രങ്ങൾ എന്റെ കാൽവണ്ണയിൽ വീഴുകയും ചെയ്തുകൊണ്ടിരുന്നു.. ഈ കലാ പരിപാടിക്ക് ഒരിക്കൽ സാക്ഷ്യം വഹിച്ച അമ്മൂമ്മ ‘ന്തിനാ മോളേ നീ യെന്റെ മോനെ തല്ലണെ’ ന്ന് ചോദിച്ച് എന്നെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

എന്തു വന്നാലും ചെക്കനെ മഹാഭാരതം കാണിക്കരുതെന്ന് അമ്മൂമ്മയോടു ചട്ടം കെട്ടി എന്നെ പറഞ്ഞുവിടുമ്പോൾ കുറച്ചു ദിവസത്തേക്കെങ്കിലും തന്റെ വാഴകൾ രക്ഷപ്പെട്ട ആശ്വാസത്തിൽ അമ്മ നെടുവീർപ്പിട്ടു..അമ്മൂമ്മയുടെ വീട്ടിൽ ടിവിയില്ല എന്ന വിഷമമുണ്ടെങ്കിലും തൊട്ടടുത്തുള്ള ചാച്ചമാരുടെ വീടുകൾ മനസ്സിൽ തെളിയുമ്പോൾ എന്റെ മനസ്സിൽ സന്തോഷം നിറയും.

മഹാഭാരതം കണ്ടു വന്ന് അർജുനനായി രൂപം പ്രാപിച്ച ഞാനുണ്ടാക്കിയ ധനുസ്സുകളും അസ്ത്രങ്ങളുമെല്ലാം അമ്മൂമ്മ നിർദാക്ഷിണ്യം ഒടിച്ചു കളഞ്ഞു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരൂസം രാവിലെ മുറ്റമടിക്കാൻ ചൂല് നോക്കിയ അമ്മൂമ്മ ചൂലിരുന്ന സ്ഥലത്ത് ഒരു ഈർക്കില് പോലും കാണാതെ പരിഭ്രമിച്ചു.

എന്റെ ചൂല് കാണാനില്ലല്ലോ എന്ന അമ്മൂമ്മയുടെ കരച്ചിൽ കേട്ട് ഓടിവന്ന ഇളയമ്മമാരും ചൂല് തേടി പരക്കം പാഞ്ഞു.

‘ഇനീപ്പോ ചൂലില്ലാതെ എന്തു ചെയ്യും ഭഗവാനേ’ ന്ന് ആത്മഗതം പറഞ്ഞുകൊണ്ട് രക്ഷസ്സിനെ പ്രതിഷ്ഠിച്ച പ്ലാവിന്റെ ചുവട്ടിലിരുന്ന് മുകളിലേക്ക് നോക്കിയ അമ്മൂമ്മ ആ ഭീകരമായ കാഴ്ച കണ്ട് ഞെട്ടി. തന്റെ വിളഞ്ഞു പാകമാറായ വരിക്കച്ചക്ക അനേകം ഈർക്കിലുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.. അമ്മൂമ്മയുടെ ശബ്ദം കേട്ട് ഓടിവന്ന ഇളയമ്മയും ആ കാഴ്ച കണ്ടു. ഈർക്കിലുകൾക്കിടയിലൂടെ ചക്ക കണ്ട ഇളയമ്മ, ചക്ക ഈർക്കിലുകളായി മാറിയതല്ല, ഈർക്കിലുകൾ ചക്കയിൽ തറഞ്ഞിരിക്കുകയാണ് എന്ന് അമ്മൂമ്മയോടു പറഞ്ഞു.

മുറ്റമടിക്കാൻ വച്ചിരുന്ന ചൂല് എങ്ങനെ അവിടെയെത്തിയെന്നുള്ള അമ്മൂമ്മയുടെ മനസ്സിൽ ‘മഹാഭാരത് കഥാ’ എന്ന പാട്ട് തെളിഞ്ഞപ്പോൾ ആലോചന അധികം നീണ്ടു നിന്നില്ല..

‘എന്തിനാടാ ചൂല് മുഴുവൻ ചക്കയിൽ തറച്ചത്?’ എന്ന അമ്മൂമ്മയുടെ ചോദ്യത്തിനു മുന്നിൽ മുഖത്തു വരുത്താവുന്ന അങ്ങേയറ്റം ദൈന്യത വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു

‘അമ്മൂമ്മേ അത്.. ഇന്ന് ഭീഷ്മ പിതാമഹന്റെ ശരശയ്യ ആയിരുന്നു.. അതുകൊണ്ടാ ചൂല് മുഴോൻ വേണ്ടി വന്നത്..’

‘നിന്റെ അമ്മേടെ ശരശയ്യ’ ന്നും പറഞ്ഞു അമ്മൂമ്മ അടിക്കാൻ ഓങ്ങിയെങ്കിലും അടിച്ചില്ല. എന്റെ ദൈവമേ ഈ മഹാഭാരതം ഒന്ന് തീർന്ന് കിട്ടിയിരുന്നേൽ എന്ന് അമ്മയും അമ്മൂമ്മയും ദൈവത്തിന്റെ ചെവി പൊട്ടുമാറ് ഉറക്കെ നിലവിളിച്ചു പ്രാർഥിച്ചെങ്കിലും ഇതുപോലെ തന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപോണ നിലവിളി കേട്ട് ദേഷ്യം വന്ന ദൈവം ആ പ്രാർഥന കേട്ടില്ല.

ചക്കകളും വാഴകളുമെല്ലാം എന്റെ ശരമാരി ഏറ്റുവാങ്ങികൊണ്ടേയിരുന്നു.. ഒടുവിൽ അവസാനം മഹാഭാരതം സീരിയൽ അവസാനിച്ചത് കേട്ട അമ്മയും അമ്മൂമ്മയുമൊക്കെ സന്തോഷം പങ്കു വയ്ക്കുമ്പോൾ ഞാൻ കരയുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം എന്റെ മോൻ ‘അച്ഛേ എനിക്കൊരു വില്ലും അമ്പും ഉണ്ടാക്കിതരോ’ ന്ന് ചോദിച്ചത് കേട്ടപ്പോൾ ഞാൻ ഉള്ളിൽ പറഞ്ഞു: ഞാൻ തന്നെയല്ലേ ഇവൻ.. 

അസ്ത്രമുണ്ടാക്കി അവനെ അമ്പെയ്യാൻ പഠിപ്പിക്കുമ്പോ കണ്ട് നിന്ന അമ്മയുടെ വാക്കുകൾ: അമ്പെയ്യുന്നതൊക്കെ കൊള്ളാം.. പറമ്പിലാകെ കുറച്ചു വാഴയേ ഉള്ളൂ.. അതോർമ വേണം അച്ഛനും മോനും.അത്കേട്ട് ചിരിച്ച ദൈവത്തിന്റെ അടുത്തിരുന്ന് അമ്മൂമ്മയും ചിരിച്ചു.

പുരാണങ്ങൾ കേട്ടും മഹാഭാരതം കണ്ടും വളർന്ന ബാല്യമുള്ളത് കൊണ്ടാവും അതിനെ ആസ്പദമാക്കി എഴുതുമ്പോൾ വാക്കുകൾ എന്റെ ഉള്ളിൽനിന്ന് തൂലികത്തുമ്പിലേക്ക് അണമുറിയാത്ത പ്രവാഹം പോലെ വരുന്നതെന്ന് ഞാൻ ഓർക്കാറുണ്ട്.

English Summary : Ormayile Oru Mahabharatha Kaalam Story By Rajeev Kalarikkal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;