ഞങ്ങളുടെ വരവ് കണ്ടാൽ വല്ലിമ്മ അകത്തേക്ക്  പോകും; ഒന്നും മിണ്ടാതെ മൂടി പുതച്ചു കിടക്കും രോഗിയെ പോലെ...

ഉമ്മാടെ കൂടെ (കഥ)
SHARE

ഉമ്മാടെ കൂടെ (കഥ)

ഉമ്മാടെ കൂടെ വല്ലിമ്മാടെ വെളിയങ്കോട്ടെ തറവാട്ടിൽ പോകാൻ എന്തൊരു ഉത്സാഹമായിരുന്നു. പുതു പൊന്നാനി കടവ് വരെ മാത്രമേ ബസ് ഉള്ളൂ. ആശുപത്രി വരെ പോകണം ബസ്സു കിട്ടാൻ. അതിനു മുന്നേ ഒരു കടവുണ്ട്. കുണ്ടിച്ചിറ കടവ്. ആ കടവത്തു എത്തണമെങ്കിൽ തന്നെ അന്ന് ഒരു പാട് നേരമെടുക്കും. വീട്ടിൽ നിന്നും ഇറങ്ങി കടവിലെത്തും മുന്നേ ഉമ്മ വഴിയിൽ കാണുന്ന പെണ്ണുങ്ങളോടൊക്കെ  സംസാരിക്കും.

‘ഓട്ക്കാ..കത്യോ..?’

‘കുടീ.....ക്കാ’

‘എന്താ അന്റെ മ്മാടെ ബിവരം ..?  അയ്സുത്താ ഇപ്പൊ ഇങ്ങോട്ടൊന്നും വരാറേ ഇല്ലല്ലോ’

‘ മ്മയ്ക്ക് സുഖം തന്നെ. അയന് ഇങ്ങണ്ടു മാത്രം വന്നാൽ. പോരല്ലോ ....?   .എന്താ അന്റെം കുട്ട്യോൾടേം വിവരം സുഖല്ലേ’

ഈ ചോദ്യങ്ങൾ കടവ് വരെ വഴിയോര വീടുകളിൽ നിന്നും കേൾക്കാം കടവ് എത്തിയാൽ കുഞ്ഞോളങ്ങൾ തിരമാലകൾ തീർക്കുന്ന കനാലിന്റെ ഭംഗിയും വലവീശുന്ന മീൻകാരനും മൺപാത്രങ്ങൾ അടക്കി വെക്കുന്ന കടവുകാരന്റെ ഭാര്യയും കനാലിലൂടെ ഒഴുകി വരുന്ന പുര വഞ്ചികൾ കടവത്തു അടുക്കുമ്പോൾ അതിലുള്ള സാധനങ്ങൾ ഇറക്കി വെക്കാൻ വെമ്പെൽ കൂട്ടുന്ന  തലച്ചുമട് തൊഴിലാളിയും. അക്കരെ വഞ്ചി കാത്തു നിൽക്കുന്ന യാത്രക്കാരും.

വഞ്ചി എപ്പോഴും കടവിത്ത് മുഴുവൻ അടുപ്പിക്കില്ല. അതിലേക്കു കയറാൻ പേടിയാണ്. പിന്നെ ഇളകി ഇളകിയാടുന്ന കൊച്ചു തിരകൾക്കൊപ്പം വഞ്ചിയുടെ ചലനത്തിൽ തല കറങ്ങുന്നത് പോലെ തോന്നും. അതിശയത്തോടെ വഞ്ചിക്കാരനെ നോക്കി നിൽക്കും. എന്തൊരു അഭ്യാസിയാണ് അയാൾ. കഴുക്കോൽ കുത്തി വഞ്ചി തിരിക്കുന്നത് എന്തൊരു രസമാണ്. അയാളുടെ ചുണ്ടുകളുടെ കോണിൽ എപ്പോഴും  കാജാ ബീഡിയുടെ എരിയുന്ന പുക.

ചുണ്ടിൽ നിന്നും ബീഡി എടുക്കാതെ തന്നെ അയാൾ വലിച്ചു തീർക്കും. ആരോടും   ചങ്ങാത്തം കൂടില്ല അയാൾ.

കാരണം ആളുകള് കാശ് കൊടുക്കാതെ പറ്റിച്ചാലോ എന്ന് കരുതിയാണോ?   മിക്ക ആളുകളും വഞ്ചിയിൽ നിന്നും ഇറങ്ങുമ്പോൾ പറയുന്നത് കേൾക്കാം.

‘‘ഇക്കാ... തിരിച്ചു വരുമ്പോ തരാട്ടാ’’

അയാളൊന്നു നോക്കും ..ചിലരുടെ പറ്റിക്കൽ അയാൾ അറിഞ്ഞു കൊണ്ട് തന്നെ മൗനം പാലിക്കും. കൊടുത്താൽ വാങ്ങും ഇല്ലെങ്കിൽ ഒന്നും മിണ്ടാതെ വീണ്ടും അക്കരെക്കു വഞ്ചി തുഴയും. വഞ്ചിയിൽ നിന്നും ഇറങ്ങുമ്പോൾ ഉമ്മ പറയും.

‘‘അവളക്കാ( അബ്ദുള്ള ക്കാ എന്ന പേര് ചുരുങ്ങിയതാണ്.) ഞങ്ങൾ വരുമ്പോ തരാ ട്ടാ ’’

അയാൾ തലയാട്ടും. ബീഡി പുക ഊതി വിട്ടു ബാക്കിയുള്ള കുറ്റി ബീഡി പല്ല് കൊണ്ട് കടിച്ചു പിടിച്ചു ചോദിക്കും.

‘‘ അബോക്കറിനു ഇപ്പൊ കച്ചോടോം ഇല്ലേ. ഓനെ കണ്ടിട്ട് ഇച്ചിരെ കാലായി. ചോയിച്ചിന്ന് പറയീൻ. ഉമ്മാക്ക് സുഖല്ലേ ? മയമുണ്ണീടെ  കച്ചോടം എങ്ങിനെ ഉണ്ട്?’’ 

പല ചോദ്യങ്ങൾ ഒറ്റ ശ്വാസത്തിൽ. ഉമ്മ എല്ലാത്തിനും കൂടി ഒറ്റ മറുപടി.

‘എല്ലാർക്കും സുഖാണ്’

കടവ് കടന്നു അക്കരെ എത്തിയാൽ കാലിലെ ഉപ്പുവെള്ളം പുത്തൻ ചെരുപ്പിനെ പരിക്കേൽപ്പിക്കുമോ  എന്ന പേടി. പഞ്ചസാര തരികൾ പോലുള്ള  വെളുത്ത മൺതരികൾ വെള്ളം നനഞ്ഞ കാലിലും ചെരുപ്പിലുമാവു മ്പോൾ  കാലിനെ അലോസരപ്പെടുത്തും. പിന്നെയും ഒന്നര കിലോമീറ്റർ നടക്കണം. പിന്നീടുള്ള യാത്ര .പാട വരമ്പത്തു കൂടെയാണ് പാടത്തേക്കിറങ്ങും മുന്നേ വഴിവക്കിലൊരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടമുണ്ട്. അവിടെ ഉണക്ക മീനോ മറ്റോ സൂക്ഷിച്ചു വെച്ചിരിക്കയാണെന്നു തോന്നുന്നു. പാതിപൊളിഞ്ഞ  അവശിഷ്ടങ്ങൾക്കിടയിൽ  തണൽ കിട്ടുന്നിടത്തുന്നു  കുറച്ചുപേരെപ്പോഴും സൊറ പറഞ്ഞിരിക്കുന്നതും  പടവെട്ടു  കളിക്കുന്നതും കാണാം.

രണ്ടു ഭാഗത്തും നിൽക്കുന്ന  തെങ്ങുകൾ നോക്കി നടക്കുമ്പോൾ എന്തൊരു രസമാണ്. വരിവരിയായി  ജാഥ നയിക്കും പോലെ  തെങ്ങുകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്   തെങ്ങുകൾക്ക് ഭ്രാന്തു പിടിച്ചു കായ്ച്ചു നിൽക്കുന്ന  കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.

പാടത്തിനോടു ചേർന്ന് നിൽക്കുന്ന  തെങ്ങുകളിൽ കുല നിറയെ തേങ്ങകൾ ..ഉമ്മയും ആ സൗന്ദര്യം ആസ്വദിച്ചിരുന്നു.

(കുണ്ടിച്ചിറ പാലം പണി വന്നപ്പോൾ വെട്ടുകാരൻ ഉമ്മർക്ക അത് മുറിച്ചു മാറ്റുന്നത് കണ്ടപ്പോൾ ശരിക്കുംഅന്നെന്റെ കുഞ്ഞു മനസ്സ് വേദനിച്ചു. പാടം മുഴുവനും ചിതറി കിടക്കുന്ന ഇളം കരിക്കുകൾ പെറുക്കി കൂട്ടുന്ന ആളുകള്. എത്രയെടുത്താലും തീരാത്തയത്ര ഇളനീർ ..ഉമ്മർക്ക തെങ്ങുകൾ വെട്ടിക്കൊണ്ടിരിക്കുന്നു)

ഞങ്ങൾ പാലപ്പെട്ടി ആശുപത്രിക്ക് അടുത്തെത്തിയാൽ പിന്നെ കാണുന്ന കാഴ്ച രസകരമാണ്. പാലപ്പെട്ടി കടപ്പുറത്ത് നിന്നും മീൻ കൊട്ട തലയിൽ വെച്ചും കാവുകളിൽ ആക്കിയും വരുന്ന മീൻ കച്ചവടക്കാർ കാഴ്ചകൾ ആണ്. അവരുടെ പൂക്കു വിളികളിൽ ഒരു പ്രത്യേക   സംഗീതമാണ് ‘..പൂ...ഊ...ഊ..വേയി’  അവർ ഉറക്കെ പൂകിവിളിക്കും..അന്നൊന്നും ഐസ് ഇട്ട മീൻ വിൽക്കുന്ന പരിപാടിയില്ല .ഇനി ഐസ് ഇട്ട മീൻ കൊണ്ട് വന്നാൽ ആരും വാങ്ങുകയുമില്ല..അത് കൊണ്ട് മീൻ ചീയുംമുന്നേ വിറ്റു തീര്ക്കാൻ ഓടുകയാണ് ..മീൻ കച്ചവടക്കാർ.

‘നല്ല പെടക്കണ അയില. വാങ്ങിക്കൊളീൻ..ഇപ്പൊ കിട്ട്യാകിട്ടി ..ജീവൻ പോകാത്ത ചെമ്മീൻ ... മൻസൻമാരെ   വേണങ്കി വാങ്ങികൊള്ളീൻ’ ആരോടോ പറയുമ്പോലെ പറഞ്ഞു കൊണ്ട് അവർ ഓടും കുട്ടകൾ തലയിൽ വെച്ചും  കാവുകൾ തോളിലേറ്റിയും

ദൂരെ നിന്നും വരവറിയിച്ചു  ഹോൺ മുഴക്കിയാവും ബസ്സു വരിക. ബസ്സിന്റെ വരവ് ദൂരെനിന്നു കാണുമ്പോൾ മനസ്സിലൊരു സന്തോഷമുണ്ട്. ഉമ്മാനെ തോണ്ടി പറയും.

‘‘ഉമ്മാ….. യ്ക്ക്  സൈഡിലിരിക്കണം ട്ടാ ..ന്നെ ഇരുത്തൂലെ ?’’

സ്ത്രീകൾക്കുള്ള സീറ്റിൽ ഉമ്മ ഇരിക്കുമ്പോൾ ഉമ്മാടെ മടിയിൽ ഞാനും ഇരിക്കും. മുന്നിലൂടെ ഓടി മറയുന്ന പറങ്കിമാവിൻ തോട്ടങ്ങളും  ഞാവൽ ,മുരിങ്ങ, കാറ്റാടി മരങ്ങളും   എത്ര വേഗമാണ് എന്നിൽ നിന്നും പിറകിലേക്കോടുന്നത്.

എനിക്കാ കാഴ്ച  എന്തിഷ്ടമായിരുന്നെന്നോ. ഓടിയകലുന്ന  മരങ്ങൾ എന്നെ അദ്ഭുതപ്പെടുത്തും. ഉമ്മായെ തോണ്ടി ചോദിക്കും.

‘‘ആ മരങ്ങളൊക്കെ  എന്തായിങ്ങനെ ഓടിമറയുന്നത്’’

ഉമ്മ ചിരിക്കും. എന്നിട്ടു പറയും 

‘മരങ്ങളല്ല ..നമ്മളാണ് ഓടുന്നത്’

വെളിയങ്കോട് എത്തല്ലേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിക്കും എന്റെ ഇഷ്ടം നോക്കാതെ തന്നെ ബസ്സു എത്തേണ്ടിടത്തെത്തും. പുതുപൊന്നാനി കടവെത്തിയാൽ  ബസ്സിൽ  ഞങ്ങൾ കുറച്ചു പേർ മാത്രമേയുണ്ടാവൂ  

ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ ഉമ്മാടെ മുഖത്തു ഒരു പ്രത്യേക സന്തോഷം കാണാമായിരുന്നു. സ്വന്തം നാടെത്തിയാൽ ആർക്കുമുണ്ടാകുന്ന സന്തോഷം. ഇടവഴികളിലൂടെ പോകുമ്പോൾ ചകിരി ചീഞ്ഞ നാറ്റം എനിക്ക് സഹിക്കില്ല.

ഞാൻ ചോദിക്കും.

‘‘ഉമ്മാടെ  നാട്ടിലെത്തിയാ വെടക്കു മണമാ .. മൂക്കി പൊത്തിയല്ലാതെ നടക്കാനാവൂല.. ഹും ..യ്ക്ക്  സഹിക്കണില്ല്യട്ടാ’’

‘‘അത് ചകിരി പുഴയിൽ ഇട്ട ചീഞ്ഞ മണമാണ് മോനെ …കയറു പിരിക്കാൻ അമ്മുവും ചീരുവും..അവര്ക്കും ജീവിക്കേണ്ടേ ..!!’’

വല്ലിമ്മാടെ വീടെത്താൻ ഇനി കുറച്ചു ദൂരം മാത്രം...

ഇടവഴികളിലൂടെ പഞ്ചസാര മണലിലൂടെ പറങ്കിമാവിൻ തോപ്പിലൂടെ  ചെറിയ ചെറ്റകുടിലുകൾക്കിടയിലൂടെ  വേലി നിറയെ ചിറ്റാമൃതിൻ വള്ളികളും  കാരമരങ്ങളും  ആവണക്കിന് മരങ്ങളും  തോരണം ചാർത്തിയ  ഇടുങ്ങിയ വഴികളിലൂടെ  കൊച്ചു തോടുകൾ ചാലിട്ടൊഴുകുന്ന പറമ്പുകളിലൂടെ , ആ പറമ്പുകളിൽ  അവയിൽ കുഞ്ഞു മൽസ്യങ്ങൾ ഓടിനടക്കുന്നതും നോക്കി ഉമ്മാടെ പിറകെ ... പോകും വഴിയിലെല്ലാം ഉമ്മാടെ  ബാല്യകാല കൂട്ടുകാരികൾ ..അമ്മുവും ചീരുവും ആയിശുത്തായും ആമിനുത്തയും  ഉമ്മായുടെ കുടുംബക്കാരുടെയും വീടുകൾ.

വീട്ടിൽ നിന്നുമിറങ്ങി  ബസ്സു കയറാൻ വരുമ്പോൾ  സംസാരിക്കുന്ന ഉമ്മയുടെ സ്വഭാവം ഇവിടെയെത്തിയാൽ ഇല്ല. വല്ലിമ്മാനെ കാണാനുള്ള തിടുക്കമാവാം. എല്ലാവരോടും  പറയും.

‘ഉമ്മാനെ കണ്ടിട്ട് വരാട്ടാ  ..അല്ലെങ്കി യ്യി  അങ്ങോട്ട് വാ’

‘ചെല്ല് ചെല്ല്  അയ്സുമ്മാ  അന്നേ  കാണാതെ വിഷമിച്ചിരിക്ക്യാവും’

ഞങ്ങളുടെ വരവ് മുൻവശത്തെ  കട്ടിലിൽ ഇരുന്നു കണ്ടാൽ വല്ലിമ്മ അകത്തേക്ക്  പോകും .. ഒന്നും മിണ്ടാതെ മൂടി പുതച്ചു കിടക്കും രോഗിയെ പോലെ. വീടിനു മുന്നിലെത്തിയാ ഉമ്മ ഒന്ന് ചുമച്ചു ശബ്ദമുണ്ടാക്കും.

‘ആരും ഇല്ലേ ..എല്ലാരും എവിടെ പോയി ...?’

അകത്തു നിന്നും വല്ലിമ്മ ക്ഷീണിച്ച ശബ്ദത്തിൽ ചോദിക്കും.

‘ആരാ ..?   ആരായാലും ഇങ്ങോട്ട് പോരീൻ. ഞാൻ വയ്യാണ്ട് കിടക്കാണ്’

ഉമ്മയും ഞാനും അകത്തു കയറും. കയ്യിലുള്ള പലഹാരപ്പൊതി വല്ലിമ്മാടെ അരികിൽ വെക്കും ..വല്ലിമ്മാടെ കട്ടിലിനരികിൽ ഉമ്മ ഇരിക്കും ,കട്ടിലിൽ കിടക്കുന്ന വല്ലിമ്മാടെ തലയിൽ  വിരലുകളോടിച്ചു കൊണ്ട് പറയും.

‘ഉമ്മേ ..ഇത് ഞാനാ .. ങ്ങടെ  കത്യൂ.. എന്താ ഇങ്ങക്ക് വയ്യേ ..?’

‘ഏതു കത്യൂ ..? ഇന്റെ മോൾ കത്യോ ...ആ ..ഞാ മരിച്ചോന്നു   അറിയാൻ വന്നതാ ...അല്ലെ ..?’

വല്ലിമ്മ പിന്നെ എഴുന്നേറ്റിരിക്കും ..ഉമ്മ കൊണ്ട് വന്ന പൊതി എടുത്തു തലയിണക്ക് അരികിൽ വെക്കും ...എന്നെ നോക്കി ചിരിക്കും ..എന്നിട്ട് ഉമ്മാട് പറയും.

‘ട്യേ...ഓൻ പെണ്ണ് കെട്ടാൻ ആയല്ലോ ...?’

എന്റെ നാണം കൊണ്ട മുഖം നോക്കി വലിയുമ്മ ചിരിക്കും.

‘മയമുണ്ണിടെ ചിരി തന്നെ’

അമ്മായിയുടെ സ്പെഷ്യൽ പത്തിരിയും തേങ്ങാപ്പാലും പിന്നെ നെയ്യും പഞ്ചസാരയും കൂട്ടിയുള്ള ചായ കുടി കഴിഞ്ഞാൽ മാമന്റെ മോൻ സമദും ചേർന്നൊരു   ഓട്ടമാണ് പറങ്കിമാവ് തോട്ടത്തിലേക്ക് ..അവിടെ ഞങ്ങളെ കാത്ത് ഒരു പാട് കൂട്ടുകാരുണ്ടാവും. പിന്നെ മരം കയറിയുള്ള കളികൾ. പിന്നെ മാമന്റെ പലചരക്കു കടയിലേക്ക്. കൈ നിറയെ മിഠായി. ഉമ്മ വന്നു എന്നറിഞ്ഞാ മാമ വേഗം കട പൂട്ടി ഓടിയെത്തും. വലിയ ചെമ്മീനും ആവോലിയും ഉണ്ടാകും കയ്യിൽ. പക്ഷേ അധിക ദിവസം ഉണ്ടാവില്ല അവിടെ. പിറ്റേന്ന് കാലത്ത് പുറപ്പെടുമ്പോൾ വല്ലിമ്മാടെ രോദനം കേൾക്കാം.

‘ഞാൻ ഇവിടെ ആരുമില്ലാതെ ഒറ്റയ്ക്ക് കിടന്നു മരിച്ചോട്ടെ ..ഇങ്ങൾക്കൊന്നും ഒരു ദെണ്ണവും   ഇല്ലല്ലോ’

ഉമ്മ വല്ലിമ്മാനെ തലോടി പറയും.

‘രണ്ടീസം കഴിഞ്ഞാ ഞാൻ വരാം ..അവടെ ഉമ്മൂന്റെ മാപ്പള വരും ..അവരൊന്നു വന്നു പോയിക്കോട്ടെ’

ബസ്‌സ്റ്റാന്റ് വരെ മാമയും വരും. ബസിൽ കയറും വരെ കാത്തു നിൽക്കും.

‘ ന്നാ ഇയ്യി പൊയ്ക്കോ. ഞാൻ പിന്നെ വരാട്ടാ. ഈ ചെക്കനെ നല്ലോണം നോക്കിക്കോ. ഒരിടത്തും ഇരിക്കൂല .. ബസ്സിൽ നിന്റെടുത്തു തന്നെ ഇരുത്തിക്കോ. മക്കളെ ആരെങ്കിലും ഒന്ന് പറഞ്ഞയക്കണം ..മാങ്ങ പഴുക്കാർ ആയിട്ടുണ്ട്‌ ’

സൈക്കിളിന്റെ പിന്നിൽ മുരിങ്ങക്കായും ഉണക്ക ചെമ്മീനും ഉണ്ടാവും ഉമ്മാടെ കയ്യിൽ കൊടുക്കും .... കടവത്ത് നിന്നും ബസ്സ്  കയറി സൈഡ് സീറ്റിലിരിക്കുമ്പോൾ  പിറകോട്ടു നോക്കും ..മാമയുടെ പിറകിൽ  ദൂരെ നിന്നും കൈ വീശികാണിക്കുന്ന  സമദും ലത്തീഫും  മറ്റു കൂട്ടുകാരുമുണ്ടാവും  യാത്രയാക്കാൻ ... ഉറക്കെ ഹോണടിച്ചു  ഇനിയാരെങ്കിലുമുണ്ടോ എന്ന  വിളിയോടെ ബസ്സൊന്നുകൂടി  ഉറക്കെ എൻജിൻ ശബ്ദമുണ്ടാക്കും .... മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്നു  എന്നെ പിറകിലാക്കികൊണ്ടോടുന്ന മരങ്ങളെ നോക്കി ഇനിയെന്നെന്നു സങ്കടത്തോടെ യാത്രയാകും തിരികെ  വീട്ടിലേക്ക് ...

  

മറഞ്ഞുപോയ ബാല്യം. അതേ പാതയോരത്തുകൂടെ ഇന്നെത്രവട്ടം യാത്ര ചെയ്തു. ഒരിക്കലും  തിരികെ ലഭിക്കാത്ത ആ ബാല്യം  ആ വഴിയോരങ്ങൾ  ആ കൊച്ചു വീടുകൾ നിഷ്കളങ്കരായ നാട്ടുകാർ  കുശലംപറയാൻ സങ്കടപ്പെടാൻ  ഉമ്മയും വല്ലിമ്മമാരുമില്ലാത്ത വീടുകളിലേക്ക്  മനസ്സുകൊണ്ടെങ്കിലും ഇത്തിരി യാത്ര ചെയ്യാം.

English Summary : Ummade Koode Story By Abdul Kader Arakkal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;