മഞ്ചാടിക്കുന്നിൽ ഒരു മരത്തിൽ വള്ളിയിൽ നിറയെ മഞ്ചാടിമണികൾ; നിലത്തുവീണ മഞ്ചാടിമണികൾ പെറുക്കിയെടുത്ത്...

പൂക്കാലം തേടി വരുമ്പോൾ (കഥ)
SHARE

പൂക്കാലം തേടി വരുമ്പോൾ (കഥ)

മുറ്റത്തേന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഇന്നലെ വളരെ വൈകിയാണ് ഉറങ്ങിയത്, അതുകൊണ്ടു തന്നെ ക്ഷീണം പൂർണ്ണമായി മാറിയിട്ടില്ലായിരുന്നു. കട്ടിലിൽ കിടന്നു ജനൽകർട്ടൻ മാറ്റി മുറ്റത്തേക്കു നോക്കിയപ്പോൾ ഒരു തേങ്ങാ വീണുകിടപ്പുണ്ടായിരുന്നു. ഉദയസൂര്യന്റെ പൊൻകിരണങ്ങൾ എന്നെ തഴുകി മുറിയിൽ നിറഞ്ഞു. മുറ്റത്തും തൊടിയിലുമായി കുരുവികളുടെയും കിളികളുടെയും ശബ്ദങ്ങൾ. അണ്ണാറക്കണ്ണന്മാർ തെങ്ങിന്റെ ഓലയിൽമേൽ ഒച്ചവെച്ച് ഓടുന്നുണ്ടായിരുന്നു. 

മഴയെല്ലാം മാറി എന്നത്തേക്കാളും പ്രകൃതി വളരെ മനോഹരി ആയിരിക്കുന്നു എന്ന് അയാൾക്ക് തോന്നി. ചിങ്ങമാസ പുലരിയല്ലേ പിന്നെങ്ങനെ സുന്ദരമാകാതിരിക്കും. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പ്രകൃതി ചിലപ്പോൾ ഒരു മാന്ത്രവാദിനിയെ പോലെയാകും. എത്രയോ മായാജാലങ്ങളാണ് ഈ പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തങ്ങൾ. അയാൾ കട്ടിലിൽനിന്ന് എഴുന്നേറ്റിരുന്നു.

അവധി ദിവസമാണല്ലോ, അവധിയായതു കാരണം കുറച്ചു നേരം കിടന്നുറങ്ങണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ ആ ഉറക്കവും പോയി. മുറിയിൽ നിന്ന് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങിയപ്പോൾ പത്രം അവിടെ കിടക്കുന്നുണ്ടായിരുന്നു. പത്രവും എടുത്ത് ചാരുകസേരയിൽ ഇരുന്നു. പത്രത്തിലെ വാർത്തകളിലേക്ക് കണ്ണോടിച്ചുകൊണ്ട് മുറ്റത്തേക്ക് നോക്കി. 

എന്നും രാവിലെ ഓഫിസിൽ പോകുന്ന തിരക്കിൽ മുറ്റത്തും പറമ്പിലും എന്തൊക്കെ സംഭവിക്കുന്നു എന്നു പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങളായി ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ഓഫീസിലെ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം എപ്പോഴും അയാളെ അലട്ടുന്നുണ്ടായിരുന്നു.

നഗരത്തിലെ ഒരു ഐ .ടി കമ്പനിയിലായിരുന്നു അയാൾ ജോലി ചെയ്യുന്നത്. 

യാന്ത്രികമായ ജീവിതത്തിനിടയിൽ സഹജീവികളുമായി സംസാരിക്കാൻ പോലും സമയമില്ലായിരുന്നു. സമയ ക്ലിപ്തതയിൽ തീർക്കേണ്ട ജോലികൾ, നിരവധി ഫോൺ കോളുകൾ, മീറ്റിങ്ങുകൾ, ഒഫിഷ്യൽ ടൂറുകൾ. യന്ത്രങ്ങളോടായിരുന്നു കൂടുതൽ നേരവും സംസാരം.  

ജീവിതത്തിന്റെ കൂടുതൽ സമയം ജോലി സംബന്ധമായും നഗരത്തിലെ ട്രാഫിക്കിലുമായി മാറ്റപ്പെട്ടു. ആഗ്രഹി ച്ചിട്ടും, നാട്ടിൻ പുറത്തെ നന്മകൾ കാണാൻ ആയാൾക്ക് സമയം കിട്ടിയിരുന്നില്ല. എല്ലാ തിരക്കുകൾക്കും അവധി കൊടുത്തുകൊണ്ട് ഇന്ന് ശാന്തമായി ഇരിക്കണമെന്ന് ആഗ്രഹിച്ചു. 

കുട്ടികൾ ടി. വിയുടെ മുന്നിലിരുന്ന് എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു.

“ഇന്ന് ഓഫീസിലെ ജോലികളൊന്നും ചെയ്യുന്നില്ലേ?”

ചായയുമായി വന്ന ഭാര്യ ചെറു ചിരിയോടുകൂടി ചോദിച്ചു. അവധി ദിവസങ്ങളിൽ പോലും ഓഫീസിലെ ചില ജോലികൾ വീട്ടിൽ ചെയ്യുമായിരുന്നു. അതായിരിക്കും ചോദിക്കാൻ കാരണം. കുട്ടികൾ വളരെ മാറിയിരിക്കുന്നു. അവർക്കു പോലും ഒന്നിനും സമയമില്ല. മുറ്റത്ത് കളിക്കാൻ പോലും. സദാസമയം ടെലിവിഷൻ അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ മുൻപിൽ. 

കുടുംബ ബന്ധങ്ങളിൽ പോലും ഈ ടി.വി യും മൊബൈയിലും മാറ്റം വരുത്തിയിരിക്കുന്നു. പറമ്പിലും മുറ്റത്തും കളിക്കാൻ ആർക്കാണ് സമയം. അല്ലെങ്കിൽ തന്നെ എത്ര കുട്ടികൾ വരും. പ്രകൃതിയിലെ ജീവന്റെ വളർച്ച കാണാൻ ആർക്കാണ് നേരം.

ചായ കുടിച്ചു കുളിച്ചൊരുങ്ങി അയാൾ അമ്പലത്തിലേക്ക് ഇറങ്ങി. വളരെ നാളുകൾക്ക് ശേഷമായിരുന്നു അമ്പലത്തിലേക്ക് പോകുന്നത്. കുട്ടിക്കാലത്ത് എത്രയോ പകലുകളിൽ കുട്ടുകാരുമൊത്ത് കളിച്ചു നടന്നതായിരുന്നു ഇവിടെയൊക്കെ, എത്രയോ ദിവസങ്ങൾ. വല്യപരീക്ഷ കഴിഞ്ഞ് വേനലവധി തുടങ്ങിയാൽ പിന്നെ എന്തെങ്കിലും കഴിക്കാനും ഉറങ്ങാനും അല്ലാതെ വീട്ടിൽ വരാറില്ലായിരുന്നു. 

കുട്ടൂകാരുമായി വീട്ടുമുറ്റത്ത് കളിക്കും, അതു കഴിയുമ്പോൾ എല്ലാവരും ചേർന്ന് അമ്പലപ്പറമ്പിലേക്ക് പോകും, പിന്നെ അവിടെവെച്ചായിരിക്കും. ഓരോ ദിവസങ്ങളിലും ഒരായിരം ഓർമ്മകൾ. അവധി ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്നത് എത്രവേഗമായിരുന്നു. അമ്പലത്തിൽ നിന്നുള്ള ദേവി സ്തുതികൾ കാറ്റിനോടൊപ്പം ഉയർന്നും താഴ്ന്നും  കേൾക്കാമായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയാൽ ഇടനാഴിയും കടന്ന് പാടവരമ്പിൽ കൂടി പോകണം അമ്പലത്തിൽ എത്താൻ. 

വലുപ്പമുള്ള കല്ലുകളും വെട്ടുകല്ലുകളും ഉപയോഗിച്ചു പണിതതായിരുന്നു ഇടനാഴിയുടെ വശങ്ങൾ. നിറയെ വെള്ളാരം കല്ലുകൾ ആയിരുന്നു ഈ വഴിയിൽ, ഇപ്പോൾ അതെല്ലാം കോൺക്രീറ്റ് വഴികളായി മാറി. നടന്നുപോയ ഈ വഴികളിൽ ഇന്ന് കാറിലും ബൈക്കിലുമായി മാറി യാത്രകൾ. നടന്നുള്ള യാത്രകൾ സുഖമുള്ള മറ്റൊരനുഭവമാണ്. 

പാദങ്ങൾ ഭൂമിയിൽ ചുംബിച്ച്, പ്രകൃതിയോട് സംസാരിച്ചു കൊണ്ടുള്ള ഈ യാത്ര. എത്രയോ ആളുകളെ കാണാം, കുശലം പറയാം, പ്രകൃതിയിലെ മാറ്റങ്ങൾ അനുഭവിക്കാം....... കുട്ടിക്കാലത്ത് സ്കൂൾ കഴിഞ്ഞ് ഈ വഴിയിലൂടെ വരുമ്പോൾ കൂട്ടുകാരുമായി കളിച്ചിരുന്നത് ഓർമ്മയിൽ മായാതെ നിൽക്കുന്നു. ഇടനാഴിയുടെ ഇരുവശങ്ങളിലും പായലുകളും പുല്ലുകളുമായി നിറഞ്ഞു, നിറയെ മഞ്ഞുതുള്ളികൾ കാണാമായിരുന്നു. തുക്ഷാരശിൽപം പോലുള്ള മഞ്ഞുകണങ്ങൾ കൊണ്ട് എത്രയോ പ്രാവശ്യം കൺപോളകളിൽ തഴുകിയിട്ടുണ്ടായിരുന്നു.    

പാടവരമ്പത്തൂടെ നടന്നു ചെന്നാൽ അവസാനിക്കുന്നത് ഗ്രാമത്തിലെ പ്രധാന കവലയിലേക്കാണ്. നാട്ടിലെ പ്രധാന സംഭവവികാസങ്ങൾ അറിയാൻ കഴിയുന്നത് ഈ കവലയിൽനിന്നായിരുന്നു. കുട്ടിക്കാലത്ത് ഈ പാടവരമ്പത്തൂടെ പോയാൽ കൊയ്ത്തുപാട്ടുകൾ കേൾക്കാമായിരുന്നു. അങ്ങകലങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന സംഗീതം. ഇന്ന് പാടത്തെ പണികളെല്ലാം യന്ത്രങ്ങൾക്ക് വഴിമാറി.

ക്ഷേത്രദർശനത്തിന് ശേഷം പ്രധാന കവാടത്തിൽ കൂടി ക്ഷേത്ര കുളത്തിന്റെ പരിസരത്തേക്ക് നടന്നു. ഇപ്പോൾ ഈ ഭാഗത്തൊന്നും ആരും വരാതെയായി. നിറയെ വള്ളിക്കാട് കയറി നിറഞ്ഞു. കൽപടവുകളിൽ നിന്നു നോക്കിയാൽ എന്റെ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവനും കാണാം. അങ്ങകലെ പുഴ പ്രൗഡിയില്ലാതെ ശാന്തമായി ഒഴുകുന്നു. പുഴയരികിലെ മണൽപ്പുറത്തു കൂടി എത്രയോ പ്രാവശ്യം ഓടിക്കളിച്ചിട്ടുണ്ടായിരുന്നു. 

ഏകനായി കൽപടവുകളിൽ ഇരുന്ന് അല്പനേരം കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് പോയി.

ഈ വഴികളിലൂടെയായിരുന്നു എന്റെ സ്കൂളിലേക്കുള്ള യാത്ര. കണ്ണാന്തളി പൂക്കളും അരളിപൂക്കളും നിറഞ്ഞ വഴികൾ. വഴികളിൽ നിറയെ ഇലഞ്ഞിപൂക്കൾ വീണു കിടക്കുന്നത് കാണാം. ഇന്നലകളിലെ രാവുകളിൽ നിറഞ്ഞുനിന്ന ഇലഞ്ഞിപൂക്കളുടെ സുഗന്ധം പ്രഭാതത്തിലും മായാതെ നിൽക്കുന്നു. എവിടെ നിന്നു നോക്കിയാലും ഹരിതഭംഗിയും പൂക്കളുടെ നിറകാഴചകളും മാത്രം. 

ആമ്പൽപൂക്കൾ നിറഞ്ഞ അമ്പലകുളത്തിൽ എല്ലാ ദിവസവും താമരപൂക്കൾ വിരിഞ്ഞിട്ടുണ്ടാകും. മനസ്സിലൊരു ആനന്ദമായിരുന്നു താമരപൂക്കൾ കാണുന്നത്. അനിർവചനീയമായ ആനന്ദം. അമ്പലക്കുളത്തിന്റെ കൽപടവുകളിൽ ഇരുന്ന് ഞാൻ കാണും. കൽപടവുകൾ കാണുമ്പോൾ എന്റെ മനസ്സിൽ നിറയെ ഒരായിരം വർണ്ണങ്ങളായിരുന്നു. 

ഉത്സവത്തിന് കൊടിയേറിയാൽ ചെറിയമ്മയുടെ കുട്ടികൾ വീട്ടിൽ വരും. മൂന്നോ നാലോ ദിവസം കാണും. അവരെയും കൂടെ കൂട്ടിയായിരിക്കും പിന്നീടുള്ള എന്റെ യാത്രകൾ. ഗ്രാമം മുഴുവനും ചുറ്റി കാണിക്കും. അങ്ങകലെ മഞ്ചാടിക്കുന്നിൽ  ഒരു മരത്തിൽ വള്ളിയിൽ  നിറയെ  മഞ്ചാടിമണികൾ കാണാം. നിലത്തുവീണ മഞ്ചാടിമണികൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുവരും. പുസ്തകത്തിൽ  നിധിപോലെ കാത്തുവച്ച മയിൽപീലിയുടെ പുറത്ത് മഞ്ചാടിമണികൾ പെറുക്കി വെച്ച് കാണും. ആ ദൃശ്യഭംഗി കണ്ണിന് കുളിർമ്മയേകുന്ന ഒന്നു തന്നെയാണ്. എല്ലാവരും കൂടുമ്പോൾ വീടാകെ ഉണരും. ചേച്ചിമാരും അനിയന്മാരും ചെറിയമ്മയും അമ്മാവൻന്മാരും മുത്തശ്ശിയും ഒക്കെക്കൂടി വലിയൊരാഘോഷമായിരിക്കും.

ഹൈസ്കൂളിൽ ആയപ്പോൾ അച്ഛൻ ഒരു പുതിയ സൈക്കിൾ വാങ്ങി തന്നു. വളരെനാൾ അഗ്രഹിച്ചു കിട്ടിയ സൈക്കിൾ. പിന്നെ അതിലായി കൂട്ടുകാരുമൊത്തുള്ള കറക്കം. ഉത്സവത്തിന് കൊടിയേറിയാൽ പിന്നെ എന്റെ മനസ്സിൽ ആറാട്ടായിരുന്നു. പിന്നെ ഞങ്ങളുടെ രാത്രികൾ ഉത്സവപറമ്പിലായിരിക്കും. ദിവസവും ഒരോ കലാപരിപാടികൾ കാണും. ആനപ്പുറത്ത് കയറാൻ അതിയായ മോഹമായിരുന്നു ആ കാലത്ത്. ഒരിക്കൽ ഉത്സവത്തിന് ആന ഇടഞ്ഞ ഒരു സംഭവം ഉണ്ടായി. അന്ന് ഞാൻ അഞ്ചാം  ക്ലാസിൽ പഠിക്കുന്നു. അച്ഛന്റെ കൈ പിടിച്ച് ദൂരെ മാറിനിന്നത് ഇന്നും ഭീതിയോടെ ഓർക്കുന്നു.

ചില രാത്രികളിൽ സുഹൃത്തുക്കളുമൊത്ത് പുഴയുടെ തീരത്തെ മണൽപുറത്തിരിക്കും. നീല നിലാവിൽ ചന്ദ്രോദയവും കണ്ട് കാറ്റിനോടൊപ്പം ഒഴുകിവരുന്ന ഭാഗവതരുടെ സംഗീതവും കേട്ട് അങ്ങനെയങ്ങിരിക്കും, ചിലപ്പോൾ രാവുകൾ നീളും. ആധുനിക സംഗീതമൊന്നും അതിനെ തടുക്കാൻ കഴിയുമായിരുന്നില്ല. 

പകൽ സമയങ്ങളിൽ പ്രായമുള്ളവർ ആൽത്തറയിൽ കൂടാറുണ്ടായിരുന്നു. അവരുടെതായിട്ടുള്ള ചിന്തകളിലും വർത്തമാനത്തിലും മുഴുകി ഇരിക്കും. ഞങ്ങൾ കുട്ടികൾ ആ ഭാഗത്തൊന്നും പോകാറില്ലായിരുന്നു. പലപ്പോഴും ഉപദേശവും ശാകാരവും കിട്ടുമായിരുന്നു. 

കോളേജ് കാലഘട്ടം വരെ എന്റെ നാടും ഈ പുഴയും, അമ്പലത്തിലെ ഉത്സവങ്ങളും എല്ലാം എനിക്കൊരു സ്വർഗ്ഗമായിരുന്നു. ഇന്ന് എല്ലാം എനിക്ക് നഷ്ടവസന്തങ്ങളായി മാറി. ഒരിക്കലും മടങ്ങി വരികയില്ല എന്ന ബോധ്യമുണ്ടായിട്ടും അയാൾ തന്റെ ബാല്യകാലത്തേക്ക് പോകാൻ ആഗ്രഹിച്ചു. 

പഴയകാല ഓർമ്മയിലേക്ക് പോയപ്പോൾ തന്നെ എന്റെ മനസിൽ വല്ലാത്ത ശാന്തത അനുഭവപ്പെട്ടു. വലിയ ഒരു ഭാരം ഇറക്കി വച്ചതു പോലെ. ദീർഘനിശ്വാസത്തിനു ശേഷം കൽപടവുകളിൽ നിന്ന് എഴുന്നേറ്റ്, വീണ്ടും ഒരു പ്രാവശ്യം കൂടി കൽപടവുകളിൽ സപ്ർശിച്ച് ഒരു നല്ല ദിനത്തിന്റെ ഓർമ്മകൾ ആസ്വദിച്ച്, അൽപനേരം കൂടി അവിടെ നിന്നു.

നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് അയാളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ശബ്ദിച്ചു. ഓഫീസിലെ എന്തോ പ്രധാന കാര്യം പറയാൻ വേണ്ടി കൂടെ ജോലി ചെയ്യുന്ന ആളാണ് വിളിച്ചത്. മനസാകെ അസ്വസ്ഥമായി. അയാൾ വളരെ ചിന്താകുലനായി ചുറ്റുപ്പാടുകൾ ശ്രദ്ധിക്കാതെ അവിടെ നിന്ന് മടങ്ങുവാൻ ഒരുങ്ങി. വീണ്ടും തിരക്കേറിയ ഇന്നത്തെ ലോകത്തേക്ക് വളരെ വേഗം മാറി കഴിഞ്ഞിരുന്നു.

കറുപ്പും വെളുപ്പും നിറഞ്ഞ ജീവിത യാഥാർഥ്യങ്ങളിൽ പ്രകൃതി നന്മകൾ മാത്രമേ നമുക്കു നൽകിയിട്ടുള്ളൂ. ഇത്രയേറെ നന്മകളും പൂക്കാലങ്ങളും തന്നിട്ടും, അയാൾ ഇല്ലാത്ത നിധി തേടി തിരക്കേറിയ ജീവിതത്തിലേക്ക് പോകുന്നു. പ്രകൃതിയെ നശിപ്പിച്ചും മലിനപ്പെടുത്തിയും വസന്തങ്ങളെല്ലാം ഇല്ലാതാക്കി. പൂക്കൾ വിടരുന്നു കൊഴിയുന്നു. ഇതെല്ലാം കണ്ടിട്ടും, അനുഭവിച്ചിട്ടും ഓർമ്മയിൽ പൂക്കാലം തേടി എത്തുമ്പോളും അയാൾ വീണ്ടും തിരിഞ്ഞു നടന്നു കൃത്രിമത്വം നിറഞ്ഞ ന്യൂജനറേഷൻ ലോകത്തേക്ക്…. 

English Summary : Pookalam Thedi Varumbol Story By Cecil Mathew

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;