sections
MORE

ക്ലാസിൽ വായിച്ച നോട്ടീസ് കേട്ട് തരിച്ചിരുന്നു പോയി; ടീച്ചറിന്റെ പിന്നാലെ കുറ്റവാളിയെപ്പോലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക്...

മഷിപ്പേന (കഥ)
പ്രതീകാത്മക ചിത്രം
SHARE

മഷിപ്പേന (കഥ)

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. നാലാം ക്ലാസ് വരെ പെൻസിൽ മാത്രമേ ഉപയോഗിക്കാവൂ എന്നു കർശന നിയമം സ്കൂളിൽ ഉണ്ട്. പേന, അതും മഷിപ്പേന മാത്രം അഞ്ചാം ക്ലാസ് മുതൽ ഉപയോഗിക്കാം. മുതിർന്ന ക്ലാസ്സിലെ ചേട്ടന്മാർ പേന അഭിമാനത്തോടെ കൊണ്ടു നടക്കുന്നത് കണ്ടു വിഷമം തോന്നിയിരുന്നു.

പലവട്ടം എന്റെ കൂടെയുള്ള കുട്ടികൾക്കൊപ്പം പോയി ടീച്ചറോട് പേന ഉപയോഗിച്ചോട്ടെ എന്നു ചോദിച്ചു. 

ടീച്ചർ പറഞ്ഞു: ‘വലിയ പരീക്ഷക്ക് ഇനി ഒരാഴ്ചയല്ലേ ഒള്ളു. അടുത്ത കൊല്ലം മുതൽ ഉപയോഗിക്കാമല്ലോ.’

മറുപടിയൊന്നും പറയാതെ തിരിച്ചു പോകുമ്പോളും നോട്ടം ടീച്ചറുടെ കയ്യിലെ ഹീറോ പേനയിൽ തന്നെയായിരുന്നു. അങ്ങനെ ഒരാഴ്ച തള്ളി നീക്കി. വലിയ പരീക്ഷ കഴിഞ്ഞു. സ്കൂൾ അടച്ചു. കൂട്ടുകാർ കളിക്കാൻ വിളിച്ചു.പോയില്ല. മനസിൽ ‘ഒരു പേന സ്വന്തമാക്കണം. അതുപയോഗിച്ച് എഴുതണം. സ്കൂളിലെ ഏട്ടന്മാരെ കാണിക്കണം.’ എന്നത് മാത്രമായിരുന്നു.

ഇനിയാണ് അടുത്ത പ്രശ്നം. പേന വാങ്ങുന്ന കാര്യം അച്ഛന്‍റെ അടുത്ത് അവതരിപ്പിക്കണം. അച്ഛൻ ആ കാലത്ത് ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ള ബൈക്ക് യാത്രകളിലായിരുന്നു.കാണുന്നതേ അപൂർവം.

ഒരു ദിവസം അച്ഛനോട്‌ പറഞ്ഞു: 

‘അച്ഛാ, എനിക്കൊരു മഷിപ്പേന വേണം. അടുത്ത കൊല്ലം മുതൽ പെൻസിൽ ക്ലാസിൽ ഉപയോഗിക്കാൻ പറ്റില്ല.’

അച്ഛൻ എന്റെ മുഖത്തെ ഗൗരവം കണ്ടു ചിരിച്ചു. എന്നിട്ടു പറഞ്ഞു: 

‘സ്‌കൂൾ തുറക്കാൻ ഇനിയും സമയം ഉണ്ടല്ലോ. നമുക്കാലോചിക്കാം’.

‘അച്ഛൻ ഉറപ്പിച്ചു പറ.എനിക്ക് മേടിച്ചു തരുവോ?’

‘എടാ, നീ പോയേ. ഞാൻ പറഞ്ഞല്ലോ.’

അച്ഛന് ദേഷ്യം വന്നു തുടങ്ങി. ഇനി നിന്നാൽ അടി ഉറപ്പാ. ഓടി.അങ്ങനെ ജൂൺ മാസം ആയി. നാളെ സ്കൂൾ തുറക്കും. അച്ഛന്‍റെ ഭാഗത്തുനിന്നു പ്രതികരണം ഒന്നും കാണുന്നില്ല. അമ്മയുടെ അടുത്തു പരാതി. അതു പിന്നെ കരച്ചിൽ ആയി. അമ്മ പറഞ്ഞു.

‘എടാ ചെറുക്കാ, നീയൊന്നു നിർത്ത്. അച്ഛൻ വരട്ടെ. ഞാൻ പറയാം.’

രാത്രിയായി. അമ്മ കാര്യം പറയുമോ എന്ന സംശയം കാരണം ഉറങ്ങാതിരുന്നു. നല്ല മഴയാണ് പുറത്ത്. അച്ഛനെ കാത്തിരുന്ന് ഒന്നു മയങ്ങിപ്പോയി. സമയം പന്ത്രണ്ട് മണി. അച്ഛന്റെ ബൈക്കു ശബ്ദം. പാതി അടഞ്ഞ കണ്ണുമായി ഓടിച്ചെന്ന് ഒളിഞ്ഞു നോക്കി. അച്ഛൻ നനഞ്ഞു കുളിച്ചിരുന്നു. മഴക്കോട്ട് ഊരുകയാണ്. 

‘അമ്മ എന്താ പറയാത്തെ?’ ഞാൻ മനസ്സിൽ വിചാരിച്ചു.

അച്ഛൻ എന്നെ കണ്ടു. എന്നെ വിളിച്ചു. എന്നിട്ടു നനഞ്ഞ കോട്ടിന്‍റെ പോക്കറ്റിൽനിന്ന് ഒരു കവർ എടുത്ത് തന്നു. ഞാൻ തുറന്നു നോക്കി. 

മഷിപ്പേന (കഥ)

അത്  ചുവന്ന നിറമുള്ള മഷിപ്പേനയായിരുന്നു. കൂടെ ഒരു കുപ്പി മഷിയും. ഞാൻ സന്തോഷത്തോടെ തുള്ളിച്ചാടി. ഉറങ്ങുമ്പോഴും അത് തലയിണക്കീഴിൽ വച്ചു കെട്ടിപിടിച്ചാണ് കിടന്നത്. രാവിലെ നേരത്തേ എഴുന്നേറ്റു. എത്രയും വേഗം സ്കൂളിൽ എത്തണം. കൂട്ടുകാരെ കാണണം. ടീച്ചറുടെ അനുവാദത്തോടെ പേനയെടുത്ത് എഴുതണം.

അച്ഛൻ ഇറങ്ങാൻ വൈകി.

അതുകൊണ്ടു നേരേ ക്ലാസിലോട്ടു കയറേണ്ടി വന്നു. ടീച്ചർ വന്നു. എല്ലാരും എഴുന്നേറ്റു. ഇരിക്കാൻ പറഞ്ഞു കൊണ്ടു ടീച്ചർ പറഞ്ഞു: ‘ഇന്ന് മുതൽ നിങ്ങൾ വലിയ കുട്ടികളാണ്. പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ വേണം.’

ടീച്ചർ പറയുന്നത് അക്ഷമയോടെ ഞാൻ കേട്ടിരുന്നു. എങ്ങനെയും പേന പുറത്തെടുക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ. എന്‍റെ കൈകൾ ബാഗിനുള്ളിലെ കവറിൽ തന്നെയായിരുന്നു.

ഞാൻ പേന പുറത്തേക്ക് എടുത്തതും പ്യൂൺ കയറി വന്നു. അയാൾ ടീച്ചറോട്പറഞ്ഞു: ‘ഒരു നോട്ടീസ് ഉണ്ട്. എല്ലാരേയും വായിച്ചു കേൾപ്പിക്കണം’. 

ടീച്ചർ നോട്ടീസ് വായിച്ചു: ‘ഈ വർഷം മുതൽ മഷിപ്പേന ആറാം ക്ലാസ്സ് മുതൽ ഉള്ള കുട്ടികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കൈയക്ഷരം നന്നാകുന്നതിന് ഒരു കൊല്ലം കൂടി പെൻസിൽ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് കരുതുന്നു.’

നോട്ടിസ് കേട്ടു ഞാൻ തരിച്ചു പോയി. കണ്ണുകൾ നിറഞ്ഞു. എന്റെ കയ്യിൽനിന്ന് പേന താഴെ വീണു. 

നീല മഷി തെറിച്ചു. എല്ലാരുടെയും ഷർട്ടിൽ മഷിയായി; എന്‍റെ അടുത്തു കൂടെ നടന്നു നോട്ടീസ് വായിച്ച ടീച്ചറുടെയും.

അനുവാദം കൂടാതെ ക്ലാസ്സിൽ മഷിപ്പേന കൊണ്ടുവന്ന കുറ്റത്തിന് ഞാൻ ടീച്ചർക്കൊപ്പം പ്രിൻസിപ്പലിന്റെ മുറിയിലേക്ക്.

English Summary : Mashippena Short Story by Rohan Mathew

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;