ADVERTISEMENT

കൊറോണ  മനസ്സിലാക്കി തന്ന പാഠം (കഥ)

നിലവിളക്കിനു മുന്നിൽ കുട്ടികളുമായി ഇരുന്നു ഭാര്യ സന്ധ്യാനാമം ജപിക്കുന്നു. പതിവിലേറെ സന്തോഷത്തോടെയും ഭക്തിയോടെയുമാണ് അവളിന്ന്. പിന്നിലായി കസേരയിൽ ഇരിക്കുന്ന എന്നെ ഇടയ്ക്കിടയ്ക്ക് അവൾ തിരിഞ്ഞു നോക്കുകയും നാമജപത്തിൽ പങ്കെടുക്കാൻ കണ്ണുകൊണ്ടു ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ട്. എന്നും രണ്ടു തിരിയിട്ടു കൊളുത്തുന്ന നിലവിളക്ക് ഇന്ന് അഞ്ചു തിരിയിട്ടു കത്തിച്ചിരിക്കുന്നു. ഞാൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു .ഭക്തിയിലുള്ള അവളുടെ അമിത വിശ്വാസവും ആവേശവും ഇന്നതു ഇത്ര കൂടാനുള്ള കാരണവും എന്റെ ചുണ്ടിൽ ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർത്തി.

 

നിരീശ്വരവാദിയായ അച്ഛന്റെ മകൻ ആയതിനാലാവും ഞാൻ പൊതുവെ ക്ഷേത്രങ്ങളിൽ പോകാറില്ല. പോയാലും വെളിയിൽ നിന്ന് തൊഴാറാണ് പതിവ്. ഇത് പലപ്പോഴും ഭാര്യയെ പരിഭവപെടുത്തിയിട്ടുണ്ട്. ഞാൻ ഒരു വില്ലേജ് ഓഫീസറും അവൾ ഒരു പ്രൈവറ്റ് എൽ പി സ്കൂളിലെ അദ്ധ്യാപികയും ആണ്. മൂന്നിലും ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികൾ. എന്റെ സത്യസന്ധതയും നിഷ്കർഷതയും ജോലിയിലും പ്രകടമാക്കിയതിനാൽ കിമ്പളത്തിനോട് എനിക്കും ഒട്ടും തന്നെ താല്പര്യം ഇല്ലാരുന്നു.

 

 

വസ്തു വാങ്ങി വീട് വെച്ചതിനാൽ കുറച്ചു ഞെരുക്കം ഉണ്ടായിരുന്നു.സ്കൂൾ വാനിൽ കുത്തി നിറച്ചു കുട്ടികളെ കൊണ്ട് പോകുന്നതിൽ ഭാര്യ എപ്പോഴും ആവലാതി പറയുന്നത് കൊണ്ട് ഒരു സെക്കന്റ് ഹാൻഡ് മാരുതി 800  കാർ വാങ്ങി.ആദ്യമൊക്കെ സന്തോഷത്തോടെ കാറിൽ സഞ്ചരിച്ചിരുന്ന ഭാര്യക്കും കുട്ടികൾക്കും പിന്നീട് അതിൽ കേറുന്നത് തന്നെ വല്യ ബുദ്ധിമുട്ടായി തുടങ്ങി.അവരുടെ കണ്ണിൽ  പുതിയ കാറുകൾക്കിടയിൽ നിൽക്കാനുള്ള പ്രൗഢിയും  പ്രസക്തിയും 800നു ഇല്ലാരുന്നു.

 

പുതിയ കാർ വാങ്ങുന്ന കാര്യം അവൾ പിന്നീടെന്നും പറയുന്നുണ്ടാരുന്നു. കല്യാണങ്ങൾക്കോ മറ്റോ പോകുമ്പോൾ കാർ ദൂരെ മാറ്റിയിട്ട് നടന്നാണ് പോകുന്നത്. ചിലരൊക്കെ യാത്ര അയക്കാൻ കാറിന്റെ അടുത്ത് വരുമ്പോൾ ഭാര്യയുടെ മുഖഭാവം കണ്ടു ഞാൻ വിഷമിച്ചിട്ടുണ്ട്. കാലത്തുതന്നെ ഈ കോഴിക്കൂടിൽ ഞങ്ങൾ വരുന്നില്ലെന്നു പറഞ്ഞു  കാറിൽ കേറാൻ മടിച്ചു നിൽക്കുന്ന കുട്ടികൾ കൂടിയായപ്പോൾ വില്ലേജ് ഓഫീസിലെ മേശ മേൽ ഞാൻ വരവ് ചെലവ് കുറിച്ചിട്ടു നോക്കി.

 

 

എന്റെ സത്യസന്ധതയേ  മറ്റുള്ളവർ പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്കെന്നും സന്തോഷം ആയിരുന്നു. വീട്ടിലെത്തിയ ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാകാൻ നോക്കിയപ്പോൾ അവൾ  പറയുന്നത്.

 

‘‘ എല്ലാരും ക്യാഷ് എടുത്തു വെച്ചിട്ടാണോ ഇതൊക്കെ ചെയുന്നത് എന്നായിരുന്നു. ചേട്ടൻ ഒന്ന് സപ്പോർട്ട്  ചെയ്‌താൽ മതി. എന്റെ കുറച്ചു സ്വർണം ഇരിപ്പില്ലേ. അത് ഇങ്ങനെ വെച്ചിട്ടെന്താ കാര്യം. അത് വിറ്റു കിട്ടുന്ന ക്യാഷ് കൊണ്ട് നമുക്ക് കാർ വാങ്ങാം. അതെ നമുക്ക് സ്വിഫ്റ്റ് ഡിസയർ വേണ്ടാ.അപ്പുറത്തെ ജാനകിചേച്ചിയുടെ വീട്ടിലും  അത് തന്നെ അല്ലെ’’ അവളുടെ  ആവേശം കണ്ടു ഞാൻ ആഭരണങ്ങൾ വിൽക്കാൻ മടി കാണിച്ചു. നമുക്ക് വേറെ വഴി നോക്കാം എന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. വേറെ വഴികൾ ഒന്നും ഇല്ലെന്നു അവൾക്കു അറിയാമായിരുന്നു.

 

പിറ്റേന്ന് രാവിലെ കുട്ടികളോട് നമ്മൾ അടുത്ത ആഴ്ച പുതിയ കാർ വാങ്ങുമെന്ന് അവൾ  പറയുന്നത് കേട്ടുള്ള കയ്യടി ബഹളത്തിൽ എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം താണുപോയി. വൈകിട്ട് സ്കൂളിൽ നിന്നും ചിരിച്ചോണ്ട് കയറി വന്നു അവൾ എന്റെ മുന്നിൽ വന്നു നിന്ന് കൊണ്ട് പറന്നു ‘‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നു പറയില്ലേ ചേട്ടാ. എന്റെ സ്കൂളിലെ എച്ച്എമ്മിന്റെ വീട്ടിലെ കാർ വിൽക്കുന്നു. അവരുടെ മോനും ഫാമിലിയും ഇറ്റലിയിൽ നിന്നും വന്നിട്ടുണ്ട്. അവരും മോന്റെ കൂടെ പോവാ.അപ്പോ ആ ഓഡി അങ്ങ് വിൽക്കാൻ തീരുമാനിച്ചു’’

 

‘‘ഓഡിയോ’’

 

എന്നുള്ള എന്റെ ചോദ്യം കേട്ടപ്പോ അവൾ എന്നെ സമാധാനിപ്പിച്ചു.

 

‘‘ സാരമില്ല. കുറച്ചു  ക്യാഷ് കൂടുതലാവും എന്നാലും ഒരു ഓഡി കിട്ടില്ലേ. ഇപ്പോൾ നമ്മൾ പകുതിയിൽ ഏറെ കൊടുക്കണം. ബാക്കി പിന്നീട് കുറച്ചു കുറച്ചു കൊടുത്താൽ മതി’’

 

അപ്പോഴും എന്റെ സമ്മതം അവൾക്ക് കിട്ടിയില്ല. അവളുടെ നോട്ടം കണ്ടു ഞാൻ പറഞ്ഞു.‘‘ എടിയേ അതൊക്കെ വല്യ വിലയുള്ള കാർ അല്ലെ. അതൊക്കെ maintain ചെയ്യാൻ തന്നെ ഒത്തിരി ക്യാഷ് വേണ്ടെ’’

 

അവൾ എന്നോട് ചേർന്ന് നിന്ന് പറഞ്ഞു. ‘‘അതൊക്കെ നടക്കും. ചേട്ടൻ എതിര് പറയാതെ ഇരുന്നാൽ മതി. നമുക്ക് നാളെ വൈകിട്ട് അവരുടെ വീട് വരെ പോകണം. അവരുടെ മോൻ ചേട്ടന്  വണ്ടിയിൽ ഒരു ട്രെയിനിങ് തരും. നാളെ താനെ ഉള്ള കാശും കൊടുത്തു വരാം. അവർ നല്ലവരാ .അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ വിശ്വസിച്ചു ഒരു കാർ ഏൽപ്പിക്കുവോ?’’

 

എൻറെ മനസ്സിൽ ഒരു സമാധാനവും ഉണ്ടായില്ല. വീട് വെക്കുമ്പോഴുള്ള പണത്തിന്റെ ആവശ്യത്തിനും അവൾ അവളുടെ ആഭരണങ്ങൾ എടുക്കാൻ താല്പര്യപെട്ടില്ല. ഇന്ന് അവൾ തന്നെ മുൻകൈ എടുത്തു സ്വർണം വിറ്റ് 15 ലക്ഷം  സ്വരൂപിച്ചു വെച്ചു. വൈകിട്ടു  നേരത്തെ വരണം. അവളുടെ മുഖത്ത് ഇത്രയും സന്തോഷം കണ്ടിട്ടില്ല.

 

 

ഓഫീസിൽ പുതിയ കാർ വാങ്ങുന്ന കാര്യം ഞാൻ അവതരിപ്പിച്ചു. എല്ലാവരും ഒത്തുകൂടി. ഒരു ടീപാർട്ടിയും നടത്തി. പാർട്ടിക്ക് ഇടയിൽ ജേക്കബ് സാർ ഇന്നൊന്നു കൂടണം എന്ന് ഉറപ്പിച്ചു പറഞ്ഞു. കാർ ഓഡി ആണ്. ചായ പറ്റില്ല എന്ന് പറഞ്ഞപ്പോൾ പിന്നീട് ആകാമെന്ന് ഞാൻ പറഞ്ഞു. എന്നാലും ജേക്കബ് സാർ ഞാൻ അറിയാതെ എല്ലാം അറേഞ്ച് ചെയ്തു. ഓഫീസിൽ സമയം കഴിഞ്ഞാണ്  ഞാൻ അറിഞ്ഞത്. പാർട്ടിയൊക്കെ മാറ്റിവെച്ചു നടത്തിയാൽ ഒരു മൂഡില്ല സാറേ എന്നുള്ള അഭിപ്രായം കേട്ട് ഞാനും പാർട്ടിയിൽ ഒത്തുചേർന്നു. സമയം പോയത് അറിഞ്ഞില്ല. വീട്ടിൽ ചെന്നപ്പോഴേക്കും അവൾ ആകെ ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി.

 

‘‘ചേട്ടൻ എന്താ താമസിച്ചത്? ഓഹോ  മണക്കുന്നുണ്ടല്ലോ? ഇന്ന് അവിടെ പോകണം എന്ന് ഞാൻ പറഞ്ഞതല്ലേ?’’ അല്ലങ്കിലും എന്നെ നാണം കെടുത്തണം ചേട്ടന്’’

 

‘‘ എടി ഓഫീസിൽ എല്ലാവരും കൂടി പാർട്ടിക്ക് നിർബന്ധിച്ചു. നമുക്ക് ഇപ്പോൾ തന്നെ പോകാം. വാ’’

‘‘വേണ്ട,ഈ അവസ്ഥയിൽ അങ്ങോട്ട് പോകണ്ട. അവർ എന്ത് വിചാരിക്കും?. ഞാൻ എങ്ങോട്ടും വരുന്നില്ല.’’ എന്നും പറഞ്ഞു കുട്ടികളെ തള്ളിമാറ്റി അവൾ അകത്തേക്ക് കുതിച്ചു.

 

 

പിറ്റേന്ന് രാവിലെ ഞാൻ ഓഫിസിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് അവൾ മിണ്ടിയത്

 

‘‘ ഇന്നെങ്കിലും ഒന്ന് നേരത്തെ വരുവോ’’ ഞാൻ തലയാട്ടി. 800 സ്റ്റാർട്ട്  ചെയ്തു.അത് മനസില്ലാമനസ്സോടെ സ്റ്റാർട്ട് ആയ അതിനും മനസ്സിലായി എന്നെനിക്ക് തോന്നി. ഓഫീസിൽ നിന്നും ഞാൻ നേരത്തെ വന്നു. എന്ന്നെ കണ്ടതും അവൾ ഓടി വന്നു പറഞ്ഞു.

 

‘‘ വാ ചേട്ടാ. പെട്ടന്ന്‌ പോകാം അവർ നമ്മളെ നോക്കി ഇരിക്കുവായിരിക്കും. ഞാൻ വിളിച്ചു പറഞ്ഞില്ല. ഇന്നലെ പറഞ്ഞിട്ട് ചെന്നില്ലല്ലോ’’

 

‘‘എങ്കിൽ വാ’’

 

‘‘അത് ചേട്ടാ,ആ കാർ വാങ്ങാൻ ഈ കാറിൽ പോകണ്ട. മോശമല്ലേ. നമുക്ക് ടു വീലറിൽ പോകാം.ചേട്ടന് തിരിച്ചു ഓഡിയിൽ വരാം. ഈ കാർ ആർക്കെങ്കിലും കൊടുക്കാം’’

 

 

ഞാൻ കാറിൽ നിന്നിറങ്ങി അവളുടെ സ്കൂട്ടർ  സ്റ്റാർട്ട് ചെയ്തു. അവൾ സന്തോഷം കൊണ്ട് എന്നോട് ചേർന്നിരുന്നു. ഞങ്ങൾ വില്ലേജിലെ ചെറിയ റോഡിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്ക് കയറി. പെട്ടെന്ന് ഒരു പോലീസ്കാരൻ കൈ കാണിച്ചു. ഞാൻ സൈഡിലേക്ക്  മാറ്റി വണ്ടി നിർത്തി. എനിക്കറിയാവുന്ന പോലീസ്‌കാരനാണെന്ന് കണ്ടു ഞാൻ ചിരിച്ചു.

 

‘‘സാർ എങ്ങോട്ടാ? വണ്ടിയൊക്കെ  റെസ്ട്രിക്ട്  ചെയ്തേക്കുവാ’’

 

‘‘ഇവളുടെ എച്ച്എമ്മിന്റെ വീട് വരെ പോകുന്നു’’

 

‘‘അവരുടെ ഓഡി കാർ ഞങ്ങൾ വാങ്ങാൻ പോകുവാ’’ അവൾ ആണ് ഉത്തരം ബാക്കി പറഞ്ഞത്.

 

‘‘ ഇന്ന് രാവിലെ മുതൽ എല്ലാവരും ഹോസ്പിറ്റലിൽ ആണ്. അയാൾക്ക്‌ കൊറോണ ആണ് സാറേ. വീട് പോലീസ് ലോക്ക് ചെയ്തു.നിങ്ങൾ പറഞ്ഞ ആ വണ്ടിയിൽ ആണ് അവർ ഹോസ്പിറ്റലിൽ പോയത്. സാർ ഇതൊന്നും അറിഞ്ഞില്ലേ?’’

 

അന്തം വിട്ടിരിക്കുന്ന എനിക്ക് തിരിച്ചു ഒന്നും പറയാൻ പറ്റിയില്ല. ഞാൻ സ്കൂട്ടറിൽ തന്നെ ഇരുന്നു.

 

‘‘വാ ചേട്ടാ,വണ്ടി തിരിക്ക് നമുക്ക് വീട്ടിൽ പോവാം’’ അവൾ വിറച്ചുകൊണ്ട് പറഞ്ഞു.

 

വീട്ടിലേക്കു വരുമ്പോൾ ഞാൻ 800 നെ നോക്കി. അതെന്നെ നോക്കി കണ്ണിറുക്കി കാണിക്കിക്കുന്നതായി തോന്നി. വീട്ടിലേക്കു കയറിയതും അവൾ കട്ടിലിൽ ചെന്ന് കിടന്നു. വൈകിട്ട് കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോഴാണ് അവൾ എഴുന്നേറ്റത്. ഓഡി തിരക്കിയ കുട്ടികളോട് അവൾ പറയുന്നത് കേട്ടു.

 

‘‘ മിണ്ടരുത്. ഓഡി ഒരു കോടി .അവിടെല്ലാം കൊറോണയാ. ഈശ്വരാ ഇന്നലെ അങ്ങോട്ട് പോയിരുന്നെങ്കിലോ?’’

 

ആ സമയം ഞാൻ ഓഫിസിലെ ജേക്കബ് സാറിന് മനസ്സുകൊണ്ടു നന്ദി പറയുകയായിരുന്നു.സാർ ഇന്നലെ ആ പാർട്ടി നടത്തി ഇല്ലായിരുന്നെങ്കിലോ?

 

‘‘ നമ്മുടെ  ഈ കാറിനെന്താ കുഴപ്പം? ഓഡിയും കൊണ്ട് വന്നിരുന്നെങ്കിൽ ഇപ്പോ കാണാമായിരുന്നു. .എന്ത് വന്നാലും  നമുക്ക് ഈ  കാർ ആർക്കും കൊടുക്കണ്ട.” അവൾ കുട്ടികളോട് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.

 

അവൾ കുട്ടികൾക്ക് ഭക്ഷണം കൊടുത്തു കുളിച്ചു  നിലവിളക്കിന്റെ മുന്നിൽ ഇരുന്നാണ്. അവളുടെ ഈശ്വരനോടുള്ള  നന്ദി പറച്ചിൽ  ആ നാമങ്ങളിൽ മുഴങ്ങി നിന്നിരുന്നു.

 

English Summary : Corona Manassilakkithanna padam Story By Ramesh Kumar. S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com