ADVERTISEMENT

നിഴലുകളിൽ നിറങ്ങൾ ചാലിച്ചവൾ (കഥ)

‘‘അതേയ്, നാളെ നമുക്ക് വീട്ടിലോട്ടൊന്നു പോയാലോ?. വന്നിട്ട് രണ്ടാഴ്ചയായില്ലേ?  ഇനി ഒരാഴ്ചകൂടി ക്കഴിഞ്ഞാൽ പോകുന്ന  തിരക്കാകില്ലേ?. നാളെ പോയിട്ട് മറ്റന്നാൾ വരാം’’

 

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ  അവളുടെ കൈ തട്ടിമാറ്റി ജിത്തൻ തിരിഞ്ഞുകിടന്നു.

 

ഏട്ടാ... അശ്വതി തോളിൽ കുലുക്കി വിളിച്ചു.

 

‘‘ വന്നതിന്റെ  പിറ്റേന്ന് പോയതല്ലേ?  ആകപ്പാടെ ഒരു മാസത്തെ ലീവിന് വരുന്നവർ നാട്ടിൽ 365 ദിവസവും നിൽക്കുന്നവരെയെല്ലാം  പോയിക്കണ്ടു ബോധിപ്പിക്കണമെന്ന് നിയമം വല്ലതുമുണ്ടോ?’’

 

ജിത്തന്റെ  സ്വരം കനത്തു. 

 

തോളിൽ വച്ച കൈ പിൻവലിച്ച് അശ്വതി തിരിഞ്ഞ് കിടന്നു. കണ്ണിൽ നനവു പടർന്നതു ജിത്തൻ കാണേണ്ട.

അല്ലെങ്കിലും ഭാര്യ വീട്ടിൽ തങ്ങുന്നത് ജിത്തന് ഒട്ടും ഇഷ്ടമല്ല എന്ന് അവൾക്ക് നന്നായറിയാം. തന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും പോകാറുള്ളത്. ഒരു തേങ്ങലിന്റെ ശബ്ദം കേട്ടാണ് ജിത്തൻ തലയുയർത്തി നോക്കിയത്. വലതു കൈകൊണ്ട് കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു അവൾ.

 

‘‘മതി അഭിനയം. നാളെ പോകാം’’

 

പക്ഷേ ഒരു കാര്യം. രാവിലെ പോയിട്ട് വൈകിട്ട് തിരിച്ചു വരും. ജിത്തൻ വാക്കുകൾ കടിച്ചു തുപ്പി.

 

‘‘വേണ്ട. എനിക്കെങ്ങും പോവണ്ട! അല്ലേലും എൻറെ വീട്ടിൽ ഒരു ദിവസം തങ്ങണമെന്നു  പറഞ്ഞാൽ പണ്ടേ  ഇങ്ങനെയാ,കടിച്ചു കീറാൻ വരും. കല്യാണം കഴിഞ്ഞിട്ട് വർഷമെത്രയായി? ഞങ്ങളെ എവിടെയെങ്കിലും കൊണ്ടുപോയിട്ടുണ്ടോ? പോകണമെന്ന് പറഞ്ഞിട്ടുണ്ടോ? വേറെയെങ്ങുമല്ലല്ലൊ. എന്റെ വീട്ടിലല്ലേ  പോകണമെന്നു പറഞ്ഞത്?’’

 

ഉയരുന്ന തേങ്ങലിൽ അവളുടെ സ്വരം നേർത്തു.

 

നിഴലുകളിൽ നിറങ്ങൾ ചാലിച്ചവൾ (കഥ)

‘‘മതി മതി പൂങ്കണ്ണീരും പഴമ്പുരാണവും. അല്ലേലും എപ്പോഴും ഇങ്ങനെ തന്നെയാണല്ലോ. എല്ലാം കരഞ്ഞ് സാധിക്കും’’ 

 

ജിത്തൻ പിറുപിറുത്തു.

 

‘‘നാളെത്തന്നെ പോയേക്കാം. പിറ്റേന്ന് രാവിലെ തന്നെ തിരിച്ചുവരും കേട്ടല്ലോ. കിടന്നുറങ്ങ്’’

 

അശ്വതി എന്തോ പറയാൻ തുടങ്ങും മുന്നേതന്നെ ജിത്തൻ ആക്രോശിച്ചു.

 

‘‘ ഇനിയെന്താ വേണ്ടെ? പോകാമെന്നല്ലേ പറഞ്ഞത്? മനുഷ്യന് ഉറങ്ങണം. നീങ്ങിക്കിടക്ക്. ശല്യം. ദേഷ്യപ്പെ ട്ടെങ്കിലും  അവൾ അവന്റെ നെഞ്ചിൽ വച്ച ശിരസ്സു മാറ്റാൻ അവന് തോന്നിയില്ല. അവളെ നെഞ്ചോട് ചേർത്തു പിടിക്കവെ പരിഭവങ്ങളും പരാതികളും കണ്ണീരുകൊണ്ടല്ലാതെ  മറ്റെങ്ങനെയാണ് അവൾ തന്നോട് പ്രകടിപ്പിച്ചിട്ടുള്ളത്. ആ കണ്ണീരിന്റെ മുന്നിലല്ലാതെ മറ്റെന്തിലാണ് താൻ അടിപതറിയിട്ടുള്ളത്... ജിത്തൻ ഓർത്തു.

 

അതിരാവിലെ അശ്വതിയുടെ ഫോൺ സംഭാഷണം കേട്ടു കൊണ്ടാണ് ജിത്തൻ ഉണർന്നത്. ലക്ഷ്മിയും കൂടെയുണ്ട്. അല്ലേലും അവളും അമ്മയെപ്പോലെ തന്നെയാണ്. എവിടെയെങ്കിലും പോകണമെങ്കിൽ ആദ്യമേ റെഡി. 

 

 

‘‘കരിമീൻ കിട്ടുകയാണെങ്കിൽ വാങ്ങി വയ്ക്കണം. ഞങ്ങൾ ഉച്ചയോടങ്ങെത്തും’’

 

അവൾ സംഭാഷണം തുടരുകയാണ്. അല്ലെങ്കിലും തന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളിൽ പോലും അവൾ അതീവജാഗ്രത കാണിക്കാറുണ്ടല്ലോ. ചെന്നപാടെ അപ്പൂപ്പനെക്കണ്ടതും ലക്ഷ്മി പിടികൊടുക്കാതെ വീടിനുചുറ്റും ഓടാൻ തുടങ്ങി.

 

അടുക്കളയുടെ വാതിലിൽ അവളുടെ അമ്മയുടെ ചിരിച്ച മുഖം.

 

‘‘കയറിയിരിയ്ക്ക്. ജോലിയുണ്ട്. വരാം’’ അല്ലെങ്കിലും എപ്പോഴും ഔപചാരികതയിലൊതുങ്ങുമല്ലൊ ആ സംഭാഷണം ! ഉച്ചയൂണും പതിവില്ലാത്ത ഉറക്കവും കഴിഞ്ഞ് അത്യാവശ്യം ബോറടിച്ചു നിൽക്കുമ്പോഴാണ് അശ്വതി ചായയുമായി വരുന്നത്.

 

‘‘ ഉച്ചയ്ക്ക് കണ്ടതാണല്ലൊ. എവിടെയായിരുന്നു ?’’

 

ഏ... നല്ല ഉറക്കമല്ലായിരുന്നോ? എനിക്ക് അടുക്കളയിലിത്തിരി  ജോലിയുണ്ടായിരുന്നു. അത്താഴത്തിനുള്ള സ്പെഷ്യൽ !, അവൾ ചിരിച്ചു. സ്പെഷ്യലൊന്നും വേണ്ട ഉള്ളത് മതിയെന്നു പറയാൻ തുടങ്ങുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. പ്രകാശൻ ആണ്. അവനെ അതിരാവിലെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടാൻ പറ്റുമൊയെന്ന് ? അടുത്ത സുഹൃത്താണ്. ശരിയെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ എന്താണെന്ന് അശ്വതി കണ്ണുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു. 

 

നിഴലുകളിൽ നിറങ്ങൾ ചാലിച്ചവൾ (കഥ)

കാര്യം കേട്ടമാത്രയിൽ സായാഹ്നത്തിലെ നിഴൽ അവളുടെ മുഖത്ത് പടരുന്നതായി തോന്നി...

 

‘‘ നിനക്കറിയാമല്ലോ. ഇവിടെനിന്നും നാളെ പോകുന്നത് ബുദ്ധിമുട്ടാണ്. ഞാൻ അവിടെ നിന്നും രാവിലെ പോയിട്ട് അവനെ വിട്ടിട്ട്  തിരിച്ചു വരാം. നിങ്ങൾ ഇന്ന് ഇവിടെ നിന്നോ’’ ജിത്തൻ തുടർന്നു.

 

‘‘വേണ്ട ! ഞാനും വരുന്നു. ഞാൻ ഒറ്റയ്ക്ക് ഇവിടെ നിൽക്കുന്നില്ല’’.

 

അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

‘‘സാരമില്ലെടീ. നീയിനി രാത്രി അങ്ങോട്ട് വന്നിട്ടെന്തിനാ ? ഞാൻ വെളുപ്പിന് മൂന്നുമണിക്ക് പോകില്ലേ?. വെറുതെ നിന്റെയുംകൂടി ഉറക്കം കളയാൻ. ഞാൻരാവിലെ തന്നെ വരാം’’

 

വേണ്ട, അവൾ ചിണുങ്ങി ...

 

‘‘ഹാ ഞാൻ ഒന്നും വിചാരിക്കില്ല. ഞാനല്ലേ പറയുന്നത്. നീ നിന്നോ. ലക്ഷ്മിയുണ്ടല്ലോ. അല്ലേലും ഇനി രാത്രി എല്ലാവരും കൂടി പോകുന്നതും ശരിയാവില്ല. പറയുന്നത് കേൾക്ക്. നാളെ രാവിലെ തന്നെ  ഞാൻ വരാം’’

 

സ്വരത്തിൽ അല്പം ദേഷ്യംകലർത്തി ജിത്തൻ.

 

ഇറങ്ങുമ്പോൾ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.

 

രാവിലെ റെഡിയായിരുന്നോ.

 

‘‘ചെന്നിട്ട് വിളിക്കണേ’’

 

യാത്രയാക്കുമ്പോൾ അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു. അല്ലെങ്കിലും അവളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിൽപോലും താൻ എന്നും അവൾക്ക് അപ്രാപ്യമായിരുന്നല്ലൊ.

 

 

ബൈക്ക് പോർച്ചിൽ വെച്ച് അശ്വതിക്ക് ഫോൺ ചെയ്തിട്ട് ഹാളിലേക്ക് കയറവേ. 

 

‘‘ ഇന്നു വരില്ലാന്ന് പറഞ്ഞിട്ട്. ഒരു ദിവസം അവിടെ നിന്നാലെന്താടാ? അശ്വതിയും മോളും എന്തിയേ?

 

വെളിയിലോട്ടെത്തിനോക്കി അമ്മ ചോദിച്ചു.

 

അവർ അവിടെ നിൽക്കുകയാണ്. 

 

‘‘ അവിടെ നിൽക്കുകയോ? നിൻറെ കൂടെ വന്നില്ലെ?’’

 

നിഴലുകളിൽ നിറങ്ങൾ ചാലിച്ചവൾ (കഥ)

 ഇല്ല.

 

അമ്മ കുറച്ചു വെള്ളമെട്. ദാഹിക്കുന്നു.

 

അതെന്താ അവൾ വരാഞ്ഞത് ! വെള്ളം തന്നു കൊണ്ട് അമ്മ ആത്മഗതം നടത്തി.

 

‘‘ഭർത്താവ് നാട്ടിൽ കൂടെയുണ്ടായിട്ടും ഒരു ദിവസം പോലും അവനെ വിട്ട്  നിന്റെ അനിയത്തി പ്രഭ ഇവിടെ രാത്രി  വന്നു തങ്ങില്ലല്ലോ. എന്നിട്ടാണോ മൂന്നാല് ദിവസത്തെ ലീവിന് വന്ന നിന്നെ വിട്ടിട്ട്  അവൾ...

 

കുടിച്ചുകൊണ്ടിരുന്ന ജലം തന്റെ തൊണ്ടയിൽ കുടുങ്ങിയത് പോലെ ജിത്തന് തോന്നി. ഞാൻ നിർബ്ബന്ധി ച്ച്പറഞ്ഞിട്ടാണ്  അവൾ അവിടെനിന്നത്. കൂടെവരാൻ ഒരുങ്ങിയതാണ്. സത്യമതാണെങ്കിലും അത് പറയുമ്പോൾ അവന്റെ വാക്കുകൾ മുറിയുകയും തൊണ്ട ഇടറുകയുംചെയ്തു. ബെഡ്റൂമിലെ ലൈറ്റണച്ച് അവൻ കിടക്കയിലേക്ക് വീണു.അമ്മയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നതുപോലെ അവനു തോന്നി.

 

 

ശരിയാണ്.  അളിയനെ വിട്ട് ഒരു ദിവസം പോലും  പ്രഭ ഇവിടെ തനിയെ വന്ന് നിന്നിട്ടില്ല. അപ്പോൾ വർഷത്തിലൊരിക്കൽ ലീവിന് വരുന്ന തന്നെ  വിട്ട്  അശ്വതി. ശരി തന്നെ. താൻ നിർബന്ധിച്ചു. എന്നിരു ന്നാലും തന്നെ വിട്ടുനിൽക്കാൻ അവൾക്ക് ഇഷ്ടമുള്ളതുകൊണ്ടല്ലെ അവിടെ നിന്നത്. അല്ലെങ്കിൽ താൻ എത്ര നിർബന്ധിച്ചാലും കൂടെ പോരില്ലായിരുന്നോ.

 

 

ജീവിതത്തിൽ ആദ്യമായി  ജിത്തന് അവളുടെ സ്നേഹത്തിൽ സംശയം തോന്നി. ശരീരമാകെ വെന്തുരുകുന്ന പോലെ. തൊണ്ട വറ്റി വരളുന്നു.മേശപ്പുറത്തിരുന്ന കൂജയിലെ വെള്ളം അവൻ അപ്പാടെ വായിലേക്ക് കമഴ്ത്തി. തിരികെ വെയ്ക്കും മുന്നെതന്നെ കൂജ നിലത്തുവീണു ഛിന്നിച്ചിതറി. ചിതറിക്കിടക്കുന്നത് തന്റെ ജീവിതമാണെന്ന് ജിത്തന് തോന്നി.

 

 

ശരീരം വെട്ടിവിയർക്കുന്നു. ജിത്തൻ കട്ടിലിൽ എണീറ്റിരുന്നു. ഇരുട്ടിലാരോ ചുറ്റിലും നിൽക്കുന്നതുപോലെ. പേടിച്ച് അവൻ ലൈറ്റ് തെളിച്ചു. ചുമരിലെ തങ്ങളുടെ വിവാഹ ഫോട്ടോയിൽ പുഞ്ചിരിച്ചു തന്നോട് ചേർന്ന് നിൽക്കുകയാണ് അശ്വതി. അവളുടെ ചിരിയിൽ ഒരു വഞ്ചകിയുടെ ഭാവമുണ്ടെന്ന് അവന് തോന്നി.

ഇത്രയും നാൾ അവൾ അഭിനയിക്കുകയായിരുന്നൊ? ചതിക്കപ്പെട്ടവനെ പോലെ തോന്നി ജിത്തന് .

തലയിണയെടുടുത്ത്  ഫോട്ടോയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൻ അലറിക്കരഞ്ഞു. അന്ന് രാത്രി അവന്  ഉറങ്ങാൻ കഴിഞ്ഞില്ല.

 

‘‘നീ അശ്വതിയേയും മോളേയും വിളിക്കാൻ പോകുന്നില്ലെ?’’

 

പ്രകാശനെ വിട്ടു  തിരികെ വീട്ടിൽത്തന്നെയിരിക്കുന്ന അവനെ  നോക്കി അമ്മ ചോദിച്ചു. 

 

‘‘ങാ ! കുറച്ചു കഴിയട്ടെ’’

 

അശ്വതി ഫോണിൽ പലതവണ വിളിച്ചിട്ടും അവൻ അറ്റൻഡ് ചെയ്തില്ല.

 

‘‘ദേ,  നിന്നെ വിളിക്കുന്നു. നിന്റെ ഫോൺ കിട്ടുന്നില്ലാന്ന്’’

 

‘‘ങാ ! പറ’’ അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.

 

‘‘എന്തേ, രാവിലെ തന്നെ വരുമെന്ന് പറഞ്ഞിട്ട് സമയം 11:00  ആയല്ലോ? വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല...

എന്തുപറ്റി ?’’

 

‘‘ഇങ്ങോട്ട് വന്നിട്ടിപ്പൊ അത്ര അത്യാവശ്യമൊന്നുമില്ലല്ലൊ’’ ജിത്തൻ ഫോൺ കട്ട് ചെയ്തു.

 

‘‘എന്താടാ നിനക്ക്? എന്താ പറ്റിയത് ? നിങ്ങൾ തമ്മിൽ എന്താ ? ’’

 

‘‘ അടയും ചക്കരയും പോലെയായിരുന്നല്ലൊ രണ്ടും. പോയി വിളിച്ചുകൊണ്ട് വാടാ. ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ജിത്തൻ പോകാനൊരുങ്ങി’’.

 

 

തിരികെ ഒരു ഭ്രാന്തനെപ്പോലെയാണ് അവൻ ബൈക്ക് ഓടിച്ചത്. പിറകിൽ വീഴാതെ പിടിച്ചിരിക്കാൻ അശ്വതിയും മോളും നന്നേ പണിപ്പെട്ടു.

 

കാര്യമറിയാതെ ‘‘എന്താ, എന്താണുണ്ടായത് ? ഇന്നലെ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലൊ, എന്തുപറ്റി’’

അശ്വതിയുടെ ചോദ്യത്തിന്  ബൈക്കിന്റെ ശബ്ദത്തെ കീറിമുറിച്ചുള്ള ഒരലർച്ചയായിരുന്നു മറുപടി.

 

‘‘മിണ്ടാതിരിയവിടെ. ഇല്ലേൽ വല്ല പാണ്ടിലോറിയുടെ അടിയിൽ കയറ്റി എല്ലാം തീർക്കും ഞാൻ’’

 

ഞെട്ടി വിറച്ചു പോയി അശ്വതി !  ജിത്തനെയിങ്ങനെ അവരാരുംകണ്ടിട്ടില്ലല്ലോ. വീട്ടിലെത്തിയതും അശ്വതി കരഞ്ഞുകൊണ്ട് അകത്തേക്കോടി.

 

എന്താ മോളെ എന്താണുണ്ടായത്?

 

‘‘എനിക്കൊന്നും അറിയില്ലമ്മെ’’  ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അശ്വതി പറഞ്ഞു. എന്താണ് കാര്യമെന്ന് പറയാൻ ജിത്തൻ കൂട്ടാക്കിയില്ല. അവളുടെ മിഴികൾ നിറയുമ്പോൾ അലിയാറുള്ള ആ ഹൃദയം, ചേർത്തണയ്ക്കാറുള്ള ആ കൈകൾ , അവളെ കണ്ടില്ലെന്നു നടിച്ചു.

 

 

രാവിലെ പത്രത്തിൽ കണ്ണും നട്ടിരുന്ന ജിത്തന്റെ മനസ്സ് നീറിപ്പുകയുകയായിരുന്നു. ഇനിയെന്തായാലും തങ്ങൾക്ക് യോജിച്ചു പോകാൻ കഴിയില്ലെന്ന്  അവന് തോന്നി. മനസ്സുകൊണ്ട് അത്രയേറെ അകന്നിരിക്കുന്നു.

‘‘അശ്വതീ’’ ജിത്തൻ വെളിയിൽ വന്ന് നിന്ന് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

 

എന്തോ ....!

 

ആ വിളി കേൾക്കാൻ കാത്തിരുന്ന പോലെ  അവൾ ഓടിയെത്തി.

 

മുഖവുര കൂടാതെ ജിത്തൻ കാര്യങ്ങളെല്ലാം അവതരിപ്പിച്ചു.

 

ജിത്തേട്ടാ ....

 

അവളെ തുടരാൻ അനുവദിക്കാതെ ജിത്തൻ തുടർന്നു.

 

‘‘ഒന്നും പറയണ്ട !, എന്താണ് പറയാൻ വരുന്നതെന്ന് എനിക്ക് മനസ്സിലായി. എന്നോട് അൽപമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ ഞാൻ എത്ര നിർബ്ബന്ധിച്ചാലും നീ അവിടെ നിൽക്കില്ലായിരുന്നു. കൂടുതൽ വിശദീകരിച്ച് വഷളാവണ്ട. കേൾക്കാൻ എനിക്ക് തീരെ താല്പര്യമില്ല . നമുക്ക് പിരിയാം അതാണ് നല്ലത്. ഇനി ഇങ്ങനെ മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല’’

 

 

പോർച്ചിലെ തൂണിൽ അമർത്തിപ്പിടിച്ച അശ്വതിയ്ക്ക് താനിപ്പോൾ വീണുപോകുമെന്ന് തോന്നി.

 

‘‘അതിന് ഞാൻ എന്ത് തെറ്റാണ് ചെയ്തത്’’

   

അവൾ വിതുമ്പി...

 

‘‘തെറ്റ് ചെയ്തിട്ടാണോ   ശ്രീരാമൻ സീതാദേവിയെ കാട്ടിലുപേക്ഷിച്ചത്’’

 

‘‘നമ്മൾ ഒരുമിച്ചുള്ള ജീവിതം ഇത്രയും പറഞ്ഞിട്ടുള്ളുവെന്ന് വിചാരിച്ചാൽ മതി’’

 

ജിത്തൻ കൂട്ടിച്ചേർത്തു. പോകുന്നതിന് ഇനി  കുറച്ചു ദിവസം കൂടിയേയുള്ളൂ. അതിന് മുൻപ് എല്ലാം തീർപ്പാക്കണം. ജിത്തൻ മനസ്സിൽ ചിലത് ആലോചിച്ചുറപ്പിച്ചു.

 

 

ഡൈവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അശ്വതി എതിർപ്പൊന്നും കാട്ടിയില്ല. അവളുടെ കണ്ണുകൾ നിറയുന്നുണ്ടാ, ജിത്തൻ ഇടങ്കണ്ണിട്ട് നോക്കി.

 

ഇല്ല !

 

വിരലുകൾ മാത്രം ചലിക്കുന്ന ഒരു പാവയെപ്പോലെ  പറഞ്ഞിടത്തെല്ലാം അവൾ ഒപ്പുവച്ചു. ഒരു പൊട്ടിക്കരച്ചി ലാണ് അവളിൽ നിന്ന് പ്രതീക്ഷിച്ചത്.ഒരിറ്റുകണ്ണുനീർ പോലും വീഴ്ത്തുന്നില്ല...

 

അവന് അദ്ഭുതമായി !

 

‘‘പിരിയും വരെ ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കണം. എന്റെ വീട്ടിൽ ഇത് അറിയിക്കരുത്.

ദീനതയാർന്ന  അവളുടെ സ്വരം ഇടറി മുറിഞ്ഞു. ജിത്തൻ ഒരു നിമിഷം ആലോചിച്ചു. എന്തായാലും പോയിട്ട് ഇനി തിരികെ വരാൻ താൻ ഒരു വർഷമെടുക്കും അവളിവിടെ നിൽക്കുന്നതാണ് ലക്ഷ്മിയുടെ പഠിത്തത്തിനും മറ്റും നല്ലത്.

 

‘‘ശരി ! പക്ഷേ എൻറെ ഒരു കാര്യങ്ങളിലും ഇന്നുമുതൽ ഇടപെടരുത്’’അനിഷ്ട ഭാവത്തിൽ ജിത്തൻ പറഞ്ഞു. 

 

ഉണങ്ങിയ വാഴത്തണ്ട് ഇളം കാറ്റിൽ ഇളകിയാടുന്നത് പോലെ തൻറെ കാലുകൾ ഇടറുന്നതായി അശ്വതിക്ക് തോന്നി. ഭിത്തിയിൽ പിടിച്ച് വേച്ച് വേച്ച് അവൾ പതുക്കെ മുറി വിട്ടിറങ്ങി . വാതിൽക്കൽ നിൽക്കുന്ന അമ്മയെ കണ്ടതും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ആ കൈകളിലേക്ക് കുഴഞ്ഞുവീണു.

 

അഭിനയമാണമ്മേ എല്ലാം!  ജിത്തൻ പുലമ്പി.

 

 

‘‘അഭിനയവും യാഥാർത്ഥ്യവും തിരിച്ചറിയാനാവാത്തവിധം നിന്നെപ്പോലെ എന്റെ കണ്ണുകളിൽ തിമിരം ബാധിച്ചിട്ടില്ല’’

 

‘‘സ്നേഹിക്കുന്നവരുടെ വേദന കണ്ടില്ലെന്നു നടിക്കാൻ  നിന്നെപ്പോലെ അധ:പതിച്ചിട്ടുമില്ല’’

 

നിനക്കും ഒരു മകളുണ്ടെന്നുള്ളത്  ഓർമ്മവേണം ! നാളെ. അവളുടെ ജീവിതത്തിലാണ്  ഇത്തരം ഒരു സന്ദർഭം വരുന്നതെങ്കിൽ ? മോനേ, വിതയ്ക്കുന്നതേ കൊയ്യൂ എന്ന് നീ കേട്ടിട്ടില്ലേ ? നിന്റെ പ്രവർത്തിയുടെ ഫലം നാളെ ആ കുഞ്ഞ് അനുഭവിക്കാൻ  ഈശ്വരൻ ഇടവരുത്താതിരിക്കട്ടെ.

 

അറിയാതെ ചെയ്തു പോയ തെറ്റിന് ശാപം ഏൽക്കേണ്ടിവന്ന ദശരഥമഹാരാജാവിന്റെ കഥ നീ കേട്ടിട്ടില്ലെ?

സ്വന്തം മക്കളെയോർത്ത് ഒരു മാതാപിതാക്കളും കണ്ണീർ വാർക്കാൻ ഇടവരാതിരിക്കട്ടെ ... അവൾക്കും ഒരു അച്ഛനുമമ്മയുമുണ്ട്. അവരുടെ ശാപം നിനക്കേൽക്കാതിരിക്കട്ടെ. ഒന്നും കൈവിട്ടു പോയിട്ടില്ല തിരുത്താൻ ഇനിയും സമയമുണ്ട്.

 

 

 

അമ്മയുടെ വാക്കുകൾ ഒരിക്കൽ കൂടി ജിത്തന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. അരുത് കാട്ടാളാ...!  എന്ന് മനസ്സ് പറയുന്നതുപോലെ. കാതുകളിൽ അമ്പേറ്റു  പിടഞ്ഞുവീണ  ഇണപ്പക്ഷിയുടെ ചിറകടികൾ മുഴങ്ങുന്നു.

പിടഞ്ഞു തീരുന്നത് അശ്വതിയാണെന്ന് അവന് തോന്നി. ജിത്തന്റെ  ഉള്ളങ്കയ്യിൽ ഡൈവോഴ്സ് പേപ്പർ അവനറിയാതെ ഞെരിഞ്ഞമർന്നു.

 

 

ആർത്തലച്ചു പെയ്ത മഴയിൽ ഉള്ളം  നനഞ്ഞ മണ്ണിന്റെ  മാറിൽ അടർന്നു വീണ പൂവ് പോലെ, പരിഭവ മഴയിൽ ജിത്തന്റെ നെഞ്ചകം നനച്ച് ആ മാറിൽ ഒട്ടിക്കിടക്കുകയാണ് അശ്വതി. കരവലയത്തിലാഴ്ത്തി അവളുടെ നെറ്റിയിലമർത്തിചുംബിക്കവേ അടർന്നുവീണ കണ്ണീർക്കണങ്ങളാൽ സീമന്തരേഖയിലെ കുങ്കുമം കൂടുതൽ അരുണാഭമായി...

 

കഥയറിയാതെ പകലോൻ പതിവിലും നേരത്തെ പടിഞ്ഞാറൻ ചക്രവാളത്തിൽ പോയി മറഞ്ഞു ...

             

English Summary : Nizhalukalil Niram Chalichaval Story By Gireesh Sreelakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com