sections
MORE

അച്ഛനുമമ്മയ്ക്കുമൊപ്പം അനിയനും ബലിയിടട്ടെ; അരുത്, നാഗസന്യാസി ഒരു പുഞ്ചിരിയോടെ വിലക്കി...

പുഷ്പാഞ്ജലി (കഥ)
പ്രതീകാത്മക ചിത്രം
SHARE

പുഷ്പാഞ്ജലി (കഥ)

നേരം രാത്രി പത്തടിച്ചു. ഉദ്ദേശം അയാളോളം തന്നെ പ്രായമുള്ള ഘടികാരം വളരെ പ്രയത്നിച്ചാണ് പത്തു തവണ അടിച്ചത്. ഉറങ്ങാനുള്ള നേരമായി എന്നുള്ള സൂചന കൂടിയായിരുന്നു അത്. വിഷമിച്ച്, ഒരു ഞരക്കത്തോടെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ഘടികാരം അയാളെ സ്വന്തം ശരീരത്തെക്കുറിച്ചു തന്നെ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ഘടികാരം മാത്രമല്ല, അയാളുടെ സന്ധികളോരോന്നും ഓരോ നിമിഷവും അയാളോട്  പ്രായം വിളിച്ചോതിക്കൊണ്ടിരുന്നു. 

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളെ ഓർമകള്‍ ബാല്യത്തിലേക്കു കൂട്ടികൊണ്ടുപോയി. കര്‍ഷകരായ അച്ഛനും അമ്മയും വീട്ടിലെ ചാണകം നാറുന്ന തൊഴുത്തും വര്‍ഷത്തില്‍ ചോര്‍ന്ന് ഒലിക്കുന്ന ഓല മേഞ്ഞ വീടും ദിവസം മുഴുവനും കാളകളെ പൂട്ടി വയലില്‍നിന്നു വരുന്ന അച്ഛന്റെ ശരീരത്തില്‍ നിന്നും രാത്രി മുഴുവനും വമിച്ചിരുന്ന നാറ്റവും. കൊയ്ത്തുകാലത്ത് സ്കൂളില്‍ പറഞ്ഞയ്ക്കാതെ അമ്മയെ സഹായിക്കാന്‍ നിര്‍ബന്ധം  പിടിക്കുന്ന അച്ഛന്‍. തന്റെ വിദ്യ അഭ്യസിക്കാനുള്ള സ്വപ്നങ്ങളെ തകിടം മറിച്ചിരുന്ന അച്ഛനെ അയാള്‍ക്ക് അന്നേ വെറുപ്പായിരുന്നു.

കുറച്ചു ദൂരെ കുന്നിന്‍പുറത്തുള്ള മണിമാളിക കുഞ്ഞുനാളിലേ അയാളെ ആകര്‍ഷിച്ചിരുന്നു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഒരു ഡോക്ടറുടേതായിരുന്നു ആ മാളിക. അയാള്‍ നാട്ടില്‍ വരുമ്പോഴുള്ള കാറും പത്രാസും വാല്യക്കാരുടെ ബഹളവും അയാളെ അത്രകണ്ട് ആകര്‍ഷിച്ചിരുന്നു. ഒരുനാള്‍ അതുപോലുള്ള ഒരു ബംഗ്ലാവും ഇംഗ്ലിഷ് പറയുന്ന ഭാര്യയും കൂടെ ഓടിനടക്കുന്ന കുറെ സില്‍ബന്ദികളും, എല്ലാം സ്വന്തമാക്കുന്നത് അയാള്‍ സ്വപ്നം കണ്ടു. 

വര്‍ഷകാലത്ത് ചുറ്റുനിന്നും രാത്രിനേരം കേള്‍ക്കുന്ന തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍, പ്രകൃതിസ്നേഹികളായ സഹകുടുംബാംഗങ്ങള്‍ ആസ്വദിച്ചപ്പോള്‍, അയാള്‍ക്ക് മാത്രം അത് അത്യധികം അരോചകമായി അനുഭവപ്പെട്ടു. വീട്ടിനുള്ളില്‍ ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ഈയാംപാറ്റകളും എട്ടുകാലികളും പല്ലികളുമെല്ലാം അയാളോടുള്ള ഈര്‍ഷ്യ തീര്‍ക്കുവാന്‍ വരുന്നതെന്ന് അയാള്‍ ഉറപ്പിച്ച് വിശ്വസിച്ചു. പച്ചപ്പ് നിരന്ന പാടശേഖരങ്ങളും  പ്ലാവുകളും തെങ്ങുകളും മാവുകളും നിറഞ്ഞ് തണലേകുന്ന പറമ്പുകളും ഉള്ള ആ ഗ്രാമത്തിന്‍റെ സ്വപ്നസുന്ദരമായ ഭൂമിയെ വരെ അയാള്‍ സ്നേഹിച്ചിരുന്നില്ല. 

ഇടക്കിടെ അടുത്തുള്ള കൊച്ചി നേവല്‍ വിമാനത്താവളത്തില്‍ നിന്നുയരുന്ന ഓരോ വിമാനവും നോക്കി അയാള്‍ അയവിറക്കുമായിരുന്നു. വീടിനടുത്തുള്ള അഴീക്കോട് അഴിമുഖത്തിനടുത്തുകൂടെ പോകുന്ന ഓരോ വിദേശകപ്പലിനെ നോക്കിയും അയാള്‍ സ്വപ്നങ്ങള്‍ നെയ്തെടുത്തു. കൊച്ചി കാണാനിറങ്ങുന്ന ഓരോ വെള്ളക്കാരനെ നോക്കിയും അയാള്‍ മനസ്സില്‍ ഉരുവിടും, ‘ഞാന്‍ ഒരുനാള്‍ ഇവര്‍ക്കൊപ്പം ജീവിക്കും’.

കാലം കടന്നു പോയി. പ്രായത്തിന്റെ ചുളിവുകള്‍ തന്റെ അച്ഛന്റെ രൂപത്തെ വികൃതമാക്കുന്നത് അയാള്‍ ശ്രദ്ധിച്ചതേയില്ല. വര്‍ഷങ്ങളായുള്ള വീട്ടുജോലികളും കൃഷി നശിക്കുന്നതിലുള്ള വ്യഥകളും തന്റെ അമ്മയുടെ ബാഹുക്കളെയും അതിലുപരി ശരീരത്തെയും വികലമാക്കുന്നതും അയാള്‍ ഗൗനിച്ചതേയില്ല. ജ്യേഷ്ഠന്‍റെ ഇംഗിതമറിഞ്ഞ്, പഠിക്കാന്‍ അതിസമർഥനായ അനുജന്‍ പഠിത്തം വെടിഞ്ഞു കൃഷിയില്‍ വ്യാപൃതനായതും അയാള്‍ അറിഞ്ഞതായി ഭാവിച്ചില്ല. 

ബിരുദം കഴിയാറായ അയാളുടെ കണ്ണുകള്‍ പുരയിടം വില്‍ക്കുന്നതിലായി. ബിരുദാനന്തരബിരുദത്തിന് വിദേശത്തേക്ക് പോകുവാനുള്ള പണം സ്വരൂപിക്കലായിരുന്നു ഉദ്ദേശ്യം. അച്ഛനും അമ്മയും സ്വതവേ സമാധാനപ്രിയനായ അനുജനും സമ്മതിക്കും വരെ അയാള്‍ കടുംപിടുത്തം തുടരുവാന്‍ തീരുമാനിച്ചു. പക്ഷേ അയാളുടെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധമായി അനുജന്‍ അതെതിര്‍ക്കുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കൈയേറ്റത്തിലും മനം നൊന്ത് അനുജന്‍ നാട് വിട്ടുപോകുകയും ചെയ്തു.

മകന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ആ അമ്മ ശോഷിച്ചു കൊണ്ടിരുന്നു. പൊടിപ്പും തൊങ്ങലുംവച്ച് നാട്ടുകാര്‍ ഓരോ അഭ്യൂഹങ്ങള്‍ പറഞ്ഞു പരത്തിയപ്പോഴെല്ലാം ആ അമ്മമനസ്സ് നൊന്ത് കൊണ്ടിരുന്നു. ബോംബെയില്‍ ഹാജി മസ്താന്‍റെ കൂടെയുണ്ടെന്ന് ചിലര്‍. അല്ല, വാരാണസിയില്‍ കുംഭമേളയില്‍  നാഗസന്യാസിമാരുടെ ഇടയില്‍ കണ്ടവരുണ്ടെന്ന് മറ്റു ചിലര്‍. ആ നാട്ടില്‍ കുളത്തിലോ കിണറ്റിലോ ആറ്റിലോ കടലിലോ ഒരു ശവം പൊന്തിയിട്ടുണ്ട് എന്നറിഞ്ഞാല്‍ ആ അമ്മയുടെ ആവലാതി പറഞ്ഞറിയിക്കുക സാധ്യമല്ലായിരുന്നു.

ഒരു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം മകനെ തിരിച്ചുകിട്ടാത്ത മഹാവിഷമത്തില്‍ ആ അമ്മ എന്നേക്കുമായി യാത്രയായി. അമ്മയുടെ വിയോഗത്തില്‍ ഒരു ജീവച്ഛവമായി തീര്‍ന്നിരുന്നു അച്ഛന്‍. മൂകഭാഷിയായി, അടുക്കളക്കാര്യം മാത്രം ശ്രദ്ധിച്ച് കഴിഞ്ഞിരുന്ന അച്ഛന് കീഴില്‍ കൃഷിയെന്ന് വേണ്ട, കന്നുകാലികളും പറമ്പും എല്ലാം തന്നെ താറുമാറായി. സന്തോഷവും സമൃദ്ധിയും സമാധാനവും കളിയാടിയിരുന്ന ആ സദനത്തില്‍ അവശേഷിച്ചിരുന്നത്  അശാന്തിയും ദാരിദ്ര്യവും മൂകതയും മാത്രമായിരുന്നു.

‘ഞാന്‍ എല്ലാം വില്‍ക്കാന്‍  ഏര്‍പ്പാടാക്കിയിട്ടുണ്ട്, മൂന്നു നാലു ദിവസത്തിനകം തീറെഴുതാം എന്നാണ് വില്ലേജാപ്പീസര്‍ പറഞ്ഞത്. നിനക്കാ സംഖ്യ മതിയാവുമ്മായിരിക്കും അല്ലേ?’. അച്ചന്റെ ആ ചോദ്യം ഹൃദയത്തില്‍ കൊണ്ട ചാട്ടുളി പോലെ തോന്നി അയാള്‍ക്ക്. അച്ഛന്‍ എവിടെ പോകും എന്നു ചോദിക്കണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷേ എന്തോ വാക്കുകള്‍ അണ്ണാക്കില്‍ കുരുങ്ങിയത് പോലെ. അയാള്‍ക്കറിയാം, അമ്മയുറങ്ങുന്ന സ്ഥലം വിട്ട് അച്ഛന്‍ എങ്ങോട്ടെങ്കിലും പോകുന്നുവെങ്കില്‍ ആ പോക്ക് ഒരു തിരിച്ചുവരവിനുള്ളതല്ല. 

വില്ലേജാപ്പീസറെ കണ്ട് കച്ചവടം വേണ്ട എന്ന് പറഞ്ഞ കാര്യം അയാള്‍ അച്ഛനോട് പറഞ്ഞില്ല. കടം മേടിച്ച്  വാങ്ങിയ രണ്ടു കാളകളെ കണ്ടപ്പോള്‍ തന്നെ അച്ഛന്‍ അത് മനസ്സിലാക്കി കാണും. അയാള്‍ ഊഹിച്ചു. കൃഷിയില്‍ തന്റെ വെച്ചടിവച്ചുള്ള പുരോഗതി കണ്ടിട്ടും അച്ഛന്‍ അധികമൊന്നും മിണ്ടിയിരുന്നില്ല. 

അടുത്തുള്ള ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായ തിരുമേനി അയാളെ കാണുവാന്‍ ഇടയായത് യാദൃച്ഛികമായിരുന്നില്ല. ക്ഷേത്രത്തില്‍ പഴയപോലുള്ള വരുമാനമില്ല. ശാന്തിക്കാരന്‍ തിരുമേനിയുടെ മുഖവുര കേട്ടപ്പോള്‍ തന്നെ അയാള്‍ കീശയില്‍ നിന്നൊരു നോട്ടുകെട്ട് എടുത്തു നീട്ടി. എന്നാല്‍ തിരുമേനി അത് സ്വീകരിക്കാതെ മറ്റൊരു കാര്യം പറയുകയാണ് ചെയ്തത്. 

അനുജന്റെ തിരോധനത്തിന് ശേഷം അമ്പലത്തില്‍ നിത്യപുഷ്പാഞ്ജലി നടത്തുന്നതിന് വേണ്ടി അമ്മ തന്റെ ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്കു വരവ് വച്ചിരുന്നു. അനുജന്‍ തിരിച്ചുവരുന്നത് വരെ അത് തുടരണമെന്നാ യിരുന്നു അമ്മയുടെ ആഗ്രഹം. ആഭരണങ്ങള്‍ കേവലം ഒരു വര്‍ഷത്തേക്കുള്ള ചിലവിനെ തികയുമായിരു ന്നുള്ളൂ. അതിനു ശേഷം താന്‍ അത് അമ്പലചിലവില്‍ ഉള്‍പ്പെടുത്തി തുടര്‍ന്നു പോകുകയായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ക്ഷേത്രത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. നിത്യവൃത്തിക്കുള്ള പണം തികയുന്നില്ല. പുതിയ തലമുറ ദൈവവിശ്വാസികളേ അല്ല. അമ്പലങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളി പറയുന്ന യുവജനങ്ങളാണ് ഏറെയും. 

കുടിശിക തീര്‍ത്ത്  അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കായുള്ള പണം തിരുമേനിക്ക് നൽകി തിരിച്ച് നടക്കുമ്പോഴും കുറ്റബോധത്തിന്റെ പുകമറ അയാളുടെ മനസ്സില്‍ നിന്നു മാറിയിരുന്നില്ല. തിരിച്ചുു പിടിക്കാന്‍ സാധിക്കുന്ന തിലുപരി തന്റെ ബന്ധങ്ങള്‍ അകന്നുപോയിയെങ്കിലും അനുജന്‍ തിരിച്ച് വരും എന്നുള്ള ശുഭ പ്രതീക്ഷയില്‍ അയാള്‍ കാളകള്‍ക്ക് വൈക്കോല്‍ നല്‍കികൊണ്ടിരുന്നു. കാലചക്രം അങ്ങനെ കടന്നുപോയ്കൊണ്ടിരുന്നു.

പുഷ്പാഞ്ജലി (കഥ)
പ്രതീകാത്മക ചിത്രം

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നാട്ടില്‍ കൃഷി നടത്തുന്നത് അത്യധികം കഠിനമായി. താതന്റെ ചിരകാലസ്വപ്നമായ തീര്‍ഥാടനം താന്‍ തന്നെ നടത്തി അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേടികൊടുക്കുവാന്‍ അയാള്‍ കൃഷിഭൂമിയെല്ലാം വിറ്റുപെറുക്കി ഒരുനാള്‍ യാത്രയായി. ഭാരതമെന്ന പുണ്യഭൂമിയില്‍ ധാരാളമായ പുണ്യസ്ഥലങ്ങള്‍ എല്ലാം തന്നെ അയാള്‍ സന്ദര്‍ശിച്ചു. ഗോമുഖ് ഗുഹയിലേക്കുള്ള അത്യധികം ദുര്‍ഘടം പിടിച്ച വഴിയില്‍ തനിക്ക് ഒരു രാത്രി തങ്ങാന്‍ ഇടമേകിയ ഒരു മലയാളി നാഗസന്യാസി അയാളെ വളരെ അധികം ആകര്‍ഷിച്ചു. 

തേജസ്സുറ്റ ആ സന്യാസിയോട് അയാള്‍ ഒരടുത്ത ബന്ധുവിനോടെന്ന പോലെ തന്റെ ദുഃഖങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. പിറ്റേന്ന് ആ സന്യാസിവര്യന്‍ തന്നെ അയാളെ ഗോമുഖിലുള്ള ഗംഗയുടെ ഉല്പത്തി സ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പ്രത്യേകം കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കുളിലുള്ള ശുദ്ധ ഗംഗാജലത്തില്‍ കുളിച്ച് അയാള്‍ മാതാവിനും പിതാവിനും ബലികള്‍ അര്‍പ്പിച്ചു. അനുജനും ബലിയര്‍പ്പിച്ചു കൊള്ളട്ടെ എന്നുള്ള അയാളുടെ ചോദ്യത്തിന്ന്, സന്യാസിവര്യന്‍ ഒരു പുഞ്ചിരിയോടെ അരുത് എന്ന് പറഞ്ഞു വിലക്കി. 

വയസ്സിന് താഴെയായത് കൊണ്ടാണോ, അതോ മരിച്ചു എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണോ അദ്ദേഹം വിലക്കിയത് എന്ന സംശയം ബാക്കിവച്ചുകൊണ്ടു തന്നെ, സന്യാസിവര്യന്‍ “ഇനി ഒന്നുകൂടി മുങ്ങിക്കുളിച്ച് തോര്‍ത്തി കേറി വന്നുകൊള്ളുക” എന്ന നിര്‍ദേശം നൽകി നടന്ന് അപ്രത്യക്ഷനായി.

ഭൂതകാല സ്മരണകള്‍ക്ക് ശേഷം നേരം വളരെ വൈകിയാണ് ഉറക്കം അയാളെ തഴുകിയത്. എങ്കിലും വെളുക്കുന്നതിന് മുമ്പ് എഴുന്നേല്‍കുന്നത് വളരെക്കാലമായുള്ള ശീലമായിരുന്നു. പിതാവിന്റെ മരണശേഷം ഒറ്റത്തടിയായുള്ള ജീവിതം അടുക്കും ചിട്ടയുമായി തന്നെ അയാള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നു. അനുജന്റെ ഓര്‍മയെന്ന പോലെ അവനോളം തന്നെ പ്രായം വരുന്ന ആ ഘടികാരം അയാള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന്ന് പ്രചോദനമേകി. ഒപ്പം ക്ഷേത്രത്തില്‍ ഒരിക്കലും പുഷ്പാഞ്ജലി മുടങ്ങരുതെന്നുള്ള നിബന്ധനയും. 

English Summary : Pushpanjali Short Story By V T Rakesh

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;