sections
MORE

പ്രായമായ സ്ത്രീ ബലമായി എന്നെ പിടിച്ച് ആൾക്കൂട്ടത്തിലേക്കിട്ടു; ഞാൻ പരിഭ്രാന്തനായി കരയുന്നുണ്ട് പക്ഷേ...

യാത്ര വടക്കോട്ടാണ് (കഥ)
പ്രതീകാത്മക ചിത്രം
SHARE

യാത്ര വടക്കോട്ടാണ് (കഥ)

പതിവിനു വിപരീതമായി ഇന്നലെ ജംക്‌ഷൻ വരെ ഒന്നു നടന്നു. കുറേ ദിവസം ആയില്ലേ ലോക്ഡൗൺ ആയത് കാരണം വീട്ടിൽത്തന്നെ ഇരിക്കുന്നു. സമയം രാത്രി പത്തു മണി കഴിഞ്ഞിട്ടുണ്ടാകണം. കുറേ ആളുകൾ തെക്കുനിന്നും വടക്കോട്ട് അവരുടെ ഭാണ്ഡക്കെട്ടുകളുമായി നടന്നു നീങ്ങുന്നുണ്ട്. പൊതുവേ തിരക്കുള്ള ആശുപത്രി ജംക്‌ഷനിൽ ഈ ആളുകൾ നടന്നുപോകുന്നതിന്റെ ശബ്ദം മാത്രം. പത്തോ പതിനഞ്ചോ പേരടങ്ങുന്ന ആൾക്കൂട്ടങ്ങളാണ് കൂടുതലും. അവരിൽ പ്രായമായവരും സ്ത്രീകളും ആണ് കൂടുതൽ. വഴിവിളക്കുകൾക്ക് വെളിച്ചം കുറവായതിനാൽ  അവരൊക്കെ ഏതോ നിഴൽകൂട്ടങ്ങളെ പോലെ തോന്നി. 

ലോക്ഡൗൺ ആയതുകൊണ്ട് പരിചയക്കാരെ ആരേം കാണാത്തതിനാൽ ഞാൻ അങ്ങനെ റോഡ്സൈഡിൽ അവരൊക്കെ  നടന്നു പോകുന്നത് നോക്കി നിൽക്കുകയാണ്. അതിനിടയിൽനിന്ന് ഒരു പ്രായമായ സ്ത്രീയുടെ കൈ എന്റെ കയ്യിൽ ബലമായി പിടികൂടുകയും ആ നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിലേക്ക് എന്നെ വലിച്ചിടുകയും ചെയ്തു. പെട്ടെന്നുള്ള ആ സംഭവത്തിൽ ഞാൻ പരിഭ്രാന്തനായി കരയുന്നുണ്ട്. എന്നെ വിടാൻ പറയുന്നുണ്ട്. ആരും കേൾക്കുന്നില്ല. എല്ലാവരും നടക്കുകയാണ്. ഞാൻ സർവ്വശക്തിയുമെടുത്ത്  അവരുടെ പിടിയിൽ നിന്നു രക്ഷപെട്ട് വടക്കോട്ടുതന്നെ ആണ് ഓടിയത്. അടുത്ത ജംക്‌ഷനിൽ നിന്ന് ഓടിയ ക്ഷീണം മാറ്റാൻ ഞാൻ എന്തോ വാങ്ങി കുടിച്ചു. ആ കടയിൽ ഉണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരനോട് ഞാൻ  ഇതെല്ലാം പറഞ്ഞു ചിരിക്കുന്നുണ്ട് . ഞാൻ ഓർത്തെടുത്തു - അവർക്ക് ഏകദേശം ഒരു  60-65 വയസ്സ് പ്രായം ഉണ്ടാകും, മുഖമൊന്നും ആൾക്കൂട്ടത്തിനു നടുവിലുള്ള നിഴലുകളാൽ വ്യക്തമല്ല, മാനസിക തകരാർ ഉള്ളതായിരിക്കണം.

അപ്പോഴും ആൾക്കൂട്ടങ്ങൾ എന്റെ മുന്നിലൂടെ നടന്നു നീങ്ങുന്നുണ്ട്. ഞാൻ എന്നെ വലിച്ചിട്ട ആ സ്ത്രീ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കുകയാണ്, സ്വാഭാവികമായും പ്രായമായവരെ ആണ് ഞാൻ ശ്രദ്ധിക്കുന്നത്. അതിനിടയിൽ നിന്ന് ഒരു പെൺകുട്ടി എന്റെ അടുത്തോട്ടു ഓടി വന്നിട്ട്  എന്റെ ഇടത്തെ കൈ കോർത്തു പിടിച്ചിട്ട് പോകാം എന്ന് പറയുന്നു. എന്റെ വലതു കൈ കോർത്തു പിടിച്ചു എന്നേക്കാൾ പൊക്കമുള്ള എന്റെ സുഹൃത്ത് കുഞ്ഞനും. നിസ്സഹായതയോടെ ഞാൻ എന്റെ പരിചയക്കാരൻ ആയ ആ കടക്കാരനെ നോക്കുന്നുണ്ട്. പുള്ളി ഒരു ചിരിയോടെ പൊയ്ക്കൊള്ളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും ഞാനും ആ ആൾക്കൂട്ടത്തിൽ  ചേർന്നിരുന്നു. 

ഞാറക്കൽ പാലം കയറിയപ്പോഴേക്കും എന്റെ വലത്തേ കൈ കുരുക്കി പിടിച്ചിരിക്കുന്ന കുഞ്ഞനെ നോക്കി. ഐസ് കമ്പനിയുടെ വെളിച്ചത്തിൽ ഒരു കാര്യം മനസിലായി. ഇത്  കുഞ്ഞനൊന്നുമല്ല അവന്റെ അത്രേം പൊക്കം ഉള്ളത് കൊണ്ട് എനിക്ക് തോന്നിയതാണ്. അപ്പൊ ഈ പെൺകുട്ടിയോ?

എന്നേക്കാൾ പൊക്കം കുറവാണ്, ഒരു 18-20 വയസ്സ് പ്രായം തോന്നും, വലിയൊരു നടത്തത്തിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ട്, അവളുടെ സ്വന്തം സഹോദരന്റെ  കയ്യിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന തോന്നൽ  ആണ് അവൾക്കുള്ളതെന്ന് എനിക്ക് മനസിലായി. അപ്പൊ കുഞ്ഞന്റെ മുഖസാദൃശ്യമുള്ള എന്റെ വലത്തേ കൈ പിടിച്ചിരിക്കുന്ന ആൾ?

അവനും ഒരു 28-30 വയസ്സ് പ്രായം തോന്നിക്കും,  ആ പെൺകുട്ടിയുടെ സഹോദരൻ ആണ് ഇവൻ എന്ന് വെളിയത്തം പറമ്പു സ്റ്റോപ്പ്‌ ആയപ്പോഴേക്കും മനസ്സിലായി.

ഞാൻ അവരോടു ചോദിക്കുന്നത് അവർ കേൾക്കാത്തതാണോ അതോ എന്റെ ശബ്ദം പുറത്തു വരാത്തതുകൊണ്ടാണോ ആണോ എന്നറിയില്ല, ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടിയില്ല. എന്റെ ഇടത്തെ കയ്യിൽ തൂങ്ങി നടക്കുന്ന പെൺകുട്ടി എന്തൊക്കെയോ സ്വയം പറയുന്നുണ്ട്, അതോ പാട്ട് പാടുന്നുന്നതാണോ. ആവോ.! 

നായരമ്പലം  അമ്പലത്തിൽ എന്തോ പരിപാടി നടക്കുന്നുണ്ട്. റോഡിനു ഇരുവശത്തും ആളുകൾ ഉണ്ട്. റോഡിനരികിൽ ഉള്ള പഴയ ബിൽഡിങ്ങുകൾക്കു മുകളിൽ കയറി അമ്പലപറമ്പിലെ കാഴ്ചകൾ കാണുകയാണ് ചിലർ. ഞാൻ ഉൾപ്പെടുന്ന ആൾക്കൂട്ടം റോഡിലൂടെ വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുവാണ്. ഗവണ്മെന്റ് ഓർഡർ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു. റോഡിനരികിൽ വരെ ആളുകൾ തിങ്ങി കൂടിയിട്ടുണ്ടെങ്കിലും റോഡിൽ ഒരു കുഞ്ഞു പോലും കാലു കുത്തുന്നില്ല. എല്ലാവരുടെയും ശ്രദ്ധ ഈ നടന്നു നീങ്ങുന്ന ആൾക്കൂട്ടങ്ങളിലേക്ക് ആയി. പലരും എന്നെ പരിചയമുള്ള ഭാവത്തിൽ നോക്കുന്നുണ്ട്. അവർക്കൊക്കെ ഒരു വളിച്ച ചിരി സമ്മാനിച്ചു ഞാൻ എന്റെ അനിയത്തി കുട്ടിയുടെയും അനിയന്റെയും കൈ പിടിച്ചു നടന്നു കൊണ്ടേയിരുന്നു.

എടവനക്കാട് ആകാറായപ്പോഴേക്കും അന്തരീക്ഷം വളരെയധികം നിശബ്ദതയിൽ ആണെന്ന് തോന്നിപ്പിച്ചു. ഞാൻ ചോദിക്കുന്നതും എന്റെ പൊക്കമുള്ള അനിയൻ പറയുന്നതുമെല്ലാം ഇപ്പോ വ്യക്തമാകുന്നുണ്ട്. അപ്പോഴേക്കും എന്നെ ആദ്യം കൈ പിടിച്ചു വലിച്ച ആ പ്രായമായ സ്ത്രീയും എന്റെ തൊട്ടു പിന്നിൽ തന്നെ ഉണ്ട് എന്ന സത്യം ഞാൻ മനസ്സിലാക്കിയിരുന്നു. അവന്റെ ഇടറിയ ശബ്ദത്തിലൂടെ ഒരു കാര്യം മനസ്സിലായി. അവരുടെ അമ്മയാണ് ആ പ്രായമായ സ്ത്രീയെന്നും,  അമ്മയ്ക്ക് മാനസികമായി പ്രോബ്ലം ഉണ്ടെന്നും.

അവിടുന്ന് പിന്നെ എത്ര ദൂരം വടക്കോട്ടു പോയെന്ന് അറിയില്ല. എവിടെയോ വച്ച് ഞങ്ങൾ നാല് പേർ ആ പത്തു പതിനഞ്ചു പേർ അടങ്ങുന്ന കൂട്ടത്തിൽ നിന്നും വഴിപിരിഞ്ഞു. കിഴക്കോട്ടാണ് പോകുന്നത്. അനിയൻ ആണ് മുന്നിൽ നടക്കുന്നത്, എന്തൊക്കെയോ പറഞ്ഞു കൊണ്ട് എന്റെ അനിയത്തി കുട്ടി എന്റെ കയ്യിൽ തൂങ്ങി നടക്കുന്നു. അവരുടെ അമ്മയും പുറകിൽ ഉണ്ട്. അവർക്ക് ഇപ്പോഴും ആ പഴയ ദേഷ്യം ഉണ്ടെന്ന് തോന്നുന്നു.

അങ്ങനെ റോഡിൽ നിന്നും ഒരു രണ്ടു കിലോമീറ്റർ കഴിയാറായപ്പോഴേക്കും അവരുടെ വീട് എത്താറായി. ഒരു തോട് പോകുന്നുണ്ട്. തോടിനു കുറുകെ നമ്മുടെ ഹെർബെർട് പാലത്തെ അനുസ്മരിക്കുന്ന വിധത്തിൽ ഉള്ള ഒരു ചെറിയ പാലം, അതു കഴിഞ്ഞ് ഇറങ്ങി ചെല്ലുമ്പോൾ വലതുവശത്തായി പാടത്തോട്ട് ഇറങ്ങി കിടക്കുന്ന ഒരു ഓടിട്ട ചെറിയ വീട്. വീട് കണ്ടാൽ അറിയാം കുറേ നാൾ ആയി അവിടെ താമസം ഉണ്ടായിട്ടെന്ന്. അപ്പോഴേക്കും പുലർച്ചെ ആയിക്കാണും.

അനിയത്തിയും അമ്മയും ഉറങ്ങാൻ പോയിരുന്നു. ഞങ്ങൾ കുറേ നേരം ആ വീടിന്റെ പൊട്ടി പൊളിഞ്ഞ വരാന്തയിൽ ഇരുന്നു സംസാരിച്ചു. അവർ വേറെ ഏങ്ങോ ആയിരുന്നു താമസിച്ചിരുന്നത്. ലോക്ഡൗൺ ആയതുകൊണ്ട് ആണ് നടക്കേണ്ടി വന്നത്. നടക്കാൻ ബുദ്ധിമുട്ട് വന്നപ്പോഴൊക്കെ അവരുടെ ഭാണ്ഡക്കെട്ടുകൾ പലതും പലയിടത്തും ആയി ഉപേക്ഷിച്ചാണ് അവർ ഇവിടെ എത്തിയത്.

രാവിലെ വീട്ടിൽ പോയി വണ്ടിയുമായി വന്നു നമുക്കൊരുമിച്ചു വഴിയിൽ ഉപേക്ഷിച്ച സാധങ്ങളൊക്കെ എടുക്കാമെന്ന് വാക്ക് കൊടുക്കുമ്പോഴും എന്റെ കയ്യിൽ തൂങ്ങി നടന്ന ആ കുഞ്ഞനിയത്തിയുടെ മുഖം ആയിരുന്നു എന്റെ മനസ്സിൽ നിറയെ. അമ്മയെ പോലെ വളരെ ചെറുപ്പത്തിലേ മനസ്സിലിന്റെ കടിഞ്ഞാൺ പൊട്ടിയവൾ.

എന്റെ സ്വപ്‌നങ്ങൾ പലപ്പോഴും ഇത്തരത്തിൽ ഉള്ളതാണ്. എന്തിനാണ് അവർ എന്നെ അവരുടെ കൂടെ കൂട്ടിയെതെന്നു പറയാതെ! പതിവ് തെറ്റിച്ചില്ല ! ഓർമകളിൽ നിന്ന് മാഞ്ഞു പോകുന്നതിനെ മുന്നേ കുത്തികുറിക്കാൻ പറ്റി എന്ന് മാത്രം.

English Summary : Yathra Vadakkottanu Story By Sarath Kumar P R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;