sections
MORE

വെളുത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന നീളൻ പുല്ലുകളിൽ മുറുകെ പിടിച്ച് അവൻ കിടപ്പുണ്ടായിരുന്നു; ദൈവം അത്ര ക്രൂരനല്ല...

നീർച്ചാലുകൾ (കഥ)
പ്രതീകാത്മക ചിത്രം
SHARE

നീർച്ചാലുകൾ (കഥ)

തീർത്തും ആകസ്മികമായാണ് ആലൂരിൽ ഞാൻ വീണ്ടും എത്തിപ്പെടുന്നത്. ആ യാത്രയിൽ ആലൂർ വഴി കടന്നു പോകേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സത്യത്തിൽ ആലൂരൊക്കെ ഞാൻ മറന്നു കഴിഞ്ഞിരുന്നു. കൂടല്ലൂർക്കു പോകുകയായിരുന്നു ഒരു സുഹൃത്തിനൊപ്പം അയാളുടെ കാറിൽ. വടക്കാഞ്ചേരി എത്തിയപ്പോഴാണ് കൂടല്ലൂർക്ക് ഏതു വഴിക്ക് പോകണം എന്ന ചിന്താക്കുഴപ്പം ഉണ്ടായത്. അതുവരെയും  ഷൊർണൂർ– പട്ടാമ്പി– തൃത്താല– കൂടല്ലൂർ എന്നൊരു രൂപരേഖയിൽ  ആണ് കാർ നീങ്ങിക്കൊണ്ടിരുന്നത്.

കൂടെയുള്ള കൂട്ടുകാരൻ ഒന്നോ രണ്ടോ തവണ അവിടെ പോയിട്ടുള്ളത് ആ വഴിക്ക് തന്നെയാണ്. ഞാൻ കൂടല്ലൂർക്ക് ഇതുവരെയായിട്ടും പോയിട്ടില്ല. അതുകൊണ്ടുതന്നെ പോകേണ്ട വഴികളെക്കുറിച്ചുള്ള ധാരണയും നിർദേശവും എന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പക്ഷേ പട്ടാമ്പി വഴി അൽപം വളഞ്ഞതല്ലേ  എന്ന് എനിക്ക് തോന്നാതിരുന്നില്ല. സുഹൃത്ത് പറഞ്ഞത് പട്ടാമ്പി പാലം കഴിഞ്ഞു മുന്നിലേക്ക് വന്ന്  വലതു വശത്തു കൂടിയുള്ള റോഡിലൂടെ എട്ടു കിലോമീറ്ററോളം ചെന്നാൽ  കൂടല്ലൂർ ആയി എന്നാണ്. ചെറുതുരുത്തി എത്താറായപ്പോഴാണ് പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ആശയം രൂപപ്പെട്ടത്.

‘നമുക്ക് മറ്റൊരു വഴി ഉണ്ടായിരുന്നു. അതായത് കുണ്ടന്നൂർ ചുങ്കം വഴി വരവൂർ, ദേശമംഗലം, തലശ്ശേരി, ആറങ്ങോട്ടുകര... അങ്ങനെ. ഒന്നോരണ്ടോ തവണ ആ വഴിക്ക് മറ്റൊരിടത്തേക്ക് പോയിട്ടുണ്ട്. എനിക്ക് തോന്നുന്നത് അതായിരിക്കും ഒന്നുകൂടി എളുപ്പം എന്നാണ്. മാത്രമല്ല ആ വഴിക്ക് നിറയെ വൃക്ഷങ്ങളും തണലുമുണ്ട്‌. ഹൈവേയിലെ പോലെ അധികം വണ്ടികൾ ഉണ്ടായിരിക്കുകയില്ല. ആ വഴിക്ക് പോകാമായിരുന്നു..’

സുഹൃത്ത് പക്ഷേ നിരാശനായില്ല. അയാൾ പറഞ്ഞു:

‘ഇനിയും വേണമെങ്കിൽ  ആ വഴിക്ക് എത്താവുന്നതാണ്. ചെറുതുരുത്തി ചുങ്കം വഴി നേരെ ആറങ്ങോട്ടുകര. നോക്കിയാലോ?’

 ഗൂഗിൾ എടുക്കാൻ തുനിഞ്ഞ ഞാൻ ഫോൺ അവിടെത്തന്നെ വെച്ചു. 

‘ശരി. അങ്ങനെ തന്നെ പോകാം. ഒന്നു മാറ്റി പിടിക്കാം.’

സുഹൃത്തിന് ആ വഴി അറിയാം, അത്ര പരിചിതമല്ലെങ്കിലും ഒരു തവണ പോയിട്ടുണ്ട്. പിന്നെ കേട്ടിട്ടുമുണ്ട്. സുഹൃത്ത് ധാരാളം യാത്ര ചെയ്യുന്ന ആളാണ്. പ്രവാസി. നാട്ടിൽ വന്നാൽ വീട്ടിൽ ഇരിക്കാൻ നേരം ഉണ്ടാകില്ല. മിക്ക യാത്രകളിലും ഭാര്യ ഒപ്പമുണ്ടാകും. ഇല്ലെങ്കിൽ അടുത്ത കൂട്ടുകാർ. തനിയെയുള്ള യാത്ര അത്ര പഥ്യമല്ല. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒരുതരം മടുപ്പിക്കുന്ന പരിപാടിയാണ് എന്നാണ് അയാളുടെ അനുഭവം. 

കാറിൽ നാലുപേർ ഉണ്ടെങ്കിൽ അത്രയും സന്തോഷം. എത്രനേരം വേണമെങ്കിലും  വർത്തമാനം  പറഞ്ഞു ദൂരേക്ക് ദൂരേക്ക് വണ്ടിയോടിച്ചു ഇരിക്കാമല്ലോ. അതാണ് അയാളുടെ ഒരു രീതി.  ആറങ്ങോട്ടുകര കഴിഞ്ഞു കൂട്ടുപാതയിൽ എത്തിയപ്പോഴാണ് പെട്ടെന്ന് എനിക്ക് പഴയ വഴികൾ ഓർമവന്നത്. കൂട്ടുപാതയിൽ നിന്ന് വലത്തോട്ട് ആണ് വണ്ടി തിരിഞ്ഞത്. എന്റെ ഓർമയിൽ ഇടത്തോട്ട് പോയാൽ തൃത്താലക്ക്  ഒരു എളുപ്പവഴിയുണ്ട്. കൃത്യമായി ഓർമയില്ലാത്തതുകൊണ്ട് ആ വഴിക്ക് പോകാൻ ഞാൻ നിർബന്ധിച്ചില്ല.

ഉറപ്പില്ലാത്ത വഴികളിലൂടെ പോയാൽ എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്തിയില്ലെങ്കിലോ. അര മണിക്കൂർ വൈകുന്നതുകൊണ്ട്  കുഴപ്പമുണ്ടാകില്ല. എങ്കിലും ചിലപ്പോൾ ചില വഴികൾ നമ്മെ വളഞ്ഞു ചുറ്റി പിടിച്ച് എല്ലാം താറുമാറാക്കിക്കളയുന്ന പതിവുണ്ട്. ഒരു യാത്രയുടെ എല്ലാ സുഖവും അതോടെ തീരും. അത്തരം ഒരു ബാധ്യത സ്വയം തലയിൽ എടുത്തു വക്കേണ്ട എന്ന്  ഞാനും കരുതി.പോകുന്ന പോക്കിൽ പോകട്ടെ. ഓടിയോടി ചെന്നെത്തിയത്  പട്ടാമ്പി പാലത്തിന് മുൻപിലാണ്‌. 

അപ്പോഴാണ് സുഹൃത്തും തിരിച്ചറിഞ്ഞത് തങ്ങൾ പോകേണ്ട വഴിയിൽ നിന്നും മുന്നോട്ടു പോന്നിരിക്കുന്നു എന്ന്. ആ വഴിക്ക് പോരുമ്പോൾ പട്ടാമ്പി പാലം ഞങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് തിരിഞ്ഞുപോകേണ്ടിടത്തെ ഒരു അടയാളമായി  ഉണ്ടായിരുന്നില്ലല്ലോ. പരിചയം ഏറെയില്ലാത്തിടത്തൂടെ വന്ന് അപ്രതീക്ഷിതമായി പാലത്തിനു മുന്നിൽ എത്തിയപ്പോൾ സുഹൃത്തിനു അൽപം ജാള്യം തോന്നി. വഴി കൂടുതൽ വന്നല്ലോ എന്നൊരു വിഷമം എനിക്കും. 

ഒരു തദ്ദേശവാസിയുടെ വഴികാട്ടൽ പ്രകാരം  തിരിച്ചുപോയി ഇടതുവശത്തുള്ള പെട്രോൾപമ്പിന്റെ എതിർ വശത്തുകൂടെ തൃത്താലയ്ക്ക് പോകുന്ന റോഡിലേക്ക് കടന്നു. പിന്നെയും ഏഴു കിലോമീറ്റർ കഴിഞ്ഞാണ് തൃത്താല എത്തുക. അങ്ങനെ വലതുവശത്ത്  വരണ്ടു കിടക്കുന്ന നിളയെ നോക്കി ഞങ്ങൾ പോയിക്കൊണ്ടിരിക്കുകയായിരുന്നു. വെളുത്ത പൂക്കൾ നിറഞ്ഞ ഒരുതരം നീളൻ പുൽക്കാടിനുള്ളിലൂടെ പേരിന് മാത്രം നീർച്ചാലു പോലെ പുഴയിൽ വെള്ളം ഒഴുകിക്കൊണ്ടിരുന്നു.

നിളാനദിയെ നോക്കിയിരുന്ന എന്നിലേക്ക്  എന്തൊക്കെയോ ഓർമകൾ കുതിച്ചെത്തി. ഞാൻ സ്വയം അടക്കാനാവാതെ, സ്വയം അറിയാതെ അപ്പോൾ പറഞ്ഞു പോയി. ‘അയ്യോ, ഇവിടെ ഞാൻ വന്നിട്ടുണ്ടല്ലോ. ഈ ഭാഗമൊക്കെ മറക്കാൻ കഴിയാത്ത വിധം ഉള്ളിൽ ഉണ്ടല്ലോ..’

അത് പറഞ്ഞു തീരുമ്പോഴേക്കും ഇടതുവശത്ത് മുകളിലേക്ക് കയറിപ്പോകുന്ന റോഡിൽ ആലൂർ എന്ന ഒരു വഴിചൂണ്ടി ഞാൻ കണ്ടു. വലതുവശത്ത് മഞ്ഞ കുമ്മായം അടിച്ച്, കറുത്ത വലിയ അക്ഷരങ്ങളിൽ എന്തൊക്കെയോ എഴുതിയ ആ ബസ് സ്റ്റോപ്പ് അത്ര പെട്ടെന്നൊന്നും എനിക്ക് മറക്കാൻ സാധിക്കുമായിരുന്നില്ല. കാരണം ഒരു രാത്രിയും ഒരു പകൽ പാതിയും പലപ്പോഴായി ഞാൻ അവിടെ ഇരിക്കുകയും കിടക്കുകയും ചെയ്തിട്ടുള്ളതാണ്. എന്റെ സംസാരത്തിന്റെ ശബ്ദവും  രീതിയും  മാറുന്നത് കണ്ടപ്പോൾ സുഹൃത്ത് ഒന്നമ്പരന്ന് എന്നെ നോക്കി.

‘ഞാൻ പറഞ്ഞില്ലേ ആലൂർ നിന്നും ഇവിടേക്ക് എളുപ്പവഴിയുണ്ടെന്ന്... എനിക്കിവിടെ ഒരു സുഹൃത്തുണ്ട് എന്നുമൊക്കെ... ഞാൻ വിചാരിച്ചിടത്തുതന്നെ നമ്മൾ എത്തപ്പെട്ടിരിക്കുന്നു...’

‘നിനക്ക് എന്താ സംഭവിച്ചത്?.’

അവൻ ആ സമയത്ത് അങ്ങനെ ചോദിച്ചില്ലെങ്കിലും ഞാൻ പറയാൻ തയ്യാറായി ഇരിക്കുകയായിരുന്നു.

‘ആലൂരിൽ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ അവനുമായിട്ട് വലിയ ബന്ധമില്ലാത്തതുകൊണ്ടാണ്. അവന് ഒരേ ഒരു മകൻ. അനന്തു. പഠിക്കാൻ മിടുമിടുക്കൻ. ഏഴാംക്ലാസിൽ ആണെന്ന് തോന്നുന്നു പഠിച്ചിരുന്നത്. സുഹൃത്ത് ദുബായിൽ. ഭാര്യ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ ടീച്ചർ. അരക്കൊല്ല പരീക്ഷ കഴിഞ്ഞു. പരീക്ഷ പേപ്പർ കിട്ടിയപ്പോൾ അനന്തുവിന് ഒരു വിഷയത്തിൽ രണ്ടു മാർക്ക് കുറഞ്ഞു. അത്രേയുള്ളൂ. ടീച്ചർ ചെറുതായി ഒന്ന് ശാസിച്ചു. എവിടെയാണ് മോനെ രണ്ടു മാർക്ക് പോയതെന്ന് കണ്ടുപിടിക്ക് എന്നു മാത്രമേ അവർ പറഞ്ഞുള്ളൂ എന്നാണ് പിന്നീട് ഞാൻ അറിഞ്ഞത്. 

വൈകുന്നേരം സ്കൂൾ വിട്ടു എത്തേണ്ട സമയമായിട്ടും അനന്തു വീട്ടിൽ വന്നില്ല. നാട്ടുകാർ ഒത്തൊരുമിച്ച് അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അനന്തുവിന്റെ ബാഗ് പുഴയുടെ തീരത്ത് കാണുന്നത്. നഷ്ടപ്പെട്ട തന്റെ രണ്ടു മാർക്ക് എവിടെപ്പോയി എന്നന്വേഷിച്ച് അവൻ പുഴയുടെ ആഴങ്ങളിലേക്ക്, ഒഴുക്കിലേക്ക് ഇറങ്ങിപ്പോയതാവണം. പുഴയിൽ അന്ന് നല്ല ഒഴുക്കും വെള്ളവും ഉണ്ടായിരുന്നു. ഉടനടി അപ്പുറത്ത് നീങ്ങിയുള്ള ചീർപ്പ് അടച്ച് വെള്ളം ഒഴുക്ക് കുറച്ചു. രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും അനന്തുവിനെ കണ്ടെത്താനായില്ല. പിറ്റേന്ന് കാലത്ത് വെള്ളം ഒഴിഞ്ഞ ഒരിടത്ത്, വെളുത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന നീളൻ പുല്ലുകളിൽ മുറുകെ പിടിച്ച് അവൻ കമിഴ്ന്നു കിടപ്പുണ്ടായിരുന്നു. 

പൊലീസെത്തി ഇൻക്വസ്റ്റും  മറ്റും തയ്യാറാക്കിയത് നനഞ്ഞ മണലിൽ പായ കെട്ടി മറച്ച്, നിലത്തു വിരിച്ച പായയിൽ കിടത്തിയാണ്. സംസ്കാരം അന്നുണ്ടായില്ല. ആ രാത്രി അവൻ മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിൽ ഏകാകിയായിക്കിടന്നു. പിറ്റേന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞിട്ടാണ് വിട്ടുകിട്ടിയത്. വൈകുന്നേരം ഞാൻ തിരിച്ചുപോന്നു. പിറ്റേന്ന്  പോകണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. സ്വന്തം വീട്ടിൽ, പട്ടുമെത്തയിൽ, സുഖമായി കിടന്നുറങ്ങിയിരുന്ന അനന്തു ഒരു രാത്രിമുഴുവൻ ഒഴുകിക്കൊണ്ടിരുന്ന പുഴവെള്ളത്തിൽ അമ്മയുടെ ചൂടേൽക്കാതെ തനിയെ കിടന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. 

പിറ്റേന്നു പുഴയുടെ നനഞ്ഞ മണ്ണിൽ ഇൻക്വസ്റ്റ്  തയ്യാറാക്കാനായി കിടക്കുന്നത് കൂടി ഓർത്തപ്പോൾ എനിക്ക് ആ കുട്ടിയെ കാണാനുള്ള മനോബലം ഉണ്ടായില്ല. പലപ്പോഴായി അവിടെ പോയ സമയത്ത് ഒന്ന് രണ്ടു തവണ ഞാനവനെ കണ്ടിട്ടുണ്ട്. ആ രൂപത്തിൽ തന്നെ എനിക്കുള്ളിൽ എന്നുമവൻ ഉണ്ടാവട്ടെ എന്ന് ഞാൻ കരുതി...’

കുറെ നേരത്തേക്ക് ഞങ്ങൾ നിശ്ശബ്ദരായി. നീർച്ചാലായി ഒഴുകുന്ന പുഴയിലേക്ക് ഞാൻ നോക്കിയിരുന്നു. 

കൂടല്ലൂരിൽ ‘അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നദികൾ’ എന്ന വിഷയത്തിൽ ചെറിയ ഒരാൾക്കൂട്ടത്തിനു മുന്നിലുള്ള പ്രഭാഷണവും ചർച്ചയും നയിച്ചത് ഞാനായിരുന്നു. മണലും വെള്ളവുമില്ലാത്ത , കരയിലേക്ക് കയറിയ നദിയുടെ വെള്ളപുൽക്കാടിനു നടുക്ക് വച്ചായിരുന്നു ആ പരിപാടി. ഇല്ലാതായ പുഴയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ സംഘാടകർ മനഃപൂർവം തിരഞ്ഞെടുത്തതായിരുന്നു അങ്ങനെ ഒരു വേദി. 

സുഹൃത്ത് കുറച്ചു നേരമൊക്ക അത് കേട്ടു നിന്നു. പിന്നെ വെള്ളപ്പൂക്കൾക്കുള്ളിൽ എവിടെയോ മറഞ്ഞു. പരിപാടി  കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞാൻ സംശയം മറച്ചു വെച്ചില്ല.

‘എവിടെയായിരുന്നു കുറച്ചു നേരത്തേക്ക് കണ്ടില്ലല്ലോ?’

‘മരുപ്പറമ്പായ നദിയിൽ മരുന്നിനെങ്കിലും ഇത്തിരി വെള്ളം ഉണ്ടോ എന്ന് നോക്കാൻ പോയതാണ്...’

കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം പ്രളയമായി.

ആലൂർ എത്തിയപ്പോൾ എനിക്ക് ഒരു ആഗ്രഹം. കൂടെ സുഹൃത്തും ഉണ്ടല്ലോ. അത് ഒരു ധൈര്യമാണ്. ഞാൻ അവനോട് പറഞ്ഞു.

‘എനിക്ക് ആ വീടിനെക്കുറിച്ചു ചെറിയ ഒരു ഐഡിയയൊക്കെയുണ്ട്. നമുക്ക് അതുവരെ ഒന്ന് പോയി നോക്കിയാലോ?’

‘പോകണോ?’ അവൻ ചോദിച്ചു. ‘പിന്നെ നീയ്യവിടെ എന്നെങ്കിലും പോയിട്ടുണ്ടോ?’

‘ഇല്ല. അതിനുശേഷം ആ സുഹൃത്തുമായി ഞാൻ അധികം ബന്ധപ്പെട്ടിട്ടില്ല. ഒന്നോ രണ്ടോ തവണ വിളിച്ചപ്പോൾ അവൻ ഫോൺ എടുത്തില്ല. പിന്നെ അവൻ വിളിക്കട്ടെ എന്നു ഞാൻ കാത്തു. പക്ഷേ അവൻ വിളിച്ചില്ല. ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ മാഞ്ഞുപോയ  നമ്പറുകളിൽ അവന്റേതും പെട്ടു. 

വീട് എനിക്കറിയാം. അവന്റെ ഭാര്യയെയും  അമ്മയെയും പരിചയമുണ്ട്. എന്നെ കണ്ടാൽ ഒരു അപരിചിതൻ എന്നവർക്ക് തോന്നാൻ ഇടയില്ല. അഞ്ചാറു വർഷം കഴിഞ്ഞിരിക്കുന്നു. ഇല്ല. എന്തായാലും ഇപ്പോൾ ആ ദുഃഖം അതുപോലെ കനത്തിൽ ഉണ്ടാകില്ല. നമുക്ക് പോകാം..’

അങ്ങനെ ആവട്ടെ എന്നു കരുതി അസ്ത്രചിഹ്നം പായുന്നിടത്തേക്ക് കാർ തിരിച്ചു. ആ സമയം സുഹൃത്തിന് ഒരു ഫോൺ വന്നു. ഭാര്യയുടെതാണെന്നു കേട്ടപ്പോൾ മനസ്സിലായി. കാര്യം എന്തെന്നും  ഏകദേശം ഊഹിക്കാം. അവന്റെ മുഖം ഉരുളുന്നത് ഞാൻ കണ്ടു. അല്പമൊരു നിരാശയോടെ ഫോൺ പോക്കറ്റിൽ വയ്ക്കുംനേരം അവൻ പറഞ്ഞു. 

‘ഇതും നെഗറ്റീവ് തന്നെ. അല്ലെങ്കിലും എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.’

ഞാൻ ഒന്നും മിണ്ടിയില്ല. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട്  വർഷമായി. ഇതുവരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ചെയ്യാത്ത ചികിത്സാരീതികളും കയറാത്ത അമ്പലങ്ങളും ഇല്ല. പക്ഷേ ശാസ്ത്രവും ദൈവവും അവരിൽ നിന്ന് അകന്നു നിൽക്കുന്നു. ഓരോരുത്തർക്ക് ഓരോ ദുഃഖം. ഓരോ ജീവിതവും ഓരോരോ ദുഖങ്ങളുടെ ചെറുതും വലുതുമായ ഓരോ തുരുത്തുകളാണ്.

ആലൂർക്ക് ഞാൻ ചൂണ്ടിയ വഴികളൊക്കെ കൃത്യമായിരുന്നു. കാർ നേരേ ആ വീടിന്റെ മുന്നിൽ ചെന്നു നിന്നു. കാറിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് കനക്കുകയും വിങ്ങുകയും ചെയ്തു. ആറുവർഷം മുമ്പൊരു  പകലിലെ കഠിനവെയിലിൽ ആൾക്കൂട്ടം തിങ്ങിനിറഞ്ഞ ആ വീടിന്റെ അലർച്ചയോടെയുള്ള നിലവിളി ഒരിക്കൽക്കൂടി എനിക്കുചുറ്റും ഉണ്ടായതായി തോന്നി. 

വാഹനത്തിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നത് സുഹൃത്തിന്റെ ഭാര്യയാണ്. അവർക്ക് എന്നെ കണ്ടപാടെ മനസ്സിലായി. അപരിചിതത്വം ഒന്നും ഇല്ലാതെ അവർ അകത്തേക്ക് ക്ഷണിച്ചു. എനിക്കുള്ളിൽ അപ്പോഴും പെയ്യാനായി ഇരുണ്ട മേഘങ്ങൾ കൂട്ടം കൂടി നിന്നിരുന്നു. ഉമ്മറത്തേക്ക് കാലെടുത്തു വെക്കുന്ന നേരം പ്രധാന വാതിലിനു മുകളിൽ വെച്ചിരുന്ന അനന്തുവിന്റെ ഫോട്ടോ ഞാൻ കണ്ടു. ഏഴാം ക്ലാസിലെ മുഖം. ചെറിയ ചിരിയോടെ... ഈ ഭൂമിവിട്ട് നേരത്തേ പോകേണ്ടിവരുമെന്ന ഒരറിവ് ആ ചിരിയിൽ ഒളിച്ചിരിക്കുന്നതുപോലെ... ഒഴുക്കില്ലാത്ത വെള്ളത്തിൽ കമിഴ്ന്നു കിടന്നിരുന്ന  ആ മുഖം അന്നു കാണാതിരുന്നത് എത്ര നന്നായി എന്നെനിക്ക് തോന്നി.

വിശാലമായ സ്വീകരണമുറിയിലെ മാർദ്ദവം ഏറിയ സോഫായിൽ ചാരിയിരുന്ന് ആ മുറി ആകമാനം ഒന്ന് നോക്കി. അവിടെയും അനന്തുവിന്റെ പല പോസിലുള്ള ഒന്നു രണ്ട് ഫോട്ടോസ് ഇരിപ്പുണ്ടായിരുന്നു. കൂടാതെ അവിദഗ്ധമായി പെൻസിൽ കൊണ്ട് വരച്ച രണ്ടു മൂന്നു ചിത്രങ്ങൾ ചുവരിൽ പതിച്ചിട്ടുണ്ടായിരുന്നു. അനന്തു  വരച്ചതായിരിക്കണം എന്ന് തോന്നി. ആ സമയത്താണ് തീർത്തും അപ്രതീക്ഷിതമായ ഞങ്ങൾക്ക് മുന്നിലൂടെ ചിരിച്ച് ബഹളം വെച്ചുകൊണ്ട് ഒരാൺകുട്ടി ഓടിപ്പോയത്. ഞാൻ ഒന്ന് അമ്പരന്നു. ഏകദേശം അഞ്ചു വയസ്സോളം തോന്നിക്കുന്ന ആ കുട്ടി അനന്തു തന്നെയാണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു. അതോ എന്റെ തോന്നലോ. ഞാൻ സുഹൃത്തിനെ നോക്കി അവനും ഒന്നമ്പരന്നിട്ടുണ്ട്. എനിക്ക് ഉറപ്പായി  അത് മായയല്ല, യാഥാർഥ്യമാണ്. 

‘കുടിക്കാൻ എന്താ എടുക്കണ്ടേ? ചായയോ തണുത്തതോ? ഈ വഴിക്ക് വന്നിട്ട് കുറേ ആയല്ലോ... എന്താ ഇപ്പോ ഒന്നും കാണാത്തേ...?’ 

സുഹൃത്തിന്റെ പത്നി അകത്തു നിന്നു വന്നിരിക്കുന്നു. മറുപടി പറയേണ്ടത് എന്തെന്നറിയാതെ ഞാൻ സംശയിച്ചു.

‘ഏട്ടൻ കുളിക്കുകയാണ്. ഇപ്പോ വരും.’

‘ചായ വേണ്ട. തണുത്തത് എന്തെങ്കിലും മതി.’

ഞാൻ യാന്ത്രികമായി പ്രതിവചിച്ചു.

‘ജ്യൂസ് ഉണ്ടാക്ക്യാ എനിക്കും വേണം..’ ‘തരാം മോനേ’ അകത്തുനിന്നും അമ്മയുടെയും മകന്റെയും  സംസാരം കേട്ടു. ഞാൻ സുഹൃത്തിനെ ഒന്നുകൂടി നോക്കി. അധികം ആലോചിച്ച് ഇരിക്കേണ്ടി വന്നില്ല. അപ്പോഴേക്കും കുളികഴിഞ്ഞ് സുഹൃത്ത് വസ്ത്രം മാറി ഞങ്ങൾക്കരികിലേക്ക് വന്നു. 

‘എന്താടാ ഈ വഴിക്കൊക്കെ. കാലം കുറെ ആയല്ലോ കണ്ടിട്ട്. എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ.’

നേരിയ പരിഭവത്തിൽ സുഹൃത്ത് എന്റെ കയ്യിൽ മുറുകെപിടിച്ചു. 

‘ഞങ്ങൾ കൂടല്ലൂരിൽ നിന്നും വരുന്ന വഴിയാണ്. അപ്പോൾ ഒന്ന് കയറാമെന്ന് വച്ചു. നാട്ടിൽ ഉണ്ടാകും എന്ന് ഉറപ്പില്ലായിരുന്നു.’

‘ഞാനിപ്പോ നാട്ടിൽതന്നെ. ദുബായീന്നൊക്കെ വിട്ടു. ആലൂർ സെന്ററിലെ പഴയ ബേക്കറിയില്ലേ.. അതൊന്നു വിപുലീകരിച്ചു. കുഴപ്പമില്ല. അത്യാവശ്യം കച്ചവടമുണ്ട്. കാര്യങ്ങൾ നടന്നു പോകുന്നുണ്ട്...’

‘എത്ര കാലായി നീ നാട്ടിൽ സ്ഥിരമായിട്ട്?’

‘കൃത്യം പറഞ്ഞാൽ ആറു വർഷം കഴിഞ്ഞിരിക്കുന്നു.’

നീർച്ചാലുകൾ (കഥ)
പ്രതീകാത്മക ചിത്രം

അനന്തു മരിച്ചിട്ടു ആറു വർഷം കഴിഞ്ഞു എന്ന് എങ്ങും തൊടാതെ പറഞ്ഞതാണ് എന്നെനിക്ക് തോന്നി. ഞാൻ കുറച്ചു നേരം നിശബ്ദനായി അയാളെ നോക്കി. അയാൾക്ക് എന്തോ ഒന്ന് മനസ്സിലായി. ആ സമയം അകത്തേക്ക് നോക്കി അയാൾ വിളിച്ചു.

‘അനന്തു..’

അകത്തു നിന്നും വിളികേട്ട് ആ കൊച്ചു മിടുക്കൻ ഓടിവന്നു. അവന്റെ കയ്യിൽ പകുതി കുടിച്ചു തീർത്ത ജ്യൂസ് ഗ്ലാസ്സ് ഉണ്ടായിരുന്നു. നാലു വയസ്സുകാരൻ അനന്തു അച്ഛന്റെ മടിയിൽ ചേർന്നു നിന്നു. പണ്ടൊരിക്കൽ ഇവിടെ വന്നപ്പോൾ ഏകദേശം ഇതേ പ്രായത്തിലുള്ള അനന്തുവിനെ കണ്ടിരുന്നു. അത് അതേ അനന്തു തന്നെയാണോ എന്നു ഞാൻ സൂക്ഷിച്ചുനോക്കി. അല്ല, പഴയ അനന്തുവിനേക്കാൾ നിറം കൂടുതലുണ്ട്. ശരീരപുഷ്ടിയും. അയാൾ സാവകാശം പറഞ്ഞു തുടങ്ങി.

‘ഒന്നും ഒന്നിനും പകരമാവില്ല. പക്ഷേ ഞങ്ങൾ ഇവനും അനന്തു എന്നു തന്നെ പേരിട്ടു. അനന്തു പോയതോടെ എല്ലാം കഴിഞ്ഞു എന്ന് കുറെ നാൾ കരുതിയിരുന്നതാണ്. അവളാണെങ്കിൽ ആകെ ഡെസ്പ്  ആയി. വിഷാദം മറ്റു പലതിലേക്കും വഴിമാറുമോ എന്ന് ഭയന്നിരുന്ന കാലം. ഡോക്ടറെ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സാധ്യത പറഞ്ഞത്. തിരിച്ചിനി തുറന്നു കിട്ടാത്തവണ്ണം അവളുടെ മാതൃത്വം അടഞ്ഞു പോയിരുന്നില്ല. 

വലിയ ഒരു സാധ്യത മുന്നിൽക്കണ്ട്   ചെറിയ ഒരു സർജറി. വിചാരിച്ചതുപോലെ അത്രയൊന്നും ക്രൂരനായിരുന്നില്ല ദൈവം. രണ്ടു വർഷങ്ങൾക്കു ശേഷം ഞങ്ങളിൽ നിന്നു പറിച്ചെടുത്ത അനന്തുവിനെ ഞങ്ങൾക്ക് തിരികെ തന്നു. ഒരു വർഷമേ ഞങ്ങൾ അവനെ പിരിഞ്ഞിരുന്നിട്ടുള്ളൂ. ഇവന്റെ മിടിപ്പ് അവളുടെ അടിവയറ്റിൽ തുടിച്ച അന്നുമുതൽ ഞങ്ങൾ മാതാപിതാക്കളായി. ഞാൻ വിദേശത്തെ ജോലി വേണ്ടെന്നു വച്ചു. ഉള്ളതുകൊണ്ട് നാട്ടിൽ തന്നെ കഴിയാമെന്ന് കരുതി. മകനെ നോക്കി, അവൻ വളരുന്നതും കണ്ട് നാട്ടിൽ തന്നെ കഴിയാമെന്നു കരുതി...’

തണുത്ത മുന്തിരിജ്യൂസ് കൊണ്ടുവന്ന  സുഹൃത്തിന്റെ ഭാര്യയുടെ മുഖത്ത് ചെറിയ ഒരു വിഷാദച്ഛവി ഉണ്ടായിരുന്നെങ്കിലും അവർ അപ്പോൾ  സന്തോഷവതിയായിരുന്നു എന്ന് ഞാൻ കണ്ടു. ഉള്ളിലേക്ക് സാവകാശം ഇറങ്ങിയ മുന്തിരി നീര് എന്റെ നെഞ്ചിനെ തണുപ്പിച്ചുകൊണ്ടിരുന്നു. തീർച്ചയായും ഇനിയും വരാമെന്ന് പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. കാറിൽ കയറി പിറകിലേക്ക് തിരിഞ്ഞു കൈവീശി കാണിക്കുമ്പോൾ പിറകിൽ അവർ മൂന്നല്ല നാലുപേർ നിൽപ്പുണ്ടായിരുന്നു എന്നെനിക്ക് തോന്നി. 

പഴയ അനന്തു വലുതായിരിക്കുന്നു. ഒരു കോളജ് വിദ്യാർത്ഥിയോളം പോന്ന വലുപ്പം അവന്റെ ശരീരത്തിനുണ്ട്. അവൻ എനിക്ക് നേരെ കൈകാണിച്ചത് ഞാൻ മാത്രമേ കണ്ടിരിക്കാൻ ഇടയുള്ളൂ. തിരിച്ചുപോരുമ്പോൾ സുഹൃത്ത് കാർ വന്ന വഴിക്ക് തന്നെ തിരിച്ചു. 

‘ഈ വഴി വളഞ്ഞത് ആണ്. ഇനി എളുപ്പം മറ്റേ വഴിയാണ്.’

‘സാരമില്ല. നമുക്ക് ആ വഴിതന്നെ പോകാം. വരണ്ടുണങ്ങിയ, വെളുത്ത പൂക്കൾ വിരിഞ്ഞ നീളൻ  പുൽക്കാടിനുള്ളിലൂടെ ഒഴുകുന്ന  നിളയിലെ നീർച്ചാലുനോക്കി അങ്ങനെയിരിക്കാം...’

വന്ന വഴിയിലേക്ക് തന്നെ സുഹൃത്ത് വാഹനം തിരിച്ചു. അയാളുടെ മുഖം തികച്ചും ശാന്തമായിരുന്നു അപ്പോൾ.

English Summary : Neerchalukal Story By P. Regunath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;