ADVERTISEMENT

സൈക്കോ സൈക്കോ ലൈക്ക (കഥ)

 

1. സൈക്കോ

 

പ്രൊഡക്‌ഷൻ കൺട്രോളർക്ക് ഒപ്പം തന്നെ കാണാൻ വന്ന ഡയറക്ടറെ പ്രൊഡ്യൂസർ ആകെ ഒന്ന് ഇരുത്തിനോക്കി പഠിച്ചു. എന്നിട്ട് ചോദിച്ചു: ഇതുവരെ എത്ര പടം ചെയ്തിട്ടുണ്ട് ?

 

ഇരുപത്തി ഒന്ന്. ഇത് ഇരുപത്തിരണ്ടാമത്തെ...

 

പ്രൊഡ്യൂസർ സംശയദൃഷ്ടിയോടെ കൺട്രോളറെ നോക്കി. ശരിവയ്ക്കും മട്ടിൽ അയാൾ തലകുലുക്കി.

ഏതൊക്കെയാ പടങ്ങൾ.. കേക്കട്ടെ.. 

 

ഡയറക്ടർ ഒരു തലയ്ക്കൽനിന്ന് താൻ ചെയ്തു കൂട്ടിയ ചിത്രങ്ങളുടെ പേര് പറഞ്ഞു. ഇരുപത്തിഒന്നിൽ ഒന്ന് ഒഴികെ ബാക്കി പേരുകൾ പ്രൊഡ്യൂസർ കേട്ടിട്ടേ ഉണ്ടായിരുന്നില്ല. 

 

ആദ്യം പറഞ്ഞ പടം ഓക്കേ. അത് എവിടെയോ കേട്ടിട്ടുണ്ട്. പിന്നെ പറഞ്ഞതൊന്നും കേട്ടിട്ടേ ഇല്ല. റിലീസ് ചെയ്തിട്ടില്ലേ.. അതോ യൂ ട്യൂബ് റിലീസ് ആയിരുന്നോ.. 

 

ആദ്യത്തെ പടം ഞാൻ രണ്ടായിരത്തിപത്തിൽ റിലീസ് ചെയ്തു. പക്ഷേ വേണ്ടത്ര ഓടിയില്ല. മുടക്കുമുതൽ തിരിച്ചു കിട്ടാത്ത കാരണം നിർമാതാവ് എനിക്ക് എതിരെ കേസിനു പോയി. പത്ത് കൊല്ലമായിട്ടുള്ള കേസ് തീർന്നത് ഇപ്പോൾ ആണ്. കഴിഞ്ഞ പത്തു വർഷം കൊല്ലത്തിൽ രണ്ടു പടം വച്ച് ശരാശരി ഞാൻ ചെയ്തേനെ, ഈ കേസും നൂലാമാലയും ഇല്ലായിരുന്നുവെങ്കിൽ.. അപ്പൊ പത്തു വർഷം കൊണ്ട്  ഇരുപത് പടം... ആദ്യം ചെയ്ത ഒരു പടവും തീർച്ചയായും ചെയ്യുമായിരുന്ന ഇരുപത് പടവും... അങ്ങനെ മൊത്തം ഇരുപത്തിയൊന്നു പടങ്ങൾ... 

 

പ്രൊഡ്യൂസർ കൺട്രോളറേ നോക്കി. 

 

എന്തുവാടോ ഇത്?  

 

അതെ സാർ, ഇപ്പോഴത്തെ ട്രെൻഡ് ഇതല്ലേ. നായകനും നായികയും ഒക്കെ സൈക്കോ.. അപ്പൊ ഡയറക്ടർ കൂടി സൈക്കോ ആയിക്കോട്ടെ എന്നുവച്ചു. പടം കലക്കും...

 

പ്രൊഡ്യൂസർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു സാവധാനം പറഞ്ഞു:

 

താൻ ഒരു കാര്യം ചെയ്യ്,  സൈക്കോ ആയിട്ടുള്ള ഒരു പ്രൊഡ്യൂസറെ കൂടി തപ്പിക്കോ. അതായിട്ട് കുറയ്ക്കണ്ട. ഞാൻ ഒരു സാദാ പടം ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ.. 

 

ഡയറക്ടർ വഴി തടഞ്ഞു നിന്ന് അപേക്ഷിച്ചു.

 

എന്റെ ഇരുപത്തിരണ്ടാമത്തെ പടം താങ്കൾ ചെയ്യണം. വളരെ കാലം ആയിട്ടുള്ള എന്റെ വല്യ ആഗ്രഹം ആണ്.

പ്രൊഡ്യൂസർ പാന്റിന്റെ പോക്കറ്റിൽ കൈകടത്തിയിട്ട് പറഞ്ഞു:

 

പോക്കറ്റിൽ കേപ്പ് പൊട്ടിക്കാനുള്ളതല്ല, ഉണ്ടയുള്ള തോക്കാണുള്ളത്. പുറത്തെടുത്താൽ കാഞ്ചി വലിക്കാതെ അകത്തു വയ്ക്കില്ല... എന്താ വേണ്ടത് എന്ന് തീരുമാനിച്ചോ.. 

 

ധൈര്യമായിട്ട് പൊയ്ക്കോളൂ സാർ.. 

 

അത് പറഞ്ഞ് ഡയറക്ടറും കൺട്രോളറും വഴി ഒഴിഞ്ഞു നിന്നു.

 

ഇവന്മാരെ ഒതുക്കാൻ തോക്ക് എന്ന് പറഞ്ഞാൽ മതി. ചിലരുണ്ട്, അവർക്ക് തോക്ക് പുറത്തെടുത്തു വടിവെച്ചു കാണിച്ചാലേ തൃപ്തിയാകൂ.. നടക്കുന്നതിനിടയിൽ പ്രൊഡ്യൂസർ ആലോചിച്ചത് അതായിരുന്നു.

 

2. ലൈക്ക

 

‘കല്പനചൗളയുടെ  സ്പേസ് പൊട്ടിത്തെറിച്ചതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ടാവാവോ’

 

‘ഗൂഗിളിലും യുട്യൂബിലും നോക്ക്യോക്ക്..’

 

കുറച്ചു കഴിഞ്ഞപ്പോൾ മകൾ നിരാശയോടെ വിഷമിച്ചിരിക്കുന്നത് കണ്ടു.  കൽപനയ്ക്ക് സംഭവിച്ച ദുരന്തം മകളെ ഉലച്ചിരിക്കുന്നു.

 

‘പാവം കല്പന ചൗള... ആദ്യം പോയി സുഖായി വന്നതാണ്. പിന്നേം പോണ്ടർന്നില്ല്യ. അവര് മരിച്ചപ്പോ കൊറേ ആള്ക്കാര് കരഞ്ഞിട്ടുണ്ടാവും ല്ലേ..’

 

‘പിന്നെ രാജ്യം അവരെ വേണ്ടപോലെ ആദരിക്കേം ചെയ്തു.’

 

പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചെറിയ മകൾക്ക് സംശയങ്ങൾ ഏറെയാണ്. അതിലേറെയാണ് ചുറ്റുമുള്ള സഹജീവി സ്നേഹം. പലപ്പോഴും അവളുടെ കുനുഷ്ടു സംശയങ്ങൾക്ക് ഉത്തരം പറയാനാവാതെ ഞാൻ കുഴഞ്ഞിട്ടുണ്ട്. അഞ്ചാം ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്തൊന്നും ഈ പാഠം ഉണ്ടായിരുന്നില്ലെന്നും അത് അമ്മയോട് ചോദിച്ചോളാനും പറഞ്ഞു ഇല്ലാത്ത തിരക്ക് അഭിനയിച്ചു ഞാൻ തലയൂരി പോരുകയാണ് പതിവ്.

 

 

സംശയപ്പരിപ്പ് എനിക്കടുത്ത് വേവില്ലെന്ന് തോന്നിയപ്പോൾ അടുത്ത അടവ് എടുത്തു. പഠിച്ച ഭാഗത്തു നിന്നു ചോദ്യങ്ങൾ ചോദിക്കൽ. പഠിക്കാനുള്ള മടി കാരണം ഓരോന്നു പറഞ്ഞ് സമയം കളയാനുള്ള മകളുടെ അടവാണ് ഇതിൽ പലതും എന്നെനിക്ക് അറിയാതെയല്ല. പഠിച്ചത് അത്രയെങ്കിലും മകളുടെ മനസ്സിൽ ഉറക്കുമല്ലോ എന്ന് കരുതി ഞാൻ ഇരുന്നു കൊടുക്കും. 

 

 

അവിടെയും പലതും കിട്ടാതാവുമ്പോൾ ഞാൻ ഓപ്ഷൻ ആവശ്യപ്പെടും. മകളുടെ മുഖത്തുതന്നെ നോക്കിയിരുന്നാൽ ഓപ്ഷൻ പറയുന്നതിൽ നിന്നു ശരിയുത്തരം ഏതെന്ന് തിരിച്ചറിയാം എളുപ്പത്തിൽ. അങ്ങനെ ചോദ്യവും ഉത്തരവും ഓപ്ഷൻസുമായി മുന്നേറുകയായിരുന്നു. അപ്പോഴതാ ഒരു ചോദ്യം:

 

‘Which is the first creature from earth to space?’ ഞാൻ ഒന്നമ്പരന്നു. അങ്ങനെ ഒരു സംഗതി ഉണ്ടായിട്ടുണ്ടോ?

‘വല്ല മുയലോ എലിയോ ആയിരിക്കും. മനുഷ്യന്റെ പരീക്ഷണ വസ്തു അതൊക്കെയല്ലേ..’

 

‘അല്ല. തെറ്റി. ഒരു പട്ടിയാ.. പേര് ലൈക്ക..’

 

‘ഓ , എന്നിട്ടെന്തുപറ്റി അതിന്. തിരിച്ചെത്തിയോ?’

 

‘ഇല്ല. ഇവിടന്ന് പോകുമ്പോ തന്നെ എല്ലാർക്കും അറിയാർന്നു അത് ജീവനോടെ തിരിച്ചു വരില്ല്യാന്ന്. ടീച്ചർ എന്തോ പറഞ്ഞുലോ... ങ്ഹാ വൺ വേ ടിക്കറ്റ് ആർന്നു ന്ന്...അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോ ലൈക്ക ചുട്ടു പഴുത്തു ചത്തൂന്ന്. കുറെ നാളുകഴിഞ്ഞപ്പോ അത് പൊട്ടിത്തെറിച്ചു. ലൈക്കക്കുവേണ്ടി കരയാനും പറയാനും ആരുണ്ടായില്ലേ അച്ഛാ...?’

 

 

ആ സമയത്തു പുറത്ത്‌ ഒരു കൂട്ടം നാടൻ തെണ്ടിപ്പട്ടികൾ വന്ന് നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

വീണു കിട്ടിയ അവസരം മുതലാക്കാൻ ഞാൻ തീരുമാനിച്ചു.

 

 

‘1957 ൽ മടക്കടിക്കറ്റുപോലും ഇല്ലാതെ സ്പേസിൽ കയറ്റി വിട്ട്, ചുട്ടു പഴുപ്പിച്ചു കൊന്ന്,  ശവം പോലും ഭൂമിയിൽ കൊണ്ടു തരാതെ നിങ്ങൾ പൊട്ടിത്തെറിപ്പിച്ചു  കളഞ്ഞ ലൈക്കക്ക് ചോദിക്കാനും പറയാനും ഞങ്ങളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ടെടാ ചതിയന്മാരെ എന്നാണ് അവറ്റ പറയുന്നത്..’

 

 

മകൾ നിശ്ശബ്ദയായി പട്ടികുര കേട്ടിരുന്നു. വിശ്വസിച്ചോ ആവോ. പക്ഷേ ഒരു കാര്യം സത്യമാണ്. മകളുടെ പുസ്തകത്തിൽ മങ്ങിയ മഞ്ഞ നിറത്തിൽ തേച്ചൊട്ടിച്ചിരുന്ന,  സ്പേസ് യാത്രക്ക് തയ്യാറെടുത്തിരിക്കുന്ന ലൈക്ക ആ സമയം നിറഞ്ഞ നന്ദിയോടെയും വിധേയത്വത്തോടെയും എന്നെ നോക്കി കണ്ണുകൾ ചിമ്മി തലയാട്ടി. ഞാനന്ധാളിച്ചിരിക്കുമ്പോഴും  തെരുവ് പട്ടികൾ നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

 

English Summary : Pshyco Laika Short Story By P. Reghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com