sections
MORE

വേഗം എഴുന്നേറ്റ് ഉടുപ്പ് മാറ് കൊച്ചേ; അമ്മയുടെ ഒച്ചയിൽ കലിപ്പ്, അവളാണെങ്കിൽ അറപ്പോടെ ഇത്തിരി മാറി നിൽക്കുന്നു...

പുറപ്പെട്ടു പോക്ക് (കഥ)
SHARE

പുറപ്പെട്ടു പോക്ക് (കഥ)

അന്ന് എന്റെ ലോകത്തിന്റെ അതിര് പറമ്പിന്റെ കിഴക്കേ മൂലയ്ക്കായി കയ്യാലയിൽ നിന്നും താഴെ കൈത്തോട്ടിലേക്കിറങ്ങുന്ന കരിങ്കൽ പടികളായിരുന്നു. അതുകൊണ്ടാണ്  അത് വരെയുള്ള എന്റെ സകല സമ്പാദ്യവും പേറുന്ന അലുമിനിയം പെട്ടിയുമായി എങ്ങോട്ടു പോകണം എന്നറിയാതെ കണ്ണുനീരുമൊലിപ്പിച്ചു ഞാൻ അവയിലൊന്നിൽ ഇരുന്നത്.

ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത് നാളെ നേരം വെളുക്കുമ്പോൾ ഞാൻ നല്ലൊരു കുട്ടിയായി മാറും എന്ന ദൃഢ പ്രതിജ്ഞയുമായായിരുന്നു. ഓരോ ദിവസ്സവും പുതിയ തുടക്കമാണെന്നും നിങ്ങൾക്കുള്ള പുതിയ അവസരമെന്നുമൊക്കെ പിന്നീട്  വ്യക്തിത്വ വികസന ക്ലാസുകളിലെ സാറന്മാർ പ്രസംഗിച്ചു കേൾക്കുന്നതിനും ഏറെ കൊല്ലങ്ങൾ മുൻപാണിത്.

രാവിലെ നേരത്തെ എഴുന്നേറ്റ് പല്ലു തേക്കുന്നതിനൊപ്പം മാമ്പഴം വീണിട്ടുണ്ടെൽ പെറുക്കണം. കിണറ്റിൻ കരയിലെ ആത്ത മരത്തിൽ കേറി ഞെങ്ങി തുടങ്ങിയ ആത്തയ്ക്ക പറിച്ചു അടുക്കളയിലെ കൊട്ടയിൽ വയ്ക്കണം , മുറ്റത്തും പ്ലാവിന്റെ ചോട്ടിലും വീണു കിടക്കുന്ന പഴുത്തതും പച്ചയുമായ പ്ലാവിലകൾ  അമ്മിണി ആടിനും കുഞ്ഞുങ്ങൾക്കുമായി ഈർക്കിലിയിൽ കുത്തിയെടുത്തു കൊടുക്കണമെന്നും ചോറുണ്ണാനിരി ക്കുമ്പോൾ മേശക്കടിയിലൂടെ കാലെത്തിച്ചു ചേച്ചിയെ ചവിട്ടരുതെന്നും  സ്ളേറ്റിന്റെ ഒരു വശത്തു  ഒന്ന് മുതൽ 50  വരെ തെറ്റാതെ എഴുതണം എന്നുമൊക്കെ ഓർത്തു കിടന്നാണ് ഉറങ്ങാറ്.

ചിലപ്പോഴൊക്കെ പൊട്ടിയ ഓടിനിടയിലൂടെ കാണാവുന്ന ആകാശത്തിലെ  നക്ഷത്രങ്ങൾക്കിടയിലൂടെ കന്യാസ്ത്രീ അമ്മ  ഓരോ വീട്ടിലെയും കാര്യങ്ങൾ നോക്കാൻ പോകുന്നത് കണ്ടിട്ടുറങ്ങാം എന്ന് കരുതി കണ്ണിമ അടയ്ക്കാതെ നോക്കികിടക്കും. എപ്പോഴാണ് ഉറങ്ങുന്നത് എന്നറിയാറില്ല. പക്ഷേ ഉറക്കത്തിൽ മിക്കവാറും ഞാൻ ഓടുകയായിരിക്കും. ചിലപ്പോൾ ചിറ വക്കത്തെ  പാടവരമ്പിലൂടെ. എന്റെ പിന്നാലെ ഓടുന്ന കൂട്ടുകാർ എത്ര അകലത്തിലാണെന്നു ഇടയ്ക്കിടെ  തിരിഞ്ഞു നോക്കി അല്ലെങ്കിൽ തുറസ്സായ  കോർട്ടേഴ്‌സ് മലയിൽ പുല്ലു തിന്നാനായി അഴിച്ചു വിട്ടിരിക്കുന്ന ആടുകളുടെയും പശുക്കളുടെയും ഇടയിലൂടെ.

ഓടി മടുക്കുമ്പോൾ മരത്തിൽ കയറും മുറ്റത്തെ കെട്ടു പിണഞ്ഞ നാട്ടുമാവിന്റെ കൊമ്പുകളിപ്പോടെ താഴെ വീഴാതെ സൂക്ഷിച്ച് ഓരോ കാലും മെല്ലെ അടുത്ത കൊമ്പിലേയ്ക്ക് ചവിട്ടി ബലമായുറച്ചു എന്ന് കണ്ടാൽ മാത്രം അടുത്ത പാദം വച്ച് പറമ്പിന്റെ നടുക്ക് നാലു വശത്തേക്കും ശിഖരങ്ങൾ വിടർത്തി വലുതായി നിന്ന കശുമാവിന്റെ താഴേയ്ക്ക് ചാഞ്ഞു കിടന്ന കൊമ്പിലൂടെ കടിച്ചാൽ പ്രാണൻ പോകുന്ന വേദന തരുന്ന ചുമപ്പൻ നിസർ ഉറുമ്പിനെ പോലെ ഊർന്നു താഴെ പോകാതെ പിടിയ്ക്കാൻ ബലമുള്ള കമ്പ് കിട്ടുന്നത് വരെ  ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി.

മുകളിൽ നിറയെ പഴുത്ത കശുമാങ്ങകളുണ്ട്. ഉടുപ്പിൽ കറയായാലും  വേണ്ടില്ല പഴങ്ങൾ താഴെ വീണു ചതയരുത്. കശുവണ്ടികൾ  പെറുക്കി കൂട്ടിയിട്ടു വേണം മുതിർന്ന ആരെയെങ്കിലും ചാക്കിട്ടു തീ കൂട്ടിച്ചു അവന്മാരെ ചുട്ടു തിന്നാൻ. കടലാസ്സിൽ തീ പിടിപ്പിച്ചിട്ടു തെങ്ങോലയുടെ തുമ്പും റബ്ബറിന്റെ  ഉണക്ക ചുള്ളികളും  റബർ കായുമൊക്കെ ഇട്ടാൽ തീ കിട്ടും.

അതിലേയ്ക്ക് കശുവണ്ടി ഇടണം. തീ കെട്ടുപോകാതെ ചുള്ളികൾ ഇട്ടു കൊണ്ടേയിരിക്കണം . കുറച്ചു കഴിയുമ്പോൾ അണ്ടി പരിപ്പ് വേവുന്നതിന്റെ നല്ല മണം  വരും. കമ്പ് കൊണ്ട് കനലിൽ നിന്നും കറുത്ത കശുവണ്ടിയെ കുത്തി മാറ്റി ഇടണം. തണുത്തു കഴിഞ്ഞാൽ കരിങ്കൽ ചീള് കൊണ്ട് തോട് പൊട്ടിക്കണം , അതിന്റെ ചെന വീണാൽ ദേഹം പൊള്ളി പാട് വീഴും. ഉടുപ്പിലാകെ കറയുമാകും. എന്നാലും ചുട്ട പരിപ്പിന്റെ രുചി.

കശുവണ്ടി വേവുന്ന മണം എത്തുമ്പോൾ അമ്മയ്ക്കറിയാം. കുറ്റിക്കാട്ടിലെവിടെയോ ഞങ്ങളുണ്ടെന്ന്. പൊങ്ങല്യത്തിന്റെ വടി മുന്നിൽ , പിന്നാലെ അമ്മ .  ആ ഓട്ടത്തിലാണ് പറമ്പിൽ പുതിയ വഴികൾ തെളിയാറ്.  ഓടി ഓടി ഏതെങ്കിലും കൊങ്ങിണിക്കാട്ടിലോ പണ്ട്  മതില്  പണിയാൻ അപ്പാപ്പൻ ഇറക്കിയിട്ട കരിങ്കല്ലുകൾക്കിടയിലോ മറഞ്ഞിരിക്കും . മിക്കവാറും അപ്പോഴാണ് മുള്ളാൻ മുട്ടാറ്. 

തിരിച്ചു പോയി വീട്ടിൽ ചെന്ന് മുള്ളാനൊന്നും പറ്റില്ല. പോണ വഴി അമ്മയുടെ മുന്നിൽ പെടാനും മതി .  ഏതെങ്കിലും കല്ലിന്റെ മുകളിൽ കേറി ഇരുന്നു കാലിലേക്ക് നനവ് വീഴാതെ മുള്ളിയേക്കാം.  മൂത്രത്തിൽ താഴെയുള്ള മണ്ണ് കുഴഞ്ഞു മറിഞ്ഞൊഴുകുന്നത് കണ്ടു രസിച്ചിരിക്കുമ്പോഴാണ് മിക്കവാറും അവളുടെ ചിണുങ്ങൽ

‘‘അമ്മേ ദാണ്ടെ ഇവള് പിന്നെയും എന്റെ മേത്തേയ്ക്കു മുള്ളി. ഈ കിടന്നു മുള്ളിയെ എന്റെ അടുത്ത് കിടത്തണ്ടാന്നു ഞാൻ പറഞ്ഞതല്ലേ ’’

കണ്ണ് തുറക്കുമ്പോൾ പെട്ടന്ന് മോളിൽ നട്ടുച്ചയായതു പോലെ കിടപ്പു മുറിയിലെ ബൾബ് തെളിയുന്നു. എന്റെ കണ്ണ് മഞ്ഞളിച്ചു പോയി. ചുറ്റിലുമുള്ളവരുടെ മുഖങ്ങൾ തിരിയാതെ  ഞാൻ കണ്ണ് വീണ്ടു വീണ്ടും തിരുമ്മി എഴുന്നേറ്റു. പെറ്റിക്കോട്ടും പുതപ്പും നനഞ്ഞൊട്ടി നിൽക്കുന്നു. കിടക്കയിൽ വലിയ ഒരു വൃത്തം. അവളുടെ ഉടുപ്പിലും നനവ്. മുള്ളിയത് ആദ്യം അറിഞ്ഞിരുന്നേൽ അവളാണെന്നു പറഞ്ഞു നോക്കാമായിരുന്നു .

‘വേഗം എഴുന്നേറ്റു ഉടുപ്പ് മാറ് കൊച്ചെ, അമ്മയുടെ ഒച്ചയിൽ കലിപ്പ്’

അവളാണെങ്കിൽ അട്ടയെ ചവിട്ടിയത് പോലെ അറപ്പോടെ ഇത്തിരി മാറി നിൽക്കുന്നു. തണുത്തു വിറയ്ക്കുന്നു എന്നതിലുപരി എന്റെ അഭിമാനം തകർന്നു തരിപ്പണമായി. ഞാനിതാ ഇവർക്ക് രണ്ടു പേർക്കും ചവിട്ടി അരിക്കാവുന്ന ഒരു പുഴു.  മുത്തപ്പാ എന്നാലും എന്നെ കൊണ്ട് ഇത് ചെയ്യിച്ചല്ലോ. പുതയ്ക്കാൻ കിട്ടിയത് അപ്പന്റെ കൈലി മുണ്ടാണ്. നല്ല നേരത്തായിരുന്നേൽ പൂക്കളുള്ള പുതപ്പു വേണമെന്ന് വാശി പിടിക്കാമായിരുന്നു. ഇതിപ്പോ കൈലി എങ്കിൽ കൈലി. ഈ നേരത്തു തോർത്ത് മുണ്ടു തരുന്നതും അവരുടെ കനിവെന്നു കരുതണം. തണുപ്പ് വീണ കിടക്കയുടെ അങ്ങേ ഓരത്തു അവശയായി കിട്ടിയ കൈലിയിൽ മുഖമൊളിപ്പിച്ചു രാത്രിയുടെ ബാക്കി ഭാഗം ഉറങ്ങി തീർത്തു.

നേരം വെളുത്തപ്പോൾ കണിയായി  ഇന്നലെയുടെ ബാക്കിപത്രമായി ബക്കറ്റിലെ വെള്ളത്തിൽ ഉടുപ്പും പുതപ്പും മുങ്ങിക്കിടക്കുന്നു. മുറിയിൽ സാമാന്യം നല്ല മൂത്ര മണം. പല്ലു തേച്ചു വന്നപ്പോൾ തന്ന ചായ കുടിച്ചു കൊണ്ട് അടുക്കള വാതിൽക്കൽ പുറത്തേയ്ക്കു നോക്കിയിരുന്നപ്പോൾ  പിന്നിൽ ഒരു പറച്ചിൽ 

‘ങ്ങും കുടിയ്ക്ക്... കുടിയ്ക്ക്’...

അവൾക്കാണെങ്കിൽ ചില കല്യാണ പെണ്ണുങ്ങളുടെ മോന്തയിൽ കാണാറുള്ള പോലെ സന്തോഷത്തിന്റെ വേലിയേറ്റം. അതവൾ കഷ്ടപ്പെട്ട് മറച്ചു പല്ലു തേയ്ച്ചു തുപ്പുന്നു. തിരിച്ചു ഒന്നും മിണ്ടിയില്ല. അപ്പൻ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു. ഇനി ഈ കഥ ഇവരെക്കൊണ്ട് വീണ്ടും ഇവിടെ പറയിപ്പിച്ചു അപ്പനെയും റബർ പാലിൽ ആസിഡൊഴിച്ചു ഇളക്കി കൊണ്ടിരിക്കുന്ന കൃഷ്ണൻ ചേട്ടനെയും കേൾപ്പിക്കണ്ട.  

എല്ലാം സഹിച്ചു സ്കൂളിൽ പോകാൻ ഞാൻ യാത്ര ആവാൻ നിന്നതാണ്. അപ്പോഴാണ് പുതിയ കൽപന 

‘കുളിച്ചിട്ടു സ്കൂളിൽ പോയ മതി എന്ന്’

ഇന്നലെ വൈകിട്ട് ചന്ദ്രിക സോപ്പ് തേച്ചു ഞാൻ കുളിച്ചതാണ്. ഒന്നുറങ്ങി എഴുന്നേറ്റതേയുള്ളു. ഇനിയും കുളിക്കണം പോലും. വന്നിട്ട് കുളിക്കാമെന്നു ഞാൻ പറഞ്ഞു. സമ്മതിച്ചില്ല.അല്ലെങ്കിലും എനിക്ക് എന്തെങ്കിലും വില ഈ വീട്ടിലുണ്ടോ. എല്ലാം അവരല്ലേ തീരുമാനിക്കുന്നത്. എപ്പോ കുളിക്കണം, തിന്നണം , എന്ത് ഉടുപ്പിടണം, മുടി എങ്ങനെ കെട്ടണം, ആരോടൊക്കെ മിണ്ടണം.. 

കുളിക്കാതെ മടി പിടിച്ചു നിന്നപ്പോൾ , അവളുടെ വക ഒരു ഇൻസ്‌പെക്ഷൻ.

‘അയ്യേ മുടി വരെ നാറുന്നു’

‘പിന്നെ... മൂത്രത്തിന്റെ മണം. ഇവളാരു പട്ടിക്കുഞ്ഞോ മണം പിടിക്കാൻ.

ഞാൻ കുളിക്കാൻ പോയില്ല. അപ്പോഴാണ് അമ്മ പറഞ്ഞത്. കുളിക്കാതെ നീ സ്കൂളി പോകണ്ട എന്ന്.

അതെനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു. ഇന്നാലോചിക്കുമ്പോൾ പള്ളിക്കൂടത്തി പോകാൻ വേണ്ടി വഴക്കുണ്ടാക്കി മലാല വെടിയുണ്ട വരെ ഏറ്റു വാങ്ങി  നോബൽ മേടിച്ചു.  പിന്നെയാണ് നമ്മൾ.

പെൺപിള്ളാരുടെ വിദ്യാഭ്യാസം വരെ നിഷേധിക്കുന്ന ഈ വീട്ടിൽ ഇനി ജീവിക്കാൻ വയ്യ എന്നുറപ്പിച്ചാണ് ഇട്ടിരുന്ന പെറ്റിക്കോട്ടിൽ പാരഗൺ വള്ളി ചെരുപ്പ് പോലുമിടാതെ എന്റെ അലുമിനിയം പെട്ടിയുമായി ഞാൻ വീട് വിട്ടിറങ്ങിയത്. പുറപ്പാട് .. ഇത് എനിക്ക് പാരമ്പര്യമായി കിട്ടിയതാണ് . അമ്മാവന്മാരും  അപ്പനപ്പൂപ്പന്മാരു

മൊക്കെ ഇങ്ങനെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന്  തുണിയും വാരിക്കെട്ടി സഞ്ചിയിലാക്കി പോകുന്നവരായിരുന്നു.

പറമ്പിന്റെ മൂലയ്ക്കുള്ള കുത്തു കല്ലിറങ്ങുന്നതു വരെ ഞാൻ വാശിയിലായിരുന്നു. പിന്നെ കൈത്തോട്ടിലെ വെള്ളത്തിൽ കാല് നനഞ്ഞു തലയിലെ ചൂട് ഒന്നിറങ്ങിയപ്പോഴാണ് എങ്ങോട്ടു പോകും  എന്ത് തിന്നും എന്നോർത്തതും കരഞ്ഞു കണ്ണീരൊഴുക്കി തിരികെ വന്നു കുത്തു കല്ലിൽ ഇരുന്നതും.

English Summary : Purapettu Pokku Story By Seema Stalin

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;