sections
MORE

ഒന്ന് ഉമ്മ വെക്കണം... ! ഞാൻ ഞെട്ടി.. ആളെ ഒന്നു തുറിച്ചു  നോക്കി, ഇയാളിങ്ങനെ അന്ത്യാഭിലാഷങ്ങളുടെ എത്ര...

അങ്ങനെ ഒരു കൊറോണക്കാലത്ത്... (കഥ)
പ്രതീകാത്മക ചിത്രം
SHARE

അങ്ങനെ ഒരു കൊറോണക്കാലത്ത്... (കഥ)

നത്തോലി ഒരു ചെറിയ മീനല്ല. എന്നു  പറഞ്ഞതുപോലെ, കൊറോണകുടുംബത്തിൽ പിറന്ന പുതിയ  താരം കോവിഡ് 19  വെറുമൊരു കുഞ്ഞൻ വൈറസല്ല. ആ കാര്യം നമ്മുടെ നാട് ശരിക്കു മനസ്സിലാക്കുന്നതിനു തൊട്ടുമുമ്പായി ഏകദേശം നമ്മുടെ ജനതാ കർഫ്യൂവിന് മൂന്നോ നാലോ ദിവസം മുമ്പാണ്  അങ്ങേര് എന്നെ വിളിച്ച് അടിയന്തിരമായി ഒരു സംഗതി പറയുന്നത്. 

അങ്ങേരെന്നാൽ  മറ്റാരുമല്ല,  എന്റെ ഓൺലൈൻ കാമുകൻ. ഊണും ഉറക്കവും ഉണർച്ചയും മുതൽ ശ്വാസം വരെയും ഇന്റർനെറ്റിൽ നിന്നുമെടുക്കുന്നവൻ. എഴുത്തുകാരൻ. ഗൃഹസ്ഥൻ,ലോകത്തിലെ സകല കാര്യങ്ങളുമറിയാം... ശങ്കരാടി പറഞ്ഞത് ചെറുതായൊന്ന് എഡിറ്റിയാൽ സർവവിജ്ഞാനഭണ്ഡാകാരം എന്നാൽ, വകതിരിവു വട്ടപ്പൂജ്യം... (ഈ ഒടുവിൽ പറഞ്ഞത് എനിക്കല്ലാതെ  അങ്ങേർക്കു പോലും അറിയില്ല എന്നതാണ് അതിന്റെയൊരിത് )

പറഞ്ഞതിതാണ്...‘‘എടീ ലോകം മുഴുവൻ ഈ വൈറസ് രോഗം പടരുമെന്നാ കേൾക്കണത്. അതു കഴിയുമ്പഴേക്കും നമ്മളിൽ ആരൊക്കെ ബാക്കിയുണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. ഈ ചാറ്റും കോളുമല്ലാതെ ഒരിക്കലെങ്കിലും നേരിൽ കാണുമെന്ന എന്റെ ആഗ്രഹം നടക്കുമോ?’’

‘‘നടക്കുമോ’’ എന്ന് ചിന്തിച്ച് ഞാൻ ഒന്നു ശ്വാസമെടുത്തപ്പോഴേക്കും ആൾ അടുത്ത ആണി തറച്ചു. ‘‘എന്റെ അന്ത്യാഭിലാഷമായിട്ടു കരുതിയാൽ മതി’’

ഇങ്ങേരാണെങ്കിൽ എല്ലാ  ദിവസവും എന്നെ വിളിച്ച് സമയവും സന്ദർഭവുമനുസരിച്ച് അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെയാണ് എനിക്കു വേണ്ടി ഇൻവെസ്റ്റു ചെയ്തു കൊണ്ടിരിക്കുന്നത്.  അങ്ങനെയൊരു മനുഷ്യന്  ഇങ്ങനൊരു ആഗ്രഹം അതും അന്ത്യാഭിലാഷം അറിയിക്കാൻ തീർച്ചയായും അവകാശമുണ്ട്.

വെറുതെയൊന്നു കാണുന്നതിൽ എനിക്കെന്തു പ്രയാസം. മാത്രമല്ല ഈ പറഞ്ഞതുപോലെ ഇത് എല്ലാത്തിന്റെയും അവസാനമാണെങ്കിൽ ഈയൊരു അന്ത്യാഭിലാഷം നടത്തിക്കൊടുക്കേണ്ട ഒരു ബാധ്യത എനിക്കില്ലേ.. ഉണ്ട്... പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. ഞങ്ങൾ രണ്ടു പേരും എഫ് ബി യിൽ സജീവമാണ്. അഞ്ചും അഞ്ചും പത്ത്.. മ്യൂച്ചൽ, ഫേക്ക്  ആദിയായവരെ കുറച്ച്, ഫോളോവേഴ്സിൻെറ എണ്ണം കൂട്ടിയാൽ എങ്ങനെയും ഉണ്ടാകും പതിനായിരത്തിനുമേൽ ഫ്രണ്ട്സ്..

അവർ എപ്പോഴൊക്കെ എവിടെ നിന്നൊക്കെ വന്നു ചാടുമെന്നു പറയാൻ വയ്യ.  കോവിഡനെപ്പോലെ തുരുതുരെ പറന്നു വന്ന റിക്വസ്റ്റുകളൊക്കെ ചറപറാ സ്വീകരിച്ച നേരത്ത് ഇങ്ങനൊരു പ്രതിസന്ധി വന്നു കൂടുമെന്ന് ആരറിഞ്ഞു. ആലോചിച്ചു കളയാൻ സമയമില്ല. കോവിഡൻ അടുത്തെത്തിക്കഴിഞ്ഞു. ജനസഞ്ചാരമൊക്കെ കുറഞ്ഞിരിക്കുന്നു. 

ആ സമയത്ത് വീണ്ടും അങ്ങേര്  പറയുന്നു, ‘‘ഡീ ഇതാണ് പറ്റിയ സമയം. ആളുകൾ, പ്രത്യേകിച്ച് ഫേസ് ബുക്ക് ജീവികളൊക്കെ ഗേറ്റു പൂട്ടി വാതിലടച്ച്  വീട്ടിൽ എഫ് ബി തുറന്നു വച്ചിരിപ്പാണ്. അതില്ലാത്തവർ മാത്രമാണ് റോഡിൽ തേരാപാരാ ഇറങ്ങി നടക്കണത്’’

ശരിയാണ്... എഫ് ബി തുറന്നാൽ തോന്നും അതിനെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്ന്. അത്രയ്ക്കുണ്ട് വാർത്തകൾ, പോസ്റ്റുകൾ, ഷെയറുകൾ, ലൈവുകൾ, ചർച്ചകൾ, ട്രോളുകൾ.. സർവത്ര കൊറോണ മയം. പറഞ്ഞത് നേരായിരിക്കും.

പെട്ടെന്നു തന്നെ ദിവസവും സമയവും കുറിക്കപ്പെട്ടു. അതിനു പിറകെ ഇരുവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ ഇടമെന്ന നിലയ്ക്ക് തൃശൂർ സംഗമവേദിയായും തീരുമാനിക്കപ്പെട്ടു.

ഇനി എന്തെങ്കിലും പറഞ്ഞ് വീട്ടിൽ നിന്നു പുറത്തു ചാടണം. കള്ളത്തിനു മേൽ കള്ളം പടുത്തു വയ്ക്കുന്ന എഴുത്തുകാർക്കാണോ ഒരു കാരണം കണ്ടെത്താൻ പ്രയാസം. ഞാനെന്തു സൂത്രം പറഞ്ഞുവെന്നത്  ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇനിയങ്ങോട്ട്  എല്ലാവരും അതു തന്നെ എടുത്തു പ്രയോഗിച്ചാൽ പിന്നെ അതിന്റെ വിശ്വാസ്യത പോവില്ലേ...

ആ ദിവസം തൃശൂർ ടൗണിൽ ഞാൻ ബസിറങ്ങി. അങ്ങേര് കാറുമായി സ്റ്റാൻഡിനു പുറത്ത് കാത്തു കിടപ്പുണ്ട്. കണ്ടെത്താനൊന്നും പ്രയാസമുണ്ടായില്ല. കാറിൽ കയറിയിരുന്നു. മുമ്പ് വിഡിയോയിലും മറ്റും കണ്ടതാണെങ്കിലും എന്റെ പരിഭ്രമം കാരണമാകാം പ്രതീക്ഷിച്ചതിലും കൂടുതൽ അപരിചിതത്വം തോന്നി. ആ സമയം എന്റെ  ഹൃദയമാണോ ചങ്കാണോ കരളാണോ തലച്ചോറാണോ അതോ ഇവരെല്ലാവരും ചേർന്നാണോ എന്നറിയില്ല ... ‘‘കൊറോണ,.. കോവിഡ്,... അന്ത്യാഭിലാഷം....’’ എന്നൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്നെ നേരിൽ കണ്ട് അങ്ങേരുടെ ബോധം പോയില്ല എന്നതും ഇവിടെ പറയേണ്ടതായിട്ടുണ്ട്.

എന്തായാലും ആഗ്രഹം നടന്നല്ലോ. കണ്ടു. കുറച്ചു നേരം സംസാരിക്കണം. ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു പിരിയണം. അത്രയേ ഉള്ളൂ എനിക്കു പ്ലാൻ. ഹോട്ടലന്വേഷിച്ചു കറങ്ങുന്നതിനിടെ അടുത്ത അന്ത്യാഭിലാഷം അങ്ങേരറിയിച്ചു. ഒന്ന് ഉമ്മ വെക്കണം... ! ഞാൻ ഞെട്ടി.. ആളെ ഒന്നു തുറിച്ചു  നോക്കി. ഇയാളിങ്ങനെ അന്ത്യാഭിലാഷങ്ങളുടെ എത്ര കണ്ണികളും കൊണ്ടായിരിക്കും വന്നിരിക്കുന്നത് എന്ന് ചിന്തിച്ചു.. പറ്റില്ല. ഈ ചങ്ങല ഇവിടെ വച്ചു ബ്രേക്ക് ചെയ്തേ പറ്റൂ... ഞാൻ ഡോറിനടുത്തേക്കു നീങ്ങി, പരമാവധി സോഷ്യൽ ഡിസ്റ്റൻസ്  പാലിച്ചു.

‘‘എടീ  നമ്മളിലാർക്കെങ്കിലും കോവിഡ് വന്നാൽ പിന്നെ അന്ത്യചുംബനം പോലും നടക്കില്ലാട്ടോ’’  എന്ന  നിഷ്കു പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ അങ്ങേര് കാർ റോഡരികെ നിർത്തലും എന്നെ വലിച്ച് മടിയിൽ കിടത്തി ചുണ്ടിൽ ഉമ്മവെക്കലും കഴിഞ്ഞു.

ആദ്യത്തെ ഷോക്കിൽ ഒന്നു തളർന്നെങ്കിലും എന്റെ പ്രതിരോധ സംവിധാനം ഉടനടി ഉണർന്നു പ്രവർത്തിച്ചു. തള്ളും കുത്തും പിച്ചും മാന്തും നടക്കുന്നതിനിടെയാണ് ഞാനാ കാഴ്ച കണ്ടത്. കാറിനരികിലൂടെ നടന്നുപോയ ഒരാൾ രണ്ടു സെക്കന്റിനു ശേഷം തിരിച്ചു വരുന്നു. ചില്ലിലൂടെ കാറിനുള്ളിലേക്കു നോക്കി അന്ധാളിച്ചു നിൽക്കുന്നു..

ഒന്ന് ... രണ്ട്... മൂന്ന്... മൂന്നേ മൂന്നു സെക്കന്റിൽ ഞാൻ മുമ്പ് പറഞ്ഞ ചങ്ക് കരള് ഹൃദയം തലച്ചോർ ബഡീസ് തുടർന്നു നടത്തിയ പ്രവർത്തനമാലോചിക്കുമ്പോൾ ഇപ്പോഴും എണീറ്റു നിന്ന് സല്യൂട്ടടിക്കാൻ തോന്നും. 

ആദ്യ സെക്കന്റിൽ അലാം സിഗ്നൽസ് തുരുതുരെ പാഞ്ഞു. വന്നു കൂടുന്ന ജനക്കൂട്ടം, വിഡിയോ കവറേജ് വീടിനുള്ളിൽ ലോക് ഡൗണായിപ്പോകുന്നതോ വീട്ടിൽ നിന്ന് ലോക്ക്ഡ് ഔട്ട് ആകുന്നതോ വരെയുള്ള ആഫ്റ്റർ എഫക്ട്സ്.

രണ്ടാം സെക്കന്റിൽ ക്രൈസിസ് മാനേജ്മെൻറ് വിങ്ങിന്റെ ഉജ്വല പ്രവർത്തനം,.. വിശകലനം, ആസൂത്രണം. മൂന്നാം സെക്കന്റിൽ റെസ്ക്യൂ ഓപ്പറേഷനായുള്ള നിർദ്ദേശങ്ങൾ അവരെന്റെ  ഉള്ളംകൈയിൽ വച്ചു തന്നു. 

ഞാൻ പെട്ടെന്ന് ചത്തതുപോലെ കിടന്നു. മുഖത്തിനു മുകളിലുള്ള വകതിരിവില്ലാത്ത തലയോടു ശബ്ദം താഴ്ത്തി പറഞ്ഞു. ‘‘ദേ .. ഇതു മിക്കവാറും നമ്മുടെ അന്ത്യചുംബനം തന്നെയാകാനാണു സാധ്യത. മുപ്പതു സെക്കന്റിനുള്ളിൽ ഇവിടെ ആളുകൂടും. പിന്നെ നമ്മൾ കൊറോണയേക്കാൾ വലിയ വൈറലാ... ഇയാളെ പെണ്ണുമ്പിള്ള വീട്ടിൽ കേറ്റോ... ?’’

‘‘അയ്യോ...’’അങ്ങേര് ഞെട്ടി. ഇനിയെന്തു ചെയ്യും?

‘‘ ഞാൻ ചത്ത പോലെ കിടക്കും. അറ്റായ്ക്കാണ്... കൃത്രിമ ശ്വാസം കൊടുത്തതാന്ന് പറഞ്ഞോ. ബാക്കിയൊക്കെ  ഇയാളുടെ മിടുക്കുപോലെ.." ഞാൻ കണ്ണടച്ചു. വായും അടച്ചു...

മുപ്പതു സെക്കന്റ് തികച്ചും വേണ്ടി വന്നില്ല. അഞ്ചും പത്തും ഇരുപതുമായി ആളുകൾ വന്നു നിറഞ്ഞു.  ചിലർ ചില്ലിൻമേൽ  തട്ടി വിളിച്ചു. അങ്ങേര് വിയർത്തു.. വിക്കി.. ചുമച്ചു... ചില്ല് മെല്ലെ താഴ്ത്തി.

‘‘ അതേയ് ഞങ്ങൾ ഇന്നലെയാ ഇറ്റലീന്നു വന്നേ.  ഇവൾക്ക് നല്ല പനി.. ശ്വാസം കിട്ടുന്നില്ല’’  അങ്ങേര് വീണ്ടും ചുമച്ചു. (വെപ്രാളം കൊണ്ടാണ്...) ഡോക്ടറെ വിളിച്ചപ്പോൾ മെഡിക്കൽ കോളേജിൽ പോകാണ് നല്ലത് എന്നു പറഞ്ഞു.  ‘‘ഇപ്പോൾ തീരെ വയ്യ കൃത്രിമ ശ്വാസോച്ഛാസം വേണ്ടി കൊടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്... (ചുമ...) ഡ്രൈവിങ്ങ് അറിയുന്നവരുണ്ടേൽ  ഒന്നു ഹെൽപ്പു ചെയ്യോ..?’’

ആരോ പിറകിൽ നിന്നും ‘‘അയ്യോ കൊറോണ’’ എന്നു പറയുന്നതു കേട്ടു . പിന്നീടത് ഒരു മന്ത്രം പോലെ പലരും ഉരുക്കഴിച്ചു. വീണ്ടുമൊരു മുപ്പതു സെക്കന്റ് തികയും മുമ്പേ വഴിയോരത്ത് കാറും ഞങ്ങളും മാത്രമായി.

‘‘വണ്ടിയെടുക്കടോ’’ ഞാൻ മാറിയിരുന്നു കൽപിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങേര് ചിരിച്ചു കൊണ്ടു ചോദിച്ചു. ‘‘ഇപ്പൊപ്പറ... എങ്ങനെയുണ്ടെന്റ ബുദ്ധി...?’’

‘‘ ഹും ബുദ്ധി’’ ഞാൻ പിറുപിറുത്തു.  ഇക്കാലത്ത് പേപ്പട്ടിയെ കണ്ടാൽ ഒരു പക്ഷേ ആളുകൾ വെറുതെ വിട്ടേക്കും. തൽക്കാലം രക്ഷപ്പെട്ടെന്നു കരുതിയാൽ മതി. ഇറ്റലീന്നാണു പോലും... അന്ത്യവും ശവമടക്കും ഒപ്പം കഴിയാതിരുന്നതു ഭാഗ്യം’’

‘‘ പിന്നെ, നീട്ടി വലിച്ചു ശ്വാസം വിട്ടുകിടക്കുന്ന നിനക്ക് അറ്റാക്കെന്നു പറയാൻ പറ്റോ?’’ എന്ന് അങ്ങേരെന്നെ ഡിഫന്റു ചെയ്തു.

‘‘എന്താണൊരു വഴീന്നാലോചിച്ചപ്പഴാ ഇന്നലെ ഇറ്റലീന്നു വന്നു വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കുന്ന പെങ്ങളെയും അളിയനേയും ഓർത്തത്’’

‘‘പരമ ദുഷ്ടാ’’ ഞാൻ അലറിക്കൊണ്ട് അങ്ങേരുടെ കാലിൽ ആഞ്ഞു ചവിട്ടി. വണ്ടി നിന്നു. ബാഗെടുത്ത് വെളിയിൽ ചാടും മുമ്പേ ഞാൻ കർച്ചീഫെടുത്തു മുഖത്തു കെട്ടി. ആദ്യം കണ്ട ബസ് കൈ കാണിച്ചു നിർത്തി അതിൽ കയറിക്കൂടി.

അങ്ങേര് പിന്നെ എന്തായോ എന്തോ... ഞാനിപ്പോൾ വീട്ടിലുണ്ട്. വേണുച്ചേട്ടൻ പറയും പോലെ, ഒരു പതിനാലു ദിവസം കഴിയാതെ എനിക്കൊരു സമാധാനവുമില്ലാ. കോവിഡ് പിടിക്കുമോ എന്നാലോചിച്ചല്ല., അങ്ങേരെങ്ങാനും കോവിഡ് പോസിറ്റീവായാൽ. അങ്ങനെ അങ്ങേരുടെ റൂട്ട് മാപ്പെങ്ങാനും പുറത്തു വന്നാൽ... !! ന്റെ ദേവ്യേ .......യ് !

#Stay at home

#Keep Social distance

#Stay safe

English Summary : Angane Oru Coronakkalathu Story By Surya Manu

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;